അനാവൃതമായ ഉടലിൽ, വസ്ത്രം.ധരിച്ചു മറയ്ക്കുമ്പോൾ അവൾ ഒരു കടലാസു ചീന്തെടുത്തു നീട്ടി…

കൂട്ട്…

എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

==================

പുഴയും അമ്പലക്കടവും പിന്നിട്ട് ട്രാൻസ്പോർട്ട് ബസ്, സഞ്ചാരം തുടർന്നു….

ഹർഷൻ, അടച്ചിട്ട ഷട്ടർ ഉയർത്തി മുകളിൽ കൊളുത്തി പുറംകാഴ്ച്ചകളേ വരവേറ്റു. പുഴയ്ക്കും അമ്പലത്തിനുമപ്പുറം റോഡിന്റെ ഇരുഭാഗങ്ങളിലും പച്ചച്ച നെൽപ്പാടങ്ങളാണ്. കതിരിടാൻ കാത്തുനിൽക്കുന്ന നെൽച്ചെടിത്തലപ്പുകളിൽ അലകൾ തീർത്ത് ഒരു കാറ്റു വീശുന്നു. വരമ്പിലിരിക്കുന്ന ചാരക്കൊക്കുകൾ ഇനിയും കൊക്കിലേക്കെത്താത്ത പരൽമീനുകളേ തിരയുന്നു. നട്ടുച്ചയിലേ ആകാശത്തിനു കടുത്ത നീലനിറം. നീലിമയിൽ ഉരുണ്ടു കൂട്ടിയ പഞ്ഞിക്കെട്ടു കണക്കേയുള്ള വെളുത്ത മേഘപടലങ്ങൾ. പൂവനം കവലയിലേക്ക്, ഇനി ഏകദേശം ഒരു കിലോമീറ്റർ കൂടിയേ കാണൂ. പാടവും പച്ചപ്പും ഇരുവശങ്ങളിലേ വീടുകളുടെ വരവിന്നായി വഴിമാറിക്കൊടുത്തു. ഹർഷൻ, പതിയേ എഴുന്നേറ്റ് സീറ്റിനു മുകളിലെ ബർത്തിൽ നിന്നും തടിച്ച ട്രാവൽ ബാഗ് നിരക്കിയെടുത്തു. സാവധാനം ഇരിപ്പിടത്തിൽ നിന്നിറങ്ങി, ട്രാവൽ ബാഗു നിരക്കി നീക്കി ബസ്സിന്റെ വാതിൽക്കലേക്കു വന്നു. പൂവനം കവലയിൽ ബസ് നിന്നു. തരക്കേടില്ലാത്ത ഭാരമുള്ള ബാഗ് ഇറക്കാൻ ഒന്നു മെനക്കെടേണ്ടി വന്നു. പുറകിൽ നാലഞ്ചുപേർ കൂടി ഇറങ്ങാനുണ്ടായിരുന്നു. ബാഗ് ഇറക്കിവച്ച്, തെല്ലു നീങ്ങി നിന്നപ്പോൾ, പിന്നിലിറങ്ങിയവരുടെ മിഴികളിൽ അക്ഷമയുടെ രസക്കേട് ഇതൾ വിടരുന്നതു കണ്ടു.

റോഡു കുറുകേക്കടന്ന്, നിരനിര കിടന്ന റിക്ഷകൾക്കരികിലെത്തി. ആദ്യത്തേതിൽ കയറി, പൂവനം കനാൽ തീരം എന്ന ലക്ഷ്യസ്ഥാനം അറിയിച്ചു. കനാൽത്തീരത്തേക്ക്, ഒരു കിലോമീറ്ററോളം ദൂരമേയുള്ളൂ. പതിനേഴുവർഷം മുൻപ്, ഇതേ കവലയിൽ നിന്നും ഏറെ തവണ കനാൽത്തീരത്തേക്കു ഒറ്റയ്ക്കു നടന്നിട്ടുണ്ട്. ഓട്ടോ, പതിയേ മുന്നോട്ടു നീങ്ങി. അരികു കാഴ്ച്ചകളിലേക്കു കണ്ണും പായിച്ച്, ഹർഷൻ അങ്ങനേയിരുന്നു.

നീണ്ട പതിനേഴാണ്ടുകൾ നാടിനു വരുത്തിയ മാറ്റം ചെറുതായിരുന്നില്ല. ശീമക്കൊന്നകൾ അതിരിട്ട നെടുങ്കൻ പറമ്പുകൾക്കിടയിലെ കൊച്ചുവീടുകൾ മിക്കതും ചരിത്രമായിരിക്കുന്നു. മുറം കണക്കേ ചതുരാകൃതിയാർന്ന ഭൂമിയിൽ, വലിയ കോൺക്രീറ്റു പുരകൾ ഇടതിങ്ങി നിൽക്കുന്നു. ശീമക്കൊന്നയും, നീരോലിയും, വേലിപ്പരുത്തിയും അതിരുകൾ തീർത്തിടത്തെല്ലാം ഇപ്പോൾ ഇഷ്ടികയാൽ തീർത്ത മതിലുകളാണ്. പല ചായമടിച്ച വീടുകളും, മതിലുകളും.ഒന്നുരണ്ടിടങ്ങളിൽ, കാലം നിശ്ചലമായ പോലെ തേജസ്സറ്റു നിന്ന പഴയ വീടുകൾ. നിരന്തരം ചീറിയകലുന്ന ഇരുചക്രവാഹനങ്ങൾ. ചെറു കാറുകളുടെ ഹോൺ മുഴക്കങ്ങൾ. നന്മകളെ കൈവിട്ട നാട്ടിൻപുറമാവുകയാണോ ഇന്നാടുമെന്ന്, അയാൾക്കു തോന്നി.

ഓട്ടോ, കനാൽ റോഡിലേക്കു തിരിഞ്ഞു. ദൂരെ പൂമംഗലം കുന്നിൽ നിന്നും, ഉറവയിട്ടൊഴുകുന്ന പൂവനം കനാൽ. കനാൽ തീരത്തേ തീരെ ഇത്തിരിയുള്ള മൺപാത, വീതിയേറിയ ടാർനിരത്തിലേക്കു പരിണാമം ചെയ്തിരിക്കുന്നു. അവിടേയും വലിയ വീടുകൾ മുളച്ചുപൊന്തിയിരിക്കുന്നു.

“സാറിന്, കനാൽ റോഡിൽ എവിടേക്കാണ് പോകേണ്ടത് ?”

ഓട്ടോക്കാരന്റെ ചോദ്യമാണ്, ഓരോ കാഴ്ച്ചകളിലും ഇന്നലേകളെ തിരയുന്ന ഹർഷനേ ഉണർത്തിയത്.

“തെല്ലു നീങ്ങിയൊരു ‘ചെല്ലം’ ലോഡ്ജില്ലേ ? പഴയ നാലുകെട്ടിന്റെ പോലുള്ളൊരു ലോഡ്ജ് ; എനിക്ക്, അങ്ങോട്ടാണു പോകേണ്ടത്.

“സർ, ‘ചെല്ലം’ ലോഡ്ജ്’ ഇവിടെത്തന്നെയാണ്. പക്ഷേ, ഇന്നതൊരു ഇരു നിലക്കെട്ടിടമാണ്. അതിരിക്കട്ടേ, സാറിവിടെ എന്തിനാണു വന്നത് ?”

ഹർഷൻ, ഒന്നു പുഞ്ചിരിച്ചു. പിന്നേ, ഒരു മന്ത്രണത്തേക്കാൾ തെല്ലുയർന്ന ശബ്ദത്തിൽ മറുപടി പറഞ്ഞു.

“ഞാനൊരു സർക്കാർ ഉദ്യോസ്ഥനാണ്.  ഒരു സർവ്വേയ്ക്കു വേണ്ടി വന്നതാണ്. കുറച്ചു ദിവസങ്ങൾ, ഞാൻ ചെല്ലത്തിലുണ്ടാകും’

ലോഡ്ജിനു മുന്നിൽ ഓട്ടോ നിന്നു. മിനിമം ചാർജ്ജിനുമപ്പുറം കുറച്ചധികം രൂപാ കൊടുത്തപ്പോൾ, പാവം ഡ്രൈവറുടെ മുഖത്ത് സന്തോഷം വിടർന്നു. ഓട്ടോക്കാരൻ, പ്രായമായ ഒരാളായിരുന്നു. ഒരുപക്ഷേ, അതാവും തന്നെ തിരിച്ചറിയാഞ്ഞത്. ചെറുപ്പക്കാരും, ഒരുപക്ഷേ ഇക്കാലത്ത് അറിയാൻ തരമില്ല. പ്രസിദ്ധ ഗാനരചയിതാവ് ഹർഷൻ ഇല്ലാതായിട്ട് വർഷമെത്ര കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ കുപ്രസിദ്ധ മ ദ്യ പാനി മാത്രമായി ജീവിതം ശേഷിക്കുന്നു. മലയാളത്തിനു മറക്കാൻ പറ്റാത്ത ഗാനങ്ങൾ തന്നൊരാളെ, ആരും ഓർക്കാതായിരിക്കുന്നു.

ആത്മാവിൽ എന്നും ഉണരുന്നൊരു ചോദ്യമുണ്ട്. “ഹർഷാ, നിനക്കെന്തു പറ്റി?”

ഉത്തരം കിട്ടാത്ത ചോദ്യം. പതിനേഴു വർഷം മുൻപ്, ഇവിടെ പത്തുദിവസത്തോളം പാർത്താണ് താൻ ആദ്യ സിനിമയുടെ അഞ്ചു ഗാനങ്ങൾ എഴുതിയത്. എല്ലാ പാട്ടുകളും തരംഗമായി. പുതിയ രചയിതാവ്, പ്രശസ്തിയുടെ നിറുകയിലെത്തി. പക്ഷേ, അധികകാലം ആ ഗരിമ നിലനിർത്താനായില്ല. പ്രതിഭയില്ലാഞ്ഞിട്ടല്ല, ഏതോ ശാപം സർഗ്ഗസപര്യയിൽ നിഴൽ വീഴ്ത്തി വിലങ്ങനേ നിന്നു. ഈ അവസരം അപ്രതീക്ഷിതമായി കൈവന്നതാണ്. പുതുമുഖ സംവിധായകന്റെ ചിത്രം. ചിത്രീകരണവും ഇവിടെ അടുത്തു തന്നെയാണു തീരുമാനിച്ചിരിക്കുന്നത്. പഴയകാല പ്രതിഭയിലുള്ള അന്ധമായ വിശ്വാസമാകാം, പാട്ടെഴുത്തിന് തന്നെത്തന്നേ സമീപിക്കാൻ കാരണം. ഒരുപക്ഷേ, ഈ ചെല്ലം ലോഡ്ജിലാണ് താമസം ഒരുക്കുക എന്ന അറിയിപ്പായിരിക്കാം ഇതിനു സമ്മതം മൂളാൻ തന്നെ പ്രേരിപ്പിച്ചത്.

ലോഡ്ജിൽ, തനിക്കായി തിരഞ്ഞെടുത്ത മുറിയിലേക്ക് ഹർഷൻ നടന്നു. തെക്കുഭാഗത്തേക്കു ജാലകങ്ങളുള്ള, പണ്ടു വന്നപ്പോൾ താമസിച്ചിരുന്ന അതേ മുറി തന്നെയാണ് ഇപ്പോളും എടുത്തിട്ടുള്ളത്. കാലം, അകമുറിയ്ക്കു പുതിയ പരിഷ്കാരങ്ങൾ നൽകിയിരുന്നു. മുറിയിൽ കയറി വാതിലടച്ചു. ഒരു സി ഗ രറ്റിനു തീ കൊളുത്തി. തെക്കോട്ടുള്ള ജാലകങ്ങൾ മലർക്കേ തുറന്ന്, ഏറെ ആകാംക്ഷയോടെ നോട്ടമെറിഞ്ഞു. ആ പഴയ കോൺക്രീറ്റ് വീട് അവിടെത്തന്നേയുണ്ട്. ഒരു നിശ്വാസദൂരം അരികേ; അഞ്ഞൂറ് ചതുരശ്രയടി മാത്രമുള്ള, പുറത്തു കൂടി ഗോവണിയുള്ള വീട്. പതിനേഴു വത്സരങ്ങൾക്ക് വീടിനൊരു വ്യത്യാസവും വരുത്താൻ സാധിച്ചിട്ടില്ലേ ?ഉവ്വ്, മാറ്റങ്ങളുണ്ട്. ചെത്തിത്തേയ്ക്കാത്ത ചുവരുകളിപ്പോൾ ചായം തേച്ചിരിക്കുന്നു. പുറമേയ്ക്കുള്ള ഗോവണിയ്ക്കപ്പുറം, ഒരു ഷെഡ് പണിതു ചേർത്തിട്ടുണ്ട്.

ആ കാഴ്ച്ചകളിലേക്കു നോക്കി നിൽക്കേ, കാലം പതിനേഴാണ്ടുകൾ പിന്നോട്ടു പാഞ്ഞു. ഇരുപത്തിയഞ്ചു വയസ്സു മാത്രം പ്രായമുള്ള പുതുമുഖ ഗാനരചയിതാവ് പുനർജ്ജനിച്ചു. നാലുപാട്ടുകളാണ് എഴുതിത്തീർക്കേണ്ടത്. പത്തു ദിവസത്തേ താമസത്തിലേ,  ആദ്യ രണ്ടുനാളിൽ മൂന്നും എഴുതി. നാലാമതൊരു പാട്ട്, വരികൾ പിടി തരാതെ ഒളിച്ചുകളി തുടർന്നു. തെക്കോട്ടുള്ള ജനവാതിൽ തുറന്ന്, പുറത്തേക്കു മിഴികൾ നിരക്കി നീങ്ങുമ്പോളാണ്, തൊട്ടരികേയുള്ള ആ വീടു ദൃഷ്ടിയിൽ പെടുന്നത്. നിരത്തിയിട്ട ചണച്ചാക്കുകളിൽ, പപ്പടം നിരത്തുന്ന ഒരു പെൺകുട്ടി. കുനിഞ്ഞു നിവർന്നപ്പോൾ, അവളുടെ മുഖത്തിനും പപ്പടവട്ടം തന്നെയെന്നു തോന്നിച്ചു. ഫുൾജാക്കറ്റും, പാവാടയുമിട്ട് ഒരു പതിനാറോ പതിനെട്ടോ പ്രായമുള്ള പെണ്ണ്. മത്സരിക്കുന്ന മാ റി ടങ്ങൾ. വിയർത്ത മുഖത്ത്, അമ്പിളി നിലാവു പതുങ്ങിയിരിക്കുന്നു. മിഴികളിൽ നക്ഷത്രങ്ങൾ ഒളി ചിന്തുന്നു. അരികിൽ അവളുടെ അമ്മയായിരിക്കാം. അതേ ഛായ. അവരും യൗവ്വനയുക്തയാണ്.

പപ്പടങ്ങൾ നിരത്തുന്നതിനിടയിൽ, അവളുടെ നോട്ടം ലോഡ്ജിന്റെ ജനലിലേക്കു നീണ്ടു. തന്നെ ഉറ്റുനോക്കുന്ന മിഴികളിൽ അതു തടഞ്ഞു. അവൾ, വേഗം അകത്തു കയറിപ്പോയി. ഒപ്പം, അമ്മയും.

എത്ര പൊടുന്നനേയാണ് ഒരു സൗഹൃദം ഉടലെടുക്കുന്നതും, അതിന്റെ വഴി അനുരാഗത്തിലേക്കു മാറിയൊഴുകുന്നതുമെല്ലാം. നാലാം നാൾ പുലരിയിൽ ലോഡ്ജിന്റെ പടിയരികേ തുരുമ്പിച്ച ഗേറ്റിൽ കൈ ചേർത്തു നിൽക്കുമ്പോളാണ്, അവളാ ചോദ്യമുയർത്തിയത്.

“മാഷേ, നിങ്ങള് പാട്ടെഴുതാൻ വന്നതാണല്ലേ “

ഒരു പുഞ്ചിരി ആദ്യം പ്രകാശിപ്പിച്ച്, മറുചോദ്യമെറിഞ്ഞു.

“അതേലോ, എങ്ങനെയറിഞ്ഞു. ?”

അവളുടെ മിഴികളിൽ, ഇഷ്ടം പൂത്തിരി കത്തുന്നുണ്ടായിരുന്നു.

“ആ, ജനാലയ്ക്കപ്പുറം എത്ര കടലാസു ചീന്തുകളാണ് ചുരുട്ടിയെറിഞ്ഞിരിക്കണത്. വെറുതേയൊരു കൗതുകത്തിന് നിങ്ങളറിയാതെ ഞാനെടുത്തു വായിച്ചതാണ്. ഒന്നും, പൂർത്തിയായില്ലല്ലോ? എഴുതീതൊക്കെ ഗംഭീരമായിരുന്നൂട്ടാ…”

അവളെ കൂടുതലറിയുകയായിരുന്നു. പപ്പട നിർമ്മാണമാണ് അവർക്ക്. അച്ഛനും അമ്മയും ചേച്ചിയുമുണ്ട്. ചേച്ചിയെ, പതിനെട്ടു തികഞ്ഞയുടൻ  ഒരകന്ന ബന്ധുവിനു വിവാഹം ചെയ്തു കൊടുത്തു. അച്ഛൻ, ഏകപത്നീവ്രതക്കാരനായിരുന്നില്ല. മറ്റൊരിടത്ത് വേറെ പെണ്ണും, അവരിൽ സന്തതികളുമുണ്ട്. ചില പകലുകളിൽ അയാൾ അങ്ങോട്ടു പോകും. ചിലപ്പോൾ പാതിരാവിൽ മടങ്ങിവരും. വരാതെയുമിരിക്കാം. ഇതേയുള്ളൂ, ആകെ വരുമാനം. പ്രീഡിഗ്രിയിൽ വിദ്യാഭ്യാസം അവസാനിച്ചു. ഇപ്പോൾ പപ്പടങ്ങളുടെ ലോകത്താണ് ഉയിരിരിക്കുന്നത്.

ഏഴാം നാൾ, പാതിരാവിൽ തുറന്ന ജാലകത്തിനരികിൽ വന്നുനിൽക്കുമ്പോൾ കണ്ടു; അവളുടെ മുറിയുടെ ജനലുകൾ തുറന്നിട്ടിരിക്കുന്നു.അരണ്ടവെട്ടം പുറത്തേക്കു പ്രസരിക്കുന്നു. ടു ഇൻ വൺ സ്റ്റീരിയോയിൽ നിന്നും, ഒരു പാട്ടൊഴുകി വരുന്നു. ചമ്പക്കുളം തച്ചനിലെ ആ പ്രിയമുള്ള ഗാനം.

“കുഞ്ഞുതാരമായ് ദൂരെ വന്നു നീ, മിന്നി നിന്നിരുന്നോമനേ അന്നുറങ്ങാത്ത രാത്രിയിൽ നിന്റെ ഓർമ്മ തൻ നോവറിഞ്ഞു ഞാൻ….”

ഇടവഴി കുറുകേക്കടന്ന്, അവളുടെ ജനലരികിലേക്കും, പിന്നേ അവളൊന്നിച്ച് പുറത്തേ ഗോവണിപ്പടികൾ കയറി മുകൾ നിലയിലേക്കും ചെല്ലാൻ ധൈര്യമുണ്ടായതന്നാണ്. പപ്പടക്കാരം പുരണ്ട ചണച്ചാക്കുകൾക്കു മീതെ അവളേയും പുണർന്നു കിടക്കുമ്പോൾ, ആകാശത്തിലെ നക്ഷത്രങ്ങൾ മാത്രം അതിനു സാക്ഷ്യം വഹിച്ചു. അവളുടെ അച്ഛനില്ലാതിരുന്ന രണ്ടു തുടർരാവുകളിൽ അതാവർത്തിക്കപ്പെട്ടു.

അനാവൃതമായ ഉടലിൽ, വസ്ത്രം.ധരിച്ചു മറയ്ക്കുമ്പോൾ അവൾ ഒരു കടലാസു ചീന്തെടുത്തു നീട്ടി.

“മാഷിന്റെ പാട്ടിന്റെ ഇനിയും പൂർത്തിയാകാത്ത നാലുവരികൾ ഞാൻ എന്റെ ഭാവനയിൽ എഴുതിച്ചേർത്തതാണ്. മാഷ്, മുറിയിലെത്തുമ്പോൾ ഒന്നു വായിച്ചു നോക്കൂ…..”

മുറ്റത്ത്, ഒരു മുരടനക്കം കേട്ടു. അവളുടെ അച്ഛൻ, രാസഞ്ചാരം കഴിഞ്ഞ് തിരികേ വരികയാണ്. ധൃതിയിൽ ഗോവണിയിറങ്ങി, തൊടി കടക്കുമ്പോൾ കാലിൽ കല്ലു തട്ടി വല്ലാതെ വേദനിച്ചു. ചെരുപ്പിൽ ചോരപ്പശയാൽ വഴുക്കനുഭവപ്പെടുന്നുണ്ടായിരുന്നു.

മുറിയകത്തു വന്ന്, അവളെഴുതിയ വരികൾ വായിച്ചു. ചേലുള്ള കൈപ്പട, കാമ്പുള്ള വരികൾ. ഇപ്പോളാണ്, ആ ഗാനം പൂർണ്ണതയിലെത്തിയത്. അതേ, അവസാന പാട്ടും എഴുതിത്തീർന്നിരിക്കുന്നു. പിറ്റേന്നു പകലിൽ, അവളോടു യാത്ര പറയാതെയാണു മടങ്ങിയത്.

ആ അവസാനഗാനത്തേ, ഹർഷൻ എന്ന പുതുമുഖത്തേ മലയാളം ഇരുകയ്യും നീട്ടി സ്വീകരിച്ചു. തുടരേ പുതിയ പാട്ടുകളെഴുതി. പ്രശസ്തിയുടെ ശൈലങ്ങൾ താണ്ടി. പക്ഷേ, എവിടേയോ പിഴച്ചു. സിനിമയിലെ കുതന്ത്രങ്ങളും, അരാജകത്വം നിറഞ്ഞ ജീവിതവും അവസരങ്ങൾ ഇല്ലാതാക്കി. ഹർഷൻ എന്ന പാട്ടെഴുത്തുകാരൻ വിസ്മൃതിയിലായി. അയാളുടെ നല്ല പാട്ടുകൾ, ജനം അപ്പോളും മൂളിക്കൊണ്ടിരുന്നു…

ഹർഷൻ, ചിന്തകളിൽ നിന്നുണർന്നു. സായാഹ്നമാകുന്നു. ഏറു വെയിലിൽ, കിഴക്കോട്ടു ചായുന്ന നിഴലുകൾ. വിളറിയ വിൺവെളിച്ചത്തിൽ, ആ വീടിന്റെ ജാലകങ്ങൾ കാണാം. അവ, അടഞ്ഞു കിടപ്പുണ്ടായിരുന്നു. ഹർഷൻ, ഒരു സി ഗരറ്റിനു തീ കൊളുത്തി. ആസ്വദിച്ചൊരു പുകയെടുത്തു.

പ്രഭാതം;

റോഡു കുറുകേക്കടന്ന് അവളുടെ വീട്ടിലെത്തുമ്പോൾ ചായ്പ്പിലെ പുതിയ കൂട്ടിച്ചേർത്തിടത്തിൽ ആളനക്കങ്ങളുണ്ടായിരുന്നു. കാളിംഗ് ബെൽ മുഴക്കി കാത്തുനിന്നു. അവൾ തന്നെയാണ് പുറത്തേക്കു വന്നത്. അവളുടെ ഉടലിൽ പപ്പടക്കാരം പുരണ്ടിരുന്നു. ചായ്പ്പിൽ ഒന്നുരണ്ടു പെണ്ണുങ്ങൾ കൂടെയുണ്ടായിരുന്നു. ഒരു പപ്പട നിർമ്മാണ യൂണിറ്റാണ്. ഒരുരൂപാ വട്ടം മുതൽ ആനയുടെ കാൽപ്പാദത്തോളം വലിപ്പമുള്ള പപ്പടങ്ങളുടെ വൈവിധ്യങ്ങൾ പാക്കറ്റുകളിൽ നിറയ്ക്കുന്നു.

കൺമുന്നിലെത്തിയ മെലിഞ്ഞ രൂപത്തേ തിരിച്ചറിയുവാൻ അവൾക്ക്, ഒന്നുരണ്ടു നിമിഷങ്ങൾ വേണ്ടി വന്നു. പൊടുന്നനെ ആ മിഴികളിൽ പഴയ തിളക്കം മിന്നിപ്പൊലിഞ്ഞു. നാൽപ്പതുകളിലേക്കുള്ള സഞ്ചാരം, അവളുടെ ഉടലിനേ തടിപ്പിച്ചിരുന്നു. കടമിഴികളിൽ ശ്യാമം പടർന്നിരിക്കുന്നു.

“മാഷ്…”

അവൾ പുലമ്പി. അയാൾ തലയാട്ടി.

“മാഷ്ക്കെന്താ പറ്റീത് ? എത്ര പൊടുന്നനേയാണ് ആ പാട്ടുകൾ ഇല്ലാതായത്. മാഷിന്റെ തകർച്ചയിൽ ഞാനെത്ര വ്യസനിച്ചിരിക്കുന്നു. മാഷിനിപ്പോൾ, വീണ്ടും അവസരം കിട്ടിയോ…?”

അയാൾ തലയാട്ടി.

പിന്നേ, അവളോടു ചോദിച്ചു.

“അമ്മയും, അച്ഛനും….?”

അവളുടെ മുഖത്തു വീണ്ടും ഇരുൾ പടർന്നു.

“അമ്മ, പത്തുവർഷം മുൻപ് പോയി, ബ്രെസ്റ്റ് കാൻസറായിരുന്നു. അച്ഛൻ അകത്തുണ്ട്, എണീറ്റു നടക്കാനാകില്ല. ഒരാൾക്ക്, ഒരു കരളല്ലേയുള്ളൂ. അതു പോയിരിക്കുന്നു. അത്രമേലായിരുന്നു കുടി. ഇപ്പോൾ, ലോണെടുത്ത് ഈ നിർമ്മാണ യൂണീറ്റുമായി പോകുന്നു.”

ഹർഷൻ, അവളുടെ മിഴികളിലേക്കുറ്റു നോക്കി..എന്നിട്ട് ജിജ്ഞാസയോടെ ചോദിച്ചു.

“നിനക്കൊരു കൂട്ടുണ്ടായില്ലേ, ജീവിതത്തിൽ….?”

അവൾ, മിഴികളടച്ചു തുറന്നു.

“ഉണ്ടായിരുന്നു. അച്ഛന്റെ ഒരകന്ന ബന്ധു. അച്ഛനേക്കാൾ പരസ്ത്രീബന്ധങ്ങളിൽ കേമനായൊരാൾ. അമ്മയേപ്പോലെ ഞാനതിനു വഴങ്ങിയില്ല. പിരിഞ്ഞിട്ടു വർഷങ്ങളായി….അതുപോകട്ടേ, മാഷെന്താ കുടുംബമായി ജീവിക്കാഞ്ഞേ…?”

അയാൾ തല താഴ്ത്തി തെല്ലിട നിന്നു. പിന്നേ, അവൾക്കു മാത്രം കേൾക്കാനായി പറഞ്ഞു.

“എനിക്കൊരു കൂട്ടു വേണം. എന്റെ രചനകളുടെ ആദ്യവായനക്കാരിയാകാൻ. എന്റെ അവസാന അക്ഷരങ്ങൾ പുതുക്കുവാൻ, എനിക്കു ഞാനാകുവാൻ….”

അവളതിനു മറുപടി പറഞ്ഞില്ല. തിരികേ നടന്നു തെല്ലിട നീങ്ങിയപ്പോൾ അയാളൊന്നു തിരിഞ്ഞു നോക്കി. അവളവിടേത്തന്നേ നിൽപ്പുണ്ടായിരുന്നു. പ്രണയത്തിന്റെ വൈരപ്പൊടികൾ ചിതറുന്ന മിഴികളുമായി.

എങ്ങുനിന്നോ ഒരു പാട്ടൊഴുകിയെത്തുന്നതായി അയാൾക്കു തോന്നി. ഏറെ മോഹിപ്പിച്ച, ചമ്പക്കുളം തച്ചനിലെ ആ പാട്ട്….വരാനിരിക്കുന്നത് നല്ലെ നാളെകളാണെന്ന ശുഭവിശ്വാസത്തിൽ, ഹർഷൻ മുന്നോട്ടു നടന്നു.

പുതിയൊരു, ചേലുള്ള ഗാനം രചിക്കാൻ. പുലർവെയിൽ നാളങ്ങൾ മണ്ണിൽ പൊന്നു ചാർത്തി. അയാളുടെ മനസ്സിലും..