ഫോണിലൂടെ എബിയുടെ വാക്കുകള്‍ കാതില്‍ വീണപ്പോള്‍ എന്തുപറയണം എന്നറിയാതെ മെര്‍ലിന്‍ കുഴങ്ങി

ഇടറി വീണ സ്വപ്നം..(കഥ)

Story written by Ajeesh Kavungal

================

“കൊച്ചേ, നിന്നെ ഞാനിനി വിളിക്കുകേല കേട്ടോ..ഈ ക്രിസ്മസിന് നീ നാട്ടില്‍ വന്നേക്കണം. രണ്ട്‌ കൊല്ലമായില്ല്യോടീ മോളെ നിന്നെ ഞാനൊന്ന് കണ്ടിട്ട്? നീ വന്ന്‌ എന്നാന്നു വെച്ചാ ഒരു തീരുമാനം ഉണ്ടാക്ക്. എന്നേച്ചും മതി ഇനി ബാക്കി കാര്യങ്ങളൊക്കെ…”

ഫോണിലൂടെ എബിയുടെ വാക്കുകള്‍ കാതില്‍ വീണപ്പോള്‍ എന്തുപറയണം എന്നറിയാതെ മെര്‍ലിന്‍ കുഴങ്ങി. അവളുടെ കണ്ണുകളില്‍നിന്നും കണ്ണുനീര്‍ പൊടിയുന്നുണ്ടായിരുന്നു.

“എന്നതാ എബിച്ചാ ഞാനിപ്പ പറയണ്ടേ…എന്‍റെ ജന്മം ഇങ്ങനായിപ്പോയി. അനിയത്തിയെ ആണെങ്കില്‍ രണ്ടാമത്തെ പ്രസവത്തിനു കൊണ്ടുവന്നിട്ടോണ്ട്. പോരാത്തേന് അവക്ക് കൊടുക്കാന്‍ ബാക്കിയുള്ളതൊക്കെ ഇത്തവണയേലും കൊടുക്കണമെന്ന് അവടെ അമ്മായിയമ്മ, അമ്മച്ചിയെ വിളിച്ച് പ്രത്യേകം പറഞ്ഞേക്കുവാ. അതുവല്ല അനിയനെ ഇപ്രാവശ്യം എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ക്കണമെന്ന് കഴിഞ്ഞദിവസം വിളിച്ചപ്പക്കൂടെ അപ്പച്ചന്‍ പറഞ്ഞാരുന്നു. അഡ്മിഷന് കാശെത്ര ചെലവാകുമെന്നാ…ഞാന്‍ നാട്ടില്‍ വന്നാ ഇതുവല്ലോം നടക്കുവോ”

“അതേടീ നീ വന്നാ ഒന്നും നടക്കത്തില്ല. നിന്റനിയത്തി ഇപ്പൊ രണ്ടു പെറ്റില്ലേ..? അനിയന്‍ ചെക്കനെകൂടെ പഠിപ്പിച്ച്  എഞ്ജിനീയറോ കളക്ടറോ ആക്ക്. എന്നേച്ചു നീ വരുന്നവരെ എബി ഇവിടിരിക്കണോന്നാണോ…ഒന്നോ രണ്ടോ അല്ല, കൊല്ലം പത്തായി നിന്നെ കാത്തിരിക്കാന്‍ തൊടങ്ങിട്ട്. എന്റമ്മച്ചിയണങ്കില്‍ നിന്‍റെ അമ്മച്ചിയെ പോലല്ല. വയസ്സും പ്രായവുമൊക്കെയായി..കഴിഞ്ഞദിവസ൦കുളിമുറിലോന്ന് തെന്നി വീണാരുന്നു. വീട്ടിലെ കാര്യം നിനക്കറിയാവല്ലോ..ഒറ്റയ്ക്കെന്നെ കൊണ്ട് എന്നാ ചെയ്യാനൊക്കും?” 

“അയ്യോ! എബിച്ചാ…അമ്മച്ചിക്കെന്നതാ പറ്റിയേ…?” ശരിക്കും സങ്കടം വന്ന് മെര്‍ലിന്‍ കരഞ്ഞുപോയി.

“ഞാന്‍ പറഞ്ഞാരുന്നല്ലോ എബിച്ചാ എന്നെ വിട്ടു പൊയ്ക്കോളാന്‍…എന്നേച്ച് വേറെ കെട്ട്. ഈ വയസ്സുകാലത്ത് അമ്മച്ചിയെ ഇട്ട് കഷ്ടപ്പെടുത്തുന്നേലും ഭേദം അതാ…”

“ഓ..നീ പറയാഞ്ഞകൊണ്ടാ ഇത്രേം നാളും ഞാന്‍ കെട്ടാതിരുന്നെ..നിന്നെ സ്നേഹിച്ചപോലെ വേറെ ആരേം സ്നേഹിക്കാന പറ്റത്തില്ലാത്തതുകൊണ്ടാടീ പുല്ലേ..അല്ലാതെ എബിച്ചനു വേറെ പെണ്ണ് കിട്ടാഞ്ഞിട്ടല്ല. നീ പത്താംക്ലാസ്സില്‍ പഠിക്കുമ്പോ നിന്നെ വലിച്ച് മനസ്സികേറ്റിയവനാ ഈ ഞാന്‍. നീയിപ്പോ വല്യ നേഴ്സായ്..ഗള്‍ഫില്‍ ജോലിയായി..പിന്നെന്നാ വേണം..നിന്‍റെ വീടും വീട്ടുകാരും രക്ഷപ്പെട്ടു. ഇതുവരെ ഞാനൊന്നും പറഞ്ഞില്ലെന്നേയൊള്ളൂ. എന്നാ ഇനി പറയാതിരുന്നാ ശരിയാവത്തില്ല. നിന്‍റെ വീട്ടുകാര് കേക്കാതെ നാട്ടുകാര് നിന്നെ വിളിക്കുന്ന ഒരു പേരുണ്ട്. കറവപ്പശു. നിന്‍റെ വീട്ടുകാര്‍ക്കാണെങ്കി അതൊന്നും കേട്ടാ, ഒരു കൂസലുമില്ല. അതിന് നാണോം മാനോം ഉണ്ടെങ്കിലല്ലേ? കൊച്ചേ..ഞാനൊരു കാര്യം പറഞ്ഞേക്കാം..അവസാനം ജീവിതം പോകുന്നത് നിന്‍റെയാരിക്കും. നിന്നെ സ്നേഹിച്ചുപോയെന്ന് ഞാന്‍ ഈ ജന്മം ഇങ്ങനെ ഉരുകിത്തീരേണ്ടിയും വരും. അത് നീ ഓര്‍ത്തോ..എന്നായാലും ഞാന്‍ ഫോണ്‍ വെച്ചേക്കുവാ..ക്രിസ്മസിന് നീയിങ്ങ് വന്നേക്കണം. ബാക്കിയൊക്കെ അപ്പപ്പറഞ്ഞാ മതി” എബി ഫോണ്‍ കട്ട് ചെയ്തു.

കുറച്ചുസമയം എന്തുചെയ്യണമെന്ന് മെര്‍ലിന് ഒരുപിടിയും കിട്ടിയില്ല. ക്രിസ്മസിന് ഇനിയും മാസങ്ങള്‍ ഉണ്ട്. ഹോസ്പിറ്റലില്‍ പറഞ്ഞാല്‍ തനിക്ക് ഉറപ്പായും ലീവ് കിട്ടും. കാരണം കഴിഞ്ഞ ആറുവര്‍ഷത്തിനിടയ്ക്ക് താന്‍ ഒറ്റപ്രാവിശ്യമാണ് നാട്ടില്‍ പോയത്. അതും നാല്പത്തിയഞ്ച് ദിവസത്തെ ലീവ്. ആദ്യമൊക്കെ എബിച്ചനെ കാണാത്തതില്‍ നല്ല വിഷമം ഉണ്ടായിരുന്നു. പിന്നെ അത് ശീലമായി. ഇവിടത്തെ പന്ത്രണ്ട് മണിക്കൂര ഡ്യൂട്ടിയ്ക്കിടെ വേറെ ഒന്നും ഓര്‍ക്കാന്‍ നേര൦ ഇല്ലാതെയായി. അപ്പച്ചന്റെയും അമ്മച്ചിയുടെയും ആഴ്ചയിലൊരിക്കല്‍ വരുന്ന പരാതിയ്ക്കും സങ്കടത്തിനുമിടയില്‍ താന്‍ തളര്‍ന്നു. പൈസ ഉണ്ടാക്കാന്‍ മാത്രമായ് ശ്രദ്ധ. ശരിക്കും അവര്‍ക്ക് ഒക്കെ എന്താണ് പറ്റിയത്, ആവശ്യത്തിന് പൈസ കിട്ടിത്തുടങ്ങുമ്പോള്‍ ആളുകള്‍ ഇങ്ങനെ മാറുമോ..?

താന്‍ പഠിച്ചിരുന്ന കാലത്ത് എന്നും അപ്പച്ചന്‍ പണിക്കുപോകുമായിരുന്നു. പക്ഷേ, താന്‍ ഗള്‍ഫില്‍ വന്ന ശേഷം പണിക്ക്‌ പോയതായി കേട്ടിട്ടില്ല. അനിയത്തിയുടെ കോളേജില്‍ പഠിച്ചിരുന്ന ഒരു പയ്യനുമായി അവള്‍ക്ക് ചുറ്റിക്കളി ഉണ്ടായിരുന്നെന്ന് പിന്നെയാണ് അറിഞ്ഞത്. ഒരു ദിവസംഅമ്മച്ചി വിളിച്ചിട്ട് അവളുടെ കല്യാണം വേഗം നടത്തിയില്ലെങ്കില്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ സമ്മതിക്കാതെ വേറെ വഴിയുണ്ടായിരുന്നില്ല.

അനിയനും കണക്കാണ്. മൊബൈല്‍, ലാപ്ടോപ് എന്ന് പറഞ്ഞ് ഒരുപാട് ആവശ്യങ്ങളുമായി വരുന്നവന്‍. എന്തെങ്കിലും എതിരുപറഞ്ഞാല്‍ ചേച്ചിയോടല്ലാതെ ആരോടാ ഞാന്‍ പറയാന്നുള്ള ഒരു മറുപടിയും കരച്ചിലും. പിന്നെ മറുത്തൊന്നും പറയാന്‍ തോന്നില്ല.

ഇപ്പോള്‍ എല്ലാവര്‍ക്കും താന്‍ പൈസ ഉണ്ടാക്കുന്ന യന്ത്രം പോലെ ആയിക്കഴിഞ്ഞിരിക്കുന്നു. ഒരിക്കല്‍പോലും ആരും പറഞ്ഞിട്ടില്ല തന്‍റെ കല്യാണക്കാര്യത്തെകുറിച്ച്. ഇതിനിടയില്‍ എബിച്ചന മാത്രമായിരുന്നു ഒരു ആശ്വാസം. എത്രകാലം വേണമെങ്കിലും കാത്തിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. തന്‍റെയും എബിച്ചന്റെയും കാര്യം നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാം. എബിച്ചനെ ഭയങ്കര സ്നേഹമായിരുന്ന തന്‍റെ അമ്മച്ചിയ്ക്ക്പോലും ഇപ്പോള്‍ ആ പേര് കേള്‍ക്കുന്നതേ ഇഷ്ടമല്ല. തന്നെ എബിച്ചന്‍ കെട്ടിക്കഴിഞ്ഞാല്‍ അവര്‍ക്ക് പിന്നെ ഒന്നും കിട്ടില്ലാ  എന്നതായിരിക്കും അതിന് കാരണം എന്ന് തനിക്ക് നന്നായിട്ടറിയാം. തന്നെ മാത്രം മനസ്സില്‍ വിചാരിച്ച് നടക്കുന്ന തന്‍റെ എബിച്ചനെ ഇനിയും വിഷമിപ്പിക്കാന്‍ പാടില്ല എന്ന് അവര്‍ മനസ്സിലുറപ്പിച്ചു.

പിറ്റേദിവസം ജോലിത്തിരക്ക് ഇത്തിരി കൂടുതലായിരുന്നു. ഇടയ്ക്കൊന്ന് മൊബൈല്‍ നോക്കിയപ്പോഴാണ് കണ്ടത് വീട്ടില്‍നിന്നും മൂന്നുപ്രാവിശ്യം വിളിച്ചിരിക്കുന്നു. പുതിയ ആവശ്യങ്ങള്‍ക്കാകും എന്നറിയാവുന്നതുകൊണ്ട് ഡ്യൂട്ടി തീരുന്നതുവരെ അവള്‍ തിരിച്ചു വിളിച്ചില്ല. രാത്രിയായപ്പോള്‍ അവള്‍ അപ്പച്ചന്റെ ഫോണിലേയ്ക്ക് വിളിച്ചു.

‘മോളേ..നീ എന്നാടുക്കുവാരുന്നെടീ…എത്രനേരമായി ഞാന്‍ കെടന്ന് വിളിക്കുവാരുന്നെന്നറിയാവോ….പണിയാരിക്കും അല്യോ..’ എന്ന് അപ്പച്ചന്‍ ചോദിച്ചപ്പോള്‍ നിനക്ക് സുഖമാണോ മോളേ എന്നൊരു ചോദ്യവും അവള്‍ പ്രതീക്ഷിച്ചു.

പക്ഷേ, അങ്ങനെ ഒരു വാക്കേ അവള്‍ കേട്ടതില്ലാ. ഉള്ളിലുള്ള വിഷമം മറച്ചുപിടിച്ച് അവള്‍ ചോദിച്ചു.

“എന്നതാ അപ്പച്ചാ കാര്യം?ഡ്യൂട്ടിയിലായിരുന്ന കൊണ്ട് കണ്ടില്ലാരുന്നു”

“ഒന്നൂല്ലടി കൊച്ചേ..ഇനിയിപ്പോ ചൂടുകാലം വരാന്‍ പോവല്ലേ?മുന്‍പത്തെ പോലൊന്നുമല്ല നമ്മുടെ നാട്. എന്നാ ചൂടാന്നറിയാവോ…രാത്രി ഒറങ്ങാന്‍ ഒക്കേലാ..നമ്മടെ ജോര്‍ജിന്‍റെ വീട്ടില്‍ ഇന്നലെ പോയപ്പ അവിടെ ഒരു എസി വാങ്ങി വച്ചേക്കുന്നത് ഞാന്‍ കണ്ടാരുന്നു. അതേക്കൂട്ടോരെണ്ണം നമുക്കും കൂടെ വാങ്ങാം. നീ എന്നാ പറയുന്ന്? നീ എപ്പോഴേലും വരുമ്പം നിനക്കും കെടക്കാലോ. ഒരു 25000 രൂപ നീയിങ്ങയച്ചു താ..”

ഇതുകേട്ടതും അതുവരെ മറച്ചുപിടിച്ച മെര്‍ലിന്റെ സങ്കടവും ദേഷ്യവുമെല്ലാം കൂടി പുറത്തുചാടി.

“ഒരെണ്ണം മതിയോ അപ്പച്ചാ…ഡൈനിംഗ്ഹാളിലും ബാത്ത്റൂമിലും കൂടി ഓരോന്ന് ആയാലോ…അപ്പപ്പിന്നെ ഏതുനേരവും വിയര്‍ക്കാതിരിക്കാം.” ദേഷ്യം കൊണ്ട് അവള്‍ നിന്ന് വിറയ്ക്കുന്നുണ്ടായിരുന്നു.

“അപ്പച്ചന്‍ എന്നാ അറിഞ്ഞേച്ചാ ഈ വര്‍ത്താനം പറയുന്നെ? ഞാനിവിടെ പൈസ കുഴിച്ചെടുക്കുവാന്നാണോ വിചാരിച്ച് വെച്ചേക്കുന്നെ.. 8 മണിക്കൂര്‍ ജോലി, നാലുമണിക്കൂര്‍ അധികസമയം കൂടി നിന്നിട്ടാ ഓരോന്ന് പറയുമ്പം പറയുമ്പം പൈസ അയയ്ക്കുന്നെ”

ആദ്യമായിട്ടായിരുന്നു അവളുടെ ഭാഗത്തുനിന്നും അങ്ങനെയൊരു പ്രതികരണം. ഒന്ന് ഞെട്ടിയെങ്കിലും അയാള്‍ പറഞ്ഞു.

“അതെന്നാ വര്‍ത്താനവാടീ നീയീ പറയുന്നെ? അപ്പച്ചനും അമ്മചച്ചിയ്ക്കും വയസ്സായി, ഇനിയേലും ഇത്തിരി മനസ്സമാധാനത്തോടെ കെടന്നുറങ്ങണ്ടേ?”

“അപ്പച്ചന്‍ ഒരു കാര്യം ഓര്‍ക്കണം. നിങ്ങളെക്കാളും പ്രായമായവര്‍ നമ്മുടെ നാട്ടിലുണ്ട്. അവരൊക്കെ ഉറങ്ങുന്നില്ലേ? പോരാത്തെന് കെട്ടുപ്രായം കഴിഞ്ഞ് വീട്ടീ നിക്കുന്ന പെമ്പിള്ളേരാരെങ്കിലും ആ വീട്ടിലൊക്കെ ഉണ്ടോന്ന് ഒന്നന്ന്വേഷിച്ചു നോക്ക്. കൊല്ലം കൊറെയായി അപ്പച്ചാ ഞാനീ കഷ്ടപ്പെടാന്‍ തൊടങ്ങീട്ട്. പുതിയ വീട് വെച്ചില്ലേ.. അനിയത്തിയെ കെട്ടിച്ചില്ലേ..അനിയനെ പഠിപ്പിക്കുന്നില്ലേ..കാശിന്‍റെ പ്രശ്നമൊക്കെ തീര്‍ന്നിട്ട് കാലം കൊറച്ചായി. എന്നിട്ടെങ്കിലുംഎന്നെ കുറിച്ചൊരു ചിന്ത ഉണ്ടോ..എന്‍റെ മനസ്സ് കാണാന്‍ ആരേലുമുണ്ടോ?”

അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം അപ്പച്ചന്റെ ശബ്ദം അവള്‍ ഫോണിലൂടെ കേട്ടു. “എന്നതാടീ നീയീ പറയുന്നേ.. നിനക്ക് അതിന് അധികം പ്രായമൊന്നുമായില്ലല്ലോ..മുപ്പതെന്നു പറയുന്നതൊരു വയസ്സാണോടീ..നിന്‍റെ ജോലീം കാര്യങ്ങളുമൊക്കെ നോക്കുമ്പോ എപ്പോഴായാലും നിനക്ക് ചെക്കനെ കിട്ടും. പിന്നെന്നാടീ ഒരു കൊഴപ്പം?”

“ശരിയാ അപ്പച്ചന്‍ പറഞ്ഞത് ചെക്കനെ കിട്ടും. പക്ഷെ ഒരു കുഴപ്പമുണ്ട്. ഇരുപ്പത്തഞ്ച് വയസ്സ് കഴിഞ്ഞാല്‍പ്പിന്നെ വിവാഹമാര്‍ക്കറ്റില്‍ പെണ്ണിനൊരു വിലയുമില്ലെന്ന് അറിയാലോ? അപ്പച്ചന്റെ മനസ്സിലിരിപ്പ് എന്നാന്നു എനിക്ക് നല്ലോണം അറിയാം. ഇനീം ഒരഞ്ചാറുകൊല്ലം കൂടി എന്നെയിട്ട് പണിയെടുപ്പിക്കാം. എന്നിട്ട് ‘ഗള്‍ഫില്‍ ജോലിയുള്ള ആര്‍സി യുവതിയ്ക്ക് വരനെ ആവശ്യമുണ്ട്. കൊണ്ടുപോകും. സാമ്പത്തികം പ്രശ്നമല്ല’ എന്നൊരു പത്രപരസ്യം കൊടുക്കാം. അപ്പപ്പിന്നെ ഏതെങ്കിലും ഒരു മധ്യവയസ്കനോ രണ്ടാം കെട്ടുകാരനോ വരും. അയാളേം കൂടെ പിടിച്ചു കൂടെ നിര്‍ത്തിയാപ്പിന്നെ എല്ലാം ശരിയായി”

ഇതുകേട്ടതും അയാള്‍ക്കും ദേഷ്യം കൂടി.

“നിന്‍റെ ഉള്ളിലിരിപ്പ് എന്നാന്ന് ഞങ്ങക്കൊക്കെ നല്ലപോലെ അറിയാടീ..ആ എബീടെ കൂടെ പോകാന്നല്ലേ..അവന്‍ നാല്ലോനാന്നു നിന്നോടാരാടീ പറഞ്ഞെ? അവനെ പറ്റി കേക്കുന്നതോന്നും നിന്നോട് പറയാന്‍ കൊള്ളുകേല. അവനെ കെട്ടാന്നോര്‍ത്തോണ്ട് എന്‍റെ മോളിരിക്കണ്ട. നിന്നെ കഷ്ടപ്പെട്ട് പഠിപ്പിച്ചോരു നെലെലാക്കിയത് ഞാനാ..എന്‍റെ അധ്വാനം വേറൊരുത്തന്‍ തിന്നണ്ട. തീറ്റിക്കത്തില്ല ഞാന്‍. സമയമാകുമ്പോ നിനക്കുള്ള ചെക്കനെ ഞാന്‍ കണ്ടെത്തി തരും. അല്ലപിന്നെ”

അതുകേട്ടതും എത്ര പിടിച്ചു നിര്‍ത്തിയിട്ടും കണ്ണുനീര്‍ പുറത്തേയ്ക്കൊഴുകി. ഇടറുന്ന ശബ്ദത്തില്‍ അവള്‍ വീണ്ടും പറഞ്ഞുതുടങ്ങി.

“അപ്പച്ചന്‍ എന്നെ നേഴ്സാക്കാന്‍ എന്നാ കഷ്ടപ്പാട് സഹിച്ചെന്ന ഈ പറയുന്നെ? ബാങ്കീന്നെടുത്ത ലോണ്‍ പോലും അടച്ചുതീര്‍ത്തത് ഞാനാന്ന് അപ്പച്ചനറിയാവല്ലോ…ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുമ്പോ എനിക്ക് ചെലവിനുള്ള കാശയച്ചു തന്നത് അപ്പച്ചനിപ്പം കൊള്ളരുതാത്തവന്‍ എന്നു പറയുന്ന ആ എബിച്ചനാ. അന്നൊക്കെ എബിച്ചന്‍ കൊള്ളാരുന്നു. ആ മനുഷ്യനെ എന്നേലും പറഞ്ഞാ അപ്പച്ചന് ദൈവദോഷം കിട്ടും.വീട്ടുകാരും നാട്ടുകാരുമൊക്കെ വേറെ കെട്ടാന്‍ എബിച്ചനെ നിര്‍ബന്ധിച്ചോണ്ടിരിക്കുവാ. എന്നിട്ടും ആ പാവം എനിക്കുവേണ്ടിയാ കാത്തിരിക്കുന്നെ. ഇനി എനിക്കതിനെ വിഷമിപ്പിക്കാന്‍ വയ്യപ്പച്ചാ..ഞാനുമൊരു പെണ്ണല്ലേ..കുടുംബോം കുട്ടികളുമായി ജീവിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. ഞാനൊരു കാര്യം തീരുമാനിച്ചേക്കുവാ, ഈ ക്രിസ്മസിന് വരാന്‍ വേണ്ടി ഞാന്‍ ലീവിന് എഴുതുക്കൊടുക്കാന്‍ പോകുവാ. ഒരു കാര്യം ഞാന്‍ പറയാം. എന്നെ എബിച്ചന്‍ കെട്ടിയാലും ഇപ്പൊ എങ്ങനെയാണോ ഞാനീ കുടുംബം നോക്കുന്നത് അതുപോലെ തന്നെ അപ്പച്ചനേയും അമ്മച്ചിയേയും ഞാന്‍ നോക്കും. കൂടുതലൊന്നും പറയാനില്ല. ഫോണ്‍ വെക്കുവാ” പറഞ്ഞുതീര്‍ന്നതും അവള്‍ ഫോണ്‍ കട്ട് ചെയ്ത്, കട്ടിലില്‍ കമിഴ്ന്നു കിടന്ന് പൊട്ടിക്കരയാന്‍ തുടങ്ങി.

പിറ്റേന്ന് തന്നെ അവള്‍ ലീവിന് എഴുതിക്കൊടുത്തെങ്കിലും മനസ്സുനിറയെ സങ്കടമായിരുന്നു. ഇതുവരെ അപ്പച്ചനോടും മറ്റുള്ളവരോടും സ്നേഹത്തോടെയല്ലാതെ സംസാരിച്ചിട്ടില്ല. ലീവ് അനുവദിച്ച് കിട്ടിയാല്‍ അപ്പച്ചനെ ഒന്നൂടി വിളിച്ച് സ്നേഹത്തോടെ സംസാരിച്ച് എസി വാങ്ങാനുള്ള പൈസ അയച്ചുകൊടുക്കണമെന്ന് അവള്‍ മനസ്സില്‍ വിചാരിച്ചു. എബിയെ വിളിക്കാന്‍ പലപ്രാവശ്യം ഫോണ്‍ എടുത്തെങ്കിലും വെറുതെ ആ പാവത്തിനെ കൂടി ഇതുപറഞ്ഞ് വിഷമിപ്പിക്കണ്ടെന്നു കരുതി. ലീവ് കിട്ടിയാല്‍ ആദ്യം എബിച്ചനോട് തന്നെ പറയണം. ആള്‍ക്ക് അത് വലിയ സന്തോഷമാകും. എന്തായാലും ലീവ് കിട്ടിയിട്ട് വിളിക്കാം എന്ന് മനസ്സിലുറപ്പിച്ചു.

രണ്ടാഴ്ച പ്രത്യേകിച്ചൊന്നും സംഭവിക്കാതെ കടന്നുപോയി. പെട്ടെന്നൊരു ദിവസം കൂടെ ജോലിചെയ്യുന്ന കൊച്ചാണ്‌ പറഞ്ഞത്, മെര്‍ലിന്‍ ചേച്ചിയുടെ ലീവ് ശരിയായിട്ടുണ്ടെന്ന്. ക്രിസ്മസിന്റെ തലേദിവസം വീട്ടിലെത്താം എന്നുകേട്ടപ്പോള്‍ അവള്‍ക്കു സന്തോഷംകൊണ്ട് തുള്ളിച്ചാടാന്‍ തോന്നി. വിവരം അത്രയും പെട്ടെന്ന് എബിയെ വിളിച്ച് പറയാന്‍ അവള്‍ ഫോണെടുത്ത് ഹോസ്പിറ്റലിന്റെ പുറത്തേയ്ക്കിറങ്ങി. ഫോണ്‍ തുറന്നതും അതില്‍ ആദ്യം വന്നത് എബിയുടെ ഒരു മെസ്സേജ് ആയിരുന്നു. അവള്‍ അത്ഭുതപ്പെട്ടുപോയി. ഇതുവരെ എബിച്ചന്‍ മെസ്സേജ് അയച്ചിട്ടില്ല. ഒരു ചെറിയ കാര്യം കൂടി പറയാന്‍ കൂടി വിളിക്കുകയാണ്‌ പതിവ്. തന്‍റെ ശബ്ദം കേള്‍ക്കാന്‍ കൊതിയായിട്ടാണ് അതെന്നു തനിക്ക് നന്നായി അറിയാം. പക്ഷേ വന്നിരിക്കുന്ന മെസ്സേജിനു നീളം കൂടുതലായിരുന്നു. നെഞ്ചിടിപ്പോടെ അവള്‍ അത് വായിക്കാന്‍ തുടങ്ങി

“ടീ കൊച്ചേ..സുഖവാണോടീ നിനക്ക്? നിന്നെ വിളിച്ച് പറയണമെന്ന് വിചാരിച്ചതാ. പിന്നോര്‍ത്തു വിളിച്ചാ ഇതൊന്നും നിന്നോട് എനിക്ക് പറയാന്‍ പറ്റത്തില്ലെന്ന്. മിനിയാന്ന് നമ്മുടെ അന്നമ്മയുടെ മനസ്സമ്മതം ആയിരുന്നു. അന്ന് പള്ളീ വെച്ച് നിന്‍റെ അപ്പച്ചനെയും അമ്മച്ചിയേയും കണ്ടാരുന്നു. എന്നതാടീ അവര്‍ക്കൊക്കെ പറ്റിയെ? ഞങ്ങള്‍ ഒന്നുംരണ്ടും പറഞ്ഞ് വഴക്കായി. നീ അവിടെ പണിയെടുക്കുന്ന കാശൊക്കെ എനിക്ക് അയച്ചു തരുവാന്നാ പറയുന്നെ. അതും ആ പള്ളീലുള്ളവര് മുഴുവന്‍ കേള്‍ക്കെ. നിന്നെ ഞാന്‍ കെട്ടിയാ അവര് കുടുംബത്തോടെ വിഷം മേടിച്ചുതിന്ന് ചാകുമെന്നുവരെ പറഞ്ഞു. നിന്നെ എനിക്കറിയാം അവര്‍ക്ക് വിഷമം ഉണ്ടാക്കുന്നതൊന്നും നീ ചെയ്യില്ലെന്ന്. പക്ഷേ, അത് കേട്ട് അന്ന് തളര്‍ന്നതാ എന്‍റെ അമ്മച്ചി. ഈ നേരംവരെ എന്നോട് മിണ്ടീട്ടില്ല. അവസാനം കുടുംബക്കാരുകൂടി ഒരു തീരുമാനം എടുത്ത്. ഇപ്രാവശ്യം പിടിച്ചുനില്‍ക്കാന്‍ എനിക്കായില്ലെടി കൊച്ചേ.. നമ്മുടെ മഠത്തിലുള്ള സിസിലിയെ നീ അറിയത്തില്ലിയോ..അതിന് ത ന്തേം ത ള്ളേം ഒന്നുമില്ല. അത്യാവശ്യം കാണാനും കൊള്ളാം. വയ്യാത്ത എന്‍റെ അമ്മച്ചിയെ അവള് പൊന്നുപോലെ നോക്കുംന്നാ എല്ലാരും പറയുന്നേ. നിന്നെ കെട്ടാനുള്ള യോഗം എനിക്കില്ലെടി മോളേ.. ഇനിയും എന്റമ്മച്ചിയുടെ കണ്ണീര് കാണാന്‍ വയ്യാത്തോണ്ട് ഞാന്‍ സമ്മതിക്കാന്‍ പോവാ..ക്രിസ്മസിന് നീ വരില്ലാന്ന് അറിയാം. ചിലപ്പോള്‍ ക്രിസ്മസിന് മുന്‍പ് കല്യാണം ഉണ്ടാകും. ഇത്രയും കാലം ബുദ്ധിമുട്ടിച്ചതിന് ക്ഷമിച്ചേക്കണേ കൊച്ചേ.. നിന്‍റെ പാവം എബിച്ചനല്ല്യോടീ ഇത്. നീയും നിന്‍റെ വീട്ടുകാരും എന്നും നന്നായിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം.”

കണ്ണുനിറഞ്ഞു അവള്‍ക്ക് ചുറ്റുപാടും ഉള്ളതൊന്നും കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. മൊബൈല്‍ താഴെ വീണ് ചിതറി. കണ്ണില്‍ ഇരുട്ട് കയറി. പിന്നോട്ട് മറിയാന്‍ തുടങ്ങുമ്പോള്‍ തന്‍റെ നേര്‍ക്ക്‌ ആരൊക്കെയോ ഓടിവരുന്നത്‌ ഒരു സ്വപ്നം പോലെ മെര്‍ലിന്‍ കാണുന്നുണ്ടായിരുന്നു.

~Ajeesh Kavungal