നെഞ്ചോരമായി എന്നും….
Story written by Sebin Boss J
=====================
” സോജൻ “
ടൌൺ ഹാൾ എക്സിബിഷനിലെ വിസ്മയം തുളുമ്പുന്ന പെയിന്റിങ്ങുകൾ നോക്കി നടക്കുകയായിരുന്ന ഞാൻ പുറകിൽ നിന്നുള്ള പതിഞ്ഞ ശബ്ദം കേട്ട് നിശ്ചലനായി .
ഈശ്വരാ ! അത് …അത് അവൾ ആയിരിക്കുമോ ? കാതിനിമ്പമായ , എപ്പോഴും ചെവിയിൽ മുഴുങ്ങുന്ന ആ ചിരപരിചിത ശബ്ദം .
മനസ് വെട്ടിത്തിരിഞ്ഞെങ്കിലും ശരീരം മനസിനൊപ്പം പ്രതികരിച്ചില്ല . കാൽ ബലമായി പറിച്ചു പുറകിലേക്ക് തിരിഞ്ഞു .
സാന്ദ്ര ..സാന്ദ്രാ തോമസ് ഒന്നേ നോക്കിയുള്ളൂ …
നിറഞ്ഞ കണ്ണുകൾ സാന്ദ്ര കാണാതിരിക്കാൻ വീണ്ടും തിരിഞ്ഞു ചുവരിലേ ഛായാചിത്രത്തിലേക്ക് ഉറ്റുനോക്കി നിന്നു . ചിത്രത്തിലെ കടൽക്കരയിൽ മുക്കുവനെ കാത്തിരിക്കുന്ന മുക്കുവത്തിയുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നു .
ചിത്രങ്ങൾക്ക് അടിയിലെ സാന്ദ്രയുടെ കയ്യൊപ്പ് അപ്പോഴാണ് കണ്ണിൽ പെട്ടത് .
എവിടെനിന്നും ഒറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞിരുന്ന അവളുടെ പെയിന്റിങ്ങുകൾ താനെന്തേ മറന്നു പോയോ ?
അവളുടെ കയ്യൊപ്പ് പതിഞ്ഞ തന്റെ മുഖം എത്രനാൾ തന്റെ സോഷ്യൽ മീഡിയയിലെ പ്രൊഫൈലിനെ അലങ്കരിച്ചതാണ് .
“‘ സുഖം …സുഖമാണോ സോജൻ? ”’
സുഖം …. !!
മനസ്സാകുന്ന ചില്ലിൽ പുകക്കറകൊണ്ട് മൂടിയാലും ഒപ്പമുള്ളവർക്ക് വെളിച്ചമേകുവാൻ തിരിയിട്ട വിളക്ക് പോലെ മുഖം തെളിഞ്ഞ് കത്തും ,
സ്വന്തം സുഖം നോക്കിയിട്ട് വർഷങ്ങളായി ..
സുഖമാണോയെന്ന് ചോദിക്കുന്നവരെ തൃപ്തിപ്പെടുത്തുവാൻ ടേപ്പ് റെക്കോർഡറിൽ നിന്നെന്ന പോലെ ”സുഖം ..സുഖം ‘എന്നുള്ള വാക്കുകൾ അനസ്യൂതമായി ഒഴുക്കും
കണ്ണുകൾ നിറയുമ്പോഴും പല്ലുകാട്ടി ചിരിക്കാൻ അപൂർവം ചിലർക്ക് കിട്ടുന്ന കഴിവ്..അത് ദൈവം തന്നിട്ടുള്ളത് എനിക്ക് പല അവസരങ്ങളിലും അനുഗ്രഹമായിട്ടുണ്ട്.. ..
“‘സോജൻ … ഇപ്പോഴും പത്രത്തിൽ തന്നെയാണോ ? “”
“‘ഊം “”
” ഫാമിലി ? എത്ര പിള്ളേര് ?”
“‘ ഒരു മോളുണ്ട് …സേറ ….സേറ സോജൻ ”’
പിന്നെയുമെന്തൊക്കെയോ സാന്ദ്ര ചോദിച്ചു .
മറുപടി പറഞ്ഞത് താൻ തന്നെയാണോ എന്നറിയില്ല .
ഒടുവിൽ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു മിസ് കോൾ അടിച്ച ശേഷം അവൾ നടന്നകന്നിട്ടും മിനുട്ടുകൾ കഴിഞ്ഞേ ഒരു ചുവട് വെക്കാൻ തനിക്കയുള്ളൂ .
രാജധാനി ബാറിൽ പതിവ് കസേരയിലിരിക്കുമ്പോൾ വെയിറ്റർ വന്ന് ഒന്നര പെ ഗ്ഗിൽ ഐസ് ക്യൂബ് നിറച്ചിട്ട് പോയത് പോലുമറിഞ്ഞില്ല . മനസ് ടൌൺ ഹാളിൽ , അവളുടെയൊപ്പമായിരുന്നു ..സാന്ദ്രയുടെ ഒപ്പം …
എം എ ലിറ്ററേച്ചർ കഴിഞ്ഞ് ജോലിയൊന്നുമാകാതെയിരുന്ന സമയത്താണ് അപ്രതീക്ഷിതമായി വാരികയിലേക്കുള്ള വിളി വരുന്നത് . പ്രസിദ്ധീകരിച്ചതും നിരാകരിച്ചതുമായ ഒട്ടേറെ ചെറുകഥകൾ വാരികയിലെ സബ് എഡിറ്ററും നാട്ടുകാരനുമായ ചന്ദ്രേട്ടൻ പറഞ്ഞിട്ട് അയച്ചിട്ടുണ്ടായിരുന്നു . ചന്ദ്രേട്ടന്റെ ശുപാർശയിൽ ആ ജോലി കിട്ടി . തുച്ഛമായ ശമ്പളം ആണെങ്കിലും അനിയത്തിയുടെ പഠന ചിലവിന് ബുദ്ധിമുട്ടുന്ന അമ്മക്കൊരു സഹായമായിരുന്നു അക്കാലത്ത് ആ തുക .
വാരികയിൽ നോവലുകൾക്ക് ചിത്രം വരക്കുന്ന , തന്റെ എതിരെയുള്ള മേശക്ക് പുറകിലിരിക്കുന്നവെളുത്തു കൊലുന്നനെയുള്ള പെൺകുട്ടിയിൽ കണ്ണുടക്കിയത് യാദൃശ്ചികമായാണ് . സദാ പുഞ്ചിരി തൂകുന്ന പ്രസരിപ്പുള്ള മുഖം . ഒരു കൈ ഷാമ്പൂ ചെയ്തു മിനുക്കിയ , പാറി പറക്കുന്ന മുടിയിലും മറുകൈ പെൻസിലിലും എപ്പോഴും വ്യാപൃതമായിരുന്നു . താടിയുടെ മധ്യത്തിൽ ഉള്ള മറുകിന്റെ നിറം അവളുടെ വരകൾക്ക് അനുസരിച്ചു നിറം മാറിയിരുന്നുവെന്ന് തോന്നി .
എഴുത്തിന്റെയും എഡിറ്റിങ്ങുകളുടെയും ഇടക്കുള്ള ടെൻഷനുകളിൽ നിന്ന് അല്പമെങ്കിലും സന്തോഷം നൽകിയിരുന്നത് സാന്ദ്ര ആയിട്ടുള്ള നിമിഷങ്ങളിലാണ് . വെറുതെ അവളുടെ മുഖഭാവങ്ങളിൽ അൽപ നേരമൊന്ന് നോക്കിയിരുന്നാൽ മതിയായിരുന്നു തനിക്ക് ശാന്തത ലഭിക്കുവാൻ
ഒരേ ഇഷ്ടങ്ങളും ചിന്തകളുമായി ഒരേ ധ്രുവത്തിൽ സഞ്ചരിക്കുന്നവരായത് കൊണ്ടാവും വളരെ വേഗത്തിലായിരുന്നു സാന്ദ്രയുമായി അടുത്തത് . മിക്കവാറും തങ്ങളുടെ രുചികളും കളർ സെൻസും ഒന്നായിരിക്കും . ഒരിക്കൽ കൂടി പറഞ്ഞിട്ടില്ലായെങ്കിൽ കൂടിയും ഓരോ ദിവസത്തെയും ഡ്രെസ്സുകളുടെ കളർ ഒരു പോലെയായിരിക്കും .തന്റെ എഴുത്തുകളെ പ്രോത്സാഹിപ്പിച്ചിരുന്നത് സാന്ദ്രയായിരുന്നു .തെറ്റുകുറ്റങ്ങൾ തിരുത്തി വീണ്ടും വീണ്ടും എഴുതുവാൻ അവളേറെ സഹായിച്ചിട്ടുണ്ട് .
ഒഴിവ് സമയങ്ങളിൽ കടൽക്കരയിലെ കരിങ്കൽ കെട്ടിലിരുന്ന് കപ്പലണ്ടി കൊറിച്ചുകൊണ്ട് അവൾ തന്റെ സ്വപ്‌നങ്ങൾ പങ്കുവെച്ചിരുന്നു . ലോകമെങ്ങും അവളുടെ പെയിന്റിംഗുകൾ പ്രദർശിപ്പിക്കണം . അപ്പച്ചനുമമ്മച്ചിക്കും നല്ലൊരു വീട് വെച്ചുകൊടുക്കണം . അനിയത്തിക്ക് നല്ല വിദ്യാഭ്യാസവും കുടുംബജീവിതവും കൊടുക്കണം എന്നിങ്ങനെ . ഒരിക്കൽ പോലും അവൾക്ക് തന്റേതായ ഇഷ്ടങ്ങൾ ഉണ്ടെന്ന് തോന്നിയിട്ടില്ല . ചെറുപ്പത്തിൽ കോട്ടയത്തുനിന്നും മലബാറിലേക്ക് പറിച്ചുനട്ടവരായിരുന്നു അവളുടെ മാതാപിതാക്കൾ. തന്റെ രണ്ട് പെൺകുട്ടികൾക്കായി ജീവിതത്തിന്റെ ഭൂരിഭാഗവും തന്റെ കൃഷിയിടത്തിൽ ലോകം ചുരുക്കിയ ആ അപ്പച്ചനെയും അമ്മച്ചിയേയും ലോകം മുഴുവൻ കാണിക്കുവാനായിരുന്നു അവളുടെ പെയിന്റിംഗുകൾ ലോകത്തെല്ലായിടത്തും പ്രദർശനത്തിന് വെക്കുവാൻ എന്നുള്ള ആഗ്രഹത്തിന് പിന്നിലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്
തനിക്കും അങ്ങനെ തന്നെയായിരുന്നു . കാണുന്ന സ്വപ്‌നങ്ങൾ ഒക്കെയും കൂടെയുള്ളവരെ ചുറ്റിപ്പറ്റിയായിരുന്നു . ചെറുതെങ്കിലും സ്വന്തമായി ഒരു വീട് , അനിയത്തിയുടെ പഠനം , കല്യാണം , പിന്നെ അമ്മയുടെ കണ്ണുനീർ നിറയാത്ത മുഖവും
തമ്മിൽ ഒരിക്കലും പ്രണയം പറഞ്ഞിട്ടില്ല .എന്നാലും പിരിഞ്ഞു ജീവിക്കാനാകില്ല എന്ന് തോന്നിയിരുന്നു …
അവൾക്കും അങ്ങനെ തന്നെയായിരുന്നു എന്ന് അന്നാണ് തോന്നിയത് ..
തങ്ങൾ അവസാനമായി കണ്ട അന്ന്…
“‘ സോജൻ … അപ്പച്ചൻ കല്യാണത്തിന് നിർബന്ധിക്കുന്നു . നിനക്കറിയാല്ലോ അനിയത്തിയുടെ കല്യാണം , ജോലിയിലുള്ള സ്ഥിരത എന്നൊക്കെ പറഞ്ഞ് ഇതുവരെ നീട്ടിക്കൊണ്ടുപോയി … ഇപ്പൊ അവളുടെയും കല്യാണം
കഴിഞ്ഞു … “
“”ഹ്മ്മ് … ആലോചന വല്ലതും …?”
എങ്ങനെയത് ചോദിച്ചെന്നറിയില്ല . നിസ്സംഗതയായിരുന്നു മനസിൽ .
ചാച്ചൻ മരിച്ചപ്പോൾ അമ്മയും അനിയത്തിയും വാവിട്ട് കരഞ്ഞപ്പോഴും തന്റെ കണ്ണിൽ നിന്നൊരുതുള്ളി കണ്ണീർ പൊടിഞ്ഞിരുന്നില്ല . അന്നും ഇതേ മാനസികാവസ്ഥ ആയിരുന്നു തനിക്ക് …എല്ലാം നഷ്ടപ്പെടുമ്പോൾ മനസ്സിനെ സ്വയം ശക്തിപ്പെടുത്തുന്ന ഒരുതരം നിസ്സംഗത .
“‘ ഉം സ്റ്റേറ്റ്സിൽ ആണ് . അപ്പച്ചന്റെ ഒരു സുഹൃത്തുവഴിയാണ് ആലോചന “”
“” തന്റെ ആഗ്രഹങ്ങൾ ഒക്കെ പൂവണിയാൻ പോകുന്നു അല്ലെ … ലോകം മുഴുവൻ പെയിന്റിംഗ് പ്രദർശനം …”‘
“‘ പക്ഷെ … പക്ഷെ എന്റെ പെയിന്റിംഗുകൾക്ക് വില നൽകിയിരുന്നത് നിന്റെ എഴുത്തുകളായിരുന്നു സോജൻ …”’
പറഞ്ഞിട്ടവൾ നടന്ന് നീങ്ങിയപ്പോഴും തനിക്ക് അതേ നിസ്സംഗതയായിരുന്നു .
പിന്നീടവളെ ഇന്നാണ് കാണുന്നത് …
അവൾ ..അവളെങ്ങനെയുണ്ട് ?
മെലിഞ്ഞോ …തടിച്ചോ … ഇരുപത് ഇരുപത് വർഷത്തെ കാലയളവ് അവളുടെ മുഖത്ത് ചുളിവുകൾ വീഴ്ത്തിയിട്ടുണ്ടോ അവളുടെ മനോഹരമായ മുടിയിൽ നരകൾ ബാധിച്ചിട്ടുണ്ടോ …
ഒന്നുമോർമയില്ല … ഇന്നത്തെ സാന്ദ്രയെ അല്ല ..കരിങ്കൽ കെട്ടിലിരുന്ന് സ്വതവേയുള്ള പുഞ്ചിരിയോടെ വാതോരാതെ സംസാരിക്കുന്ന സാന്ദ്രയാണ് മനസിൽ ..
ഇന്ന് എന്നല്ല ..എന്നും …എല്ലായ്പ്പോഴും ആ മുഖമാണ് …
“‘സാർ … ഇനിയെന്തെലും വേണോ “‘ വെയിറ്റർ തട്ടിയുണർത്തിയപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത് …പെഗ്ഗിന്റെ പണം കൊടുത്തിട്ട് പുറത്തേക്കിറങ്ങി ..
“‘സോജൻ … എനിക്ക് ഒന്ന് കാണണമായിരുന്നു …”‘
കാറിൽ കയറി ചാർജിലിട്ട ഫോൺ എടുത്തു നോക്കിയപ്പോഴാണ് സാന്ദ്രയുടെ മെസേജ് കണ്ടത് .. ആരോ ഏഴോ മിസ്ഡ് കോളുകളും ഉണ്ടായിരുന്നു … തിരികെ വിളിക്കാൻ തോന്നിയില്ല .
“” പഴയ സ്ഥലത്ത് നാളെ എത്തുവാൻ പറ്റുമോ ?” മെസേജിന് റിപ്ലെ ഇട്ടിട്ട് കാറെടുത്തു.
പിറ്റേന്ന്,
കടൽക്കരയിലെ കരിങ്കൽ കെട്ടിനരികിൽ സാന്ദ്രയുണ്ടായിരുന്നു ..
സമയമൊന്നും പറഞ്ഞില്ലായെങ്കിൽ കൂടി തങ്ങൾ പണ്ട് കൂടിയിരുന്ന അതെ സമയത്ത്, അതേ സഥലത്ത് തന്നെ …
അവൾക്ക് ഏറെയിഷ്ടമുള്ള പച്ചക്കളർ സാരിയുടുത്ത് മങ്ങിത്തുടങ്ങുന്ന അസ്തമയ സൂര്യനെ നിർന്നിമേഷയായി നോക്കി നിൽക്കുന്ന അവളുടെ അരികിലേക്ക് നടന്നു .
“‘ ഹസ്ബൻഡ് ?”’ സുഖാന്വേഷണത്തിന് ഒടുവിൽ ഞാൻ ചോദിച്ചു .
എന്നും എന്റെ പ്രാർത്ഥനകളിൽ സാന്ദ്രയുടെ സന്തോഷത്തിനായി ഒരുനിമിഷം കരുതിയിരുന്നു .
“”ഇല്ല ..”‘
“‘ഇല്ലേ …ഏഹ് ..എന്ത് പറ്റി ?”
മറുപടി കേട്ടപ്പോൾ ഹൃദയമൊന്ന് വിങ്ങി അല്ലെങ്കിലും എന്റെ പ്രാർത്ഥനകൾ പലപ്പോഴും വിഫലമായി പോകുകയാണല്ലോ ചെയ്യാറ് .
“” കൂടെയില്ല … ശരീരങ്ങൾ മാത്രം സംസാരിക്കുമ്പോൾ അവിടെ മനസിനും വ്യക്തിക്കും പ്രസക്തിയില്ലെന്ന് തോന്നിയപ്പോൾ പിരിഞ്ഞു . പാർട്ടികളിലും മറ്റും മാത്രമായി ഒരു ഫാഷൻ മോഡലിനെ ആണെങ്കിൽ അത് കാശുകൊടുത്താലും കിട്ടുമല്ലോ ”’
പിന്നീടൊന്നും ചോദിക്കുവാനുണ്ടായില്ല .
”ഒരു ഡ്രൈവ് പോയാലോ ..”’
ഹൃദയങ്ങൾ തമ്മിലുള്ള സംസാരങ്ങൾ മാത്രമായപ്പോഴാണ് താൻ വെറുതെ ചോദിച്ചത്
അവൾ വരുമെന്ന് ഞാനൊട്ടും കരുതിയില്ല . പക്ഷെ ഒന്നും മിണ്ടാതെയവൾ ഫ്രണ്ട് ഡോർ തുറന്നകത്തുകയറി .
യാത്രയിൽ സാന്ദ്ര നിശബ്ദമായിരുന്നു .
പറയാനുള്ളതൊക്കെയും മൗനത്തിൽ ഒളിപ്പിക്കുന്ന മുഖഭാവത്തോടെ .
”” എന്തെ ഫാമിലിയെ കൊണ്ട് വന്നില്ല ?”’ കാർ നഗരം വിട്ട് ഗ്രാമത്തിന്റെ ശാന്തതയിലേക്ക് കടന്നിരുന്നു .
അവളുടെ ചോദ്യത്തിന് ഞാൻ മറുപടി നൽകിയില്ല . ആ ചോദ്യത്തിനുത്തരം തേടുകയായിരുന്നുവെൻറെ മനസും
“‘അത് ശിൽപയോട് ചോദിക്കേണ്ടിവരും . “” ഒരു നിമിഷത്തെ മൗനത്തിന് ശേഷം ഞാൻ പറഞ്ഞുതുടങ്ങി
സത്യത്തിൽ ഞാനും കാര്യഗൗരവമായി അതിനെപ്പറ്റി ചിന്തിച്ചതും ഇപ്പോഴാണല്ലോ . കേൾക്കുവാൻ ആളുണ്ടങ്കിലല്ലേ പറയാനാവൂ .
” അറേഞ്ച്ഡ് മാര്യേജ് ഒരുകണക്കിന് പറഞ്ഞാൽ ചൂതാട്ടമാണ് . ചിലർക്ക് ബമ്പറടിക്കും, പലർക്കും നഷ്ടമാകും . ഇതൊന്നും വേണ്ട ഒരു ആശ്വാസസമ്മാനം എങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നാണ് പലരും ആശിക്കുക . പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ചകൾ ചെയ്തും ജീവിതം മുന്നോട്ട് കൊണ്ട് പോകാനാണ് എല്ലാവർക്കും ആഗ്രഹം . പക്ഷെ പലപ്പോഴും അത് ആഗ്രഹം മാത്രമായി പോകുന്നു “‘
“‘ നിങ്ങളിപ്പോൾ ?”’ സാന്ദ്രയുടെ കണ്ണിൽ തെളിഞ്ഞ പ്രകാശത്തിന് എന്ത് അർത്ഥമാണെന്ന് എനിക്ക് മനസ്സിലായെങ്കിലും സേറ ആയിരുന്നെന്റെ മനസ്സിൽ ..എന്തിനാണ് ഇപ്പോഴത്തെ യാത്രയെന്നും
“” തനിക്കിന്ന് തിരിച്ചു ചെല്ലണോ ?”’ ഞാൻ അവളുടെ കണ്ണിലേക്ക് നോക്കി .
“‘ ശമ്പളം വാങ്ങുന്നതെല്ലാം അനാഥാലയത്തിനാണ് ഞാൻ കൊടുക്കുന്നത് . മരിച്ചുകഴിഞ്ഞാൽ മൃത ശരീരം മെഡിക്കൽ കോളേജിൽ പഠനത്തിനും “‘ അവൾ ആർത്തിരമ്പുന്ന മഴയിലേക്ക് നോക്കിപറഞ്ഞു .
“”’ മദർ … ഞാൻ സേറയുടെ ഡാഡിയാണ് “‘
“‘ഓഹ് … ഇതാണോ നിങ്ങളുടെ ഭാര്യ ? മോളുടെ കാര്യത്തിൽ എന്തെങ്കിലും ശ്രദ്ധയുണ്ടോ നിങ്ങൾക്ക് ? അച്ഛനെക്കാൾ ഉത്തരവാദിത്വം അമ്മക്കല്ലേ ? നാളിതുവരെ നിങ്ങളവരുടെ ടീച്ചേഴ്സിനെ വിളിച്ചു സംസാരിച്ചിട്ടുണ്ടോ ? “‘ ഓഫീസ് റൂമിൽ ഏസിയിലും പ്രിൻസിപ്പൽ സിസ്റ്ററിന്റെ മുന്നിലിരുന്ന് സാന്ദ്ര വിയർക്കുന്നുണ്ടായിരുന്നു .കോളേജ് ക്യാമ്പസിനു സൈഡിലെ പാർക്കിങ്ങിൽ കാർ വിട്ടിറങ്ങിയപ്പോൾ അവൾ ചോദ്യരൂപേണ എന്നെ നോക്കിയെങ്കിലും സേറയെ കാണാൻ ആണെന്ന് ഞാൻ പറഞ്ഞിരുന്നില്ല .
ഒരു വിധത്തിൽ അവിടെ നിന്നും പുറത്തെത്തിയപ്പോൾ വിസിറ്റേഴ്സ് റൂമിനെതിരെയുള്ള ഇടനാഴിയിലൂടെ സേറ വരുന്നുണ്ടായിരുന്നു .
“‘ മോൾ … മോൾ അല്ലെ അത് ?””
“”അച്ഛന്റെ അതേ ഛായ !! ”’ സാന്ദ്ര പിറുപിറുത്തു
തന്നെ കണ്ടപ്പോൾ വേഗതയിൽ ചലിച്ച സേറയുടെ കാലുകൾ സാന്ദ്ര തന്നോട് സംസാരിച്ചു കണ്ടപ്പോൾ മന്ദഗതിയിലായത് ശ്രദ്ധിച്ചു .
സേറ ഒന്ന് കൂടി മെലിഞ്ഞു വിളറിയിരുന്നു .
പക്ഷെ , കണ്ണുകളിലെ തിളക്കം അതേപോലെ തന്നെ .
“” ആന്റീ … നിങ്ങൾ വിവാഹിതരായോ ?”’
സേറ കയ്യിൽ പിടിച്ചു ചോദിച്ചപ്പോൾ അവളമ്പരന്നു തന്നെ നോക്കി .
“‘ഇ …. ല്ല”’
വാക്കുകളിലെ ഇടർച്ച ഒളിക്കാൻ എനിക്കായില്ല .
“‘ഡാഡിയും എന്നെ തോൽപ്പിക്കുവാണല്ലേ ?”” സേറയുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു .
“‘നിന്റെയെല്ലാ ആഗ്രഹങ്ങളും ഞാൻ സാധിച്ചു തന്നിട്ടുണ്ട് മോളെ ..ഇത് പക്ഷെ … ”’ ഞാൻ മോളെ ആശ്ലേഷിച്ചു
“‘ ആൽബത്തിൽ നിന്ന് ഞാൻ കണ്ടിട്ടുണ്ട് ആന്റിയുടെ ഫോട്ടോ . ചേരേണ്ടത് നിങ്ങളായിരുന്നു . വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നുവെന്നല്ലേ ആന്റീ .. നമ്മുടെ മനസ് ആണ് സ്വർഗ്ഗം . നാം സ്നേഹിക്കുന്നവർ എല്ലാം നമ്മുടെ മനസ്സാകുന്ന സ്വർഗ്ഗത്തിൽ ചേരണമെന്ന് പ്രാർത്ഥിക്കാറില്ലേ ..അതേപോലെ ഞാൻ എന്നും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുമായിരുന്നു . ആന്റീടെ ഫാമിലി ?”
“‘ഇല്ല …”” സാന്ദ്രക്ക് അമ്പരപ്പ് മാറിയിട്ടില്ലായിരുന്നു സേറയുടെ വാക്കുകളും പ്രവർത്തികളും കണ്ട് .
“” സോറി ആന്റീ .. ഞാൻ കാരണമാവും ഒരുപക്ഷെ അത് സംഭവിച്ചത് . കാരണം നിങ്ങൾ ഒന്നിക്കാൻ ഞാൻ എന്നും പ്രാർത്ഥിക്കുമായിരുന്നു . ഡാഡി ഒന്ന് ചിരിച്ചു ഞാൻ കണ്ടിട്ടില്ല . നാല്പതുകൾ കഴിഞ്ഞാൽ പിന്നെ ജീവിതം തീരുകയാണെന്ന് പറയാറുണ്ട് . അത്രയും നാൾ നാം മറ്റുള്ളവർക്കുവേണ്ടി , അവരുടെ ചട്ടക്കൂടിനുള്ളിൽ നിന്ന് ജീവിക്കും . ബാല്യം മുതൽ കൗമാരം വരെ മാതാപിതാക്കളുടെയും കൗമാരം മുതൽ യൗവ്വനം വരെ വീട്ടുകാരേയും നാട്ടുകാരേയും , ബോധ്യപ്പെടുത്താൻ നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റിവെച്ചു ചുറ്റുമുള്ളവർക്കായി ജീവിക്കും. പിന്നീടെപ്പോഴാണ് നാം നമുക്ക് വേണ്ടി ജീവിച്ചുതുടങ്ങുന്നത് ? . അടക്കിവെച്ച ആശകളും കൊച്ചുകൊച്ചു മോഹങ്ങളും എപ്പോഴാണ് തീർക്കുന്നത് . ഒടുവിൽ നഷ്ടബോധം പേറി മണ്ണിലൊടുങ്ങാൻ ആണോ ഈ ജീവിതം? . ലാസ്റ്റ് വിസിറ്റിൽ ഞാൻ ഡാഡിയോടാവശ്യപ്പെട്ട ഒരേയൊരു കാര്യം എങ്ങനെയെങ്കിലും ആന്റിയെ കണ്ടുപിടിക്കണം എന്നിട്ട് കൂട്ടണം എന്നാണ് . അല്ലാതെയെന്നെ കാണാൻ വരരുതെന്നും “” സേറയുടെ വാക്കുകളിൽ പതിനേഴിലും പക്വത നിറഞ്ഞിരുന്നു
സേറ തന്നെ നോക്കി മുഴുമിപ്പിച്ചപ്പോൾ തല കുനിക്കേണ്ടി വന്നു .
“” വിവാഹത്തിന് ഞാൻ വരും . ഡാഡി ഒരുപക്ഷെ പറയില്ല . ആന്റീ ..എനിക്ക് വേണ്ടി എങ്കിലും നിങ്ങൾ വിവാഹം കഴിക്കുമോ . പരസ്പരം മനസ്സിലാക്കിയവർ അല്ലെ ഒന്നിക്കേണ്ടത് ? അല്ലാതെ ഒരു ഗ്ലാസ് ചായ നീട്ടുന്ന സമയം കൊണ്ടുള്ള കൃഷ് ആണോ പിന്നീട് ജീവിതത്തിൽ കൂടെ കൂട്ടേണ്ടത് ? ”’
സേറ അവളെയൊന്ന് ആലിംഗനം ചെയ്തിട്ട് തിരിഞ്ഞുനോക്കാതെ ഹോസ്റ്റൽ റൂമിലേക്ക് നടന്നു
“‘ശിൽപ ..അവളോട് ഞാനൊന്ന് സംസാരിച്ചാലോ ?” മടക്കയാത്രയിൽ മഴ ഒട്ടൊന്നൊടുങ്ങിയപ്പോൾ വഴിയരികിലെ തട്ടുകടയിൽ നിന്ന് സുലൈമാനി കുടിച്ചുകൊണ്ടിരിക്കെ സാന്ദ്ര തന്നെ നോക്കി പറഞ്ഞു
ഫ്ലാറ്റിൽ 7B യുടെ കോളിംഗ് ബെൽ അമർത്തുമ്പോൾ ഒരു ധൈര്യത്തിനെന്നപോലെ സാന്ദ്ര എന്റെ കൈത്തണ്ടയിൽ ഒന്നമർത്തിയിട്ട് നീങ്ങി നിന്നു
വാതിൽ തുറന്ന ശേഷം ശിൽപ അകത്തേക്ക് മടങ്ങിയപ്പോൾ സാന്ദ്ര ഒരുനിമിഷം വിളറി .
“‘ഇരിക്ക് .. “‘ സേറയുടെ പല പ്രായത്തിലുള്ള ഫോട്ടോസ് ഭിത്തിയിൽ തൂക്കിയിരിക്കുന്നത് നോക്കി നിന്ന അവളോട് താൻ പറഞ്ഞു .
“” എല്ലാറ്റിലും നീയുണ്ട് മോളുടെ കൂടെ . ശിൽപ ഒരു ഫോട്ടോയിലും ഇല്ലല്ലോ “”‘
“” ഞാൻ ചായ ഇടാം “” മറുപടി പറയാതെ ഞാൻ കിച്ചണിലേക്ക് നടന്നു .
“”നീ ഫ്രഷാക് . ഞാൻ ചായ ഇട്ടോളാം “‘ അവൾ തന്നെ മാറ്റിയിട്ട് കിച്ചണിലേക്ക് നടന്നപ്പോൾ പിന്നെയൊന്നും പറഞ്ഞില്ല .
“‘നീയെന്നെ വണ്ടിയിരിക്കുന്നിടത്ത് ഡ്രോപ്പ് ചെയ്യുമോ ?”’
അവൾ സോഫയിൽ തനിക്ക് സമീപം വന്നിരുന്ന് ചോദിച്ചു . കീയെടുത്തു വരുമ്പോൾ സാന്ദ്ര ശിൽപയുടെ മുറിയിൽ നിന്ന് കാലിയായ ചായ ഗ്ലാസുമായി കിച്ചണിലേക്ക് പോകുന്നത് കണ്ടു
“” അവിടെ ശിൽപയുടെ മുറിയിൽ ഒരു ഫോട്ടോ …അതാരാ ? അവളെന്താണ് വെളുത്ത സാരിയിൽ ..ഉത്തരേന്ത്യകളിൽ ഒക്കെ വിധവകളെ കാണുന്ന പോലെ ””” കാറിൽ യാത്ര ചെയ്യവേ അവൾ ചോദിച്ചപ്പോൾ മനസിലെ ഭാരം പോലെ മഴ വീണ്ടും പെയ്തുതുടങ്ങിയിരുന്നു .
“‘ മിഥുൻ … ശിൽപ സ്നേഹിച്ചിരുന്നവൻ . വ്യത്യസ്ത മതത്തിൽ പെട്ടതായത് കൊണ്ടാവും അവളുടെ മാതാപിതാക്കൾ ആ ബന്ധത്തിന് എതിരായിരുന്നു .ചിലർ ലഭിക്കുന്ന പങ്കാളിക്കൊപ്പം മനസിൽ ഇഷ്ടങ്ങൾ ഒളിപ്പിച്ചു ജീവിക്കും , ചിലർക്ക് അതിനാവാറില്ല. ശിൽപ…. അവളിന്നും ജീവിക്കുന്ന താജ്മഹലാണ് . ഞാൻ അതിന്റെ അവശേഷിപ്പും “”
“‘എനിക്ക് സേറയെ ഒന്ന് വിളിച്ചുതരാമോ ?”’ അവൾ ഒരു നിമിഷത്തെ ആലോചനക്ക് ശേഷം ചോദിച്ചു .
“‘ഡാഡീ …” സ്പീക്കറിലൂടെ സേറയുടെ ശബ്ദം കേട്ടപ്പോൾ താൻ ബ്ലൂട്ടൂത് ഓഫാക്കാൻ കൈനീട്ടിയപ്പോൾ അവൾ വിലക്കി .
“” മോളെ ..ആന്റിയാണ് ..അല്ല ..നിന്റെ അമ്മ “”
“‘ആന്റീ …”‘ സേറയുടെ സന്തോഷം നിറഞ്ഞ ശബ്ദം .
“” മോളെ … ഞാനൊരു എക്സിബിഷന് വന്നതാണിവിടെ . ഇന്ന് തന്നെ തിരികെ പോകും . മോളുടെ നമ്പർ ഡാഡിയുടെ കയ്യിൽ നിന്നും ഞാൻ വാങ്ങിയിട്ടുണ്ട് . മോൾക്കെന്നെ എപ്പോൾ വേണമെങ്കിലും എന്താവശ്യത്തിനും വിളിക്കാം .. വിളിക്കണം . മോളുടെ എന്താവശ്യത്തിനും ഞാൻ ഉണ്ടാകും . ഒരമ്മയായി തന്നെ . അല്ലെങ്കിലും സ്വന്തം വയറ്റിൽ പിറക്കണമെന്നില്ലല്ലോ ഒരു കുഞ്ഞിന്റെ അമ്മയാകുവാൻ “”‘ അവളുടെ ശബ്ദം ചിലമ്പിച്ചിരുന്നു
“‘ആന്റീ .. .. “” സേറയുടെ ശബ്ദത്തിലെ കരച്ചിൽ ഞാൻ തിരിച്ചറിഞ്ഞു .
“‘ ഞാൻ നിന്റെ വീട്ടിൽ പോയിരുന്നു മോളെ . അമ്മയെ കണ്ടു. ഒന്നും സംസാരിച്ചില്ലായെങ്കിൽ കൂടി എനിക്ക് അവളെ മനസ്സിലാകും. ഞാൻ തനിച്ചു ജീവിച്ചു ശീലിച്ചവൾ ആണ് മോളെ . അതിൽ വിജയിച്ചു കാണിച്ചവൾ ..ശിൽപ …അവൾ പക്ഷെ അങ്ങനെയല്ല . ജീവിക്കാൻ അറിയില്ലാത്തവൾ . നിങ്ങളെ അവൾ ഒരുപക്ഷെ സ്നേഹിച്ചിട്ടില്ലെങ്കിൽ കൂടിയും നിങ്ങളാണ് അവളുടെ ലോകം . നിങ്ങൾ അവളിൽ നിന്ന് മാറിയാൽ അവൾ ഇല്ലാതാകും . “”
വാകമരചുവട്ടിൽ വെച്ചിരുന്ന വണ്ടിയിൽ കയറി അവൾ പോയപ്പോൾ ഞാൻ കഴിഞ്ഞ വർഷങ്ങളിൽ തേടിയ ചോദ്യത്തിനുത്തരം കിട്ടിയ സന്തോഷത്തിൽ ആയിരുന്നു .
അതെ , ഒന്നിച്ചു ജീവിക്കണ്ടേ കാര്യമില്ല ഒരാളെ അത്ര മാത്രം സ്നേഹിക്കുവാൻ .. അവർ എപ്പോഴും മനസ്സിലുണ്ടായാൽ മതി . ഓരോ നിശ്വാസത്തിലും വാക്കിലും പ്രവർത്തിയിലും അവരോടുള്ള പ്രണയം ഉണ്ടായാൽ മതി ..
ഒരിക്കലും തിരിച്ചുകിട്ടില്ലായെങ്കിൽ പോലും ….
ഫ്ലാറ്റിൽ കോളിംഗ് ബെൽ അടിച്ചു കാത്തിരിക്കുമ്പോൾ എന്റെ കയ്യിലെ കവറുകളിൽശിൽപക്കുള്ള ഡ്രെസ്സുകളായിരുന്നു . പലവർണ്ണത്തിൽ ഉള്ളവ … ഒരിക്കലെങ്കിലും അവളെ വർണങ്ങളിൽ കാണാമെന്ന പ്രതീക്ഷയോടെ ….