ഇനി മുതൽ അവൾ സ്വാതന്ത്രയാണ്. മൂന്ന് വർഷത്തെ ദാമ്പത്യത്തെ മുറിച്ചുമാറ്റി പുറത്ത് കിടക്കുന്ന കാറിലേക്ക്….

എഴുത്ത് : മഹാ ദേവൻ

=================

കോടതിമുറിയിൽ ഡിവോഴ്സ് അനുവദിച്ചുകൊണ്ടുള്ള അവസാന തീരുമാനം കാതുകളിൽ മുഴങ്ങുമ്പോൾ വരുൺ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.

ഈ ദാമ്പത്യത്തിന് ഇങ്ങനെ ഒരു അവസാനം ഒരിക്കലും ആഗ്രഹിച്ചതല്ല,

അതുകൊണ്ട് തന്നെ പല വട്ടം അവൾക്ക് മുന്നിൽ കൈകൂപ്പി അപേക്ഷിച്ചിട്ടുണ്ട് “വേണി, ഇങ്ങനെ ചെറിയ കാര്യങ്ങൾക്ക് ഇതുപോലെ കടുത്ത തീരുമാനങ്ങൾ എടുക്കരുത്. ഇത് ജീവിതമാണ്. ഒന്ന് ക്ഷമിക്കാൻ തയ്യാറായാൽ മനോഹരമായി മുന്നോട്ട് കൊണ്ടുപോകാവുന്ന ഈ ബന്ധത്തെ ഒരു നിമിഷത്തെ തീരുമാനത്തിന്റ പേരിൽ എന്തിനാണ് വെറുതെ വേർപിരിക്കുന്നത് ? “എന്ന്.

അപ്പോഴെല്ലാം അവളുടെ മുഖത്ത്‌ അവനോടുള്ള പുച്ഛം മാത്രമായിരുന്നു . അതുകൊണ്ട് തന്നെ അവന്റെ വാക്കുകളെ അവഗണിച്ചുകൊണ്ട് മുഖം തിരിക്കുമ്പോൾ അവളുടെ വാക്കുകളിലും നിറഞ്ഞുനിന്നിരുന്നു അവനോടുള്ള പുച്ഛം.

” കുടുംബജീവിതത്തിന്റെ പൂർണ്ണത എന്നൊക്ക പറയണമെങ്കിൽ ജീവിതത്തിലേക്ക് ഒരു കുട്ടി വരണം. അത് ഏതൊരു പെണ്ണിന്റെയും മോഹമാണ്.. അതിന് പോലും കഴിവില്ലാത്ത നിങ്ങളോടൊപ്പം ഞാൻ എന്തിന് ജീവിക്കണം.ഞാൻ ജീവിക്കാൻ കൊതിച്ചത് നല്ല ഒരു ആണിന്റെ ഒപ്പമാണ്. അല്ലാതെ ഇതുപോലെ കഴിവ് കെട്ട ഒരു…..എന്നെകൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കല്ലേ…ശരിക്കും മടുത്തു എനിക്കീ ജീവിതം..”

അത് അവളുടെ അവസാനതീരുമാനം ആയിരുന്നു. ഒരു കുട്ടി ഉണ്ടാക്കാത്തതിന്റ പേരിൽ ഡിവോഴ്സ് വരെ എത്തിക്കുമ്പോൾ പലപ്പോഴും അവളോട് ചോദിച്ചിട്ടുണ്ട് ” നമുക്കൊരു കുഞ്ഞിനെ ദത്തെടുത്തൂടെ വേണി “എന്ന്.

അത് കേൾക്കുമ്പോൾ തന്നെ ദേഷ്യത്തോടെ അവൾ കടിച്ചുകീറാൻ വരുമായിരുന്നു. “അങ്ങനെ ആർക്കെങ്കിലും ഉണ്ടായ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെ പോലെ വളർത്താൻ ഞാൻ അത്ര വലിയ പുന്യാളത്തി ഒന്നുമല്ല, കണ്ടവന്റെ ചോ രയിൽ ഉള്ളതിനെ അല്ല, സ്വന്തം ചോ രയിൽ ഉളള കുഞ്ഞിനെ വളർത്താൻ ആണ് എനിക്ക് ആഗ്രഹം. അതിന് നിങ്ങൾക്ക് കഴിവില്ലെന്ന് എനിക്ക് അറിയാം.. പക്ഷേ അതിന്റ പേരിൽ ഇതുപോലെ ഉളള കാര്യങ്ങളുമായി എന്റെ മുന്നിൽ വരാൻ നാണമില്ലേ നിങ്ങൾക്ക്? എന്നും ചോദിച്ചുകൊണ്ട്.

“വേണി. ഈ ലോകത്ത് നമുക്ക് മാത്രമല്ല കുട്ടികൾ ഇല്ലാത്തതും ഞാൻ മാത്രമല്ല കുട്ടികളെ ദത്തെടുക്കാം എന്ന തീരുമാനത്തിൽ എത്തുന്നതും.. ആരുടെ ചോരയാണോ എന്ന് നോക്കിയല്ല എല്ലാവരും അങ്ങനെ ഒരു തീരുമാനത്തിൽ എത്തുന്നത്. സ്വന്തമെന്ന് കരുതി സ്നേഹിക്കാൻ കഴിഞ്ഞാൽ അതിനോളം പുണ്യം വേറൊന്നുമില്ല.

പക്ഷേ, സ്നേഹിക്കാൻ കഴിയണം.. “

വരുണിന്റെ വാക്കുകളിൽ അപ്പോഴും നിസ്സഹായത തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു.

ഇത്രയൊക്കെ പറഞ്ഞിട്ടും അവളുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന് കണ്ടപ്പോൾ പതിയെ പിൻവാങ്ങി സങ്കടത്തോടെ തന്നെ. ദാമ്പത്യത്തിൽ തോറ്റുപോയ ഒരുവനെ പോലെ..

അതിന്റ അവസാനതീരുമാനം ആയിരുന്നു ഇന്ന്.ഇനി മുതൽ അവൾ സ്വാതന്ത്രയാണ്. മൂന്ന് വർഷത്തെ ദാമ്പത്യത്തെ മുറിച്ചുമാറ്റി പുറത്ത് കിടക്കുന്ന കാറിലേക്ക് അവൾ കയറുമ്പോൾ വരുൺ അവളെ തന്നെ നോക്കിനില്കുകയായിരുന്നു.

ഇപ്പോൾ അവളുടെ മുഖത്ത്‌ കടുപ്പിച്ച ഭാവങ്ങൾ ഇല്ല. കണ്ണുകളിൽ രോഷം കത്തുന്നില്ല. ആദ്യമായി നേരിൽ കാണുമ്പോൾ ഉണ്ടായിരുന്ന അതേ മുഖഭാവം.. പക്ഷേ ഇന്ന് എന്നും ഉയർത്തിപിടിച്ചിട്ടുള്ള തല മാത്രം താഴ്ന്നിരുന്നു. ചുണ്ടുകളിൽ ഒരു വിതുമ്പൽ ഒളിഞ്ഞിരിക്കുംപോലെ… ! കണ്ണുകൾ ഏത് നിമിഷവും പെയ്യാൻ തെയ്യാറെടുത്തപോലെ…. !

അവൾ ഒരിക്കൽ കൂടി തന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിരുന്നെങ്കിൽ ഇന്ന് അവൻ അതിയായി ആഗ്രഹിച്ചു. പക്ഷെ, അവളുടെ നോട്ടം താഴ്ന്നു തന്നെ ആയിരുന്നു.

പതിയെ അവൾ കേറിയ കാർ മുന്നോട്ട് നീങ്ങുമ്പോൾ നിർവികാരമായ മനസ്സോടെ അവനും കാറിനടിത്തേക്ക് നടന്നു.

പിന്നെ ഡോർ തുറന്ന് അകത്തേക്ക് കയറാൻ നിൽക്കുമ്പോൾ ആയിരുന്നു ” വരുൺ ” എന്ന് പിന്നിൽ നിന്ന് വിളി കേട്ടത്.

തുറന്ന ഡോർ അടച്ച് വിളി കേട്ട ഭാഗത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ അവന് മുന്നിലേക്ക് വന്നത് വേണിയുടെ അമ്മാവൻ സുധാകരനായിരുന്നു. അവൾക്ക് വേണ്ടി കോടതിയിൽ വാദിച്ച വക്കീലും അയാൾ ആയിരുന്നു.

അയാളെ കണ്ടപ്പോൾ തന്നെ അവന്റെ മുഖത്തൊരു പുച്ഛം ആയിരുന്നു.. സ്വന്തം മകളെ പോലെ ഉളള ഒരു കുട്ടിയെ ഭർത്താവിൽ നിന്നും വേർപിരിച്ചുള്ള വരവാണ്. അതുകൊണ്ട് തന്നെ തീരെ താല്പര്യം ഇല്ലാത്ത പോലെ അയാൾക്ക് മുന്നിൽ നിൽക്കുമ്പോൾ സുധാകരൻ അവന്റെ അവസ്ഥ മനസ്സിലാക്കിയപോലെ തന്നെ ആയിരുന്നു സംസാരിച്ചുതുടങ്ങിയത്.

” എനിക്കറിയാം വരുണിന് ഇപ്പോൾ എന്നോട് ദേഷ്യം ആകുമെന്ന്. പക്ഷേ, ഇത് ഞങ്ങളുടെ ജോലി ആണ്.. ഒരിക്കലും ആരും വേർപിരിയാൻ ആഗ്രഹിക്കാറില്ല..പക്ഷേ…..

ഇപ്പോൾ എന്റെ മോളെയും ഞാൻ വേർപിരിച്ചു. “

അയാളുടെ കുറ്റബോധം നിറഞ്ഞപോലുള്ള വാക്കുകൾ കേട്ടപ്പോൾ വരുണിന് ദേഷ്യമാണ് തോന്നിയത്. പക്ഷേ, ഒന്നും മിണ്ടാതെ സംയമനം പാലിക്കുമ്പോൾ മനസ്സിലുമുണ്ടായിരുന്നു ” ഇനി എന്തൊക്കെ പറഞ്ഞിട്ടും എന്ത് കാര്യം ” എന്ന്.

അതുകൊണ്ട് തന്നെ അയാളുടെ വാക്കുകളെ അവഗണിച്ചുകൊണ്ട് കാറിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ സുധാകരൻ അവനരികിലേക്ക് വന്നു, “വരുൺ.. വിരുധമില്ലെങ്കിൽ ഞാനും കൂടി… പോകുന്ന വഴി വീട്ടിൽ ഇറക്കിയാൽ മതി..വിരോധമില്ലെങ്കിൽ മാത്രം “

അയാൾ ചോദിച്ചതിനോട് വലിയ താല്പര്യം തോന്നിയില്ലെങ്കിലും പാതി മനസ്സോടെ മൂളുമ്പോൾ സുധാകരൻ അപ്പുറത്തെ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി ഇരുന്നിരുന്നു.

പതിയെ കാർ മുന്നോട്ട് നീങ്ങുമ്പോൾ അതിനുള്ളിൽ ഒരു മൗനം തളം കെട്ടി കിടന്നു..അതിനെ മുറിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങിയത് സുധാകരൻ ആയിരുന്നു.

” വരുൺ. എനിക്കറിയാം ഈ കാര്യത്തിൽ നിനക്ക് എത്രത്തോളം സങ്കടവും ദേഷ്യവും ഉണ്ടെന്ന്. നീ വേണിയെ അത്രമാത്രം സ്നേഹിച്ചിരുന്നു എന്നും.. പക്ഷേ അവളുടെ വാശിക്ക് മുന്നിൽ ഞങ്ങൾക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല..പറഞ്ഞ് നോക്കി പല വട്ടം.. “

തന്റെ വാക്കുകൾ കേട്ടെന്ന് പോലും നടിക്കാതെ മുന്നോട്ട് തന്നെ ശ്രദ്ധിച്ചിരിക്കുന്ന വരുണിനെ ഒന്ന് നോക്കികൊണ്ട് അയാൾ തുടർന്നു,

” ഇന്ന് നിങ്ങൾക്ക് കുട്ടികളുണ്ടാവില്ല എന്ന കാരണത്താൽ പിരിയുമ്പോൾ നിന്നെക്കാൾ കൂടുതൽ കരയുന്നത് അവളായിരിക്കും. കാരണം കുട്ടികൾ ഉണ്ടാകാത്തത് നിനക്ക് അല്ല.. അവൾക്കാണ് “

സുധാകരന്റെ ആ വാക്ക് കേട്ട് ഞെട്ടലോടെ പെട്ടന്ന് ബ്രെക്കിൽ കാലമരുമ്പോൾ പിന്നിൽ നിന്നും വണ്ടികൾ ഹോണടിക്കൻ തുടങ്ങിയിരുന്നു. അപ്പോഴാണ് സുധാകരനും അത് ശ്രദ്ധിക്കുന്നത്. വണ്ടി നിന്നത് റോഡിന്റെ നടുക്കാണെന്ന് അറിഞ്ഞ നിമിഷം ദൃതിയോടെ വരുണിനെ തട്ടി വിളിക്കുമ്പോൾ വല്ലാത്തൊരു ഷോക്കിൽ ആയിരുന്നു അവൻ. ആ ഷോക്കിൽ നിന്ന് മുക്തനായി വണ്ടി സൈഡിലേക്ക് ഒതുക്കി അവൻ സുധാകരന് നേരെ ഒന്ന് നോക്കി പറഞ്ഞത് വിശ്വസിക്കാൻ കഴിയാത്ത പോലെ.

” അതേ വരുൺ.. നിന്റെ ജോലിത്തിരക്കുകൾക്കിടയിൽ നീ അറിയാതെ പോയ ഒരു സത്യം.

ഒരു വർഷമായിട്ടും പ്രെഗ്നൻസിയുമായി ബന്ധപ്പെട്ട ഒരു മാറ്റവും കാണാതായപ്പോൾ, നിങ്ങൾ ഡോക്ടറെ ആദ്യമായി കാണാൻ പോകുന്ന ദിവസം അവൾക്ക് മനസ്സിൽ വല്ലാത്തൊരു ഭയമുണ്ടായിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം രണ്ട് പേരുടെയും സാമ്പിൾ ലാബിൽ കൊടുക്കുമ്പോൾ നിന്റെ ജോലിത്തിരക്കുകൾ കാരണം അത് വാങ്ങിക്കാൻ പോയത് അവൾ ആയിരുന്നു.. ഓർക്കുന്നുണ്ടോ? അത് വാങ്ങുമ്പോൾ അവൾക്കറിയില്ലായിരുന്നു തനിക്കാണ് പ്രശ്നം എന്ന് . അതേ ജോലിത്തിരക്ക് കാരണം ആ റിസൾട്ടുമായി നിനക്ക് അവൾക്കൊപ്പം പോകാൻ കഴിയാത്തത് കൊണ്ട് അന്ന് അവൾ അമ്മയെ കൂടിയായിരുന്നു പോയത്. അമ്മയെ പുറത്ത് നിർത്തി ഡോക്ടറുടെ റൂമിലേക്ക് കയറുമ്പോൾ ഇങ്ങനെ ഒരു അവൾക്ക് ഉണ്ടാകുമെന്ന് ഒരിക്കലും വേണി കരുതിയില്ല. തനിക്കാണ് പ്രശ്നം എന്നും ചികിത്സിച്ചാലും ഫലം ഉറപ്പില്ല എന്ന് കേട്ട നിമിഷം അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അന്ന് രാത്രി നീ വീട്ടിൽ എത്തുന്നതിനു മുന്നേ അവൾ ഒരു തീരുമാനം എടുത്തിരുന്നു. ഇങ്ങനെ ഒരു മ ച്ചിയായി നിന്റെ ജീവിതം ഇല്ലാതാക്കരുതെന്ന്..അവളെ ജീവനെ പോലെ കാണുന്ന നിന്നെ എന്ത് പറഞ്ഞും പിന്തിരിപ്പൻ കഴിയില്ലെന്ന് അറിയാവുന്നത് കൊണ്ട് ആണ് അവൾക്കുള്ള കുറവ് നിന്റെ മേലിൽ ചാർത്തി ആ പേരും പറഞ്ഞ് നിന്നെ പ ഴിച്ചത്. “

അയാളുടെ ഓരോ വാക്കുകളും വരുൺ വല്ലത്തൊരു ഭാവത്തോടെ ആയിരുന്നു കേട്ടത്.

“അന്ന് രാത്രി നീ ഡോക്ടറെ കണ്ടതിനെ കുറിച്ച് ചോദിക്കുമ്പോൾ നിനക്ക് നേരെ കയർത്തുകൊണ്ട് ആ റിസൽറ്റ് നിനക്ക് മുന്നിൽ വെച്ച് തന്നെ കത്തിച്ചത് ഓർക്കുന്നുണ്ടോ? അവൾക്കാണ് പ്രശ്നം എന്ന് അറിഞ്ഞാലും നീ അവളെ കൈവിടില്ലെന്ന് അറിയാവുന്നത് കൊണ്ടായിരുന്നു അവൾ അങ്ങനെ ചെയ്തത്. അതിന്റ പേരിൽ ഒരു ചികിത്സക്കും കൂട്ടാക്കാതെ നിന്നെ ആവുന്ന പോലെ വെറുപ്പിച്ചത് നിന്റെ ഭാവിജീവിതത്തിൽ ഒരു കരടായി മാറരുതെന്ന ചിന്തയോടെ ആയിരുന്നു. അവളുടെ കുറവ് നിന്റെ മേലിൽ വെച്ചുകെട്ടിയത് വലിയ തെറ്റാണ്..പക്ഷേ, അവൾക്കറിയാം എന്ത് പ്രശ്നം ഉണ്ടായാലും നീ അവളെ ഉപേക്ഷിക്കില്ലെന്ന്. അതുകൊണ്ട് തന്നെ സ്വയം പ്രശ്നമുണ്ടാക്കി അവൾ പിരിയാൻ തീരുമാനിച്ചത്. ഇതൊക്കെ പല വട്ടം നിന്നോട് പറയാൻ ഒരുങ്ങിയപ്പോഴും അവൾ തടുത്തു, നീ ഇതെല്ലാം അറിഞ്ഞാൽ പിന്നെ അവൾ ഉണ്ടാകില്ലെന്ന കടുത്ത വാക്ക് കൊണ്ട്…നിനക്ക് അവളോട് വെറുപ്പ് തോന്നരുത്… പാവാ അവൾ.. “

എല്ലാം പറഞ്ഞ് നിർത്തുമ്പോൾ നിറഞ്ഞ കണ്ണുകൾ തുടക്കുകയായിരുന്നു അയാൾ.
വരുൺ ആകട്ടെ അതേ ഇരിപ്പും…

” അമ്മാവാ.. എനിക്ക്.. എനിക്കവളെ കാണണം.. ഞാൻ….. “

അവന് വാക്കുകൾ കിട്ടാതെ തൊണ്ട ഇടറുമ്പോൾ സുധാകരൻ അവന്റെ തോളിൽ പതിയെ തട്ടി….

” വേണ്ട മോനെ.. അവളുടെ തീരുമാനം ഉറച്ചതാണ്.. ഇനി ഒരു മടക്കം പ്രതീക്ഷിക്കണ്ട..പിന്നെ ഒരിക്കലും നീ അറിയരുതെന്ന് പറഞ്ഞ കാര്യം ആണ് ഇതെല്ലാം.. അത് നീ അറിഞ്ഞെന്ന് അവൾക്ക് മനസിലാകുന്ന ആ നിമിഷം ചിലപ്പോൾ അവൾ….കഥകളിലും മറ്റും അവസാനം ചിലപ്പോൾ ഒന്ന് വിളിച്ചാൽ വരുമായിരിക്കും.. പക്ഷേ ഇത് ജീവിതമാണ്… തീരുമാനം അവളുടെയും.. “.

അതും പറഞ്ഞുകൊണ്ട് കണ്ണ് തുടക്കുന്ന അയാളെയും വഹിച്ചുകൊണ്ട് വരുൺ വണ്ടി മുന്നോട്ട് എടുക്കുമ്പോൾ ഒരു ജീവിതം സഞ്ചരിക്കുന്നത് ഒരിക്കലും ചിന്തിക്കാത്ത വഴികളിലൂടെ ആണല്ലോ എന്ന ചിന്ത വരുണിന്റെ മനസ്സിനെ കീറിമുറിച്ചുകൊണ്ട് പായുന്നുണ്ടായിരുന്നു ഓടുന്ന കാറിനേക്കാൾ വേഗത്തിൽ.

✍️ ദേവൻ

കുറവുകൾ ഉണ്ട്.. ക്ഷമിക്കുക 🙏🙏