Story written by Bindu Anil
=================
ജോലികഴിഞ്ഞ് കുറച്ച് നേരത്തെയിറങ്ങി..ബസ്റ്റോപ്പിലേക്കു നടക്കുന്നതിനിടയിലാണ് മെലിഞ്ഞ, കുറച്ച് പ്രായമുള്ള ഒരു സ്ത്രീ കൈയിൽ കുറെ പ്ലാസ്റ്റിക് ബാഗുകളുമായി എന്റെ മുമ്പിൽ നടന്നു പോകുന്നത് കണ്ടത്. ഭാരം കാരണം അവർ നടക്കാൻ ബുദ്ധിമുട്ടുന്നത് പോലെ തോന്നി..അവരെ കടന്ന് മുമ്പോട്ട് പോകുമ്പോൾ, ബസ്റ്റോപ്പിലേക്കാണോ ?ഞാൻ സഹായിക്കണോ ? എന്ന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല…
വേണ്ട മാഡം..ഇത് ഹെവി ആണ്. മാഡത്തിന് ബുദ്ധിമുട്ടാകും എന്ന് പറഞ്ഞ് അവർ ബാഗ് തരാൻ വിസമ്മതിച്ചു…മാഡം എന്ന് അത്രയും ബഹുമാനത്തോടെ അവര് വിളിച്ചപ്പോൾ തന്നെ എന്തായാലും ഇവരെ സഹായിക്കണം എന്ന് തീരുമാനിച്ചു..
അവരെ നിർബന്ധിച്ച് 2 ബാഗുകൾ കൈയിൽ വാങ്ങി. ഇതാണ് വെയ്റ്റ് കുറവുള്ളത് എന്ന് പറഞ്ഞ് അവർ രണ്ട് ബാഗുകൾ തന്നു…നന്ദിയും കൃതജ്ഞതയും എല്ലാം കൂടിക്കലർന്ന ഒരു ചിരിയും സമ്മാനിച്ചു. ഒരു പരോപകാരം ചെയ്യാൻ പറ്റുന്നതിൽ എനിക്ക് വളരെ സന്തോഷവും, എന്നോട് തന്നെ ഒരു ബഹുമാനവും ഒക്കെ തോന്നി…ഈ നന്മ പ്രവൃത്തി ആരെങ്കിലും കാണുന്നുണ്ടോ എന്നറിയാൻ ചുറ്റും നോക്കിയെങ്കിലും ഒരു പ ട്ടികുഞ്ഞുപോലും മൈൻഡ് ചെയ്യുന്നില്ല..എല്ലാവരും അവനവന്റെ കാര്യം നോക്കി പോകുന്നു..സാരമില്ല ദൈവം കാണുന്നുണ്ടല്ലോ എന്നോർത്ത് സമാധാനിച്ചു..
രണ്ടു മൂന്നു ചുവട് നടന്നപ്പോഴാണ് പ്രശ്നം..എനിക്ക് ഇതിന്റെ കനം കാരണം നടക്കാൻ പറ്റുന്നില്ല…രണ്ടു കൈയിലും അവരുടെ പ്ലാസ്റ്റിക് ബാഗുകൾ, തോളിൽ എന്റെ ഹാൻഡ്ബാഗ്, എല്ലാംകൂടി നല്ല ഭാരം….ഹീലുള്ള ചെരുപ്പ് ആയതുകൊണ്ട് ബാലൻസ് തെറ്റി വീഴാനും ചാൻസ് ഉണ്ട്…
ആ സ്ത്രീയാണേൽ ബാക്കിയുള്ള 3 ബാഗുകളും കൂടി ഒരു കൈയിൽ പിടിച്ച് , മറ്റേ കൈയിൽ ഫോണും പിടിച്ച് , മൈക്കിൽ കൂടി പറയുന്ന പോലെ തെലുങ്കിൽ ആരോടോ സംസാരിച്ചോണ്ടു കൂളായി നടന്നു പോകുന്നു…ഇവർ മനഃപൂർവ്വം ഭാരമുള്ള ബാഗ് എന്റെ കൈയിൽ തന്നതാവാനേ വഴിയുള്ളൂ..
സിസ്റ്റർ ടാക്സി വിളിച്ച് തരണോ എന്ന് ചോദിച്ച ബംഗാളി ചെക്കനെ ദേഷ്യപ്പെട്ട് നോക്കീട്ട് , ഞാൻ വീണ്ടും ഏന്തി വലിഞ്ഞു നടന്നു. ഇടക്ക് രണ്ടു വട്ടം നിലത്തുവെച്ചു…തോളിൽ കിടക്കുന്ന ഹാൻഡ്ബാഗ് താഴേക്ക് ഊർന്നു പോരുന്നത് ഒരുവിധത്തിൽ കേറ്റിയിട്ട്, നടപ്പ് തുടർന്നു..
ആ സ്ത്രീയെ നോക്കീട്ട് പൊടിപോലുമില്ല കണ്ടു പിടിക്കാൻ…റോഡിൽ നല്ല തിരക്കാണ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നവരുടെ സഹതാപപൂർവ്വമുള്ള നോട്ടം കണ്ടില്ലെന്ന് നടിച്ചു..അവരോട് ഇതു വാങ്ങാൻ തോന്നിയ നേരം ഏതാണോ എന്നോർത്തു നിൽക്കുമ്പോൾ ആ ചേച്ചി എന്നെ കാണാഞ്ഞിട്ടാവണം തിരിച്ച് ഓടിവന്നു…
ഞാനപ്പോഴേ പറഞ്ഞതല്ലേ നിങ്ങൾക്കൊന്നും ഇതൊന്നും പറ്റില്ലെന്ന്? ഞങ്ങൾക്കാണേൽ ഇതൊക്കെ ശീലമായിപ്പോയി. വെറുതെ എന്റെ സമയോം കളഞ്ഞു…ഇരട്ടി പണിയും ആയി. അവർ തീരെ ഇഷ്ടപ്പെടാത്ത മട്ടിൽ എന്നെ ഒന്ന് നോക്കിയിട്ട് സഞ്ചിയും തൂക്കിപ്പിടിച്ച് മിസൈൽ പോലെ പാഞ്ഞുപോയി..ഒച്ച കേട്ട് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി,
ഞാനും പതിയെ നടന്ന് ബസ്റ്റോപ്പിൽ എത്തി..51 നമ്പർ ബസിൽ കയറി ഇരുന്നിട്ട് നേരെ നോക്കിയപ്പോൾ, അവർ എന്റെ ഓപ്പോസിറ് സീറ്റിൽ ഇരിക്കുന്നു. ഇടക്കെന്നെ നോക്കുന്നു എന്ന് തോന്നിയപ്പോൾ ഞാൻ ഫോണിലേക്ക് നോക്കിക്കൊക്കൊണ്ടിരുന്നു…ഇറങ്ങുന്ന സമയം വരെ നേരെ നോക്കിയില്ല..എന്തുപെട്ടെന്നാണ് യാതൊരു കാര്യവുമില്ലാതെ മനുഷ്യർക്ക് പരസ്പരം ഇഷ്ടക്കേട് തോന്നുന്നത്….
ഗുണപാഠം: വഴിയേ പോകുന്ന വയ്യാവേലി മേലാൽ തോട്ടിവെച്ച് പിടിക്കരുത്. 😂