Story written by Jishnu Ramesan
================
“പണ്ടെങ്ങോ എ യി ഡ്സ് വന്നു ചത്ത ത ന്തേടേം ത ള്ളേടേം മോളാ ആ പെണ്ണ്” എന്ന് പലോരും പറയുമ്പോ ഇന്നവള് മെല്ലെ ഒന്ന് ചിരിക്കും…
മുൻപ് ബസില് കയറുമ്പോ പരിചയക്കാര് അടുത്തിരിക്കാൻ മടിച്ചപ്പോ മുഖം വിളറിയിട്ടുണ്ട്…
അയൽക്കൂട്ടത്തില് ആഴ്ചപ്പടിക്ക് ചേരാൻ വന്നപ്പോ ആള് തികഞ്ഞൂന്നും പറഞ്ഞ് മടക്കിയപ്പോ നൊന്ത് കരഞ്ഞിട്ടുണ്ട് ആ പെണ്ണ്…
പണ്ട് ആ പെണ്ണിൻ്റെ കുഞ്ഞിലെ വയറു നിറയെ ബ്രാ ണ്ടി കുടിച്ചിട്ട് വന്ന് അവളോട് കുശലം ചോദിച്ചിരുന്ന കണ്ണപ്പൻ ചേട്ടൻ മാത്രം ഇപ്പളും മടിയില്ലാതെ മിണ്ടിയിരുന്നു…
പണ്ടൊക്കെ ആ പെണ്ണ് ഓട്ടോറിക്ഷ പിടിക്കാൻ കവലയിലേക്ക് വരുമ്പോ അവരുടെ നെഞ്ച് ഇടിക്കുമായിരുന്നു…
അടുത്ത് വന്നാ പകരണ സൂക്കേടാണത്രെ എയിഡ്സ് എന്ന് പരക്കെ പറയണതും അന്നാട്ടുകാരെന്നെ…
ഒരിക്കല് ആ പെണ്ണിൻ്റെ കൂടെ ജോലി ചെയ്യണ ചെക്കൻ അവളേം കെട്ടി പോയപ്പോ നാട്ടാര് ചെലോര് പറഞ്ഞു, “അറിഞ്ഞിട്ട് കെട്ടിയതാണാവോ, അതോ പയ്യനും ഈ സൂക്കേട് ഉണ്ടാണാവോ…!”
പിന്നീട് വല്ലപ്പോഴും അന്നാട്ടിലേക്ക് വില കൂടിയ കാറില് വരണ അവളേം ചെക്കനേം കണ്ടിട്ട് നെറ്റി ചുളിച്ചു നോക്കിയിരുന്നു നാട്ടാര്… അസൂയ നിറച്ചൊരു നോട്ടം മാത്രം…
കാലം സ്വല്പം കഴിഞ്ഞപ്പോ ഈ സൂക്കേട് വന്നാ അധിക കാലം ജീവിക്കില്ല എന്ന് പറഞ്ഞിരുന്ന അയൽക്കാരൊന്നും ജീവിച്ചിരിപ്പില്ലത്രെ..
ഒരൂസം ആ പെണ്ണ് പിന്നേം അന്നാട്ടിലേക്ക് അവൾടെ ചെക്കനേം കൂട്ടി വന്നപ്പോ വയറു നിറയെ ബ്രാ ണ്ടി കുടിച്ചിട്ട് കണ്ണപ്പൻ കവലയിൽ തത്വം പറഞ്ഞിരിക്കുന്ന തോന്ന്വാസികളോട് പറഞ്ഞു,
“കണ്ട്രാ, ആ പെണ്ണ് പിന്നേം പിന്നേം ജീവിക്കണ കണ്ട്രാ…”
അവളും ചെക്കനും തിരിച്ചു പോവുമ്പോ കൂട്ടിന് ആരൂല്ലാത്ത കണ്ണപ്പൻ ചേട്ടനോട് മദ്രാസിലേക്ക് പോരുന്നുണ്ടോന്നു ചോദിച്ചപ്പോ, കൊഴിഞ്ഞ ഇടം പല്ല് കാണിച്ച് അയാള് ഒന്നേ പറഞ്ഞുള്ളൂ,
“പട്ടണത്തില് ചെന്നാല് മോളെനിക്ക് സായിപ്പന്മാര് കുടിക്കണ ബ്രാ ണ്ടി വല്ലപ്പോളും വാങ്ങി തരോന്നു…”
ആ പെണ്ണ് ഒന്ന് ചിരിക്കുക മാത്രം ചെയ്തു, കണ്ണപ്പൻ ചേട്ടൻ കുശലം ചോദിക്കുമ്പോ മാത്രം ചിരിക്കാറുള്ള ചേലുള്ള ചിരി…
~Jishnu Ramesan