കടലുറങ്ങുന്ന കണ്ണുകൾ….
Story written by Ammu Santhosh
===============
“ദിവ്യാ ഞാൻ ഇറങ്ങുന്നേ…”
ദേവിക മകളോട് പറഞ്ഞിട്ട് ബാഗ് എടുത്തു. പിന്നെ വഴിയിലേക്ക് ഒന്നുടെ നോക്കി. ആൾ ഇന്ന് ലേറ്റ് ആണല്ലോ
“അതെ..കണ്ണടച്ചു പാല് കുടിക്കുന്ന പൂച്ചേ…ദേ ശിവ മാമൻ ഇങ്ങെത്തി..പൊയ്ക്കോ “
ദേവിക മകളെ നോക്കി ഒരു കള്ളച്ചിരി പാസ്സാക്കി
“കോളേജിൽ ക്ലാസ്സ് ഇല്ലാന്ന് വെച്ച് കളിക്കാൻ പോകണ്ട. വാതിൽ അടച്ച് അകത്തിരുന്നോ “
“കേട്ട്…വേഗം ചെല്ല്.”
മോളെ നോക്കി ഒന്ന് ഗോഷ്ടി കാട്ടി അവൾ ഓടി ഇറങ്ങി
“നീ എന്താ കിതയ്ക്കുന്നെ. എന്തൊരു ഓട്ടമാ കൊച്ചേ ” ശിവൻ ചിരിച്ചു
അവൾ വെറുതെ അയാൾക്കൊപ്പം നടന്നു
“രണ്ടാളും കൂടി ഒളിച്ചോടാൻ പോവാണോ?”
കറവക്കാരൻ വാസുദേവൻ ഒരു വഷളൻ ചിരി ചിരിച്ചു
“ഓ പോവാൻ ആണെങ്കിൽ ഇരുപത് കൊല്ലം മുന്നേ പോയേനെ. ഇനിപ്പോ ഓടാൻ ഉള്ള പ്രായം ഒന്നുമല്ലടാ വാസു ” ശിവൻ പെട്ടെന്ന് പറഞ്ഞു
“ഉവ്വേ “
വാസുവും ചിരിച്ചു
ബസ് സ്റ്റോപ്പ് എത്തി
“വാ ബസ് വന്നല്ലോ…വൈകുന്നേരം ഇതിൽ തന്നെ അല്ലെ?”
അവൾ തലയാട്ടി
“എന്നാ കേറിക്കോ…ആ ദേ നിനക്ക് തരാൻ മാളു തന്നതാ വെച്ചോ ബാഗിൽ “
അവൾ ആ പൊതി വാങ്ങി ബാഗിൽ വെച്ചു. അവൾ മുന്നിൽ കയറി. അയാൾ പിന്നിലും…
ബസ് വിട്ടപ്പോ തന്നെ ബാഗ് തുറന്നു മാളു കൊടുത്തു വിട്ടത് എന്താ എന്ന് നോക്കി. ഒരു തൂവാല. അതിൽ ഇങ്ങനെ തുന്നിയിരുന്നു
ദേവു ചെറിയമ്മയ്ക്ക്…മാളൂട്ടി
നിറയെ ചിത്രശലഭങ്ങൾ തുന്നിയ ആ തൂവാല അവൾ മുഖത്തോട്ട് ചേർത്ത് വെച്ചു. ശ്വാസം ഉള്ളിലേക്ക് എടുത്തു. ശിവേട്ടന്റെ ഗന്ധം…
കണ്ണ് നിറഞ്ഞത് ഒപ്പി അത് അവൾ ബാഗിൽ വെച്ചു
യോഗം ഇല്ല…
പ്രണയം പിടിക്കപ്പെടുമ്പോൾ തനിക്ക് വയസ്സ് പതിനഞ്ച് ശിവേട്ടന് പതിനെട്ട്. ബ്രാഹ്മണചെക്കനും ചെറുമി പെണ്ണും. പോരെ പൂരം…അന്നും ഇന്നും ജാതിയൊക്കെ മനുഷ്യന്റെ ഉള്ളിൽ നല്ല കറുത്ത് വടു കെട്ടിയങ്ങനെ കിടപ്പുണ്ട്.
അച്ഛനവർ എത്ര പണം കൊടുത്തെന്നന്ന് അന്നറിഞ്ഞൂടാ. എന്തായാലും അച്ഛൻ തന്നെ കൊണ്ട് അമ്മേടെ നാട്ടിൽ പോയി..തന്നെക്കാൾ ഇരുപത് വയസ്സ് മുതിർന്ന മാമന്റെ മോനെ കൊണ്ട് ആ വർഷം തന്നെ കല്യാണോം കഴിപ്പിച്ചു. ക ള്ള് കുടിച്ചു കരളു മുക്കാലും തീർന്നിരുന്ന ആ മനുഷ്യന് കഷ്ടിച്ച് ആയുസ്സ് പിന്നെ ആറ് മാസം. ഒരു തരത്തിൽ രക്ഷപെട്ടു. എന്നും അടിയും ചവിട്ടും ഉപദ്രവവും.
അയാൾ മരിച്ചു കഴിഞ്ഞു ദേ വരുന്നു അയാള് നേരെത്തെ കെട്ടിയെന്ന് പറഞ്ഞു ഒരുത്തിയും മക്കളും. പിന്നെ അവിടെ നിന്നിറങ്ങി. അപ്പൊ തന്റെ വയറ്റിൽ തന്റെ മോൾക്ക് മൂന്ന് മാസം. പിന്നെ ഒരു യുദ്ധം തന്നെ ആയിരുന്നു. പല ജോലികളും ചെയ്തു. അപ്പോഴേക്കും അച്ഛനും പോയി.
വർഷങ്ങൾ കുറെ കഴിഞ്ഞു. ആകെയുള്ള ഭൂമി ഇവിടെയായിരുന്നു. ഇങ്ങോട്ട് വരാതെ പിന്നെ…? വന്നു. മരുഭൂമി പോലെ കിടന്ന മണ്ണ് തന്നെതാൻ കിളച്ച് പാർക്കാൻ പറ്റുന്ന വിധമാക്കി. ഒരു ചെറിയ വീട് തട്ടികൂട്ടി. ശിവേട്ടനും വേറെ വിവാഹം ആയി.
പക്ഷെ അതും നീണ്ടില്ല. അവർ ആരുടെ കൂടെയോ പോയി. അത് നാട്ടുകാര് പറഞ്ഞ വിവരമാ. ഇത് വരെ താൻ അത് ചോദിച്ചിട്ടുമില്ല.ഏട്ടൻ പറഞ്ഞിട്ടുമില്ല.
പതിനഞ്ചു വയസ്സിൽ താൻ കണ്ട ആ കണ്ണിലെ മിന്നൽ തന്നെ ആണ് ഇന്നും തന്നെ കാണുമ്പോ..
അന്നത്തെ മുഖത്തെ ചുവപ്പാണ് ഇന്നും മിണ്ടുമ്പോ…
അന്നത്തെ കയ്യിന്റെ ചൂടാണ് ഇന്നും കൈ ചേർക്കുമ്പോ..
താൻ വരുമ്പോൾ മാളുന് മൂന്ന് വയസ്സാണ്. തന്റെ മോൾക്ക് പത്തും….ഇന്ന് ആ വീട്ടിൽ വേറെ ആരൂല്ല. പ്രമാണിത്തം പറഞ്ഞവരൊക്കെ എവിടെയൊക്കെയോ പോയി. ശിവേട്ടനും മോളും തനിച്ച്. ശിവേട്ടന് പുസ്തകക്കടയിൽ ചെറിയ ഒരു ജോലിയുണ്ട്. തനിക്ക് ടൗണിൽ ഉള്ള തുണിക്കടയിലും. രാവിലെ ഒന്നിച്ചു പോകും. വൈകുന്നേരം ഒന്നിച്ചു വരും. അതാണ് ഒരു സന്തോഷം…
ശിവേട്ടന് പെൺകുട്ടിയാണ്. തനിക്കും അതെ. രണ്ടും നല്ല കൂട്ടും. മാളൂട്ടിക്കാണ് തന്നോട് കുറച്ചു കൂടി സ്നേഹം. സ്വന്തം മോൾക്ക് ഈ സ്നേഹം ഇല്ലല്ലോ അതെങ്ങനെ അയാളുടെ വിത്തല്ലേ എന്നൊക്കെ പറഞ്ഞു വഴക്കിടുമ്പോൾ ദിവ്യ ചിരിക്കും. ഈ അമ്മ…എന്ന് പറഞ്ഞു കളിയാക്കും. എന്നാലും ഇപ്പൊ തനിക്ക് സന്തോഷമാണ്. ആ മുഖം എന്നും കാണാമല്ലോ. ആ ഒച്ച കേൾക്കാമല്ലോ. മതി ഇനിയിപ്പോ ഈ ജന്മം അത് മതി.
ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തുമ്പോൾ പുറകിലേക്ക് നോക്കി.
ഒരു തലയാട്ടൽ. അവൾ എഴുനേറ്റു.
ഞായറാഴ്ച വന്നാല് ഒരു മടുപ്പാ. ഒന്നിച്ചുള്ള യാത്ര ഇല്ല.
എന്ത് പറഞ്ഞാ ആ വീടിന്റെ മുന്നിലൂടെ പോവാ?
ദിവ്യ കളിയാക്കും. പെണ്ണ് മുതിർന്നു.
“കാമുകനെ കാണാൻ പോവാല്ലേ?” എന്ന് പച്ചക്ക് ചോദിച്ചു കളയും
അതേടി നിനക്കെന്താ എന്ന് തിരിച്ചു ചോദിക്കുമെങ്കിലും ഒരു വല്ലായ്മ
“ദേ അമ്മേ ശിവ മാമൻ വന്നിരിക്കുന്നു ” ഓർത്തിരിക്കെ മോളുടെ ഒച്ച
“ഇതെന്താ ഇപ്പൊ സന്ധ്യക്ക്. ടൗണിൽ പോയതാ?”
“മാളൂന് ഒരിത്തിരി പൊന്ന് വാങ്ങി. അത്രക്കില്ല. ഒരു കുഞ്ഞ് മാല. അപ്പൊ ഇവളെ ഓർത്തു. ദാ കമ്മൽ…ഒരിക്കൽ ഇവള് പറഞ്ഞത് തന്നെയാ പച്ചക്കല്ല് വെച്ചത് “
ദിവ്യ വിടർന്ന മുഖത്തോടെ അത് വാങ്ങി
“ശിവ മാമേ താങ്ക്സ് ഞാൻ ഇത് ഇട്ട് നോക്കട്ടെ…”
അയാൾ തലയാട്ടി
“ഇതിപ്പോ എന്തിനാരുന്നു ഈ കാശ് കളഞ്ഞത്?” അവളുടെ മുഖത്ത് പരിഭവം നിറഞ്ഞു
“നീ ഇരിക്ക്…” അയാൾ കൈ പിടിച്ചവളെയിരുത്തി. പോക്കറ്റിൽ നിന്ന് ഒരു പൊതിയെടുത്തു.
“സ്വർണമല്ല കേട്ടോ…വെള്ളിയാ..ഒരു ജോഡി കൊലുസ് “
അവളുടെ കണ്ണ് നിറഞ്ഞു
“എന്തിനാപ്പൊ ഇത്?”
അയാൾ അവളുടെ വാ പൊത്തി
പിന്നെ അവളുടെ കാലെടുത്ത് തന്റെ മടിയിൽ വെച്ചു
“അപ്പിടി അഴുക്കാ ” അവളുടെ ശബ്ദം ഇടറി
അയാൾ കൊലുസ് ഇട്ട് കൊടുത്തു കൊളുത്തു പല്ല് കൊണ്ട് കടിച്ച് അടുപ്പിച്ചു
“എന്ത് ഭംഗിയാ.. നോക്ക് ” അയാൾ ആ കാലിൽ തലോടി
അവൾ ഏറെ നേരം ആ കണ്ണിലേയ്ക്ക് ഉറ്റു നോക്കി
കടൽ ഉറങ്ങുന്ന കണ്ണുകൾ
“മാളു തനിച്ചല്ലേ? ശിവേട്ടൻ പൊയ്ക്കോളൂ “അവൾ മെല്ലെ പറഞ്ഞു
അയാൾ ആ മുഖം കയ്യിൽ എടുത്തു നിറുകയിൽ അമർത്തി ചുംബിച്ചു. ഉടൽ തളരും പോലെ തോന്നിയപ്പോൾ അവൾ മെല്ലെ അകന്ന് മാറി.
ശിവൻ പോകുന്നത് മയങ്ങിയെന്ന പോൽ നോക്കിനിന്നു.
“അമ്മേ നമുക്ക് മാളൂന്റെ വീട്ടിൽ പോയി താമസിച്ചാലെന്താ?”
കഞ്ഞി കുടിച്ചു കൊണ്ടിരുന്നപ്പോൾ ദിവ്യ ചോദിച്ചത് കേട്ട് അവൾ ഒന്ന് മുഖം കൂർപ്പിച്ചു.
“കഴിച്ചിട്ട് പോയിരുന്നു പഠിക്ക് പെണ്ണെ “
“ഓ നമ്മൾ ചോദിച്ചതാ കുറ്റം..ശിവമാമൻ പാവല്ലേ അമ്മേ..?.”
ദേവിക തന്റെ പാത്രം എടുത്തു അടുക്കളയിലേക്ക് നടന്നു
“ആ കിലുങ്ങുന്നുണ്ട് കിലുങ്ങുന്നുണ്ട്…” അവൾ കൊലുസ് നോക്കി അർത്ഥം വെച്ച് പറഞ്ഞു
“പോടീ ” അവൾ തിരിച്ചടിച്ചു
പതിവ് പോലെ നോക്കി നിൽക്കുമ്പോൾ ആളെ കാണാനില്ല.
“ഇന്നെന്തു പറ്റി? “അവൾ ഓർത്തതേയുള്ളു.
“ആ ദേവു…ശിവനെ ആശുപത്രിയിൽ ആക്കി കേട്ടോ. ഒരു നെഞ്ചു വേദന. രാത്രിയിൽ..തന്നെ ആംബുലൻസ് വന്നു കൊണ്ടോയി “
ആരാ അത് പറഞ്ഞത് എന്ന് വ്യക്തമായില്ല. ഒറ്റ ഓട്ടമായിരുന്നു.
ഹോസ്പിറ്റലിൽ എത്തുമ്പോൾ അവളെ വിറച്ചു തളർന്നു
ബന്ധുക്കൾ എല്ലാവരും അവളെ ഒരു പുഴുവിനെ നോക്കുന്ന പോലെ നോക്കുന്നുണ്ടായിരുന്നു. അവൾ ഒരു തൂണിൽ ചാരി നിലത്തിരുന്നു
ഉറങ്ങാതെ, ഉണ്ണാതെ കണ്ണിമ ചിമ്മാതെ പ്രപഞ്ചം നിശ്ചലമായ മൂന്ന് ദിവസങ്ങൾ.
അമ്മേ എന്തെങ്കിലും കുടിക്ക് ദിവ്യ കരയുന്നത് നിശ്ചലമായ മിഴികളോടെ അവൾ നോക്കിയിരിക്കും
ആരുടെ അമ്മ? ഞാൻ ആരുടെയും അമ്മയല്ല. എനിക്ക് മക്കളില്ല. എനിക്കുള്ള ആൾ ദേ അവിടെ കിടക്കുകയാണ്. അങ്ങോട്ടോ ഇങ്ങോട്ടോ ആർക്കറിയാം?
നാലാം നാൾ
“ചെറിയമ്മേ അച്ഛൻ അന്വേഷിക്കുന്നു ” മാളൂട്ടി വന്നു കയ്യിൽ പിടിച്ചപ്പോൾ അവൾ എഴുനേറ്റു
നടക്കാൻ വയ്യ, വീണു പോയേക്കും
“ഇവളെയെന്തിന് അവനെ കാണിക്കുന്നു. മാളു…അവളോട് പോകാൻ പറ “
ആരോ ഉറക്കെ പറയുന്നു
“ഇത് അച്ഛന്റെ ഭാര്യയാണ് അമ്മാവാ “
മാളു ഉറച്ച സ്വരത്തിൽ പറയുന്നത് കേട്ട് അവൾ ഒന്ന് വേച്ചു.
“ചെറിയമ്മ ചെല്ല്. ബോധം വന്നപ്പോൾ അച്ഛൻ ആദ്യം വിളിച്ചത് ഈ പേരാണ്. ചെറിയമ്മ ചെല്ല് “
മാളു ഒത്തിരി മുതിർന്ന പെണ്ണായ പോലെ
അവൾ വാതിൽ തുറന്നു
“ദേവു…” അയാൾ വിളിച്ചപ്പോൾ അവൾ കരഞ്ഞില്ല. ചിരി അഭിനയിച്ചു.
“പേടിച്ചു പോയി അല്ലെ?”.അയാളുടെ ഒച്ച ഇടറി
അവൾ ആ കൈ പിടിച്ചു നെഞ്ചിൽ ചേർത്തു
“ഒറ്റയ്ക്കാക്കൂല്ലായിരുന്നു..കൂടെ വന്നേനെ. “
മെല്ലെ പറഞ്ഞു കൊണ്ട് അവൾ വീണ്ടും ചിരിക്കാൻ ശ്രമിച്ചു
“അപ്പൊ നമ്മുടെ മക്കളോ?”അയാൾ ചോദിച്ചു
അപ്പോഴായിരുന്നു അവൾ ആർത്തലച്ചു കരഞ്ഞു തുടങ്ങിയത്. മഴ പെയ്യും പോലെ അതങ്ങനെ പെയ്തു കൊണ്ടിരുന്നു. കരഞ്ഞു തളർന്ന മുഖം അയാളുടെ നെഞ്ചിൽ അമർന്നു.
അയാൾ അവളുടെ മുഖം നെഞ്ചിൽ ചേർത്ത് അനങ്ങാതെ കിടന്നു…
പിന്നെ ഒന്ന് ഇറുക്കി ചേർത്ത് പിടിച്ചു
ഇനിയൊരിക്കലും ഒറ്റയ്ക്കാക്കില്ല എന്ന് വാക്ക് പറയും പോലെ..
ചില പ്രണയങ്ങൾ അങ്ങനെയാണ്.
വിധി അസൂയയോടെ നോക്കിക്കാണുന്നത്.
അവൻ തോറ്റു പോകുന്നതും അത്തരം പ്രണയങ്ങളുടെ മുന്നിൽ തന്നെ.
~Ammu Santhosh