ഇത്രയും കാലത്തിനിടയ്ക്ക് ഇത്രയും ആകർഷിച്ച കണ്ണുകൾ വേറെ ഉണ്ടാവില്ല . കൈയിൽ…

Story written by Anoop

===================

അവളെ വളയ്ക്കാനുള്ള അവസാന ശ്രമവും പാളിപ്പോയിരിക്കുന്നു . മൈന്റ് ചെയ്യുന്നില്ല എന്ന് മാത്രം അല്ല ഇപ്പൊ ചിലദിവസങ്ങളിൽ ലീവ് എടുത്തു ജോലിക്ക് വരാതിരിക്കുകയും ചെയ്യുന്നു ..ബൈക്കപകടം ഉണ്ടായതിന് ശേഷം ഒരു മാസത്തോളം ആയി കൈയിൽ ഫിസിയോ തെറാപ്പി ചെയ്യാൻ ഈ ഹോസ്പിറ്റലിലോട്ട് വരുന്നു .

സാധാരണ നിലയ്ക്ക് വീണിട്ട് എന്തേലും പറ്റിയാലും നാല് ദിവസം കഴിയുംബോൾ പറയുന്നത് അനുസരിക്കാതെ ബൈക്കും എടുത്ത് തന്റെ പാടും നോക്കി പോകുന്നതാണ് ഞാൻ . ഇത് പിന്നെ അത് അപകടം പറ്റി കൊണ്ടുവന്ന ദിവസം തന്നെ ആ 2 കണ്ണുകൾ കണ്ടതാണ് . ഇത്രയും കാലത്തിനിടയ്ക്ക് ഇത്രയും ആകർഷിച്ച കണ്ണുകൾ വേറെ ഉണ്ടാവില്ല . കൈയിൽ പ്ലാസ്റ്ററിട്ട് കിടക്കുംമ്പൊഴും എന്റെ കണ്ണുകൾ അവളെ തിരഞ്ഞുകൊണ്ടേയിരുന്നു .

” സിസ്റ്ററേ എനിക്കുള്ള റൂം ഒന്നാം നിലയിൽ തന്നെ കിട്ടിയാൽ ഉപകാരം ” സിസ്റ്ററോട് അതു പറയുംമ്പോൾ ഒന്നാം നിലയിൽ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന അവളായിരുന്നു മനസ് നിറയെ . അവളുടെ ആ ചിരി ,നോട്ടം മനസു നിറഞ്ഞു .

” നിന്റെ കണ്ണുകളെ പോലെ എന്നെ കീഴ്പ്പെടുത്തിയ മറ്റൊന്നും ഇല്ല ” ആരോ പണ്ടെങ്ങോ എഴുതില്ല ഡയലോഗ് എടുത്ത് മനസിൽ സ്റ്റാറ്റസായി ഇട്ടു . ഭാഗ്യവശാൽ ഒന്നാം നിലയിൽ തന്നെ റൂം കിട്ടി . എന്തായാലും കുറച്ച് ദിവസം ഇവിടെ കിടക്കേണ്ടി വരും . പോകും മുൻപ് എന്തായാലും കാണണം . സംസാരിക്കണം . ആവിശ്യം തന്റെതായിപോയില്ലേ .

ഓരോ നഴ്സ് വന്ന് മരുന്ന് തരുംബൊഴും റിപ്പോർട്ട് എഴുതുംമ്പൊഴും അവളാണോ എന്ന ഒരു പ്രതീക്ഷയോടെയാണ് മുഖത്തേക്ക് നോക്കുക . അവളല്ലെന്നു കാണുംബോൾ വല്ലാത്തൊരു നിരാശയാണ് .

” അമ്മ എന്തിനാ ഡോർ അടയ്ക്കുന്നേ . അത് തുറന്നിട്ടേക്ക് . കുറച്ച് കാറ്റ് കടക്കട്ടെ ” ആകെയുള്ള പ്രതീക്ഷ അവൾ ആ കോറിഡോറിലൂടെ നടക്കുംബൊൾ കാണാം എന്നുള്ളതാണ് . അപ്പൊഴാ അമ്മ പ്രതീക്ഷയുടെ വാതിൽ വലിച്ചടയ്ക്കുന്നത് .

” അപ്പൊ ഈ ജനലും തുറന്നിട്ട് ഫാനും ഇട്ടത് പോരെ കാറ്റ് കിട്ടാൻ . അല്ലെങ്കിൽ തന്നെ ഫാനിട്ടപ്പോൾ റൂമിൽ കൊടുങ്കാറ്റ് വന്നത് പോലെ ആയി ” അമ്മ ലേശം അരിശത്തോടെയാണ് വാതിൽ തുറന്നിടാൻ പോയത് . അമ്മയ്ക്ക് എന്റെ വിഷമം അറിയില്ലല്ലോ . പാവം .

ദിവസങ്ങൾക്ക് ശേഷം ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് വരുംബൊഴും പ്രതീക്ഷയുടെ ഒരു നോട്ടം അവളിലേക്ക് നീണ്ടു . അവളുടെ ഒരു നോട്ടം പ്രതീക്ഷിച്ചുകൊണ്ടാണ് കാറിലേക്ക് കയറിയത് . കിട്ടിയില്ല . ഒരു വേദനയോടെ വീട്ടിലെത്തി .

പ്ലാസ്റ്റർ മാറ്റിയതിനു ശേഷം ഫിസിയോ തെറാപ്പി ചെയ്യണം എന്നു ഡോക്റ്റർ പറഞ്ഞപ്പോൾ അവൾ ആയിരിക്കണം എന്റെ തെറാപ്പിസ്റ്റ് എന്ന് മനസ് കൊണ്ട് വല്ലാതെ ആഗ്രഹിച്ചു . പ്രതീക്ഷ മുഴുവൻ തെറ്റിച്ചുകൊണ്ട് അവൾക്ക് പകരം വേരൊരാളായിരുന്നു എനിക്ക് തെറാപ്പി ചെയ്തത് .

” ഇപ്പൊ കൈ ഏറെകുറേ റെഡി ആയി . ബാക്കിയൊക്കെ ഇനി ഓട്ടോമാറ്റിക്കായി റെഡി ആയിക്കോളും കെട്ടോ “

ഏയ് മാഷെ ഇയാളോടാ പറഞ്ഞെ . …. ചിന്തകളെ ഉണർത്തികൊണ്ട് തെറാപ്പിസ്റ്റ് പറഞ്ഞു .

അപ്പൊ ഇനി അവളെ കാണാൻ സാധിക്കില്ല അല്ലേ ?

“എന്താ ? ” ലേശം ഗൗരവത്തിലാണ് തെറാപ്പിസ്റ്റ് ചോദിച്ചത് .

”ഏയ് ഒന്നൂല്ല ” അബന്ധം പറ്റിയതിന്റെ ജാള്യതയോടെ ഞാൻ പറഞ്ഞു .

” ഉം ” ഒന്നമർത്തി മൂളിക്കൊണ്ട് ഒരു ബില്ല് നീട്ടി . മരുന്ന് കുറച്ച് ദിവസം കൂടി തുടരണം .

”ആ ” ഇനി ഒന്നും നോക്കാനില്ല .മരുന്നും വാങ്ങി വരുന്നവഴി അവസാന ശ്രമം എന്നോണം മരുന്നു ശീട്ടിന്റെ പിറകിൽ നബർ എഴുതി . പതിയെ തഞ്ചികൊണ്ട് അവളുടെ അടുത്തേക്ക് നടന്നു . ഇത്തിരി ദൂരെ നിന്നുതന്നെ കണ്ടു പുള്ളിക്കാരി ആരുമായോ ഫോണിലൂടെ സംസാരിക്കുവാണ് . എങ്കിൽ പിന്നെ ഇപ്പൊ നബർ കൊടുത്താൽ ശെരിയാവില്ല . പതുക്കെ വണ്ടിക്കടുത്തേക്ക് നടന്നു . എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുന്നു .

വണ്ടിയുടെ ഡോർ അടയ്ക്കുംബോഴും ഗ്ലാസിൽ അവളുടെ മുഖമായിരുന്നു .

” ഏട്ടാ . ഒരു മിനിട്ട് നിൽക്വോ ? ” പിന്നിൽ നിന്നും അവളുടെ സ്വരം .

ഹൃദയം കുതിക്കുകയായിരുന്നു . നിനക്കുവേണ്ടി ഒരു മിനിറ്റല്ല ഒരായുസ് കാത്തിരിക്കും ഈ ഏട്ടൻ . അല്ലേലും എനിക്കറിയാരുന്നു നീ വരുമെന്ന് . മടക്കി വെച്ച മരുന്ന് ശീട്ട് മെല്ലെ കൈയിലെടുത്തു .

” അതേയം ഏട്ടനാണല്ലേ അമ്മൂന്റെ ഹസ്ബന്റ് . അവളിപ്പൊ വിളിച്ചപ്പോഴാണ് പറഞ്ഞത് . നിങ്ങളുടെ കല്ല്യാണ സമയത്ത് ഞാനിവിടെ ഉണ്ടാരുന്നില്ലല്ലോ ? അതാ മനസിലാവാതിരുന്നെ .”

ഞാനാണെങ്കിൽ ഇവിടെ ജോയിൽ ചെയ്തിട്ട് മാസങ്ങളേ ആയുള്ളൂ . എന്നിട്ടും ഏട്ടനെന്നെ മനസിലായി അല്ലേ ? എന്നിട്ടെന്താ എന്നോട് മിണ്ടാതിരുന്നേ ?

അവളങ്ങനെ കത്തികയറുവാണ് . എന്നാലും എന്റെ അമ്മൂ നീ ഒരു വാക്ക് എന്നോട് പറഞ്ഞോ . നഴ്സിങ്ങ് പഠിച്ചു എന്നുവെച്ച് ഉള്ള ആശുപത്രീൽ മുഴുവൻ നിനക്ക് കൂട്ടുകാരി ഉണ്ടാവും എന്ന് ഞാൻ അറിഞ്ഞേ ഇല്ല .

” ഏട്ടന് എന്താ പറ്റിയേ ? ” അവൾ ചോദ്യം തുടർന്നു .

ഓ . ഇതിൽ കൂടുതൽ എന്ത് പറ്റാൻ .

” കൈയ്യിലെന്താ ചേട്ടാ . മരുന്നു ശീട്ടോ ? മരുന്ന് വാങ്ങിച്ചില്ലേ ?എന്തിന്റെ മരുന്നാ ? നോക്കട്ടെ ” അവൾ ചോദ്യം തുടർന്നുകൊണ്ട് ശീട്ടിനായി കൈനീട്ടി .

” ഓ . ഇത് പിന്നെ വേറൊന്നും അല്ല ലേശം ഞരബിന്റെ പ്രശ്നമുണ്ടേ . അതിന്റെതാ. മരുന്ന് ഭാര്യ ഇന്ന് വരുംബോൾ വീട്ടിലെത്തിക്കും .” കടലാസ് വേഗം ചുരുട്ടിക്കൂട്ടി പോക്കറ്റിലിട്ടു . വണ്ടി സ്റ്റാർട്ട് ചെയ്തു .

” ഞരമ്പിന്റെയോ?” അവൾക്ക് അപ്പൊഴും സംശയം .

” ആ ഞരബിന്റെ തന്നെ . ഈ ഞരമ്പുരോഗം ഇല്ലേ അത് തന്നെ ” വണ്ടി മുന്നോട്ടെടുക്കുന്നതിനിടയിൽ മനസിൽ പറഞ്ഞു .

~Anu knr

Kl58