എഴുത്ത്: മഹാ ദേവൻ
================
“ഹരി, ഇങ്ങനെ ആണേൽ നിങ്ങളുടെ അമ്മയെ സഹിക്കാൻ എനിക്ക് പറ്റില്ല. ഉള്ള കാര്യം ഞാൻ പറഞ്ഞേക്കാം…ത ള്ളക്ക് ഞാൻ മിണ്ടിയാൽ പ്രശ്നം, മിണ്ടിയില്ലെങ്കിൽ പ്രശ്നം. അടുക്കളയിൽ കേറിയില്ലെങ്കിൽ അപ്പൊ തുടങ്ങും. എനിക്ക് ഇങ്ങനെ എപ്പഴും അടുക്കളയിൽ കേറാനും ആ ത ള്ള പറയുന്നത് കേൾക്കാനുമൊന്നും പറ്റില്ല..അതുകൊണ്ട് ഒന്നുങ്കിൽ ഞാൻ, അല്ലെങ്കിൽ നിങ്ങളുടെ അമ്മ..രണ്ടിലൊന്ന് മതി ഇനി ഈ വീട്ടിൽ..ഞാൻ ഈ വീട്ടിൽ വേണമെങ്കിൽ അമ്മയെ വല്ലിടത്തും കൊണ്ടാക്കേണ്ടി വരും, അതല്ല, അവരാണ് വേണ്ടതെങ്കിൽ ഇപ്പോൾ പറഞ്ഞോ..ഞാൻ ഇറങ്ങിയേക്കാം. പോകുമ്പോൾ എന്റെ അച്ഛൻ താനതൊക്കെ കയ്യോടെ തന്നേക്കണം. പറഞ്ഞില്ലെന്ന് വേണ്ട. “
രാജിയുടെ രോഷം നിറഞ്ഞ ഓരോ വാക്കുകളും ഹരിയുടെ ഇടനെഞ്ചിലാണ് കൊള്ളുന്നതെങ്കിലും മറുത്തൊരു വാക്ക് പറയാൻ കഴിയാത്ത പോലെ നാക്കിനെ പിടിച്ചുകെട്ടിയത് അവളുടെ അച്ഛൻ തന്ന പണത്തിന്റെ കണക്ക് തന്നെ ആയിരുന്നു..
ബിസിനസ് പൊളിഞ്ഞ സമയത്ത് പ്രണയത്തിന്റ പേരിൽ രാജിയെ കെട്ടുമ്പോൾ മകളോടൊപ്പം തന്ന പണത്തിന്റെ ബലത്തിലാണ് ഒന്ന് പച്ചപിടിച്ചു തുടങ്ങിയത്. പക്ഷേ,.അവളെ പിണക്കി അയച്ചാൽ കൊടുക്കാനുള്ളത് ഇപ്പോൾ കയ്യിൽ ആയിട്ടില്ല എന്നത് തന്നെ ആയിരുന്നു അവന്റെ മൗനത്തിനു കാരണം.
“രാജി..അതെന്റെ അമ്മയാണ്…എന്നെ വളർത്തി വലുതാക്കി എത്രത്തോളം എത്തിച്ച ആ മനസ്സിനെ വേദനിപ്പിച്ചുകൊണ്ട് ഞാൻ എങ്ങിനെയാണ്…. “
അവന്റെ വിഷമത്തോടെയുള്ള ആ വാക്കുകൾക്ക് മുന്നിൽ അവൾ പുച്ഛത്തോടെ ആയിരുന്നു മറുപടി നൽകിയത്.
“നിങ്ങൾക്ക് അങ്ങനെ പല കടമയും കടപ്പാടും ഉണ്ടാകും അവരോട്..അതിനു ഞാൻ എന്ത് വേണം. ഞാൻ പറഞ്ഞല്ലോ നിങ്ങൾക്ക് ഞാൻ പറഞ്ഞത് സമ്മതം അല്ലെങ്കിൽ ഞാൻ പോയേക്കാം എന്ന്..പക്ഷേ, ഒരു രൂപ കുറയാതെ കിട്ടിയിരിക്കണം ഞാൻ ഈ പടി ഇറങ്ങുമ്പോൾ. അതോടെ തീരും എല്ലാ ബന്ധവും. “
അവളുടെ ഓരോ വാക്കിനു മുന്നിലും നിഷ്പ്രഭമായി പോകുമ്പോൾ അവന് അറിയില്ലായിരുന്നു എന്ത് ചെയ്യണം എന്ന്. പെറ്റ വയറിനെ ഉപേക്ഷിക്കാൻ കഴിയില്ല..അതുപോലെ തന്നെ ജീവിതത്തിലെക്ക് ചേർത്ത് പിടിച്ചവളെയും….
“രാജി..ഇതുപോലെ ഉള്ള ചെറിയ വിഷയങ്ങൾ പറഞ്ഞു തീർത്താൽ തീരില്ലേ? അതിനെ ഇങ്ങനെ ഊതിപ്പെരുപ്പിച്ച് ഇത്ര വലിയ പ്രശ്നം ആക്കണോ..അമ്മ ആരോടും മറുത്തൊരു വാക്ക് പറയുന്നതോ ആജ്ഞാപിക്കുന്നതോ ഇന്ന് വരെ കണ്ടിട്ടില്ല..അവർ സ്നേഹത്തിന്റെ പേരിൽ പറയുന്നത് ആയിരിക്കും..അതിനെ വളച്ചൊടിക്കാതെ ആ സെൻസിൽ എടുത്താൽ തീരുന്നതേ ഉളളൂ ഇതൊക്കെ ” എന്ന് പറയുമ്പോൾ അവൻ അവളെ ശ്രദ്ധിക്കുകയായിരുന്നു. ഏത് നിമിഷവും അവൾ പൊട്ടിത്തെറിക്കുമെന്ന് പ്രതീക്ഷിച്ച അവന് മുന്നിൽ അതുപോലെ തന്നെ അവൾ കലിതുള്ളി.
“ഓഹ്…നിങ്ങടെ അമ്മ നിങ്ങൾക്ക് അങ്ങനെ ഒക്കെ ആയിരിക്കും..അതിന് ഞാൻ എന്ത് വേണം. എനിക്ക് ഇങ്ങനെ ഒക്കെ പെരുമാറാൻ അറിയൂ..ആരും എന്നെ ഭരിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല.അത് നിങ്ങള് ആണെങ്കിലും നിങ്ങളുടെ ത ള്ള ആണെങ്കിലും “
അവൾ വാക്കുകൾ കൊണ്ട് നിന്ന് കലിതുള്ളുമ്പോൾ അത് കേട്ട് കൊണ്ടായിരുന്നു അമ്പലത്തിലേക്ക് പോയ സാവിത്രി ഹാളിലേക്ക് കയറിവന്നത്.
മരുമോളുടെ സംസാരവും മകന്റ നിസ്സഹായതയോടെ ഉള്ള നിൽപ്പിനും കാരണം താനായിരിക്കുമെന്ന് കേറി വരുമ്പോൾ കേട്ട സംസാരത്തിൽ നിന്ന് അവർക്ക് മനസ്സിലായി.
എങ്കിലും ഒന്നും അറിയാത്ത പോലെ “എന്താ മോനെ പ്രശ്നം ” എന്ന് ചോദിക്കുമ്പോൾ അതിന് മറുപടി പറഞ്ഞത് രാജിയായിരുന്നു,
“പ്രശ്നം നിങ്ങള് തന്നെയാ…എന്റെ അച്ഛൻ ഇട്ടുമൂടാൻ സ്വത്ത് കൊടുത്തെന്നേ ഈ വീട്ടിലേക്ക് വിട്ടത് അടുക്കളയിൽ കിടക്കാൻ അല്ല. നിങ്ങൾക്ക് വെച്ച് വിളമ്പാനും വീട് നോക്കാനും വേണേൽ ആളെ വെക്കണം..അല്ലാതെ ഞാൻ അതൊക്ക ചെയ്യണം എന്ന് വാശിപിടിക്കാൻ നിങ്ങള് ആരാ ” എന്ന് ഉറക്കെ ചോദിക്കുമ്പോൾ ഒട്ടും പതറാതെ തന്നെ പുഞ്ചിരിയോടെ തന്നെ അവർ പറഞ്ഞു
“ഞാൻ ഇവന്റ അമ്മയാണ്. നിനക്ക് അത് അറിയില്ലെങ്കിൽ ഇപ്പോൾ അറിഞ്ഞോ. നിന്റെ സംശയം പോലെ എന്റെ മകന് ഉണ്ടാകില്ലെന്ന് കരുതുന്നു. പിന്നെ മോളോട് ഞാൻ അത് ചെയ്യണം, ഇത് ചെയ്യണം എന്നൊന്നും പറഞ്ഞു ഭരിക്കാൻ വരാറില്ലല്ലോ..എനിക്ക് പറ്റുന്ന പോലെ ഇന്നും ഞാൻ ചെയ്യുന്നുണ്ട്. പക്ഷേ, ഈ വയ്യാത്ത ശരീരവും നിന്റെ തുണിയും അടിയിൽ ഇടുന്ന സാധനം വരെ ഞാൻ അലക്കണമെന്ന് പറഞ്ഞാൽ..? ഒന്നല്ലെങ്കിൽ ഞാൻ വയസായ ഒരാൾ അല്ലെ..അതെങ്കിലും നീ ചിന്തിക്കാറുണ്ടോ? അമ്മയല്ലേ, വയസ്സായതല്ലേ..അവരെ ഒന്ന് സഹായിക്കാമെന്ന് തോന്നിയിട്ടുണ്ടോ..ഒന്നുമില്ലെങ്കിൽ നിന്റെ വസ്ത്രങ്ങൾ എങ്കിലും അമ്മയെ കൊണ്ട് ചെയ്യിക്കാതെ സ്വയം ചെയ്യാമെന്ന് തോന്നിയിട്ടുണ്ടോ..ഇല്ലല്ലോ…
പാവല്ലേ…വന്ന് കേറിയ പെണ്ണാണെങ്കിലും മോളെ പോലെ കാണണം എന്നൊക്കെ മനസ്സിൽ ഉള്ളത് കൊണ്ട് എല്ലാത്തിനും മറുത്തൊന്നും പറയാതെ ചെയ്തു തരുമ്പോൾ… “
ശാന്തമായ സംസാരം ആണെങ്കിലും വാക്കുകൾക്ക് വല്ലാത്തൊരു ശക്തി ഉണ്ടായിരുന്നു. അത് അവളെ വീണ്ടും ചൊടിപ്പിച്ചു.
“ഞാൻ പറഞ്ഞോ നിങ്ങളോട് എന്റെ തുണി അലക്കാൻ.? ഇല്ലല്ലോ..എന്റെ വസ്ത്രങ്ങൾ മുഷിഞ്ഞു കിടന്നാൽ അവിടെ കിടന്നോട്ടെ, നിങ്ങൾക്ക് എന്താണ്…ഒരു വൃത്തിക്കാരി വന്നിരിക്കുന്നു”
അവളുടെ പുച്ഛം നിറഞ്ഞ വാക്കുകൾ വല്ലാതെ മനസ്സിനെ വേദനിപ്പിക്കാൻ തുടങ്ങിയപ്പോൾ പിന്നെ അതുവരെ ഇല്ലാത്ത ഒരു ഭാവമായിരുന്നു സാവിത്രിയിൽ കണ്ടത്.
“മോളെ..വയസായി വീഴാറായ മരം ആണെന്ന് കരുതി ചുമ്മാ അങ്ങ് ഓടിക്കേറല്ലേ..അടി തെറ്റും..നീ എന്ത് കരുതി, നീ വായിൽ കോലിട്ട് കുത്തിയിട്ട് പോലും ഒന്നും മിണ്ടാതെ ക്ഷമിച്ചിരിക്കുന്നത് നിന്നെ പേടിച്ചിട്ട് ആണെന്നോ..അത് നിന്നെ കെട്ടുമ്പോൾ നിന്റെ അച്ഛൻ ഇവന് കൊടുത്ത കാശിനെ പേടിച്ചിട്ടാണെന്നോ? അത് ഈ വീട്ടിൽ വേണ്ട..ക്ഷമയുടെ നെല്ലിപ്പലക വരെ കണ്ടു. പെണ്ണിന് അഹങ്കാരം ആവാം. പക്ഷെ, അത് ആരോടും ആവാമെന്ന് കരുതണ്ട. നീ വളർന്നത് നിന്റെ അമ്മയോട് ഇങ്ങനെ ഒക്കെ പറഞ്ഞായിരിക്കും. അന്ന് തല്ലി വളർത്താത്തതിന്റ ആണ് ഇതൊക്കെ..എന്നുകരുതി അവിടെ കാണിച്ച സ്വഭാവമഹിമ ഇവിടെ എടുക്കല്ലേ..ആദ്യം വന്ദിക്കാൻ പഠിക്ക്. പണം ഉള്ളവൻ അടുക്കളയിൽ കേറിയാൽ എന്ത വള ഊരിപ്പോകുമോ? സ്വന്തം വീട് വൃത്തിയാക്കിയാൽ എന്താ നിന്റെ അന്തസ്സിനു കോട്ടം തട്ടുമോ? എടി മോളെ ആദ്യം നിലത്തു നിക്ക്..എന്നിട്ട് മനസ്സിലേക്ക് നമ്മൾ ആരാണെന്നും എന്താണെന്നും എന്നിട്ട് തുള്ളൂ..മനസ്സിലായോ “
എന്നും പറഞ്ഞ് സാവിത്രി ഹരിക്ക് നേരെ തിരിഞ്ഞു,
“അമ്മയെ ഓർത്ത് നീ വിഷമിക്കണ്ട…നിനക്ക് അവളെ സ്വീകരിക്കാം..പക്ഷേ, ഈ വീട്ടിൽ നിന്ന് എന്നെ വല്ല വൃദ്ധസദനത്തിലും ആകാമെന്ന് ആരും കരുതണ്ട. വേണേൽ നിനക്ക് അവൾക്കൊപ്പം പോകാം..എപ്പോ വേണമെങ്കിലും തിരികെ വരികയും ചെയ്യാം..അതല്ല..ഇനിയും ഇവൾ വാശി പിടിക്കുകയാണെങ്കിൽ, നിന്നെ വേണ്ടെന്ന് പറഞ്ഞ് പോകാൻ തന്നെ ആണ് തീരുമാനം എങ്കിൽ ദാമ്പത്യത്തിന്റെ വില മനസ്സിലാക്കാനുള്ള കഴിവ് ഇല്ലെങ്കിൽ പോകുമ്പോൾ അമ്മയുടെ സ്വത്തിന്റ ആധാരം ഉണ്ട്..അവളുടെ അപ്പൻ തന്ന കാശിനെക്കാൾ വിലമതിക്കും അതിന്. അത് കൊടുത്തേക്ക്..ജീവിതം എന്താണെന്ന് മനസ്സിലാക്കാൻ കഴിയില്ലെങ്കിൽ പിന്നെ ഇങ്ങനെ പെണ്ണിന് മുന്നിൽ വാലാട്ടി നിൽക്കുന്നതിനേക്കാൾ നല്ലത് വേണ്ടെന്ന് വെക്കുന്നത് തന്നെ ആണ്. “
അത്രയും പറഞ്ഞ് അവർ അവളെ ഒന്ന് ഇരുത്തി നോക്കി അകത്തേക്ക് പോകുമ്പോൾ അത്ര നേരം മിണ്ടാതിരുന്ന രാജി ഹരിക്ക് നേരെ ചാടി,
“നിങ്ങള് ഇതൊക്കെ കേട്ടിട്ട് മിണ്ടാതിരുന്നല്ലേ..നിങ്ങളുടെ ത ള്ള പറഞ്ഞതിന് മറുപടി ഇല്ലാഞ്ഞിട്ടല്ല. പക്ഷേ, വേണ്ടെന്ന് വെച്ചിട്ടാ..ഇനി ഒരു നിമിഷം ഞാൻ ഇവിടെ നിൽക്കില്ല..എനിക്കിപ്പോ കിട്ടണം എന്റെ അച്ഛൻ തന്നത്” എന്ന് അവൾ പറഞ്ഞതും അവൻ കൈ ഉയർത്തി അവളുടെ കവിളിൽ ഒന്ന് കൊടുത്തതും ഒരുമിച്ചായിരുന്നു,
ആ അടിയുടെ ആഘാതത്തിൽ വീഴാൻ പോയവളെ നോക്കിക്കൊണ്ട് അവൻ അവൾക്ക് നേരെ വിരൽചൂണ്ടി
“ഇപ്പോൾ തന്നത് നിന്റെ അച്ഛൻ തന്നതല്ല..പക്ഷേ, അത് നിനക്ക് തരാത്തതാണ് നിന്റെ കുഴപ്പം. ഇനി നിനക്ക് വേണമെങ്കിൽ പോകാം…എന്നിട്ട് ഇതൊക്കെ പറഞ്ഞ് നിന്റെ അച്ഛനേം കൂട്ടി വാ കാശ് വാങ്ങാൻ…ഇതൊക്കെ പറഞ്ഞ് നിന്റെ ഭാഗത്തു വല്ല ശരിയും കണ്ടെത്തി വരികയാണെങ്കിൽ അപ്പൊ കൊടുകാം ഞാൻ കാശ്..ഇപ്പോൾ നിനക്ക് തീരുമാനിക്കാം എന്ത് വേണമെന്ന് ” എന്നും പറഞ്ഞ് അകത്തേക്ക് പോകുന്ന അവനെ നോക്കി നിൽക്കുന്ന അവൾ കവിളിൽ കൈ വെച്ച് കൊണ്ട് അപ്പോൾ ചിന്തിക്കുന്നുണ്ടായിരുന്നു
“ഈ കാലമാടൻ എന്തൊരു അടിയാ അടിച്ചത് ” എന്ന്…
✍️ദേവൻ