നനഞ്ഞ വഴിത്താരകൾ….
Story written by Ammu Santhosh
===============
നനഞ്ഞ വഴിത്താരകൾ…….എഴുതിയത് ഹരിഗോവിന്ദ്
കഥ മുഴുവൻ വായിച്ചു തീർത്ത് മീര മാസിക മടക്കി “ഈശ്വരാ എന്താ രചന?ഇങ്ങനെ എങ്ങനെയെഴുതുന്നു?അക്ഷരങ്ങൾ ഇയാളെ പ്രണയിക്കുന്നുണ്ടാവും.
ഹരിഗോവിന്ദിനെ ഒന്ന് പരിചയപ്പെടണം എന്ന് മീരയ്ക്ക് തോന്നാറുണ്ട്. എങ്ങനെ എന്നറിയാതെയിരിക്കുമ്പോളാണ് അവിചാരിതമായി വീണ് കിട്ടിയ സൗഹൃദമായി ഉണ്ണി അവളുടെ ജീവിതത്തിലേക്ക് വന്നത്. ഉണ്ണിയുടെ സുഹൃത്താണ് അയാൾ എന്നറിഞ്ഞ് അവൾക്ക് അത്ഭുതം തോന്നി.
ഉണ്ണി മെഡിക്കൽ റെപ്രസേന്റേറ്റീവ് ആണ്. വീട്ടിൽ അമ്മ മാത്രമേ ഉള്ളു. അമ്മ ഒരു രോഗിയാണ്. ഇടയ്ക്ക് മീര അവിടെ പോകാറുണ്ട്. ഉണ്ണി മിക്കവാറും അമ്മയുടെ ഡയാലിസ്സിസി നായുള്ള പണത്തിനായി നെട്ടോട്ടമോടുകുയായിരിക്കും.
മൊബൈൽ ശബ്ദിക്കുന്നത് കേട്ടവൾ നോക്കി, ഉണ്ണി
“എന്താടാ”?
“അമ്മയ്ക്ക് പെട്ടെന്ന് വല്ലായ്ക, നീ ഒന്ന് വാ. ഹോസ്പിറ്റലില ഞാൻ”
“ഞാൻ എത്തി”
ഹോസ്റ്റൽ വാർഡനോട് വിവരം പറഞ്ഞ് അവൾ ആശുപത്രിയിലേക്ക് ചെന്നു. ഉണ്ണിയെ വിളറിയും പരിഭ്രമിച്ചും കാണപ്പെട്ടു.
മീര, ഡോക്ടർ ജയദേവന്റെ ക്യാബിനിലേക്ക് ചെന്നു.
“ഇരിക്ക് മീരാ….മീരയ്ക്കറിയാലോ ക്രിട്ടിക്കലാണ്. കിഡ്നിമാറ്റി വെയ്ക്കാതെ വേറെ option ഇല്ല” ഡോക്ടർ പറഞ്ഞു
മീര കുനിഞ്ഞ ശിരസ്സോടെ പുറത്തേക്ക് വന്നു. ഉണ്ണിയുടെ അരികിൽ ചെന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും അത് വിഫലമായി. ഉണ്ണി പ്രതീക്ഷയോടെ നോക്കുന്നുണ്ട്. മീര അവന്റെ ശിരസിൽ ഒന്ന് തൊട്ടു “ശരിയാവും” പക്ഷെ ആ ശബ്ദം ദുർബലം ആയിരുന്നു.
ഉണ്ണി കുനിഞ്ഞ് മുഖം പൊത്തി ബഞ്ചിലിരുന്നു. അവന്റെ കൈവിരലുകൾക്കിടയിലൂടെ കണ്ണീർ നിലത്ത് വീണ് ചിതറുന്നു. മീര അവനെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.. “കരയല്ലെടാ പ്ലീസ്” ഉണ്ണി പെട്ടെന്ന് അവളിൽ നിന്ന് അകന്ന് മാറി മുഖം തുടച്ചു.
“നിന്റെ കൈയിൽ കാശുണ്ടൊ? കുറച്ച് പണമടയ്ക്കണം” മീര ചോദിച്ചു.
അവന്റെ പഴ്സിൽ കുറച്ച് 100 രൂപ നോട്ടുകളയുള്ളു എന്നവൾ കണ്ടു
“ഇത് പോര തത്കാലം നീ ഈ വളയും മാലയും കൊണ്ടു പോയി പണയം വെയ്ക്ക് ” അവൾ അവന്റെ കൈയിലേക്ക് ആഭരണങ്ങൾ വെ ച്ചു കൊടുത്തിട്ട് ICUവിലേക്ക് പോയി.
കുറച്ചു ദിവസങ്ങൾക്ക് ശേഷം ഡിസ്ചാർജ് ചെയ്തപ്പോൾ ഡോക്ടർ സത്യാവസ്ഥ അവനെ ധരിപ്പിച്ചു “പറ്റിയ ഒരു ഡോണറെ കിട്ടുവാണേൽ അറിയിക്കാം” ഉണ്ണി തലയാട്ടി
കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് പോയി
“നിനക്ക് ഹരി ഗോവിന്ദിനെ പരിചയപ്പെടണോ? ഇന്ന് പോകാം ” ഒരു ഞായറാഴ്ച ഉണ്ണി പറഞ്ഞു
മീരയ്ക്ക് സന്തോഷമായി. മനോഹരമായ ഒരു സൗധം ആയിരുന്നു അത്.
“immensely rich?”
“ഉം “
“ഹരി, ഇത് മീര എന്റെ സുഹൃത്താണ്” ഉണ്ണി അവളെ അയാൾക്ക് പരിചയപ്പെടുത്തി
നന്നേ വെളുത്ത മുഖത്തെ പൂച്ചക്കണ്ണുകൾ തിളങ്ങി
”ഹരി ” അയാൾ കൈ നീട്ടി
” മീരാ” അവൾ കൈകൂപ്പി.
നീട്ടിയ കൈ ഹരി പിൻവലിച്ചു.
“അയാൾ എഴുത്തുകാരനാണ് എന്ന് തോന്നുന്നില്ല”
തിരിച്ചു വരുമ്പോൾ മീര പറഞ്ഞു ഉണ്ണി പൊട്ടിച്ചിരിച്ചു
“ശരിയാണ്. അവൻ ഒരു ബിസിനസ്കാരനാണ് എഴുത്തുമുണ്ട്,”
“അതല്ല. അയാൾ ഒരു കൗശലക്കാരനാണ്. സൂത്രശാലിയായ ഒരുകുറുക്കനെ പോലെ. ആള് ശരിയല്ല “
ഉണ്ണി മൗനം പാലിച്ചു..ഹരിയുടെ നോട്ടം ശരിയല്ലായിരുന്നു. അവന് അത് മനസിലായി
“നിന്റമ്മയുടെ ഓപ്പറേഷന് എത്ര തുക ആകും ?” ഹരി ഒരു ദിവസം ഉണ്ണിയോട് ചോദിച്ചു
“ഒരു മുപ്പത്തി അഞ്ച് ലക്ഷം”
“ഉണ്ടോ? നിന്റെ കൈയിൽ ?”
“എവിടുന്ന് ?” അവൻ കൈയിലിരുന്ന പൊതിഏൽപ്പിച്ചു.
“എന്താ സംഭവം ?”
“ചെറുകഥയാണ് “
ഒരു ചെക്ക് ലീഫ് കൊടുത്തു ഹരി.
“നീ എഴുതിക്കൊണ്ടിരിക്കുന്ന നോവൽ തീർക്ക്…ഒരു അക്കാഡമി അവാർഡ് തട്ടി കൂട്ടണം മുപ്പത്തി അഞ്ച് ഇല്ലേലും ഒരു പത്ത് ലക്ഷം ഞാൻ തരാം”
ഉണ്ണിയുടെ മുഖം വികസിച്ചു..അവൻ തലയാട്ടി
“മീരയുടെ വീടെവിടെയാണ്?parents?” പൊടുന്നനെ ഹരി ചോദിച്ചു
“വീട് പാലക്കാട്. അച്ഛനും അമ്മയും ഡോക്ടർമാർ “
“നമ്പർ തരൂ” ഉണ്ണി മടിച്ചു.
“അവൾക്ക് അതിഷ്ടാവില്ല “
“ഓ കെ “
ഹരി ഒരു ചിരി എടുത്തണിഞ്ഞു.
ഉണ്ണിയുടെ മനസ്സാകെ വാടിപ്പോയി..മീര തന്റെ സ്വകാര്യ സ്വപ്നമാണ് ഒരിക്കലും പറഞ്ഞിട്ടില്ലെങ്കിലും തന്റെ രാജകുമാരി ആണവൾ.
“നീയെന്താ ഇപ്പോ എന്നെ വിളിക്കാത്തത് ?” മീരയുടെ നിശിതമായ നോട്ടത്തിന് മുന്നിൽ ഉണ്ണി പതറി. അവൾ മുറിയിലേക്ക് കടക്കാനൊരുങ്ങിയപ്പോൾ അവൻ വാതിലടച്ച് പുറത്തേക്ക് വന്നു.
“എനിക്കൊന്ന് പുറത്ത് പോണം”
“നീ എന്തിനാ എന്നെ അവോയ്ഡ് ചെയ്യുന്നത്? പുതിയ വല്ല അഫയറുമുണ്ടോ ?”
“ഉണ്ടെങ്കില് ?” ഉണ്ണിചീറി
“നിന്റെ സ്വർണ്ണം ഞാൻ തിരികെ തന്നേക്കാം. അത്രയ്ക്ക് ഫ്രീഡം എടുക്കണ്ട.”
മീരയുടെ കണ്ണ് നിറഞ്ഞു.
“നിന്റെ മനസ്സിൽ എന്താ ഉണ്ണീ? എന്നാ വിഷമം ?”
“നീ ഒന്ന് പോ മീര ” അവൻ കൈകൂപ്പി .
മീര നടന്നു പോകുന്നത് നോക്കിനിൽക്കെ അവന്റെ കണ്ണുംനിറഞ്ഞു…
ആ അവധിക്ക് വീട്ടിൽ ചെന്നപ്പോൾ അവളെ കാത്ത് ഒരു വിവാഹാലോചന ഉണ്ടായിരുന്നു. ഹരിയുടെ….
“നിനക്കിഷ്ടം ഉണ്ടേൽ മതി. ആലോചിച്ച് പറഞ്ഞാൽ മതി” തന്നെ മനസിലാക്കുന്ന മാതാപിതാക്കളാണ് തന്റെ ശക്തി. മീര ഓർത്തു
“ഇഷ്ടമില്ല” അവൾ ഉറപ്പോടെ പറഞ്ഞു
ഇതായിരുന്നോ ഉണ്ണിയുടെ മാറ്റത്തിന് പിന്നിൽ? അവനറിയില്ലേ തന്നെ? ഇതു വരെ ?
മീര ചെല്ലുമ്പോൾ ഉണ്ണി ഇല്ല അമ്മ തന്ന ചായ കുടിച്ച് അവൾ ഉണ്ണിയുടെ മുറിയിൽ കയറി. ആദ്യമായാണ് അവളാ മുറി കാണുന്നത്. ഷെൽഫിൽ നിറയെ പുസ്തകങ്ങൾ ട്രോഫികൾ, മെഡലുകൾ, കഥാരചനയ്ക്ക്, കവിതയ്ക് ഒക്കെ സമ്മാനങ്ങൾ…അവൾ അതിശയത്തോടെ ഓരോന്നും നോക്കീ. നോട്ട് ബുക്കുകളിൽ കഥകൾ, കവിതകൾ അവളുടെ നെഞ്ച് ശക്തിയായി മിടിച്ചു.
“നനഞ്ഞ വഴിത്താരകൾ “.ഇവൻ ആണോ ഇത്? അവൾ വിയർത്തു കുളിച്ചു. പിന്നിൽ ഒരു അനക്കം. ഉണ്ണി…
“നീ…നീ….ച തി യനാണ്….നീ….” അവൾ കിതച്ചു
“കാശിനാണോടാ….നാണമില്ലേ ശ്ശേ?” അവൾ അലറി.
“ഇല്ല എനിക്ക് നാണമില്ല. എന്റമ്മയ്ക്ക് മരുന്നു വാങ്ങണം വാടക കൊടുക്കണം..ഇതാ എന്റെ ആയുധം..ഒരു കഥയ്ക്ക് ആയിരം തരും ഹരി. പത്രമാസികകൾക്ക് ഞാൻ അയച്ചു കൊടുത്താൽ പ്രസിദ്ധികരണ യോഗ്യമല്ലഎന്ന് മറുപടി വരും..അയാൾ അയച്ചാൽ ഗംഭീരം എന്നും…. “
മീരയ്ക്ക് വാക്കുകൾ നഷ്ടപ്പെട്ടു.
“ഇത് നിനക്കെന്നോട് പറയാമാരുന്നു “
“എന്തിന് ? നീ എന്റെ ആരാ?” മീര സങ്കടത്തോടെ ഒന്നു നോക്കി
“ആരുമല്ല?”
“അല്ല ” അവൻ ഉള്ളു കരഞ്ഞു കൊണ്ട് പറഞ്ഞു
മീര പെട്ടെന്ന് വാതിൽ കടന്ന് പോയി.
ഒന്നുമില്ലാത്ത കുചേലന്റെ ജീവിതത്തില് രാജകുമാരി വേണ്ട. അവൾ രക്ഷപെടട്ടെ….ഉണ്ണി ഭിത്തിയിലേക്ക് ചാരി
“ഒരു കല്യണാലോചന നടത്തി. മീരയ്ക്ക് സമ്മതമല്ലാത്രെ ” ഹരി ഉണ്ണിയോട് പറഞ്ഞു..ഉണ്ണി മൗനമായിരുന്നതേ ഉള്ളു….
“ഞാനാശിച്ചതെല്ലാം ഞാൻ നേടിയിട്ടുണ്ട്, നിനക്ക് 35 ലക്ഷം ഞാൻ തരും. മീരയെ എനിക്ക്…..”
ഹരി മുഴുമിക്കും മുന്നേ മുഖമടച്ച് ഒറ്റ അടി കൊടുത്തു ഉണ്ണി….
പുഞ്ചിരിച്ചതേയുള്ളു ഹരി.
“ആവേശം വേണ്ട ആലോചിക്ക് അമ്മ വേണോ? അവളെ വേണോ?നീ തീരുമാനിക്ക് “
“ഉണ്ണി അവന്റെ ഷർട്ടിൽ കുട്ടിപ്പിടിച്ചടുപ്പിച്ചു.
“എന്റെ അമ്മ മരിച്ചോട്ടടാ…എന്റെ പെണ്ണിനെ വിറ്റ കാശ് കൊണ്ട് എന്റമ്മ ജീവിക്കണ്ട “
അവനെ നിലത്തേക്ക് തള്ളി തള്ളി അവൻ നടന്നു പോയി. മഴയത്തു നനഞ്ഞു അവൻ നടന്നു കൊണ്ടിരുന്നു. ഫോൺ ശബ്ദിക്കുന്നു.
ഡോക്ടർ ജയദേവൻ…
“ഡോണർ റെഡിയാണ് ഉണ്ണി എത്രയും വേഗം അഡ്മിറ്റ് ആകണം”
“പക്ഷെ പണമായിട്ടില്ല” ഉണ്ണി നിരാശയൊടെ പറഞ്ഞു.
“അത് നമുക്ക് പിന്നീട് നോക്കാം സർജറി നടക്കട്ടെ “ഡോക്ടർ പറഞ്ഞു
സർജറി വിജയമായിരുന്നു ഉണ്ണി ഡോക്ടർക്കരികിൽ ചെന്നു
“ഇതൊരു ചാരിറ്റി യുടെ ഭാഗമായിരുന്നു ഉണ്ണി…നിനക്ക് ഭാഗ്യമുണ്ട്. സൗജന്യമാണ് എല്ലാ ചികിത്സയും”
അവനാ നിമിഷം മീരയെ ഒന്നു കണാൻ തോന്നി..വിളിച്ചു നോക്കി സ്വിച്ച് ഓഫ് ആണ്..മീര എവിടെയാണ്? അവൻ വേദനയോടെ ഓർത്തു കൊണ്ടിരുന്നു
ഹോസ്റ്റലിൽ പലതവണ പോയി. മീര നാട്ടിൽ നിന്ന് വന്നിട്ടില്ല എന്നായിരുന്നു ഉത്തരം. അവളുടെ വീട്ടിൽ പോകാനുള്ള ധൈര്യം അവനുണ്ടായിരുന്നില്ല. അവൻ എല്ലാ തിങ്കളാഴ്ചയും ഹോസ്റ്റലിൽ വന്നു കൊണ്ടിരുന്നു. ഒരു തിങ്കളാഴ്ച
“മീര വന്നു ട്ടോ?”
വാർഡൻ അലിവോടെ പറഞ്ഞു
അവന്റെ അരികിലേക്ക് നടക്കുമ്പോൾ മീരയുടെ ഉദരത്തിലെ മുറിവ് വേദനിച്ചു
കണ്ടപ്പോൾ രണ്ടു പേർക്കും ഒന്നും പറയാനില്ലാതെയായി.
മീരയെക്കാപ്പം നടക്കുമ്പോൾ അവനൊരു വാരിക നീട്ടി.
“കടലെത്തും വരെ ” ചെറുകഥ. താഴെ പേരുണ്ട് ഉണ്ണി മേനോൻ.
“ഇനി ഒരിക്കലും ഞാനത് ചെയ്യില്ല ” അവൻ പറഞ്ഞു.
“ഇനി ഒരിക്കലും നീ അത് ചെയ്യാതിരിക്കാൻ ആണ് ഞാൻ നിന്റെ അമ്മയ്ക്ക്…..” അവൾ മനസിൽ പറഞ്ഞു.
“എനിക്ക് നീ…എന്നോട്…പൊറുക്കാമോ മീര…” അവന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.
അവന്റെ നെഞ്ചോട് ചേർന്ന് നിൽക്കുമ്പോൾ അവൾക്ക് വീണ്ടും എവിടെയോ വേദനിച്ചു
ഡോക്ടറും തന്റെ മാതാപിതാക്കളും മാത്രം അറിയുന്ന ആ രഹസ്യം ഉണ്ണി അറിയാതിരിക്കട്ടെ അവൾ ആശിച്ചു
സന്ധ്യ മയങ്ങി തുടങ്ങി.ഉണ്ണി അവളെ തന്നോട് ചേർത്തു പിടിച്ചു തിരക്കിൽ കൂട്ടം തെറ്റി പോകാതിരിക്കാനെന്ന വണ്ണം….
~അമ്മു