ആഹാ പിറന്നാളുകാരിയാണോ ഇങ്ങനെ നാണം കുണുങ്ങി നിൽക്കുന്നെ നോക്കട്ടെ ഞാനൊന്നു ശരിക്കും….

ആമി

Story written by Aparna Dwithy

=================

‘ചേച്ചി…പുസ്തകം വേണോ ?’

തിരിഞ്ഞു നോക്കുമ്പോൾ ഒരു ഡ്രോയിങ് ബുക്ക് എനിക്ക് നേരെ നീട്ടി അവൾ നിൽക്കുന്നു. ഒരു എട്ടു വയസ് പ്രായം കാണും. എന്നും തിരക്ക്പിടിച്ചോടുന്നതിനിടയിൽ അവളെ പുസ്തകങ്ങളുമായി കാണാറുണ്ട്. എന്നെ  കാണുമ്പോളൊക്കെ അവൾ പരിചയ ഭാവത്തിൽ ചിരിക്കും.  തിരക്ക് പിടിച്ചോടുന്നതിനിടയിൽ ഞാനാ ചിരി കണ്ടില്ലെന്നു നടിക്കും.

‘ചേച്ചി…..പുസ്തകം വാങ്ങിക്കുന്നോ ? ‘ അവളുടെ ചോദ്യം എന്നെ ചിന്തയിൽ നിന്നും ഉണർത്തി

അവളുടെ കയ്യിൽ നിന്നും ഞാനാ പുസ്തകം വാങ്ങി താഴുകൾ വെറുതെ മറിച്ചുനോക്കി പറഞ്ഞു, “എനിക്കെന്തിനാ മോളേ ഈ പുസ്തകം?”

അതു കേട്ടതും അവളുടെ മുഖത്തെ ചിരി മങ്ങി.

‘ചുമ്മാ വാങ്ങിച്ചോ ചേച്ചി ‘ അവൾ വീണ്ടും പറഞ്ഞു.

ഞാനാ പുസ്തകം അവൾക്ക് തിരിച്ചു കൊടുത്തിട്ട് ഒരു ഇരുപത് രൂപ അവൾക്ക് നേരെ നീട്ടി പറഞ്ഞു , “മോളിത് വെച്ചോളൂ എനിക്ക് പുസ്തകമൊന്നും വേണ്ട. “

‘വേണ്ട ചേച്ചി എനിക്ക് ഈ പുസ്തകം വിറ്റ് കിട്ടുന്ന പൈസ മതി. വെറുതെ ആരോടും പൈസ വാങ്ങിക്കരുത് എന്ന് അമ്മ പറഞ്ഞിട്ടുണ്ട് ‘ അവൾ പറഞ്ഞു.

അവളുടെ നിഷ്കളങ്കമായ മറുപടി കേട്ട് എനിക്ക് പുസ്തകം വാങ്ങാതിരിക്കാൻ തോന്നിയില്ല

“ശരി എങ്കിൽ എനിക്കും തന്നേക്ക് ഒരു പുസ്തകം. ഞാനും ഒന്ന് വരയ്ക്കാൻ പഠിച്ചേക്കാം “

അവൾ ഒരു കുസൃതിച്ചിരി ചിരിച്ചു പുസ്തകം എനിക്ക് നേരെ നീട്ടി.

“മോളുടെ പേരെന്താ ?”

‘ആമി ‘

“ആഹാ ആമിക്കുട്ടീടെ വീടെവിടെയാ?”

‘ദോ….അവിടെയാ…… ‘ അവൾ അടുത്തുള്ള കെട്ടിടത്തിന്റെ ഇടയിൽ കൂടിയുള്ള ഒരു വഴിയിലേക്കു വിരൽ ചൂണ്ടി പറഞ്ഞു.

“ആമിക്കുട്ടീടെ വീട്ടിൽ ആരൊക്കെയുണ്ട് ?”

‘അമ്മേം പിന്നേ കുഞ്ഞോളും  ‘

“ആണോ”

‘ങും. ചേച്ചീടെ വീട്ടിലോ ‘

“എന്റെ വീട്ടിലോ….അമ്മയുണ്ട് അച്ഛനുണ്ട് അനിയൻകുട്ടനുണ്ട് ചേച്ചിയുണ്ട് പിന്നേ ചേച്ചിടെ ഒരു കുഞ്ഞുമോളും ഉണ്ട് “

‘ഇത്രേം പേരുണ്ടോ അപ്പോ നല്ല രസായിരിക്കുമല്ലേ ‘ അവൾ അവളുടെ ഉണ്ടക്കണ്ണുകൾ വിടർത്തി കൗതുകത്തോടെ ചോദിച്ചു.

“പിന്നെല്ലാതെ ” ഞാൻ ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു.

“അപ്പോ ആമികുട്ട്യേ…..ചേച്ചീടെ ബസ് വരാറായി നാളെ കാണാംട്ടോ “

‘ങും ‘

“റ്റാറ്റാ…. ” ഞാൻ അവൾക്കു നേരെ കൈ വീശി ബസ് സ്റ്റോപ്പിലേക്ക് നടന്നു.

പിറ്റേന്ന് ഓഫീസിലേക്ക് പോകാൻ നേരം ആമി എന്നെയും പ്രതീക്ഷിച്ചു നിൽക്കുവായിരുന്നു.

“ഗുഡ് മോണിങ് ആമികുട്ട്യേ ” അവളെ കണ്ട ഉടനെ ഞാൻ പറഞ്ഞു.

‘എന്തേ ചേച്ചി വൈകിയേ ‘

“ബസ് കിട്ടിയില്ല മോളേ. അപ്പോ ചേച്ചി പോട്ടെ ഇപ്പോ തന്നെ വൈകി “

‘ചേച്ചി ഇത് ചേച്ചിക്കാ ‘ അവൾ ഒരു പേപ്പർ എനിക്ക് നേരെ നീട്ടി പറഞ്ഞു.

“ആഹാ ഞാൻ പിന്നേ നോക്കാംട്ടോ ഓഫീസിൽ എത്തട്ടെ ” ഞാനാ പേപ്പറും വാങ്ങി ഓഫീസിലേക്ക് ഓടി.

ഓഫീസിൽ എത്തി ആ പേപ്പർ തുറന്നു നോക്കിയപ്പോൾ അത്ഭുതപ്പെട്ടു പോയി ഞാൻ. എന്നെ നല്ല ഭംഗിയായി വരച്ചു വെച്ചിരിക്കുന്നു ആ എട്ടുവയസുകാരി.

വൈകുന്നേരം ഓഫീസിൽ നിന്നും ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ എന്നെയും കാത്തിരിക്കുവായിരുന്നു നമ്മുടെ ആമി.

“ആമികുട്ട്യേ….താൻ ആളു കൊള്ളാലോഡോ. പടം വരച്ചത് നന്നായിട്ടുണ്ട്ട്ടോ ” അവൾ നിഷ്കളങ്കമായി ചിരിച്ചു.

“ഇനിയും വരയ്ക്കണംട്ടോ ” ഞാൻ അവളുടെ തോളിൽ തട്ടി അഭിനന്ദിച്ചു.

പിന്നീടങ്ങോട്ടുള്ള എല്ലാ ദിവസങ്ങളിലും ആമി എനിക്കായി കാത്തിരിക്കും വിശേഷങ്ങൾ പങ്കുവയ്ക്കാൻ.

ഒരു ദിവസം രാവിലെ ആമിക്കുട്ടി പതിവില്ലാതെ പുതിയ ഉടുപ്പൊക്കെ ഇട്ട്‌ ചന്ദനകുറിയൊക്കെ തൊട്ടു നിൽക്കുവായിരുന്നു,

“എന്തേ ആമിക്കുട്ടി ഇത്, സുന്ദരി മോളായിട്ടുണ്ടല്ലോ “

ആമിക്കുട്ടി നാണത്തോടെ പറഞ്ഞു

‘ഇന്നെന്റെ പിറന്നാളാ’

“ആഹാ പിറന്നാളുകാരിയാണോ ഇങ്ങനെ നാണം കുണുങ്ങി നിൽക്കുന്നെ നോക്കട്ടെ ഞാനൊന്നു ശരിക്കും “

ആമിക്കുട്ടി പിന്നെയും നാണത്തോടെ മുഖം കുനിച്ചു.

“ആമിക്കുട്ടിക്ക് എന്താ വേണ്ടത് പിറന്നാളായിട്ട്….. ?”

‘ചേച്ചി ഇന്ന് വൈകിട്ട് എന്റെ വീട്ടിൽ വരാമോ…. ? അമ്മയോട് പറഞ്ഞിട്ടുണ്ട് ചേച്ചിയെ കുറിച്ച്…അമ്മയ്ക്കും കാണണമെന്നു പറഞ്ഞു ചേച്ചിനെ.  വരാമോ….. ?’

“പിന്നെന്താ ആമികുട്ട്യേ ഞാൻ വരാമല്ലോ, അപ്പോ ശരി വൈകിട്ട് കാണാംട്ടോ “

ഞാൻ ഓഫീസിലേക്ക് നടന്നു.

വൈകിട്ട് ഞാൻ നേരത്തെ ഇറങ്ങി. ആമിക്കുട്ടിക്ക് ഒരു സമ്മാനം വാങ്ങുകയായിരുന്നു ലക്ഷ്യം. എന്ത് വാങ്ങുമെന്നാലോചിച്ചു നടക്കുമ്പോളാണ് അവളു വരച്ച ചിത്രം എന്റെ മനസിലേക്ക് വന്നത് പിന്നേ അധികം ആലോചിച്ചു നിന്നില്ല അവൾക്കായി ഞാനൊരു ഡ്രോയിങ് കിറ്റ് വാങ്ങിച്ചു.

ഞാൻ ചെല്ലുമ്പോളേക്കും ആമിക്കുട്ടി പുസ്തകങ്ങളുമായി നിൽക്കുകയായിരുന്നു. എന്റെ കണ്ടതും അവൾ ഓടി വന്നു,

‘ചേച്ചി നേരത്തെ ആണല്ലോ ഇന്ന് ‘

“അതെല്ലോ, ഇന്നെനിക്ക് എന്റെ ആമിക്കുട്ടീടെ വീട്ടിൽ പോവാനുണ്ട് അതോണ്ടാ നേരത്തെ “

അവൾ ഒരു കുസൃതി ചിരി ചിരിച്ചു പറഞ്ഞു,

‘വാ ചേച്ച്യേ…….. ‘ എന്നിട്ട് എന്റെ  കൈയും പിടിച്ചു ഒറ്റ ഓട്ടമായിരുന്നു.

“പതിയെ പോ എന്റെ ആമികുട്ട്യേ…..”

അവൾ വേഗത കുറച്ചു ആ ഇടവഴിയിലൂടെ എന്റെ കൈയ്യും പിടിച്ചു നടന്നു

ഒരു പത്തു മിനിറ്റ് നടന്നു കഴിഞ്ഞപ്പോൾ ഒരു ബിൽഡിങ്ങിനു പിറകിലുള്ള ഒരു കൊച്ചു ഷെഡിനു മുന്നിൽ ഞങ്ങളെത്തി. ആമിക്കുട്ടി ആ ഷെഡിനകത്തേക്കു നോക്കി നീട്ടി വിളിച്ചു,

‘അമ്മേ….ഞങ്ങളെത്തി ‘

‘ചേച്ചി ഇതാ എന്റെ വീട് ‘ അവൾ എനിക്ക് നേരെ തിരിഞ്ഞു പറഞ്ഞു.

അപ്പോളേക്കും അവളുടെ കൊച്ചു വീടിനകത്തു നിന്നും ക്ഷീണിച്ച മുഖവുമായി ഒരു സ്ത്രീ പുറത്തേക്ക് വന്നു.

‘അമ്മേ ഇതാ ഞാൻ പറയാറുള്ള ചേച്ചി ‘ അവൾ അമ്മയ്ക്ക് എന്നെ പരിചയപ്പെടുത്തി.

“വാ മോളേ അകത്തേക്ക് കയറൂ….. ” അമ്മ എന്നെ അകത്തേക്ക് ക്ഷണിച്ചു.

ഞാൻ അകത്തേക്ക് കയറി. ഒറ്റ മുറിമാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷേ അതിനകത്തു എല്ലാ സാധനങ്ങളും അടുക്കി വെച്ചിരിക്കുന്നു. അപ്പോളേക്കും ആമിക്കുട്ടി എനിക്കായി ഒരു  പഴയ കസേര കൊണ്ടുവന്നു തന്നു.

‘ഇരിക്ക് ചേച്ച്യേ….. ‘

ഞാൻ അതിലിരുന്നു. അപ്പോളേക്കും ഒരു രണ്ടുവയസുകാരി ഉറക്കം എഴുന്നേറ്റു ആമിക്കുട്ടീടെ അടുത്തേക്ക് വന്നു.

‘ചേച്ച്യേ…. ഇതാ എന്റെ കുഞ്ഞോള്,  അമ്മൂട്ടി ‘

“ആഹാ,  അമ്മൂട്ടിയേ ചേച്ചീടെ അടുത്തേക്ക് വന്നേ ഞാനൊന്നു കാണട്ടെ ആമിക്കുട്ടീടെ കുഞ്ഞോളെ “

അവൾ എന്റെ അടുത്തേക്ക് ഓടി വന്നു.  ഞാൻ ബാഗിൽ നിന്നും രണ്ടു ചോക്ലേറ്റ് എടുത്ത് കുഞ്ഞോൾക്ക് കൊടുത്തു.  അവളതും വാങ്ങിച്ചു ആമീടെ അടുത്തേക്ക് പോയി.

“എന്നും ഇവൾക്ക് മോളേ കുറിച്ചു പറയാനേ നേരമുള്ളൂ ” ആമിക്കുട്ടീടെ അമ്മ പറഞ്ഞു.

“മോളിരിക്ക് ഞാൻ കട്ടൻ ചായ ഇടാം.  പാലില്ല മോൾക്ക് ഇഷ്ട്ടാവോ “

‘അതിനെന്താ അമ്മേ ഞാൻ കുടിച്ചോളാം ‘

അമ്മ ചായ ഇടനായി പോയി. ആമിക്കുട്ടി ഒരു ബുക്ക് എനിക്ക് തന്നിട്ട് പറഞ്ഞു, ‘ഞാൻ വരച്ച ചിത്രങ്ങളാ ചേച്ച്യേ ‘

ഓരോ താഴുകൾ മറിക്കുമ്പോളും ആ എട്ടു വയസുകാരി എന്നെ അത്ഭുതപ്പെടുത്തികൊണ്ടിരുന്നു. അപ്പോളാണ് ഞാൻ അവൾക്കായി വാങ്ങിയ സമ്മാനത്തെ കുറിച്ചോർത്തത്‌.  ഞാൻ ബാഗിൽ നിന്നും ഡ്രോയിങ് കിറ്റ് എടുത്ത് ആമിക്കുട്ടിക്ക് നീട്ടിയിട്ട് പറഞ്ഞു,

“ഇത് പിറന്നാളുകരിക്കുള്ള ചേച്ചീടെ സമ്മാനം.  ഇനിയും ഒരുപാട് വരയ്കണംട്ടോ. ” അത് വാങ്ങിക്കുമ്പോൾ ആമിക്കുട്ടീടെ കണ്ണുനിറഞ്ഞിരുന്നു.

“അയ്യേ പിറന്നാള്കാരി കരയുവാനോ “

‘എനിക്ക് ആദ്യായിട്ടാ ചേച്ചി ഒരു സമ്മാനം കിട്ടണത്.

അവൾ കുറച്ചു പുസ്തകങ്ങൾ എടുത്ത് എനിക്ക് കാണിച്ചിട്ട് പറഞ്ഞു ‘ഇതൊക്കെ കണ്ടോ ഞാൻ കുഞ്ഞോളെ പഠിപ്പിക്കാൻ വേണ്ടി സൂക്ഷിച്ചു വെച്ചതാ. കുഞ്ഞോളെന്നെ പോലെ ആവാൻ പാടില്ല്യ. കുഞ്ഞോളെ ഞാൻ സ്കൂളിൽ വിട്ടു പഠിപ്പിക്കും. അവളു പഠിച്ചിട്ട് ഒരുപാട് സമ്മാനം വാങ്ങിക്കും. നല്ല ജോലിയൊക്കെ വാങ്ങിച്ചിട്ട് അമ്മേടെ ദീനം ഒക്കെ ചികിൽസിച്ചു മാറ്റും. അല്ലേ കുഞ്ഞോളെ…. ‘ അവൾ അനിയത്തിയെ ചേർത്ത് പിടിച്ചു പറഞ്ഞു.

അവളോടെനിക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു. ആ എട്ടുവയസുകാരിയോട് എനിക്ക് ബഹുമാനം തോന്നി

ചായ കുടിച്ചു അവിടെനിന്നും ഇറങ്ങിയപ്പോൾ മനസ്സ് നിറയെ ആമിയായിരുന്നു.

കറിക്ക് ഉപ്പുപോരെന്നും ഡ്രെസ്സിനു നിറം പോരെന്നും പറഞ്ഞു വലിച്ചെറിയുന്ന എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.  ഇത്രയും സുഖസൗകര്യങ്ങൾ ഉണ്ടായിട്ടും അതൊന്നും പോരാ എന്ന് പലതവണ മനസ്സിൽ തോന്നിയിട്ടുണ്ട്.

ആമി…..നി എല്ലാവർക്കും ഒരു പാഠമാണ്. സ്വാർത്ഥതയോടെ, സ്വന്ത-ബന്ധങ്ങൾ മറന്നു ജീവിക്കുന്ന ഇന്നത്തെ സമൂഹം നിന്നിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്.

ആമി….നിന്റെ സ്വപ്‌നങ്ങൾ സഫലമാവാൻ ഈശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ…….!

~അപർണ