എഴുത്ത്: അക്ഷയ ജിജിൻ
=================
രാവിലെ എഴുന്നേറ്റു അടുക്കളയിൽ ചെന്നത് മുതൽ ശ്രീജയ്ക്ക് വല്ലാത്തൊരു അസ്വസ്ഥത ഉണ്ടായിരുന്നു…
കാലിനൊക്കെ വല്ലാത്തൊരു വേദന…അടിവ യ റിൽ ആണെങ്കിൽ ഒരു പുകച്ചിൽ…തനിക്കിത് എന്ത് പറ്റി ആവോ…ആലോചിച്ചിരിക്കെ ആണ് പെട്ടന്ന് കലണ്ടറിലേക്ക് കണ്ണ് പോയത്…ഇന്ന് 3 ദിവസം തെറ്റിയിരിക്കുന്നു…വെറുതെ അല്ല ഈ ക്ഷീണവും ആസ്വസ്ഥയും..സാധരണ ആയി മാസ മു റ വരുമ്പോൾ വലിയ ബുദ്ധിമുട്ട് ഒന്നും ഉണ്ടാവാറില്ല. പക്ഷെ ഇപ്പോ 2 മാസമായി ദിവസം തെറ്റി ആണ് ആവാറ്. മാത്രമല്ല നല്ല ക്ഷീണവും വേദനയും ഒക്കെ ഉണ്ടാവും…
പെട്ടനാണ് ശ്രീജ ഓർത്തത് ഇതും ചിന്തിച്ചിരുന്നാൽ തന്റെ മക്കളും കെട്ട്യോനും പട്ടിണി ആവും..അല്ലെങ്കിൽ തന്നെ ഇന്ന് എണീക്കാനും താമസിച്ചു..ഓടി പിടഞ്ഞു അടുക്കളയിൽ പോയി…ഇഡ്ഡലി മാവ് എടുത്തു തട്ടിലേക്കു ഒഴിച്ച് അടുപ്പ് കത്തിച്ചു അടുപ്പിൽ വെച്ചു…അല്ലെങ്കിലും ഗ്യാസ് വെറുതെ തീർക്കുന്നതെന്തിനാ…അതിന്റെ ഇടക്ക് സാമ്പാർ ഉണ്ടാക്കി ഉച്ചക്ക് ഭർത്താവിനും മക്കൾക്കും കൊണ്ട് പോവാനുള്ള ഭക്ഷണം എല്ലാം തയ്യാറാക്കി…ഈ ഓട്ടപാചിലിനിടയിൽ ശ്രീജ ആലോചിച്ചു ഒന്ന് പച്ചക്കറി മുറിക്കാൻ എങ്കിലും മക്കളോ അച്ഛനോ വന്നിരുന്നെങ്കിൽ..എപ്പോഴും ഒന്നും വേണ്ട…വയ്യാത്തപ്പോൾ എങ്കിലും…
കൃത്യം ഭക്ഷണത്തിന്റെ സമയം ആവുമ്പോളെ എല്ലാവരും വരൂ. അതും അടുക്കളയിൽ കയറി ഒരു പാത്രം പോലും എടുത്തു വെച്ച് സഹായിച്ചു തരില്ല..കയ്യും കഴുകി ഡയനിങ് ടേബിളിൽ ഇരിക്കും…ഇതിന്റെ ഇടക്ക് എന്തൊക്കെ പണി ചെയ്യണം…ഉച്ചക്ക് ചോറിനു കൂട്ടാൻ 4 കൂട്ടം ഇല്ലെങ്കിൽ അച്ഛനും മക്കക്കും പിന്നെ ദേഷ്യം ആയിരിക്കും…ഇതൊക്കെ മനസ്സിൽ ആലോചിച്ചിരിക്കുമ്പോൾ ആണ് പെട്ടന്ന് അ ടി വ യറ്റിൽ ഒരു മിന്നൽ പിണർപ്പ് പോലെ തോന്നിയത്..പെട്ടന്ന് വേദന കൊണ്ട് അടുത്തുള്ള കസേരയിൽ ഇരുന്നു പോയി….ഒപ്പം ഒരു നനവും അനുഭവപ്പെട്ടപ്പോൾ പതിയെ എഴുന്നേറ്റ് ബാത്റൂമിൽ പോയി…
തിരിച്ചു റൂമിൽ വന്നപ്പോളേക്കും ഒരടി നടക്കാൻ വയ്യ…വയറു വരിഞ്ഞു മുറുകുന്നു…ഒന്നും ആലോചിക്കാതെ കിടക്കയിൽ കിടന്നതേ ഓർമ ഉള്ളു..ശ്രീജയുടെ ഭർത്താവ് അനൂപിന്റെ ഉച്ചത്തിൽ ഉള്ള സംസാരം കേട്ടിട്ടാണ് അവൾ ഞെട്ടി ഉണ്ണർന്നത്..
ശ്രീജെ സമയവും കാലവും ഒന്നും ഓർമ ഇല്ലേ..ഞങ്ങൾ പോയിട്ട് നിനക്ക് എത്ര വേണെങ്കിലും ഉറങ്ങാലോ….ഈ നേരമില്ലാത്ത നേരത്തു നീ എന്തിനു കിടന്നുറങ്ങുവാ…വേഗം എഴുന്നേറ്റു ചായ എടുത്തു താ..സമയം എത്ര ആയിന്നു വല്ല ബോധവും ഉണ്ടോ…
അനൂപേട്ടാ എനിക്ക് തീരെ വയ്യ…എനിക്ക് ഡേറ്റ് ആണ്…ഞാൻ എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട് നിങ്ങൾ എടുത്ത് കഴിക്കുമോ….ശ്രീജ പറഞ്ഞു.
ഇത് നിനക്ക് എപ്പോളും ഉള്ളതല്ലേ..ഒരു കുഴപ്പവും ഉണ്ടാവാറില്ലല്ലോ. പിന്നെ കഴിഞ്ഞ മാസം തൊട്ട് ഞാൻ ശ്രെദ്ധിക്കുന്നതാ…നിന്റെ ഓരോ അടവ്…ഇതൊക്കെ എല്ലാവർക്കും ഉണ്ടാവുന്നതാ..ഭാര്യക്ക് മാ സമു റ ആയെന്നു കരുതി ചോറും കറിയും വെച്ച് അവളെ സൃസൂക്ഷിക്കുന്ന പെൺ കോന്തൻ അല്ല ഞാൻ….അനൂപ് കലി തുള്ളി പോയി…
അനൂപിന്റെ സംസാരം കേട്ട് ശ്രീജക്ക് മനസ്സിൽ പുച്ഛം തോന്നി…ഭാര്യയെ നോക്കുന്നത് പെൺ കോന്തൻ ആണത്രേ..ഇത്രയും വിവരം ഇല്ലാതായി പോയല്ലോ…എങ്ങനെയോ എഴുന്നേറ്റ് ചെല്ലുമ്പോൾ 10ൽ പഠിക്കുന്ന മോളും ഡിഗ്രിക്ക് പഠിക്കുന്ന മോനും അവരുടെ അച്ഛനും തന്നെയും കാത്തിരിക്കുകയാണ് ഡയനിംഗ് ടേബിളിൽ…
കണ്ടപ്പോ സങ്കടം സഹിക്കാൻ പറ്റാതെ ശ്രീജ ചോദിച്ചു…നിങ്ങൾ ഒക്കെ ചെറിയ മക്കൾ ആണോ ഉണ്ടാക്കി വെച്ച ആഹാരം എടുത്ത് കഴിക്കാൻ നിങ്ങൾക്ക് അറിയില്ലേ….
2 മക്കളും ഒരു പോലെ മറുപടി തന്നു പെട്ടന്ന് തന്നെ..അമ്മക്കിവിടെ എന്താണ് പണി…ഇത് പോലും അമ്മക്ക് ചെയ്യാൻ ആവില്ലേ…
മക്കളെ അമ്മ തന്നെ അല്ലെ എപ്പോളും ചെയ്യുന്നത് ഇന്നമ്മക്ക് വയ്യാഞ്ഞിട്ടാണ്..ഡേറ്റ് ആയോണ്ടാണ്…
അമ്മേ എല്ലാ അമ്മമാരും അങ്ങനെ തന്നെ അല്ലെ എന്നിട്ട് മക്കളെ നോക്കാതിരിക്കുന്നുണ്ടോ…
മകളുടെ സംസാരം കേട്ട് എന്ത് പറയണം എന്നറിയാതെ നിക്കുമ്പോൾ ഭർത്താവും അവളെ സപ്പോർട്ട് ചെയ്തത് അവൾക്ക് കൂടുതൽ വളമായി..അവരുടെ വാക്കുകൾ കേട്ട് നിൽക്കാൻ പറ്റാത്തത് കൊണ്ട് ശ്രീജ അടുക്കളയിൽ പോയി എല്ലാം ഒതുക്കി പെറുക്കി വെച്ചു..
എല്ലാവരും ഭക്ഷണം കഴിഞ്ഞു പോയി..താൻ കഴിച്ചോ എന്ന് പോലും ചോദിച്ചില്ല…പണ്ട് മുതലേ താൻ മക്കളോട് എന്തെങ്കിലും ചെയ്തു തരാൻ പറയുമ്പോൾ അനൂപേട്ടൻ വിലക്കുമായിരുന്നു. നിനക്ക് ചെയ്യാനുള്ള പണിയെ ഈ വീട്ടിൽ ഉള്ളു വെറുതെ മക്കളെ ശല്യം ചെയ്യേണ്ട എന്ന്…എന്നാലും താൻ പലപ്പോഴും മക്കളോട് പറയുമ്പോൾ അവർക്ക് തന്നോട് ദേഷ്യം ആയിരുന്നു…ഇപ്പോ താൻ തന്നെ അല്ലെ അനുഭവിക്കുന്നത്…
എന്തെങ്കിലും കുറച്ചു എടുത്തു കഴിക്കാമെന്നു വെച്ചാൽ അതിനും തോന്നുന്നില്ല..ശ്രീജ ഒരു വിധം എല്ലാം ഒതുക്കി തീർത്തു വീണ്ടും പോയി കിടന്നു…ക്ഷീണം കൊണ്ട് നന്നായി ഉറങ്ങി പോയിരുന്നു….ഉച്ചക്കും അവൾക്ക് കാര്യമായി ഒന്നും കഴിക്കാൻ തോന്നിയില്ല..എടുത്ത ഭക്ഷണം അങ്ങനെ തന്നെ മൂടി വെച്ച് പോയി കിടന്നപ്പോൾ ആണ് വൈകുന്നേരം ചായക്ക് ഒന്നും ഉണ്ടാക്കിയില്ലല്ലോ എന്ന് ആലോചിച്ചത്…
എന്തായാലും ഇന്ന് അങ്ങനെ പോട്ടേ തനിക്കിനി ഒന്നിനും പറ്റില്ല എന്ന് വിചാരിച്ചു അവൾ വീണ്ടും അടിവ യ ർ മുറുക്കി പിടിച്ചു കിടന്നു…
വൈകുന്നേരം ആയപ്പോൾ മക്കൾ 2 പേരും വന്നു..അമ്മ എന്തെങ്കിലും കഴിച്ചോന്നോ അമ്മക്ക് കുറവുണ്ടോ എന്നോ അന്വേഷിക്കാതെ ആദ്യം തന്നെ തന്നോട് ചായക്കു ഒന്നും ഉണ്ടാകാത്തതിനെ പറ്റി തട്ടി കേറാൻ ആണ് 2 ആളും വന്നത്…
മക്കളെ രാവിലത്തെ ഇഡ്ഡലി എടുത്തു കഴിക്ക് 2 ആളും…അമ്മക്ക് വയ്യാത്തോണ്ടല്ലേ..പിന്നെ 2 ആളുടെയും ഡ്രസ്സ് ഒന്ന് അലക്കി ഇടണേ…
ഒന്നും മിണ്ടാതെ 2 പേരും പോയെങ്കിലും അച്ഛൻ വന്നപ്പോൾ 2 ആളും എന്തൊക്കെയോ ദേഷ്യത്തോടെ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു….അമ്മ വാശി കാണിച്ചു കിടക്കുവാന്ന് ആണ് അവരുടെ വിചാരം..അത് കൊണ്ട് പിന്നെ അവർ തന്നെ വിളിച്ചേ ഇല്ല…താൻ ആയിട്ട് ഒന്നും അങ്ങോട്ടും ചോദിച്ചില്ല…തന്നോടുള്ള വാശിക്ക് ഭക്ഷണം ഒക്കെ അവർ തന്നെ എടുത്തു കഴിച്ചു..
നിനക്ക് ചോറ് വേണെങ്കിൽ പോയി കഴിക്കെന്ന് ഇടക്ക് അനൂപ് വന്നു അവളോട് പറഞ്ഞു…
വല്ലാതെ വിശന്നപ്പോൾ അടുക്കളയിൽ പോയി നോക്കിയപ്പോൾ ശ്രീജ ഞെട്ടി പോയി..അടുക്കള യുദ്ധകളം പോലെ ഉണ്ട്..അവർ കഴിച്ച പാത്രങ്ങൾ എല്ലാം കഴുകാതെ അങ്ങനെ തന്നെ ഉണ്ട്..എടുത്ത സാധനങ്ങൾ ഒക്കെ നിരത്തി വെച്ചിട്ടുണ്ട്…എല്ലാം കണ്ടപ്പോൾ ശ്രീജയുടെ തല പെരുത്തു..
അവൾ അതൊന്നും നോക്കാതെ കുറച്ചു ചോറെടുത്തു കഴിച്ചു….ഒന്നും ഒതുക്കി വെക്കാൻ അവൾക്ക് ആവുന്നില്ലായിരുന്നു..
രാവിലെ എഴുന്നേറ്റപ്പോൾ വേദനക്ക് കുറച്ചു ആശ്വാസം തോന്നി….അടുക്കളയിൽ അവളെയും കാത്തു ഇരട്ടി പണി ഉണ്ടായിരുന്നു…ആരോടും ഒരു പരാതിയും പറയാതെ എല്ലാം അവൾ ഒതുക്കി പെറുക്കി വെച്ചു…മക്കളുടെ 2 പേരുടെയും ഭർത്താവിന്റെയും അലക്കാൻ ഉള്ള തുണികൾ അങ്ങിങ്ങായി വലിച്ചു വാരി ഇട്ടത് കണ്ടപ്പോൾ അവൾക്ക് ദേഷ്യം അടക്കാനായില്ല..എല്ലാ പണിയും ഒതുക്കി….
അവൾ ആലോചിച്ചു..താൻ ചാവാനായി കിടന്നാലും ഇവിടുത്തെ കാര്യങ്ങൾ ഒക്കെ താൻ തന്നെ നോക്കണം ഒരു വെള്ളം തരാൻ പോലും ആരും ഉണ്ടാവില്ല..സങ്കടം സഹിക്കാതെ വന്നപ്പോ ഫോൺ എടുത്ത് അമ്മയെ വിളിച്ചു നടന്ന എല്ലാ കാര്യവും പറഞ്ഞു…എല്ലാ കാര്യവും അമ്മയോട് പറഞ്ഞപ്പോഴേക്കും സ്വയം നിയന്ത്രിക്കാൻ പറ്റാതെ വിങ്ങിപ്പൊട്ടി പോയിരുന്നു..
അമ്മേ സത്യം പറഞ്ഞാൽ ഞാൻ ഈ വീട്ടിൽ ജോലിക്കാരിയാണ്….മകളുടെ കരച്ചിൽ കേട്ട് അമ്മ ആശ്വസിപ്പിച്ചു..
ചെറുപ്പത്തിലെ അവരെ ഇതെല്ലാം ചെയ്യിപ്പിച്ചു പഠിപ്പിക്കണം ആയിരുന്നു…അത് ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും…നിങ്ങളെയും ഞാൻ അങ്ങനെ തന്നെയല്ലേ വളർത്തിയത്..ഇനിയിപ്പോൾ മോള് വിഷമിക്കേണ്ട നമുക്ക് പരിഹാരമുണ്ടാക്കാം..മോള് ഒരു കാര്യം ചെയ്യ് ഒരു ഓട്ടോ വിളിച്ച് ഇങ്ങു പോര്…അവനെയും മക്കളെയും നമുക്ക് ചെറിയൊരു പാഠം പഠിപ്പിക്കാം…അമ്മ പറഞ്ഞു…
അയ്യോ അതെങ്ങനെയാ ഞാൻ വരിക..അവരെ ഒറ്റക്കാക്കി എനിക്ക് പെട്ടെന്ന് വരാൻ കഴിയില്ല അമ്മേ….അമ്മ പറഞ്ഞത് കേട്ട് ശ്രീജ വേവലാതിപ്പെട്ടു…
എന്റെ മോളെ നിന്നോട് എപ്പോളും വീട്ടിൽ വന്നു നിൽക്കാൻ അല്ലല്ലോ പറയുന്നത്..എന്തായാലും നമുക്ക് നല്ലൊരു ഡോക്ടറെ പോയി കാണണം..ഇതിപ്പോ നിനക്ക് രണ്ടുമാസമായി പെട്ടെന്ന് വന്ന വേദന അല്ലേ..ഞാൻ നിന്നെ പോലൊരു അമ്മ അല്ലേ. എനിക്ക് എന്റെ മകളെ ആലോചിച്ച് വിഷമം ഉണ്ടാവില്ലേ…മോളെ വേറെ ഒന്നും ചെയ്യേണ്ട അവനെ വിളിച്ചു പറ എനിക്ക് തീരെ വയ്യ ഡോക്ടറെ കാണിക്കാൻ പോകണം അമ്മ വരാമെന്ന് പറഞ്ഞിട്ടുണ്ട് എന്ന്..എന്നിട്ട് മോൾക്ക് അത്യാവശ്യം വേണ്ട ഡ്രസ്സ് ഒക്കെ എടുത്തോ..മോൾ അവിടുന്ന് തിരിച്ചു പോകുമ്പോഴേക്കും അവരുടെ സ്വഭാവം നിങ്ങൾ ആഗ്രഹിക്കുന്ന പോലെ ആയിട്ട് ഉണ്ടായിരിക്കും..
ശരി അമ്മേ ശ്രീജ ഫോൺ കട്ട് ചെയ്തു അനൂപിനെ വിളിച്ചു…
അനൂപേട്ടാ എനിക്കൊന്ന് ഡോക്ടറെ കാണണമായിരുന്നു…പെട്ടന്ന് വയറുവേദന എല്ലാം കൊണ്ട് കാണിക്കുന്നത് നല്ലതാണെന്ന് തോന്നി.
ശ്രീജ നിനക്കറിയാലോ എനിക്കിവിടെ നൂറുകൂട്ടം പണിയുണ്ട്. വയറുവേദനയുടെ പേരും പറഞ്ഞ് എനിക്ക് നിന്റെ കൂടെ ഡോക്ടറെ കാണാൻ വരാൻ ഒന്നും സമയമില്ല…
നിങ്ങൾ വരണ്ട ഞാൻ അമ്മയെ കൂട്ടി പൊയ്ക്കോട്ടെ…
നീ എന്തെങ്കിലും ചെയ്യ് ഫോൺ വയ്ക്ക്…
അനൂപിന്റെ സമ്മതം കിട്ടിയപാടും ഷീജ അമ്മയെ വിളിച്ചു പറഞ്ഞു അമ്മ പറഞ്ഞതുപോലെ കുറച്ച് ഡ്രസ്സുകൾ എടുത്തു അമ്മയെ കൂട്ടി രണ്ടുപേരും ഡോക്ടറെ കാണിക്കാൻ പോയി…
ഡോക്ടർ ഒരുപാട് ടെസ്റ്റുകളും സ്കാനിങ് ഒക്കെ ചെയ്യിപ്പിച്ചു….ബ്ലഡ് വളരെ കുറവാണ്..പിന്നെ ചെറിയൊരു മുഴയും ഉണ്ട്..അത് മരുന്നു കുടിച്ചാൽ മാറാവുന്നതെ ഉള്ളൂ എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്…ഒപ്പം നന്നായി റസ്റ്റ് എടുക്കാനും പറഞ്ഞു…
ഡോക്ടറെ കാണിച്ച് ഇറങ്ങിയപ്പോൾ തന്നെ അമ്മ ശ്രീജയോട് പറഞ്ഞു ഡോക്ടർ പറഞ്ഞ വിവരങ്ങൾ ഉടൻ തന്നെ അനൂപിനെ വിളിച്ചുപറയാൻ. മാത്രമല്ല ഡോക്ടർ റസ്റ്റ് പറഞ്ഞത് കൊണ്ട് കുറച്ചു ദിവസം അമ്മയുടെ കൂടെ നിന്നിട്ട് വരികയുള്ളൂ എന്നും പറയാൻ പറഞ്ഞു..
ശ്രീജയ്ക്ക് പറയാൻ പേടി ഉണ്ടായിരുന്നെങ്കിലും അമ്മയുടെ നിർബന്ധപ്രകാരം വിളിച്ചുപറഞ്ഞു…
ശ്രീജ മനസ്സിൽ വിചാരിച്ചത് പോലെ തന്നെ അനൂപ് അത്ര കാര്യമാക്കി എടുത്തില്ല…
അതൊക്കെ ഡോക്ടർമാർ ചുമ്മാ പേടിപ്പിക്കാൻ പറയുന്നത് ആണ്. നീ അവിടെ പോയി നിന്നാൽ ഞങ്ങളുടെ കാര്യങ്ങളൊക്കെ എങ്ങനെ ആണ് നടക്കുവാ…നിനക്ക് ഇവിടെ എന്താ പണി ഇവിടെയും നിനക്ക് റസ്റ്റ് തന്നെ അ ല്ലേ..മല മറിക്കുന്ന പണിയൊന്നുമില്ലല്ലോ…
അനൂപിനെ സംസാരം കേട്ട് അമ്മ ഫോൺ വാങ്ങി…
അനൂപേ എനിക്ക് എന്റെ മകളുടെ കാര്യത്തിൽ പേടി ഉണ്ട്…അവൾ കുറച്ചുദിവസം ഇവിടെ നിൽക്കട്ടെ മാറിയിട്ട് ഞാൻ അങ്ങോട്ട് പറഞ്ഞയക്കാ…
അമ്മ പറഞ്ഞപ്പോൾ അനൂപിനു ഒന്നും എതിർത്തു പറയാൻ പറ്റിയില്ല…
മക്കളുടെ കാര്യം ആലോചിച്ച് ശ്രീജയ്ക്ക് നല്ല വിഷമം ഉണ്ടായിരുന്നു…പക്ഷേ അമ്മ അവൾക്ക് ധൈര്യം കൊടുത്തു. ഇപ്പൊ ഇങ്ങനെ ഒരു തീരുമാനം എടുത്താൽ മാത്രമേ നമ്മൾ വിചാരിക്കുന്നതുപോലെ നടക്കുകയുള്ളൂ….
വൈകുന്നേരം വീട്ടിൽ എത്തിയ മക്കൾ വീട് അടച്ചിട്ടത് കണ്ട് ആകെ ആശങ്കയിലായി..അപ്പോഴാണ് അടുത്ത വീട്ടിലെ വനജേച്ചി അവരുടെ അടുത്തേക്ക് വരുന്നത്…
മക്കളെ അമ്മ എന്നെ നേരത്തെ ഫോൺ വിളിച്ചായിരുന്നു…അമ്മയ്ക്ക് വയ്യാത്തതുകൊണ്ട് ഡോക്ടർ റസ്റ്റ് എടുക്കാൻ പറഞ്ഞു. അതുകൊണ്ട് അമ്മ അമ്മമ്മയുടെ അടുത്താണ് ഉള്ളത്…മക്കൾ വന്നാൽ ഈ താക്കോൽ കയ്യിൽ തരാൻ പറഞ്ഞു…
അതും പറഞ്ഞു വനജ വീട്ടിലേക്ക് പോയി..മോൻ അപ്പോൾ തന്നെ ഫോൺ എടുത്ത് അമ്മയെ വിളിച്ചു നോക്കി. അമ്മയ്ക്ക് എന്താ പറ്റിയ അമ്മ എന്തു പണിയാ കാണിച്ചേ ഞങ്ങളെ ഒറ്റയ്ക്കാക്കിയിട്ട് അങ്ങ് പോയത് എന്തിനാ…
മോനെ അമ്മക്ക് തീരെ സുഖമില്ല.വയറുവേദന ആണെന്ന് പറഞ്ഞല്ലോ. ബ്ല ഡ് വളരെ കുറവാണ്. ചെറിയ ഒരു മു ഴയും ഉണ്ട് നന്നായി ഭക്ഷണം കഴിച്ച് റെസ്റ്റ് എടുക്കാനാണു ഡോക്ടർ പറഞ്ഞത് അവിടെ വന്നാൽ അതു നടക്കില്ല എന്ന് എല്ലാവർക്കും അറിയാമല്ലോ…
അപ്പോൾ ഞങ്ങളുടെ കാര്യം ആരാണ് നോക്കുക…
നിങ്ങളുടെ കാര്യങ്ങൾ നോക്കാൻ ഒക്കെ നിങ്ങൾ ആയിട്ടുണ്ട്..ഇനി നിങ്ങളുടെ കാര്യം ഓർത്ത് എനിക്ക് എന്റെ കാര്യം മാറ്റാൻ പറ്റില്ല..അച്ഛനെ വിളിച്ചു പറഞ്ഞിട്ടുണ്ട് നേരത്തെ വരാൻ. കഴിക്കാനുള്ളത് അച്ഛൻ വരുമ്പോൾ വാങ്ങും. എന്നാൽ ശരി ഞാൻ റസ്റ്റ് എടുക്കട്ടെ..
അങ്ങനെ പറഞ്ഞ് വയ്ക്കുമ്പോൾ വിഷമമുണ്ടെങ്കിലും നല്ല കാര്യത്തിന് വേണ്ടിയല്ലേ എന്ന് വിചാരിച്ച് ശ്രീജ ആശ്വസിച്ചു….
അമ്മ പെട്ടെന്ന് പോയത് അച്ഛനും മക്കൾക്കും വല്ലാത്ത ഒരു അടിയായിരുന്നു…ആദ്യമൊക്കെ ഹോട്ടലിൽ നിന്ന് ഭക്ഷണം പാഴ്സൽ വാങ്ങി അവർ…രണ്ടുദിവസം കഴിഞ്ഞപ്പോൾ ഹോട്ടൽ ഭക്ഷണവും മടുത്തു…ആദ്യത്തേത് പോലെ തന്നെ അച്ഛനും മക്കളും തങ്ങൾ ഇട്ട വസ്ത്രങ്ങൾ അവിടെയും ഇവിടെയും വാരി വലിച്ചിട്ടു….മക്കൾ പാത്രങ്ങൾ സിങ്കിൽ കൊണ്ട് ഇടുമ്പോൾ കഴുകി വയ്ക്കാതെ അനൂപിന് വേറെ വഴിയില്ലായിരുന്നു…ഓരോരുത്തരും അലമാര തുറന്നപ്പോൾ നല്ല അലക്കിത്തേച്ച വെച്ച വസ്ത്രങ്ങളുടെ ഗന്ധം അവർക്ക് വല്ലാതെ നഷ്ടം ആയി തുടങ്ങി….
ആദ്യമൊക്കെ അമ്മയോട് ദേഷ്യം തോന്നിയെങ്കിലും പിന്നീട് അത് അത് സങ്കടത്തിലേക്ക് വഴിമാറി…അനൂപിനും അങ്ങനെ തന്നെയായിരുന്നു…
രാവിലെ മകൾക്കും തനിക്കും വേണ്ട ഭക്ഷണം പാകം ചെയ്യുന്നതും വേറെ വഴി ഇല്ലാത്തതുകൊണ്ട് അവരുടെ വസ്ത്രങ്ങൾ അലക്കുന്നതും എല്ലാംകൂടെ ഒറ്റയ്ക്ക് ചെയ്യാൻ പറ്റാതായപ്പോൾ അനൂപ് മക്കളെ നിർബന്ധിപ്പിച്ച് ഓരോ കാര്യങ്ങൾ ചെയ്യിക്കാൻ തുടങ്ങി…
രാവിലെ അച്ഛൻ ഭക്ഷണം പാകം ചെയ്യുമ്പോൾ മക്കൾ രണ്ടുപേരും വസ്ത്രം അലക്കുകയും സ്കൂളിൽ പോകാൻ റെഡി ആവുകയും ചെയ്യും..അങ്ങനെ ഒരാഴ്ച കൊണ്ട് അവർ മൊത്തത്തിൽ മാറി…
ആദ്യമൊക്കെ വേലക്കാരിയെ വെക്കാൻ മക്കൾ അച്ഛനോട് ആവശ്യപ്പെട്ടെങ്കിലും അനൂപ് അതിനു സമ്മതിച്ചില്ല…തന്റെ ഭാഗത്ത് വന്ന തെറ്റ് അനൂപിന് മനസ്സിലായി…തന്നെപ്പോലെ മക്കളും ആവരുത് എന്ന് വിചാരിച്ചു അവർ പറയുന്നത് ചെവിക്കൊള്ളാതെ അവരെ കൊണ്ട് തന്നെ എല്ലാം ഏറ്റെടുത്ത് ചെയിപ്പിച്ചു.
കുറച്ചുദിവസം കഴിഞ്ഞപ്പോൾ മക്കൾ രണ്ടുപേരും അനൂപിനോട് പറഞ്ഞു അച്ഛാ അച്ഛൻ അമ്മയെ കൂട്ടികൊണ്ടു വരണം..ശരിക്കും അമ്മയെ സമ്മതിക്കണം അച്ഛാ എന്തെല്ലാം കാര്യങ്ങളാണ് അമ്മ ഇവിടെ ഒറ്റയ്ക്ക് ചെയ്യുന്നത്..ഒന്നും നമ്മളെ അമ്മ അറിയിക്കാറില്ല അമ്മയ്ക്ക് അസുഖം ആയപ്പോൾ അല്ലേ ചെയ്തു തരാൻ നമ്മളോട് ആവശ്യപ്പെട്ടത്…
മക്കൾ അത് അനൂപിനോട് ആവശ്യപ്പെടാൻ കാത്തുനിൽക്കുകയായിരുന്നു അയാൾ…
ഉടനെ തന്നെ ശ്രീജയുടെ വീട്ടിൽ പോയി പറ്റിയ തെറ്റിന് ശ്രീജയോടും അമ്മയോടും മാപ്പു പറഞ്ഞു ശ്രീജയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു…വരാൻ നേരത്ത് അമ്മയെ കെട്ടിപ്പിടിച്ച് അവളുടെ സന്തോഷം പ്രകടിപ്പിച്ചു..
അമ്മ ഇങ്ങനെ ഒരു ബുദ്ധി ഉപദേശിച്ചു തന്നില്ലായിരുന്നെങ്കിൽ താനിപ്പോഴും അവിടെ വേലക്കാരിയായി നിൽക്കേണ്ടി വന്നേനെ….വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അമ്മയുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു….
തിരിച്ചു വീട്ടിൽ എത്തിയ ശ്രീജ പ്രതീക്ഷിച്ചപോലെ അല്ലായിരുന്നു ഉണ്ടായിരുന്നത് സാധാരണ താൻ ഒരു ദിവസം കിടന്നു പോയാൽ വീട് കാണാൻ പൂരപ്പറമ്പ് പോലെ ഉണ്ടാകുമായിരുന്നു. ഇപ്പോൾ വീടൊക്കെ എന്ത് വൃത്തിയായി വെച്ചിരിക്കുന്നു. തന്റെ മക്കളും ഭർത്താവും ഒരുപാട് മാറിയിരിക്കുന്നു..
ശ്രീജയെ കണ്ട് മക്കൾ ഓടി വന്നു കെട്ടിപ്പിടിച്ചു. അമ്മേ ഞങ്ങൾക്ക് തെറ്റുപറ്റി പോയി. അമ്മ കൃത്യമായി ഞങ്ങളുടെ എല്ലാ കാര്യങ്ങളും ചെയ്തു വരുന്നത് ഞങ്ങൾക്ക് ഒരു വളം ആയി മാറിയിരുന്നു…ഇനി ഒരിക്കലും അങ്ങനെ ഉണ്ടാവുകയില്ല….അമ്മയുടെ വില ശരിക്കും ഞങ്ങൾക്ക് ഇപ്പോ മനസ്സിൽ ആയി…ഇപ്പൊ ഞങ്ങളുടെ 2 പേരുടെയും വസ്ത്രം ഞങ്ങൾ തന്നെ ആണ് അമ്മേ കഴുകി ഇടുന്നത്…ഏറെ കുറെ കാര്യങ്ങൾ ഒക്കെ മാനേജ് ചെയ്യാൻ ഞങ്ങൾ പഠിച്ചു..അമ്മ ഇപ്പൊ റസ്റ്റ് എടുത്തോളൂ….
തന്റെ മക്കളുടെയും ഭർത്താവിന്റെയും മാറ്റം ആലോചിച്ച് കിടക്കുമ്പോൾ ആണ് അനൂപ് വന്നു വിളിക്കുന്നത്..
ശ്രീജെ…ചോറ് വിളമ്പി വെച്ചിട്ടുണ്ട് നമ്മുക്ക് ഒരുമിച്ച് ഇരുന്നു കഴിക്കാലോ….
പിന്നീട് അങ്ങോട്ട് എല്ലാ ദിവസവും അങ്ങനെ തന്നെ ആയിരുന്നു…..അവർ 4 പേരും പരസ്പരം സഹായിച്ചും സന്തോഷിച്ചും ജീവിച്ചു കൊണ്ടിരുന്നു…
എല്ലാ വീടുകളിലും നടക്കുന്ന ഒരു കാര്യം ആണ് ഇത്…നമ്മുടെ മക്കളെ ആയാലും ഭർത്താവിനെ ആയാലും ഒരിക്കലും നമ്മൾ തന്നെ മടിയന്മാർ ആക്കരുത്….ആൺകുട്ടികൾ ആയാലും പെൺകുട്ടികൾ ആയാലും എല്ലാം കണ്ടറിഞ്ഞു ചെയ്യാൻ ചെറുപ്പത്തിലേ പഠിപ്പിക്കണം..
ഒരു വീട്ടിലെ വീട്ടമ്മ എല്ലാവർക്കും വെച്ചു വിളമ്പി കഷട്ടപെടാനുള്ളതല്ല…..
~അക്ഷയ ജിജിൻ