കല്പടവുകൾ
Story written by Nisha Pillai
===============
പൊരി വെയിലത്ത് വിശന്ന് തളർന്ന മകനേയും കൂട്ടി ആ ഉമ്മ വൃക്ഷതണലിൽ ഇരുന്നു..ഇത്രയും ദൂരം നടന്ന് വന്നതിനാൽ ഏഴ് വയസ്സുള്ള മകൻ ഉറങ്ങി തുടങ്ങി.
മുപ്പത്കാരിയാണെങ്കിലും അവരെ അകാലവാർദ്ധക്യം ബാധിച്ചിരുന്നു.ദൂരെ കാണുന്ന പള്ളി മിന്നാരങ്ങളിലേയ്ക്ക് അവർ ഉറ്റു നോക്കി.അവരുടെ ഭർത്താവ് പള്ളിയിലെ ജോലിക്കാരനാണ്..അറുപത് കാരനായ അയാളുടെ മൂന്നാം ഭാര്യയാണവർ. വിവാഹത്തട്ടിപ്പ് വീരനായിരുന്നു അയാൾ.
വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം വീട് സന്ദർശിക്കുകയും ഭാര്യയുടേയും മകൻ്റെയും കാര്യങ്ങൾ അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന ഒരാൾ. അടുത്തുള്ള ഹാജിയാരുടെ വീട്ടിലെ ജോലികൾ ചെയ്താണ് അന്നന്നത്തെ അന്നത്തിനുള്ള വക ആ ഉമ്മ കണ്ടെത്തുന്നത്. ഇപ്പോൾ ജോലിയും ചെയ്യാൻ വയ്യാതിരിക്കുന്നു.
ഈയിടെയായി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ തു ട യി ടുക്കിലൂടെ ര ക്തസ്രാവമുണ്ടായി. അണപൊട്ടി ഒഴുകുന്നത് പോലെയുള്ള കുതിച്ചു ചാട്ടം. കട്ടിയുള്ള പഴന്തുണികൾ തിരുകി വച്ചെങ്കിലും, രക്തം വാർന്ന് ബോധം കെട്ട് വീണപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ആ വീട്ടുകാരുടെ കാരുണ്യത്താൽ ടെസ്റ്റിംഗും സ്കാനിങ്ങും ഒക്കെ ചെയ്തു. ശസ്ത്രക്രിയ അല്ലാതെ വേറെ നിവൃത്തിയില്ല. അത് ചെയ്യാനായി പണവുമില്ല. മനസ്സ് കൊണ്ട് മരണത്തെ വരിച്ചു കഴിഞ്ഞു. മകനെ അവന്റെ പിതാവിനെ ഏൽപ്പിക്കാനുള്ള വരവാണ്…
ദൂരെ നിന്ന് പള്ളിയുടെ മിനാരത്തിൽ നോക്കിയുള്ള ഈ ഇരുപ്പ് തുടങ്ങിയത്..വന്നപ്പോഴാണ് അറിയാൻ കഴിഞ്ഞത്, അയാളുടെ ആദ്യഭാര്യയിൽ ഉണ്ടായ മകളുടെ കല്യാണമാണ്. അയാൾ അതിൽ പങ്കെടുക്കാനായി അവരുടെ നാട്ടിൽ പോയിരിക്കുകയാണ്. കയ്യിലെ പണം കഴിഞ്ഞു. ഇനി ആരെങ്കിലും കനിയണം ഒരു നേരത്തെ ആഹാരത്തിനായി.
രാത്രിയായപ്പോൾ കുട്ടിയേയും കൂട്ടി മുന്നോട്ടു നടന്നു, നിലാവിന്റെ പ്രതിഫലനത്തിൽ തിളങ്ങുന്ന ജലപ്പരപ്പുകളെ കണ്ടു, മകനെയും കൊണ്ട് അങ്ങോട്ട് നടന്നു. മൂന്നു വശവും കൽപ്പടവുകൾ ഉള്ള ഒരു കുളം. ഒരു വശത്തു പടർന്നു പന്തലിച്ചു വെള്ളത്തിലേക്ക് വീണു കിടക്കുന്ന ഒരു മാവ്. അതിൽ നിറയെ മാങ്ങകൾ,മകൻ ഒന്നോ രണ്ടോ പച്ചമാങ്ങകൾ പറിച്ചു കഴിച്ചു. കുളിർമയുള്ള ജലം. ആവോളം വെള്ളം കുടിച്ച് ക്ഷീണം മാറ്റി. മകനെ കഥ പറഞ്ഞു കൊടുത്തുറക്കി. എപ്പോഴോ അവരും മയങ്ങി തുടങ്ങി…
വെളുപ്പാൻ കാലമായപ്പോൾ ആരോ ഒരാൾ കല്പടവുകളിറങ്ങി വന്നു ,അവർ അയാൾ കാണാതെ മാവിന്റെ ഇലകളുടെ ഇടയിലേക്ക് നൂണ്ടു കയറി. ഒരു മെലിഞ്ഞ ദുർബലനായ മനുഷ്യൻ. തണുത്ത വെള്ളത്തിൽ മുങ്ങി കുളിച്ചു അയാൾ കയറി പോയി, അവരിരുന്ന ഭാഗത്തു നല്ല ഇരുട്ടായതിനാൽ അവരെയും മകനെയും അയാൾ കണ്ടിരുന്നില്ല
നേരം പുലർന്നു തുടങ്ങി. കുട്ടിയുണർന്നപ്പോൾ അവർ പോകാനായി എഴുന്നേറ്റു. അപ്പോഴാണ് അതൊരു അമ്പലക്കുളമാണെന്നു മനസിലായത്. ചെറിയ ചുറ്റുമതിൽ വഴി എത്തി നോക്കിയപ്പോഴാണ്, അമ്പലത്തിൽ, രാവിലെ ഭക്തർ പ്രദക്ഷിണം വയ്ക്കുന്നത് കണ്ടത്.
ക്ഷേത്രക്കുളത്തിലൊരു മുസ്ലിം സ്ത്രീയുടെ സാന്നിധ്യം എത്ര മാത്രം സാമുദായിക സ്പർദ്ധക്ക് കാരണമാകുമെന്ന് അറിയാമായിരുന്നതിനാൽ അവർ കുട്ടിയേയും കൊണ്ട് അവിടെ തന്നെ ഒളിച്ചിരുന്നു.
വെയിൽ മൂത്ത് തുടങ്ങി…
ഒരു വൃദ്ധൻ കുളത്തിലേക്കു ഇറങ്ങി വന്നു. കയ്യിലിരുന്ന ഓട്ടു പാത്രം കടവിൽ വച്ച് അയാൾ വെള്ളത്തിൽ മുങ്ങി നിവർന്നു. അയാളുടെ ശരീരത്തിൽ ഒട്ടി കിടന്ന വെളുത്ത ചരട് അയാളൊരു പൂജാരിയാണെന്നു സൂചിപ്പിച്ചു
കൽപ്പടവുകൾ കയറി വന്നു തോർത്ത് കൊണ്ട് പുറം തോർത്തി നിവർന്ന അയാൾ കല്പടവുകളിൽ നിരന്നു കിടന്ന പച്ച മാങ്ങാ കഷ്ണങ്ങളെ പിന്തുടർന്നു, അയാളുടെ ദൃഷ്ടികൾ പാഞ്ഞു. തലയിൽ തട്ടമിട്ട ഒരു സ്ത്രീയും കാഴ്ചയിൽ തന്നെ വാത്സല്യം തോന്നുന്ന ഒരു മകനും. അയാൾ തെല്ലിട നേരം ആലോചനയിലായി ചുറ്റുപാടും നോക്കി, പരിഭ്രാന്തനായി…
“നിങ്ങളെന്താ ഇവിടെ? ഇതൊരു ക്ഷേത്രക്കുളമാണ്, ആരെങ്കിലും കാണുന്നതിന് മുൻപ് പുറത്തു കടന്നോളൂ “
“ക്ഷമിക്കണം എനിക്കറിയില്ലായിരുന്നു, വിശന്നപ്പോൾ പച്ചമാങ്ങയും കഴിച്ഛു കുളത്തിലെ ജലവും കുടിച്ചു .”
“അത് സാരമില്ല, ദൈവങ്ങൾ ക്ഷമിച്ചോളും, പക്ഷെ മനുഷ്യർക്ക് അതിനു കഴിയണമെന്നില്ല “
അയാൾ ഒരു നാക്കിലയിൽ കുറച്ചു പായസ ചോറും വെള്ള ചോറും വച്ചു കുട്ടിയ്ക്ക് നീട്ടി.
“ദേവിക്ക് നേദിച്ചതാണ്, നിങ്ങൾക്ക് പഥ്യമാകുമോ എന്നറിയില്ല, വേണ്ടെങ്കിൽ പക്ഷികൾക്ക് കൊടുത്തേയ്ക്കൂ, വലിച്ചെറിയരുത്, ഇത് വഴി നിങ്ങൾക്ക് ആരും കാണാതെ റോഡിലേയ്ക്ക് പോകാം .”
അവർ അയാളെ നന്ദിയോടെ നോക്കി നിന്നു. അയാൾ കൽപ്പടവുകൾ കയറി പോയപ്പോഴേക്കും കുട്ടി ഇലയിലുണ്ടായത് മുഴുവൻ കഴിച്ചു കഴിഞ്ഞിരുന്നു, ഇല വലിച്ചെറിഞ്ഞു..ഭക്ഷണത്തിനെന്തു ജാതിയും മതവും…അവർ കുട്ടിയേയും കൂട്ടി ആ മനുഷ്യന്റെ പിറകെ നടന്നു..അയാൾ തിരിഞ്ഞു നോക്കി, തെല്ലു ദേഷ്യപ്പെട്ടു
“ഇനിയെന്താണ് നിങ്ങളുടെ ആവശ്യം?”
“അങ്ങ് ഒരുപകാരം കൂടി ചെയ്തു തരണം.”
അയാൾ മറുപടി പറയാതെ മുന്നോട്ടു നടന്നു. നടന്നു നടന്നയാൾ ഒരു വേലികെട്ടിലേയ്ക്ക് കയറി കഴിഞ്ഞിരുന്നു. അയാളെ കാത്ത് വീടിന്റെ ഉമ്മറത്ത് കുറച്ചു വെളുത്ത് തടിച്ച മൂക്കുത്തി ധരിച്ച ഒരു സ്ത്രീ നിൽക്കുന്നുണ്ടായിരുന്നു. അയാളുടെ ഭാര്യ.
“ഇന്ന് കുറച്ചു വൈകിയല്ലോ “
“കുട്ടികൾ സ്കൂളിൽ പോയോ “
അപ്പോഴേക്കും ആ സ്ത്രീയും കുട്ടിയും വേലിയുടെ അടുത്തെത്തിയിരുന്നു
“ആരാണിവർ ?”
“അവരും മനുഷ്യർ .”
അയാൾ പറഞ്ഞു
മുറ്റത്തെ തണലിൽ ഇട്ട കസേരയിൽ ഇരുന്ന സ്ത്രീ അവരുടെ കഥ ചുരുക്കി ആ ദമ്പതികളോട് പറഞ്ഞു
“ഞങ്ങളെന്താണ് ചെയ്തു തരേണ്ടത് ? “
“ഞാൻ അയാളെ തേടി അയാളുടെ നാട്ടിലേയ്ക്ക് പോകുകയാണ് ,.അത് വരെ ഇവനെ സുരക്ഷിതമായി ഒന്ന് പാർപ്പിക്കണം ,.കൊച്ചു കുട്ടിയല്ലേ, വിശ്വസിച്ചു ഏല്പിക്കാൻ ആരുമില്ലാത്തതുകൊണ്ട് .”
“ഇവിടെ നിന്നോട്ടെ , ഞങ്ങൾക്കു രണ്ടു ആൺകുട്ടികളാണ്. പക്ഷെ ജാതിയും മതവും ഒന്ന് പുറത്തറിയിക്കാതെ നിർത്തുന്നതാണ് സുരക്ഷിതം .”
“എന്താ മോന്റെ പേര്? “
“മുഹമ്മദ് അർഷാദ്”
വയർ നിറയെ ആഹാരവും കഴിച്ചു , ദമ്പതികൾ സ്നേഹത്തോടെ നൽകിയ പുതിയ വസ്ത്രവും ധരിച്ചു മകന്റെ കരച്ചിലിനെ അവഗണിച്ചു അവർ യാത്രയായി. ഒരു പക്ഷെ അവർക്കു തിരികെ വരാൻ സാധിച്ചില്ലെങ്കിൽ മകനെ അവന്റെ പിതാവിനെ ഏൽപ്പിക്കണമെന്നും അയാളെ കണ്ടു പിടിക്കാൻ അയാളുടെ വിലാസവും നൽകി അവർ മടങ്ങി
ആ വീട്ടിൽ പതിനഞ്ചുകാരനായ മഹാദേവൻ്റെയും അഞ്ച് വയസ്സുകാരനായ ആദിദേവൻ്റെയുമൊപ്പം അർഷാദ് വളർന്നു.
മാസങ്ങൾ കഴിഞ്ഞു….
അർഷാദ് മൂന്നാം ക്ലാസ്സിലാണ്. പഠിക്കാൻ വളരെ സമർത്ഥനാണവൻ. അവനിപ്പോഴും ഉമ്മയെ തിരക്കാറുണ്ട്. തിരിച്ച് വന്ന് അവനെ കൊണ്ട് പോകുമെന്ന് പ്രതീക്ഷയിലാണവൻ. പക്ഷെ പുതിയ അച്ഛനും അമ്മയും സഹോദരങ്ങളുമൊക്കെ ഉമ്മയെപോലെ അവന് പ്രിയപ്പെട്ടവരുമാണ്.
ഒരു ദിവസം കോളേജിൽ നിന്നും മടങ്ങി വന്ന് മഹാദേവൻ കവലയിൽ കണ്ട അജ്ഞാത മൃ ത.ദേഹത്തെക്കുറിച്ച് വർണിച്ചപ്പോൾ അയാളുടെ മനസ്സിൽ അജ്ഞാതമായ വികാരങ്ങളുടെ വേലിയേറ്റമുണ്ടായി. പൂജാരിയ്ക്ക് പെട്ടെന്ന് അവിടെ പോകണമെന്ന് തോന്നി.
കൊല്ലപ്പെട്ടത് ഒരു വൃദ്ധനായിരുന്നു. കുറെക്കാലം കവലയിലെ മസ്ജിദ് പരിസരത്ത് താമസമായിരുന്നു. രണ്ട് വർഷത്തിൽ കൂടുതൽ അയാളൊരിടത്തും തങ്ങില്ല. ചെല്ലുന്ന സ്ഥലത്തൊക്കെ പുതിയ ഭാര്യയും കുടുംബവും ഉണ്ടാകും. മകളുടെ വിവാഹത്തിന് കൂടാൻ പോയ ആളെ ഇവിടുള്ളവർ പിന്നെ ഇപ്പോഴാണ് കാണുന്നത്, മരണപ്പെട്ട നിലയിൽ. അയാളെപ്പോൾ മടങ്ങിയെത്തി, എന്ന് അജ്ഞാതമാണ്.
അയാളുടെ മകളുടെ കല്യാണപന്തലിലേയ്ക്ക് കയറി ചെന്ന അർഷാദിൻ്റെ ഉമ്മയെ മാനസിക രോഗിയെന്ന് മുദ്ര കുത്തി ആശുപത്രിയിലാക്കി.
മാനസിക പ്രശ്നങ്ങളുണ്ടെന്ന് തോന്നിപ്പിക്കുന്ന ചേഷ്ടകൾ കാണിച്ചൊരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട അർഷാദിന്റെ ഉമ്മയായിരുന്നു അത്. തൻ്റെ ജീവിതം നശിപ്പിച്ച ആ മനുഷ്യനെ തേടി പിടിച്ചതാണവർ.
ജീപ്പിലേയ്ക്ക് കയറ്റുമ്പോൾ ദുർബലയായ ആ സ്ത്രീ പ്രതീക്ഷയോടെ പൂജാരിയെ നോക്കി. അയാളവളെ അപ്പോഴാണ് തിരിച്ചറിഞ്ഞത്. ആ സമയത്ത് അവർക്ക് മാനസികമായി യാതൊരു പ്രശ്നവും ഉള്ളതായി തോന്നിയില്ല.
തലേന്ന് രാത്രിയിലും പുലർകാലത്തും ആ സ്ത്രീ അമ്പലക്കടവിൽ കുഞ്ഞിനെ തേടി നടന്നിരുന്നുവെന്നും കുറെ നേരം തേങ്ങി തേങ്ങി കരഞ്ഞിരുന്നുവെന്നും പിന്നെ സ്കൂൾ വിട്ടപ്പോൾ മോഡൽ സ്കൂളിൻ്റെ മുന്നിൽ പോയി നിന്നുവെന്നും ഒരു കുട്ടിയെ കണ്ടപ്പോൾ അവനെ ഉമ്മ വയ്ക്കാൻ ശ്രമിച്ചുവെന്നും അദ്ധ്യാപകർ അവനെ രക്ഷിച്ചുവെന്നും അയാൾ കവലയിൽ വച്ചറിഞ്ഞു..ഒരു പക്ഷേ അർഷാദിനെ ആരും തിരിച്ചറിയാതിരിക്കാനാകും വീട്ടിൽ വന്ന് കാണാഞ്ഞത് എന്ന് തോന്നി.
മടങ്ങി വീട്ടിലെത്തിയപ്പോൾ വളരെ വൈകിയിരുന്നു. അയാളെ കാണാനായി ഉറങ്ങാതിരുന്ന അർഷാദ് അയാളുടെ കയ്യിൽ ഒരു ഫോട്ടോ ഏൽപ്പിച്ചു. ഒരു അമ്മയുടേയും കുഞ്ഞിൻ്റേയും മനോഹരമായ ഫോട്ടോ. അതിൻ്റെ പുറകുവശത്ത് സ്നേഹപൂർവം മകന് എന്ന് മാത്രമെഴുതിയിരുന്നു.
“ഇത് തന്നത് എൻ്റെയുമ്മായാണ്..തന്നിട്ട് പോയി..ഇനി വരില്ലേയച്ഛാ.”
“മോൻ വളരുമ്പോൾ കൂട്ടിക്കൊണ്ടു പോകാനായി ഉമ്മ വരും.”
രോഗിയായ അവൻ്റെ ഉമ്മ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഇപ്പോൾ ജയിലിലുമായി. ആ ഉമ്മ ഒരിക്കലുമിനി മകനെ തേടി വരില്ലായെന്ന് ഉറപ്പിൽ ആ അച്ഛൻ അവനെ നെഞ്ചോട് ചേർത്തു.
കൽപ്പടവുകളിലൂടെ മകനെ തേടി നടക്കുന്ന ഒരമ്മ രൂപം അയാളുടെ മനസ്സിൽ തെളിഞ്ഞു.
✍️നിശീഥിനി.