ആദ്യമായിയാണ് അമ്മയല്ലാതെ മറ്റൊരാൾ സ്നേഹത്തോടെ മോനെയെന്ന് വിളിച്ച് സംസാരിക്കുന്നത്…

മീങ്കളളൻ…

എഴുത്ത് : ശ്യാം കല്ലുകുഴിയിൽ

===================

“ഇവനാ…സാറേ ഇവനാണ് എന്റെ പൊരിച്ചമീൻ എടുത്തത്… “

ക്ലാസ് മുറിയുടെ വാതിൽക്കൽ നിന്ന് തന്റെ നേർക്ക് വിരൽ ചൂണ്ടി അമീർ പറയുമ്പോൾ അവന്റെ പിന്നിൽ നിൽക്കുന്ന രഘു മാഷിനെ കണ്ടാണ് കൈകലുകൾ വിറയ്ക്കാൻ തുടങ്ങിയത്. തേച്ചു മിനുക്കിയ വെള്ളഷർട്ടും, വെള്ളമുണ്ടിന്റെ തുമ്പിനൊപ്പം ചൂരലും പിന്നിൽ പിടിച്ച് എപ്പോഴും ഗൗരവത്തോടെ, കട്ടി മീശയും തടവി നടക്കുന്ന രഘു മാഷിന്റെ തലവെട്ടം വരാന്തയിൽ കാണുമ്പോഴേ പിള്ളേർ ഓടി ഒളിക്കും, ഇതിപ്പോ മോക്ഷണകുറ്റവും കൂടി ആകുമ്പോ ചന്തിയിലെ തൊലി പൊട്ടുമെന്നതോർത്ത് ഉള്ളിലെ ഭയം കൂടി കൂടി വന്നു….

മാഷ് ക്ലാസ്സിലേക്ക് കയറുമ്പോൾ പേടിച്ച് നെഞ്ചിടിപ്പ് കൂടിയതിനൊപ്പം തൊണ്ടയിൽ കുടുങ്ങിയ കരച്ചിൽ പുറത്തേക്ക് വരാതെയിരിക്കാൻ നന്നേ പണിപ്പെട്ടു….

” നീ അവന്റെ ചോറ്റുപാത്രത്തിൽ നിന്ന് പൊരിച്ചമീൻ എടുത്തോടാ… “

നിശബ്ദതമായ ക്ലാസ് മുറിയിലെ എല്ലാ കണ്ണുകളും എന്നിലേക്ക് പതിഞ്ഞപ്പോൾ ആരെയും നോക്കാൻ കഴിയാതെ തല കുമ്പിട്ട് നിൽക്കുന്ന എന്റെ താടിയിൽ ചൂരൽ കൊണ്ട് തല മുകളിലേക്ക് ഉയർത്തി മാഷ് ചോദിക്കുമ്പോൾ എത്ര ശ്രമിച്ചിട്ടും പിടിച്ച് നിർത്താൻ കഴിയാതെ കണ്ണുനീർ പുറത്തേക്ക് ഒഴുകി തുടങ്ങി….

“ഇവനൊക്കെ ഇപ്പോഴേ മോഷണം തുടങ്ങിയാൽ നാളെ വല്യ കള്ളനാകും…..ഇവനൊക്കെ റ്റിസിയും കൊടുത്ത് പറഞ്ഞു വിടണം മാഷേ…. “

അടുത്ത പിരിയഡിന് ക്ലാസെടുക്കാൻ വന്ന ആമീന ടീച്ചറുടെ മുഖത്ത് അപ്പോഴും തന്റെ മകന്റെ പൊരിച്ചമീൻ കട്ടെടുത്ത കള്ളനോടുള്ള ദേഷ്യമായിരുന്നു…

“മാഷേ … അടിക്കല്ലേ മാഷേ …….. “

ലാസ്റ്റ് ബഞ്ചിൽ മൂന്നാമതിരുന്ന എന്നെ പുറത്തേക്ക് ഇറക്കിയ മാഷിന്റെ കയ്യിലിരുന്ന് വിറച്ച ചൂരലിൽ പിടിച്ചുകൊണ്ട് പറയുമ്പോൾ തൊണ്ടയിൽ കുടുങ്ങിയ കരച്ചിലും പുറത്തേക്ക് വന്ന് തുടങ്ങിയിരുന്നു….

” നീ നാളെ വീട്ടിൽ നിന്ന് ആരേലും കൂട്ടികൊണ്ട് വന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതി…എടാ ഇവന്റെ ബാഗും കൂടി എടുത്ത് കൊടുത്തേരെ…. “

വീണ്ടും ആമിന ടീച്ചർ പറയുമ്പോൾ കൂടെയിരുന്നവനാണ് തുണിക്കടയിൽ നിന്ന് കിട്ടുന്ന പ്ലാസ്റ്റിൽ കൂടിൽ ഇട്ടുകൊണ്ട് വന്ന ബുക്കുകൾ എനിക്ക് നേരെ നീട്ടിയത്. അത് വാങ്ങുമ്പോഴും ഒരു കൈ രഘു മാഷിന്റെ കയ്യിലെ ചൂരലിൽ തന്നെയായിരുന്നു…

” നീയെന്തിനാ അവന്റെ പൊരിച്ചമീൻ എടുത്തത്… “

ക്ലാസ്സ്‌ മുറിയിൽ നിന്ന് വരാന്തയിലേക്ക് ഇറക്കി നിർത്തി മാഷ് ചോദിക്കുമ്പോൾ ഒന്നും മിണ്ടാതെ കണ്ണുനീർ തുടച്ച് നിന്നതേയുള്ളു…..

” നിനക്കെന്താ വീട്ടിൽ നിന്ന് ഒന്നും തിന്നാൻ കിട്ടുന്നില്ലേ … “

ആ ചോദ്യത്തിനും തല കുമ്പിട്ട് നിന്നപ്പോഴാണ്, മാഷിന്റെ കയ്യിലിരുന്ന ചൂരൽ ചന്തിയിൽ പതിഞ്ഞത്….

” കൊതികൊണ്ടാ മാഷേ …. “

വീണ്ടും ഉയർന്ന മാഷിന്റെ കയ്യിൽ നിന്ന് അടി കിട്ടാതിരിക്കാൻ ഒഴിഞ്ഞ് നിന്ന്, വേദന അരിച്ചു കയറുന്ന ചന്തിയിൽ അമർത്തി തടവികൊണ്ട് പറയുമ്പോൾ, അടിയ്ക്കാൻ ഉയർന്ന മാഷിന്റെ കൈകൾ താഴ്ന്നിരുന്നു…

” സാറേ ഹെഡ് മാസ്റ്റർ അന്വേക്ഷിക്കുന്നുണ്ട്… “

വേറൊന്തോ ചോദിക്കാൻ വന്ന മാഷിനോട് പ്യുൺ വന്ന് പറയുമ്പോൾ മാഷ് ഒന്ന് നോക്കിയ ശേഷം അയാൾക്കൊപ്പം പോയി…

” നാളെ അച്ഛൻ വരുമ്പോൾ എന്നെ കണ്ടിട്ടേ പോകാവൂ…. “

പ്യുണിനൊപ്പം നടന്ന മാഷ് തിരിഞ്ഞ് നിന്ന് പറയുമ്പോൾ ചന്തിയിൽ തടവികൊണ്ടാണ് തല കുലുക്കിയത്. അന്ന് പിന്നെ അടികൊണ്ട് തടിച്ചപാടിൽ തടവി സ്കൂൾ കഴിയുന്നതുവരെ ക്ലാസ്സ്മുറിയുടെ പുറത്തുതന്നെ നിന്നു….

അന്ന് രാത്രി നാളെ സ്കൂളിൽ അച്ഛൻ വരണമെന്ന് പറഞ്ഞപ്പോൾ എനിക്ക് അത്യാവശ്യ ജോലി ഉണ്ടെന്ന് പറഞ്ഞാണ് അച്ഛൻ അമ്മയെ നോക്കിയത്….

” എനിക്കൊന്നും വയ്യ നിങ്ങടെ മോൻ എന്തേലും കുരുത്തക്കേട് കാണിച്ച് വച്ചിട്ട്, എനിക്ക് വയ്യ അവിടെപ്പോയി സാറന്മാരുടെ വായിൽ ഇരിക്കുന്നത് കേൾക്കാൻ…. “

അച്ഛന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി അമ്മ പറയുമ്പോൾ മറുതൊന്നും പറയാതെ അച്ഛൻ പത്രത്തിലെ വാർത്തകളിലേക്ക് തല കുമ്പിട്ടിരുന്നു….

“നീ രാവിലെ സ്കൂളിലേക്ക് പൊയ്ക്കോ ഞാൻ കുറച്ച് കഴിഞ്ഞ് എത്തിക്കോളാം… “

പിറ്റേന്ന് സ്കൂളിൽ പോകാതെ ഇരുന്നപ്പോഴാണ് അതിന്റെ അടുത്ത ദിവസം രാവിലെ അച്ഛനത് പറഞ്ഞത്…

പതിവുപോലെ ക്ലാസ്സിൽ കയറാനുള്ള മണി മുഴങ്ങി കഴിഞ്ഞപ്പോൾ ചൂരലുമായി രഘു മാഷ് വരാന്തയിൽ കൂടി നടന്ന് തുടങ്ങി. എന്റെയടുക്കൽ വന്ന മാഷ് ഒന്നും മിണ്ടാതെ എന്നെ നോക്കി നടന്ന് പോയതേയുള്ളു…

” പ്രധാനമന്ത്രിക്കില്ലല്ലോടാ നിന്റെ അച്ഛന്റെ അത്രേം തിരക്ക്… “

കളിയാക്കി ആമിന ടീച്ചർ അതും പറഞ്ഞ് ക്ലാസ്സിൽ കയറുമ്പോൾ കുട്ടികളുടെ ഉച്ചത്തിലുമള്ള ചിരി പുറത്തേക്കും കേട്ടിരുന്നു…

” പോയി സ്റ്റാഫ്‌ റൂമിൽ വെയിറ്റ് ചെയ്യ്… “

അച്ചൻ എത്തിയപ്പോഴേക്കും ടീച്ചർ അതും പറഞ്ഞ് വീണ്ടും ക്ലാസ്സ്‌ തുടർന്നിരുന്നു. അച്ഛനൊപ്പം സ്റ്റാഫ്‌ റൂമിന്റെ വരാന്തയിൽ നിൽക്കുമ്പോൾ രഘുമാഷ് അവിടേക്ക് എത്തി…

” ഇതാണോ നിന്റെ അച്ഛൻ… “

സാറിന്റെ ചോദ്യത്തിൽ പേടിച്ചു കൊണ്ടാണ് മൂളിയത്…

” നിങ്ങൾക്ക് എന്താ ജോലി… “

മാഷിന്റെ ചോദ്യം അച്ഛനോടായി…

” കൂലിപ്പണിയാണ് സാറേ… “

അച്ഛൻ അത്രയും വിനയത്തോടെ സംസാരിക്കുന്നത് മുൻപെങ്ങും കെട്ടിട്ടില്ലായിരുന്നു…

” നിങ്ങൾ ഇവന് വീട്ടിൽ നിന്നൊന്നും തിന്നാൻ കൊടുക്കുന്നില്ലേ… “

” ഉണ്ട് സാറേ…. “

“എന്നിട്ടാണോ ഇവൻ ക്ലാസിൽ ഉള്ളവന്റെ ചോറ്റുപാത്രത്തിൽ നിന്ന് മീൻ മോഷ്ടിച്ചത്… “

മാഷിന്റെ ചോദ്യം അച്ഛനെ അത്ഭുതപ്പെടുത്തിയില്ലെങ്കിലും ആ നോട്ടം നേരിടാൻ വയ്യാതെ ഞാൻ തലകുമ്പിട്ട് നിന്നു…

” ഇവന്റെയമ്മ ഇല്ലേ വീട്ടിൽ… “

പ്രതീക്ഷിക്കാതെയുള്ള മാഷിന്റെ ആ ചോദ്യത്തിൽ പിന്നേയും കണ്ണുകൾ നിറഞ്ഞൊഴുകി….

” ഇവന്റെയമ്മ അസുഖം വന്ന് മരിച്ചുപോയി. രണ്ടാനമ്മയുണ്ട് ഇവന്റെ കാര്യങ്ങളൊക്കെ നോക്കാറുണ്ട്… “

അത് പറഞ്ഞ് അച്ഛൻ എന്നെ നോക്കും എന്നറിയാവുന്നത് കൊണ്ട് ഞാൻ തല കുമ്പിട്ട് തന്നെ നിന്നു. പിന്നെയൊന്നും ചോദിക്കാതെ മാഷ് സ്റ്റാഫ്‌ റൂമിലേക്ക് കയറിപ്പോകുമ്പോൾ ആമിന ടീച്ചർ ദൂരെ നിന്ന് നടന്ന് വരുന്നുണ്ടായിരുന്നു….

” ഇങ്ങനെയാണോ മക്കളെ വളർത്തുന്നത്, ഇവൻ ഇപ്പോഴേ മോഷണം തുടങ്ങിയാൽ ഭാവിയിൽ നല്ലൊരു കള്ളൻ ആകുമല്ലോ… “

കുനിഞ്ഞു നിന്ന എന്റെ താടിയിൽ പിടിച്ച് ഉയർത്തികൊണ്ട് ടീച്ചർ പറയുമ്പോൾ അച്ഛൻ ഒന്നും മിണ്ടിയിരുന്നില്ല….

” നീ കണ്ണീരോന്നും ഒഴുക്കി രക്ഷപെടാം എന്ന് കരുതേണ്ട, ആ കണ്ണീരിൽ ഇവിടെ ആരുടെയും മനസ്സ് അലിയാനും പോകുന്നില്ല… നിങ്ങൾ ഇവനൊരു കൗൺസിലിങ്ങൊക്കെ കൊടുക്ക്, അല്ലേ നാളെ നാട്ടുകാർ കൈ വയ്ക്കും…. “

ഉച്ചത്തിൽ ആമിന ടീച്ചർ അത് പറയുമ്പോൾ സ്റ്റാഫ്‌ റൂമിലേക്ക് വരുകയും പോകുകയും ചെയ്ത് കൊണ്ടിരുന്ന അധ്യാപകർ ഞങ്ങളെ തന്നെ നോക്കുന്നുണ്ടായിരുന്നു…

“ഇനി ഇതുപോലെ കാണിച്ചാൽ അപ്പൊ തന്നെ റ്റിസിയും കൊടുത്ത് വിടും പറഞ്ഞേക്കാം, അല്ലേ പോലീസിൽ ഏല്പിക്കും… ഇവനൊക്കെ നല്ല രണ്ടെണ്ണം കിട്ടുമ്പോൾ നന്നായിക്കോളും… “

ആമിന ടീച്ചർ പിന്നേയും ഉച്ചത്തിൽ പറയുമ്പോൾ അച്ഛൻ ഒന്നും മിണ്ടാതെ നിന്നതേയുള്ളു. പിന്നേയും അവർ എന്തൊക്കെയോ പിറുപിറുത്ത് കൊണ്ടാണ് സ്റ്റാഫ്‌ റൂമിലേക്ക് കയറി പോയത്. ഞാൻ ഒന്നും മിണ്ടാതെ ക്ലാസിലേക്കും അച്ഛൻ വീട്ടിലേക്കു പോയി….

ക്ലാസിലേക്ക് എത്തുമ്പോൾ മീങ്കള്ളൻ എന്ന പേര് വീണ് കഴിഞ്ഞിരുന്നു. ക്ലാസ്സിലെ ചില കുട്ടികൾ ഞാൻ കേൾക്കാതെയും, മറ്റു ചിലർ ഞാൻ കേൾക്കയും കളിയാക്കി വിളിച്ചു തുടങ്ങിയിരുന്നു. അത് കേൾക്കുമ്പോൾ നിയന്ത്രിക്കാൻ കഴിയാതെ വരുന്ന ദേഷ്യം പലപ്പോഴും കണ്ണീരായിയാണ് പുറത്തേക്ക് വന്നിരുന്നത്….

കൂടെയുള്ളവരുടെ കളിയാക്കൽ സഹിക്കാൻ പറ്റാത്തത് കൊണ്ട് പിറ്റേന്ന് സ്കൂളിൽ കയറാതെ എവിടേലും പോയി ഇരിക്കാം എന്ന് കരുതി തന്നെയാണ് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്. പതിവുപോലെ സ്കൂളിലേക്ക് നടക്കുമ്പോൾ കടന്ന് പോകാറുള്ള രഘു മാഷിന്റെ ബുള്ളറ്റ് എന്റെ അരികിൽ വന്ന് നിന്നപ്പോൾ പേടിയോടെയാണ് മാഷിനെ നോക്കിയത്…

ഒന്നും മിണ്ടാതെ മാഷ് കണ്ണ് കൊണ്ട് ബുള്ളറ്റിൽ കയറാൻ പറഞ്ഞപ്പോൾ പേടിച്ചാണ് ബുള്ളറ്റിൽ കയറിയത്, സ്കൂളിന്റെ ഗേറ്റും കഴിഞ്ഞ് വല്യവാകമരത്തിന്റെ ചുവട്ടിൽ മാഷ് വണ്ടി നിർത്തുമ്പോൾ ഞാൻ ചാടിയിറങ്ങി, ഇനി ക്ലാസ്സിൽ കയറാതെ ഇരിക്കാൻ പറ്റില്ല, എല്ലാവരുടെയും കളിയാക്കൽ വീണ്ടും കേൾക്കണം, പിന്നേയും മനസ്സിൽ സങ്കടം നിറഞ്ഞു, തല താഴ്ത്തി ക്ലാസ്സിലേക്ക് നടക്കാൻ തുടങ്ങുമ്പോൾ മാഷ് കയ്യിൽ പിടിച്ച് ഒരു പൊതി കൈവെള്ളയിൽ വച്ച് തന്നപ്പോൾ ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി…..

” ഇനി ആരുടെയും ചോറ്റു പാത്രത്തിൽ കയ്യിടേണ്ട,,, “

കയ്യിൽ ഇരിക്കുന്ന പൊതിയിലേക്കും മാഷിന്റെ മുഖത്തേക്കും മാറി മാറി നോക്കുമ്പോൾ എപ്പോഴും ഗൗരവം നിറഞ്ഞ ആ മുഖത്ത് എവിടെയൊക്കെയോ സ്നേഹത്തിന്റെയും, വാത്സല്യത്തിന്റെയും ഭാവങ്ങൾ നിറഞ്ഞിരുന്നു. തോളിൽ തട്ടി മാഷ് പോകുമ്പോൾ പൊതിച്ചോർ മൂക്കിലേക്ക് അടുപ്പിച്ചതിന്റെ മണം മൂക്കിലേക്ക് വലിച്ച് കയറ്റുകയായിരുന്നു ഞാൻ…..

പൊതിച്ചോറും കയ്യിൽ പിടിച്ച് അന്ന് തല ഉയർത്തിയാണ് ക്ലാസ്സിലേക്ക് കയറിയത്, ക്ലാസ്സ്‌ നടക്കുമ്പോഴും കണ്ണ് പൊതിച്ചോറിൽ ആയിരുന്നു, അതിന്റെ മണം അടിക്കുമ്പോൾ വായിൽ ഊറി വരുന്ന വെള്ളം കുടിച്ചിറക്കി ഉച്ചയാകാൻ കാത്തിരുന്ന ദിവസം…

” എടാ നിനക്കിന്ന് എന്താ കറി,,,നല്ല മണം അടിക്കുന്നുണ്ടല്ലോ…. “

ഉച്ചയ്ക്ക് ക്ലാസ്സിൽ ഇരുന്ന് പൊതിച്ചോർ തുറക്കുമ്പോഴാണ് അതിലേക്ക് തല ഉയർത്തി നോക്കി കൂട്ടുകാർ ചോദിച്ചത്, അന്ന് അവരെ നോക്കി ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയിരുന്നില്ല…..

ചോറിന്റെ നടുക്കിരുന്ന തേങ്ങ ചമ്മന്തിയും, നാരങ്ങ അച്ചാറും, പയർ മിഴുക്കുപരട്ടിയും, രണ്ട് പിരിച്ച മീനും സൈഡിലേക്ക് എടുത്ത് വച്ച് ആർത്തിയോടെ കഴിച്ച് തുടങ്ങുമ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞിരുന്നു…

ഉച്ച കഴിഞ്ഞ് ക്ലാസ്സിൽ കയറാനുള്ള ബെൽ മുഴങ്ങി കഴിയുമ്പോൾ ചൂരലുമായി രഘു മാഷ് വരാന്തയിലൂടെ നടന്ന് വന്നിരുന്നു, ചിരിച്ചുകൊണ്ട് മാഷിനെ നോക്കിയെങ്കിലും പതിവുപോലെ മാഷ് മുഖത്ത് ഗൗരവം നിറച്ച് മീശയും തടവി കടന്നുപോയി….

പിറ്റേന്ന് രാവിലെ സ്കൂളിലേക്ക് പോകുമ്പോൾ മാഷിന്റെ ബുള്ളറ്റ് വന്ന് നിന്നതും അതിൽ ചാടി കയറി, സ്കൂളിൽ എത്തുമ്പോൾ കൈയ്യിൽ വച്ച് തന്ന പൊതിച്ചോർ നെഞ്ചോട് ചേർത്ത് വയ്ക്കുമ്പോൾ മാഷ് ഒന്ന് പുഞ്ചിരിച്ചു. ക്ലാസ്സിലെ കുട്ടികൾ മീങ്കള്ളനെന്ന് വിളിച്ചു കളിയാക്കുമ്പോഴും, സ്കൂളിൽ പോകാൻ മടിക്കാതെ ഇരുന്നത് ആ പൊതിച്ചോറിൽ നിറയുന്ന വയറിനെ ഓർത്ത് മാത്രമാണ്…

പിറ്റേയാഴ്ച്ച മാഷിന്റെ വീട് കണ്ടു പിടിക്കാനാണ്, വീട്ടിലേക്ക് തിരിയുന്ന വളവിന്റെ അടുത്ത് മറഞ്ഞ് നിന്നത്, ചെമ്മൺ പാതയിലൂടെ പൊടിയും പറത്തി മാഷിന്റെ ബുള്ളറ്റ് പോയതിന്റെ പുറകെ ഓടി, ബുള്ളറ്റ് കണ്ണിൽ നിന്ന് മറയുന്നത് വരെ കുറെയോടി, ഇനിയും പുറകെ പോയാൽ വീട്ടിൽ എത്താൻ വൈകും, പിന്നെ അതിന്റെ പേരിൽ കിട്ടാൻ പോകുന്ന അടിയെ ഓർത്ത് തിരികെ വീട്ടിലേക്കു നടന്നു…

അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പിറ്റേന്ന് മാഷിന്റെ വീട് കണ്ട് പിടിക്കണം എന്ന ചിന്ത മാത്രമായിരുന്നു. പിറ്റേന്ന് അവധി ആയത് കൊണ്ട് കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകുന്നു എന്നും പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. കഴിഞ്ഞ് ദിവസം മാഷിന്റെ ബുള്ളറ്റിന്റെ പുറകെ ഓടിയ വഴിവരെ ചെന്നെത്തി പിന്നെയുള്ള വഴിയറിയാതെ മുന്നോട്ട് നടന്നു….

വഴിയിൽ കണ്ടവരോടൊക്കെ തിരക്കി, ഓട് പാകിയ വീടിന്റെ മുന്നിൽ ഷർട്ട് ഇടാതെ,തലയിൽ തോർത്ത് വട്ടം ചുറ്റി, ബുള്ളറ്റ് കഴുകുന്ന മാഷിനെ കണ്ടപ്പോൾ അതുവരെ നടന്നതിന്റെ ക്ഷീണമൊക്കെ മാറിയിരുന്നു. മാഷിൽ നിന്ന് കണ്ണ് പോയത് ഉമ്മറത്ത് വീൽ ചെയറിൽ ഇരിക്കുന്ന സ്ത്രീയിലേക്കാണ്, ഐശ്വര്യമുള്ള ആ മുഖത്തേക്ക് നോക്കിയാൽ കണ്ണെടുക്കാൻ തോന്നില്ല,…

” ആരാ….”

അവരിൽ നിന്ന് കണ്ണെടുക്കാതെ മുറ്റത്തേക്ക് കയറുമ്പോഴാണ് അവർ അത് ചോദിക്കുന്നതും മാഷ് എന്നെ കാണുന്നതും….

” നീയെന്താ ഇവിടെ…. “

മാഷ് ചോദിക്കുമ്പോൾ ഉള്ളിൽ ഭയമുണ്ടായിരുന്നു…

” ഞാൻ… ഞാൻ വെറുതെ…. “

രണ്ടുപേരെയും മാറി മാറി നോക്കി വിക്കലോടെയാണ് പറഞ്ഞത്….

” ഇതാണ് നമ്മുടെ സ്കൂളിലെ മറ്റേ പുള്ളി,, മീൻ….മീൻ…..”

മാഷ് ചിരിച്ചു കൊണ്ടാണ് ആ സ്ത്രീയെ നോക്കി പറഞ്ഞത്. ആദ്യമായിയാണ് മാഷ് അത്രേം ചിരിക്കുന്നത് കാണുന്നത്….

” ആഹാ ഇവനാണോ ആള്,.. വാ.. വാ… കയറി വാ…. “

അവർ ചിരിച്ച്, സന്തോഷത്തോടെ വിളിക്കുമ്പോൾ മാഷിനെ നോക്കി പതിയെയാണ് അവരുടെ അടുക്കലേക്ക് നടന്നത്…

” എങ്ങനെയുണ്ട് മാഷിന്റെ ചോറും കറിയുമൊക്കെ, വല്ല രുചിയും ഉണ്ടോ… “

അടുക്കലെത്തിയ എന്റെ കയ്യിൽ പിടിച്ച് കൊണ്ട് അവർ ചോദിക്കുമ്പോൾ, ഞാൻ മാഷിനെയാണ് നോക്കിയത്, മാഷപ്പോൾ അതൊന്നും ശ്രദ്ധിക്കാതെ ബുള്ളറ്റ് കഴുകുകയായിരുന്നു….

” ക്ലാസ്സിലെ കുട്ടികളൊക്കെ കളിയാക്കുന്നുണ്ടാകും ല്ലേ… മാഷോക്കെ പറഞ്ഞിട്ടുണ്ട്….”

അവർ വളരെ സൗമ്യതയോടെ, സ്നേഹത്തോടെയാണ് ഓരോന്നും ചോദിച്ചു കൊണ്ടിരുന്നത്, എല്ലാം ഒരു ചിരിയിൽ ഒതുക്കി അവരുടെ അടുക്കൽ നിൽക്കുമ്പോഴും അവരെന്റെ കയ്യിൽ തഴുകി കൊണ്ടിരുന്നു….

” നീ എന്താ ഒന്നും മിണ്ടാതെ…. “

” അവനതിന് കരയാൻ മാത്രേ അറിയുള്ളു… “

മാഷ് അത് പറയുമ്പോൾ സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു…

” അയ്യേ ആൺകുട്ടികൾ കരയുകയോ… ഇവിടിരുന്നേ….”

അത് പറഞ്ഞവർ എന്നെ അവരുടെ അരികിലേക്കിരുത്തി….

“കളിയാക്കുന്നവരൊക്കെ കളിയാക്കും മോൻ അതൊന്നും ശ്രദ്ധിക്കാതെ നല്ലത് പോലെ പഠിച്ച്, നല്ല ജോലിയൊക്കെ വാങ്ങി സന്തോഷത്തോടെ ജീവിക്കണം, അപ്പോ നമ്മളെ കളിയാക്കയിവരൊക്കെ അസൂയയോടെ നമ്മളെ നോക്കും, അങ്ങനെയാണ് അവർക്കൊക്കെ മറുപടി കൊടുക്കേണ്ടത്… അല്ലാതെ ഇങ്ങനെ കരഞ്ഞുകൊണ്ട് ഇരിക്കരുത് കേട്ടല്ലോ….”

അത് പറഞ്ഞവർ ഒഴുകി വന്ന എന്റെ കണ്ണുനീർ തുടയ്ക്കുമ്പോൾ അന്ന് ആദ്യമായിയാണ് അമ്മയല്ലാതെ മറ്റൊരാൾ സ്നേഹത്തോടെ മോനെയെന്ന് വിളിച്ച് സംസാരിക്കുന്നത്…

” ദേ ഈ മാഷുണ്ടല്ലോ മോനെപ്പോലെ ആയിരുന്നു, മോൻ പൊരിച്ചമീനാണ് എടുത്തതെങ്കിൽ ഈ മാഷ് എടുത്തത് എന്റെ ചോറുപൊതി മൊത്തത്തിലാണ്…. “

അവർ അത് പറയുമ്പോൾ എന്റെ കണ്ണുകൾ മാഷിലേക്ക് ആയിരുന്നു, മാഷ് അപ്പോഴും അതൊന്നും ശ്രദ്ധിക്കാതെ തന്റെ ബുള്ളറ്റ് കഴുകൽ ആയിരുന്നു…

” വിശപ്പിന് അങ്ങനെ വലുപ്പചെറുപ്പമൊന്നും ഇല്ല, സഹികെടുമ്പോൾ ചിലപ്പോ ആരായാലും….”

അത് പറയുമ്പോഴേക്കും അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു…..

” ആ താനും ഇനിയിരുന്ന് കരഞ്ഞോ… “

അത് പറഞ്ഞ് മാഷ് ബക്കറ്റിൽ ഇരുന്ന വെള്ളം ബുള്ളറ്റിൽ ഒഴിച്ച് എഴുന്നേറ്റ് വന്നു…….

” വാ….. “

അവരുടെ വീൽ ചെയർ മുന്നോട്ട് തള്ളുമ്പോൾ മാഷ് എന്നെയും ഉള്ളിലേക്ക് ക്ഷണിച്ചു….

” നീ കൈ കഴുകി ഇരിക്ക് ആദ്യം എന്തേലും കഴിക്കാം… “

അവരുടെ കൈകൾ കഴുകിക്കുമ്പോഴാണ് മാഷ് എന്നോട് പറഞ്ഞത്. അവരെ ഡൈനിങ്ങ് ടേബിളിന് മുന്നിൽ ഇരുത്തി ആഹാരം എടുക്കാനായി ഉള്ളിലേക്ക് പോയി….

” പുറമെ വല്യ ഗൗരവം ഉണ്ടെന്നേയുള്ളു ആളൊരു പാവമാണ്…. “

അത് പറയുമ്പോൾ അവരുടെ കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടിരുന്നു. മാഷ് അവർക്ക് ആഹാരം വിളമ്പി കൊടുക്കുന്നതും, കഴിക്കുന്നതിനിടയിൽ ഉരുളയുരുട്ടി വായിൽ വച്ച് കൊടുക്കുന്നതും, അവരുടെ സന്തോഷവുമൊക്കെ പുതിയൊരു അനുഭവമായിരുന്നു എനിക്ക്….

അവിടെ നിന്ന് ഇറങ്ങുമ്പോൾ അവർ സ്നേഹത്തോടെ നെറ്റിയിൽ ചുംബനം തന്ന്, ഇനിയും വരണമെന്ന് പറയുമ്പോൾ മറുപടി ഒന്നും പറയാതെ പിന്നേയും കണ്ണുകൾ നിറഞ്ഞിരുന്നു. നമ്മൾ കാണുന്നത് പോലെയാകില്ല ഓരോ മനുഷ്യരും, അവരുടെ ജീവിതങ്ങളുമെന്ന് എന്നെനിക്ക് മനസ്സിലായി….

” നീയിത് എന്താ ഇരുന്ന് എഴുതുന്നത്…. “

അത് എഴുതി കഴിയുമ്പോൾ പേപ്പറിൽ വീണ കണ്ണുനീർ തുള്ളികൾ തുടയ്ക്കും മുന്നേ വീൽ ചെയറിന്റെ ശബ്ദത്തോടൊപ്പം ആ ചോദ്യവും കേട്ടു…

” അതൊരു മീങ്കള്ളന്റെ കഥയാണ് ടീച്ചറെ…. “

” ആ മീങ്കള്ളൻ മുതുക്കനായിട്ടും ഈ കണ്ണുനീർ മാത്രം കുറയുന്നില്ലലോ… “

ഞാൻ കണ്ണുകൾ തുടയ്ക്കുന്നത് കണ്ടാണ് ടീച്ചർ ചിരിച്ചുകൊണ്ട് ചോദിച്ചത്….

” അത് പിന്നെ ചിലതൊക്കെ ഓർക്കുമ്പോൾ നമ്മുടെ കണ്ണ് അറിയാതെ നനയില്ലേ ടീച്ചറെ…. “

അത് പറഞ്ഞ് ടീച്ചറുടെ വീൽ ചെയറും തള്ളി ഉമ്മറത്തേക്ക് നടന്നു….

” മാഷേ ഇന്ന് മീങ്കാരന്റെ കഥയാണ് കേട്ടോ…. “

ഉമ്മറത്തേക്ക് എത്തുമ്പോഴേക്കും ടീച്ചർ വിളിച്ച് പറഞ്ഞു….

” ഓ ഇങ്ങേർക്ക് എപ്പോഴും ഈ ബുള്ളറ്റ് കഴുകൽ മാത്രേയുള്ളോ, ഇത് കണ്ടാൽ തോന്നും ബുള്ളറ്റാണ് ഇങ്ങേരുടെ കെട്ടിയോളെന്ന്…. “

ടീച്ചർ പറയുന്നത് കെട്ട് പുറമെ ചിരിക്കാൻ പിശുക്ക് കാണിക്കുന്ന ദേഷ്യക്കാരൻ മാഷ് ഉച്ചത്തിൽ ചിരിച്ചു….

” എന്നാ ഇനി എന്റെയും മാഷിന്റെയും പ്രണയം എഴുതുന്നത്…. “

ടീച്ചർ അത് ചോദിക്കുമ്പോൾ പഴയ സ്കൂൾ കുട്ടിയെപ്പോലെ ഞാൻ ടീച്ചറുടെ അടുക്കൽ ഇരുന്നു, ആ മുഖത്ത് പ്രായത്തിന്റെ ചുളിവുകൾ വീണിട്ടുണ്ടെങ്കിലും കണ്ണുകളിൽ ഇപ്പോഴും ആ പ്രണയം അതുപോലെ നിൽക്കുന്നുണ്ട്…

” എഴുതും ടീച്ചറെ കലിപ്പൻ മാഷിന്റെ കാന്താരി ടീച്ചർ എന്നൊരു പേരും വയ്ക്കും… “

” അയ്യടാ.. ന്റെ മാഷ് കലിപ്പനൊന്നുമല്ല പാവമാണ് അല്ലേ മാഷേ… “

എന്നെ അടിയ്ക്കാൻ കൈകൾ ഉയർത്തിയ കൈകൾ കൊണ്ട് തോളിൽ തഴുകിയാണ് ടീച്ചർ അത് പറഞ്ഞത്…

” ഉവ്വ ഒരു പാവം, ചൂരലും കൊണ്ട് മീശയും തടവി വരുന്ന മാഷിനെ കാണുമ്പോൾ തന്നെ നിക്കറിൽ മുള്ളുന്ന പിള്ളേര് ഉണ്ടായിരുന്നു,, ഇതാണോ പാവം മാഷ്…. “

മാഷിനെ നോക്കി ചിരിച്ചുകൊണ്ട് പറയുമ്പോൾ വായ് പൊത്തി ടീച്ചറും ചിരിച്ചു….

” എന്നാൽ നിന്റെ അടുത്ത കഥയ്ക്ക് നിക്കറിൽ മുള്ളിയെന്ന പേര് ഇട്ടോ… “

അത് പറഞ്ഞ് ചിരിച്ചുകൊണ്ട് മാഷും ടീച്ചർക്ക് അരുകിൽ വന്നിരുന്നു… പതിവുപോലെ രണ്ടുപേരും കൈകൾ കോർത്ത് പിടിച്ച് കണ്ണിൽ നിറയെ പ്രണയവുമായി ഇരിക്കുമ്പോൾ അസൂയയോടെയാണ് ഞാനവരെ നോക്കിയത്, അവരുടെ കോർത്ത കൈകളിൽ ചുംബനം നൽകി ആ കൈകളിൽ മുഖം ചേർത്ത് അവർക്കൊപ്പം ഇരിക്കുമ്പോൾ എന്റെ നാവിൽ അപ്പോഴും മാഷ് തന്നിരുന്ന പൊതിച്ചോറിന്റെ രുചിയായിരുന്നു…..

✍️ശ്യാം…..