മാന്തോപ്പിലേയ്ക്ക് തുറന്നു കിടക്കുന്ന ജനാല അതിന്റെ ഓരം നിന്ന് കൊണ്ട് അവരാ മഴയിലേക്ക് നോക്കി…

അന്നൊരു മഴയത്ത്…

Story written by Sabitha Aavani

=============

ജനവാതിൽ കാറ്റിൽ അടയുന്ന ശബ്‍ദം കേട്ടിട്ടാവണം രുഗ്മ മയക്കത്തിൽ നിന്നുണർന്നത്.

പുറത്ത് ഗംഭീര മഴ…

തുലാമാസം ആണ്, മഴ ഇനിയും കൂടുകയേ ഉള്ളൂ…

അവര്‍ പിറുപിറുത്തു അവിടുന്ന് എഴുന്നേറ്റു പതിയെ നടന്നു ജനാലയ്ക്കരികില്‍ എത്തി.

വയസ്സ് അറുപതിനോട് അടുത്ത ആ സ്ത്രീ ഉടുത്തിരുന്ന നേര്യതിന്റെ അറ്റം പിടിച്ച് തോളിലേയ്ക്കിട്ടു.

മാന്തോപ്പിലേയ്ക്ക് തുറന്നു കിടക്കുന്ന ജനാല അതിന്റെ ഓരം നിന്ന് കൊണ്ട് അവരാ മഴയിലേക്ക് നോക്കി…

എന്നും ഉണ്ടാകാറുള്ള ചെമ്പകം പൂത്ത ഗന്ധം ആ മഴയിൽ കുതിര്‍ന്ന് ഇല്ലാതായ പോലെ…

ഉറങ്ങാൻ തോന്നുന്നേ ഇല്ലല്ലൊ

രുഗ്മ മനസ്സിൽ പറഞ്ഞു.

“രുഗ്‌മേടത്തി…ഇതെന്താ ഇന്ന് ഉറങ്ങിയില്ലേ …?”

“നീ ഇതുവരെ ഉറങ്ങിയില്ലേ രമേ …?”

“കാറ്റിൽ ജനാല അടിയ്ക്കണ ശബ്ദം കേട്ട് വന്നതാ…സമയം കൊറെ ആയി, ഏടത്തി ഉറങ്ങിയിട്ടുണ്ടാവുമെന്ന്  കരുതി.”

“ഉറങ്ങിയാരുന്നു…ഇപ്പോ ശബ്ദം കേട്ടുണർന്നതാ..പിന്നെ ഉറക്കം വന്നില്ല. ദേ നോക്കിയെ എന്ത് മഴയാന്ന്…ഇതിങ്ങനെ നോക്കി നില്കുമ്പോ മനസ്സും തണുക്കും.”

രുഗ്മ രമയെ നോക്കി.

രമ ചിരിച്ചുകൊണ്ട്…

“അപ്പോ ഈ മഴ നോക്കി നിന്ന് നേരം വെളുപ്പിക്കാൻ ആണോ ഉദ്ദേശ്യം…?ഒരുപാടു നേരം എഴുന്നേറ്റ് നിന്നിട്ട് കാലിലെ നീര് കൂട്ടണ്ട.അറിയാല്ലോ ഏടത്തിയ്ക്ക് വയ്യാന്നു അറിഞ്ഞാൽ ആ വഴക്ക് മുഴുവൻ കേൾക്കേണ്ടി വരുന്നേ ഈ പാവം ഞാനാ. അദ്ദേഹം ഇന്നലെ കൂടി പറഞ്ഞെ ഉള്ളൂ ഏടത്തിയ്ക്ക് ഞങ്ങളെ ഉള്ളു. ഒരു കുറവും വരുത്തരുത് എന്ന്.”

രുഗ്മ എന്തോ ചിന്തയിലാണ്ടു നില്ക്കുന്നു.

“ഏടത്തി …”

“മ്മ്…”

“എന്താ ഇത്ര ആലോചന ..? ഞാൻ പറഞ്ഞതൊന്നും കേട്ട ഭാവം പോലും  ഇല്ലല്ലോ.”

“രവിയേട്ടനെ കണ്ടിട്ടുണ്ടോ നീ..?”

രമ ഒന്ന് ഭയന്നു

“രവിയേട്ടനെ…?”

രുഗ്മയുടെ രമയുടെ മുഖത്തേക്ക് നോക്കി.

“മ്മ്ം…എന്റെ കാമുകന്‍ നിനക്ക് ഓര്‍മ്മയില്ലാ …?”

രമയുടെ മുഖത്ത് ഒരു  ആവലാതി.

“അന്ന് ഒരിക്കൽ ദൂരെ നിന്ന് കണ്ടു. പിന്നെ കേട്ടിട്ടുണ്ട് അദ്ദേഹം പറഞ്ഞും നാട്ടുകാര് പറഞ്ഞും..ഇപ്പോ എന്താ അതെ പറ്റി ചോദിയ്ക്കാൻ …?”

“ഇതുപോലെ ഒരു മഴയത്ത് ആയിരുന്നു എന്റെ വേളി. തലേ രാത്രി ഉമ്മറത്ത് വന്നു ഉറക്കെ രുഗ്‌മേന്ന് വിളിച്ച് ഒച്ച വെച്ചതും ഏട്ടനും അമ്മാവന്മാരും ഒക്കെ എന്റെ കണ്മുന്നിലിട്ട് രവിയേട്ടനെ തല്ലിയതും ഇന്നലെ കഴിഞ്ഞ പോലെ…വര്‍ഷം എത്ര കഴിഞ്ഞിരിക്കുന്നു…?”

“അദ്ദേഹത്തിന് പിന്നീട് അതില്‍ നല്ല കുറ്റബോധം ഉണ്ടായിരുന്നു…”

“കൂടപ്പിറന്നോളെ ഉപേക്ഷിച്ച് അവളുടെ  ഭര്‍ത്താവ് മറ്റൊരു വേളി കഴിച്ചപ്പോ അല്ലെ ..? അല്ലാതെ എന്റെ ഇഷ്ടത്തിന്  തടസ്സം നിന്നതില് അല്ലല്ലോ…അതെന്റെ…അല്ല…ഞങ്ങളുടെ മാത്രം ഇഷ്ടം ആയിരുന്നല്ലോ…നഷ്ടപെട്ടതോ ഞങ്ങള്‍ക്ക് മാത്രവും. മറ്റാര്‍ക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല…ഒന്നും …”

രമ മുഖം താഴ്ത്തി നിന്നു.

“നാട്ടുകാരും വീട്ടുകാരും അന്ന് പറഞ്ഞത് രവിയേട്ടന്റെ കാര്യം അറിഞ്ഞിട്ടാ അയാൾ ഏടത്തിയെ ഉപേക്ഷിച്ച് വേറെ വേളി കഴിച്ചത് എന്നാ..”

“സ്നേഹം ഉള്ളിടത്തല്ലേ രമേ ഇഷ്ടം ഇഷ്ടക്കേടൊക്കെ ഉണ്ടാവുകയുള്ളു…ഞാൻ അയാളുടെ ആരും ആയിരുന്നില്ല…ഒരു തറവാടിന്റെ രണ്ടു മുറികളിൽ കഴിഞ്ഞുകൂടുമ്പോഴും ഏട്ടൻ സുഖവിവരം തിരക്കാൻ മാസത്തിലൊരിക്കെ അവിടെ വരും. ഒരു ദുഖവും ഞാൻ അറിയിച്ചിട്ടില്ല എന്റെ ഏട്ടനെ.”

രമ രുഗ്മയുടെ കണ്ണുകളിൽ നിഴലിക്കുന്ന വിഷാദത്തെ നോക്കി നിന്നു.

“ഇങ്ങനെ ഒന്നും കരുതിയിരുന്നില്ല ആരും. അദ്ദേഹത്തിനെ അതന്ന് വല്ലാത്തൊരു മാനസിക അവസ്ഥയിൽ കൊണ്ടെത്തിച്ചു.”

“എന്ന് …? അയാളെന്നെ ഈ നടയ്ക്കൽ കൊണ്ടുവന്നു തള്ളിയിട്ട് പോകുമ്പോ അല്ലെ …?” അവർ ഉറക്കെ ചിരിച്ചു.

“ഏടത്തി കിടക്കുന്നില്ലേ …?”

“രമ പൊയ്ക്കോളൂ…ഞാൻ കിടന്നോളാം..”

“വേണ്ട ഞാൻ ഇന്ന് എടത്തിയ്ക്ക് കൂട്ടിരുന്നോളാം…”

“എനിക്ക് കൂട്ടോ…കഴിഞ്ഞ നാല്പത് വര്‍ഷമായി ഞാൻ തനിച്ചായിട്ട്. ഓർമ്മകൾ അല്ലാതെ ഒന്നും എനിക്ക് കൂട്ടുണ്ടായിരുന്നില്ല…മറ്റൊരു തുണ തേടി പോകാൻ മനസ്സുവന്നിട്ടില്ല. അങ്ങനെ ഒന്ന് ഇനി ഉണ്ടെങ്കിൽ തന്നെ അത് രവിയേട്ടനു ഒപ്പം മാത്രം ആയിരിക്കും എന്ന് അന്ന് ഏട്ടന്റെ മുഖത്ത് നോക്കി ഞാൻ പറഞ്ഞതാ..രണ്ടാം കെട്ടൊക്കെ തറവാട്ടിൽ പിറന്ന പെണ്ണുങ്ങൾക്ക് ചേർന്നതല്ലെന്ന് അമ്മാവന്മാർ പറഞ്ഞപ്പോ ഏട്ടനും മൂളി. ഉമ്മറത്തിറങ്ങാതെ ഈ മുറിയിൽ കഴിച്ച് കൂടാൻ പാടുപെട്ട എന്നെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ഈ നാട് , ഇവിടം നിറയെ  രവിയേട്ടന്റെ ഓര്‍മ്മകളായിരുന്നു…അന്ന് വന്നു എന്നെ കൂടെ കൂട്ടിയിട്ട് പോയതാ പാലക്കാട്ടെ അമ്മാമ. അതായിരുന്നു പിന്നീട് എന്റെ ലോകം..വായനശാലയും പുസ്തകങ്ങളും പാട്ടും ഞാൻ ഒരുപാടു മാറി…ചീത്ത പുസ്തകങ്ങൾ എന്ന് പറഞ്ഞു ഏട്ടൻ ഒരിക്കൽ വിലക്കേർപ്പെടുത്തിയ പുസ്തകങ്ങൾ ഒക്കെ തിരഞ്ഞു പിടിച്ച് വായിച്ചു.

ജാതിയും മതവും പറഞ്ഞ് മനുഷ്യരെ മതിലുകെട്ടി തിരിച്ചു ശത്രുക്കളായി കാണാതെ എല്ലാ മനുഷ്യരെയും ചേർത്ത് നിര്‍ത്താന്‍ പഠിച്ചു….

അ യി ത്തവും തീ ണ്ടി കൂ ടായ്മയും നിലനിന്നിരുന്ന ഒരു സമൂഹം എത്ര മാറി ഇന്ന്…ഇതൊന്നും ഇനിയും അറിയാത്തത് നാട്ടില് എന്റെ ഏട്ടൻ മാത്രം ആവും…

ചുറ്റുപാട് ഒരുപാട്  മാറി ഒപ്പം ഞാനും…

എന്നിട്ടും രവിയേട്ടൻ മാത്രം മനസ്സിന്ന് പോയില്ല…

ഓർമ്മകള്‍ അതു  മാത്രമായിരുന്നു എന്റെ ജീവിതം…

പാണന്റെ പാട്ടിനൊപ്പം ഉച്ചത്തിൽ പാടുന്ന രവിയേട്ടന്റെ പാട്ട് ഓർക്കും.

ചില രാത്രികളിൽ ഉറക്കം വരാതെ കിടക്കുമ്പോൾ തോന്നും രവിയേട്ടന്റെ പാട്ട് ദൂരെ എവിടെയോ കേൾക്കുന്നു എന്ന്. ഒറ്റപ്പെടലിന്റെ നോവറിഞ്ഞ് സങ്കടപ്പെട്ട് പൊട്ടി കരഞ്ഞ് തീര്‍ക്കുന്ന രാത്രികളിലൊക്കെ ഞാന്‍ ആ പാട്ട് കേൾക്കാറുണ്ട്.”

“ഏടത്തി പിന്നീട് ഒരിക്കലും കണ്ടിട്ടില്ലേ രവിയേട്ടനെ …?”

രുഗ്മ പുറത്തേക്ക് മിഴി പായിച്ചു നിന്നു

“ഉവ്വ് ..”

“എപ്പോ ..?”

രമ ആശ്ചര്യത്തോടെ രുഗ്മയെ നോക്കി

“ഇന്നലെ, വൈകുന്നേരം കാവിൽ തൊഴാൻ പോകുന്ന വഴിയ്ക്ക്…”

സംസാരിച്ചോ ഏടത്തി …?

“സംസാരിക്കണം എന്ന് കരുതി.  പക്ഷെ ഒരു പുഞ്ചിരിയ്ക്കപ്പുറം ഒന്നും പറ്റുന്നുണ്ടായിരുന്നില്ല. നാല്പത് വർഷങ്ങൾ ആയില്ലേ …”

രമ

“മ്മ്…രവിയേട്ടന്‍ വേളി കഴിച്ചിട്ടില്ല.”

“അറിയാം…രവിയേട്ടനു കഴിഞ്ഞിട്ടുണ്ടാവില്ല ഒരാളെ മനസ്സിൽ വെച്ച് മറ്റൊരാളെ വിവാഹം ചെയ്യാൻ.”

“ഇപ്പോഴും ഏടത്തി പഴയാതൊന്നും മറന്നിട്ടില്ല അല്ലെ …?”

മഴ ഒന്നുകൂടി ശക്തി പ്രാപിച്ചു.

പെയ്തൊഴിയാൻ കഴിഞ്ഞ നാല്പത് വർഷത്തെ നൊമ്പരങ്ങൾ ഉള്ളിലൊതുക്കിയ പെണ്ണിന്റെ മനസ്സ് തണുപ്പിക്കാന്‍ ആണോ ഈ മഴ ഇത്ര ശക്തിയായി പെയ്യുന്നത്…?

രമ എഴുന്നേറ്റ് മുന്നിലെ ടേപ്പ് റെക്കോർഡർ ഓൺ ആക്കി വന്നു കസേരയിൽ ഇരുന്നു.

“രാത്രിമഴ പെയ്തു തോര്‍ന്ന നേരം.. കുളിര്‍ കാറ്റില്‍ ഇലച്ചാര്‍ത്തുലഞ്ഞ നേരം..ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം ഹൃദ്തന്ത്രികളില്‍ പടര്‍ന്ന നേരം..കാതരയായൊരു പക്ഷിയെന ജാലക വാതിലിന്‍ ചാരെ ചിലച്ച നേരം..വാതിലിന്‍ ചാരെ ചിലച്ച നേരം..ഒരു മാത്ര വെറുതെ നിനച്ചു പോയി….

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍..ഒരു മാത്ര വെറുതെ നിനച്ചുപോയി…”

പ്രിയപ്പെട്ട ആ പാട്ടിന്റ ഈണത്തിൽ മുഴുകി നില്‍ക്കുംപോലെ  രുഗ്മ ആ മഴയിൽ ലയിച്ചു നിന്നു.

തണുത്ത കാറ്റുവന്നു അവരെ ഇടയ്ക്കിടെ പുണര്‍ന്നു.

വാർധക്യം ഒരു ഓർമ്മപ്പെടുത്തലാണ് ചിലർക്ക്. നഷ്ടപ്പെട്ടതൊന്നും ഈ ജന്മം ഇനി തിരിച്ചു കിട്ടില്ല എന്നൊരു തിരിച്ചറിവും…

നാലുചുറ്റും കെട്ടിപൊക്കിയ ജാതി മത ചിന്തകളും കുടുംബമഹിമയും തകര്‍ക്കുന്ന പ്രണയങ്ങള്‍ക്ക് പറയാന്‍ മനസ്സ് നീറി പുകയുന്ന നോവ് ഉണ്ടാവും.

ഒന്നാവാന്‍ കഴിയാതെ മറ്റുള്ളവര്‍ക്ക്  വേണ്ടി ഹോമിക്കുന്ന ഒരു  ജീവിതവും  ആർക്കും ഒന്നും സമ്മാനിച്ചിട്ടില്ല നഷ്ടങ്ങൾ അല്ലാതെ!

~Sabitha