ആ അമ്മയുടെ കൂടി അനുഗ്രഹം വാങ്ങിക്കാൻ ആയിരുന്നു. അങ്ങനെ എത്രയോ ദിവസങ്ങൾ…

എഴുത്ത്: മഹാ ദേവൻ

=============

അമ്പലത്തിൽ തൊഴുത് പുറത്തേക്കിറങ്ങുമ്പോൾ ആണ്  സ്ഥിരം കാണുന്ന യാചകർക്കിടയിൽ  നിന്നും ആ മുഖം അരുണയുടെ ശ്രദ്ധയിൽ പെട്ടത്.

കണ്ടാൽ മുഖത്തൊരു ആഢ്യത്വം തോനുന്ന വൃദ്ധ. യാചിക്കുന്നവർക്കിടയിൽ അവിടെയെങ്ങും ഇതുവരെ കാണാത്ത ആളാണല്ലോ എന്ന് മനസ്സിൽ കരുതികൊണ്ട് എല്ലാവർക്കും സ്ഥിരമായി നൽകാറുള്ള പത്തു രൂപ  അവർക്ക് മുന്നിലും ഇട്ടുകൊണ്ട് കാറിനടുത്തേക്ക് നടക്കുമ്പോൾ ആ മുഖം മനസ്സിലുണ്ടായിരുന്നു.

പക്ഷേ, എത്ര ആലോചിച്ചിട്ടും അങ്ങനെ ഒരു മുഖം മനസ്സിൽ വരുന്നത് പോലുമില്ല..

“ആ അമ്മയുടെ മുഖത്ത്‌ എന്തൊരു ഐശ്വര്യമായിരുന്നു. നല്ലൊരു സെറ്റുമുണ്ടും ഉടുത്തിരുന്നു. ഒരു തറവാട്ടിൽ പിറന്ന ഒരാളുടെ എല്ലാ ലക്ഷണങ്ങളോടും കൂടി ഇരിക്കുന്ന അവർ എന്തിനാണ് പിച്ച എടുക്കുന്നത് എന്ന് എത്ര ചിന്തിച്ചിട്ടും അവൾക്ക് മനസിലായില്ല.

അന്ന് മുതൽ ഓരോ ദിവസവും അമ്പലത്തിൽ പോകുമ്പോൾ എല്ലം ഭഗവതിയുടെ മുന്നിൽ നിൽക്കുമ്പോൾ പോലും കണ്ണുകൾ തിരഞ്ഞത് ആ അമ്മ വന്നിട്ടുണ്ടോ എന്നായിരുന്നു. പതിവ് പോലെ എല്ലാവർക്കും നല്കുന്ന പത്തു രൂപ ആ അമ്മക്ക് നൽകുമ്പോൾ ആ കാശ് സന്തോഷത്തോടെ സ്വീകരിച്ചുകൊണ്ട് “മോൾക്ക് നല്ലത് മാത്രേ വരൂ ” എന്ന് മനസ്സ് നിറഞ്ഞ പോലെ പറയുമ്പോൾ ആ വാക്കുകൾക്ക് വല്ലാത്തൊരു ശക്തി ഉള്ളപ്പോലെ തോന്നി.

പിന്നെ ഉള്ള പോക്കുകൾ ഭഗവതിയുടെ മാത്രമല്ല, ആ അമ്മയുടെ കൂടി അനുഗ്രഹം വാങ്ങിക്കാൻ ആയിരുന്നു. അങ്ങനെ എത്രയോ ദിവസങ്ങൾ.

പെട്ടെന്നൊരു ദിവസം ആ അമ്മ അപ്രത്യക്ഷയായപ്പോൾ  മനസ്സിലെന്തോ വല്ലാത്തൊരു മൂകത തോന്നി അരുണക്ക്…

ആരെന്നോ, എവിടെ ഉള്ള ആളാണെന്നോ പറയാതെ ഒരു ദിവസം പെട്ടന്ന് അമ്പലത്തിനു മുന്നിൽ വന്നപോലെ തന്നെ പെട്ടന്നൊരു നാൾ പോകുകയും ചെയ്തിരിക്കുന്നു.

അന്ന് എല്ലാവർക്കും പത്തു രൂപ നൽകികൊണ്ട് ആ അമ്മ ഇരുന്നിരുന്ന സ്ഥലത്തെത്തിയപ്പോൾ അവളുടെ മനസ്സിൽ വല്ലാത്തൊരു സങ്കടം ഉണ്ടായിരുന്നു. തന്റെ ആരും അല്ലെങ്കിലും ആ അമ്മ തലയിൽ കൈ വെച്ച് അനുഗ്രഹിക്കുമ്പോൾ വല്ലത്തൊരു ഉന്മേഷമായിരുന്നു. ഇനി മുതൽ അതില്ലെന്ന് ഓർക്കുമ്പോൾ…

തെല്ല് സങ്കടത്തോടെ തിരിഞ്ഞു കാറിനടുത്തേക്ക് നടക്കുമ്പോൾ ആണ് ആ കാഴ്ച അവളുടെ കണ്ണിൽ ഉടക്കിയത്.

വിലകൂടിയ കാറിൽ വന്നിറങ്ങുന്ന കുലീനയായ സ്ത്രീ..അത് ആ അമ്മയായിരുന്നു. അരുണക്ക് ആ കാഴ്ച വിശ്വസിക്കാൻ കഴിഞ്ഞില്ല..

ഇത്ര നാൾ അമ്പലനടയിൽ ഇരുന്ന് ഭിക്ഷ എടുത്തിരുന്ന ആ അമ്മ തന്നെ ആണോ ഇത്  !

അവളുടെ ആശ്ചര്യം നിറഞ്ഞ നോട്ടത്തിനിടയിൽ അരുണക്ക് അരികിലെത്തി അമ്മ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പിന്നെ കൂടെ ഉള്ളവരോട് അമ്പലത്തിലേക്ക് നടന്നുകൊള്ളാൻ പറഞ്ഞുകൊണ്ട് അരുണയുടെ കയ്യിൽ പിടിച്ചു,

“എന്താ മോളെ ആദ്യമായി കാണുന്ന പോലെ ഇങ്ങനെ  നോക്കുന്നത്.. “

ആ ആശ്ചര്യനിമിഷങ്ങളിൽ അമ്മയുടെ ചോദ്യത്തിന് മുന്നിൽ  “ഒന്നുമില്ല ” എന്ന് തലയാട്ടുമ്പോൾ അവരുടെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു.

“ഞാൻ ആരാണെന്ന് ആയിരിക്കും മോളെ വിചാരിക്കുന്നത് അല്ലെ. ഇങ്ങനെ ഒക്കെ വന്നിറങ്ങിയ ഈ അമ്മ എന്തിനാണ് ഭിക്ഷ എടുത്തത് എന്നാവും കരുതുന്നത് അല്ലെ “

തോൽക്കാൻ മനസ്സ് അനുവദിക്കാത്തത് കൊണ്ടാണ് മോളെ. ഞാൻ ഇവിടെ ഇരിക്കുമ്പോൾ എന്റെ കൂടെ ഇരുന്നവരെ മോളു ശ്രദ്ധിച്ചിരുന്നോ? ഇല്ലല്ലേ…എന്റെ വേഷവും മറ്റുമായിരുന്നു മോളെ എന്നിലേക്ക് ആകർഷിച്ചത്. മറ്റുള്ളവർക്ക് അങ്ങനെ ഒരു വേഷം ഇല്ലാത്തത് കൊണ്ട് അവരെ വെറും ഭിക്ഷക്കാർ മാത്രമായി മോള് പോലും കണ്ടു .”

അത് പറയുമ്പോൾ ആ പറഞ്ഞതിലെ ശരി അരുണയുടെ മുഖത്തു കാണുന്ന വ്യസനത്തിൽ ഉണ്ടായിരുന്നു. അമ്മ പറഞ്ഞപോലെ മറ്റുള്ളവരെ ഇതുവരെ ശരിക്കൊന്ന് ശ്രദ്ധിച്ചിട്ടുപോലുമില്ല.

അവൾ ക്ഷമാപണം പോലെ അമ്മയെ നോക്കിയപ്പോൾ “സാരമില്ല “എന്ന അർത്ഥത്തിൽ  അവർ അവളുടെ കയ്യിൽ ഒന്നുകൂടി മുറുകെ പിടിച്ചു.

“മോളെ ഞാൻ കുറ്റം പറഞ്ഞത് അല്ലാട്ടോ…നമ്മൾ ആളുകളെ തിരിച്ചറിയുന്നതും തിരഞ്ഞെടുക്കുന്നതും പലതും  അവരുടെ വസ്ത്രധാരണവും മറ്റും നോക്കിയാണ്..അന്ന് ഇവിടെ എന്നോടൊപ്പം ഇരുന്ന ഒരാൾ കൂടി ഇപ്പോൾ ആ കൂട്ടത്തിൽ ഇല്ല.അവള്ക്ക് വേണ്ടിയാണ് ഞാൻ ഭിക്ഷ എടുത്തതും “

അമ്മ പറയുന്നത് എന്താണെന്ന് പോലും മനസ്സിലാകാതെ നിൽക്കുന്ന അവൾക്ക് മുന്നിൽ പുഞ്ചിരിയോടെ അവർ പറയുന്നുണ്ടായിരുന്നു,

“അന്ന് അവിടെ ഉണ്ടായിരുന്ന കുട്ടിയുടെ മോൾക്ക് അസുഖം ആയിരുന്നു. നല്ലൊരു തുക ആവശ്യമായി വന്നപ്പോൾ ഞാൻ സഹായിക്കാമെന്ന് വാക്ക് കൊടുത്തു. പക്ഷേ, ഒന്നുമില്ലാത്ത ഒരു പെണ്ണിനെ സഹായിക്കുന്നതിൽ എന്റെ മകനും മരുമകളും എതിർക്കുകയാണ് ചെയ്തത്. ഇട്ടു മൂടാൻ സ്വത്തുണ്ടായിരുന്ന ഞാൻ അന്നാണ് മനസ്സിലാക്കിയത് അതൊക്കെ കയ്യിലിരിക്കുമ്പോഴേ അമ്മയുടെ വാക്കിനോക്കെ വിലയുള്ളൂ എന്ന്. ഞാൻ പറഞ്ഞാൽ മകൻ മറുത്തു പറയില്ലെന്ന എന്റെ വിശ്വാസം തെറ്റുന്നിടത് ഞാനും തോൽക്കുകയായിരുന്നു. ഒരു കുഞ്ഞിന്റെ ജീവനാണ് എന്റെ വാക്കിൽ കിടന്ന് ആടുന്നത് എന്നോർത്തപ്പോൾ,

പറഞ്ഞ വാക്ക് തെറ്റിക്കേണ്ടി വരുന്നത് മരണതുല്യമാണെന്ന് ചിന്ത വന്നപ്പോൾ ഞാൻ തോൽക്കുന്നതിലും നല്ലത്  അമ്മയുടെ വാക്കിനിപ്പോൾ പുല്ല് വില പോലും കല്പിക്കാത്ത മക്കൾ തോൽക്കുന്നത് ആണെന്ന് തോന്നിയത് കൊണ്ടാണ് ഉറച്ച തീരുമാനത്തോടെ ഈ അമ്പലനടയിൽ ഭിക്ഷക്കായി വന്നത്.

ഭിക്ഷ യാചിച്ചു കിട്ടുന്ന കാശ് കൊണ്ട് ഒന്നും ആകില്ലെന്ന് അറിയാം..പക്ഷേ, പറഞ്ഞ വാക്ക് പാലിക്കാൻ ഏതറ്റം വരെയും പോകണമെന്ന് പറഞ്ഞിരുന്ന എന്റെ ഭർത്താവ് പറഞ്ഞത് തെറ്റിക്കാൻ തോന്നിയില്ല..

എനിക്കറിയാമായിരുന്നു ഇട്ടുമൂടാൻ സ്വത്തുള്ള വീട്ടിലെ അമ്മ ഭിക്ഷ യാചിക്കുമ്പോൾ അത് അറിയുന്ന മക്കൾക്ക് നാണക്കേട് കൊണ്ടെങ്കിലും പൊള്ളുമെന്ന്. അത് തന്നെ ആണ് സംഭവിച്ചതും.

അമ്മയുടെ വാക്കിനെ തിരിച്ചറിയാൻ കുറച്ച് വൈകിയെങ്കിലും അമ്മയുടെ വാക്കിന്റ ഉറപ്പിന് മുന്നിൽ എന്റെ മകനും മുട്ട് മടക്കി.

എന്റെ ആഗ്രഹപ്രകാരം ആ കുട്ടിയുടെ എല്ലാ ചികിത്സാചിലവും അവൻ ഏറ്റെടുക്കുകയും ചെയ്തു..അതിനു ശേഷം ഇന്നാണ് ഇവിടെ വരുന്നത്.. ഈ അമ്പലത്തിൽ വരണമെന്ന് അന്നേ തീരുമാനിച്ചതാണ്.

ഇത്ര നാൾ ഇതിന് മുന്നിൽ ഇരുന്നിട്ടും അമ്പലത്തിൽ ഒന്ന് കയറിയിട്ടില്ല. പറഞ്ഞ വാക്ക് പാലിച്ചിട്ടേ കയറൂ എന്ന വാശി ആയിരുന്നു. ഇനി കയറണം. ഭഗവതിക്ക് മുന്നിൽ നിറകണ്ണുകളോടെ തൊഴണം..ഈ നടയിൽ നിന്നാണ് ഒരു കുഞ്ഞിന്റെ ജീവിതം തിരികെ വാങ്ങിയത് “

അത് പറയുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ആ കണ്ണുനീർ തുടച്ചുകൊണ്ട് പുഞ്ചിരിയോടെ മുഖത്തേക്ക് നോക്കുമ്പോൾ എന്ത് പറയണമെന്ന് അറിയില്ലായിരുന്നു അരുണക്ക്.

“എന്തായാലും മോളിവിടെ നിൽക്ക്. നട അടയ്ക്കുന്നതിന് മുന്നേ ഞാൻ ഒന്ന് തൊഴുത് വരട്ടെ ” എന്നും പറഞ്ഞ് പതിയെ അമ്പലനടയിലേക്ക് നീങ്ങുന്ന ആ അമ്മയെ തന്നെ നോക്കി നിൽക്കുമ്പോൾ അറിയാതെ അവൾ ഒന്ന് തൊഴുതു പോയി

“ഇതായിരുന്നു ദൈവം ” എന്ന് മനസ്സിൽ ആയിരം വട്ടം ഉരുവിട്ടുകൊണ്ട്….

✍️ ദേവൻ