അവൾ ഓടിവന്ന് എന്നെ മുറുകെ പിടിച്ചതും കുഴഞ്ഞു വീണതും ഒരുമിച്ചായിരുന്നു…

മഞ്ഞുരുകും നേരം

Story written by Praveen Chandran

==============

“ഇജ്ജ് ആൺകുട്ടിയാണെങ്കിൽ ഇറക്കി കൊണ്ടു പോടാ” അയാൾ അലറി വിളിച്ചു…

അതുവരെ ഡീസന്റായി നിന്നിരുന്ന എന്റെ മുഖത്ത് കട്ടക്കലിപ്പ് ഭാവം ഉടലെടുത്തു..

“നാസിയ”..ഞാൻ ഉറക്കെ വിളിച്ചു…

അവള ഉമ്മറത്തേക്കു ഓടി വന്നു…എന്റെ വിളിക്കായി കാത്തു നിൽക്കുകയായിരുന്നു അവൾ…

“നാസി!…അകത്തേക്കു കേറിപ്പോ” ഉമ്മ അവളുടെ കയ്യിൽ കയറി പിടിച്ചുകൊണ്ട് ആക്രോശിച്ചു…

“നിന്നെ കൊണ്ടുപോകാനാ നാസി ഞാൻ വന്നത്…ഇറങ്ങിവാ..എന്റെ ചങ്കൂറ്റത്തോടെയുളള ആ വിളി അവൾ സ്വീകരിച്ചു..

ഉമ്മയുടെ കൈവിടുവിച്ച് അവൾ എന്റെ നേരെ ഓടിയടുത്തു..

ഇക്കയവളെ തടുക്കാനൊരുങ്ങിയെങ്കിലും അവൾ കുതറിമാറി ഓടിവന്ന് എന്നെ മുറുകെ പിടിച്ചതും കുഴഞ്ഞു വീണതും ഒരുമിച്ചായിരുന്നു…

“നാസിയ”….മടിയിൽ അവളെ കിടത്തിക്കൊണ്ട് കവിളിൽ പിടിച്ചു കുലുക്കി ഞാൻ വിളിച്ചു..

കണ്ടു നിന്ന ഉമ്മയും ഇക്കയും ഞങ്ങളുടെ അരികിലേക്ക് ഓടിവന്നു..

“മോളേ നാസീ..കണ്ണു തുറക്ക്….” അവരിരുവരും മാറി മാറി വിളിച്ചി ട്ടും അവൾ കണ്ണു തുറന്നില്ല..

ഞാൻ അവളെ വാരിയെടുത്ത് എടുത്ത് കാറിൽ കയറ്റി..ഇക്കയാണ് കാറെടുത്തതിരുന്നത്..ഹോസ്പിറ്റലിലെ ത്തിയതും ഞാനവളെ എടുത്ത് സ്ട്രക്ചറിൽ കിടത്തി..

ഐസിയുവിന്റെ മുന്നിൽ ടെൻഷനോടെ നിന്നിരുന്ന എന്റേയും ഇക്കയുടേയും നോട്ടങ്ങൾ ഇടയ്ക്കിടെ കൂട്ടിമുട്ടിക്കൊണ്ടിരുന്നു…

കുറച്ചു സമയത്തിന്ശേഷം ഡോക്ടർ  പുറത്തുവന്നു..

“കുഴപ്പമൊന്നുമില്ല..ബ്ലഡ് പ്രഷർ കൂടിയതിന്റെയാണ്..ഇപ്പോ നോർമലാണ്..കുട്ടി ഒന്നു റെസ്റ്റ് എടുത്തോട്ടെ…ആർക്കെങ്കിലും ഒരാൾക്ക് കയറി കാണണമെങ്കിൽ കാണാം..” ഡോക്ടർ പറഞ്ഞത് കേട്ട് ഞാൻ അവളുടെ ഉമ്മയുടെ മുഖത്തേക്ക് നോക്കി..

“ഉമ്മ കയറിക്കോളൂ”  ഞാൻ പറഞ്ഞു..

ഇക്കയുടെ മുഖത്തേക്കൊന്നു നോക്കിക്കൊണ്ട് അവർ അകത്തേക്കു കയറിപോയി…

ഇക്കയുടെ മുഖത്ത് ഒരയവുവന്നപോലെ എനിക്കു തോന്നിയിരുന്നു..

എന്നെ അഭിമുഖീകരിക്കാനുളള മടി കാരണം മൂപ്പര് വരാന്തയുടെ അടുത്തുളള ജനലിലൂടെ പുറത്തേക്കു നോക്കിക്കൊണ്ട് നിൽക്കുകയാണ്..

അല്ലേലും ഞങ്ങൾ തമ്മിൽ അത്രക്കു പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല..മൂപ്പർക്ക് എന്നെ ചെറുപ്പം മുതൽക്കേ അറിയാം…

അതു മനസ്സിലാക്കി ഞാൻ പതിയെ ഇക്കയുടെ  പിന്നിൽ വന്നു നിന്നു…

“ഇക്കാ”….ഞാൻ വിളിച്ചത് കേൾക്കാത്തപോലെ അയാൾ അങ്ങനെ തന്നെ നിന്നു…

“നിങ്ങളെ ആരേയും വിഷമിപ്പിക്കണമെന്ന് ഞങ്ങൾക്കാഗ്രഹമില്ല..പരസ്പരം പിരിയാനാവാത്ത വിധം ഞങ്ങളടുത്തു പോയി..അവൾക്ക് ഇക്കയെന്നു വച്ചാ ജീവനാണ്..തിരിച്ച് ഇക്കയ്ക്കും അങ്ങനെയാണന്നറിയാം..അവളെപ്പോഴും പറയും ഉപ്പയില്ലാത്ത അവൾക്ക് ഇക്കയാണ് എല്ലാം എന്ന് ആ ഇക്കയെ വിഷമിപ്പിക്കുന്ന ഒന്നും തന്നെ  അവൾ ചെയ്യില്ല എന്നും..

എല്ലാം കേട്ടുകൊണ്ട് അയാൾ ജനലിലൂടെ പുറത്തേക്കു നോക്കിക്കൊണ്ടു തന്നെ നിൽക്കുകയാണ്…

അതു കൊണ്ടാ ഞാൻ അമ്മയേയും കൂട്ടി പെണ്ണു ചോദിക്കാനായി വീട്ടിലേക്കു വന്നത്..പക്ഷെ ഇക്കയന്ന് മതത്തിന്റെ പേരു പറഞ്ഞ് ഞങ്ങളെ ഇറക്കിവിട്ടു..മതങ്ങളൊക്കെ മനുഷ്യരെ തമ്മിൽ യോചിപ്പിക്കാനുളളതല്ലേ ഇക്കാ..”

ഒന്നും തിരിച്ചു പറഞ്ഞില്ലെങ്കിലും അയാളെല്ലാം കേൾക്കുന്നുണ്ടെന്ന് എനിക്കു മനസ്സിലായി..ഞാൻ തുടർന്നു..

“ശരിയാണ് ഇക്കാ നിങ്ങളുമായി ബന്ധമാലോചിക്കാനുളള യോഗ്യതയൊന്നും ഞങ്ങൾക്കില്ല..പക്ഷെ ഒന്നു ഞാനുറപ്പുതരാം ഇക്കയുടെ പെങ്ങൾ എന്റെ വീട്ടിൽ എന്നും സന്തുഷ്ടയാ യിരിക്കും..അവൾക്ക് അവളുടെ ആചാരങ്ങൾ പിന്തുടരുന്നതിൽ എനിക്കോ വീട്ടു കാർക്കോ ഒരെതിർപ്പുമില്ല..തന്നെയുമല്ല ഓണവും പെരുന്നാളും ഞങ്ങളൊന്നിച്ച് ആഘോഷിക്കുക തന്നെ ചെയ്യും..ഇപ്പോഴും ഞാൻ നിങ്ങളെ ഇക്കയെന്നു വിളിക്കുന്നത് അതുകൊണ്ട് തന്നാ..

ഒരു മറുപടിക്കുവേണ്ടി ഞാൻ കാത്തു നിന്നെങ്കിലും അതുണ്ടായില്ല…

“മോനേ ഈ മരുന്ന് വാങ്ങിക്കണം..” ഉമ്മ ഇക്കയുടെ നേരെ കുറിപ്പ് നീട്ടി..

“ഇങ്ങു തന്നേക്ക് ഉമ്മാ..ഞാൻ വാങ്ങിച്ചുകൊണ്ടു വരാം”..ഞാൻ പറഞ്ഞു..

“വേണ്ട” ഇക്കയുടെ ശബ്ദം കനത്തു..

അയാൾ ആ കുറിപ്പ് ഉമ്മയുടെ കയ്യിൽ നിന്നും വാങ്ങിച്ചു..

അമ്പരന്നു നിന്നിരുന്ന എന്റെ തോളത്ത് കൈവച്ച്  ഇക്ക ഇതു കൂടി പറഞ്ഞു..

“അതൊക്കെ നിങ്ങടെ കല്യാണം കഴിഞ്ഞിട്ട് മതി..അതുവരെ അവൾക്ക് ഈ ഇക്കയുണ്ട്”

ഉമ്മ ഇക്കയുടെ മുഖത്തേക്കു ആശ്ചരൃത്തോടെ  നോക്കി..

“ഇക്ക് സമാധാനായി ഉമ്മാ..ഓൻ മ്മ്ടെ നാസിനെ പൊന്നുപോലെ നോക്കിക്കൊളളും..ഓൾടെ സന്തോഷത്തിനുവേണ്ടിയല്ലേ ഉമ്മാ മ്മള് ഇക്കണ്ട ക്കാലം ജീവിച്ചത്..മ്മക്ക് ഇതു നടത്തിക്കൊടു ക്കാം”……

ഉമ്മയുടെ കണ്ണിൽ നനവുപടർന്നിരുന്നു..

“അതാണ് പടച്ചോന്റെ തീരുമാനമെങ്കീ അതങ്ങനെ തന്നെ നടക്കട്ടെ മോനേ”…

****വീട്ടുകാർ അങ്ങിനെയാണ് ആദൃം കുറച്ച് മുറു മുറുപ്പ് കാണിക്കുമെങ്കിലും അവസാനം അവരുടെ മനസ്സിൽ നിങ്ങളോട് സ്നേഹം മാത്രമേയുണ്ടാവൂ അതുകൊണ്ട് ഓടിപ്പോകും മുമ്പ് അവരെപ്പറ്റി ഒന്നാലോചിക്കുക..കാത്തിരിക്കുക നിങ്ങളുടെ സ്നേഹം സതൃമാണെന്ന് അവർക്ക് ബോധൃപെടുന്നത് വരെ****

~പ്രവീൺ ചന്ദ്രൻ