ഫേസ്ബുക്കിൽ ഫോട്ടോ കണ്ടിരുന്നു. ഒരുപാട് സന്തോഷം തോന്നി. ഞാനും ഉണ്ടായിരുന്നല്ലോ നിന്റെ ജീവിതം കളയാൻ അല്ലേ മോളേ…

Story written by Aparna Dwithy

==============

പതിവ് പോലെ ഫേസ്ബുക്കിൽ കളിക്കുമ്പോൾ ഇടയ്ക്കെപ്പോളോ ആ പേര് കണ്ണിൽ ഉടക്കി.  വർഷങ്ങൾക്ക് മുൻപേ എന്നെ ബ്ലോക്ക് ചെയ്തതാണ്. പ്രൊഫൈൽ എടുത്തു നോക്കിയപ്പോൾ ഒരുപാട് കാലമായി അത് ഉപയോഗിച്ചിട്ടെന്ന് തോന്നി. എപ്പോളായിരിക്കും എന്നെ ബ്ലോക്ക് ചെയ്തത് മാറ്റിയിട്ടുണ്ടാവുക…… ?അറിയില്ല.

അവനെ കുറിച്ച് ഇത് വരെ അന്വേഷിച്ചിട്ടില്ല എന്നെ ഒഴിവാക്കി പോയതാണ്.  പിന്നീടെന്തായെന്നോ എവിടെയാണെന്നോ അന്വേഷിച്ചില്ല. ഇപ്പൊ എന്തോ അവനെ കുറിച്ചറിയാനൊരു ആഗ്രഹം. ഞാൻ ഫോൺ എടുത്ത് അരുണേട്ടനെ ഡയൽ ചെയ്തു,

“ഹലോ ആരാ….. ?” മറുതലയ്ക്കൽ അരുണേട്ടന്റെ ശബ്ദം.

‘ഞാൻ……അപർണ ‘

“അപ്പൂ….മോളേ സുഖാണോടാ “

‘ങും ‘

“എത്ര നാളായി  നിന്റെ ശബ്ദം കേട്ടിട്ട്. ഇപ്പൊ എവിടെയാ നീയീ ?”

‘ഞാൻ ഹസ്ബന്റിന്റെ കൂടെ ഷാർജയിലാ ‘

“കുഞ്ഞുമോളൊക്കെ ആയല്ലേ. എവിടെ വാവ?”

‘ഉറങ്ങുവാ ‘

“ഫേസ്ബുക്കിൽ ഫോട്ടോ കണ്ടിരുന്നു. ഒരുപാട് സന്തോഷം തോന്നി. ഞാനും ഉണ്ടായിരുന്നല്ലോ നിന്റെ ജീവിതം കളയാൻ അല്ലേ മോളേ ?”

‘അരുണേട്ടാ…..കുട്ടൻ… ?.ഇപ്പോ എവിടെയാ അവൻ ഹാപ്പിയാണോ ? ‘

“അത്…….. “

‘എന്താ പറ…. ‘

“നീ നാട്ടിൽ വരുമ്പോൾ അവനെ ചെന്നൊന്നു കാണ്‌. അവൻ വീട്ടിൽ തന്നെ ഉണ്ട്. ശരി മോളേ ഇടയ്ക്ക് വിളിക്ക് ഞാൻ ജോലിത്തിരക്കിലാ “

‘ങും ശരി….. ‘ ഞാൻ ഫോൺ കട്ട് ചെയ്തു.

മനസ്സിന് വല്ലാത്ത ഭാരം. എന്തായിരിക്കും അവനു സംഭവിച്ചിരിക്കുവാ……? അരുണേട്ടൻ എന്താ ഒന്നും വ്യക്തമായി പറയാതിരുന്നത്. എന്തൊക്കെ ചെയ്താലും അവനെ വെറുക്കാൻ പറ്റുന്നില്ല. നാട്ടിൽ ചെന്നവനെ കാണണം.

“അപ്പൂട്ടി….നീ എന്താ ഈ ആലോചിച്ചിരിക്കുന്നെ ?” സിദ്ധു ഏട്ടൻ ആണ്.

“എന്ത് പറ്റിയെടോ. റൂമിൽ കള്ളൻ കയറിയാൽ കൂടെ അറിയില്ലല്ലോ നീ”

‘ഏട്ടാ അത്…..എനിക്ക് നാട്ടിൽ പോണം ‘

“നാട്ടിലോ എന്തിന് ? അടുത്ത വെക്കേഷനു പോവാലോ “

‘ഇപ്പോ പോണം ‘

“നീ കാര്യം പറടോ “

‘അത് കുട്ടൻ………’

“അതൊക്കെ പഴയ കാര്യമല്ലേ നീയെനിയും അതോർത്തു വിഷമിക്കാൻ പോകുവാണോ.?”

‘അല്ല ഏട്ടാ കുട്ടനെന്തോ പറ്റിയിട്ടുണ്ട് ‘

“ആര് പറഞ്ഞു “

‘അരുണേട്ടൻ. ഒന്നും വ്യക്തമായി പറഞ്ഞില്ല. പക്ഷേ എന്തോ എന്റെ മനസ്സ് പറയുന്നു അവനെ പോയി  കാണാൻ ‘

“ശരി നമ്മുക്ക് പോകാം നീ വിഷമിക്കാതെട്ടോ “

‘ങും ‘

അങ്ങനെ രണ്ടുദിവസം കഴിഞ്ഞു നാട്ടിലെത്തി. നേരെ ചെന്നത് കുട്ടന്റെ വീട്ടിലേക്കാണ്.

“അപ്പു നീ  ചെല്ല്. മോളെയും കൂട്ടിക്കോ ഞാൻ കാറിൽ ഇരിക്കാം ” സിദ്ധു ഏട്ടൻ പറഞ്ഞു.

ഞാൻ മോളെയും എടുത്തു വീട്ടിലേക്കു ചെന്നു. ആകെ ഒരു നിശബ്ദത ആയിരുന്നു അവിടെ. കോളിങ് ബെൽ അമർത്തി. അമ്മയായിരുന്നു വാതിൽ തുറന്നത്. അമ്മയ്ക്ക് തന്നെ തിരിച്ചറിയാൻ അധിക സമയം വേണ്ടി വന്നില്ല.

“മോളേ…….. ” അമ്മയുടെ കണ്ണുകൾ നിറഞ്ഞു.

കണ്ണീർ പുറത്തേക്കൊഴുകാതിരിക്കാൻ പാടുപെട്ട് ഞാനും ചിരിച്ചു.

“അകത്തേക്ക് വാ മോളേ “

ഒരിക്കൽ ഒരുപാട് ആഗ്രഹിച്ചതാണ് ആ വീട്ടിലെ മരുമകൾ ആയി കയറി ചെല്ലാൻ പക്ഷേ ഭാഗ്യം ലഭിച്ചത് വേറൊരുത്തിക്കും.

“എന്താ മോളേ ആലോചിക്കുന്നേ അകത്തേക്ക് വാ “

ഞാൻ അകത്തേക്ക് കയറി.

“ഇരിക്ക് മോളേ…കുഞ്ഞുമോളുടെ പേരെന്താ വാ മുത്തശ്ശിടെ അടുത്ത്”

അമ്മ മോളേ എന്റെ കയ്യിൽ നിന്നും വാങ്ങി ലാളിക്കാൻ തുടങ്ങി.

‘കുട്ടൻ……… ?’

“അകത്തെ മുറിയിൽ ഉണ്ട് മോളങ്ങോട്ട് ചെല്ല് അമ്മ കുടിക്കാനെന്തേലും എടുക്കാം.”

ഞാൻ മുറിയിലേക്ക് ചെന്നു.

“കുട്ടാ…….. “

കുട്ടൻ കണ്ണുതുറന്നെന്നെ നോക്കി.

‘മോളൂട്ടി നീ……….’

“എന്താ പറ്റിയേ കുട്ടന്.  നീ എന്താ കിടക്കുന്നേ. എഴുന്നേൽക്ക് “

‘കുട്ടനിനി എഴുന്നേൽക്കില്ലഡി. ജീവിതം മുഴുവൻ ഇങ്ങനെ കിടന്നു തീർക്കും. ‘

“എന്താ പറ്റിയെ നിനക്ക് “

‘നിന്റെ ശാപമാടി നീ അന്ന് പറഞ്ഞില്ലേ ഞാൻ അനുഭവിക്കുംന്. നിന്നെ വേദനിപ്പിച്ചതിന് ദൈവം തന്നതാ. ഒന്നു വീണു ബൈക്കിൽ നിന്നും ‘

“നീയെന്താ ഈ പറയുന്നേ നിന്നെ ശപിക്കാൻ എനിക്ക് പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ” എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

‘ഹേയ് കരയാതെടി  വയ്യ ഇനിയും നിന്റെ കണ്ണീര് കാണാൻ….കുട്ടനൊന്നുമില്ലാട്ടോ. ‘

“വിദ്യ….. അവളെവിടെ ?”

‘പോയി ‘

“പോയോ…എവിടേക്ക് ?”

‘അറിയില്ല ഞാനിനി എഴുനേൽക്കില്ല എന്നറിഞ്ഞപ്പോൾ പോയി. തെറ്റുപറ്റിയത് എനിക്കാടി, സ്വാർത്ഥനാ ഞാൻ നിന്റെ കണ്ണീർ കാണാനേ ഞാൻ ആഗ്രഹിച്ചുള്ളു അതിനു ദൈവം തന്നതാ ഇത്. ‘

“എല്ലാം ശരിയാവും. ഞാൻ പ്രാർത്ഥിക്കാം “

‘ദ്വിതി മോളെവിടെ ?’

“മോളുടെ പേര്……. ?”

‘എനിക്കറിയാടി നീ ആ പേര് മോൾക്കിടുംന്ന് ‘

“അമ്മയുടെ അടുത്തുണ്ട് “.

അപ്പോളേക്കും അമ്മ മോളെയും കൊണ്ട് മുറിയിലേക്ക് വന്നു.

‘നിന്നെപ്പോലെ തന്നെയാടി മോള് ‘ കുട്ടൻ മോളുടെ കൈ പിടിച്ചു പറഞ്ഞു.

“വാ മോളേ ചായ കുടിക്കാം ” അമ്മ വിളിച്ചു.

‘വേണ്ടമ്മേ ഞാൻ ഇറങ്ങുവാ ‘

“അപ്പൂ വരുന്നില്ലേ നീയ് ” അപ്പോളേക്കും  സിദ്ധു ഏട്ടൻ അവിടേക്ക് വന്നു.

സിദ്ധു ഏട്ടനെ കണ്ടപ്പോൾ കുട്ടൻ എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി.

“വേണ്ട കിടന്നോളു….എല്ലാം ശരിയാവും ” സിദ്ധു ഏട്ടൻ കുട്ടന്റെ കയ്യ് പിടിച്ചു പറഞ്ഞു.

‘നീ ഭാഗ്യമുള്ളവനാ ‘ കുട്ടൻ സിദ്ധു ഏട്ടന്റെ കയ്യ് മുറുകെ പിടിച്ചു.

“ശരി ഞങ്ങൾ ഇറങ്ങട്ടെ വാ അപ്പു……. “

ഞാൻ കുട്ടനെ തിരിഞ്ഞു നോക്കി കണ്ണുകൊണ്ട് യാത്ര പറഞ്ഞു ഇറങ്ങി.

“മോളേ ഇടയ്ക്കൊക്കെ കുഞ്ഞുമോളെയും കൊണ്ട് വരണം ഇവിടേക്ക്. നല്ലതേ വരൂ മോൾക്ക്…ഇത്രയൊക്കെ ആയിട്ടും മോള് വന്നല്ലോ അവനെ കാണാൻ. സന്തോഷമായി അമ്മയ്ക്ക്. ” ആ അമ്മ കണ്ണുനീർ തുടച്ചു യാത്ര പറഞ്ഞു.

*********

‘അപ്പൂ നീ എന്താ ഈ ആലോചിക്കുന്നേ ‘

“ഡോക്ടർ എന്താ പറഞ്ഞേ സിദ്ധു ഏട്ടാ….. ?”

‘സക്‌സസ് ആണെടോ പേടിക്കാനില്ല കുട്ടൻ വൈകാതെ പഴയ പോലെ നടക്കും ‘

“ആണോ ?”

‘അതെയെന്നേ. പിന്നേ വിദ്യ വന്നിട്ടുണ്ട്. ചെയ്തത് തെറ്റാണെന്നു ഏറ്റുപറഞ്ഞു മാപ്പു ചോദിക്കാൻ. ‘

“കുട്ടൻ എന്ത് പറഞ്ഞു ?”

‘അവനും തെറ്റ് ചെയ്തവനല്ലേ ക്ഷമിച്ചല്ലേ പറ്റൂ. എന്തായാലും അവള് തെറ്റ് മനസ്സിലാക്കി വന്നല്ലോ. ‘

“അവര് സന്തോഷത്തോടെ ജീവിക്കട്ടെ “

‘ങും.നമ്മുടെ റോൾ കഴിഞ്ഞു, നമ്മുക്ക് പോവണ്ടേ ‘

“പോവാം “

ഞാൻ സിദ്ധു ഏട്ടന്റെ കൈപിടിച്ച് ആ ഹോസ്പിറ്റലിൽ നിന്നിറങ്ങി…

~അപർണ