ആദൃമൊന്നു ഭയന്നെങ്കിലും പുറത്ത് പോയിരിക്കുകയാണെന്ന് അവർ മറുപടി പറഞ്ഞു…

വളർത്തുമകൾ (ഒരു സംഭവകഥ, 14.03.2017)

Story written by Praveen Chandran

===============

“സുരേഷേട്ടന് ആൺകുട്ടി വേണമെന്നാണോ അതോ പെൺകുട്ടി വേണമെന്നാണോ ആഗ്രഹം?” ആശ കൗതുകത്തോടെ ചോദിച്ചു!..

“പെൺകുട്ടി” സുരേഷ് മറുപടി പറഞ്ഞു..

“ആണോ..എനിക്കും പെൺകുട്ടിയെ തന്നാ ഇഷ്ടം”..അവൾ ഉത്സാഹത്തോടെ പറഞ്ഞു…

പക്ഷെ വിധി അവരുടെ ആഗ്രഹത്തിനെതിരായിരുന്നു…ഒരു കുഞ്ഞിക്കാലുകാണുവാൻ അവർ കാണാത്ത ഡോക്ടർമാരില്ല..നടത്താത്ത വഴിപാടുകളുമില്ല..എത്ര കരഞ്ഞു വിളിച്ചിട്ടും ദൈവം അവരുടെ പ്രാത്ഥന കേട്ടില്ല..

നീണ്ട ഇരുപത്തിയേഴ് വർഷങ്ങൾ..

പ്രതീക്ഷകൾ അസ്തമിക്കാൻ ഈ വർഷങ്ങൾ ധാരാളമായിരുന്നു…സുരേഷ് ഒരു വർക്ക്ഷോപ്പ് നടത്തിവരുന്നു..സാമ്പത്തികമായി അത്ര മെച്ചപ്പെട്ട അവസ്ഥയായിരുന്നില്ല അവരുടേത്..അമ്പത് വയസ്സു കഴിഞ്ഞതോടെ ആരോഗ്യസ്ഥിതിയും മോശമായിക്കൊണ്ടിരുന്നു…

“ചേട്ടാ മൈസൂരിൽ ഒരു ജുവനൽ ക്ലിനിക്കുണ്ടെന്നു കേൾക്കുന്നു..നിങ്ങൾക്കാ വഴി ഒന്നു നോക്കിയാലെന്താ?” സുരേഷിന്റെ സുഹൃത്തുക്കളിൽ ഒരാൾ ചോദിച്ചു.

ആ കാരൃത്തിനോട് ആശയ്ക്ക് കൂടെ പൂർണ്ണ യോജിപ്പായതോടെ അവർ മൈസൂർക്ക് യാത്ര തിരിച്ചു…

പ്രസവശേ ഷം ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളായിരുന്നു അവിടെയധികവും എന്ന് അവിടത്തെ ഡോക്ടറിൽ നിന്നും അവർ മനസ്സിലാക്കി..

അവിടെവച്ച് അവർ അവളെ കണ്ടു..നിഷ്കളങ്കമായ ആ മുഖത്ത് വിടർന്ന പുഞ്ചിരി അവളെ അവരോട് അടുപ്പിക്കുകയായിരുന്നു..

അവരുടെ ജീവിതത്തിന് അതൊരു പുതിയ തുടക്കമായിരുന്നു..ഇത്രയും കാലം അവരടക്കി വച്ചിരുന്ന അവരുടെ വികാരങ്ങളൊക്കെയും അലതല്ലി പുറത്തേക്കൊഴുകി..അവൾക്കവർ “സുബലക്ഷ്മി” എന്നു പേരിട്ടു..

“ഇത്രയും കാലം എവിടെയായിരുന്നു ഇവൾ..നമുക്കായി ദൈവം കാത്തുവച്ച നിധിയായിരിക്കാം ഇവൾ” ആശയ്ക്ക് സന്തോഷം അടക്കാനായില്ല..

കണ്ണിലെ കൃഷ്ണമണിപോലെ അവർ അവളെ വളർത്തി..അവരെ കൂടാതെ രണ്ടു പേർ കൂടെ ആ വീട്ടിലുണ്ടായിരുന്നു..ആശയുടെ പ്രായമായ അമ്മയും സഹോദരിയും..അവർക്ക് അവൾ ജീവനായിരുന്നു..

ആദൃമായി “അമ്മേ” എന്നവൾ വിളിച്ചപ്പോൾ ആശയ്ക്ക് തന്റെ ജന്മം സഫലമായതുപോലെ തോന്നി..ആ മുറ്റത്തും തൊടിയിലുമെല്ലാം ഓടിക്കളിച്ച് കൊണ്ടവൾ വളർന്നു..

തങ്ങളുടെ മകൾ ബാഗും തൂക്കി സ്കൂളിലേക്കു പോകുന്നത് അവർ കൊതിയോടെ നോക്കി നിന്നു..സ്കൂളിൽ നിന്നു വന്നുകേറുമ്പോൾ അവർക്കെല്ലാവർക്കും ഓരോ കുഞ്ഞു ഉമ്മ കൊടുക്കാൻ അവൾ മറന്നിരുന്നില്ല…

അച്ഛന്റെ നെഞ്ചിന്റെ ചൂടുപറ്റി കിടന്ന് കഥകൾ കേട്ടും അമ്മയുടെ കയ്യിൽ തൂങ്ങിയാടി കളിച്ചും അവൾ വളർന്നുകോണ്ടേയിരുന്നു…

കാലം കടന്നുപോയി..

ആറുവർഷങ്ങൾക്ക് ശേഷമുളള ഒരു ദിനം..ആശ അടുക്കളയിൽ തിരക്കിട്ട ജോലികളിലായിരുന്നു..കോളിംഗ് ബെൽ മുഴങ്ങുന്നത് കേട്ടാണ് അവർ വാതിൽ തുറന്നത്..

“മിസ്റ്റർ സുരേഷ് ഇല്ലേ?..ഇൻസ്പെക്ടർ ചോദിച്ചു..

ആദൃമൊന്നു ഭയന്നെങ്കിലും പുറത്ത് പോയിരിക്കുകയാണെന്ന് അവർ മറുപടി പറഞ്ഞു..

“വന്നാലുടൻ രണ്ടുപേരും മകളേയും കൊണ്ട് സ്റ്റേഷൻ  വരെ ഒന്നുവരണം” ഇൻസ്പെക്ടർ അല്പം ഗൗരവത്തോടെ പറഞ്ഞു.

അവർക്ക് പരിഭ്രമം കൂടി..സുരേഷ് വന്നയുടനെ അവർ രണ്ടുപേരും സ്റ്റേഷനിലേക്കു പോയി..

“നിങ്ങൾക്കു വിഷമമുണ്ടാക്കുന്ന ഒരു കാരൃം പറയാനാണ് ഞാൻ വിളിപ്പിച്ചത്..പറയാതെ പറ്റില്ലല്ലോ? നിങ്ങൾ ഞങ്ങളോട് സഹകരിക്കണം”  ഇൻസ്പെക്ടർ പറഞ്ഞു..

“എന്താണ് സാർ?” സുരേഷ് ആശങ്കയോടെ ചോദിച്ചു..

“നിങ്ങളുടെ ദത്തു മകളുടെ കാരൃമാണ്..അവൾ കർണ്ണാടകയിലെ ശിശു മാഫിയയുടെ ഇരയാണ്..നിങ്ങളെ അവർ കബളിപ്പിക്കുകയായിരുന്നു..അവളെ നിങ്ങൾക്ക് വിറ്റ ആ ഡോക്ടറും കൂട്ടരും ഇപ്പോൾ മൈസൂർ പോലീസിന്റെ കസ്റ്റഡിയിലാണ്”

സുരേഷും ആശയും വിയർത്തുകൊണ്ട് കേട്ടിരുന്നു…

ഇൻസ്പെക്ടർ തുടർന്നു..”അവരിൽ നിന്നാണ് കുട്ടിയെ നിങ്ങൾക്ക് കൈമാറിയ വിവരം അറിഞ്ഞത്..അവർ നിങ്ങൾക്കുതന്ന ഡോക്യുമെന്റ്സെല്ലാം വ്യാജമാണ്”…

“സാർ..ഞങ്ങളുടെ മകൾ?” സുരേഷ് വിഷമത്തോ ടെ ചോദിച്ചു…

“ഞാനെന്ത് ചെയ്യാനാ സുരേഷ്..ഉടൻ തന്നെ മകളെ അവർക്ക് കൈമാറാനാണ് ഓർഡർ”

അതു അവർക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു..

“ഇല്ല! സാർ ഞങ്ങളുടെ പൊന്നോമനയെ ഞങ്ങളാർക്കും വിട്ടു കൊടുക്കില്ല!” ആശയുടെ മറുപടി ദൃഢമായിരുന്നു..

“നോക്ക്..നിങ്ങളുടെ അവസ്ഥ എനിക്കു മനസ്സിലാ വുന്നുണ്ട്..പക്ഷെ നിങ്ങൾ സമ്മതിച്ചില്ലെങ്കിൽ ഞങ്ങൾക്ക് ബലം പ്രയോഗിക്കേണ്ടിവരും..” ഇന്സ്പെക്ടർ കുറച്ച് ഗൗരവത്തോടെയാണ് അത് പറഞ്ഞത്…

“അവളെ ഇത്രയും നോക്കി വളർത്തിയത് ഞങ്ങളല്ലേ സാർ..ആ ഒരവകാശം പോലും ഞങ്ങൾക്കില്ലേ? സുരേഷ് വികാരഭരിതനായി..

“നോക്കൂ സുരേഷ്..അവളുടെ അമ്മയാണെന്ന് പറഞ്ഞ് നാളെ ആരെങ്കിലും കേസ് ഫയൽ ചെയ്താൽ നിങ്ങളഴിക്കുളളിലാകും…” ഇൻസ്പെക്ടർ അറിയിച്ചു…

അവിടെ നടക്കുന്നതൊന്നുമറിയാതെ ആ കുഞ്ഞ് മേശപ്പുറത്തിരിക്കുന്ന ഭൂഗോളത്തിലേക്ക് കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. അവൾക്കറിയില്ലല്ലോ ഒന്നും..

“സാർ മറ്റെന്തെങ്കിലും വഴിയുണ്ടോ? കുട്ടിയെ കൈമാറലല്ലാതെ”…സുരേഷ് നിസ്സഹായനായി…

“ഏതായാലും നിങ്ങൾ കൂടെ വാ..നമുക്കവിടെ പോയി സംസാരിച്ചുനോക്കാം..ഇൻസ്പെക്ടറുടെ ആ വാക്കുകൾ അവർക്ക് നേരിയ പ്രതീക്ഷ നൽകുന്നവയായിരുന്നു..

അന്ന് രാത്രി അവർ രണ്ടുപേരും ഉറങ്ങിയില്ല..തങ്ങളുടെ തങ്കകുടത്തിനെ നഷ്ടപെടുമോ യെന്നുളള ഭയം അവരെ കടുത്ത മാനസിക സമ്മർദ്ത്തിലേക്ക് തളളി വിട്ടിരുന്നു..

ഉറങ്ങികിടക്കുന്ന അവളുടെ നിഷ്കളങ്കമായ മുഖത്തു നോക്കിക്കൊണ്ടേയിരുന്നു..ആശയുടെ കണ്ണിൽ നിന്നും കണ്ണീർ വാർന്നുകൊണ്ടിരുന്നു…

“മരിക്കേണ്ടി വന്നാലും മോളെ വിട്ടുകൊടുക്കരുത് ചേട്ടാ” ..

പിറ്റെ ദിവസം അമ്മൂമ്മയോട് റ്റാറ്റ പറഞ്ഞ് അവളിറങ്ങി. വിനോദയാത്ര പോകാണെന്നു മാത്രമേ സുരേഷ് അവരെ അറിയിച്ചിരുന്നുളളൂ..

മൈസൂരിലുളള ഒരു ജുവനൽ ഹോമിലേക്കാണ് അവരെ കൊണ്ടുപോയത്…പോലീസ് നിയമ നടപടികൾ പൂർത്തിയാക്കിക്കൊണ്ടിരുന്നു..

“മിസ്റ്റർ സുരേഷ് ഇനി നിങ്ങൾക്ക് പോകാം..നിങ്ങളുടെ മകൾ ഇവിടെ സുരക്ഷിതയാണ്..” ഇൻസ്പെക്ടറുടെ ആ വാക്കുകൾ അവരുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്നതായിരുന്നു..

അതു കേട്ടതും ആശ കുഴഞ്ഞ് വീണു..സുരേഷ് അവരെ താങ്ങിപിടിച്ചു കൊണ്ട് ചോദിച്ചു “ഞാൻ കാലു പിടിക്കാം സാർ ഞങ്ങടെ മോളെ വിട്ടുതരണം…ഞങ്ങൾക്കു വയസ്സായി…തുണയായിട്ടാരുമില്ല..അവളിലാണ് ഞങ്ങളുടെ പ്രതീക്ഷ..ഞങ്ങൾക്കവളില്ലാതെ ഒരു നിമിഷം ജീവിക്കാൻ പറ്റില്ല..”

എത്ര കേണപേക്ഷിച്ചിട്ടും ആരും തന്നെ അവരുടെ വിഷമം മനസ്സിലാക്കിയില്ല..അതിനേക്കാൾ വലുതാണല്ലോ നിയമം..

ഒടുവിൽ തങ്ങളുടെ കൺമണിയെ അവർക്ക് അവിടെ ഏൽപ്പിക്കേണ്ടി വന്നു..

“അമ്മയും അച്ഛനും പെട്ടെന്നുവരാട്ടോ..മോൾക്ക് ഇവിടെ കുറെ കൂട്ടുകാരുണ്ട്..അവരോടൊപ്പം വഴക്കു കൂടാതെ കളിച്ചോളണം..പോയി വരുംമ്പോ എന്താ കൊണ്ടു വരേണ്ടത് മോൾക്ക്?

“അമ്മൂമേനേം വല്ലൃമ്മയേയും കൊണ്ടുവരോ?” അവളുടെ ചോദൃം കേട്ട് അവർ അവളെ കെട്ടിപിടിച്ച് കരഞ്ഞു…

ആ രംഗം കണ്ട അവിടെയുളള എല്ലാവരുടേയും കണ്ണു നിറഞ്ഞിരുന്നു..വാർഡന്റെ കൈ പിടിച്ച് വരാന്തയിലൂടെ അവൾ നടന്നകലുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു..

**********************

വാൽക്കഷണം: കൂട്ടരെ ഇത് ആഴ്ചകൾക്കുമുമ്പ് നടന്ന സംഭവമാണ്..ആ ദമ്പതികൾ തൃശ്ശൂരുളളവരാണ്..അവരുടെ യഥാര്‍ത്ഥ പേരുകൾ തന്നെയാണ് ഞാനിവിടെ കൊടുത്തിരിക്കുന്നത്..മൈസൂരിൽ ഇനി അവർ മുട്ടാത്ത വാതിലുകളില്ല…നിയമം നോക്കുകുത്തിയായി നിൽക്കുകയാണ്…ഇതൊന്നും ഒരാളും വലിയ വാര്‍ത്തയാക്കില്ല..അതുകൊണ്ടാണ് ഇതൊരു കഥ രൂപത്തിൽ എഴുതണമെന്നു തോന്നിയത്…അവർക്ക് അവരുടെ മകളെ തിരിച്ചു കിട്ടാൻ നമുക്ക് ആവുന്നത് ചെയ്യാം..പ്രാത്ഥിക്കാം…

~പ്രവീൺ ചന്ദ്രൻ (14.03.2017)