അനന്തരം
Story written by Saji Thaiparambu
================
എൻ്റെ മമ്മാ…ഞാനിവിടെ നൂറ് കൂട്ടം പണിയുടെ തിരക്കിലാണ്. മമ്മയ്ക്ക് ചേട്ടായിയെ വിളിച്ചൂടെ, അങ്ങേർക്കവിടെ കൊച്ചുങ്ങളെ നോക്കുന്ന ജോലി മാത്രമല്ലേയുള്ളു, ഏട്ടത്തിയല്ലേ ജോലിക്ക് പോകുന്നത് ?
ന്യൂജഴ്സിയിലെ തൻ്റെ ശീതീകരിച്ച മുറിയിലിരുന്ന് ലാപ് ടോപ്പിലെ കീപാഡിൽ ധ്രുതഗതിയിൽ വിരലുകൾ ചലിപ്പിച്ച് കൊണ്ട് ഇയർ പോഡിലൂടെ നീരസത്തോടെ അന്നസ്കറിയ അമ്മയോട് ചോദിച്ചു.
ഞാനവനെയാണ് മോളേ ആദ്യം വിളിച്ചത്. അവൻ കുട്ടികളെയും കൊണ്ട് വാക്സിനെടുക്കാൻ പോകുന്ന തിരക്കിലായിരുന്നു. അവനോട് ഞാൻ ഒറ്റ ശ്വാസത്തിൽ കാര്യം പറഞ്ഞു ഫോൺ വച്ചു. ഇനി നിന്നോട് കൂടി പറയാൻ അപ്പൻ നിർബന്ധിച്ചത് കൊണ്ടാണ് വിളിച്ചത്…
ത്രേസ്യാമ്മ സംയമനത്തോടെയാണ് സംസാരിച്ചത്
ഓഹ് എന്നാന്ന് വച്ചാലൊന്ന് പറഞ്ഞ് തൊ ലയ്ക്കെൻ്റെ മമ്മാ, ഞാൻ മമ്മയ്ക്ക് വേണ്ടി സ്പെൻ്റ് ചെയ്യുന്ന ഓരോ നിമിഷത്തിനും ഡോളറുകളുടെ വിലയുണ്ട് അറിയാവോ?
അറിയാം മോളേ, അത് പിന്നേ വേറൊന്നുമല്ല, അപ്പൻ വിൽപ്പത്രം തയാറാക്കാൻ പോകുവാണ്. അതൊന്ന് പറയാനാണ് വിളിച്ചത്
മകളുടെ അക്ഷമയിൽ അവരുടെ ശബ്ദം നേർത്ത് പോയിരുന്നു.
അല്ലാ എന്തായിപ്പോ പെട്ടെന്ന് അപ്പനങ്ങനെ തോന്നാൻ? സത്യം പറ മമ്മാ…അപ്പനെന്തെങ്കിലും വയ്യായ്കയുണ്ടോ?
ഹേയ്, ദൈവകൃപയാൽ അപ്പൻ നോർമലാണ്, പിന്നേ..മനുഷ്യൻ്റെ കാര്യമല്ലേ? എപ്പോഴാ എന്താ സംഭവിക്കുന്നതെന്ന് പറയാൻ കഴിയില്ലല്ലോ…ഞങ്ങളുടെ കാലശേഷം സ്വത്തിന് വേണ്ടി നിങ്ങൾ മക്കൾ കലഹിക്കാൻ പാടില്ലെന്ന് അപ്പന് നിർബന്ധമുണ്ട്. അത് കൊണ്ടാണ് എല്ലാവരുടെയും ഷെയറ് കൊടുത്തേയ്ക്കാമെന്ന് തീരുമാനിച്ചത്, നിങ്ങൾക്കാർക്കും അതിൻ്റെ ആവശ്യമില്ലെന്നറിയാം എന്നാലും അപ്പൻ ആയകാലത്ത് ഒരുപാട് കഷ്ടപ്പെട്ടുണ്ടാക്കിയതാണ് കട്ടപ്പനയിലെ തീയറ്റർ കോപ്ളക്സും, കുട്ടിക്കാനത്തെ നാല്പതേക്കർ റബ്ബർ തോട്ടവും, പിന്നെ ഈ വീട് നില്ക്കുന്ന മൂന്നരയേക്കറുമൊക്കെ…ഇതൊക്കെ ഏതെങ്കിലും അനാഥാലയങ്ങൾക്ക് വിട്ട് കൊടുത്തേക്കെന്ന് ഞാൻ പറഞ്ഞതാണ്. അപ്പോൾ അപ്പനാണ് പറഞ്ഞത് മക്കളോടൊന്നാലോചിക്കാൻ…എന്തായാലും നീയവിടെ സെറ്റിൽഡായിട്ട് എട്ടൊൻപത് വർഷങ്ങളായി, ഇതിനിടയ്ക്ക് നാട്ടിൽ വന്നത് പാപ്പൻ മരിച്ചപ്പോൾ മാത്രമാണ്. അത് കൊണ്ട് നിങ്ങടെ തിരക്ക് ഞങ്ങൾക്കറിയാം, അവിടെ കോടിക്കണക്കിന് ഡോളറിൻ്റെ ബിസിനസ്സ് ചെയ്യുന്ന നിങ്ങളിനിയിപ്പോൾ ഇവിടുത്തെ നക്കാപ്പിച്ച മുതലിന് വേണ്ടി വരില്ലെന്ന് ഞാനപ്പനോട് അപ്പോഴെ പറഞ്ഞതാണ്. എന്നാൽ ശരി മോളെ,,വയ്ക്കട്ടെ, നിൻ്റെ ജോലി നടക്കട്ടെ,,
ത്രേസ്യാമ്മ ഫോൺ കട്ട് ചെയ്തപ്പോൾ അന്നയുടെ വിരലുകൾ മൗസിൽ നിശ്ചലമായിരുന്നു പോയി.
*****************
ഇംപോസിബിൾ,,അന്നമ്മേ…നിനക്കറിയാവുന്നതല്ലേ? ഞാനിവിടെ പുതിയൊരു ബിസിനസ്സിനായി, തേർട്ടി ക്രോർ ഇൻവെസ്റ്റ്ചെയ്ത കാര്യം,?എനിക്കതിൻ്റെ പിറകെ നടക്കാൻ തന്നെ സമയമില്ല അപ്പോഴാണ് ഇൻഡ്യയിലേയ്ക്ക് പോകുന്ന കാര്യം പറയുന്നത്
അന്നയുടെ ഭർത്താവ് ജോൺ സാമുവൽ അസഹനീയതയോടെയാണത് പറഞ്ഞത്
പോകാൻ എനിക്കൊട്ടും താല്പര്യമുണ്ടായിട്ടല്ല, പക്ഷേ ഇപ്പോൾ നമ്മൾ പോകാതിരുന്നാൽ അപ്പൻ്റെ കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ, ചേട്ടായി ഒറ്റയ്ക്കങ്ങ് കൊണ്ട് പോകും, ഞാൻ രാവിലെ ചേട്ടത്തിയെ വിളിച്ചപ്പോഴാണ്, വിവരങ്ങളറിയുന്നത്, അവര് നാട്ടിലേക്ക് പോകാൻ വേണ്ടി ഒരാഴ്ചത്തെ ലീവിന് അപ്ളേ ചെയ്ത് കഴിഞ്ഞെന്ന്….
ഓഹോ, അപ്പോൾ അതാണ് കാര്യം?എൻ്റെ അന്നേ…നമുക്ക് ഇവിടെയുള്ള സ്വത്തുക്കൾ തന്നെ, രണ്ട് തലമുറയ്ക്ക് കഴിയാനുള്ളതുണ്ടല്ലോ? പിന്നെന്തിനാണ് ആക്രാന്തം മൂത്ത് അങ്ങോട്ടോടിപ്പോകുന്നത്?
നീയെന്തിനാണ് ജോണേ..അവളെ തടയുന്നത്? നിനക്ക് ബുദ്ധിമുട്ടാണെല്ലെങ്കിൽ നീ പോകണ്ടാ, അവള് കുട്ടികളെയും കൂട്ടി പോയി വരട്ടെ,,
ജോണിൻ്റെ അമ്മ മാർഗരറ്റ് അന്നയെ സപ്പോർട്ട് ചെയ്തു.
അങ്ങനെ പറഞ്ഞ് കൊടുക്ക് മമ്മീ….അപ്പോൾ ജോണിക്കുട്ടീ,, മമ്മി പറഞ്ഞത് കേട്ടല്ലോ? ഞാനെൻ്റെ കൊച്ചുങ്ങളുമായി പോയിട്ട് എൻ്റെ അപ്പനേം മമ്മയേം കണ്ടിട്ട് വരാം…
അതെങ്ങനെ ശരിയാവും ഒരാഴ്ചയെനിക്ക് മക്കളെ കാണാതെയിരിക്കാൻ കഴിയില്ലെന്ന് നിനക്കറിയാവുന്നതല്ലേ?
എങ്കിൽ മക്കളും കൂടി ഇവിടെ നിന്നോട്ടെ, ഞാൻ തനിച്ച് പോയേച്ച് വരാം…
ങ്ഹാ അതാ നല്ലത്, അതാകുമ്പോൾ കുട്ടികളുടെ ക്ളാസ്സും നഷ്ടപ്പെടില്ല
മമ്മി വീണ്ടും മരുമകളെ സപ്പോർട്ട് ചെയ്തു
ഓഹ്, അവളുടെയൊരു സ്നേഹം?എട്ടൊൻപത് കൊല്ലം ഈസ്നേഹം കണ്ടില്ലല്ലോ ? എന്തായാലും പോയിട്ട് വാ, ഓണമല്ലേ വരുന്നത്? നീ കൊച്ചിയിലിറങ്ങുമ്പോൾ ഏതെങ്കിലും നല്ല കടയിൽ നിന്ന് അവർക്ക് രണ്ട് പേർക്കും ഓണക്കോടി കൂടി എടുത്തിട്ട് വേണം പോകാൻ
ഓഹ് അതൊക്കെ എനിക്കറിയാം, നിങ്ങള് വേഗം എനിക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്ക്….
ഭർത്താവിൻ്റെ നേരെ മുഖം വക്രിച്ച് കൊണ്ട് അന്ന പറഞ്ഞു
*******************
സ്വത്ത് മോഹിച്ചിട്ടാണെങ്കിലും അവളൊന്ന് നാട്ടിലേക്ക് പോയല്ലോ, പാവം അപ്പനും മമ്മയും, എല്ലാ വർഷവും ക്രിസ്തുമസിനും ഓണത്തിനുമൊക്കെ വിളിക്കും, ഇത് വരെ അവള് പോയിട്ടുണ്ടോ മമ്മീ…പക്ഷേ ഇപ്രാവശ്യത്തെ മമ്മിയുടെ ഐഡിയ ഫലിച്ചു,
പിറ്റേ ആഴ്ച അന്നയെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തിട്ട് മമ്മിയോടൊപ്പം മടങ്ങുമ്പോൾ ജോൺ സാമുവൽ ചിരിച്ച് കൊണ്ട് പറഞ്ഞു.
അല്ലാതെ ഞാൻ വേറെ മാർഗ്ഗമൊന്നും കണ്ടില്ലെടാ…നിൻ്റെ അപ്പൻ മരിച്ചപ്പോൾ നീയെന്നെ ഇങ്ങോട്ട് കൊണ്ട് വന്നതല്ലേ?അതിന് മുമ്പ് വർഷത്തിലൊരിക്കൽ നാട്ടിലെത്തുന്ന നിന്നെക്കാണാൻ വഴിക്കണ്ണുമായി ഞാനും നിൻ്റെ അപ്പനും തള്ളി നീക്കുന്ന ഓരോ ദിവസങ്ങളും ഓരോ യുഗങ്ങളായാണ് ഞങ്ങൾക്ക് ഫീല് ചെയ്തിട്ടുള്ളത്. ഇപ്പൊൾ നീ എൻ്റെ കൺമുന്നിൽ തന്നെ എപ്പോഴുമുള്ളത് കൊണ്ട് നിന്നെയെനിക്ക് മിസ്സ് ചെയ്യില്ല. പക്ഷേ ഉള്ള രണ്ട് മക്കളും വർഷങ്ങളായി വിദേശത്ത് തന്നെ സ്ഥിരതാമസമാക്കിയപ്പോൾ ത്രേസ്യയയും സ്കറിയയയും എത്രമാത്രം അവരെ മിസ്സ് ചെയ്യുന്നു എന്ന് എനിക്ക് നന്നായി മനസ്സിലാവും, അത് കൊണ്ടാണ് കഴിഞ്ഞ ദിവസം ത്രേസിയയെ വിളിച്ച് ഞാനങ്ങനൊക്കെ പറയാൻ പറഞ്ഞത്. അത് കൊണ്ട് കുറച്ച് ദിവസമെങ്കിലും അവർക്ക് അവരുടെ മക്കളോടൊപ്പം കഴിയാമല്ലോ? ഇളയവളായത് കൊണ്ട് ഒരുപാട് പുന്നാരിച്ചാണ് അവര് അന്നയെ വളർത്തിയത്. എനിക്കത് നന്നായി അറിയാം….
അത് പറയുമ്പോൾ മമ്മിയുടെ കണ്ണുകൾ ഈറനാകുന്നത് ജോണി കണ്ടു
*****************
അന്നേ, നീയവിടുന്ന് തിരിച്ചോ രാത്രിയല്ലേ ഫ്ളൈറ്റ്?
ഒരാഴ്ചയ്ക്ക് ശേഷം ജോൺ സാമുവൽ അന്നയെ വിളിച്ച് ചോദിച്ചു
ഇല്ല ജോണിക്കുട്ടീ, നിങ്ങള് റിട്ടേൺടിക്കറ്റൊന്ന് ക്യാൻസല് ചെയ്തേയ്ക്ക് ഞാൻ കുറച്ച് ദിവസം കൂടി കഴിഞ്ഞിട്ടേ ഇവിടുന്ന് മടങ്ങൂ,
അതെന്താടീ, സ്വത്തിൻ്റെ കാര്യത്തിൽ തീരുമാനമൊന്നുമായില്ലേ?
അയാൾ പരിഹാസത്തോടെ ചോദിച്ചു
ഹേയ്, അതല്ല, ഞാനാ ടോപിക് വിട്ടു, എനിക്കെൻ്റെ മമ്മയോടും അപ്പനോടുമൊപ്പം കുറച്ച് ദിവസം കൂടി സ്പെൻറ് ചെയ്യണംന്ന് തോന്നി
അതെന്താ നിനക്ക് പെട്ടെന്നൊരു ബോധോദയമുണ്ടായത്
പെട്ടെന്നല്ല, ഞാനന്നവിടുന്ന് ഫ്ളൈറ്റിൽ കയറിയപ്പോൾ മുതൽ എനിക്കെൻ്റെ മക്കളെ മിസ്സ് ചെയ്ത് തുടങ്ങി. ഞാൻ ദിവസവും പലപ്രാവശ്യം അവരോട് വീഡിയോ കോളിലൂടെ സംസാരിക്കുന്നുമുണ്ട് കാണുന്നുമുണ്ട്, എന്നിട്ടും അവർ തൊട്ടടുത്തില്ലല്ലോ എന്ന ചിന്തയാണ് എന്നെ കഴിഞ്ഞ ഒരാഴ്ചയായി അലട്ടിക്കൊണ്ടിരിക്കുന്നത്. അപ്പോൾ വർഷങ്ങളായി എന്നെ കാണാതെയിരിക്കുന്ന എൻ്റെ അപ്പനും മമ്മയ്ക്കുമുണ്ടായ പ്രയാസം എത്രമാത്രമാണെന്ന് എനിക്കിപ്പോൾ മനസ്സിലായി, അവിടുത്തെയും ഇവിടുത്തെയും കോടിക്കണക്കിന് വരുന്ന ആസ്തിയെക്കാൾ വിലവരും, അച്ഛൻ്റെയും അമ്മയുടെയും സ്നേഹത്തിനെന്ന് തിരിച്ചറിയാൻ ഞാനല്പം വൈകിപ്പോയി ജോണിക്കുട്ടീ,,,
പറഞ്ഞ് നിർത്തുമ്പോൾ അവളുടെ തൊണ്ടയിടറുന്നുണ്ടെന്ന് അയാൾക്ക് തോന്നി
ഉം…അതെന്തായാലും നന്നായെടോ കുട്ടികളുടെ കാര്യമോർത്ത് താൻ വറീഡാ വണ്ട. ഇവിടെ ഞാനും മമ്മിയുമുണ്ടല്ലോ ? നീ അവിടുന്ന് പതിയെ വന്നാൽ മതി, പിന്നെ അപ്പനോടും മമ്മയോടും ഞങ്ങളുടെ ഓണാശംസകൾ പറഞ്ഞേക്കണേ….
ഓകെ ഡിയർ ബൈ….
കഥ പൂർണ്ണം
~സജി തൈപ്പറമ്പ്