അമ്മയെന്തിനാ കരയുന്നെ എന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല കുഞ്ഞേ എന്ന് അമ്മ പറഞ്ഞു…

ഒരു സ്വപ്നം പോലെ…

Story written by Ammu Santhosh

=================

എനിക്കന്ന് എട്ട് വയസ്സാണ് പ്രായം. വീടിന്റെ അടുത്ത് പുതിയ താമസക്കാർ വന്നു. അവർക്കൊരു കാറുണ്ട്. അത് ഞാൻ അതിശയത്തോടെ നോക്കി നിന്നു. ഞങ്ങളുടെ നാട്ടിൽ കാർ ഉള്ളവർ ആരുമില്ല. എല്ലാവരും പാവങ്ങൾ. അന്നന്നത്തെ അന്നം തേടി പോകുന്നവർ. ഒരു തരത്തിൽ പറഞ്ഞാൽ അന്നന്നത്തെ വയറ് നിറയ്ക്കാൻ പോകുന്നവർ. പക്ഷെ നിറയാറില്ല എന്നത് മറ്റൊരു വശം.

എന്റെ അച്ഛനും അമ്മയും പണിക്ക് പോകും. ഞാൻ ഒറ്റ മകനാണ്. സ്കൂളിൽ പഠിത്തം ഇല്ലാത്തപ്പോ ഞാൻ വീട്ടിൽ ഒറ്റയ്ക്കാ. അങ്ങനെ ഒരു ദിവസമാണ് ഞാൻ അയല്പക്കത്തെ പുതിയ താമസക്കാരെയും അവരുടെ കാറിനെയും കാണുന്നത്. ഞാൻ വേലിക്കൽ നിന്ന് ആ കാർ തന്നെ നോക്കിക്കൊണ്ടിരുന്നു. എനിക്ക് ഒരു കളിപ്പാട്ടക്കാറ് പോലുമില്ല. എനിക്ക് ഈ ഭൂമിയിൽ ഏറ്റവും ഇഷ്ടം ഉള്ളത് കാറുകളാണ്. ഒരു പക്ഷെ എന്നെ പോലെയുള്ള ആണ്പിള്ളേര്ക്ക് എല്ലാം അങ്ങനെ തന്നെ ആവും. എനിക്ക് ആ കാറിൽ ഒന്ന് തൊടാൻ തോന്നി. പക്ഷെ അവർ ചീത്ത പറഞ്ഞാലോ എന്ന പേടി.

ഞാൻ ഇങ്ങനെ നോക്കി നിൽക്കുന്ന കണ്ടാവും അവിടുത്തെ അമ്മ എന്നെ കൈയാട്ടി വിളിച്ചു. എന്താ പേര് എന്നൊക്കെ ചോദിച്ചു. ഞാൻ എന്റെ ബട്ടൻ പൊട്ടിയ നിക്കറും വലിച്ചു കയറ്റി അവർ ചോദിച്ചത്തിനോക്കെ ഉത്തരോം പറഞ്ഞു.പക്ഷെ നോട്ടം ആ കാറിൽ ആയിരുന്നു.

അന്ന് മുഴുവൻ ഉറക്കം വന്നില്ല. ആ കാറിൽ ഒന്ന് തൊടണം അതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. സ്കൂളിൽ നിന്ന് വന്നാലുടനെ ഞാൻ അവിടേക്ക് നോക്കും. അവിടുത്തെ സാർ ഓഫീസിൽ നിന്ന് വരുമ്പോൾ കാറും വരും. ഞാൻ അങ്ങനെ കൊതിയോടെ അത് നോക്കി നില്കും. അങ്ങനെ ഇരിക്കെ അവിടുത്തെ സാറിന് ഒരു അപകടം പറ്റി. കൈ ഒടിഞ്ഞു. കാർ പൊടി മൂടി കിടക്കുന്നത് കണ്ട് എനിക്ക് സങ്കടായി. ഞാൻ കഴുകട്ടെ എന്ന അമ്മയോട് ഞാൻ ചോദിച്ചു. അമ്മ ഒന്ന് ചിരിച്ചു. അയ്യോ കുഞ്ഞ് മോനല്ലേ വേണ്ട ട്ടോ എന്നു പറഞ്ഞു. അത് സാരോല്ല അമ്മേ ഞാൻ കഴുകിയിടാം കാർ കണ്ടോ മുഴുവൻ പൊടിയാ എന്നു പറഞ്ഞു ഒരു ബക്കറ്റും വെള്ളവുമെടുത്ത് ഞാൻ കാർ കഴുകാൻ തുടങ്ങി. ആദ്യമൊക്കെ വേണ്ടന്നു പറഞ്ഞെങ്കിലും എന്റെ വൃത്തി കണ്ടവരത് സമ്മതിച്ചു.

എനിക്ക് കാറിനെ തൊടുമ്പോൾ എന്തൊരു സന്തോഷം ആയിരുന്നുന്നോ.ഉൾക്കുളിര് എന്നൊക്കെ പറഞ്ഞാൽ എന്താ എന്ന് അന്ന് ഞാൻ അറിഞ്ഞു.കാർ കഴുകി പോരുമ്പോൾ അവർ എനിക്ക് വയർ നിറച്ചു ഭക്ഷണവും കുറച്ചു നോട്ടുകളും തന്നു

എന്റെ അച്ഛനും അമ്മയും എന്നെ വഴക്ക് ഒന്നും പറഞ്ഞില്ല. എനിക്ക് കിട്ടിയ പൈസയും മേടിച്ചില്ല. അത് ഞാൻ കൊച്ചു പൌഡർ ടിൻ പൊട്ടിച്ച് അതിൽ ഇട്ട് വെച്ചു.

പക്ഷെ അന്ന് രാത്രി കിടക്കുമ്പോൾ അമ്മ എന്നെ ചേർത്ത് പിടിച്ചു കരയുന്നുണ്ടായിരുന്നു

അമ്മയെന്തിനാ കരയുന്നെ എന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല കുഞ്ഞേ എന്ന് അമ്മ പറഞ്ഞു

പിറ്റേന്ന് രാവിലെ പഴം കഞ്ഞി കുടിച്ചു കൊണ്ടിരുന്നപ്പോൾ അച്ഛൻ എന്നെ തന്നെ നോക്കിയിരിക്കുന്ന കണ്ടു അച്ഛന്റെ കണ്ണും നിറഞ്ഞൊഴുകുന്നുണ്ടായൊരുന്നു.
എന്താ അച്ഛാ എന്ന് ചോദിച്ചപ്പോൾ അച്ഛനും ഒന്നുമില്ലടാ എന്ന് പറഞ്ഞു

എന്റെ അച്ഛനും അമ്മയ്ക്കും എന്നെ ജീവനാ കേട്ടോ അതാണ്‌ അവരെന്നെ വഴക്ക് പറയാഞ്ഞത്.

ഞാൻ പിന്നെയും അവിടെ പോയി അവരുടെ കാർ കഴുകി കൊടുക്കും. അവിടെ ഒരു കൊച്ചു മോളുണ്ട്. അവൾ എന്നോട് ചോദിക്കും ചേട്ടന് ഭയങ്കര ഇഷ്ടമാ അല്ലെ ഈ കാറ്‌ എന്ന്. ഞാൻ പറയും എനിക്കിത് മാത്രം അല്ല എല്ലാ കാറുകളും ഇഷ്ടമാണ് എന്ന്, അപ്പൊ ചേട്ടന് മേടിച്ചു കൂടെ ഒരെണ്ണം എന്ന് അവൾ. എനിക്ക് കാശില്ല എന്ന് ഞാൻ. അപ്പൊ അവൾ എന്നോട് പറഞ്ഞു ചേട്ടൻ പഠിച്ചു മിടുക്കൻ ആയി ജോലി കിട്ടിയ എന്റെ അച്ഛനെ പോലെ കാർ ഒക്കെ വാങ്ങാം ല്ലോ എന്ന്.

അന്ന് വരെ ഞാൻ ക്ലാസ്സിൽ ഏറ്റവും മോശമായി പഠിക്കുന്ന വിദ്യാർത്ഥി ആയിരുന്നു. ബുദ്ധി ഇല്ലാഞ്ഞിട്ടല്ല. പലപ്പോഴും വിശപ്പ് എന്നെ പഠിക്കാൻ സമ്മതിക്കുകേല. പിന്നെ കാറുകളെ കുറിച്ച് ഓർത്തുള്ള ഇരിപ്പ് അതുമുണ്ട്. പഠിച്ചു മിടുക്കൻ ആയാൽ ജോലി കിട്ടുമെന്നും അപ്പൊ കുറെ കാശ് കിട്ടുമെന്നും കാർ വാങ്ങിക്കാമെന്നും എനിക്ക് പറഞ്ഞു തന്നത് എന്നേക്കാൾ ചെറിയ ആ കുട്ടിയാണ്.

ഞാൻ നന്നായി പഠിച്ചു തുടങ്ങി. പക്ഷെ ഞങ്ങൾ പാവങ്ങൾക്ക് കഷ്ടകാലം തീരില്ല ല്ലോ. ഒരു ദിവസമച്ഛനും അമ്മയും വന്ന ഓട്ടോ മറിഞ്ഞു. അച്ഛൻ പോയി. അമ്മ ആശുപത്രിയിൽ ഏറെ നാൾ കിടന്നു. പണമില്ലാത്തത് കൊണ്ട് ചികിത്സ ഒക്കെ മുടങ്ങി. അങ്ങനെ വീട്ടിൽ കൊണ്ട് വന്നു.

ഞാൻ സ്കൂൾ വിട്ട് വന്നാൽ പലതരം ജോലികൾ ചെയ്യാൻ പോയി തുടങ്ങി. മിക്കവാറും അത് കാറ്‌ കഴുകൽ, വർക്ക്‌ ഷോപ്പിലെ പണി ഒക്കെയാണ്. പക്ഷെ അമ്മയുടെ ചികിത്സക്ക് അതൊന്നും പോരാതെ വന്നു. ഡോക്ടർമാർ എല്ലാരും നല്ലവരൊന്നുമല്ല. കാശ് കിട്ടിയില്ലെങ്കിൽ നോക്കത്തില്ല

“എന്റെ മോനൊരു നല്ല ഡോക്ടർ ആവണം ട്ടോ..പാവങ്ങളുടെ ഡോക്ടർ “

ആദ്യമായി അമ്മ എന്നോട് ഒരു കാര്യം ആവശ്യപ്പെടുകയായിരുന്നു

എന്റെ സ്വപ്‌നങ്ങൾടെ ലിസ്റ്റിൽ പേര് രണ്ടായി..

ഒന്ന് കാർ വാങ്ങുക, രണ്ട് ഡോക്ടർ ആവുക. പാവങ്ങളുടെ ഡോക്ടർ..

കഷ്ടപ്പെടുന്ന ആൾക്കാർക്ക് ഫലം കിട്ടും കേട്ടോ..

പക്ഷെ അസാധ്യമായ രീതിയിൽ കഷ്ടപ്പെടണം

മെഡിക്കൽ അഡ്മിഷൻ കിട്ടുമ്പോൾ മുന്നോട്ടെന്ത് എന്ന് ഓർത്ത് നിൽക്കുമ്പോൾ അയല്പക്കത്തെ കുട്ടിയില്ലേ? അവളാണ് രണ്ടു വളയും മാലയും ഊരി തന്നിട്ട് പോയി വിറ്റിട്ട് ഫീസ് അടച്ചു ബാക്കിയുള്ള കാശ് ബാങ്കിലിട്ട് ഉപയോഗിച്ച് കൊള്ളാൻ പറഞ്ഞത്. ദൈവം ചിലപ്പോൾ അങ്ങനെ ഒക്കെ പല രൂപത്തിൽ വരും.

ഞാൻ പഠിച്ചു…ഒത്തിരി കഷ്ടപ്പെട്ടു തന്നെ..

നിങ്ങൾക്ക് എന്നെ വായിച്ചു ബോറടിച്ചോ?

ദേ തീർന്നു കേട്ടോ

ഞാൻ ഇപ്പൊ ഗവണ്മെന്റ് ഹോസ്പിറ്റലിലേ ഡോക്ടർ ആണ്.

അമ്മ പറഞ്ഞത് പോലെ ഞാൻ പാവങ്ങളുടെ ഡോക്ടർ തന്നെ ആണ്..

പിന്നേ…

ഞാൻ കാർ വാങ്ങിച്ചു. വാങ്ങിക്കുമ്പോൾ ഏറ്റവും നല്ല കാർ തന്നെ വേണ്ടേ?

ഞാൻ കണ്ട ഏറ്റവും നല്ല കാർ അയല്പക്കത്തെ ആ സാറിന്റെ ആയിരുന്നു.

എന്റെ ഭാഗ്യത്തിന് സാർ അത് വിറ്റില്ല. അതിന് ഒരു കാരണം ഉണ്ട്. ഒരിക്കൽ അത് വിൽക്കാൻ ഉദ്ദേശിച്ചപ്പോൾ ഞാൻ പറഞ്ഞു സാറെ എന്നെങ്കിലും എനിക്ക് കാശ് ഉണ്ടാകുമ്പോൾ എനിക്ക് തരാമോ അത്. വേറെ ആർക്കും കൊടുക്കല്ലേ എന്ന്. സാറ് പാവാ. പുള്ളി അത് ആർക്കും കൊടുത്തില്ല.

കാറ്‌ ഞാൻ വാങ്ങിച്ചു. ഞാൻ അധ്വാനിച്ച പൈസ കൊണ്ട് തന്നെ. പുള്ളി എനിക്ക് അത് വെറുതെ തരാൻ തയ്യാറായിരുന്നു കേട്ടോ. ഞാൻ സമ്മതിച്ചില്ല. അതിനൊരു കാരണം ഉണ്ട് അത് ഞാൻ പിന്നെ പറയാം.

കാറ്‌ വാങ്ങി അമ്മയെയും കൊണ്ട് ഞാൻ ഒരു യാത്ര പോയി. അമ്മ മാത്രം അല്ല…ആ കുട്ടിയില്ലേ പണ്ടത്തെ കുഞ്ഞ് കുട്ടി…അവൾ ഇന്നെന്റെ ഭാര്യയാ…അവളും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു (അയല്പക്കത്തെ സാർ എന്ത് കൊണ്ട കാർ വെറുതെ തരാൻ തയ്യാറായത് എന്നിപ്പോ മനസിലായില്ലേ?)

ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ആ കാർ ആയിരുന്നു.

എന്റെ അമ്മ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഞാൻ ഡോക്ടർ ആവാനായിരുന്നു.

എന്റെ പെണ്ണ് ആഗ്രഹിച്ചത് എന്നെ മാത്രം ആയിരുന്നു.

നിങ്ങൾ പറ ഞാൻ ഭാഗ്യവനല്ലേ?

അല്ലെ?

A real life story

~Ammu Santhosh