അപര
എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്
=================
പ്രസാദ്, ഓഫീസിൽ നിന്നും വീട്ടിലെത്തിയപ്പോൾ ആറുമണി കഴിഞ്ഞിരുന്നു. ഉമ്മറത്ത്, നിലവിളക്കു കൊളുത്തി വച്ചത് അമ്മയായിരിക്കും. അകത്തളത്തിൽ പ്രേക്ഷകരില്ലാതെ ഏതോ കണ്ണുനീർ സീരിയൽ ടെലിവിഷനിൽ നടമാടുന്നുണ്ട്. അച്ഛൻ കുളിക്കുകയോ, തൊടിയിലെവിടെയോ ചുറ്റിത്തിരിയുകയോ ആവാം.
കിടപ്പുമുറിയുടെ വാതിൽ തുറന്ന്, അകത്ത് പ്രവേശിച്ചു. വലിയ കട്ടിലിന്മേൽ കുന്നുകൂടിയും ചിതറിയും കിടക്കുന്ന വസ്ത്രങ്ങൾ. ക്രിസ്തുമസ് അവധിക്ക് ഭാര്യയും കുട്ടികളും, അവളുടെ വീട്ടിലേക്ക് പോയതിന്റെ ബാക്കിപത്രമായി കാണപ്പെട്ട അലങ്കോലങ്ങൾ. നാൽപ്പതു വയസ്സിലെത്തിയിട്ടും, ഒരടുക്കും ചിട്ടയും വരാത്ത ജീവിതത്തെക്കുറിച്ചോർത്തപ്പോൾ ഒന്നു പുഞ്ചിരിക്കാനാണു തോന്നിയത്. കുളികഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അമ്മ ചായയുമായി വന്നു.
“അവളും കുട്ടികളും എന്നാ വര്വാ പ്രസാദേ..നാളെ വര്വോ…?” അമ്മ ചോദിച്ചു.
അലങ്കോലമായി കിടന്ന മുറിയാകെ കണ്ണോടിച്ച് തുടർന്നു.
“തീരെ നടുവനക്കാൻ വയ്യാണ്ടായി പോയെനിക്ക്, അല്ലെങ്കിൽ ഞാനിതൊക്കെ വെടുപ്പാക്ക്യേനേ, മോന്, ഈ മുഷിഞ്ഞ തുണ്യോളൊക്കെ ആ മെഷീൻല് ഇട്ടൂടെ; എന്നാ, ഈ മുറിയിങ്ങനെ കെടുക്ക്വോ..? ശരിയാണ്; റിഫ്രഷറുകൾക്ക് കീഴടക്കാനാകാത്ത വിധം, ഒരുഷ്ണഗന്ധം മുറിയിലാകെ തളംകെട്ടി കിടപ്പുണ്ട്.
ഒരു കവിൾ ചായ നുകർന്നു. അമ്മയുടെ കൈപ്പുണ്യം മുദ്ര പതിപ്പിച്ച ചായ.
“ഹേമേം ക്ടാങ്ങളും മറ്റന്നാൾ വരും. അതു കഴിയുമ്പോ എല്ലാം ശരിയാകും. അമ്മ ഒന്നും ചെയ്യാൻ നിൽക്കണ്ടാ; വൈകീട്ട് ഞാൻ ചപ്പാത്തിയല്ലേ കഴിക്ക്യാ, അതു കടേന്നു വേടിച്ചിട്ടുണ്ട്. അമ്മ പോയി, ടീവി കണ്ടോ….”
കാലിയായ ചായഗ്ലാസ്സും കൊണ്ട് അമ്മ പോയപ്പോൾ, പ്രസാദ് വാതിൽ അടച്ചിട്ടു. ജാലകവിരി നീക്കി, ഒരു പാളി പാതി തുറന്നിട്ടു. സന്ധ്യയിൽ, തൊടിയിലാകെ അലഞ്ഞു നടന്നിരുന്ന ധനുമാസക്കാറ്റ് മുറിയകത്തേ ഉഷ്ണവായുവിനെ തുരത്തിയോടിച്ചു.
കട്ടിൽത്തലയ്ക്കലിരുന്നു കമ്പ്യൂട്ടർ ഓൺ ചെയ്തു. ടേബിളിൽ ക്രമരഹിതമായിക്കിടന്ന മൗസ് പാഡും, ചരിഞ്ഞു വീണ സ്പീക്കറുകളും…ഉരുണ്ട ഗ്ലാസ്സും, പാതിയൊഴിഞ്ഞ സോഡാക്കുപ്പിയും മേശയിലെ വസ്തുക്കളുടെയിടയിൽ ഞെരുങ്ങി നിലകൊണ്ടു.
ടേബിളിനു താഴെ ചേർന്നിരുന്ന ‘ഗ്രീൻലേബൽ’ ബോട്ടിലിൽ പകുതിയിലധികം ശേഷിപ്പുണ്ട്. ഒരു പെ ഗ് പകർത്തി, സോഡായൊഴിച്ചു വായിലേക്കു കമിഴ്ത്തി. തണുപ്പു നഷ്ടപ്പെട്ട സോഡായ്ക്ക് വെറുപ്പിന്റെ ചുവ.
ഫേസ്ബുക്ക് ലോഗിൻ ചെയ്തു. പ്രൊഫൈൽ, സ്ക്രീനിൽ തെളിഞ്ഞു. ‘പ്രസാദ് പൂവശ്ശേരി’ കവർച്ചിത്രത്തിൽ, ഹേമയും വിഷ്ണുവും വിസ്മയയും പുഞ്ചിരി പൊഴിച്ചു നിന്നു. നോട്ടിഫിക്കേഷനുകളിലും, ഫ്രണ്ട് റിക്വസ്റ്റുകളിലും വന്നുനിന്ന ചുവന്ന അറിയിപ്പുകളെ പരിശോധിച്ചു. മുഖപരിചയമുള്ളവർ നീട്ടിയ സൗഹൃദാഭ്യർത്ഥനകൾ സ്വീകരിച്ചു. താഴേക്കു സ്ക്രോൾ ചെയ്തു കൊണ്ടുപോയി..റിയാക്ഷനുകൾ, അർഹതയുള്ളവർക്കു നൽകി..കൊടുക്കൽ വാങ്ങലുകളുടെ എണ്ണമാണല്ലോ, പോസ്റ്റുകളുടെ പ്രസക്തി നിർണ്ണയിക്കുന്നത്..താഴേയ്ക്കും, മുകളിലേക്കും മൗസ് നീക്കിക്കൊണ്ടേയിരുന്നു..മെസേജുകളിലേക്കു കഴ്സർ നീങ്ങി. മിക്കവാറു പേർ പതിവു സന്ദർശകർ തന്നേ; സുപ്രഭാതവും നട്ടുച്ചയും മധ്യാഹ്നവും സായാഹ്നവും ത്രിസന്ധ്യയും ശുഭരാവും നേരുന്ന പതിവുകാർ.
വരി നിന്ന പേരുകളിലൊന്നിൽ, മിഴികൾ ഉടക്കി നിന്നു. ‘പ്രിയാ ഗോപിനാഥ്’
“ശുഭദിനം, പ്രസാദേട്ടാ…” ഒറ്റവരി സന്ദേശം.
മറുപടിയും ഒറ്റവാക്കിലൊതുക്കി.
“സ്നേഹം, പ്രിയാ”
അവൾ, ഓൺലൈനിൽ വരുമ്പോൾ കാണട്ടേ.
പ്രിയ,.ഇളയച്ഛന്റെ മകളുടെ കൂട്ടുകാരാരി.
തറവാട്ടിൽ, കൂട്ടുകുടുംബമായി ജീവിക്കുന്ന കാലത്ത് അനിയത്തിയുടെ പ്രീഡിഗ്രിക്കാലത്തേ ഉറ്റതോഴി. എത്രയോ തവണ തറവാട്ടിൽ വന്നിരിക്കുന്നു. ഏറെ പരിചയവും, സൗഹൃദവുമായിരുന്നു അവളോട്. അവളേക്കാൾ, അഞ്ചോ ആറോ വയസ്സു മൂപ്പുണ്ടായിരിക്കും തനിക്ക്. എപ്പോളും ചന്ദനക്കുറി വരച്ച്; നീളൻ മുടി മെടഞ്ഞിട്ട്, തിളക്കമുള്ള മിഴികളും, നിബിഢമായ ഇമകളും, സൗഹൃദം പുരണ്ട മൊഴികളുമായി ഒരുവൾ.
അവൾ അനിയത്തിയെ കാണാനെത്തിയിട്ടു തിരികേപ്പോവുമ്പോൾ; മനസ്സിൽ ഒരു വിഷാദം കടന്നുവരാറുണ്ടായിരുന്നു. എന്തിനെന്നറിയാത്തൊരു സങ്കടം.
കാലം, പിന്നേയും കടന്നുപോയി. പലതിനേയും കീഴടക്കിക്കൊണ്ട്. മറവിയുടെ കയങ്ങൾ തീർത്ത്. ജീവിതത്തിന്റെ യാന്ത്രികതയിലും, നെട്ടോട്ടങ്ങൾക്കുമിടയിൽ വർഷങ്ങളെത്രയോ ഒഴുകിപ്പോയി. പത്തുവർഷം മുമ്പായിരുന്നു പ്രിയയുടെ വിവാഹം. പടിഞ്ഞാറൻ ദിക്കിലെവിടെയോ ആയിരുന്നു വരന്റെ വീട്. സമ്പന്നൻ; ഇരുണ്ട നിറമെങ്കിലും, പ്രിയേടെ ഹസ്സിനു മുഖശ്രീയുണ്ടെന്നു അനിയത്തി പറയുന്നതു കേട്ടു. അവൾ, സുഖമായിരിക്കട്ടേ. പിന്നീടു അനിയത്തിയുടെ കല്യാണം വന്നു. അവളുടെ ഭർത്താവു വിദേശത്താണ്. രണ്ടു മക്കൾ; സ്വസ്ഥമായ ജീവിതം.
വൈകാതെ പൂവശ്ശേരി വീട്ടിൽ പ്രസാദ് എന്ന, തന്റെ വിവാഹം. സർക്കാർ ജോലിയുടെ അനുഗ്രഹം. ജീവിതം, സുഗമമായി ധാര തുടർന്നുകൊണ്ടേയിരുന്നു….
ഫേസ്ബുക്ക്, ജീവിതത്തിന്റെ ഭാഗമായിട്ട് അഞ്ചു വർഷത്തോളമേ ആകുന്നുള്ളൂ. ‘ഓർക്കൂട്ട്’ നഷ്ടമായപ്പോൾ, മറ്റൊരു സോഷ്യൽ മീഡിയ എന്നത് തീർത്തും വിരക്തവും വ്യഥായുമെന്നു തോന്നി. ഹേമ, സ്വന്തമായി ഒരക്കൗണ്ട് ക്രിയേറ്റു ചെയ്യതപ്പോൾ തനിക്കും കൂടി ഉണ്ടാക്കിത്തന്നതാണ്. ആദ്യത്തെ ഉത്സാഹക്കുറവിനു ശേഷം, മുഖപുസത്കത്തിൽ സജീവമാകാൻ തുടങ്ങി…
സൗഹൃദങ്ങൾ; മുട്ടിലിഴഞ്ഞു നടക്കും കാലം മുതൽ, ഇന്നലേകളിൽ വരേ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ വൃന്ദങ്ങൾ പ്രൊഫൈലുകളായി മുഖപുസ്തകത്തിൽ അണിനിരന്നു. ഓരോരുത്തരേയും സന്ദേശമയച്ച്, സൗഹൃദം യാചിച്ചു. തിരികേ വന്ന റിക്വസ്റ്റുകൾ, അനുഭാവപൂർണ്ണം പരിഗണിച്ചു.
അന്നൊരു ദിവസമാണ്, ആ പ്രൊഫൈൽ ശ്രദ്ധയിൽപ്പെട്ടത്. പ്രിയ ഗോപിനാഥ്. ഓർമ്മകളിൽ വീണ്ടും തറവാട്ടു വീടിന്റെ ഉമ്മറമുറ്റത്തേ കാഴ്ച്ചകൾ വിരുന്നു വന്നു. വിയർപ്പിലലിഞ്ഞ തൊടുകുറിയും, ഇമകളുടെ സമൃദ്ധിയ്ക്കു കീഴെ, നീലജലാശയങ്ങൾ കയം തീർത്ത വിടർമിഴികളും, പട്ടുപാവാടയും പാദസരങ്ങളും, ചന്ദനത്തണുപ്പുള്ള ചിരിയും മിന്നിപ്പൊലിഞ്ഞു. പക്ഷേ, എന്താണ് പ്രിയയുടെ മുഖച്ചിത്രത്തിലോ, കവർ ഫോട്ടോയിലോ കുടുംബചിത്രങ്ങ കാണാഞ്ഞത്? എന്തിനായിരിക്കും, സ്റ്റാറ്റസ് സിംഗിൾ ആക്കിയിരിക്കുന്നത്?. ഒരു റിക്വസ്റ്റ് അയച്ചു. അന്നു തന്നേ അഭ്യർത്ഥന സ്വീകരിയ്ക്കപ്പെട്ടു.
പിന്നീടങ്ങോട്ടു സന്ദേശങ്ങളുടെ കൈമാറൽ കാലങ്ങളായിരുന്നു. പടിഞ്ഞാറൻ ദിക്കിലേ മാരൻ, പണം കൊണ്ടു മാത്രം സമ്പന്നനായിരുന്നു. പുരുഷാർത്ഥങ്ങളില്ലാത്തവനും, സ്വന്തം അമ്മയേ ഏറെ ഭയക്കുന്നവനുമായിരുന്നത്രേ. അമ്മയുറങ്ങും വരേ, കിടക്കറയുടെ വാതിൽ ചാരാൻ മടിയ്ക്കുന്ന, സ്വന്തമായി അഭിപ്രായങ്ങളില്ലാത്ത, തീഷ്ണചോദനകളില്ലാത്ത ലക്ഷപ്രഭു. ആ ‘സഹന’ത്തിനു രണ്ടു വർഷത്തേ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു നാൾ മുൻപാണ് വിവാഹമോചനം അനുവദിച്ചു കിട്ടിയത്.
പ്രിയയുടെ കഥകൾ പിന്നേയും സന്ദേശങ്ങളായി, മൊബൈൽ ഫോണിലേക്കു വിരുന്നു വന്നു. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലേ ജോലിയും, അതിലനുഭവിക്കുന്ന സംതൃപ്തിയും പങ്കു വയ്ക്കപ്പെട്ടു. അവളുടെ കൂടെ ജോലി ചെയ്യുന്ന, കൂട്ടുകാരിയുടെ എഫ് ബി ഫ്രണ്ടിന് പ്രിയയേ വിവാഹം ചെയ്താൽ കൊള്ളാമെന്നുണ്ട്. അവൻ സുന്ദരനാണ്, സമപ്രായമാണ്. പക്ഷേ, മ ദ്യപിയ്ക്കും. അതവൾക്കും ഭയമാണ്.
പിന്നീടു വരുന്ന സന്ദേശങ്ങൾ, ഹേമ അറിയാതിരിക്കാൻ ഡിലീറ്റു ചെയ്യാൻ തുടങ്ങി..പാസ്‌വേഡ് സുരക്ഷിതമാക്കി. പരസ്പരം, കഴിഞ്ഞ കാലങ്ങൾ പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെങ്കിലും; എന്തോ ഒരു അനാവശ്യമായ കുറ്റബോധം ഏറെ നാളായി പിന്തുടരുന്നുണ്ട്.
ഒരിയ്ക്കൽ പ്രിയ എഴുതി.
“പ്രസാദേട്ടാ, എനിക്കു മുഖപുസ്തകത്തിൽ ഒരു കൂട്ടുകാരനുണ്ടായിരുന്നു. ഒരു വിനോദ്, പ്രസാദേട്ടന്റെ പ്രായമാണ്. വിവാഹിതനാണ്, ഒരു കുഞ്ഞുണ്ട്. ഭാര്യയുമായി അകൽച്ചയിലാണ്. വിവാഹമോചനത്തിന്റെ വക്കിലെത്തി നിൽക്കുന്നു. ഞങ്ങൾ, നല്ല കൂട്ടായി. തുല്യദുഃഖിതർ എന്ന സമാനതയുമുണ്ട്.
അവനു നഗരത്തിൽ, ഒന്നുരണ്ടു ഷോപ്പുകളും കടമുറികളുമുണ്ട്. വലിയ വീട്ടിൽ ഒറ്റയ്ക്കാണ്. അവനെന്നേ അവന്റെ ജീവിതത്തിലേക്കു ക്ഷണിച്ചു. എനിക്കു സന്തോഷമായി. ഞാൻ, അവനേത്തേടി അവന്റെ ഷോപ്പിൽ പോയി. പലതവണ;.ഒരിക്കൽ അവൻ എന്നോടു ചോദിച്ചു. വിവാഹമോചനം വരേ അവന്റെ കൂടെ ‘ലിവിംഗ് ടുഗദർ’ ആകാമോയെന്ന്. എന്തോ, എനിക്കതിൽ താൽപ്പര്യമില്ലായിരുന്നു. പല സന്ദർഭങ്ങളിൽ, പലയിടങ്ങളിൽ വച്ച് അവനെന്നെ നിർബ്ബന്ധിച്ചു കൊണ്ടിരുന്നു.
എന്റെ അവഗണനയുടെ ഫലമാകാം, വിനോദ് എന്നോടു പിണങ്ങി. ഞങ്ങളിപ്പോൾ പരസ്പരം കാണാറില്ല. ഒരു ബ്ലോക്ക് ഓപ്ഷനിൽ അവൻ ആ ബന്ധമവസാനിപ്പിച്ചു. എനിക്കൊരു ഭാര്യയായി ജീവിയ്ക്കണം. കാപട്യങ്ങളില്ലാതെ, സിന്ദൂരമണിഞ്ഞ് കുട്ടികളുടെ അമ്മയായി; ആദ്യം തെല്ലു വിഷമിച്ചെങ്കിലും ഇപ്പോൾ എനിയ്ക്കതിൽ ഖേദമില്ല.”
അവൾ തുടർന്നു….
“ഓഫീസിലെ സുഹൃത്തിന്റെ കൂട്ടുകാരൻ, അവൻ വീട്ടിൽ പെണ്ണുകാണാൻ വന്നിരുന്നു. അവന്റെ ബന്ധുക്കൾക്ക് എന്നെ ഏറെ ഇഷ്ടമായി. ഞാനൊരു സുന്ദരിയല്ലേ പ്രസാദേട്ടാ, അവൻ എന്നോടിതുവരേ മോശമായി പെരുമാറിയിട്ടില്ല. എങ്കിലും, ഏറെ ആശങ്കകൾ ബാക്കിയുണ്ട്.
തെല്ലു നേരം ആലോചിച്ചാണ്, മറുപടി ടൈപ്പു ചെയ്തത്.
“സാരമില്ല പ്രിയാ, എല്ലാം നല്ലതിനായി വരും. ഞാനും മ ദ്യപിക്കാറുണ്ട് വല്ലപ്പോഴും..ഹേമ എതിരൊന്നും പറയാറില്ല..മ ദ്യം, എന്നെ അസുരനാക്കാറില്ല. പ്രിയയേ ഓർക്കുമ്പോൾ, തറവാടും ഇന്നലേകളും ഓർമ്മയിലെത്തും. എത്ര സുന്ദരിയായിരുന്നു, പ്രിയാ…”
കുറച്ചു നേരത്തേ ഇടവേളയ്ക്കു ശേഷമാണ് മറുപടി വന്നത്.
“ചില ഇഷ്ടങ്ങൾ ആർത്തുവിളിച്ചു പറയാനാകില്ല..അന്ന്, എത്രതവണ ഞാൻ കരുതിയിട്ടുണ്ട്, ഏട്ടൻ എന്നോടു ഒരുതവണ പറയുമെന്ന്; എന്നെ ഇഷ്ടമാണെന്ന്. സാരമില്ല, ചില ജീവിതങ്ങൾ അങ്ങനെയാണ്. ഗതിവിഗതികൾ പ്രവചിക്കാനാകാതെ ഒഴുകിക്കൊണ്ടേയിരിക്കും. ഇനിയൊരു വിവാഹം, ജീവിതത്തേ എങ്ങനേ മാറ്റിമറിയ്ക്കും എന്നു തീർച്ചയില്ല..പക്ഷേ, ഒന്നുണ്ട്. ഏതു സാഹചര്യത്തിലായാലും ഞാൻ, പ്രസാദേട്ടനോടു സംസാരിക്കും..സന്ദേശങ്ങളയക്കും. കഴിഞ്ഞു പോയ കാലങ്ങളേ എനിക്കു തിരികേ കിട്ടുവാൻ ; ഹേമ പിണങ്ങിയാലും.”
ഒന്നല്ല, ഒരായിരമാവർത്തി ആ സന്ദേശം വായിച്ചു. ഹൃദയത്തിൽ എന്തെന്നില്ലാത്തൊരു നഷ്ടബോധം പടർന്നുകയറി.
ചിന്തകളിലൂടെ ഒഴുകുമ്പോൾ, കമ്പ്യൂട്ടർ സ്ക്രീനിൽ പ്രിയയുടെ സന്ദേശം തെളിഞ്ഞു.
“പ്രസാദേട്ടാ, ജോലി കഴിഞ്ഞു വന്നോ ?”
നീങ്ങിയിരുന്ന്, അതിനു മറുപടി ടൈപ്പു ചെയ്യുമ്പോളാണ് മൊബൈൽ ഫോൺ ശബ്ദിച്ചത്. ഹേമയാണ്. കാൾ അറ്റൻഡു ചെയ്തു.
“എന്തുട്ടാ പരിപാടി….?.ജോലി കഴിഞ്ഞുവന്നാൽ എന്നെയൊന്നു വിളിച്ചൂടെ. ചപ്പാത്തി വാങ്ങാൻ മറന്നോ ?പാതി വേവുള്ളതാണെങ്കിൽ, ഗ്യാസ് കത്തിച്ച് നമ്മുടെ പാനിൽ ഒന്നു ചൂടാക്കിയാൽ മതി. ചപ്പാത്തി പോളച്ചു വരും. കൂട്ടുകാരു വിളിയ്ക്കണുണ്ടോ ?ഞാനില്ലാന്നു കരുതി അധികമൊന്നും വേണ്ടാട്ടാ….ഗ്രീൻ ലേബലു ഞായറാഴ്ച്ച മാത്രം മതീട്ടാ; പിള്ളേരു അപ്രത്തു കളിക്ക്യാ, ഞാൻ വിളിച്ചിട്ടു വരണില്ല. സാരല്യാ, ഞാൻ വൈകുന്നേരം വീഡിയോക്കോളിൽ വരാം. ക്ടാങ്ങളേ അപ്പോൾ കാണാം. വേണമെങ്കിൽ എന്നേം. ഇവിടെ സുഖമാണ്. എല്ലാം, അമ്മ മുന്നിലെത്തിക്കും. മേലനങ്ങണ്ടാ, എന്നാലും….മിസ് യൂ ഏട്ടാ….”
ഹേമ തുടർന്നുകൊണ്ടേയിരുന്നു. മറുപടികൾക്കു കാക്കാതെ. തെല്ലു നേരം സംസാരിച്ചു ഫോൺ വച്ചു..കമ്പ്യൂട്ടർ സ്ക്രീനിൽ, പ്രിയയുടെ മെസേജ് വീണ്ടുമെത്തിയിട്ടുണ്ട്.
“പ്രസാദേട്ടാ, എന്താ മറുപടി വൈകുന്നേ ? ഒടുവിൽ, ആ ദിവസം തീരുമാനമായീട്ടാ. ജനുവരിയിലെ ആദ്യ ബുധനാഴ്ച്ച, ഗുരുവായൂരു വച്ച്. ബാക്കിയെല്ലാം രാത്രി പറയാം. ഇന്നും നാളെയും കൂടിയല്ലേ പറ്റുള്ളൂ; മറ്റന്നാൾ ഹേമ വരില്ലേ ? എനിക്കിപ്പോൾ പ്രസാദേട്ടനോടു ഇത്തിരി ചൂടു വർത്താനം പറഞ്ഞാലെ ഉറക്കം വരണുള്ളൂ. അപ്പോൾ ശരി, രാത്രി വരാം.”
തെല്ലുനേരം കൂടി ആ സന്ദേശത്തിലേക്കു കണ്ണുനട്ടിരുന്നു. മൗസ് പതുക്കേ ചലിച്ചു..ബ്ലോക്ക് ഓപ്ഷനിലേക്കു കഴ്സർ നീങ്ങി. ക്ലിക്ക് ചെയ്തു
‘പ്രിയ ഗോപിനാഥ്’ എന്ന പ്രൊഫൈൽ, സൗഹൃദങ്ങളിൽ നിന്നും മാഞ്ഞു. കമ്പ്യൂട്ടർ ഓഫ് ചെയ്തു, പതിയേ എഴുന്നേറ്റു.
വസ്ത്രങ്ങളും, ലൈബ്രറി പുസ്തകങ്ങളും ചിതറിയ കിടക്കയ പ്രസാദ് ഒരറ്റത്തു നിന്നും ഒതുക്കാൻ തുടങ്ങി. തെല്ലുനേരത്തേ ശ്രമത്തിനൊടുവിൽ, വലിയ കിടക്ക വൃത്തിയായി. പഴയ വിരികൾ നീക്കം ചെയ്തു. അലമാര തുറന്ന്, പുതിയ വിരികൾ വിരിച്ചു. തലയിണക്കവറുകൾ മാറ്റിയിട്ടു. ഫാൻ മുഴുവൻ വേഗത്തിലിട്ടു. തെല്ലു മാറി നിന്ന്, കടക്കയിലേക്കു കണ്ണോടിച്ചു.
അതേ ഗന്ധം, അതേ പുതുമ. വർഷങ്ങൾക്കു മുൻപ്, തന്റെ കല്യാണരാത്രിയിൽ അലങ്കരിച്ചൊരുക്കിയ അതേ ശയ്യാഗൃഹം പോലെത്തന്നേ തോന്നിക്കുന്നു. മുറിയകമാകെ പ്രസരിക്കുന്ന മുല്ലപ്പൂ ഗന്ധം. ആ തോന്നലുകളിൽ ഉന്മത്തനായി അയാൾ ജാലകത്തിനരികിലേക്കു നടന്നു. തുറന്ന ജനലിലൂടെ പുറത്തേക്കു നോക്കി. തെളിഞ്ഞ നീലാകാശം മുഴുവൻ നക്ഷത്രങ്ങൾ തിളങ്ങി നിൽക്കുന്നു. ഭൂമിയിൽ പടരുന്ന നിലാവെട്ടം. അനുവാദം കൂടാതെ കടന്നുവന്ന കാറ്റിന്റെ കുളിരിൽ അയാൾ പ്രണയാർദ്രനായി. പതിയേ തിരികേ വന്നു, കിടക്കമേലിരുന്നു. മറ്റാന്നാളെ രാത്രിക്കായി മനസ്സു തിടുക്കം പൂണ്ടു….
ധനുരാവിൽ ജീവിതങ്ങൾ കുളിരും ചൂടും തേടിക്കൊണ്ടിരുന്നു. ഒപ്പം, പ്രണയങ്ങളും…..