തെല്ലും വൈകാതെ, ഒരു കപ്പ് ചായയുമായി സ്മിത കിടപ്പുമുറിയിലേക്കു വന്നു. ചെറിയ ബാഗ് ഒതുക്കുകയായിരുന്നു….

നിറക്കൂട്ട്…

എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

===================

”സ്മിതക്കൊച്ചേ, ഞാനിറങ്ങുവാ ട്ടാ…. “

അടുക്കളയിലേക്കു നോക്കി, അനീഷ് വിളിച്ചു പറഞ്ഞു.

തെല്ലും വൈകാതെ, ഒരു കപ്പ് ചായയുമായി സ്മിത കിടപ്പുമുറിയിലേക്കു വന്നു. ചെറിയ ബാഗ് ഒതുക്കുകയായിരുന്നു അനീഷ്.

“സമയം, ഏഴേകാലേ ആയിട്ടുള്ളൂ…ഏഴരയ്ക്കല്ലേ ഇറങ്ങാറ്….ചായ കുടിക്കാൻ നോക്ക്…വൈകീട്ടൊന്നുമില്ല…..ചായ, ചൂടാറ്റിയിട്ടുണ്ട്….പഴ്സും, ഫോണുമെല്ലാം എടുത്തു വച്ചോ…?”

സ്മിത, ബാഗിന്നകം തുറന്ന് ഒരാവർത്തി കൂടി പരിശോധിച്ചു. നേർത്ത ചൂടുള്ള ചായ കുടിച്ച ശേഷം, അനീഷ് സ്മിതയേ ചേർത്തു പിടിച്ചു കവിളിൽ ചുംബിച്ചു.

“ശരി, ശരി….വിട്ടേ, വിട്ടേ….പോകാൻ നോക്ക്….പതിവു ഉമ്മയ്ക്ക് എന്താ ഇന്നൊരു കനം…ഇന്നലെ കിടന്നപാടെ ഉറങ്ങീട്ടല്ലേ….വെറുതേ, ഈ മഴക്കാലത്ത് എൻ്റെയൊരു കുളി വെറുതെയായി….സന്ധ്യക്കു ഒരു കുളി കഴിഞ്ഞതായിരുന്നു. മോൻ, പോകാനൊരുങ്ങീക്കോ….പത്തു മിനിറ്റൂടെ ഉണ്ട്, ട്ടാ….എങ്കിലേ, ബസ്സിൻ്റെ സമയം കൃത്യമാകൂ…ഇതിൻ്റെ ബാക്കി, ഉറങ്ങിയില്ലെങ്കില് രാത്രിയാകാം…ചേട്ടൻ പോയിട്ടു വേണം, എനിക്ക് പുട്ടുണ്ടാക്കാൻ….ദേ, കുക്കറു വിസിലടിക്കുന്നു…കടല വേവാറായിട്ടുണ്ട്….അമ്മയ്ക്കും, അച്ഛനും ചായ കൊടുക്കണം….”

അനീഷ്, കട്ടിലിൽ ഇരുന്നു. ചാരിയിട്ട വാതിൽ വിടവിലൂടെ മഴത്തണുപ്പ് കടന്നു വരുന്നുണ്ടായിരുന്നു. പുറത്ത്, പെരുമഴ പെയ്യുന്നുണ്ട്.

“നാളെ, ഈ നേരത്ത് നമുക്ക് ഒന്നിച്ചിറങ്ങണം….സ്മിതയ്ക്കു ടെൻഷൻ വരണുണ്ടോ…സ്വന്തം നാട്ടില് ജോലിക്ക് കേറുന്നേല്…?”

സ്മിത പുഞ്ചിരിച്ചു.

“ഞാനെന്തിനാ ഏട്ടാ ടെൻഷനടിക്കുന്നത്…നാലു വർഷം കഴിഞ്ഞില്ലേ, അവിടത്തുകാർക്ക് പിന്നേയും എത്രയോ വിശേഷങ്ങൾ ഉണ്ടായിട്ടുണ്ടാകും….പ്രമാണിയുടെ മോള്, സാധാരണക്കാരനേ പ്രണയിച്ചു കൂടെയിറങ്ങിപ്പോകുന്നത്, സിനിമേലും നോവലിലും മാത്രമല്ലാന്ന് ഞാൻ തെളിയിച്ചില്ലേ….ഒരിക്കൽ പോലും, എൻ്റെ വീട്ടുകാർ എന്നെ തിരക്കിയിട്ടില്ല….അവർക്ക്, മകൾ ചെയ്ത അപരാധം ഇനിയും അംഗീകരിക്കാൻ കഴിയണുണ്ടാവില്ല…സാരല്ല്യാ….എൻ്റെ വീട്ടിൽ ഞാൻ, രാപ്പകൽ കഷ്ടപ്പെട്ടു പഠിച്ചും, ഇവിടെ വന്ന ശേഷം അനീഷേട്ടൻ ഇല്ലാത്ത കാശുണ്ടാക്കി കോച്ചിംഗിനു വിട്ടിട്ടും കിട്ടീതാ ഈ ജോലി…പി എസ് സി എഴുതിക്കിട്ടുകാന്നു പറഞ്ഞാല്, ഒരു ലോട്ടറി തന്നെയാണ്….”

അനീഷ്, അവളേ ചേർത്തു പിടിച്ചു. അവൻ്റെ തോളിലേക്കു തല ചായ്ച്ച് അവൾ തുടർന്നു.

“ഈ വാടക വീട്ടിൽ നിന്നും, ഒരു മോചനം വേണം….നമ്മുടെ ഇത്തിരിയിടത്തിൽ ചെറിയൊരു വീടു വയ്ക്കണം…അറ്റാച്ച്ഡ് ബാത്ത് റൂമുകളുള്ള മുറികളാകണം…പെയിൻ്റിംഗിന് നമുക്ക് കൂലി കൊടുക്കേണ്ടല്ലോ….സാധാരണ കുടുംബം മുന്നോട്ടു പോകണമെങ്കിൽ, ഭാര്യയ്ക്കും ഭർത്താവിനും വരുമാനം വേണം…..പിന്നേ, നാലു കൊല്ലമായുള്ള നമ്മുടെ പ്രിക്കോഷനുകൾക്കും ഒരവസാനം വേണ്ടേ….?”

അനീഷ്, പതിയേ എഴുന്നേറ്റു. സ്മിതയേ ഗാഢം പുണർന്നു…ചുംബിച്ചു….

അകത്തളത്തിലൂടെ ഉമ്മറത്തേക്കു അവരൊന്നിച്ചു നടന്നു. പെരുമഴയിലൂടെ അവനിറങ്ങി നടന്നു. നീല നിറമുള്ള കുടയുടെ അരികുകളിലൂടെ മഴ ചിതറിത്തെറിച്ചു. ഗേറ്റു കടന്ന്, അവൻ ടാർ നിരത്തിലൂടെ നടന്നു മറഞ്ഞു.

സ്മിത, കിടപ്പുമുറിയിലേക്കു തിരികെയെത്തി. തലേന്ന്, അനീഷ് മാറിയിട്ട ജോലിക്കു ധരിക്കുന്ന വസ്ത്രങ്ങൾ മൂലയിലെ ബാസ്ക്കറ്റിലിട്ടിട്ടുണ്ട്…അവൾ, അതെടുത്തു…വിടർത്തിയ ഷർട്ടിൽ നിറയേ ചായത്തിൻ്റെ തുള്ളികൾ പടർന്നു കിടപ്പുണ്ടായിരുന്നു..ഏതോ വലിയ വീടിൻ്റെ ചുവരുകളെ സമ്മോഹനമാക്കിയ ചായക്കൂട്ട്…ഒരുപക്ഷേ, തൻ്റേ വീടിനേക്കാൾ വലിയൊരു വീടായിരുന്നിരിക്കാം….

നോക്കി നിൽക്കേ ഓരോ വർണ്ണക്കുത്തുകൾക്കും ശബളിമ പെരുകുന്നതായി അവൾക്കു തോന്നി. ഒരു സഫല പ്രണയത്തിൻ്റെ വർണ്ണങ്ങൾ ഹൃദയത്തിൽ പടരുന്നു….അവൾ, അടുക്കളയിലേക്കു നടന്നു….

മഴപ്പെയ്ത്തിൽ കുതിർന്ന പ്രഭാതം കുളിരു പടർത്തി നിന്നു