കല്യാണ പിറ്റേന്ന്…
എഴുത്ത്: ആഷാ പ്രജീഷ്
===============
എനിക്കെന്റെ വീട്ടിൽ പോകണം!!! ഇത് പറഞ്ഞിട്ട് വലിയ ഭാവവ്യത്യാസമൊന്നുമില്ലാതെയിരിക്കുന്ന കെട്ടിയോനെ ഒരു നിമിഷം തുറിച്ച് നോക്കിയ ഞാൻ…എന്റെ തുറിച്ചു നോട്ടം സഹിക്കാഞ്ഞിട്ടാണോ എന്തോ ആൾ മിണ്ടാതെ മുറി വിട്ട് ഇറങ്ങി പോയി…കുറച്ചു നേരം അവിടെ ഇരുന്നു ചുറ്റുമുള്ള ശബ്ദങ്ങളെ വിലയിരുത്താൻ തുടങ്ങി…
കല്യാണത്തിന് കെട്ടിയ പന്തൽ അഴിക്കുന്ന ബഹളം..അതെനിക് പെട്ടന്നു തിരിച്ചറിയാൻ പറ്റി…പിന്നെ ഒന്ന് കൂടെ ചെവി ഓർത്തപ്പോൾ അടുക്കള ഭാഗത്തു നിന്നാണെന്ന് തോന്നുന്നു സ്ത്രീ ജനങ്ങളുടെ ശബ്ദം…അതെന്നെ വല്ലാതെ അലോസരപെടുത്തി…
കല്യാണഡ്രസ്സ് എടുക്കാൻ പോയപ്പോൾ മുതൽ കല്യാണത്തിന്റെ അന്ന് അമ്പലത്തിൽ വന്നിറങ്ങിയപ്പോൾ മേക്കപ്പ് കൂടി പോയെന്ന് കുറ്റപ്പെടുത്തിയ ടീംസ് വരെ അവിടെ കാണും…കല്യാണം കഴിഞ്ഞില്ലേ..ഇവറ്റോൾക്കൊക്കെ വീട്ടിൽ പൊയ്ക്കൂടേ…
ഏട്ടൻ പുറത്തേക്ക് പോയപ്പോൾ പകുതി ചാരിയ വാതിലിലേക്ക് ഉണ്ടക്കണ്ണുരുട്ടി നോക്കി കൊണ്ടിരുന്നു…കുറച്ചു സമയം ഇരുന്നപ്പോ എനിക്ക് സങ്കടം വന്നു…ഈ സങ്കടം ന്ന് പറയണത് നമ്മക് പിന്നെ പെട്ടന്നു വരൂല്ലോ…ചാച്ചൻ പറയുന്ന പോലെ കണ്ണീരണെങ്കിൽ വേണ്ട പോലെ സ്റ്റോക്കും ഉണ്ട്…
സമയം കടന്നു പോകുന്നതിനനുസരിച്ചു പുറത്തെ ബഹളം കൂടി കൂടി വന്നു…ഈശ്വരാ..ഈ പുറത്തേക്ക് പോയ അങ്ങേരെന്താ തിരിച്ചു വരാതെ…ഞാനിപ്പോ എന്താ ചെയ്യാ…പുതുപ്പെണ്ണ് മണിയറ വിട്ട് ഇറങ്ങിയില്ലെന്ന് പറഞ്ഞു കലിപ്പാക്കുമോ ഇനി…
“ഡീ നീ പോയി കുളിക്ക്…
ചിന്തകൾ കാടു കയറുന്നതിനു മുൻപ് അങ്ങേര് അകത്തേക്ക് വന്നു…കല്പിക്കേണ്ട താമസം നേരത്തെ എടുത്തു വച്ച ചുരിദാർ കൈയിൽ എടുത്തോണ്ട് ഞാൻ പുറത്തേക്ക് ചാടി..ചുറ്റുമുള്ളതൊന്നും കാണരുത് എന്ന വാശിയോടെ നേരെ കുളിമുറിയുടെ ഭാഗത്തേക്ക് വച്ച് പിടിച്ചു…കുളിമുറി നേരത്തെ കണ്ടു വച്ചിട്ടുണ്ടായിരുന്നു..കുളിക്കുന്നതിനു മുൻപ് പല്ല് തേയ്‌ക്കുക എന്ന കാര്യം ഞാൻ സ്വയം വിസ്മരിച്ചു..തിരിച്ചിറങ്ങിയപ്പോ ആദ്യം കേട്ട ശബ്ദം..
മിടുക്കി..മോള് കുളിയൊക്കെ കഴിഞ്ഞല്ലേ..
ഏതോ ഒരു പൊക്കം നന്നേ ഇല്ലാത്ത അമ്മായി!!
ആൾ വെളുങ്ങനെ ചിരിച്ചു..ഞാനും..
പിന്നെയും ചെവിയിൽ ചീവിട് കരയുന്നത് പോലെ..ആരൊക്കെയോ എന്തൊക്കെയോ ശബ്ദങ്ങൾ..വിശേഷങ്ങൾ…എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു..പക്ഷെ മനസ് അവിടെയെങ്ങും അല്ല..എന്തായാലും പല്ല് തെയ്ക്കാൻ സ്വന്തമായി ഒരു ബ്രഷ് കിട്ടിയത് കൊണ്ട് ആ കർമ്മം അങ്ങ് കഴിച്ചു..ഇനിയിപ്പോ എന്താ..
ഒരു കാര്യം പറഞ്ഞിട്ട് വല്ലതും നടക്കുവോ ആവോ…
കെട്ടിയോനെ തിരഞ്ഞു എന്റെ കണ്ണുകൾ ചെന്ന് നിന്നത് അച്ഛനോട് എന്തൊക്കെയോ പറയുന്ന അമ്മയുടെ മുഖത്താണ്..
എന്റെമ്മോ!!
പേടിയോടെ പെട്ടന്നു മുഖം താഴ്ത്തി ഇനിയെന്ത് വേണ്ടൂ എന്ന മട്ടിൽ വെറുതെ അങ്ങനെ നിന്നപ്പോൾ
മോള് പോയി യാത്രയാവൻ നോക്ക്..അവൻ കുളിച്ചിട്ട് ഇപ്പൊ വരും..ചായ കുടിച്ചിട്ട് പോയാൽ മതിട്ടോ..
മനസ്സിൽ മഞ്ഞു പെയ്യണപോലെ ഒരു സുഖം ന്നൊക്കെ പറയില്ലേ..അത് തന്നെ അച്ചന്റെ ആ വാക്കുകൾ കേട്ടപ്പോൾ…
പിന്നെ ഒട്ടും മടിച്ചില്ല..വേഗം മുറിയിൽ ചെന്ന് യാത്രയായി..പതിവില്ലാത്ത ഒരു വെപ്രാളം..പിന്നെയങ്ങോട്ട് നടന്നതൊക്കെയും ഏതോ നിഴൽ കൂത്തു പോലെയാണ് എനിക്ക് തോന്നിയത്..കാരണം മനസ് അവിടെയെങ്ങുമല്ല..എത്രയും വേഗം ഇവിടെ നിന്ന് ഇറങ്ങണം..മനസ്സിൽ അത് മാത്രമാണുള്ളത്..രാവിലത്തെ ഭക്ഷണം കഴിക്കുമ്പോ അച്ഛൻ പറഞ്ഞ തമാശകൾ എന്താണെന്ന് കൂടെ ഓർമയില്ലാത്ത അവസ്ഥ..ഇതിനിടക്ക് അടുക്കള ഭാഗത്തു ചെന്നപ്പോൾ അടുക്കി പിടിച്ച സംസാരങ്ങൾ എന്റെ കാതിലുമെത്തി…
“ഇതെന്തൊരു കൂത്തു..നാട്ടു നടപ്പും ആചാരവും ഒക്കെ നോക്കട്ടെ..പെണ്ണ് വന്നു കേറിയാതെ ഒള്ളലോ…
“പെൺപിള്ളേർ മാത്രം ഉള്ളോടത്തൂന്ന് കെട്ടിയ ഇങ്ങനെ ഇരിക്കും…
എന്തായാലും ചില്ലറകാരിയല്ല…!!
ഇങ്ങനെയുള്ള ചില ശബ്ദ ശകലങ്ങൾ…പക്ഷെ എന്റെ ആവശ്യം ന്യായമാണ്. അത് നാട്ടിൽ പുറത്തിന്റെ ആചാരങ്ങളിലും മാമൂലുകളിലും കുടുങ്ങി കിടക്കേണ്ടതല്ല..
ഞാൻ ഉമ്മറത്തു അക്ഷമയായി കാത്തു നിന്ന്..കെട്ടിയോൻ ബൈക്ക് സ്റ്റാർട്ട് ആകുന്നതും നോക്കി..അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോ ഈ അന്തരീക്ഷത്തിൽ നിന്ന് ഒന്ന് രക്ഷപെട്ടാൽ മതി എന്നൊരു ചിന്ത ആയിരുന്നു.
വീടിന്റ സമീപം എത്താറായതും ദൂരെന്നെ കണ്ടു പന്തൽ അഴിക്കുന്ന ബഹളം..അവിടെ മുറ്റത്തു ചെന്നിറങ്ങിയപ്പോ തുറിച്ചും മിഴിച്ചും അന്തം വിട്ടും നോക്കി എന്റെ ബന്ധുക്കൾ…
അവളെവിടെ????
പെണ്ണുംപിള്ളയുടെ വീട്ടിൽ ആദ്യമായി വന്ന എന്റെ കെട്ടിയോൻ സ്വീകരണ സൽക്കാരങ്ങൾ സ്വീകരിക്കുന്നതിനിടയിൽ എന്നെ തിരഞ്ഞു…
“അവളോ? അവള് അടുക്കളേൽ പോയി ചോറ് തിന്നനുണ്ടാകും”
ചിരിച്ചു കൊണ്ട് പുള്ളി അത് പറഞ്ഞെങ്കിൽ അത്ഭുതപെടേണ്ടതില്ല. അതാണ് മ്മടെ സ്വന്തം അച്ഛൻ!! മകളെ മനസിലാക്കുന്ന ഓരോ അച്ഛനും ഇങ്ങനെ തന്നെ..
തലേ ദിവസത്തെ നല്ല കളനും അച്ചാറും എല്ലാം കൂട്ടി എന്റെ എന്ന് മാത്രം മുദ്രണം ചെയ്യപ്പെട്ട ആ പാത്രത്തിൽ ഒറ്റ പാത്രം ചോറ്..
ഇന്നലെ ഒരു ദിവസം ആളും മേളവുമായി പടി ഇറക്കി വിട്ടവളാണ്..
അതിനെന്താ?? എനിക്ക് വന്നു കൂടെ എന്റെ വീടല്ലേ??
മോളെ ഇപ്പൊ നീ എന്തിനാ വന്നേ??അവരുടെ ഇഷ്ടക്കേട് മേടിക്കാതെ നോക്കണ്ടേ?
നല്ല കുടുംബിനി എന്ന വിഷയത്തിൽ നല്ലപോലെ ക്ലാസ്സ് കിട്ടിയതാണ്..മതി. ഇനി നിർത്തികൊ??
എന്റെ തുറിച്ചു നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയ പാവം ഇമ്മടെ അമ്മ പിന്നെ മിണ്ടിയില്ല..
എന്റെ വീട്, എന്റെ പാത്രം..എന്റെ വീടിൽ ഉണ്ടാക്കിയ ഭക്ഷണം. അതിപ്പോ എന്തിനാ കഴിച്ചേ എപ്പഴാ കഴിച്ചേ എന്നൊന്നും ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല..അതൊന്നും ഇങ്ങക്ക് മനസിലാവില്ല…ഈ കഴിച്ച ഒരുപിടി ചോറിന്റെ സ്വാദ് ഇനി ഈ ജന്മം വേറെ എന്ത് കഴിച്ചാലും കിട്ടാൻ സാധ്യത ഇല്ലാ എന്ന് ഇവർക്ക് അറിയുയ്ലല്ലോ..
എന്തായാലും ചോറും അകത്താക്കി എല്ലാരോടും യാത്രയും പറഞ്ഞു കെട്ടിയോന്റെ വീട്ടിൽ ചെന്നപ്പോ അവിടെ ഉച്ചയൂണിന്റ ബഹളം..പിന്നെ ഒട്ടും മടിച്ചില്ല. കൈ കഴുകി ഇരുന്നു..എന്റെ തീറ്റി കണ്ടപ്പോ കെട്ടിയോന്റെ ഒരു തുറിച്ചു നോട്ടം..ഇതൊക്കെ എങ്ങടാ പോണെന്നു….
അതും എന്റെ വീട്..ഇതും എന്റെ വീട് രണ്ടിടത്തും നിന്ന് ഫുഡ് കഴിക്കാനുള്ള അവകാശം എനിക്കുണ്ടെന്ന് ഞാൻ..അല്ല പിന്നെ..
~ആഷ് ✍️