അകലങ്ങളിൽ അടുക്കുന്നവർ…
Story written by Sebin Boss J
==============
”എബിയും രേഷ്മയും പിരിഞ്ഞു കൃഷ്ണേട്ടാ…എബി ഇപ്പോൾ വിളിച്ചിട്ടുണ്ടായിരുന്നു ”
ഉമ്മറത്തെ ചാരുകസേരയിലിരുന്ന് പത്രം വായിക്കുന്ന ഭർത്താവിന്റെ കയ്യിലേക്ക് ചായഗ്ലാസ് നീട്ടിക്കൊണ്ട് ശശികല പറഞ്ഞു
”താമസിച്ചുപോയോന്ന് സംശയം ” ചരമകോളത്തിലെ ചിത്രങ്ങളിൽ പരിചിതമായ മുഖങ്ങളുണ്ടോയെന്ന് നോക്കിക്കൊണ്ട് മുഖമുയർത്താതെ തന്നെ കൃഷ്ണേട്ടൻ പറഞ്ഞു
”എന്തായിത് കൃഷ്ണേട്ടാ …ഒരു കൂസലുമില്ലാതെ ? നമുക്കവർ മക്കളെപോലെയല്ലായിരുന്നോ? അവർ ചെറുപ്പമല്ലേ , കൃഷ്ണേട്ടനൊന്ന് സംസാരിച്ചുകൂടെ അവരോട് ?”
”അതുകൊണ്ടൊന്നും ഒരു കാര്യവുമുണ്ടെന്ന് തോന്നുന്നില്ല . പറഞ്ഞാൽ മനസിലാകുന്നവരോടല്ലേ സംസാരിക്കാനാകൂ ? രണ്ടാമതൊരു ചിന്തയോ, വിട്ടുവീഴ്ചകളോ ആരും ചെയ്യില്ല. എല്ലാവർക്കും ഇപ്പോൾ അവരവരുടെ ചിന്തകളാണ് ശെരി.” കൃഷ്ണേട്ടൻ പത്രത്തിൽ നിന്ന് മുഖമുയർത്തിയതേയില്ല
”എബി പറഞ്ഞു വേറെ വാടകക്കാരെ അന്വേഷിച്ചോളാൻ…ഈ ഞായറാഴ്ച വന്നു സാധനങ്ങളൊക്കെ എടുത്തോളാമെന്ന്…രേഷ്മേടെ ഫോൺ സ്വിച്ചോഫാണ് ”’ ശശികല വ്യസനത്തോടെ രണ്ടാം നിലയിലേക്ക് നോക്കി
രണ്ട് വർഷം മുൻപാണ് എബിയും രേഷ്മയും അവരുടെ രണ്ടാം നിലയിൽ വാടകക്ക് താമസത്തിന് വന്നത്. എബി ഐടി പ്രൊഫഷണലാണ്. രേഷ്മ ഹൌസ് വൈഫും . കല്യാണം കഴിഞ്ഞിട്ട് നാല് വർഷത്തോളമായി. പ്രണയവിവാഹമായിരുന്നതിനാൽ കുഞ്ഞുങ്ങളില്ലാത്ത ദുഃഖം അവരെ ബാധിച്ചിട്ടില്ലായെന്നാണ് ശശികലക്ക് ആദ്യം തോന്നിയിരുന്നത്. പിന്നെ പിന്നെ അവരുടെ സ്വകാര്യ കലഹങ്ങൾ മറ നീക്കി പുറത്തുവന്നു കൊണ്ടിരുന്നു
”കൃഷ്ണേട്ടാ … ഒരു കണക്കിന് നമ്മൾ തന്നെയല്ലേ അവർ . നമ്മുടേതും പ്രണയവിവാഹമല്ലായിരുന്നോ ? നാൽപ്പത്തിയഞ്ച് വർഷങ്ങൾ കഴിഞ്ഞു. ഈ കാലയളവിൽ ഒന്നോ രണ്ടോ ചെറിയ പിണക്കങ്ങൾ അല്ലാതെ എന്തേലും ഉണ്ടായിട്ടുണ്ടോ ? അതും കൃഷ്ണേട്ടന്റെ മുൻകോപം കൊണ്ടല്ലാതെ എന്റെ പക്കൽ നിന്ന് വല്ലതുമുണ്ടായിട്ടുണ്ടോ ?”
കൃഷ്ണേട്ടൻ കണ്ണടചില്ലിനു മുകളിലൂടെ ശശികലയെ ഒന്ന് നോക്കി. എന്നിട്ടൊന്ന് പുഞ്ചിരിച്ചു
”നോക്കണ്ട…ഞാൻ കാര്യമാ പറഞ്ഞെ . നിങ്ങളാ എബിയെ വിളിച്ചൊന്ന് സംസാരിക്ക്”’
”കോവിഡ് നിയന്ത്രണങ്ങൾ നീക്കുവാൻ സർക്കാർ തീരുമാനം .ഹ്മ്മ് അപ്പോൾ വർക്ക് അറ്റ് ഹോം ഒക്കെ മാറി എല്ലാർക്കും ഓഫീസിൽ പോകേണ്ടി വരുമല്ലോ ശശി … ”.പത്രത്തിലെ വാർത്തയിൽ കണ്ണോടിച്ചു കൃഷ്ണേട്ടൻ പറഞ്ഞു
”ഹ്മ്മ് ..നല്ലതല്ലേ .. എല്ലാരും വീട്ടിലിരുന്ന് മടുത്തിട്ടുണ്ടാകും. സ്കൂൾ കോളേജൊക്കെ അല്ലെങ്കിലും നേരത്തെ തന്നെ തുറന്നാരുന്നല്ലോ ” ശശികല പത്രത്തിലേക്ക് ഒന്നെത്തി നോക്കി
”ഹ്മ്മ് … വായിച്ചോ . ” കൃഷ്ണേട്ടൻ പത്രം ശശികലക്ക് കൊടുത്തിട്ട് ചായഗ്ലാസ് എടുത്തുമോത്തിക്കൊണ്ട് ഗേറ്റിന് വെളിയിലേക്ക് നോക്കി
വലിയ ഗേറ്റിനപ്പുറം ഹൈവേയാണ്. നഗരത്തിന്റെ തിരക്കുകൾ തുടങ്ങുകയായി. റോഡിലൂടെ ചീറി പായുന്ന വാഹനങ്ങൾ. എല്ലാവരും സമയമില്ലാതെ പായുകയാണ്…ജീവിതത്തെ കൂട്ടിമുട്ടിക്കുവാനായി അശ്രാന്തം പണിയെടുക്കുന്നവർ .
വർഷം നാല് കഴിഞ്ഞിരിക്കുന്നു ഈ നഗരത്തിന്റെ തിരക്കുകൾ കാണുവാൻ തുടങ്ങിയിട്ട്
ഇവിടെനിന്നും അറുപതോളം കിലോമീറ്ററകലെ അധികം വികസനം പോലുമെത്തി നോക്കാത്ത ഗ്രാമത്തിലായിരുന്നു ജനനം. ശശികലയും അവിടെയടുത്തുതന്നെ ..തറവാട്ട് വിഹിതമായി കിട്ടിയ നാലരയേക്കറിൽ ഒരു കൊച്ചുവീട് വെക്കുകയായിരുന്നു ജോലി കിട്ടിയ ഉടൻ ചെയ്തത് . ട്രാൻസ്ഫർ എവിടെയാണെങ്കിലും മാസാവസാനം വന്നുപോകുമായിരുന്നു . വീട്ടിൽ ശശികലക്ക് കൂട്ട് അവളുടെ അമ്മയുണ്ടായിരുന്നു. പ്രണയവിവാഹമായതിനാൽ ശശികലയുടെ കുലമഹിമയും സമ്പത്തും പറഞ്ഞു തന്റെ സഹോദരങ്ങൾ ഒന്നും എത്തിനോക്കാറില്ലായിരുന്നു
അമ്മ മരിച്ചപ്പോൾ ശശികല ആകുന്നത് പറഞ്ഞതാണ് കൂടെ വരുന്നെന്ന് . പെൻഷനാകാൻ ആറേഴ് വർഷങ്ങൾ കൂടി ഉണ്ടായിരുന്നു .അതുവരേക്കും ക്ഷമിക്കാൻ പറഞ്ഞു . ജോലിയിൽ ലഭിച്ച ശമ്പളവും പറമ്പിലെ ആദായവുമൊക്കെ ഒക്കെ കൊണ്ട് വർഷങ്ങൾ മുൻപേ വാങ്ങിയിട്ടതാണ് ഈ സ്ഥലം . കാലങ്ങൾ പിന്നിട്ടപ്പോൾ നഗരത്തിൽ നിന്നൽപം മാറിയുള്ള ഈ സ്ഥലത്തിന്റെ കുറച്ചുഭാഗം ഹൈവേക്കായി സർക്കാരേറ്റെടുത്തു. നഷ്ടപരിഹാരമായി കിട്ടിയ പണം കൊണ്ട് ഒരു വീട് പണിതു , മുന്നിലായി നാലഞ്ച് കടമുറികളും. എല്ലാം വാടകക്ക് കൊടുത്തിരിക്കുകയാണ് . കോവിഡ് ആയപ്പോൾ അതിലുണ്ടായിരുന്ന ഹോട്ടൽ അടച്ചു പോയി . ഒരു ഷട്ടർ മുൻവശത്തും ബാക്കി മൂന്ന് ഷട്ടറിന്റെ വലിപ്പത്തിൽ ബാക്ക്സ്പേസും ഉള്ള നല്ലൊരു ഏരിയ ആണ് ഒഴിഞ്ഞു കിടക്കുന്നത്
” ശശീ…നീ രേഷ്മക്ക് ഒന്ന് മെസേജ് ഇട് ഇങ്ങോട്ടൊന്ന് വരാൻ . ഞാൻ എബിയെയും വിളിക്കാം ”
”ആ…ബെസ്റ്റ് ആളിനാ മെസേജ് ഇടുന്നത്. അവൾ വാട്സപ്പൊന്നും നോക്കില്ല”
കൃഷ്ണേട്ടൻ ശശികലയെ നോക്കി ഒന്ന് ചിരിച്ചു ,
”നോക്കണ്ട ..ഞാൻ എല്ലാം നോക്കാറുണ്ട് ” മൊബൈൽ സ്ക്രീനിൽ ഫേസ്ബുക്ക് കാണിച്ചുകൊണ്ട് ശശികല ചിരിച്ചു
”എന്തായാലും നീ ഒന്ന് കൂടി വിളിച്ചു നോക്ക് ” കൃഷ്ണേട്ടൻ ഒന്ന് കൂടി ഓർമിപ്പിച്ചിട്ടാണ് വീടിന് പുറത്തേക്കിറങ്ങിയത്
പെൻഷനായി ഇവിടെ താമസം തുടങ്ങിയതിൽ പിന്നെ വൈകുന്നേരങ്ങളിൽ അടുത്തുള്ള മുൻസിപ്പാലിറ്റി വക വായനശാലയിലെ പതിവ് സന്ദർശകനാണ് കൃഷ്ണേട്ടൻ. ഏഴര എട്ടുമണിയോടെ വീട്ടുസാധനങ്ങൾ എന്തെങ്കിലും വാങ്ങാനുണ്ടെങ്കിൽ അതും വാങ്ങി തിരിച്ചെത്തും. രണ്ടു കിലോമീറ്ററകലെ ഉള്ള മിൽമാ ബൂത്തിൽ നിന്നാണ് പതിവായി രാവിലെ പാൽ വാങ്ങാറ് . പച്ചക്കറിയും അടുത്തുള്ള ചന്തയിൽ നിന്ന് വാങ്ങിയാണ് മടക്കം. പാൽ വാങ്ങുന്നതിലുപരി അങ്ങോട്ടുമിങ്ങോട്ടുമുള്ള പ്രഭാത നടത്തമാണ് ഉദ്ദേശം.
ആ ശനിയാഴ്ച്ച വൈകുന്നേരം പതിവ് വായനശാല സന്ദർശനത്തിനിടെയാണ് എബിയും രേഷ്മയും എത്തിയിട്ടുണ്ടെന്ന് പറഞ്ഞ് ശശികല കൃഷ്ണേട്ടനെ വിളിക്കുന്നത്
”തനിച്ചാണല്ലേ വന്നത് .. നന്നായി”’
ഡൈനിംഗ് ടേബിളിനീരുവശവുമിരുന്ന് ചായ കുടിക്കുന്ന എബിയെയും രേഷ്മയേയും നോക്കി വീട്ടിലെത്തിയ കൃഷ്ണേട്ടൻ പറഞ്ഞു .
”എബീ…രേഷ്മേ …വീടിന്റെ മുകൾ നില വാടകക്ക് കൊടുക്കാൻ തീരുമാനിച്ചത് തന്നെ മക്കളില്ലാത്ത ഞങ്ങൾക്ക് ഒരു കൂട്ടാകുമല്ലോയെന്ന് കരുതിയാണ് . അത് കൊണ്ട് തന്നെയാണ് ഫാമിലിക്കേ റെന്റിന് കൊടുക്കൂ എന്നും തീരുമാനിച്ചത്. ഞങ്ങൾ നിങ്ങളെ മക്കളായിട്ട് തന്നെയാണ് കണ്ടിരുന്നതും. അക്കാര്യത്തിൽ നിങ്ങൾക്ക് സംശയം ഒന്നുമില്ലല്ലോ ?”
ശശികല കൊണ്ടുവന്നു കൊടുത്ത ചായ ഒരു കവിൾ കുടിച്ചിട്ട് കൃഷ്ണേട്ടൻ ഇരുവരെയും നോക്കി
”ശശിക്ക് വലിയൊരാശ്വാസമായിരുന്നു രേഷ്മയിവിടെയുള്ളത്. ദാമ്പത്യത്തിൽ പിണക്കങ്ങളും കല്ലുകടിയും ഒക്കെ ഉള്ളതാണ്. ചെറിയ ദുർവാശികളൊക്കെ മാറ്റി പരസ്പരം വിട്ടുവീഴ്ചകളൊക്കെ ചെയ്തും ചിലതൊക്കെ കണ്ടും കേട്ടുമില്ലായെന്നു നടിച്ചും മുന്നോട്ട് പോയാല് ദാമ്പത്യം മുന്നോട്ട് പോകൂ…എന്ത് തീരുമാനിച്ചു നിങ്ങൾ എന്നിട്ട് ? പിരിയുവാൻ തന്നെയാണോ ?”
എബിയും രേഷ്മയും മുഖം കുനിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല
”രണ്ടാളും തനിച്ചു വന്നതുകൊണ്ട് വീട്ടുകാരൊന്നും നിങ്ങളുടെ സ്വരച്ചേർച്ചയില്ലായ്മ അറിഞ്ഞില്ലെന്ന് മനസിലായി. അതുകൊണ്ട് ഉള്ളിൽ പിരിയുവാനുള്ള തീരുമാനം എടുത്തിട്ടില്ലായെന്നു സാരം. ഞാനൊന്ന് പറയട്ടെ…ഇന്ന് ഇവിടെ വെച്ച് നിങ്ങൾ പുതിയൊരു ജീവിതം തുടങ്ങുന്നു . ”
”ഇതുവരെയുണ്ടായ പ്രശ്നങ്ങളും കലഹങ്ങളും നിങ്ങൾ മറക്കണം. വായിൽ നിന്നുതിരുന്ന വാക്കുകളും കണ്ണിലും മുഖത്തും വിരിയുന്ന അവജ്ഞയും ഇഷ്ടക്കേടും വരെ മുന്നോട്ടുള്ള ജീവിതത്തിലെ കല്ലുകടിയായി മാറാറുണ്ട്. അവയൊക്കെയും ചാരം മൂടിയിട്ട് ഒരു പുതിയ ജീവിതം. ഇന്ന് നിങ്ങളുടെ വിവാഹം കഴിഞ്ഞതേയുള്ളൂവെന്ന് വിചാരിക്കുക. മുകളിൽ നിങ്ങളുടെ മണിയറ ഒരുങ്ങിയിട്ടുണ്ട്. എന്ത് പറയുന്നു ? ഒരു ചാൻസ് കൂടി നോക്കുവല്ലേ ?”
കൃഷ്ണേട്ടൻ ഇരുവരെയും നോക്കി
പരസ്പരം നോക്കിയതല്ലാതെ അവരൊന്നും മിണ്ടിയില്ല. ശശികലയും ഉദ്വേഗത്തിലായിരുന്നു അവരെടുക്കുന്ന തീരുമാനത്തിൽ…
”എബി….നമ്മുടെ മുന്നിലെ കെട്ടിടമില്ലേ ? അവിടെ ഹോട്ടൽ നടത്തിയിരുന്നവർ ഒഴിഞ്ഞു. അവിടെയൊരു സൂപ്പർമാർക്കറ്റ് തുടങ്ങിയാലോ എന്നൊരാലോചന. എനിക്ക് തനിച്ച് എന്തായാലും പറ്റില്ല. രേഷ്മക്ക് ഡിഗ്രിയുള്ളതല്ലേ ? നമുക്കൊന്ന് നോക്കിയാലോ”’ കൃഷ്ണേട്ടൻ രേഷ്മയെ നോക്കി. അവൾ പെട്ടന്ന് എബിയെ നോക്കിയിട്ട് ശശികലയെ നോക്കി കണ്ണ് കൊണ്ടെന്തോ പറഞ്ഞു
”അവൾക്ക് അതൊന്നും പറ്റില്ല കൃഷ്ണേട്ടാ…നിങ്ങൾക്ക് ബുദ്ധിമുട്ടാകും അവസാനം ”
എബിയുടെ മറുപടി കേട്ടപ്പോഴാണ് രേഷ്മയുടെ ശ്വാസം നേരെ വീണത്. തന്നെ മനസിലാക്കിയല്ലോയെന്നുള്ള ഭാവത്തിൽ അവൾ എബിയെ നോക്കി പുഞ്ചിരിച്ചു
”ഒരു എംപ്ലോയി എന്ന രീതിയിൽ അല്ല എബി…വർക്കിങ് പാർട്ണർ. ക്യാഷ് ഞാൻ ഇൻവെസ്റ്റ് ചെയ്തോളാം…എന്ന് പറഞ്ഞാൽ എനിക്കും ഇതിൽ യാതൊരു റോളുമില്ല. ഇപ്പോൾ സ്ത്രീകളുടെ കാലമല്ലേ ? ശശിയും രേഷ്മയും കൂടി നടത്തിക്കോളും…തുടക്കത്തിൽ മാത്രം നമ്മൾ പിന്നിൽ നിന്നൊന്ന് സഹായിച്ചാൽ മാത്രം മതി . ”
”അയ്യോ…എന്നെ കൊണ്ടൊന്നും വയ്യ , ഈ പ്രായത്തിൽ ”
ശശികല രേഷ്മയുടെ കൈയ്യിൽ പിടിച്ചു ഒരു പിന്തുണക്കെന്ന പോലെ നിന്നു
”നീയല്ലേ എപ്പോഴും പറയുന്നേ ഇവിടെ ബോറടിയാണ് നാട്ടിലേക്ക് പോകാമെന്ന്. അതിനൊരു മാറ്റവുമാകും. ബിസിനസിന് അങ്ങനെ പ്രായമൊന്നുമില്ല. എന്തിനും പിന്നെ ഏതിനും ഞങ്ങളും കൂടെയുണ്ടല്ലോ..അല്ലെ എബി ?”’
”തീർച്ചയായും കൃഷ്ണേട്ടാ…കൃഷ്ണേട്ടൻ ഉദ്ദേശിച്ചതെനിക്ക് മനസ്സിലായി. ഞാനും…സോറി ഞങ്ങളും ഇൻവെസ്റ്റ് ചെയ്യാം പാതി ”’ എബി രേഷ്മയെ നോക്കി. അവൾ നിസ്സഹായയായി ശശികലയെ നോക്കിയെങ്കിലും അവരും അതേ അവസ്ഥയിലായിരുന്നു
”എബി..പേപ്പർ വർക്കുകൾ ഒക്കെ നാളെ തുടങ്ങാം. എബിയുടെ ജോലിക്ക് തടസ്സം വരണ്ട. അതിനൊക്കെ ഞാൻ ഉണ്ടല്ലോ…പിന്നെ ഫർണീഷിങ് ഞാനൊരാളെ ഏർപ്പാടാക്കിയിട്ടുണ്ട്. നിങ്ങളുടെ സമ്മതം കിട്ടാൻ ഇരിക്കുവാണ് അയാളോട് പറയാൻ . ”’
”പറഞ്ഞോളൂ കൃഷ്ണേട്ടാ… ആദ്യം ചെറിയ രീതിയിൽ മതി, കച്ചവടം അനുസരിച്ചു നമുക്ക് പർച്ചേസ് കൂട്ടാം ”
”അത് മതി. എന്നാൽ ശശീ…രേഷ്മയെ കൂട്ടി അത്താഴത്തിനുള്ള പണി നോക്കിക്കോ…എബിയും ഞാനും സൂപ്പർമാർക്കറ്റിന്റെ പേപ്പർ വർക്കുകളെന്തൊക്കെ എന്നൊന്ന് നോക്കട്ടെ…പിന്നേയ്…നാളെ മുതൽ നിങ്ങൾ രണ്ടാളും വേണം എല്ലാറ്റിനും തീരുമാനങ്ങൾ എടുക്കാൻ. ഞങ്ങൾ ചെയ്യേണ്ടത് എന്തൊക്കെ എന്ന് പറയുകയേ വേണ്ടൂ ”’
”അതെയതെ…മാസം ചെറിയൊരു ശമ്പളം തന്നാൽ മതി ” എബി തമാശ പോലെ പറഞ്ഞതിന് ചിരിക്കുവാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു ശശികലയും രേഷ്മയും…
”കൃഷ്ണേട്ടൻ ഉദ്ദേശിച്ചതെന്താണെന്ന് മനസിലായി എന്ന് എബി പറഞ്ഞില്ലേ രേഷ്മേ…അതെന്താണ് ?”
അത്താഴത്തിനുള്ള പച്ചക്കറി അരിയുമ്പോൾ ശശികല ചോദിച്ചു
”ഞാനും അതാ ആലോചിച്ചത് ചേച്ചീ…എന്തെലും കുനിഷ്ട് ആകും ” രേഷ്മയും ആകെ കൺഫ്യുഷനിൽ ആയിരുന്നു
”എന്റെ കയ്യും കാലും വിറക്കുവാ..നിനക്ക് പറ്റില്ലാന്ന് പറഞ്ഞു കൂടാരുന്നോ “
”അതിന് നാക്ക് പൊന്തീട്ടു വേണ്ടേ…ഇത് എബി അറിഞ്ഞോണ്ട് എനിക്ക് പണി തന്നതാ…കൃഷ്ണേട്ടനോട് എതിര് പറയില്ലെന്ന് അവനറിയാല്ലോ ”
”ഞാൻ ആണേൽ ഒരു പച്ചക്കറി പോലും തന്നെ പോയി വാങ്ങീട്ടില്ല. ” ശശികല വ്യസനത്തോടെ പറഞ്ഞു
”സത്യം….ഒരു ചെരിപ്പ് പോലും ഞാൻ തന്നെ പോയി വാങ്ങീട്ടില്ല. എന്തിനേറെ അണ്ടർ ഗാർമെൻറ്സ് പോലും എബിയാണ് വാങ്ങുന്നത് ”
രണ്ടാളും തങ്ങളുടെ ആവലാതികളും പേടിയും പങ്കുവെച്ചു
അത്താഴം കഴിഞ്ഞു കിടക്കുമ്പോഴാണ് ശശികല കൃഷ്ണേട്ടനോട് അത് ചോദിച്ചത്
”അതേയ്..കൃഷ്ണേട്ടൻ എന്താ ഉദ്ദേശിക്കുന്നേ ?”’
”ഞാനെന്ത് ഉദ്ദേശിക്കാൻ ?സൂപ്പർമാർക്കറ്റിന്റെ കാര്യമാണോ ? അത് നീയും കേട്ടതല്ലേ ? നമ്മുടെ തന്നെ കെട്ടിടമല്ലേ ?, വാടക കൊടുക്കണ്ടല്ലോ . പിന്നെ ഒരു നിനക്ക് നേരമ്പോക്കുമാകും”
”കൃഷ്ണേട്ടനും ഇപ്പൊ ഫ്രീയല്ലേ….എന്നെയെന്തിനാ ഇതിലേക്ക് വലിച്ചിഴക്കുന്നേ ?”
”വർഷങ്ങൾ ജോലി ചെയ്തതാ ഞാൻ. ഈ പെൻഷൻ എന്ന് പറയുന്നത് തന്നെ ഒരു വിശ്രമ കാലമാണ്. നമുക്കിഷ്ടമുള്ളവ ചെയ്യാനും ആസ്വദിക്കുവാനും ഉള്ള വിശ്രമ കാലം ”
”എന്നുവെച്ചാൽ ഞാനിവിടെ ചുമ്മാ ഇരിക്കുവല്ലായിരുന്നോ? എന്നെക്കൊണ്ടൊന്നും വയ്യ . രേഷ്മയെ എന്ത് കണ്ടൊണ്ടാണ് കൃഷ്ണേട്ടൻ . അവൾ തനിച്ച് മാർക്കറ്റിൽ പോലും പോയിട്ടില്ല.മൊബൈൽ ഫോൺ പോലും യഥാവിധം ഉപയോഗിക്കാനറിയില്ല ‘
”അവൾ ഡിഗ്രി പാസായത് അല്ലെ ? കുറച്ചെന്തോ കമ്പ്യൂട്ടറും പഠിച്ചെന്ന് എബി പറഞ്ഞു. ബാക്കിയൊക്കെ തന്നെ പഠിച്ചോളും. വിദ്യഭ്യാസം കൊണ്ട് അടിസ്ഥാന വിവരം മാത്രമേ ലഭിക്കുന്നുള്ളൂ. ആ അറിവ് ഒക്കെയും ഊതിക്കാച്ചി എടുക്കണം .അതിന് നമ്മൾ ഓരോന്ന് ചെയ്താൽ മാത്രമേ പറ്റൂ. എനിക്ക് വയ്യ ..എനിക്കറിയില്ല എന്ന് പറഞ്ഞിരുന്നാൽ ജീവിതകാലം മുഴുവൻ ഒന്നിനും വയ്യാതെ ഇരിക്കുകയെ പറ്റൂ ”
”എബിയെന്താ അങ്ങനെ പറഞ്ഞെ..കൃഷ്ണേട്ടൻ ഉദേശിച്ചത് മനസിലായി എന്ന്. എന്തോ ഞങ്ങൾക്കുള്ള കുനിഷ്ട് ആണെന്ന് തോന്നുന്നു ”
”എന്ത് കുനിഷ്ട് ..എന്റെ ശശി ..നീ കിടന്നുറങ്ങാൻ നോക്ക് . പിന്നെ … ഒരു കാരണവശാലും ഇതിൽ നിന്നൊഴിയാൻ നോക്കണ്ട . നിങ്ങൾക്ക് രണ്ടാൾക്കും തന്നെയാവും ഉത്തരവാദിത്വം. ഞാൻ ഒന്ന് വിശ്രമിക്കട്ടെ ഇനിയെങ്കിലും ”’
”ഹോ ! ഒരു വിശ്രമം..ബാക്കിയുള്ളോർക്ക് വിശ്രമം ഒന്നും വേണ്ടല്ലോ ”
പിറുപിറുത്തുകൊണ്ട് ശശികല തിരിഞ്ഞുകിടന്നു
പിറ്റേന്ന് ഷോപ്പ് ഫർണീഷിങ്ങിന് ആൾ വന്നു. കൃഷ്ണേട്ടൻ പേപ്പർ വർക്കുകൾക്കായി പോയിരുന്നതിനാൽ ശശികലയും രേഷ്മയുമായിരുന്നു ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്യുന്നതിനെകുറിച്ചവരോട് സംസാരിച്ചിരുന്നത്
”രേഷ്മേ.. നീ എബിയോട് ചോദിച്ചോ അവനെന്താണ് ഉദ്ദേശിച്ചതെന്ന് ?”
”ഇല്ല ചേച്ചീ … ഇന്നലെ ഞാനൊന്നും മിണ്ടീല്ല . അവൻ മിണ്ടട്ടെ എന്ന് കരുതി . ഒരു ചളിപ്പ് ”
”എന്റെ പൊന്നു കൊച്ചേ… ഇനീം തീർന്നില്ലേ നിങ്ങടെ പിണക്കം ? അവനും കൃഷ്ണേട്ടനും കൂടി ഒത്തൊണ്ട് പണി തന്നതാ ..അതുറപ്പ് . ഇന്നാ പണിക്കാര് ഓരോന്ന് ചോദിച്ചപ്പോ എന്റെ കയ്യും കാലും വിറക്കുവായിരുന്നു . ”
”നമ്മളോട് അഭിപ്രായം ചോദിച്ചിട്ടെന്ന കാര്യം .നമുക്കിതിനെക്കുറിച്ചു വല്ലതും അറിയാമോ? എബിയും കൃഷ്ണേട്ടനും അല്ലെഇതിനൊക്കെ നിക്കേണ്ടത് ? ‘
”അതെ..നമുക്ക് അവരോട് പറയാം ” ശശികലയും പിന്തുണച്ചു
”അതേയ്..എബിയോ കൃഷ്ണേട്ടനോ പണിക്കാരുണ്ടെൽ ഇവിടെ വേണം. അവരെന്തെലും ചോദിച്ചാൽ മറുപടി പറയാൻ പോലും ഞങ്ങൾക്കറിയൂല്ല ” ഊണ് കഴിച്ചിട്ട് നാലുപേരും കൂടി സൂപ്പർ മാർക്കറ്റിന്റെ കാര്യങ്ങൾ സംസാരിക്കുന്നതിനിടെയാണ് ശശികലയത് പറഞ്ഞത് .
” എന്നാലൊരു കാര്യം ചെയ്യ് . നീയും രേഷ്മയും നാളെ ഹെൽത്തിൽ ഒന്ന് പോകണം .അവരുടെ ഇൻസ്പെക്ഷൻ കഴിഞ്ഞാണ് മുനിസിപ്പാലിറ്റിയിൽ നിന്ന് അനുമതി കിട്ടൂ . പിന്നെ ജലമലിനീകരണം , വേസ്റ്റ് നിർമ്മാർജ്ജനം … കുറച്ചുകാര്യങ്ങളുണ്ട് നിങ്ങൾ അത് ചെയ്താൽ ഞാൻ ഇവിടെ നിന്ന് കാര്യങ്ങൾ നോക്കിക്കോളാം ”
”ദേവീ …അതൊന്നും ഞങ്ങളെകൊണ്ട് പറ്റില്ല ..എബി ?”’ ശശികല എബിയെ നോക്കി .
”ശശി ..അവനൊരു ജോലിയുണ്ട് . അതിനിടയിൽ ഷോപ്പിന്റെ പേരും ബോർഡ് ഡിസൈനും മറ്റ് സൂപ്പർമാർക്കറ്റുകാരുടെ സ്റ്റോക്കും കാര്യങ്ങളുമെന്നുവേണ്ട പലതും അവൻ ചെയ്യുന്നുണ്ട് . ജോലി കളഞ്ഞിട്ട് ഇതിനുവേണ്ടി മാറി നിൽക്കണ്ട കാര്യമില്ല . അതൊരു സ്ഥിരാവരുമാനമാണ് . സൂപ്പർമാർക്കറ്റിൽ നിന്ന് നല്ലൊരു വരുമാനം കിട്ടുന്നുണ്ടേൽ മാത്രം ജോലി കളയുന്നതിനെ പറ്റി ചിന്തിച്ചാൽ മതി . അതും വേണ്ടെന്നേ ഞാൻ പറയൂ . ഇത് നിങ്ങൾക്ക് ചെയ്യാവുന്നതല്ലേ ഉള്ളൂ . ഡിസൈനും മറ്റും നമ്മൾ സംസാരിച്ചതല്ലേ . അതിൽ മാറ്റങ്ങൾ വല്ലതുമുണ്ടെൽ ആണ് അവർ അഭിപ്രായം തേടുക .അപ്പോൾ നിങ്ങളുടെ അഭിപ്രായം നിങ്ങളും പറയുക ..എന്താ രേഷ്മേ ?”
കൃഷ്ണേട്ടന്റെ ചോദ്യത്തോടെ ശശികലയും രേഷ്മയും ഒന്നും പറയാതെ അവിടെ നിന്ന് മുങ്ങി .
രണ്ട് മൂന്ന് മാസങ്ങൾ കഴിഞ്ഞു .
സൂപ്പർമാർക്കറ്റ് അത്യാവശ്യം നന്നായി തന്നെ പോകാൻ തുടങ്ങി .
വാരാന്ത്യത്തിലുള്ള പതിവ് മീറ്റിങ്ങിലായിരുന്നു നാലുപേരും .
”എന്താ എബീ ഒരു ചിരി ?”
”ഹേയ് ..ഒന്നുമില്ല കൃഷ്ണേട്ടാ . അന്ന് നമ്മളാദ്യം സൂപ്പർമാർക്കറ്റിനെ കുറിച്ച് സംസാരിച്ചില്ലേ ? അന്ന് എന്റെ ഗതികേടിന് കൃഷ്ണേട്ടൻ ഉദ്ദേശിച്ചതെന്താണെന്ന് എനിക്ക് മനസിലായി എന്ന് ഞാൻ പറഞ്ഞു പോയി .അന്ന് മുതൽ കൃഷ്ണേട്ടൻ ഉദേശിച്ചത് എന്താണെന്നും ചോദിച്ചെന്റെ കൂടിയതാ . ഇന്ന് ഞാൻ പറഞ്ഞു കൃഷ്ണേട്ടനോട് നേരിട്ട് ചോദിച്ചോളാൻ ..ഹഹഹ ”
” അയ്യോ ..കൃഷ്ണേട്ടാ ഞാൻ ചുമ്മാ …ഈ എബിടെ ഒരു കാര്യം ” രേഷ്മ അവന്റെ കൈത്തണ്ടയിൽ നുള്ളി .
” ഹഹഹ … ഇക്കാര്യം ശശിയും ചോദിക്കുമായിരുന്നു ആദ്യ സമയം ..ഇപ്പോളെന്തോ ആ ചോദ്യമില്ല ”’
” ഉവ്വാ .. ഒന്നിരിക്കാൻ പോലും സമയമില്ല .അന്നേരമാ ആവശ്യമില്ലാത്ത കാര്യങ്ങൾ ”’ ശശികല പരിഭവിച്ചു
”അതേ , ആവശ്യമില്ലാത്ത കാര്യങ്ങൾ ..അതായിരുന്നു നമ്മുടെ എല്ലാം പ്രശ്നങ്ങൾ . ആട്ടെ രേഷ്മേ ..ഇപ്പൊ നിങ്ങൾ അടിയുണ്ടാക്കാറുണ്ടോ ?”
”ഹേയ് ..ഇല്ല കൃഷ്ണേട്ടാ ”’ രേഷ്മയുടെ മുഖം വിളറി .
” പിണക്കമെങ്ങനെയാണ് തീർന്നതെന്നോർക്കുന്നുണ്ടോ ? ”
”അത് ..പിന്നെ … ” രേഷ്മ ഓർത്തെടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ട നിലയിൽ വിലങ്ങനെ തലയാട്ടി
”അത് പതിയെ പതിയെ അങ്ങുമാറി , അല്ലേ ? അതിന്റെ കാരണം ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിക്കാനുള്ള സമയമില്ലായ്മ തന്നെയാണ് . രേഷ്മ ഷോപ്പും മറ്റ് കാര്യങ്ങളും കൊണ്ട് ബിസിയായപ്പോൾ വീട്ടിൽ തനിച്ചിരുന്നുള്ള ആ മുരടിപ്പും എബി എപ്പോഴും അടുത്തുവേണമെന്നുള്ള ചിന്തയും അങ്ങ് മാറി . ആകെ കിട്ടുന്നത് ഈ ചെറിയ സമയമാണ്. അതിനിടയിൽ പിണങ്ങാൻ എവിടെ അല്ലെ സമയം ?”
”’ഞങ്ങൾ ഉദ്ദേശിച്ചതും അത് തന്നെയായിരുന്നു . നിങ്ങളുടെ പ്രശ്നം രാവിലത്തെ വീട്ടുപണികൾ കഴിഞ്ഞാൽ ഒന്നും ചെയ്യുവാനില്ലായിരുന്നു എന്നത് തന്നെയാണ്. രേഷ്മയെ കുറ്റം പറയാനാവില്ല, എബിയെയും . ഇതേയവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട് . ശശിയെ വെറുത്തുപോയേക്കാവുന്ന അന്ന് ഉപയോഗിച്ച അതേ കാര്യങ്ങൾ തന്നെയാണ് ഇന്നും ചെയ്തത് ”
”ഏഹ് ..എന്ന് ..കൃഷ്ണേട്ടൻ എന്താ ഈ പറയുന്നേ ?”’ ശശികല വാ പൊളിച്ചു .
”മക്കളെ … വിവാഹത്തോടെ ഭാര്യയും ഭർത്താവും ഒരു ശരീരവും മനസുമാകണമെന്നാണ് പറയുന്നത് . അങ്ങനെ വേണം താനും . അപ്പോഴും ഒന്ന് ഓർക്കേണ്ടതാണ് . എന്നാൽ അപ്പോഴും അവർ രണ്ട് വ്യക്തികൾ ആണ് . സ്വന്തമായ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഉള്ളവർ . സ്വന്തമായ സ്പേസും സ്വാതന്ത്ര്യവും അവരും ആഗ്രഹിക്കുന്നുണ്ട് . പലപ്പോഴും ആ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് മിക്ക ദാമ്പത്യ അസ്വാരസ്യങ്ങൾക്കും തുടക്കമാകുന്നത് തന്നെ . നിങ്ങളുടെ ബന്ധത്തിലെ വിള്ളൽ തുടങ്ങിയത് എപ്പോഴാണെന്ന് അറിയാമോ ?”’
കൃഷ്ണേട്ടൻ ഇരുവരെയും നോക്കി .
”വർക്ക് അറ്റ് ഹോം തുടങ്ങിയപ്പോൾ മുതൽ അല്ലെ ? എബി വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ എബിയുടെ സാന്നിധ്യം ഉള്ളതിനാൽ എപ്പോഴും രേഷ്മ അടുത്തുണ്ടായിരുന്നു . ഇഷ്ടങ്ങൾക്കും സ്നേഹത്തിനും ഒരു പരിധിയുണ്ട് . ഓവർ പൊസസീവ്നെസ്സും കെയറിങ്ങും ചിലപ്പോൾ ഇറിറ്റേറ്റ് ആയിമാറാറുണ്ട് , എല്ലവർക്കുമല്ല . രേഷ്മയെ കുറ്റം പറയാനാവില്ല . പകൽ മുഴുവൻ തനിച്ചിരുന്നു ബോറടിച്ചിരുന്ന രേഷ്മ വർക്ക് അറ്റ് ഹോം ആയിഎബി വീട്ടിലേക്ക് മാറിയപ്പോൾ ആ സന്തോഷം പ്രകടിപ്പിച്ചു എപ്പോഴും അവന്റെ കൂടെ തന്നെയായി .വർക്കിന്റെ ഭാഗമായ കോളുകൾ വരെ വിശദീകരിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി . രേഷ്മയുടെ പ്രസൻസ് തന്റെ ജോലിയെപ്പോലും ബാധിക്കുന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് എബി അവളെ നിയന്ത്രിക്കാൻ തുടങ്ങിയത് . എന്നാൽ അത് തന്നോടുള്ള ഇഷ്ടക്കേടാണ് എന്നവൾ ധരിച്ചു .ഇതൊക്കെ നിങ്ങളുടെ സംസാരത്തിൽ നിന്നും പ്രവർത്തിയിൽ നിന്നും ഞാൻ മനസ്സിലാക്കിയതാണ്.”
എബിയും രേഷ്മയും മുഖം കുനിച്ചു .
” രേഷ്മേ … ഞങ്ങളുടെ വിവാഹം കഴിഞ്ഞു മൂന്നാലു വർഷങ്ങൾക്ക് ശേഷം എനിക്കൊരു ട്രെയിനിംഗ് ഉണ്ടായിരുന്നു സേലത്ത് . ശശി പുറത്തെങ്ങും പോയിട്ടില്ലാത്തതിനാൽ അവളെയും കൂട്ടാമെന്ന് കരുതി . പതിനഞ്ചു ദിവസത്തെ ട്രെയിനിംഗും അവസാനം എക്സാമും ആയിരുന്നു ഉണ്ടായിരുന്നത് . ഞങ്ങളവിടെ രണ്ട് ദിവസം നേരത്തെ എത്തി ഒന്ന് കറങ്ങി . പോരാത്തേന് എന്നും വൈകുന്നേരം ക്ളാസ് കഴിഞ്ഞൊരു മണിക്കൂർ പുറത്തു ചുറ്റാൻ പോകുമായിരുന്നു . തിരികെ വന്നിട്ട് നോട്സ് ഒക്കെ പ്രിപ്പയർ ചെയ്യാനിരിക്കുമ്പോൾ ശശി അടുത്തുവരും . അവളെ പറഞ്ഞിട്ട് കാര്യമില്ല . പകൽ മുഴുവൻ ലോഡ്ജ് മുറിയിൽ ഒറ്റക്കായിരുന്നല്ലോ . ഞാനൊന്ന് തീർത്തോട്ടെയെന്ന് പറയുമ്പോൾ അവൾക്ക് കരച്ചിലും ദേഷ്യവുമെല്ലാം വരും. എന്തുവേണ്ടി ആ എക്സാം എനിക്ക് ജയിക്കാനായില്ല . അടുത്ത എക്സാമിന് മൂന്ന് വർഷം കാത്തിരിക്കേണ്ടിവന്നു ”
ശശികല വ്യസനത്തോടെ കൃഷ്ണേട്ടനെ നോക്കി
” ശശി എന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ട് . പക്ഷെ ആ സ്നേഹം എന്നിൽ നിന്നകലുമോ എന്നൊരു പേടിയെനിക്ക് തോന്നി . അതിന് കാരണം അവളുടെ ഓവർ കെയറിംഗ് തന്നെയാണ് . ഞാൻ പറഞ്ഞില്ലേ . വിവാഹത്തോടെ രണ്ടുപേർ ഒന്നാകുകയാണെങ്കിലും അവർ രണ്ട് വ്യക്തികൾ തന്നെയാണെന്ന് . പങ്കാളികളുടെ ഇഷ്ടങ്ങൾക്ക് വേണ്ടി നമുക്ക് ചില വിട്ടുവീഴ്ചകൾ ചെയ്യാം . പക്ഷെ സ്വന്തം ഇഷ്ടങ്ങൾ പങ്കാളികളിൽ അടിച്ചേൽപ്പിക്കരുത് .സ്വന്തം ഇഷ്ടങ്ങൾക്കൊപ്പം പങ്കാളിയുടെ ഇഷ്ടങ്ങൾ കൂടി പരിഗണിക്കണം അങ്ങനെയൊക്കെയുള്ള ചില കാര്യങ്ങൾ അക്കാലയളവിൽ അനുഭവപ്പെട്ടത് കൊണ്ടാണ് ഞാൻ വേണമെങ്കിൽ ക്വാർട്ടേഴ്സ് കിട്ടുമായിരുന്നെകിലും ശശിയുടെ അമ്മയെ ഞാൻ അവളുടെ കൂടെയാക്കി നാട്ടിൽ തന്നെ നിർത്തിയത് . അതൊരിക്കലും അവളോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല . ഇഷ്ടം കൊണ്ട് തന്നെയാണ് . ഒരിക്കലും അവളെ നഷ്ടപ്പെടാതിരിക്കാൻ …ആ സ്നേഹത്തിൽ കുറവ് വരാതിരിക്കാൻ . ” ശശികല അന്താളിച്ചു കൃഷ്ണേട്ടനെ നോക്കി
”’അമ്മയും കൂട്ടത്തിൽ പച്ചക്കറി കൃഷിയും ആടും കോഴിയുമൊക്കെയായപ്പോൾ അവളും ബിസിയായി . മാസത്തിൽ ഒന്ന് വരുന്ന എന്നോടും എനിക്കവളോടും തീർത്താൽ തീരാത്ത സ്നേഹം . അതിന് കാരണം അവൾക്ക് ഏകാന്തത ഇല്ലായെന്നത് തന്നെ . ഇപ്പോൾ സൂപ്പർമാർക്കറ്റ് കാരണം ബിസിയായിരിക്കുന്ന രേഷ്മയെ പോലെ . രാത്രി അൽപനേരം കിട്ടുന്ന സമയം സ്നേഹിക്കാൻ അല്ലെ സമയം തികയൂ … പിണങ്ങാൻ അല്ലല്ലോ . ”
എബിയും രേഷ്മയും ചിരിച്ചു
”തനിച്ചിരിക്കുന്ന ഓരോ നിമിഷവും എല്ലാവരെയും സംബന്ധിച്ച് വല്ലാത്ത വീർപ്പുമുട്ടലാണ് . ആ സമയം ഇഷ്ടമുള്ള ഹോബികൾ …വായന എഴുത്ത് പാചകം കൃഷി എന്നിങ്ങനെ എന്തെങ്കിലും ഒന്നിൽ മുഴുകിയാൽ ആ അവസ്ഥക്ക് മാറ്റം വരും . ടിവിയും സോഷ്യൽ മീഡിയയും ഒരു പരിധിവരെ നമ്മുടെ വിരസതക്കും ഏകാന്തതക്കും മാറ്റം വരുത്തും, അതിനും ഒരു പരിധി കൊടുക്കണമെന്ന് മാത്രം . ഇതിനിടയിലും ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് . ജോലി കഴിഞ്ഞു വീട്ടിലെത്തിയാൽ തങ്ങളുടെ പങ്കാളിക്കും കുട്ടികൾക്കുമൊപ്പം കുറച്ചു സമയം ചിലവഴിക്കുക എന്നത്. .അത് കഴിഞ്ഞാൽ കുറച്ചുസമയം അവർക്കും കൊടുക്കുക .ഇപ്പോൾ മൊബൈലിന്റെ കാലമാണല്ലോ, ജോലിത്തിരക്കിനിടയിൽ തങ്ങൾക്ക് വന്ന മെസ്സേജുകളും മറ്റും അവർക്ക് നോക്കാനായിട്ടുണ്ടാകില്ല . നമുക്കിഷ്ടമുള്ള ഹോബികളാണ് വിരസമായ ഈ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് . അതിൽ നിന്ന് പുറകോട്ടു വലിക്കുന്നതും പരസ്പരമകൽച്ചക്ക് കാരണമാകാറുണ്ട് .”
” ഇതുകൊണ്ടൊക്കെയാണ് എന്തെങ്കിലും തുടങ്ങുക എന്നുള്ള ആലോചനയിലേക്ക് എത്തിയത് . പക്ഷെ നിങ്ങൾക്ക് അതിനും ഇഷ്ടമല്ലായിരുന്നു . നിങ്ങളെക്കൊണ്ട് പറ്റില്ലായെന്നുള്ള ചിന്ത . അത് കഴിവ് കേടാണ് ,കഴിവില്ലാത്തതുകൊണ്ടല്ല. എന്തും പരിശ്രമിച്ചു നോക്കിയാൽ അല്ലെ സാധിക്കുമോയെന്ന് അറിയാനാകൂ ? അതിന് കഴയില്ലാർക്കും . പരാജയപ്പെടുമോയെന്നുള്ള ചിന്തയും നാണക്കേടുമൊക്കെ മാറ്റിവെക്കുക . തുനിഞ്ഞിറങ്ങിയാൽ എന്തും നേടാനാകും . താങ്ങാൻ ആളുണ്ടാകുമ്പോഴാണ് തളർച്ചയനുഭവപ്പെടുന്നത് . അത് കൊണ്ടാണ് നിങ്ങളെ തന്നെ ഷോപ്പിന്റെ എല്ലാക്കാര്യവുമേൽപ്പിച്ച് ഞങ്ങൾ മാറി നിന്നത് . എന്നാൽ നിങ്ങൾ ഞങ്ങൾ വിചാരിച്ചതിനേക്കാൾ നന്നായി പരിശ്രമിച്ചു , വിജയവും നേടി . ഈ വിജയത്തിലൂടെ ജീവിതത്തിൽ സന്തോഷവും മടങ്ങിയെത്തി . അല്ലെ ശശീ ? ” കൃഷ്ണേട്ടൻ ആനന്ദാശ്രുക്കളോടെ ശശികലയെ നോക്കി
”എന്നാലും മനുഷ്യാ … ക്വാർട്ടേഴ്സ് കിട്ടിയിട്ടും കൊണ്ടുപോകാതെ നിങ്ങളെന്റെ യൗവ്വനമാണ് തല്ലിക്കെടുത്തിയത് . ” ശശികല പരിഭവത്തോടെ കൃഷ്ണേട്ടനെ നോക്കി .
”അതുകൊണ്ടെന്താ ശശി …നമ്മളിപ്പോഴും പ്രണയിക്കുകയല്ലേ ?കൗമാരക്കാരെപ്പോലെ തന്നെ ”
കൃഷ്ണേട്ടൻ ശശികലയെ ചേർത്തുപിടിച്ചപ്പോൾ എബിയും രേഷ്മയും പൊട്ടിച്ചിരിച്ചു. ഒപ്പം ശശികലയും
~സെബിൻ ബോസ്