യാത്ര
Written by Aparna Dwithy
===============
ഒറ്റയ്ക്കു ഒരു യാത്ര പോയിട്ടുണ്ടോ?ആരോടും പറയാതെ, ഒരു ലക്ഷ്യവും ഇല്ലാത്ത ഒരു യാത്ര….. !
അങ്ങനെ ഒരു യാത്രയെ കുറിച്ച് ഞാൻ പറയാം…
നാല് ദിവസത്തേക്ക് അവധി കിട്ടിയപ്പോൾ ആണ് അങ്ങനൊരു യാത്രയെ കുറിച്ചു ഞാൻ ചിന്തിക്കുന്നത്. പിന്നെ വൈകിയില്ല അന്ന് വൈകിട്ട് തന്നെ ചെന്നൈയിൽ നിന്നും യാത്ര തിരിച്ചു. എങ്ങോട്ടാണെന്നോ, എന്തിനാണെന്നോ ഒരു നിശ്ചയവും ഇല്ല…
മുന്നിൽ കണ്ടത് മംഗളൂരു എക്സ്പ്രസ്സ്. ഞാൻ ഉടൻ തന്നെ പോയി കോഴിക്കോടേക്ക് ടിക്കറ്റ് എടുത്ത് ട്രെയിനിൽ കയറി. ജനറൽ കംപാർട്മന്റിൽ നല്ല തിരക്കായിരുന്നു ഒരു വിധം സീറ്റ് കിട്ടി. രാത്രി ആയതുകൊണ്ട് പുറംകാഴ്ചകൾ നഷ്ടമായി. ട്രെയിനിനകത്തെ ബഹളങ്ങളിൽ കാതോർത്തിരിക്കുമ്പോളാണ് മുന്നിലിരിക്കുന്ന പെൺകുട്ടിയെ ഞാൻ ശ്രദ്ധിക്കുന്നത് കൂടെ രണ്ടു കുട്ടികളും ഉണ്ട്. ഞാൻ ശ്രദ്ധിക്കുന്നത് കണ്ടാവണം അവളെന്നോട് ചിരിച്ചു. ഞാൻ തിരിച്ചും.
“ഈയ് എങ്ങോട്ടാ….?” അവളെന്നോട് ചോദിച്ചു.
‘കോഴിക്കോട് ‘
”വീട്ടിക്ക് പോണതാ…… ?”
‘അല്ല ‘
“പിന്നെ ?”
‘വെറുതെ പോണതാ ‘
“വെറുതെയോ. കൂട്ടുകാരീന്റെ വീട്ടിക്കാ ?”
‘അല്ല. അവിടെ എനിക്ക് കൂട്ടുകാരൊന്നുല്ല ‘
“അള്ളോ….വെറുതെ കോഴിക്കോടേക്ക് പോവുന്നോ. ഈയ് ഒറ്റയ്ക്കാ ?”
‘അതെ ‘
“അനക്ക് പേടിയില്ലേ ?”
‘എന്തിനാ പേടി? ‘
“ഒറ്റയ്ക്കു പോവാൻ ?”
‘ഇല്ല ‘
‘അന്റെ പേരെന്താ ?’
“അപർണ. നിന്റെയോ ?”
‘തസ്‌നി ‘
അങ്ങനെ മലപ്പുറംകാരി തസ്നിയെ ഞാനാ യാത്രയിൽ പരിചയപ്പെട്ടു. പതിനേട്ടാം വയസ്സിൽ കല്യാണം കഴിഞ്ഞു ചെന്നൈയിൽ വന്നവൾ. ഇപ്പോ വയസ് ഇരുപത്തിരണ്ട്. പഠിക്കണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു അവൾക്ക് പക്ഷേ വീട്ടുകാർ അനുവദിച്ചില്ല. എന്നെ കുറിച്ചു അറിയുന്നതിനെക്കാൾ അവൾ ഏറെ ചോദിച്ചത് കോളേജിലെ വിശേഷങ്ങളായിരുന്നു.
“ഈയ് ഭാഗ്യം ഉള്ളോളാ…. ” എല്ലാം കേട്ടുകഴിഞ്ഞു അവൾ പറഞ്ഞു.
രാത്രി മുഴുവൻ ഞാൻ അവളോട് സംസാരിച്ചും അവളുടെ കുട്ടികളുടെ കൂടെ കളിച്ചും സമയം ചിലവഴിച്ചു. രാവിലെ ഫറൂഖിൽ എത്തിയപ്പോൾ അവൾ ഇറങ്ങി. ചെന്നൈയിൽ തിരിച്ചെത്തുമ്പോൾ ആവടിയിൽ ഉള്ള അവളുടെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഞാൻ ട്രെയിൻ ഇറങ്ങി. അവിടെ വെയ്റ്റിംഗ് റൂമിൽ നിന്നും ഫ്രഷ് ആയി . ഇനി എങ്ങോട്ട് ? ആദ്യം മുന്നിൽ കണ്ട ഹോട്ടലിൽ കയറി ചായ കുടിച്ചിട്ട് ആലോചിക്കാം എന്ന് കരുതി അവിടെ കയറി. ചായയും കുടിച്ചു മാനാഞ്ചിറ സ്ക്വയർ കണ്ടേക്കാം എന്ന് കരുതി അവിടെ നിന്നും ഇറങ്ങി.
പബ്ലിക് ലൈബ്രറിയും, ടൗൺഹാളും, ഓപ്പൺ എയർ തിയേറ്ററും ഒക്കെ കണ്ട് ഞാൻ വെറുതെ നടന്നു. വ്യക്തമായ പ്ലാനിങ് ഇല്ലാത്തതുകൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ ഉച്ചവരെ ഞാൻ അവിടെ ഇരുന്നു. നേരെ വയനാട്ടിലേക് പോയാലോ അവിടെയാവുമ്പോൾ ഫ്രണ്ട്സ് ഉണ്ട്. വയനാട്ടിലുള്ള കൂട്ടുകാരിയെ വിളിച്ചപ്പോൾ അവൾ ഫീൽഡ് വർക്ക്നു വേണ്ടി ആലപ്പുഴയിലായിരുന്നു. അങ്ങനെ വയനാട് ട്രിപ്പ് ക്യാൻസൽ ചെയ്തു. സമയം കളയാൻ വേണ്ടി ഞാൻ കോഴിക്കോട് നഗരവീഥികളിൽ വെറുതെ അലഞ്ഞു നടന്നു. ഉച്ച തിരിഞ്ഞു ഒരു ഓട്ടോ പിടിച്ചു നേരെ കോഴിക്കോട് ബീച്ചിലേക്ക് വിട്ടു.
കടൽ തീരത്തു കാറ്റും കൊണ്ട് നടക്കുന്നതിനിടയിൽ പലതരം ആളുകൾ എന്റെ കണ്ണിൽപ്പെട്ടു. തിരക്കുകൾ ഒക്കെ ഒഴിവാക്കി കുടുംബവുമായി അൽപനേരം ചിലവഴിക്കുന്നവർ, കൂട്ടുകാരുമായി വന്ന് സെൽഫി എടുക്കുന്നവർ, ജീവിക്കാൻ വേണ്ടി കഷ്ട്ടപ്പെടുന്ന കച്ചവടക്കാർ,കാമുകിയുമായി സല്ലപിച്ചിരിക്കുന്ന കാമുകന്മാർ, കാഴ്ചകൾ കണ്ടങ്ങനെ നടക്കുമ്പോൾ ആണ് ഒരു മുത്തശ്ശനും മുത്തശ്ശിയും വന്ന് സമയം ചോദിച്ചത്,
‘അഞ്ചര ആവാറായി ‘ ഞാൻ മറുപടി കൊടുത്തു.
“മോളൊറ്റയ്ക്കേ ഉള്ളൂ ? മുത്തശ്ശി ചോദിച്ചു.
‘ങും ‘ ഒരു മൂളലിൽ ഞാൻ മറുപടി ഒതുക്കി.
അവരിരുവരും വന്ന് എന്റെ സമീപം ഇരുന്നു.
“മോളെവിടത്തുകാരിയാ ?” മുത്തശ്ശി ചോദിച്ചു.
‘കാസർഗോഡ് ‘
“ഇവിടെ ?”
‘വെറുതെ വന്നതാ. ചെന്നൈലാ പഠിക്കണത്. കുറച്ചു ദിവസം അവധിയായൊണ്ട് വന്നതാ ‘.
“ഞങ്ങളും കുറേ ദിവസായി പുറത്തൊക്കെ ഇറങ്ങണംന്ന് വിചാരിക്കുന്നു. മക്കൾക്കൊക്കെ വല്യ തിരക്കാ പിന്നെ അവരെ ബുദ്ധിമുട്ടിക്കാതെ ഞങ്ങള് തന്നെ ഇങ് പോന്നു ” മുത്തശ്ശി പറഞ്ഞു നിർത്തി.
‘അതുനന്നായി അതോണ്ട് ഒറ്റയ്ക്കിരിക്കണ എനിക്കൊരു കൂട്ടായല്ലോ’ ഞാൻ തമാശരൂപേണ പറഞ്ഞു.
“കുഞ്ഞിന്റെ പേരെന്താ ” മുത്തശ്ശൻ അതുവരെ ഉള്ള ഗൗരവം വിട്ട് ചോദിച്ചു.
‘അപർണ ‘
“ആഹാ ലീനേടെ ഇളയ കൊച്ചിന്റെ പേരും അതാ ” മുത്തശ്ശൻ പറഞ്ഞു.
ഞാൻ മനസിലാവാതെ അവരുടെ മുഖത്തേക്ക് നോക്കി.
“ഞങ്ങളുടെ രണ്ടാമത്തെ മോളാ ലീന. ഇപ്പോ സിംഗപ്പൂരിലാ ” മുത്തശ്ശി പറഞ്ഞു.
‘നമ്മക്കൊരോ ഐസ് ക്രീം കഴിച്ചാലോ’ ഞാൻ ചോദിച്ചു.
“അയ്യോ വേണ്ട ഷുഗർ ഉണ്ട് ” മുത്തശ്ശി പറഞ്ഞു.
”ഓ ഒരു ഐസ് ക്രീം കഴിച്ചാൽ ഷുഗർ ഒന്നും കൂടത്തില്ലന്നെ. മോള് പോയി വാങ്ങിച്ചേച്ചും വാ ” മുത്തശ്ശൻ പറഞ്ഞു.
ഞാൻ പോയി ഐസ് ക്രീം വാങ്ങി വന്നു. ഐസ് ക്രീം കഴിച്ചു ഹാപ്പിയായി ഞാൻ യാത്ര പറഞ്ഞിറങ്ങി.
ഇനിയാണ് അടുത്ത പ്രശ്നം. ഇന്നെവിടെ താമസിക്കും ? അപ്പോളാണ് മുൻപ് കോഴിക്കോട് വർക്ക് ചെയ്ത ഹോസ്റ്റൽ മേറ്റ് നെ കുറിച്ചു ഓർത്തത്. ഞാൻ ചേച്ചിയെ വിളിച്ചു കാര്യം പറഞ്ഞു. ചേച്ചി ചേച്ചിയുടെ ഫ്രണ്ടിനോട് സംസാരിച്ചു സംഭവം ഓക്കേ ആക്കി. ‘മിന്നു ‘ അതായിരുന്നു ചേച്ചീടെ ഫ്രണ്ട്നെ വിളിക്കുന്ന പേര്. നമ്പറും അയച്ചു തന്നു.
അങ്ങനെ മിന്നു ചേച്ചിയെ അന്വേഷിച്ചു ഞാൻ അവരു വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ എത്തി. എട്ടു മണിവരെ ചേച്ചിക്ക് ജോലി ഉണ്ട് അതുവരെ ഞാൻ അവിടെ വെയിറ്റ് ചെയ്തു. ഞാൻ കാത്തിരിക്കുന്നതുകൊണ്ടാവണം ചേച്ചി നേരത്തെ ഇറങ്ങി എന്നെ പരിചയപ്പെട്ടു. ഒരുപാട് സംസാരിക്കുന്ന മിന്നു ചേച്ചിയെ എനിക്കൊത്തിരി ഇഷ്ട്ടായി. അങ്ങനെ ഞങ്ങളൊരുമിച്ചു ബസ് സ്റ്റോപ്പിലെത്തി. അൽപനേരം കാത്തുനിന്നു, തിരക്കില്ലാത്തൊരു ബസിൽ കയറി അടുത്തടുത്തിരുന്നു.
ബസിലുടനീളം ചേച്ചി ചേച്ചിയുടെ വീടിനെയും വീട്ടുകാരെയും പറ്റി പറഞ്ഞു. ഏകദേശം അരമണിക്കൂർ യാത്രകഴിഞ്ഞു ഞങ്ങൾ ബസ് ഇറങ്ങി. അവിടെ ചേച്ചിയുടെ അച്ഛൻ ഞങ്ങളേം കാത്തിരിപ്പുണ്ടായിരുന്നു. ഞാൻ വരുന്ന കാര്യം ചേച്ചി വിളിച്ചുപറഞ്ഞിട്ടുണ്ടായിരുന്നു.
ഒരു ഗ്രാമപ്രദേശത്തായിരുന്നു ചേച്ചീടെ വീട്. ഞങ്ങൾ മൂന്നുപേരും വീട്ടിലേക്കു നടന്നു രാത്രിയായതോണ്ട് കാഴ്ചകൾ ഒന്നും കാണാൻ പറ്റിയില്ല. വീട്ടിൽ സൗകര്യം കുറവാണെന്നു ചേച്ചി മുന്നറിയിപ്പ് തന്നു. ‘അതൊന്നും സാരമില്ലെന്റെ ചേച്ച്യേ ‘ ഞാൻ പറഞ്ഞു
കുറച്ചു നടന്നപ്പോളേക്കും വീടെത്തി. ഒരു കൊച്ചു വീട്. അവിടെ ചേച്ചിയും ചേച്ചിയുടെ അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കൊച്ചു സന്തുഷ്ട കുടുംബം. ഞാൻ വരുന്നതറിഞ്ഞു ഒരു സദ്യ തന്നെ ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു അവിടെ. ഞാൻ കുളിച്ചു ഫ്രഷ് ആയി വന്നു ഫുഡ് കഴിച്ചു. അപ്പോളേക്കും ചേച്ചിയുടെ അനിയത്തി പൊന്നു ഞാനുമായി നല്ല കൂട്ടായി. അധികം സംസാരിച്ചിരിക്കാൻ പറ്റിയില്ല യാത്ര ക്ഷീണം കാരണം പെട്ടെന്നുറങ്ങി.
പിറ്റേന്ന് രാവിലെ എഴുന്നേറ്റു വന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. ഒരു കുന്നിന്റെ മുകളിലായിരുന്നു ചേച്ചിയുടെ വീട്. ചുറ്റിലും മനസിന് കുളിരേകുന്ന കാഴ്ചകൾ. രാത്രി വന്നതുകൊണ്ട് ആ കാഴ്ചകളൊക്കെ എനിക്ക് ഇന്നലെ നഷ്ടമായി. പെട്ടന്ന് തന്നെ ഞാൻ കുളിച്ചു ചായകുടിച്ചു പോകാൻ റെഡിയായി. നാളെ പോയാൽ മതിയെന്നു പറഞ്ഞു പൊന്നുവും ചേച്ചിയുടെ അച്ഛനും ഒരുപാട് നിർബന്ധിച്ചു. പിന്നീടൊരു ദിവസം വരാമെന്ന വാക്കും നൽകി ഈ യാത്രയിൽ മറക്കാനാവാത്ത ഒരു അനുഭവം നൽകിയ ചേച്ചിയോടും കുടുംബത്തോടും ഞാൻ നന്ദി പറഞ്ഞിറങ്ങി.
അടുത്ത യാത്ര കൊച്ചിയിലേക്കാണ്. ഞാൻ കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് ട്രെയിൻ കയറി. ട്രെയിനിൽ നിന്നാണ് വിഷ്ണു എന്നൊരു കൂട്ടുകാരനെ കിട്ടുന്നത്. ആലുവയിലേക്കായിരുന്നു അവൻ. ആളൊരു പുസ്തകപ്പുഴുവാണ്. വായിച്ച പുസ്തകത്തെ കുറിച്ചാണ് സംസാരിച്ചതിലേറെയും. ആലുവക്കാരൻ ചങ്ങായി ആലുവ എത്തിയപ്പോൾ ബൈ പറഞ്ഞിറങ്ങി. ഞാൻ എറണാകുളം സൗത്ത് സ്റ്റേഷനിലും.
അവിടെ നിന്നും ഞാൻ റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്തു. ഭാഗ്യത്തിന് റിസർവേഷൻ കിട്ടി. ഭക്ഷണം കഴിച്ചു ഞാൻ നേരെ മറൈൻ ഡ്രൈവിലേക്ക് വിട്ടു. കുറച്ചു സമയം അവിടെ വായുംനോക്കി നടന്ന് ഒരു കുലുക്കി സർബത്തും കുടിച്ചു അവിടുന്നിറങ്ങി.
അടുത്ത ലക്ഷ്യം കലൂർ ആയിരുന്നു. അങ്ങനെ കലൂരിൽ ചെല്ലുമ്പോളാണ് അറിയുന്നത് അന്നവിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ കളി നടക്കുവാണെന്നു. ഭയങ്കര തിരക്കായിരുന്നു കലൂരിൽ അന്ന്. ഒരു വിധം തിരക്കിൽ നിന്നും ഒഴിഞ്ഞു ഇനി എവിടേക്ക് എന്നാലോചിക്കുമ്പോളാണ് റെമോ എന്ന സിനിമയുടെ പോസ്റ്റർ ശ്രദ്ധയിൽ പെട്ടത്. പിന്നൊന്നും ആലോചിച്ചില്ല റെമോ കാണാനായി നേരെ ശ്രീധർ തിയേറ്ററിലേക്ക് ചെന്നു.
ശിവകർത്തികേയന്റേയും കീർത്തി സുരേഷിന്റെയും അഭിനയത്തിൽ ലയിച്ചിരിക്കുമ്പോളാണ് ട്രെയിനിന്റെ സമയം ഓർമ വന്നത്. ഒന്പതരയ്ക്കാണ് ട്രെയിൻ. സിനിമ കഴിയുന്നതിനു ഒരു പത്തുമിനിറ്റ് മുന്നേ ഞാനിറങ്ങി നേരെ റെയിൽവേ സ്റ്റേഷനിലേക്ക് ചെന്നു. റെയിൽവേ സ്റ്റേഷനിൽ നിറയെ കളി കാണാൻ വന്നവരുടെ തിരക്കായിരുന്നു. കൃത്യസമയത്തു തന്നെ എന്റെ ട്രെയിൻ വന്നു. അങ്ങനെ ഞാനെന്റെ മടക്കയാത്ര ആരംഭിച്ചു.
പ്രണയമാണെനിക്ക് യാത്രകളോട്. ഓരോ യാത്രകളും ഓരോ പുതിയ അറിവുകളാണ് നൽകുന്നത് പ്രത്യേകിച്ചും ഒറ്റയ്ക്കുള്ള യാത്രകൾ. ഈ യാത്രയിൽ ഒരുപാട് സ്ഥലങ്ങളൊന്നും സന്ദർശിക്കാൻ എനിക്ക് പറ്റിയില്ലെങ്കിലും നല്ല ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ചു മാത്രമല്ല തുടർന്നുള്ള യാത്രക്കുള്ള ധൈര്യവും……!
~അപർണ (18.02.2017)