ഈയിടെയായി എന്താണെന്നറിയില്ല ചെറിയ കാര്യങ്ങൾക്ക് കരച്ചില് വരുന്നു..ഒരു സമാധാനവുമില്ല…

വീട്ടമ്മ

Story written by Deepa Shajan

=================

‘മോൾടെ ബസ് വരാറായല്ലോ..അവൾ കുളിച്ചിറങ്ങിയോ എന്തോ..മോളെ…ഇറങ്ങാറായോ… ‘

‘ആ അമ്മാ…മുടി കെട്ടുവാ..’

‘വേഗം വന്ന് കഴിക്ക്..ബസ് മിസ്സായിട്ട് അച്ഛനോട് പറഞ്ഞാൽ അച്ഛൻ ദേഷ്യപ്പെടും കേട്ടോ. പറഞ്ഞില്ലെന്നു വേണ്ട..’

‘ഓ..പിന്നെ അച്ഛനെന്നോട് ദേഷ്യപ്പെടാത്തൊന്നുമില്ല..അമ്മയോടെ ദേഷ്യപ്പെടൂ.. ‘

പെട്ടെന്ന് സിന്ധു മൗനമായി..

‘ശരിയാ..എന്നോടെ ദേഷ്യപ്പെടൂ..’

അവളോർത്തു..

‘അമ്മാ..ചോറെടുത്തു വച്ചില്ലേ ഇതുവരെ.. ‘

‘ഇന്നാ..വച്ചു..വേഗം ചെല്ല്.. ‘

സിന്ധുവിന്റെ ഇന്നത്തെ ദിവസം രാവിലെ അഞ്ചു മണിയോടെ ആരംഭിച്ചു..

ഈയിടെയായി എന്താണെന്നറിയില്ല ചെറിയ കാര്യങ്ങൾക്ക് കരച്ചില് വരുന്നു..ഒരു സമാധാനവുമില്ല..ഒരുപാട് എഴുതണം എന്നൊക്കെ തോന്നുന്നുണ്ട് പക്ഷെ നടക്കുന്നില്ല..ഒറ്റക്കായതുകൊണ്ട് ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല..ആത്മഹത്യക്ക് വരെ മനസ്സു വരുന്നു..

******************

വൈകിട്ട് ആൻവി മോൾ വന്നപ്പോ കാണുന്നത് ബോധമില്ലാതെ നിലത്തു കിടക്കുന്ന സിന്ധുവിനെയാണ്..പെട്ടെന്ന് അച്ഛനെ വിളിച്ചു വരുത്തി ഹോസ്പിറ്റലിൽ കൊണ്ടുപോയി..

ദിവസങ്ങളായി ആഹാരം നന്നായി കഴിക്കുന്നില്ല..കൂടെ താമസിക്കുന്ന നിങ്ങൾക്ക് അറിയില്ലേ എന്ന് പറഞ്ഞു ഡോക്ടർ ദേഷ്യപ്പെട്ടു..

ആനന്ദിന് അടി മുടി വിറഞ്ഞു കേറി..ഡ്രിപ്പ് കഴിഞ്ഞു വീട്ടിൽ ചെന്ന് സിന്ധുവിനെ നല്ലത് പറഞ്ഞപ്പോഴാണ് അയാൾക്ക് സമാധാനമായത്‌..

*******************

ഒരു കൗണ്സിലിംഗ് വേണം എന്ന് സിന്ധുവിന് തന്നെ തോന്നി തുടങ്ങി..മോളും ആനന്ദും പോയ സമയത്താണ് അവൾ പഴയ കൂട്ടുകാരിയും തിരക്കുള്ള സൈക്കോളജിസ്റ്റുമായ പത്മയുടെ അടുത്ത് ചെന്നത്..തിരക്കുകളൊക്കെ മാറ്റി വച്ച് അവൾ കൂട്ടുകാരിക്ക് വേണ്ടി സമയം കണ്ടെത്തി..

പ്രശ്നങ്ങളൊക്കെ കേട്ടു കഴിഞ്ഞപ്പോൾ പത്മ ചോദിച്ചു..

‘നീ..നന്നായിട്ട് വരക്കുമായിരുന്നില്ലേ..ഇപ്പോ എത്ര നാളായി ചെയ്തിട്ട്..ഗാർഡനിങ് നിനക്കിഷ്ടമായിരുന്നു..എഴുതുമായിരുന്നു..പാടുമായിരുന്നു..ഒക്കെ പോട്ടെ..നിനക്കിഷ്ടപ്പെട്ട കപ്പയും മീനും കഴിച്ചിട്ട് എത്ര നാളായി..സമയമില്ല എന്ന മുരുട്ടു ന്യായം ആണ് പറയാൻ പോകുന്നതെങ്കിൽ വേണ്ട..നീയിപ്പോ ആർക്കു വേണ്ടിയാണോ നിൻറെയിഷ്ടങ്ങൾ മാറ്റി നിർത്തുന്നത് അവർ തന്നെ ഒരിക്കൽ നിന്നോട് ചോദിക്കും ഞങ്ങൾ പറഞ്ഞോ ഇതൊന്നും ചെയ്യരുതെന്ന്..അതുകൊണ്ട് അവനവനു വേണ്ടി ആദ്യം ജീവിക്കുക..ഇഷ്ടമുള്ളതൊക്കെ ചെയ്യുക..കഴിക്കുക..സന്തോഷമായിട്ടിരിക്കുക..ഫോണ് വിളികൾക്കപ്പുറം അച്ഛനും അമ്മയും ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരുടെ കൂടെ എങ്ങനെയായിരുന്നോ അങ്ങനെ ഇടക്കെങ്കിലും ജീവിക്കുക..’

മനസ്സിലെ ഒരു ഭാരം ഇറക്കി വച്ചതുപോലെ സിന്ധു അവിടുന്നിറങ്ങി..

********************

‘അമ്മേ..അച്ഛൻ എത്തി..കഴിക്കാൻ എടുക്ക്..അയ്യേ..ഇതെന്താ..കഞ്ഞി..കപ്പ..മീൻ കറി..എനിക്ക് വേണ്ട..’

‘എന്താ സിന്ധു ഇത്..ഇവിടെയാർക്കും ഇതൊന്നും ഇഷ്ടമല്ലെന്ന് അറിയില്ലേ..’

‘ആർക്കും ഇഷ്ടമല്ലെന്ന് ആരാ പറഞ്ഞേ..എനിക്കിഷ്ടമാണല്ലോ..നിങ്ങടെയൊക്കെ ഇഷ്ടത്തിന് വച്ചു വിളമ്പി എന്ന് പറഞ്ഞ് എനിക്ക് എന്റേതായ ഇഷ്ടങ്ങൾ പാടില്ല എന്നുണ്ടോ..നിങ്ങൾക്കുള്ള ചപ്പാത്തിയും വെജിറ്റബിൾ കറിയും അടുക്കളായിലുണ്ട്..മോൾ അതിങ്ങെടുത്തൊണ്ടു വാ..’

ആൻവി ചവിട്ടി തുള്ളി പോയി ആഹാരം എടുത്തിട്ട് വന്നു..അച്ഛനും അവളും വിളമ്പി കഴിച്ചു..

അന്ന് രാത്രി ആനന്ദ് അവളോട് ചോദിച്ചു

‘എന്താ നിനക്ക് വല്യ മാറ്റം ഒക്കെ കാണുന്നുണ്ടല്ലോ..’

‘ചേട്ടാ..ഇത്രേം നാള് എന്നെ തന്നെ മറന്ന് നിങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുവായിരുന്നു..കഴിഞ്ഞ ദിവസം ആഹാരം കഴിക്കുന്നില്ല എന്ന് പറഞ്ഞു നിങ്ങൾ എന്നെ ചീത്ത പറഞ്ഞു..എന്നാൽ അതിന്റെ കാരണം എന്താണെന്ന് അന്വേഷിച്ചില്ല..നിങ്ങൾ രണ്ടുപേർക്കും എന്നോട് മിണ്ടാൻ നേരമില്ല..ഞാൻ വിഷാദത്തിലേക്ക് പോകുവാണെന്ന് എനിക്ക് തന്നെ തോന്നി..മരിക്കണം എന്നുപോലും തോന്നി..ഞാൻ ഒരു  കൗൻസിലിംഗിന് പോയി..ഇനി ഞാൻ ചെറുതായി പഴയ ഞാൻ ആകാൻ പോകുവാ..കല്യാണത്തിന് മുമ്പേയുള്ള ഞാൻ..പേടിക്കണ്ട നിങ്ങടെ കാര്യത്തിൽ ഒരു മുടക്കവും വരുത്തില്ല..എനിക്ക് ചെറിയ സപ്പോർട്ട് മാത്രം മതി..’

‘ശരിയാ..തിരക്കിട്ട ജീവിതത്തിൽ നിന്നെ ശ്രദ്ധിക്കാനോ..കൂടെ നിക്കാനോ ഞാനും ശ്രമിച്ചില്ല..ഇനി നമുക്ക് ഒന്നിച്ചു തുഴയാം… ‘

********************

ഇന്ന് അവരുടെ സ്വീകരണ മുറി സിന്ധു വരച്ച പൈന്റിങ്ങുകളാൽ നിറഞ്ഞിരിക്കുന്നു..ചെറിയ പൂന്തോട്ടത്തിൽ ചെത്തിയും മുല്ലയും മന്ദാരവും ജമന്തിയും പിന്നെ പേരറിയാത്ത ഒരുപാട് ചെടികളും നിറഞ്ഞിരിക്കുന്നു..

സിന്ധുവിന്റെ കെരോക്കെ ഗാനത്തിന് ഒപ്പിച്ചു തറയോട് പാകിയ മുറ്റത്ത് ആൻവി ചുവടുകൾ വെക്കുന്നു..അതൊക്കെ ആസ്വദിച്ച് ആനന്ദ് ചെടിക്ക് വെള്ളം ഒഴിയ്ക്കുന്നു.

ഞായറാഴ്ച്ച ദിവസങ്ങളിൽ തലയിൽ തോർത്തുമുണ്ട് ചുറ്റികെട്ടി ആനന്ദ് കപ്പയും..മീൻ കറിയും..ബിരിയാണിയും..ഉണ്ടാക്കി പരീക്ഷിക്കുന്നു.. നരകമാകേണ്ടിയിരുന്ന അവരുടെ കുഞ്ഞു വീട് ഇപ്പൊ ഒരു സ്വർഗ്ഗമാകുന്നു..

Note : എല്ലായ്പ്പോഴും ഇങ്ങനെ ശുഭപര്യവസായിയായി വരും എന്ന് കരുതണ്ട..സിന്ധുവിനെ പോലെ കൗണ്സിലിങ്ങിന് പോകാൻ പറ്റാത്തവരും..സ്വന്തം പ്രശ്നം പോലും മനസിലാക്കാൻ പറ്റാത്തവരും ഉണ്ടാകും..ആനന്ദിനെപ്പോലെ മനസ്സിലാക്കുന്ന ഭർത്താവും ഉണ്ടാകണമെന്നില്ല..അതുകൊണ്ട് പെണ്ണുങ്ങളെ..ഇടക്കിടെ നമുക്ക് വേണ്ടിയും ജീവിക്കുക..

~ദീപാ ഷാജൻ