വ്യഥ
Story written by Rivin Lal
==================
വ്യഥ മോൾക്ക് പത്തു വയസ്സുള്ളപ്പോളാണ് അവളുടെ അമ്മ വൈഷ്നിക കാൻസർ വന്നു അവളെ വിട്ടു പോകുന്നത്. ഒരു പൂമ്പാറ്റയായി പറന്നു തുടങ്ങുന്ന പ്രായത്തിൽ അമ്മയെ നഷ്ട്ടപ്പെട്ട വ്യഥ മോളെ ചേർത്തു പിടിക്കാൻ ആകെയുണ്ടായിരുന്നത് വൈഷ്നികയുടെ ഒരേയൊരു അനിയനായിരുന്നു, ബി. ടെക് കഴിഞ്ഞു ഈയടുത്തു ജോലിക്കു കയറിയ വ്യഥ മോളുടെ ധ്വാരക് മാമൻ.
ചേച്ചി വൈഷ്നിക ഈ ലോകത്തോട് വിട പറഞ്ഞതോടെ അളിയൻ ഒരു മുഴു കുടിയനായി മാറി. ജോലിക്ക് ശരിക്കും പോവാതെ വ്യഥ മോളുടെ ഒരു കാര്യവും നോക്കാതെ അളിയൻ ഒരു ദിവസം ആരോടും പറയാതെ വീട് വിട്ടിറങ്ങി എങ്ങോട്ടോ പോയി. ആളെ കുറിച്ച് വീട്ടുകാർ പോലീസിൽ പരാതി കൊടുത്തെങ്കിലും ഇത് വരെ ഒരു അറിവും കിട്ടിയില്ല. അതോടെ വ്യഥ മോൾ ആ വീട്ടിൽ ഒറ്റപ്പെട്ടു. അളിയന്റെ ഏട്ടന്റെ ഭാര്യക്കു വ്യഥ മോളോട് അല്പം അനിഷ്ടം ഉണ്ടായിരുന്നു. കാരണം അവരുടെ മകൻ അവളെക്കാൾ രണ്ടു വയസ്സിനു ഇളയതാണ്, അവന് ആ വീട്ടിൽ മുൻതൂക്കം കൊടുക്കുന്ന മട്ടിലായിരുന്നു അവരുടെ പെരുമാറ്റം മുഴുവൻ.
വ്യഥ മോൾക്ക് ശരിക്കും ഭക്ഷണം പോലും അവർ കൊടുക്കില്ല. സ്കൂളിൽ പോകുമ്പോൾ ശ്രദ്ധിക്കില്ല. അളിയന്റെ അമ്മയ്ക്കണേൽ ചെറുതായി മാനസിക പ്രശ്നങ്ങൾ ഉണ്ട്, ഓർമ ഇടയ്ക്ക് നഷ്ടപെടുന്ന അസുഖം കൂടി ആയപ്പോൾ ആ പ്രായമായ സ്ത്രീക്ക് ആ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും അറിയാതെയായി.
ഒരിക്കൽ ധ്വാരക് വ്യഥ മോളെ കാണാൻ ആ വീട്ടിൽ ചെന്നപ്പോൾ മുറിയുടെ ഒരു മൂലയിൽ ചടഞ്ഞിരിക്കുന്ന മോളെയാണ് കണ്ടത്. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ “കഴിക്കാൻ ഒരു ദോശ അധികം ചോദിച്ചപ്പോൾ വല്യമ്മ അവളെ ചൂടുള്ള ചട്ടുകം കൊണ്ടു തല്ലി എന്നായിരുന്നു പരാതി”
പിന്നെ കൂടുതൽ ഒന്നും ചിന്ദിച്ചില്ല. അപ്പോൾ തന്നെ മോളെയും കൂട്ടി ധ്വാരക് അവന്റെ വീട്ടിലേക്കു വന്നു. അവന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് അവളൊരുപാട് സന്തോഷവതിയാണ്. അമ്മമ്മയും അമ്മച്ചനും അവൾക്കു ജീവനാണ്.
ധ്വാരക് അമ്മയോട് പറഞ്ഞു “മോൾ ഇനി ഇവിടെ അടുത്തുള്ള സ്കൂളിൽ തുടർന്നു പഠിക്കട്ടെ. അവളുടെ എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കോളാം. അമ്മ ഒന്ന് കൂടെ നിന്നു തന്നാൽ മതി. അച്ഛനമ്മമാരുടെ കുറവ് ഇനി നമ്മുടെ കുട്ടി അറിയരുത്. എനിക്ക് പിറന്നതല്ലെങ്കിലും എന്റെ ചോരയുടെ ബാക്കിയല്ലേ. ഇനി അവളിവിടെ വളരട്ടെ. അതാണ് എല്ലാം കൊണ്ടും നല്ലത്…!”
അവന്റെ തീരുമാനം ശരിയാണെന്ന് അമ്മയ്ക്കും തോന്നി. ആ വീട്ടിൽ അന്ന് മുതൽ വ്യഥ മോളുടെ അച്ഛനും അമ്മയുമെല്ലാം ധ്വാരക് ആയിരുന്നു. അമ്മമ്മയുടെയും അമ്മച്ചന്റെയും നടുവിൽ അവൾ ഒന്നിനും ഒരു കുറവും വരാതെ വളർന്നു.
വർഷങ്ങൾ കഴിയുംതോറും ധ്വാരക് അവളെ സ്വന്തം മകളായി അംഗീകരിച്ചു കഴിഞ്ഞിരുന്നു. അതൊരു പ്രശ്നമായി ആദ്യം വന്നത് ബി. എഡിന് പഠിക്കുന്ന കീർത്തികയുടെ കല്യാണ ആലോചന ഇരുപത്തിയേഴാം വയസ്സിൽ ധ്വാരകിനു വന്നപ്പോളാണ്.
പെണ്ണ് കാണാൻ പോയ.കീർത്തികയോട് അവൻ ആദ്യമേ തുറന്നു പറഞ്ഞു “എന്റെ പെങ്ങളുടെ മോളെ സ്വന്തം പോലെ അംഗീകരിക്കുന്ന ഒരു പെൺകുട്ടി..അതിൽ കൂടുതൽ സങ്കല്പങ്ങൾ എനിക്കില്ല. കുട്ടിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടാവും എന്നറിയാം, എന്നാലും അങ്ങിനെ ഒരാളെയെ ഞാൻ കെട്ടൂ”
കീർത്തികയ്ക്ക് അത് സമ്മതമായിരുന്നുവെങ്കിലും അവളുടെ വീട്ടുകാർക്ക് അത് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല. അങ്ങിനെ ആ ആലോചന മുടങ്ങി.
പിന്നീടുള്ള ഓരോ ആലോചനകളും ഇതേ കാരണത്താൽ വീണ്ടും വീണ്ടും മുടങ്ങി കൊണ്ടിരുന്നു. മുടങ്ങുന്ന ആലോചനകൾക്കും കടന്നു പോയി കൊണ്ടിരിക്കുന്ന വർഷങ്ങളുടെ എണ്ണത്തിനും തമ്മിൽ വലിയ വ്യത്യാസമില്ലായിരുന്നു.
അവസാനം അവന്റെ അമ്മ പറഞ്ഞു “മോനേ..ചില കാര്യങ്ങളിൽ നീ വിട്ടു വീഴ്ച ചെയ്യണം. അമ്മ എന്താണ് പറഞ്ഞതെന്ന് വെച്ചാൽ വ്യഥ മോളുടെ കാര്യമാണ്. നീ ആ കുട്ടിയുടെ കാര്യം പെണ്ണ് കാണാൻ പോകുന്ന സകല പെൺകുട്ടികളോടും പറയരുത്. അവളും വളർന്നു കെട്ടിക്കാൻ പ്രായമായ മോളാണ്. കുറച്ചൂടി കഴിഞ്ഞാൽ അവളെക്കെല്ലാം മനസിലാകും, നീ നിന്റെ ജീവിതം ഇങ്ങിനെ അവൾക്കു വേണ്ടി ബലി കേടാക്കല്ലേ മോനേ. നിന്റെ കൊച്ചിനെ കൂടി കണ്ടു വേണം ഈ അമ്മയ്ക്ക് കണ്ണുകളടയ്ക്കാൻ. അത് പറയുമ്പോളേക്കും അമ്മയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു.
അത്രയൊക്കെ അമ്മ പറഞ്ഞിട്ടും ധ്വാരകിന് കുലുക്കമൊന്നുമുണ്ടായില്ല. എങ്കിലും.അമ്മ ഗോവണിയിറങ്ങി താഴേക്കു പോയപ്പോൾ അയാൾ റൂമിലെ കണ്ണാടിക്ക് മുൻപിൽ നിന്നും സ്വയം നോക്കി, ശരിയാണ്. വയസ്സ് 38 കഴിഞ്ഞിരിക്കുന്നു. മുടിയും താടിയും അല്പം നരച്ചു തുടങ്ങിയിരിക്കുന്നു.
വ്യഥ മോൾക്ക് വേണ്ടി ജീവിച്ച ഇത്രയും കാലം താൻ സ്വയം ജീവിക്കാൻ മറന്നിരിക്കുന്നു. എങ്കിലും അവളെ പഠിപ്പിച്ചു ജോലിയാക്കി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയാക്കി. ഇനിയവളെ നല്ലൊരു പയ്യന്റെ കയ്യിൽ ഏല്പിച്ചു തനിക്കു സ്വസ്ഥമായി വിശ്രമിക്കണം, ധ്വാരക് തീരുമാനിച്ചു.
അവളുടെ സമ്മതത്തോടെ അവൾക്കു ചേർന്ന ഉത്തമനായ ഒരു പയ്യനെ തന്നെ ധ്വാരക് അവൾക്കു വേണ്ടി കണ്ടു പിടിച്ചു.
വിവാഹ ദിവസം വധുവും വരനും അനുഗ്രഹം വാങ്ങാൻ നിന്നപ്പോൾ ആരോ കല്യാണ പന്തലിൽ നിന്നും വിളിച്ചു പറഞ്ഞു പണ്ട് നാട് വിട്ട അവളുടെ അച്ഛൻ കല്യാണം കൂടാൻ വന്നിട്ടുണ്ട് എന്ന്.
എല്ലാവരും അയാളെ അവിടെ തിരഞ്ഞു ആരോ അയാളെ അവളുടെ മുൻപിൽ എത്തിച്ചപ്പോളേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അയാളെ കണ്ടപ്പോൾ നഷ്ട്ടപെട്ട എന്തോ ഒന്ന് തിരിച്ചു കിട്ടിയ സന്തോഷം ഉണ്ടായെങ്കിലും ഇത്രയും കാലം അവളെ തിരിഞ്ഞു നോക്കാത്ത അയാളോട് അവൾക്കല്പം ദേഷ്യവും ഉണ്ടായിരുന്നു.
എല്ലാവരും അച്ഛന്റെ കാൽ തൊട്ടു അനുഗ്രഹം വാങ്ങാൻ പറഞ്ഞപ്പോൾ വ്യഥ മാത്രം ധ്വാരകിന്റെ കാൽക്കലാണ് വീണത്, കാരണം അവളുടെ അച്ഛനും അമ്മയുമെല്ലാം അന്ന് വരെ ധ്വാരകാണ്.
അത് കണ്ടപ്പോൾ എല്ലാവരുടെയും മുൻപിൽ ധ്വാരക് നിറ കണ്ണുകളോടെ നിന്നു. അനുഗ്രഹം വാങ്ങാൻ കുനിഞ്ഞു നിൽക്കുന്ന വ്യഥ മോളെ അനുഗ്രഹിക്കാൻ അടുത്ത് നിന്നും അമ്മയും അച്ഛനും പറയുന്നുണ്ടായിരുന്നു.
ധ്വാരക് അവളുടെ നെറ്റിയിൽ കൈ വെച്ചു “നന്നായി വരും, എന്നും നല്ലത് മാത്രമേ ന്റെ കുട്ടിക്ക് ഉണ്ടാവൂ. ദീർഘ സുമംഘലിയായിരിക്കട്ടെ…!”
അവന്റെ അനുഗ്രഹം വാങ്ങിയതോടെ അവളൊരുപാട് സന്തോഷവതിയായി.
വിവാഹത്തിന്റെ ബാക്കി ചടങ്ങുകളെല്ലാം കഴിഞ്ഞു അവൾ കാറിൽ കയറുമ്പോൾ അവിടെയെല്ലാം വ്യഥ ധ്വാരകിനെ നോക്കി. പക്ഷേ എങ്ങും കണ്ടില്ല. ആ പന്തലിൽ നിന്നും അവനപ്പോളേക്കും അപ്രത്യക്ഷമായിരുന്നു. കാറിൽ അവൾ കയറി കഴിഞ്ഞപ്പോൾ അവന്റെയമ്മ ഡോർ അടച്ചു കൊടുത്തു. അപ്പോൾ വ്യഥ അവരുടെ കൈ പിടിച്ചു വിഷമത്തോടെ പറഞ്ഞു “അമ്മമ്മേ….മാമൻ….മാമനെ കണ്ടില്ലലോ..??”
“മാമൻ അവിടെയെവിടേലും കാണും..മോള് അവിടെയെത്താൻ വൈകണ്ട…സന്തോഷമായി ചെല്ല്..അമ്മമ്മ മാമനെ കാണുമ്പോൾ പറഞ്ഞോളാം..!”
അമ്മമ്മയുടെ വാക്ക് കേൾക്കുമ്പോളും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവനെ കാണാത്ത വിഷമത്തോടെ വ്യഥയാ വീടിന്റെ പടിയിറങ്ങി.
****************************
“വൈഷു..നിന്റെ വ്യഥ മോളെ ഞാൻ ഇന്ന് എല്ലാവരുടെയും അനുഗ്രത്തോടെ ഒരാളുടെ കയ്യിൽ ഭദ്രമായി ഏൽപ്പിച്ചു. അമ്മയുടെ സ്ഥാനത്തു നിൽക്കാൻ നിനക്ക് പകരം നമ്മുടെ സ്വന്തം അമ്മയെ ഉണ്ടായുള്ളൂ. അച്ഛന്റെ സ്ഥാനത്തു നിന്നു ഞാൻ അനുഗ്രഹിച്ചു. അവൾക്കു വേണ്ടിയാണ് ഞാൻ ഇത്രയും കാലം ജീവിച്ചത്. അത് കൊണ്ടാവണം അവൾ പെട്ടെന്ന് പോയപ്പോൾ ആകെ ഒരു ശൂന്യത പോലെ മനസ്സിൽ. ഗേറ്റ് കടക്കാൻ നേരം അവൾ എന്നെ അന്വേഷിച്ചു കാണണം. അവളുടെ കരയുന്ന മുഖം എനിക്ക് കണ്ടു നിൽക്കാൻ കഴിയില്ല. അവൾ ജനിച്ചപ്പോൾ നീയാണ് അവളെ എന്റെ കയ്യിൽ ആദ്യമായി ഏല്പിച്ചു തന്നത്. അന്ന് മുതൽ ഞാൻ നെഞ്ചത്തിട്ടു താലോലിച്ച കുട്ടിയെയാണ് ഇന്നിപ്പോൾ എന്നിൽ നിന്നും പറിച്ചു കൊടുത്തത്. നീ എല്ലാം കാണുന്നുണ്ടെന്ന് എനിക്കറിയാം.. എന്നാലും.. എന്റെ വിഷമം നിന്നോടല്ലാതെ വേറെ ആരോടാ ഞാൻ പറയാ..?!”
മാലയിട്ട വൈഷ്നികയുടെ ഫോട്ടോയിൽ നോക്കി അത്രയും പറഞ്ഞപ്പോളേക്കും ധ്വാരക് കരഞ്ഞു പോയിരുന്നു.
പിന്നിൽ നിന്നും വലതു തോളിൽ ഒരു കൈ വന്നു മെല്ലെ പതിച്ചപ്പോളാണ് ധ്വാരകിന് സ്വബോധം വന്നത്. അവൻ തിരിഞ്ഞു നോക്കിയപ്പോൾ അത് കീർത്തികയായിരുന്നു. മുഖത്തൊരു വലിയ കണ്ണടയും വെച്ചു, കോട്ടൺ സാരിയുമുടുത്തു തന്റെ മുന്നിൽ നിൽക്കുന്ന അവളിപ്പോളൊരു കോളേജ് ലെക്ചറർ ആണ്.
“കീർത്തിക…!! എന്താ ഇവിടെ..?? അവൻ അതിശയത്തോടെ ചോദിച്ചു.
ആ ചോദ്യം കേട്ടപ്പോൾ അവളുടെ മുഖത്തൊരു ചെറിയ പുഞ്ചിരി വന്നു. എന്നിട്ടു തുടർന്നു “കല്യാണ ചെക്കൻ എന്റെ അടുത്ത ബന്ധുവാണ്. ഈ തറവാട്ടിൽ നിന്നാണ് ആലോചന എന്ന് കേട്ടപ്പോളേ മനസിലേക്ക് ആദ്യം ഓർമ വന്നത് ഈ മുഖമാണ്. പിന്നെ ഇന്നത്തെ ഈ ദിവസത്തിന് വേണ്ടിയുള്ള ഒരു ചെറിയ കാത്തിരിപ്പായിരുന്നു. ഒന്ന് നേരിട്ടു കാണാനും സംസാരിക്കാനും..അതിപ്പോൾ നടന്നു. സന്തോഷമായി ഒരുപാട്..!”
“ഭർത്താവ്..?? കുട്ടികൾ..?? ആരും വന്നില്ലേ..??” അവൻ വാതിലിന്റെ അടുത്തേക്ക് അവരെ നോക്കി.
ഒരു ചെറിയ മൗനമായിരുന്നു അവളുടെ ആദ്യത്തെ മറുപടി. “ഇല്ലാ..എന്റെ കല്യാണം കഴിഞ്ഞിട്ടില്ല..!” അവൾ മുഖത്തൊരു പുഞ്ചിരി വരുത്തിച്ചു കൊണ്ടു പറഞ്ഞു.
“ഓഹ്.. ഐ ആം സോറി..!” അവൻ പെട്ടെന്ന് മുഖം തിരിച്ചു.
“ചെക്കന്റെ വീട്ടുകാരൊക്കെ തിരിച്ചു പോവാനായി. കീർത്തിക അവരുടെ കൂടെ പോകുന്നില്ലേ.?”
“ഇല്ലാ..പോകുന്നില്ല..എന്താ പറഞ്ഞയക്കാൻ വല്ല പ്ലാനുമുണ്ടോ…?” അവൾ അല്പം കൊഞ്ചലോടെയാണ് അത് ചോദിച്ചത്.
“അതിപ്പോൾ..താൻ പറഞ്ഞു വരുന്നത് എനിക്ക് മനസ്സിലായി. ഇനിയീ പ്രായത്തിൽ വീണ്ടും ഒരു കല്യാണം എന്ന ചിന്തയൊക്കെ…വ്യഥ മോൾ വന്നതോടെ ഞാനാ ചിന്തയൊക്കെ ഒരിക്കൽ മനസ്സിൽ നിന്നും കളഞ്ഞതാണ്. ഇനി അത് വേണോ…??” അവൻ ചോദിച്ചു.
“വേണോ വേണ്ടയോ എന്നൊക്കെ വ്യഥയുടെ മാമൻ ഒന്നൂടി ഇരുന്ന് ആലോചിക്ക്…ഇപ്പോൾ എനിക്ക് സ്വന്തമായി ഒരു ജോലിയൊക്കെയായതിൽ വീട്ടുകാർ എന്റെ ഇഷ്ടത്തിന് എതിര് നിൽക്കില്ല. പിന്നെ കല്യാണത്തിനും പ്രണയത്തിനുമൊന്നും അങ്ങിനെ കട്ട് ഓഫ് പ്രായം ഒന്നുമില്ലല്ലോ. നാല്പത്തിലും അമ്പതിലും ഇതൊക്കെ ചെയ്യാം. അത് കൊണ്ട് ഇപ്പോൾ തൽക്കാലം ഞാനവരുടെ കൂടെ തിരിച്ചു പോകുന്നു. പൊന്നു മാമൻ ആലോചിച്ചു ഒരു തീരുമാനമെടുത്തിട്ട് ഈ വരുന്ന ഞാറാഴ്ച്ച ഉച്ചക്ക് മുൻപ് വീട്ടിൽ വന്നേക്കണം. അല്ലെങ്കിലേ ഉച്ചക്ക് ശേഷം ചായ കുടിക്കാൻ പാലക്കാട് നിന്നും വരുന്ന ഒരു 42 കാരൻ മാഷിന്റെ കൂടെ ഞാനങ്ങു പോകും. പിന്നെയെന്നെ മഷിയിട്ട് നോക്കിയാൽ കിട്ടൂല. ഇപ്പോളേ പറഞ്ഞില്ല എന്ന് വേണ്ടാ..!” അതും പറഞ്ഞു അവൾ ചിരിച്ചു കൊണ്ട് അവന്റെ മുന്നിൽ നിന്നും പുറത്തേക്ക് ഇറങ്ങി.
അവൾ കണ്ണിൽ നിന്നും മായുന്നത് നോക്കി നിൽക്കുമ്പോൾ അവന്റെ മനസ്സ് അവനവളെ ആദ്യമായി പെണ്ണ് കണ്ട ദിവസത്തെ യവ്വനത്തിലേക്കു തിരിച്ചു പോയി മുഖത്തൊരു പ്രണയത്തിന്റെ പുഞ്ചിരിയുമായി തിരിച്ചു വന്നു തുടങ്ങിയിരുന്നു….!!!
അവസാനിച്ചു
~റിവിൻ