പുറത്തേയ്ക്ക് നോക്കിയിരിക്കുന്നു, അല്ലാതെന്ത് ചെയ്യാനാണ് ജോലിയൊന്നും ചെയ്യിക്കരുതെന്നും ഭക്ഷണം സമയാസമയങ്ങളിൽ….

Story written by Saji Thaiparambu

=================

അനൂ, അമ്മ എന്തിയേടീ..

ട്രാവൽ ബാഗ് ടീപ്പോയിൽ വച്ചിട്ട് സ്വരാജ് ആദ്യം തിരക്കിയത് അമ്മയെക്കുറിച്ചായിരുന്നു

ബാൽക്കണിയിലുണ്ട് ചേട്ടാ ,,,

അവിടെ എന്ത് ചെയ്യുന്നു,?

പുറത്തേയ്ക്ക് നോക്കിയിരിക്കുന്നു, അല്ലാതെന്ത് ചെയ്യാനാണ് ജോലിയൊന്നും ചെയ്യിക്കരുതെന്നും ഭക്ഷണം സമയാസമയങ്ങളിൽ കൊടുക്കണമെന്നും അമ്മയ്ക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നുമൊക്കെ എനിക്ക് നിർദ്ദേശം തന്നിട്ടല്ലേ സ്വരാജേട്ടൻ രണ്ടീസം മുൻപ് ബിസിനസ്സ് ടൂറിന് പോയത്? അത് ഞാൻ അക്ഷരംപ്രതി അനുസരിച്ചിട്ടുണ്ട് ,രാവിലെ ഉറക്കമെഴുന്നേറ്റയുടൻ അടുക്കളയിൽ കയറി വന്നായിരുന്നു,,കറിക്കരിഞ്ഞ് തരാം ,തേങ്ങ ചിരണ്ടി തരാം ,മീൻ മുറിച്ച് തരാമെന്നെല്ലാം പറഞ്ഞെങ്കിലും, ഞാനൊന്നിനും സമ്മതിച്ചില്ല,സ്വരാജേട്ടൻ പറഞ്ഞത് പോലെ ,ഈ പ്രായത്തിനുള്ളിൽ പാവം അമ്മ കുറെ കഷ്ടപ്പാടുകൾ സഹിച്ചതല്ലേ? ഇനിയെങ്കിലും അവരൊന്ന് വിശ്രമിക്കട്ടേ,,,

നേരാണ് അനൂ..അമ്മ ഞങ്ങള് അഞ്ചാറ് മക്കളെ വളർത്തിയെടുക്കാൻ ഒത്തിരി ബുദ്ധിമുട്ടുകൾ സഹിച്ചിട്ടുണ്ട്, ഞങ്ങടെ വയറ് നിറയ്ക്കാനായി അമ്മ എത്രയോ ദിവസങ്ങൾ മുണ്ട് മുറുക്കിയുടുത്തിട്ടുണ്ട് ,ഞങ്ങളൊക്കെ വളർന്ന് ഓരോ പൊസിഷനിലായിട്ടും , അമ്മയ്ക്ക് സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കണമെന്ന നിലപാട് തന്നെയായിരുന്നു ,അത് കൊണ്ടാണ് അച്ഛൻ മരിച്ചിട്ട് പോലും, ആ മണ്ണ് വിട്ട്, അമ്മ നമ്മളോടൊപ്പം വരാതിരുന്നത്,,

പക്ഷേ ,,സ്വരാജേട്ടാ,,,നമ്മളെത്രയൊക്കെ സ്നേഹിച്ചിട്ടും അമ്മയ്ക്കെന്തോ ഒരു സന്തോഷമില്ല

അത് പിന്നെ ഈ ഫ്ളാറ്റിനകത്ത് തന്നെ ഇങ്ങനെ അടച്ച് പൂട്ടി ഇരിക്കുന്നത് കൊണ്ടാണ് ,ഞാനെന്തായാലും രണ്ടീസം ലീവാണ്, നമുക്ക് ഊണ് കഴിഞ്ഞ് ഒരു ഔട്ടിങ്ങിന് പോയാലോ?

അത് കൊള്ളാം നല്ല ഐഡിയ,അപ്പോഴേയ്ക്കും കുട്ടികളും സ്കൂളിൽ നിന്ന് വരും

ഓകെ അപ്പോൾ ഞാനൊന്ന് അമ്മയെ കണ്ടിട്ട് വരാം,, നീ വേഗം ലഞ്ച് റെഡിയാക്കിക്കോ

ശരിയേട്ടാ ,,,

സ്വരാജ് സ്റ്റെപ്പുകൾ കയറി, ബാൽക്കണിയിലെത്തുമ്പോൾ അമ്മ, വിദൂരതയിലേയ്ക്ക് കണ്ണ് നട്ടിരിക്കുകയായിരുന്നു.

ആങ്ഹാ,,അമ്മയിവിടെയിരുന്ന് മെട്രോ ടെയിനിൻ്റെ എണ്ണമെടുക്കുകയായിരുന്നല്ലേ?കൊള്ളാമല്ലോ ? ങ്ഹാ മതി മതി ഇനി താഴേയ്ക്ക് വന്നേ,, ഞാൻ അമ്മയ്ക്ക് ഇഷ്ടമുള്ള എള്ളുണ്ടയും, അരിമുറുക്കുമൊക്കെ കൊണ്ട് വന്നിട്ടുണ്ട് സലാലയിലെ ഒരു മലപ്പുറംകാരൻ്റെ ഷോപ്പീന്ന് വാങ്ങിയതാണ്

അമ്മയെ ആശ്ളേഷിച്ച് കൊണ്ട് സ്നേഹത്തോടെ അയാൾ പറഞ്ഞു.

സായാഹ്നമായപ്പോൾ, അവർ ബുർജ്ജ് ഖലീഫയ്ക്കടുത്തുള്ള ആകാശം മുട്ടെ നില്ക്കുന്ന മറ്റൊരു ടവറിന് താഴെയുള്ള ടിക്കറ്റ് കൗണ്ടറിലെത്തി.

അത്രയും ഉയരത്തിലുള്ള ബിൾഡിങ്ങിൻ്റെ ലിഫ്റ്റിലേയ്ക്ക് അമ്മ കയറുന്നത് ആദ്യമായത് കൊണ്ട് ,ലിഫ്റ്റ് ഓണായപ്പോൾ.സ്വരാജ് തൻ്റെ വലത് കൈകൊണ്ട് അമ്മയെ ചേർത്ത് പിടിച്ചിരുന്നു.

അത് കണ്ട് തൻ്റെ ഇരു കൈകളിലും മക്കളെ തൂക്കിപ്പിടിച്ച് നിന്ന അനുവിൻ്റെ മുഖത്ത് നിഷ്കളങ്കമായൊരു മന്ദസ്മിതം വിരിഞ്ഞു.

നൂറ്റി ഇരുപത് നിലകളിലേയ്ക്ക് മാത്രമായുള്ള ആ ലിഫ്റ്റ്.ശരവേഗത്തിൽ മുകളിലെത്തിയപ്പോൾ, കൗതുകം വിരിയുമെന്ന് പ്രതീക്ഷിച്ച്, അമ്മയുടെ മുഖത്ത് നോക്കിയ സ്വരാജിന് കാണാൻ കഴിഞ്ഞത്, നിർവ്വികാരതയായിരുന്നു.

ദാ നോക്കിക്കേ അമ്മേ,,,ആ കാണുന്നതാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബിൾഡിങ്ങ് ,.ദിവസേന എത്ര പേരാണ് ഇതൊന്ന് കാണാൻ വേണ്ടി മാത്രം ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്ന് വരുന്നതെന്ന് അമ്മയ്ക്കറിയാമോ?ആഗ്രഹമുണ്ടായിരുന്നിട്ടും, അതിന് ഭാഗ്യമില്ലാത്ത ലക്ഷക്കണക്കിന് പേർ വേറെയുമുണ്ട് ,പക്ഷേ, എൻ്റെ അമ്മ ഭാഗ്യവതിയാണ് ,ഈ പ്രായത്തിലും അമ്മയ്ക്ക് ഇതൊക്കെ കാണാൻ പറ്റിയല്ലോ?

സ്വരാജ് ഓരോന്ന് പറഞ്ഞ് അമ്മയെ സന്തോഷിപ്പിക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു.

സ്വരാജേട്ടാ,,,ഇനി നമുക്ക് എന്തേലും കഴിക്കാം ,കുട്ടികൾക്കും വിശക്കുന്നുണ്ട്,,

അനു വിളിച്ച് പറഞ്ഞു.

ഓകെ ഡൺ, എങ്കിൽ വാ അമ്മേ ,,,അമ്മ ഇന്ന് വരെ കഴിച്ചിട്ടില്ലാത്ത അറബ്യൻ ഫുഡ് ഞാൻ വാങ്ങി തരുന്നുണ്ട്, നോക്കിക്കോ,,?

താഴത്തെ ഫ്ളോറിലെ.അതിവിശാലമായ റസ്റ്റോറൻ്റിലെ ശീതീകരിച്ച മുറിയിൽ ആവി പറക്കുന്ന ,സ്പെഷ്യൽ മന്തി ബിരിയാണി,അനുവും  കുട്ടികളും ആവേശത്തോടെ കഴിച്ചെങ്കിലും അമ്മ ലേശം രുചിച്ച് നോക്കുക മാത്രമാണ് ചെയ്തത്.

****************

നമ്മളിന്ന് അമ്മയെ സന്തോഷിപ്പിക്കാൻ എന്തെല്ലാമാണ് ചെയ്തത്? പക്ഷേ എല്ലാം വൃഥാവിലായല്ലോ സ്വരാജേട്ടാ …

രാത്രിയിൽ ബെഡ് റൂമിൽ വച്ച് AC യുടെ ടെമ്പറേച്ചർ കുറച്ച് കൊണ്ട് അനു നിരാശയോടെ പറഞ്ഞു.

ഞാനുമതാണ് ആലോചിക്കുന്നത് ,.നീ കിടന്നോ, ഞാൻ അമ്മയോടൊന്ന് സംസാരിച്ചിട്ട് ഇപ്പോൾ വരാം,,

അയാൾ അടുത്ത മുറിയിലേയ്ക്ക് പോയി.

അമ്മ കിടക്കുന്നില്ലേ?

ജനാലയിലൂടെ പുറത്തെ ഇരുട്ടിലേയ്ക്ക് നോക്കി നില്ക്കുന്ന അമ്മയോടയാൾ ആരാഞ്ഞു.

ഉറക്കം വരുന്നില്ലെടാ ,,,

അമ്മയ്ക്കെന്താ പറ്റിയെ? ഇവിടുത്തെ ഭക്ഷണമൊന്നും പിടിക്കുന്നില്ലേ?.അതോ ഞാനില്ലാത്തപ്പോൾ അനു എന്തേലും മോശമായി പെരുമാറിയോ?

അയ്യോ ഇല്ലടാ, അവളെൻ്റെ മോളെപ്പോലെയല്ലേ? പാവം ,,,

പിന്നെ എന്താണ് അമ്മയുടെ പ്രശ്നം? തുറന്ന് പറയു ,, അമ്മയ്ക്ക് എവിടെയെങ്കിലും തീർത്ഥയാത്ര പോകണമെന്നുണ്ടോ ?മൂകാംബികയിലോ, കേദർനാഥിലോ, ഹിമാലയൻ സാനുക്കളിലോ ? എവിടെ വേണമെങ്കിലും ഞാൻ കൊണ്ട് പോകാം,,

അവിടെയൊന്നും പോയാൽ എനിക്ക് സമാധാനം കിട്ടില്ലെടാ ,നിനക്ക് പറ്റുമെങ്കിൽ, കൈനകരിയിലെ നമ്മുടെ ആ  വീട്ടിൽ എന്നെയൊന്ന് തിരിച്ച് കൊണ്ട് പോടാ ,,അവിടെ ചെന്ന് കല്യാണിയെയും ബീപാത്തൂനെയും, തങ്കത്തിനെയുമൊക്കെ കണ്ടാൽ കിട്ടുന്ന സന്തോഷം, നീയെന്നെ ലോകത്തിൻ്റെ ഏത് കോണിൽ കൊണ്ട് പോയാലും ഉണ്ടാവില്ല,,,

അത് കേട്ട് സ്വരാജ് അമ്പരന്ന് പോയി

പക്ഷേ അമ്മേ,,,ഞങ്ങൾക്ക് പെട്ടെന്ന് ഇവിടെ നിന്ന് അങ്ങോട്ടേക്ക് സെറ്റിൽഡാവാൻ കഴിയില്ല, അതമ്മയ്ക്കറിയാല്ലോ? അമ്മയെ തനിച്ചവിടെ നിർത്താനും എനിക്ക് പറ്റില്ല,,

അതൊന്നും കുഴപ്പമില്ലെടാ, നിങ്ങളൊക്കെ ഓരോ വഴിക്ക് പോയപ്പോഴും, എന്നെയും നിൻ്റെ അച്ഛനെയുമൊക്കെ അവരല്ലെ നോക്കിയത് ,ഇന്നിപ്പോൾ അച്ഛനില്ലാത്തത് കൊണ്ട് എന്നെയവർ പൊന്ന് പോലെ നോക്കി കൊള്ളും,,അതാർത്ത് നീ പേടിക്കേണ്ട ,പിന്നെ നിൻ്റെ കയ്യിൽ, കണ്ടോണ്ട് സംസാരിക്കുന്ന ഫോണല്ലേ ഉള്ളത് ?അത് പോലൊരെണ്ണം എനിക്കും വാങ്ങിച്ച് തന്നാൽ, ദിവസവും കാണുകയും ചെയ്യാമല്ലോ ?എൻ്റെ സന്തോഷമാണ് നീ ആഗ്രഹിക്കുന്നതെങ്കിൽ, ഞാൻ പറഞ്ഞത് പോലെ ചെയ്യ് മോനേ ..

എങ്കിൽ ശരി അമ്മേ,,, ഞാൻ കമ്പനിയിൽ വിളിച്ച് ലീവ് ഒന്ന് ശരിയാക്കട്ടെ,, എന്നിട്ട് നമുക്ക് തിരിച്ച് പോകാം…

സ്വന്തം മുറിയിലേയ്ക്ക് തിരിച്ച് നടക്കുമ്പോൾ ,അയാളുടെ ഉള്ള് പൊടിയുന്നുണ്ടായിരുന്നു.

എല്ലാം നേടിയിട്ടും പ്രിയപ്പെട്ടതെന്തോ  കൈവിട്ട് പോയത് പോലൊരു തോന്നൽ….

കഥ അവസാനിച്ചു.

~സജി തൈപ്പറമ്പ്