വെളിച്ചത്തിൽ നിന്ന് കയറി വന്നത് കൊണ്ടാവാം അകത്ത് മങ്ങിയ വെളിച്ചമുണ്ടെങ്കിലും ഒന്നും കാണാൻ പറ്റുന്നില്ല….

ഹൗസ് വൈഫ്

Story written by Saji Thaiparambu

================

“എൻറിക്കാ ഒന്നടങ്ങ്, ഞാനൊന്ന് തുറക്കട്ടെ, എന്നിട്ട് കേറ്റാം “

ഗേറ്റിൽ കൊണ്ട് വന്ന്, കാറിടിച്ച് നിർത്തിയിട്ടുള്ള നവാസിന്റെ ഹോണടി, കേട്ട് കൊണ്ടാണ്, ഹസീന അടുക്കളയിൽ നിന്ന് ഇറങ്ങി ഓടി വന്നത്.

ഗേറ്റ് തുറന്ന് കൊടുത്തപ്പോൾ ഇന്റർലോക്കിട്ട മുറ്റത്ത് കൂടെ കാറോടിച്ച് വീടിന്റെ മുന്നിൽ കൊണ്ടിട്ട്, നവാസ് ഡോർ തുറന്ന് പുറത്തിറങ്ങി.

“ടിക്കറ്റ് കിട്ടിയോ ഇക്ക “

ഉദ്യോഗത്തോടെ അവൾ ചോദിച്ചു.

“ഓഹ് കിട്ടി, 500 രൂപ കൊടുത്ത് ബ്ലാക്കിന് രണ്ടെണ്ണമെടുത്തു, നിന്റെ അസുഖം തീരട്ടെ”

നീരസത്തോടെ അയാൾ പറഞ്ഞു.

“ഹും. അല്ലെങ്കിലും വല്ലപ്പോഴും കയ്യീന്നിത്തിരി കാശ് ചിലവായ.അന്നൊരു മുറുമുറുപ്പൊള്ളതാ…കല്യാണം കഴിഞ്ഞ് ആറും എട്ടും വയസ്സ് ഉള്ള രണ്ട് മക്കളായി.

ഇന്ന് വരെ തീയറ്ററിൽ കൊണ്ട് പോയി ഒരു സിനിമ കാണിച്ചിട്ടില്ല.

ഇന്നലെ അങ്ങേലെ, ലീലേച്ചി, കുടുംബവുമായി, ലാലേട്ടന്റെ ദൃശ്യം സിനിമ കണ്ടിട്ട് വന്ന് അഭിപ്രായം പറഞ്ഞപ്പോൾ മുതൽ തുടങ്ങിയ പൂതിയാ, ആ സിനിമയൊന്ന് കാണണമെന്ന്.

അതിന് ഇന്നലെ കിടക്കപ്പായിൽ വച്ച് തുടങ്ങിയ യുദ്ധത്തിനൊടുവിൽ രാവിലെ മനസ്സില്ലാ മനസ്സോടെയാ സമ്മതിച്ചത്. അതിന് ഒരു കണ്ടീഷനും വച്ചു. കുട്ടികളെ സ്കൂളിൽ വിട്ടിട്ട് പോയാൽ മതിയെന്ന്. അല്ലെങ്കിൽ അവർ സിനിമ കണ്ട് ചീത്തയാകുമത്രേ.

വിഷമത്തോടെയാണെങ്കിലും ഹസീനയ്ക്ക് അത് സമ്മതിക്കേണ്ടി വന്നു.

കാരണം പുക പിടിച്ച അടുക്കളയിൽ നിന്നും അമ്മായി അമ്മയുടെ കുത്ത് വാക്കുകളിൽ നിന്നും കുറച്ച് നേരത്തേക്കെങ്കിലും മോചനമുണ്ടാവുമല്ലോ?

“നീ ചോറ് വിളമ്പി വച്ചിട്ടുണ്ടോ “

നവാസിന്റെ ചോദ്യം അവളെ, ചിന്തകളിൽ നിന്നുണർത്തി

“ഉം. വിളമ്പി വയ്ക്കുമ്പോഴാ, നിങ്ങള് വന്നേ, വേഗം കഴിച്ചോ ,അപ്പോഴേക്കും ഞാനൊന്ന് കുളിച്ചിട്ട് വരാം “

അവൾ വേഗം ബാത്റൂമിലേക്ക് കയറി.

കുളി കഴിഞ്ഞ് ഈറൻ, മാറാൻ നോക്കുമ്പോഴാണ് വെപ്രാളത്തിന് ബെഡ് റൂമിൽ എടുത്ത് വച്ച ചുരിദാറെടുക്കാൻ മറന്നല്ലോ എന്നറിഞ്ഞത്.

അതൊന്നെടുത്ത് തരാൻ നവാസിക്കായോട് പറഞ്ഞാൽ, ഇപ്പോൾ ചാടിക്കടിക്കാൻ വരും.

അത് കൊണ്ടവൾ ശരീരം തുടച്ച ബാത്ത് ടവ്വല് ദേഹത്ത് ചുറ്റി ബെഡ് റൂമിലേക്ക് കയറി.

“ഒന്ന് വേഗമിറങ്ങടീ, കടേലെ കച്ചവടോമിട്ടെറിഞ്ഞിട്ടാ നിന്നെയും കൊണ്ട് സർക്കീട്ടിന് പോകാൻ ഒരുങ്ങുന്നത് “

മൂന്ന് മണിക്കൂറത്തെ കച്ചവടത്തിന്റെ ലാഭം പോകുന്ന വെപ്രാളമാണ് പഹയന്

കെട്ടിക്കൊണ്ട് വന്ന നാൾ മുതൽ വീടും പറമ്പും പിന്നെ പിള്ളേരുമായിട്ടൊരു യാന്ത്രിക ജീവിതമായിരുന്നു

ബിസിനസ്സ് ടൂർ എന്ന് പറഞ്ഞ് നവാസിക്ക എല്ലാ കൊല്ലവും കൂട്ടുകാരുമായി കറങ്ങാൻ പോകാറുണ്ട്. മക്കളാണെങ്കിലും സ്കൂളിന്ന് ടൂർ പോയിട്ടുണ്ട്. തനിക്ക് മാത്രം അതിനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല.

നിക്കാഹിന് മുമ്പ് വാപ്പയോട് ചോദിക്കുമ്പോൾ പറയും…

“അടക്കവും, ഒതുക്കവുമുള്ള പെമ്പിള്ളേരാരും ടൂർ പോകാറില്ല. ഇനീപ്പോ പോണോന്നൊണ്ടെങ്കി, നിന്റെ നിക്കാഹ് കഴിയുമ്പോൾ പുതിയാപ്ലേടടുത്ത് പറഞ്ഞാപോരെ, പിന്നെ നിന്നെയീ ദുനിയാവ് മുഴോനും കാട്ടിത്തരു ല്ലേ “

കഴിഞ്ഞു, വാപ്പാടെ ഭാഗം വാപ്പ ക്ളിയറാക്കി.

ഈ വീട്ടിലോട്ട് കെട്ടിക്കോണ്ട് വന്നപ്പോഴല്ലേ മനസ്സിലായത്.

കെട്ടിയോൻ തന്റെ വാപ്പയെക്കാളും പഴഞ്ചനും അറു പിശുക്കനുമാണെന്ന്.

“നീ ഒന്ന് വന്ന് കേറുന്നുണ്ടോ “

നവാസിക്കയുടെ അക്ഷമയോടെയുള്ള ചോദ്യം.

അതിലും വലുത് വായീന്ന് വീഴുന്നതിന് മുമ്പ് അവൾ കാറിന്റെ ഇടത് ഡോർ തുറന്ന് അകത്ത് കയറി ഇരുന്നു.

*************

തീയറ്ററിൽ എത്തിയപ്പോൾ സിനിമ തുടങ്ങിയിരുന്നു.

വെളിച്ചത്തിൽ നിന്ന് കയറി വന്നത് കൊണ്ടാവാം അകത്ത് മങ്ങിയ വെളിച്ചമുണ്ടെങ്കിലും ഒന്നും കാണാൻ പറ്റുന്നില്ല.

തപ്പിത്തടഞ്ഞ് ചെന്ന് ഒഴിവു് കണ്ട ആദ്യത്തെ സീറ്റിലേക്കിരുന്നു.

“അയ്യോ എന്റെ കുഞ്ഞ്”

അടുത്ത സീറ്റിൽ നിന്നൊരമ്മയുടെ ആർത്തനാദം.

വേഗം ചാടിയെഴുന്നേറ്റു.

“നിനക്ക് കണ്ണ് കാണത്തില്ലെ ഹസീന “

നവാസിന് അരിശം വന്നു.

“അവിടിരിക്ക് “

ഹസീനയെ പിടിച്ച് ഒരു കസേരയിലിരുത്തി നവാസും അടുത്തിരുന്നു.

ലാലേട്ടനെ സ്ക്രീനിൽ കാണിക്കുമ്പോൾ സദസ്സിൽ നിറഞ്ഞ കൈയ്യടി

അറിയാതെ ഹസീനയും രണ്ട് കയ്യും കൂട്ടിയടിച്ച് പോയി.

അത് കണ്ട് നവാസ് അവളുടെ മുഖത്തേയ്ക്ക് നോക്കി.

ആ കണ്ണുകളിലെ താക്കീത് ഇരുളിലും അവൾക്ക് ഉൾക്കണ്ണിൽ കാണാമായിരുന്നു.

ഭാര്യയെയും മക്കളെയും ജീവന് തുല്യം സ്നേഹിക്കുന്ന ജോർജ്കുട്ടിയെന്ന കഥാപാത്രത്തിൽ ആകൃഷ്ടയായി ഹസീന സിനിമയിൽ ലയിച്ചിരിക്കുകയായിരുന്നു.

ലാലിന്റെയും മീനയുടെയും കഥാപാത്രങ്ങളുടെ പ്രണയരംഗങ്ങളിൽ ലാൽ മീനയെ തലോടുന്ന പാട്ട് സീനാണിപ്പോൾ സ്ക്രീനിൽ കാണിക്കുന്നത്.

ആ രംഗം ആസ്വദിച്ച് കണ്ട് കൊണ്ടിരുന്ന ഹസീനയുടെ വലത് വശത്ത് കൂടി ഒരു കൈ അവളെ ചുറ്റി പിടിച്ചു.

ഹസീനയ്ക്ക് ആ പിടുത്തം അനുഭൂതിയോടൊപ്പം അത്ഭുതവുമുളവാക്കി.

അവൾ ഒരു പാട് ആഗ്രഹിച്ചിട്ടുണ്ടെങ്കിലും രാത്രി കടയടച്ച് വരുന്ന സമയത്ത് ഒരു ചടങ്ങ് പോലെ വല്ലപ്പോഴും ഇണ ചേരുമെന്നല്ലാതെ ഇത് പോലെ നവാസ് അവളെ ഒരിക്കലും ചേർത്ത് പിടിച്ചിട്ടില്ല. ആശ്ളേശിച്ചിട്ടില്ല.

ആ,തഴമ്പിച്ച കൈകൾ അടിവയറിനെ ലക്ഷ്യം വച്ചപ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കിപ്പോയി.

സ്വന്തം കൈകൾ രണ്ടും കസേരപിടിയിൽ മുറുകെ പിടിച്ച് സിനിമയിലേക്ക് ഉറ്റുനോക്കിയിരിക്കുന്ന നവാസിനെ കണ്ടപ്പോൾ ഹസീനയുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി.

അവൾ പെട്ടെന്ന് ചാടിയെഴുന്നേറ്റ് പുറകിലേയ്ക്ക് നോക്കി

അപ്പോഴാണ് തന്റെ ശരിരത്തിൽ ഇത്രയും നേരം ഉഴിഞ്ഞ് നടന്ന കൈ, പുറകിലിരുന്നവന്റെയാണെന്ന് അവൾക്ക് മനസ്സിലായത്.

പിന്നെയൊന്നുമാലോചിച്ചില്ല. കൊടുത്തു, അവന്റെ ചെകിട് നോക്കിയൊരെണ്ണം.

അവളുടെ ആക്രമണം കണ്ടപ്പോൾ നവാസിന് കാര്യം പിടികിട്ടിയിരുന്നു.

പിന്നെ ആ ഞരമ്പ് രോഗിയെ കൈകാര്യം ചെയ്തത് നവാസായിരുന്നു.

****************

വീട്ടിലേക്ക് തിരിച്ച് പോകുമ്പോൾ കാറിൽ മൗനിയായി ഇരിക്കുന്ന ഹസീനയോട് നവാസ് ചോദിച്ചു.

“നീയെന്താ ഒന്നും മിണ്ടാത്തത് “

ഒരു ദീർഘനിശ്വാസമുതിർത്ത് കൊണ്ട് അവൾ പറഞ്ഞു.

“ഇനി എനിക്ക് സിനിമ കാണാൻ എങ്ങും പോകണ്ട നവാസിക്കാ, ഞാൻ ടീവീല് വരുമ്പോൾ വീട്ടിലിരുന്ന് തന്നെ കണ്ടോളാം. എന്റെ എല്ലാ പൂതിയും ഇന്നത്തോടെ തീർന്നു.”

അത് പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് നവാസ് കണ്ടു.

“ഹേയ് എന്താടീ, ഇത്. അങ്ങനെ നമ്മള് തോറ്റ് കൊടുത്താലോ? ഇന്ന് സംഭവിച്ചത് എന്റെ ശ്രദ്ധക്കുറവ് കൊണ്ടാ, ഞാൻ നിന്നെ കുറച്ച് കൂടി കെയറ് ചെയ്യണമായിരുന്നു.

അത് പോട്ടെ മറ്റന്നാള് ഞായറാഴ്ചയല്ലേ, മക്കളെ കൂട്ടി, നമ്മളൊരിക്കൽ കൂടി ആ സിനിമയ്ക്ക് പോകുന്നു. എനിക്കും ഒരു ജോർജ് കൂട്ടിയാകാൻ പറ്റുമോന്ന് ഞാനുമൊന്ന് നോക്കാട്ടെടി.”

ഈ പറയുന്നത് തന്റെ നവാസിക്ക തന്നെയാണോ എന്ന് അവൾ സൂക്ഷിച്ച് നോക്കി.

അപ്പോൾ ഇടത് കൈ കൊണ്ട് അയാൾ അവളെ തന്റെ ശരീരത്തോട് ചേർത്ത് പിടിച്ചു.

~സജിമോൻ തൈപറമ്പ്