അതെ നിനക്ക് ഒരു പെങ്ങളുണ്ടായിരുന്നെങ്കിൽ അതു മനസ്സിലായേനെ..ഇനി ഇപ്പോ  ഒരു മകളായാലേ…

മകളുടെ ഹീറോ

Story written by Praveen Chandran

=================

“ഇറങ്ങട്ടെ അച്ഛാ ..” അത് പറഞ്ഞതും അവൾ പൊട്ടിക്കരയാൻ തുടങ്ങി..കൂടെ അവളുടെ അമ്മയും സഹോദരനും കസിൻസും കൂടിയതോടെ അതൊരു കൂട്ടക്കരച്ചിലായി…

വിദേശത്തു ജനിച്ചു വളർന്ന എനിക്കതൊരു പുതുമയായിരുന്നു..

“ഇതെന്തു കൂത്ത്..ഞാനെന്താ ഇവളെ കൊ ല്ലാ ൻ കൊണ്ടുവാണോ?” ഞാൻ ആകാംക്ഷയോടെ മുന്നിലിരുന്നിരുന്ന അങ്കിളിനോട് ചോദിച്ചു…

“ഹ..ഹ..അതെ നിനക്ക് ഒരു പെങ്ങളുണ്ടായിരുന്നെങ്കിൽ അതു മനസ്സിലായേനെ..ഇനി ഇപ്പോ  ഒരു മകളായാലേ നിനക്കതിന്റെ അർത്ഥം പിടികിട്ടൂ..”… അങ്കിൾ പറഞ്ഞു…

“എന്നാലും അവളെന്റെ കൂടെയല്ലേ വരുന്നത്..സ്നേഹമുളള ആളുകൾ തന്നെയാണ് അവിടേയും ഉളളത് “.. ഞാൻ സംശയത്തോടെ പറഞ്ഞു..

“അതല്ലടാ..അവളിത്രയും കാലം ജീവിച്ചതിവിടെയാണ്..അവരായിരുന്നു അവൾക്കെല്ലാം..അവളുടെ സ്വർഗ്ഗം ഇതാണ്…ഇന്നലെ വരെ അച്ഛന്റെ സംരക്ഷണതയിലായിരുന്ന അവൾ ഇന്നു മുതൽ നിന്റെ കൂടെയാണ്..അവളെ സംരക്ഷിക്കാനുളള ബാദ്ധ്യത ഇനി നിനക്കാണ്..”

“അതിനെന്താ ഞാനവളെ നന്നായി നോക്കുമല്ലോ” ഞാൻ പറഞ്ഞു..

“നീ എങ്ങനെ നോക്കിയാലും ആ അച്ഛൻ നോക്കിയതിന്റെ അടുത്തു പോലും വരുന്നതായി അവൾക്ക് തോന്നില്ല..അതു കൊണ്ട് തന്നെ നിന്റെ നിസ്സാരമായ അവഗണനപോലും അവൾക്കു താങ്ങാനായീന്നു വരുകയുമില്ല..കാരണം കണ്ണിലെ കൃഷ്ണമണി പോലെയാണ് അവർ അവളെ നോക്കിയിരുന്നത്..

ഇനി നമ്മുടെ വീട്ടിൽ വന്നാ തന്നെ ഓരോരോ കാരണങ്ങൾ പറഞ്ഞ് അവളിവിടെ ഓടിയെത്തും..നമ്മുടെ വീട്ടിൽ അതിരാവിലെ എഴുന്നേറ്റ് വീട്ടു കാരൃങ്ങൾ നോക്കുന്ന അവൾ ഇവിടെ എത്തിയാൽ പോ ത്തു പോലെ കിടന്നുറങ്ങുന്നതു നിനക്കു കാണാം..അതവൾക്കിവിടെ ആരേയും ഒന്നും ബോധിപ്പിക്കേണ്ട കാരൃമില്ലാത്തതു കൊണ്ടാണ്..”

എല്ലാം ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ മൂളി കേട്ടു…

അമ്മാവൻ പറഞ്ഞതിന്റെ പൊരുൾ എനിക്കു പിടികിട്ടിയത് ഇപ്പോഴാണ്..

എന്റെ മോളിന്നു പടിയിറങ്ങുകയാണ്..ചങ്കു പറിയുന്ന വേദനയോടെ  നിൽക്കുകയാണ് ഞാൻ..ഞാൻ കരഞ്ഞാൽ അവൾ പൊട്ടിക്കരയുമെന്നെനിക്കറിയാം..അവളെന്റെ മുഖത്തു നോക്കിയാൽ എന്റെ നിയന്ത്രണം വിടുമെന്നുറപ്പാണ്…

ഇത്ര വലുതായിട്ടും എനിക്കവൾ കുട്ടി തന്നെയാണ്…അതുകൊണ്ട് തന്നെ ഞാൻ വച്ചിരുന്ന കൂളിംഗ് ഗ്ലാസ്സ് അതു പോലത്തെ ഒരു തമാശയായി അവൾ കണക്കാക്കിക്കൊളളും എന്നു ഞാൻ വിചാരിച്ചു..

എല്ലാവരേയും അവൾ കെട്ടിപിടിച്ചുവെങ്കിലും അവൾ കരഞ്ഞിരുന്നില്ല..അവളോട് ഞാനിന്നലെ പറഞ്ഞിരുന്നു സന്തോഷത്തോടെ പടിയിറങ്ങണമെന്നു..എന്നും എന്നെ അനുസരിച്ചിരുന്ന എന്റെ പൊന്നുമോൾ ഇത്തവണയും പതിവു തെറ്റിച്ചില്ലല്ലോ എന്നതിൽ ഞാനഭിമാനിച്ചു..

പക്ഷെ എനിക്ക് എന്നെ വിശ്വാസമില്ലായിരുന്നു..അതുകൊണ്ടാണ്  ഈ കൂളിംഗ് ഗ്ലാസ്സ്..അഥവാ കരഞ്ഞാലും ആരും അറിയില്ലല്ലോ…

അവൾ എന്റെ അടുത്തെത്തി..എന്റെ കളരി പരമ്പര ദൈവങ്ങളേ കാത്തോളണേ ഞാൻ മനസ്സിലാലോചിച്ചു..

സർവ്വശക്തിയുമെടുത്ത് ഞാനൊന്നു ചിരിച്ചു..

അവളും ചിരിച്ചു കൊണ്ട് എന്റെ മുഖത്തു നോക്കി..എന്നിട്ട് ആ കൂളിംഗ് ഗ്ലാസ്സ് വയ്ക്കുമ്പോൾ അവൾ സ്ഥിരം പറയാറുളള ഡയലോഗ് അങ്ങട് കാച്ചി..

“അച്ഛക്ക് ഒടുക്കത്തെ ഗ്ലാമറാട്ടോ”..

കണ്ടു നിന്നവരുടെയെല്ലാം മുഖത്ത് ചിരി പടർന്നു.

അവൾ എന്റെ മുഖത്തേക്കു തന്നെ നോക്കി നിന്നു..

എന്റെ കണ്ണിൽ നിന്നും വന്ന മലവെളളപാച്ചിലിനെ റെയ്ബാൻ കണ്ണടയ്ക്കു പോലും തടുത്ത് നിർത്താനായില്ല…

**പെൺമക്കൾക്ക് അവരുടെ അച്ഛൻ തന്നെയാണ് എന്നും എപ്പോഴും ഹീറോ..വേദനിപ്പിക്കരുത് ഒരിക്കലും ആ നല്ല മനസ്സിനെ*****

~പ്രവീൺ ചന്ദ്രൻ