കടവ്
Story written by Praveen Chandran
====================
ആ കടവ് എനിക്ക് എന്നും പ്രിയപെട്ടതായിരുന്നു..എന്റെ കുട്ടിക്കാലത്തെ ഒരുപാട് ഓർമ്മകൾ ഉറങ്ങുന്ന സ്ഥലമാണവിടം..
അച്ഛന്റെ കൈകളിൽ കിടന്ന് ആദൃമായി ഞാൻ നീന്താൻ പഠിച്ചതും..കളിക്കൂട്ടുകാരോടൊപ്പം ചങ്ങാടമുണ്ടാക്കി തുഴഞ്ഞതും..മുങ്ങാംകുഴിയിട്ട് കക്കയും വെളളാരം കല്ലും പെറുക്കിയെടുത്തതും എല്ലാം ഇന്നലെയെന്നോണം അവിടെ തെളിയും..
പ്രവാസം എന്റെ ജീവിതം കാർന്നു തിന്നു കൊണ്ടിരിക്കുകയാണെങ്കിലും ഇടയ്ക്ക് വേനൽ മഴയെന്ന പോലെ കിട്ടുന്ന അവധിക്ക് ഞാനവി ടേക്ക് ഓടിയെത്തും..ആ വഞ്ചിയുടെ മുകളിൽ കയറി അങ്ങനെ നിൽക്കും..പഴയ ഓർമ്മകളൊക്കെ അയവിറക്കും..എന്തോ..ഒരു വല്ലാത്ത സുഖം തോന്നും അങ്ങിനെ നിൽക്കുമ്പോൾ…അവസാനം മടങ്ങിപോകുന്ന സമയത്ത് അവിടെ വന്ന് യാത്ര പറഞ്ഞേ പോകാറുളളൂ..
പതിവുപോലെ ഇത്തവണയും ഞാനവിടെ യാത്ര പറയാൻ ഓടിയെത്തി..ഭാഗൃത്തിന് വഞ്ചി കടവത്ത് തന്നെയുണ്ട്..
സന്ധൃസമയമായതു കൊണ്ട് പുഴയുടെ ഭംഗി ശരിക്കും ആസ്വദിക്കാൻ പറ്റി..
“എന്താ പഴയ കളിക്കൂട്ടുകാരീടെ ഓർമ്മ വല്ലതും വരുന്നുണ്ടോ? യാത്ര പറഞ്ഞു മടങ്ങാനൊരുങ്ങവേ അടുത്തുളള പൊന്തക്കാട്ടിൽ നിന്നുമൊരു സ്ത്രീശബ്ദം..
“ആരാ അത്? ഞാൻ ആകാംക്ഷയോടെ ചോദിച്ചു…
“ഞാനാ ഏട്ടാ അച്ചു” ..വീണ്ടും അതേ സ്വരം..
“അച്ചുവോ?” ഞാൻ ചോദിച്ചു.
“ആ..അശ്വതി..ചേട്ടന്റെ അച്ചുവാ ഞാൻ..മറന്നോ എന്നെ?”
എന്റെ മനസ്സിൽ ഒരു കൊളളിയാൻ മിന്നിയ പോലെ..ശരീരത്തിലാകമാനം ഒരു വിറയൽ അനുഭവപ്പെട്ടു..
അച്ചു..എന്റെ കളിക്കൂട്ടുകാരിയായിരുന്നു…ഈ കടവത്ത് വച്ചാണ് അവൾ കാൽ വഴുതി പുഴയിൽ വീണത്..മലവെളളപാച്ചിലിൽ അവളൊലിച്ചു പോകുന്നത് നോക്കി നിൽക്കാനേ എനിക്കാവു മായിരുന്നുളളൂ…
പേടിയോടെ ഞാനാ പൊന്തക്കാടിനടുത്തേക്കു നടന്നു…
പാലപ്പൂവിന്റെ ഗന്ധം ചുറ്റും പടർന്നു..
“ആരാ അത്?..” വിറയാർന്ന ചുണ്ടുകളോടെ ഞാൻ ചോദിച്ചു..
“ഠോ.!!!””ഹ..ഹ…ഹ..
ഞെട്ടിതരിച്ചു നിൽക്കുന്ന എന്നെ നോക്കി അവൾ ആർത്തു ചിരിച്ചു..
അതവളായിരുന്നു എന്റെ ഭാര്യ..
“എന്താ പേടിച്ചു പോയോ ഏട്ടാ?”
“നീയിത്ര പെട്ടന്നു റെഡിയായോ ചിന്നൂ? ഞാൻ ചോദിച്ചു..
“ഞാനെപ്പോഴേ റെഡിയാ ഏട്ടാ..പിന്നെ ഇവിടെ യാത്ര പറയാൻ വന്നുകാണുമെന്ന് ഞനൂഹിച്ചു..” അവൾ പറഞ്ഞു..
“അതെയോ..അല്ലാ നിനക്കെവിടന്നു കിട്ടി ഈ പേര്” ആകാംക്ഷയോടെ ഞാൻ ചോദിച്ചു..
“അതൊക്കെ ഉണ്ട്..”
“പറയ്..പ്ലീസ്..” ഞാൻ അപേക്ഷിച്ചു..
“ഇല്ല! പറയില്ല!”
“ഹും..എന്റെ ഡയറീന്നാവും ” ഞാൻ പറഞ്ഞു..
“ങും…എന്നാലും വായിച്ചപ്പോ ഒത്തിരി സങ്കടായിട്ടോ..ഇവിടെ വച്ചാണോ അച്ചു മുങ്ങി മരിച്ചത്”
“അതെ” എന്ന ഭാവത്തിൽ ഞാൻ തല കുലുക്കി
“അപ്പോ ഏട്ടനെത്ര വയസ്സുണ്ടായിരുന്നു..” അവൾ ചോദിച്ചു..
“പത്ത്..അവൾക്ക് ഏഴും..കാലു വഴുതി വീഴുകയാ യിരുന്നു അവൾ..നല്ല ഒഴുക്കുണ്ടായിരുന്നത് കൊണ്ട് ആർക്കും രക്ഷിക്കാനുമായില്ല..രണ്ടു ദിവസം കഴിഞ്ഞാണ് ബോ ഡി കിട്ടിയത് തന്നെ..
“ചേട്ടന് അച്ചൂനെ ഭയങ്കര ഇഷ്ടമായിരുന്നല്ലേ?… അതു പറയുമ്പോൾ അവളുടെ കണ്ണു നനയുന്നത് ഞാൻ ശ്രദ്ധിച്ചു..
“കുട്ടിക്കാലത്തെ ഓരോരോ ഇഷ്ടങ്ങള്..ഇപ്പോ എനിക്ക് നീയില്ലേ? എനിക്കതുമതി..”
അവളെ അധികം വേദനിപ്പിക്കണ്ടാ എന്നു കരുതി ഞാനാ വിഷയം അവിടെ അവസാനിപ്പിച്ചു..”
“നേരം ഇരുട്ടി..ഞാനൊന്നു കയ്യും കാലും കഴുകട്ടെ!..ആ വക്കിൽ നിന്ന് കേറി നിൽക്ക് ചിന്നൂ വഴുക്കലുണ്ടാവും..കഴിഞ്ഞ തവണ ഞാനൊന്നു വീണതാ..ഭാഗൃത്തിന് ഒഴുക്ക് കുറവായിരുന്നു..”
അതു പറഞ്ഞ് കൊണ്ട് ഞാൻ പുഴയിലിറങ്ങി കൈകാലുകൾ കഴുകവെ പിന്നിൽ നിന്ന് രണ്ടു കൈകൾ എന്റെ നേരെ അടുത്തുകൊണ്ടിരുന്നു..
“നീ ഇവിടെ എന്തെടുക്കാ?
പിന്നിൽ നിന്നും അച്ഛന്റെ സ്വരം കേട്ട് ഞാൻ പെട്ടന്നു തിരിഞ്ഞുനോക്കി..
ഭാര്യയെ അവിടെ കാണാഞ്ഞ് എന്റെ കണ്ണുകൾ പരതിക്കൊണ്ടിരുന്നു..
“ഇവളിതെവിടെപ്പോയി..അച്ഛാ ചിന്നു പോയോ?
“പോകേ..ഞങ്ങളെല്ലാവരും നിന്നെക്കാത്ത് അവിടെ നിൽക്കാ..അവളാ പറഞ്ഞത് ഇവിടെ വന്നു നോക്കാൻ..ഇറങ്ങണ്ടെ?
അച്ഛൻ പറഞ്ഞതു കേട്ട് ഞെട്ടലോടെ ഞാൻ പൊന്തക്കാടിനടുത്തേക്കു നോക്കി..
~പ്രവീൺ ചന്ദ്രൻ