സാധാരണ ഉല്ലാസയാത്രകളിൽ ഉന്മേഷവാനായി കാണുന്ന യദുകൃഷ്ണന്റെ മുഖം കനത്തിരുന്നു….

ഈ തണലിൽ…

Story written by Sebin Boss J

================

”യദുവേട്ടാ..നമ്മളെങ്ങോട്ടാണ് പോകുന്നെ ?”’

ഹൈറേഞ്ചിലേക്കുള്ള ഹെയർപിൻ വളവുകൾ കയറവെ ശ്രീക്കുട്ടി ചോദിച്ചു. സാധാരണ ഉല്ലാസയാത്രകളിൽ ഉന്മേഷവാനായി കാണുന്ന യദുകൃഷ്ണന്റെ മുഖം കനത്തിരുന്നു

”’എന്റെ പൊന്നു ശ്രീക്കുട്ടി..ഞാനീ വർക്കൊന്ന് തീർത്തോട്ടെ . ”

”ഏത് നേരോം ഈ ലാപ്ടോപ്പിന്റെ മുന്നിൽ ഇരുന്നോ…മനുഷ്യനിവിടെ പണിയെടുത്തു മടുത്തു. അതിനിടക്ക് പറഞ്ഞാൽ കേൾക്കാത്ത ഒരു ചെറുക്കനും. ഈ നാശം പിടിച്ച ജീവിതം ”

”എന്നാ കൊണ്ട് പോയി കളയ്..അല്ലപിന്നെ ” യദു ക്രൂദ്ധനായി പറഞ്ഞു

”എന്നതാ..എന്നതാ പറഞ്ഞെ..കൊണ്ടുപോയി കളയാനോ ? അത്രേം ആയി അല്ലെ..അത്രേം വരെ വെറുത്തുവല്ലേ ഞങ്ങളെ, കൊണ്ട് പോയി കളയാൻ …എന്തെളുപ്പായി പറയാൻ ? പിന്നെന്തിനാ നിങ്ങളെന്നെ കല്യാണം കഴിച്ചേ ?”’ ശ്രീക്കുട്ടി പൊട്ടിത്തെറിച്ചതോടെ യദു ലാപ്ടോപ്പും മടക്കിവെച്ചെണീറ്റു

”’അതൊന്നും നാളെ തീർക്കാൻ പറ്റത്തില്ല..ഞാൻ യന്ത്രമൊന്നുമല്ല മാഡം …”

“ഓ..പിന്നെ…നിങ്ങടെ ജോലി പോയാലെനിക്ക് പുല്ലാ . സ്കെച്ചും പ്ലാനും വരക്കാനറിയാവുന്നിടത്തോളം കാലം ഈ യദു കൃഷ്ണൻ നട്ടെല്ലുയർത്തി തന്നെ ജീവിക്കും ഇവിടെ ?””

”ആ..പോട്ട് പുല്ല് ”’

യദുവിന്റെ പുറകെ ഹാളിലേക്ക് വന്ന ശ്രീക്കുട്ടി , ആരോടോ സംസാരിച്ചിട്ട് ഫോൺ എറിഞ്ഞുപൊട്ടിക്കുന്ന യദുവിനെയാണ് കണ്ടത്.അവനെ ഇത്തരം ഭാവത്തിലവൾ കണ്ടിട്ടുണ്ടായിരുന്നില്ല

” യദുവേട്ടാ ..എന്താ ..എന്തുണ്ടായി ?”

”ആ ജോലി പോയി … നീ … നീ കാരണമാ …നീ കാരണമാ എല്ലാം ”’

യദു അവളുടെ നേരെ കയ്യോങ്ങിക്കൊണ്ട് വന്നിട്ട് , സ്വയം മുടിയിൽ വലിച്ചുപറിച്ചു ദേഷ്യമടക്കി

”അച്ഛേ …എന്നാ ..എന്നാ അമ്മേ അച്ഛ വഴക്കുണ്ടാക്കുന്നത് ?”’

ഒച്ചപ്പാടും ബഹളവും കേട്ട് മുറിയിൽ നിന്നോടി വന്ന ഹരിക്കുട്ടൻ ശ്രീക്കുട്ടിയുടെ ചുരിദാറിൽ പിടിച്ചുവലിച്ചുകൊണ്ട് ചോദിച്ചു

”ആ…ആർക്കറിയാം . അങ്ങാടീൽ തോറ്റതിന് അമ്മയോട് . അച്ഛന്റെ ദേഷ്യം കാരണം ജോലിപോയതിന് എന്റെ തലയിലേക്കാ കേറുന്നേ ” ശ്രീക്കുട്ടി മോനെ എടുത്തുകൊണ്ട് പറഞ്ഞു

”’അതേടി ..സ്വിച്ചിട്ടപോലെ ഭാവം മാറ്റാൻ എനിക്ക് നിന്നെപ്പോലെ പറ്റില്ല . ഒരു നിമിഷം കൊണ്ട് പല്ലിറുമ്മിയിട്ട് അടുത്തനിമിഷം പൊട്ടിച്ചിരിക്കാൻ ഞാൻ ആട്ടക്കാരനുമല്ല..എല്ലാമുണ്ടാക്കി വെച്ചിട്ടവൾ വിശേഷം തിരക്കാൻ വന്നേക്കുന്നു …എന്നാ യദുവേട്ടാ എന്ന്”.” യദു ഭിത്തിയിൽ മുഷ്ട്ടിച്ചുരുട്ടി ആഞ്ഞിടിച്ചു

”ഞാൻ ആട്ടക്കാരിയാണല്ലേ..ആട്ടക്കാരി.. പിന്നെന്തിനാ ഈ ആട്ടക്കാരിയെ കെട്ടിയത് ? ഇപ്പൊ ഇല്ലാത്ത കുറ്റമെല്ലാം എനിക്ക് . വേറെ വല്ലവളേം കണ്ടുവെച്ചിട്ടുണ്ടാകും . ഞാൻ കാണുന്നുണ്ട് ചിലതുങ്ങളെ ഫേസ്ബുക്കിലും മറ്റും . അവരോട് ചാറ്റ് ചെയ്യുമ്പോ എന്തൊരിളിക്കമാ ?”

” നിന്നോട് …നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല … ”

യദു പൊട്ടിത്തെറിച്ചുകൊണ്ട് വീട്ടിൽ നിന്നിറങ്ങി

”’ യദുവേട്ടാ ..ഇനീം പിണക്കമാണോ ? ഞാൻ സോറി പറഞ്ഞില്ലേ … നമ്മളെങ്ങോട്ടാ നമ്മളെങ്ങോട്ടാ ഈ പോകുന്നെ ?”’ ശ്രീക്കുട്ടിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു . യാത്രാക്ഷീണം കൊണ്ട് ഹരിക്കുട്ടൻ അവളുടെ മടിയിൽ കിടന്ന് ഉറങ്ങിയിരുന്നു

അന്നത്തെ വാഗ്‌വാദത്തിന് ശേഷമിറങ്ങിപ്പോയ യദു ഒരാഴ്ചക്ക് ശേഷം ഇന്നുച്ചക്കാണ് മടങ്ങിയെത്തിയത് . വന്നയുടനെ ശ്രീക്കുട്ടിയുടെയും മോന്റെയും കുറച്ചുവസ്ത്രങ്ങളുമെടുത്തു കാറിൽ അവരെയും കൂട്ടി യാത്രയായതാണ്

പൊട്ടിക്കരഞ്ഞുകൊണ്ടാണ് ശ്രീക്കുട്ടി അവനെ എതിരേറ്റത് . ഫോണിലും അറിയാവുന്ന സുഹൃത്തക്കൾ മുഖേനയും യദുവിനെ തിരക്കിയിട്ടും അവനെപ്പറ്റിയുള്ള വിവരങ്ങളൊന്നും അറിയുവാൻ കഴിയാതെ അവളാകെ വിവശയായിരുന്നു

ശ്രീക്കുട്ടിയുടെ ഏക ആശ്രയം ലക്ഷ്മി ചിറ്റയായിരുന്നു. ചെറുപ്പത്തിൽ ;മാതാപിതാക്കൾ നഷ്ടപെട്ട ശ്രീക്കുട്ടിയെ വളർത്തിയതും പഠിപ്പിച്ചതും ലക്ഷ്മിച്ചിറ്റ ആയിരുന്നു. ചിറ്റ ജോലിചെയ്തിരുന്ന ഓർഫനേജിലെ സ്ഥിരം സന്ദർശകനായിരുന്നു യദു . അനാഥനായ അവന്റെ സ്വഭാവം ഇഷ്ടപ്പെട്ടാണ് ലക്ഷ്മി യദുവിനെ ശ്രീക്കുട്ടിക്ക് ആലോചിച്ചത്

”’ജോലിയൊന്നുമായില്ല ശ്രീക്കുട്ടി. ഇവിടെയെങ്ങുമൊരു രക്ഷയുമില്ല . ഒന്ന് രണ്ടെണ്ണം പറഞ്ഞതൊക്കെ സാലറി കുറവും. ഹൗസിംഗ് ലോണും മറ്റും ഉള്ളതല്ലേ?. ബാംഗ്ലൂർ എന്റെയൊരു ഫ്രണ്ട് ഉണ്ട് . അവന്റെ കമ്പനിയിൽ ഒരു വേക്കൻസിയുണ്ട് ഏതാണ്ട് ഇവിടുത്തെ അത്ര തന്നെ ശമ്പളം കിട്ടും. ”

”നമ്മൾ ബാംഗ്ലൂർക്ക് പോകുവാണോ യദുവേട്ടാ . സാധനങ്ങൾ ഒക്കെ അപ്പോൾ ?”

”നിന്നെയും മോനെയും കൂടി ഒന്നുമില്ലാത്തിടത്തേക്ക് ചെല്ലുന്നതെങ്ങനെയാ ?. അവിടെ ജോലി വല്ലതും റെഡിയായി വാടകക്ക് വല്ല വീടോ മറ്റോ സംഘടിപ്പിച്ചിട്ട് വേണം നിങ്ങളെ കൊണ്ട് പോകണേൽ ”

”അപ്പൊ നമ്മുടെ ഈ വീടോ ? ഞങ്ങളെവിടെ നിൽക്കും? നമുക്കിവിടം മതി യദുവേട്ടാ ”’ ശ്രീക്കുട്ടി വിതുമ്പി

”’ ഇത് നമ്മുടെ വീടാണോ ? ലോണടച്ചുതീർന്നാൽ മാത്രം നമ്മുടെ വീട് . അതല്ലങ്കിൽ നാളെ മറ്റൊരിടത്തേക്ക് ചെക്കേറേണ്ടിവരും .നമ്മളൊക്കെ ഒരു കണക്കിന് അനാഥരല്ലേ ശ്രീക്കുട്ടി . എത്ര ബന്ധുജനങ്ങൾ ഉണ്ടെങ്കിലും സൗഹൃദങ്ങൾ ഉണ്ടെങ്കിലും നമ്മുടെ പെരുമാറ്റം കൊണ്ടോ വാക്കുകൾ കൊണ്ടോ അവർ അകന്നാൽ ആരുമില്ലാത്ത അനാഥർ . നീയും ഞാനും ഒരുപോലെയാണ് . നിനക്ക് ചിറ്റയുടെ വാക്കുകളിൽ നിന്നെങ്കിലും അച്ഛനുമ്മയെയും അറിയാൻ പറ്റിയിരുന്നു . എനിക്കോ ? ആരോ പെറ്റ് വഴിയരികിലുപേക്ഷിച്ചു പോയൊരനാഥൻ. ജീവിതത്തിലെ കഷ്ടപ്പാടുകൾ അനുഭവിച്ചു തന്നെയാണ് വളർന്നത് . അതുകൊണ്ട് തന്നെ ആരോടും പരിഭവമോ പരാതിയോ ഇല്ല . ഇതുവരെ തന്നതിനെല്ലാം ദൈവത്തോട് നന്ദി മാത്രം . ആദ്യമൊക്കെ ഈ സമൂഹത്തോട് മുഴുവൻ അമർഷവും ദേഷ്യവുമായിരുന്നു . ഓർഫനേജിലെ മദർ ലില്ലിയമ്മ ഒരിക്കൽ എന്നെ അവരുടെ മൈസൂരിലെ കോൺവെന്റിലേക്ക് കൊണ്ടുപോയി . ആ അവധിക്കാലം ഞാൻ മൈസൂരിൽ അവരുടെ കോൺവെന്റിലായിരുന്നു . അവർ നടത്തിയിരുന്ന പല അഗതിമന്ദിരങ്ങൾ , വികലാംഗർക്ക് വേണ്ടിയുള്ള കോഴ്‌സുകൾ ചെയ്യുന്ന സ്ഥാപനങ്ങൾ , കാൻസർ സെന്ററിലേ രോഗികൾക്കുള്ള ആഹാര വിതരണം…. എല്ലാം ചെയ്യുവാൻ എന്നെയും മുന്നിൽ നിർത്തി അവർ. കാലൊന്നനക്കാൻ പോലുമാകാതെ ജീർണിച്ചു വഴിയരികിൽ കിടക്കുന്നവരെ പുഞ്ചിരിയോടെ അവർ എടുത്തുകൊണ്ട് വരും . അവരെ പരിചരിച്ചു ശുദ്ധിയാക്കി പുതിയ വസ്ത്രങ്ങൾ ഇടുവിച്ചു കഴിഞ്ഞ് കണ്ണാടിയുടെ മുന്നിൽ നിർത്തും. അപ്പോൾ അവരുടെ ഒരു ആഹ്ലാദമുണ്ട് . ചിലർ പൊട്ടിച്ചിരിക്കും… ചിലർ പൊട്ടിക്കരയും… അവിടെ നിന്ന് പോരുമ്പോൾ ഞാൻ പുതിയൊരു മനുഷ്യനായിരുന്നു. ഇപ്പോഴുള്ള സൗഭാഗ്യങ്ങളിൽ സന്തോഷിക്കാൻ പറ്റുന്ന, ക്ഷമിക്കാനും പൊറുക്കാനും കഴിയുന്നൊരു മനുഷ്യൻ. പക്ഷെ അതിനുമൊരു പരിധിയുണ്ട് ശ്രീക്കുട്ടി . ഞാനും നീയും ഒരേ അവസ്ഥയിലൂടെ കടന്നുപോന്നവരായതുകൊണ്ടാണ് ഞാൻ നിന്നെ ഇഷ്ടപ്പെട്ടതും ചിറ്റയോട് പറഞ്ഞതും . പക്ഷേ നീ പലപ്പോഴും അതിരുകടക്കുന്നു ശ്രീക്കുട്ടി . അതിന് കാരണവും എനിക്കറിയാം … ”

”യദുവേട്ടാ ഞാൻ..ഞാനിനി അങ്ങനെയൊന്നും. ഇനിയൊരിക്കലും ദേഷ്യപ്പെടില്ല .. ഞങ്ങളെ ഇട്ടേച്ച് പോകല്ലേ യദുവേട്ടാ . ഒരാഴ്ച തനിച്ചു നിന്നതിന്റെ വിഷമം എനിക്കെ അറിയൂ ..”

”അതങ്ങനെയാണ് ശ്രീക്കുട്ടീ…കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല. ഒരാഴ്ച ഞാൻ ഇല്ലാതിരുന്നപ്പോൾ നീ വിഷമിച്ചെങ്കിൽ ഒരിക്കൽ ഞാൻ ഇല്ലാതായാൽ ?”’

”അരുതാത്തതൊന്നും പറയല്ലേ യദുവേട്ടാ ” ശ്രീക്കുട്ടി യദുവിന്റെ വാ പൊത്തി പൊട്ടിക്കരഞ്ഞു

ഹരിക്കുട്ടൻ ബഹളം കേട്ട് എണീറ്റു. കാർ ഹെയർപിൻ വളവുകൾ കഴിഞ്ഞ് ഒരു നിരപ്പായ സ്ഥലത്ത് എത്തിയിരുന്നു. അൽപം മാറി ഒരു ചെറിയ ചായക്കട കണ്ടപ്പോൾ യദു അതിനടുത്തായി കാർ ഒതുക്കി . താഴ്വാരത്തുനിന്നും വരുന്ന വണ്ടികൾ മിക്കതും അവിടെ നിർത്തുന്നുണ്ടായിരുന്നു

” ഒന്ന് മുഖം കഴുകടി . ഞാൻ ചായ വാങ്ങിക്കൊണ്ട് വരാം ” യദു മിനറൽ വാട്ടറിന്റെ ബോട്ടിൽ നീട്ടിയിട്ട് ചായക്കടയിലേക്ക് നടന്നു .

”എങ്ങനെയുണ്ട് പരിപ്പുവട …അവിടെ ചെറുകടിയായി പരിപ്പുവടയെ ഉണ്ടായിരുന്നുള്ളൂ ”

മൂന്നാമത്തെ വടയും എടുക്കുന്നത് കണ്ട യദു അവളോട് പറഞ്ഞു .

”നല്ല രുചി .. ”’ ശ്രീക്കുട്ടി വിഷാദത്തിലും പുഞ്ചിരിച്ചു .

” നിനക്കിഷ്ടമില്ലാത്തതാണല്ലോ പരിപ്പുവട . ഞാൻ വാങ്ങിക്കൊണ്ട് വരുമ്പോഴെല്ലാം നീ മുഖം കറുപ്പിച്ചിട്ടേയുളളൂ . വിശപ്പിനാണ് രുചി… രാവിലെ ഒന്നും കഴിക്കാതെ പോന്നതല്ലേ, ഉള്ളിലെ വിഷമങ്ങൾകൊണ്ട് വിശപ്പുമറിഞ്ഞില്ല . ചോയ്സുകൾ ഉണ്ടാകുമ്പോൾ ആണ് ഇഷ്ടങ്ങൾ ഉണ്ടാകുക . മുന്നിൽ ഒന്നേ ഉള്ളുവെങ്കിൽ നമ്മളത് കൊണ്ട് തൃപ്തിപ്പെടും .ഇപ്പോൾ നമ്മുടെ മുന്നിൽ ഒരു വഴിയേ ഉള്ളൂ . അതുകൊണ്ട് തൃപ്തിപ്പെടണം , ഇഷ്ടമായാലും ഇല്ലെങ്കിലും … ””

””’ നമ്മൾ പോകുന്നത് ശ്രീദേവി ടീച്ചറുടെ അടുത്തേക്കാണ് . ഞാൻ കോഴ്സ് കഴിഞ്ഞു ആറുമാസത്തേക്ക് ജോലി ചെയ്തിരുന്നപ്പോൾ താമസിച്ചത് ടീച്ചറുടെ വീട്ടിൽ പേയിങ് ഗസ്റ്റ് ആയിട്ടാണ് . അവിടെ ടീച്ചർ മാത്രമേയുള്ളൂ . പേയിങ്ഗസ്റ് ആയി കിട്ടിയത് തന്നെ മദർ ലില്ലിയമ്മ പറഞ്ഞിട്ടാണ് . നിന്നെയും മോനെയും തനിച്ചു നിർത്താൻ പറ്റില്ലല്ലോ . ഞാൻ കഴിഞ്ഞ ദിവസം ടീച്ചറിനെ കാണാൻ വന്നിരുന്നു . ടീച്ചറാണ് നിന്നെ ഇവിടെ ആക്കിയിട്ട് പോകാൻ പറഞ്ഞത് ”

ശ്രീക്കുട്ടിയുടെ കണ്ണുകൾ നിറഞ്ഞു. വണ്ടി സ്റ്റാർട്ട് ചെയ്തുമുന്നോട്ട് പോകുമ്പോഴും അവൾ മൂകയായിരുന്നു

” ജീവിതം ഇങ്ങനെയൊക്കെയാണ് ശ്രീക്കുട്ടി . നീ കാണുന്ന സീരിയലും സോഷ്യൽ മീഡിയ റീൽസുകളും ഒന്നുമല്ല ജീവിതം . അവരൊക്കെ തന്നെയും തങ്ങളുടെ ദുഖങ്ങളും വിഷമങ്ങളും അതുപോലെയുള്ള ഹോബികളിൽ തീർക്കുന്നതാണ് .അടുത്തറിയുമ്പോൾ മാത്രമേ അവരുടെ വിഷമങ്ങളും മറ്റും അറിയാനാവൂ . ചിറ്റയുടെ തണലിൽ വളർന്നത് കൊണ്ട് നീയൊന്നുമറിഞ്ഞില്ല . അച്ഛനുമമ്മയുമില്ലാത്തത് കൊണ്ട് നിന്നെ ലാളിച്ചുവളർത്തി . ”

” ഒന്ന് നിർത്തുന്നുണ്ടോ യദുവേട്ടാ..ഞാൻ സോറി പറഞ്ഞതല്ലേ..വീണ്ടും വീണ്ടും ഈ കുറ്റപ്പെടുത്തൽ . മടുത്തു ..ഞാൻ ”

”ഈ ഏഴെട്ട് വർഷത്തിനിടക്ക് നീ എത്രയായിരം സോറി പറഞ്ഞിട്ടുണ്ടെന്നറിയാമോ ശ്രീക്കുട്ടി . നിന്റെ വാശിയും ദേഷ്യവും ഫ്രസ്‌ട്രേഷനുമൊക്കെ എന്നിൽ തീർക്കാം . ഒരു സോറി പറഞ്ഞാൽ തീർന്നല്ലോ . ഞാൻ ഇതെല്ലാം ആരിൽ തീർക്കും . നിന്നോടൊന്ന് മിണ്ടാനാവുമോ ? ഇത്രയും കാലത്തിനിടക്ക് ഞാനൊന്ന് ദേഷ്യപ്പെട്ടപ്പോൾ നിനക്ക് നൊന്തു…വിഷമിച്ചു …”

”അത് പിന്നെ … യദുവേട്ടൻ ആദ്യമായിട്ട്… ഇങ്ങനെ ഞാൻ കണ്ടിട്ടില്ലല്ലോ ”

”ഇല്ല… ഞാനും കൂടെ ദേഷ്യപ്പെട്ടിരുന്നുവെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ വഷളായേനെ . ഒരു കൈ അടിച്ചാൽ അല്ലെ ശബ്ദമുണ്ടാകൂ . അതുകൊണ്ട് തന്നെ പലപ്പോഴും ക്ഷമിക്കുകയായിരുന്നു . പക്ഷെ ഇനിയും മുൻപോട്ടങ്ങനെ പറ്റില്ല . ഇന്നീ തെറ്റ് തിരുത്തിയില്ലെങ്കിൽ ജീവിതകാലം മുഴുവൻ ഞാൻ അനുഭവിക്കേണ്ടി വരും . ജീവിതമൊന്നേയുള്ളൂ ശ്രീക്കുട്ടി .അതിങ്ങനെ ഉമിത്തീ പോലെ എരിഞ്ഞടങ്ങാനുള്ളതല്ല . ”

ശ്രീക്കുട്ടി എന്തോ പറയാൻ തുനിഞ്ഞപ്പോഴേക്കും കാർ കയറ്റം കയറി ഗേറ്റിനുള്ളിലേക്ക് പ്രവേശിച്ചിരുന്നു

ഭംഗിയായി പരിപാലിക്കുന്ന ഒരു പൂന്തോട്ടത്തിനുനടുവിലൂടെ കരിങ്കല്ല് പാകിയ വഴിയിലൂടെ കാർ ഓടിട്ട ഒരു പഴയ തറവാട് പോലെയുള്ള വീടിന്റെ മുറ്റത്തേക്ക് വന്നു നിന്നു .

”അതാണ് ടീച്ചർ… ഇവിടെയല്ലാവർക്കും ടീച്ചറെ ഭയങ്കര ബഹുമാനമാ . നോക്കീം കണ്ടും നിന്നോണം കേട്ടോ ”

വീടിന്റെ വടക്കുവശത്തെ അടുക്കളത്തോട്ടത്തിൽ കള പറിക്കുകയായിരുന്ന ഒരു പ്രൗഢയായ സ്ത്രീയെ കാണിച്ചുകൊണ്ട് യദു അവൾക്ക് കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു .

” കേറിയിരിക്കടാ … നിനക്കിന്ന് തന്നെ പോണോ . ചായ കുടിച്ചിട്ട് പോകാം . മോനുറങ്ങിയോ …ശ്രീക്കുട്ടി അല്ലെ…യദു എപ്പോഴും പറയും . പക്ഷെ നിങ്ങടെ കല്യാണം മാത്രമിവൻ വിളിച്ചില്ല ..”’ ശ്രീദേവി ടീച്ചർ ചിരിച്ചുകൊണ്ട് ഓടിവന്ന് ശ്രീക്കുട്ടിയുടെ കൈപിടിച്ചു

വീടിന്റെ മുന്നിലെ നീളൻ വരാന്തയിൽ തന്നെയായിരുന്നു അവർ കാപ്പികുടിക്കാനിരുന്നത്. അവിടെ ഇരുന്നാൽ താഴ്വാരത്തെ ചെറുപട്ടണം കാണാമായിരുന്നു . നീണ്ടു കിടക്കുന്ന കാപ്പി , കുരുമുളക് തോട്ടത്തിന്റെ നടുവിലായി ടീച്ചറിന്റെ ഈ വീടും തൊട്ടപ്പുറത്ത് തന്നെ ഒരു മതിൽകെട്ടിനുള്ളിൽ പുതുതായി പണി കഴിപ്പിച്ച ഒരു ഇരുനില മാളികയും മാത്രമാണ് ആ കുന്നിൻമുകളിൽ ഉണ്ടായിരുന്നത്

”അങ്ങോട്ട് നോക്കണ്ട ശ്രീക്കുട്ടി. അയാൾ ആരാണെന്നോ എവിടെയുള്ളതാണെന്നോ അറിയില്ല . ശനിയാഴ്ച വരും . തിങ്കളാഴ്ച രാവിലെ പോകുന്നത് വരെ ആ വീടിനുള്ളിലാണ് . ഒന്ന് പരിചയപ്പെടാനുള്ള മര്യാദ പോലുമില്ല .സ്ഥലം അയാളുടെ ആയിരുന്നുവെന്ന് തോന്നുന്നു . പക്ഷെ ഞാൻ റിട്ടയർ ആയതിൽ പിന്നെയാണ് ഈ വീട് പണി കഴിഞ്ഞവിടെ ആൾ വന്നത് ”

ശ്രീക്കുട്ടി ആ ബംഗ്ലാവിലേക്ക് നോക്കുന്നത് കണ്ടപ്പോൾ ടീച്ചർ വല്യ താല്പര്യമില്ലാതെ പറഞ്ഞു

ഒന്ന് രണ്ട് മാസം പെട്ടന്ന് കടന്നുപോയി….

ഒരു ഞായറാഴ്ച രാവിലെ ശ്രീക്കുട്ടി മുറ്റത്തെ കൂടിന് ചുറ്റുമുണ്ടായിരുന്ന പ്രാവുകൾക്ക് തീറ്റ കൊടുക്കുമ്പോഴായിരുന്നു ഒരു കാർ വരുന്നത് കണ്ടത് . യദുവിന്റെ കാർ ആണെന്നറിഞ്ഞതും അവൾ അടക്കാനാവാത്ത ആഹ്ലാദത്തോടെ കാറിനരികിലേക്ക് ഓടി

”യദുവേട്ടാ ..ഇതെന്നാ പറയാതെ വന്നേ. ഈശ്വരാ .. ഭയങ്കര സർപ്രൈസ് ആയിപ്പോയി കേട്ടോ .. ആ അനുഭവിച്ചോ… ഹരിക്കുട്ടനും ടീച്ചറമ്മേം കൂടെ അമ്പലത്തിൽ പോയേക്കുവാ . ”

” ഞാൻ എന്റെ സുന്ദരി ഭാര്യെനെ കാണാൻ അല്ലെ വന്നേ ?”’ യദു ചിരിച്ചുകൊണ്ടവളെ ആശ്ലേഷിച്ചു .

”അയ്യേ … പോയെ ഒന്ന് . സോപ്പിടുന്നു . നടുമുറ്റമാണ് മനുഷ്യാ ഇത് . പോരാത്തേന് ആ വൃത്തികെട്ട വായിനോക്കി ഇങ്ങോട്ട് തിരിച്ചു ക്യാമറേം വെച്ചിരിക്കുന്നു ”

ശ്രീക്കുട്ടി രോഷത്തോടെ അപ്പുറത്തെ ബംഗ്ലാവിന്റെ രണ്ടാം നിലയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി യിലേക്ക് കണ്ണോടിച്ചുകൊണ്ട് പറഞ്ഞു .

”കേറി വാ ..ഞാൻ ചായ ഇടാം ”

ശ്രീക്കുട്ടി അകത്തേക്ക് കയറി

” ആഹാ ..നീയെപ്പോ വന്നു ? ശ്രീക്കുട്ടിയെവിടെ ”

”അച്ഛാ …”’ ടീച്ചറിന്റെ ശബ്ദം കേട്ടാണ് യദു ടിവി ന്യൂസിൽ നിന്ന് കണ്ണുയർത്തിയത് . അച്ഛായെന്നും വിളിച്ചോടി വന്ന ഹരിക്കുട്ടനെ വാരിയെടുത്തുമ്മ വെച്ചുകൊണ്ട് അവൻ ടീച്ചറെ നോക്കി ചിരിച്ചു

”’ ഇപ്പൊ വന്നതേയുള്ളൂ .അവൾ അടുക്കളയിൽ . ഇന്നെന്താ അമ്പലത്തിൽ വിശേഷിച്ച് ?”’

” ടീച്ചറമ്മേടെ കെട്യോന്റെ ജന്മനാൾ ….”’ ചായയും കൊണ്ടുവന്ന ശ്രീക്കുട്ടിയാണത് പറഞ്ഞത് .

”മിഥുന മാസത്തിലെ ചോതി, ദേവേട്ടന്റെ ജന്മനാൾ . ഇവനെല്ലാം അറിയാവുന്നതാണ് ശ്രീക്കുട്ടി ..വെറുതെ എന്നെ കളിപ്പിക്കാൻ ”’

ശ്രീദേവി ടീച്ചർ അവന്റെ കയ്യിലേക്ക് വഴിപാടായി നേദിച്ച പായസം നീട്ടി .

” നീ വരുന്നുണ്ടായിരുന്നേൽ സദ്യ ഒരുക്കാമായിരുന്നു ..ഞങ്ങൾ രണ്ടാളും മാത്രമായത് കൊണ്ട് ” ശ്രീദേവി ടീച്ചർ അവനെ ശകാരിച്ചു .

”ഒരാൾ ആണേലും ആഹാരമുണ്ടാക്കണം .കൂടെ ഒരാൾ കൂടെയുണ്ടേൽ അവരുടെ ഇഷ്ടം കൂടി നോക്കിയുണ്ടാക്കണം . പിന്നെ വിളിച്ചിട്ട് വരാത്തത്… പോയിട്ടിപ്പോ മാസം രണ്ടായി …ആദ്യമൊക്കെ ഇവൾ രാവിലെയും ഉച്ചക്കും വൈകിട്ടും വിളിക്കുമായിരുന്നു . പിന്നെയത് വൈകിട്ടായി .. പിന്നെ ഒന്നിരാടൻ ആയി. പിന്നെ എന്നെ പതിയെ മറന്നു .”

”പോടാ ഒന്ന് .. കൊച്ചിനെ വഴക്ക് പറയാതെ. അവൾ പിന്നെ അവിടുത്തെ ഫ്ളാറ്റിലെ നാല് ചുവരിനുള്ളിൽ ഇരുന്ന് ബോറടിച്ചിട്ട് ഇവിടെ വന്നപ്പോൾ ഒന്ന് ശ്വാസം വിട്ടതാ ”’

”അതുപിന്നെ … രാവിലെ ഓരോ പരിപാടിയുമായി പറമ്പിലേക്കിറങ്ങിയാൽ പിന്നെ ഒന്നിനും നേരം തികയില്ല യദുവേട്ടാ .കോഴിയും മുയലും താറാവും ….എന്തോരം പണികളുണ്ടെന്ന് അറിയാമോ?.അതുകൊണ്ടാ … പിന്നെ യദുവേട്ടനും തിരക്കായിരിക്കില്ലേ ”

ശ്രീക്കുട്ടി മുഖം രക്ഷിച്ചു .

” കുറ്റപ്പെടുത്തിയതല്ല ശ്രീക്കുട്ടീ…അവിടെ ഫ്ലാറ്റിൽ നീ തനിച്ചായിരുന്നപ്പോൾ നിനക്ക് ബോറടിയായിരുന്നു . എപ്പോഴും ഞാൻ അരികിൽ വേണമായിരുന്നു .വിളിക്കുമ്പോൾ എടുത്തില്ലെങ്കിൽ , വീട്ടിൽ വന്ന് വർക്ക് ചെയ്താൽ , ഒന്ന് മെസേജ് നോക്കിയാൽ പരിഭവവും പിണക്കവുമായിരുന്നു . പക്ഷെ നീ തിരക്കായപ്പോൾ നിനക്ക് വിളിക്കാൻ പോയിട്ട് ഒന്ന് പരിഭവിക്കാൻ പോലും സമയമില്ലാതായി . എനിക്കും നിന്നെയും മോന്റെയുമൊപ്പം സമയം ചിലവഴിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടില്ല . സമയക്കുറവും ജോലിത്തിരക്കും ഒക്കെയാണ് പ്രശ്നം . ചിലതൊക്കെ അനുഭവങ്ങളിൽ നിന്നെ പഠിക്കുകയുള്ളൂ . ഇവിടെ വന്നപ്പോൾ ടീച്ചറിനെ ആശ്രയിച്ചു നിൽക്കുന്നത് കൊണ്ട് എന്നെ വിളിക്കാനോ അല്ലെങ്കിൽ മൊബൈലിൽ സമയം ചിലവഴിച്ചാലോ ടീച്ചർ എന്തോർക്കുമെന്ന് നീ കരുതി .ടീച്ചറിനോട് അടുത്തപ്പോഴേക്കും നീ ചെയ്തിരുന്ന ജോലിയിൽ വ്യാപൃതയായിരുന്നു . അതുകൊണ്ട് തന്നെ നിനക്ക് പരിഭവിക്കാനോ പിണങ്ങാനോ സമയവും കിട്ടിയില്ല…സ്വാഭാവികമാണത് . ചിലതൊക്കെ അനുഭവിച്ചാലേ പഠിക്കൂ .”

യദു പറഞ്ഞത് കേട്ടതും ശ്രീദേവി ടീച്ചറുടെ മുഖം ഇരുണ്ടു .

”ടീച്ചറമ്മ എന്തിനാ വിഷമിക്കുന്നെ ?കണ്ടോ ഈ യദുവേട്ടൻ … ഏട്ടൻ ഇങ്ങനെയുള്ളതാ ഇടക്ക് ടീച്ചറമ്മേ ഉപദേശം ” ശ്രീക്കുട്ടി ടീച്ചറുടെ കവിളിൽ വാത്സല്യത്തോടെ തഴുകി

”’ ഞാൻ ഏട്ടനെ ഓർത്തുപോയി മോളെ… ഇങ്ങനെയൊന്ന് പറഞ്ഞു തരാനാരേലുമുണ്ടായിരുന്നേൽ ഞങ്ങൾ ഒരുപക്ഷെ പിരിയില്ലായിരുന്നു . നിന്നെ പോലെ തന്നെ ആയിരുന്നു ഞാനും . ദേവേട്ടൻ അല്പം താമസിച്ചാൽ എനിക്ക് വല്ലാത്ത വീർപ്പുമുട്ടലാ . ഇഷ്ടം കൊണ്ടാണ് .ഏട്ടനൊന്ന് മുഖം കനപ്പിച്ചാൽ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഞാനും ദേഷ്യപ്പെടും . രണ്ടാളും അക്കാര്യത്തിൽ മോശക്കാരല്ലായിരുന്നു കേട്ടോ . ആരും ഒന്നും വിട്ടുകൊടുക്കില്ലായിരുന്നു . അത്രക്ക് വാശിയും ദേഷ്യവും . ആ വാശിയിലും ദേഷ്യത്തിലും നഷ്ടപ്പെട്ടത് എന്റെ മോളെയാണ് . ” ശ്രീദേവി ടീച്ചർ വിതുമ്പി .

”കരയാതെ ടീച്ചറമ്മെ .. ഏട്ടനും പറമായിരുന്നു രണ്ട് കയ്യടിച്ചാലേ ശബ്ദമുണ്ടാകൂ എന്ന് . അതുമാത്രമല്ല , ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് .എല്ലാം കുറ്റപ്പെടുത്തൽ പോലെയാണ് എനിക്ക് തോന്നിയിരുന്നത് . ഇന്നിപ്പോ ചിന്തിക്കുമ്പോൾ അതെല്ലാം നല്ലതിനായിരുന്നുവെന്ന് മനസ്സിലാകുന്നുണ്ട് . എന്നെപ്പോലെ തന്നെ മുൻകോപവും ദേഷ്യവും ഏട്ടനും ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ഞാനും ടീച്ചറെ പോലെ തനിച്ചായേനെ . ഏട്ടൻ പറഞ്ഞിട്ടുണ്ട് അനാഥാലയത്തിലെ ജീവിതം ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട് . ഇവിടുത്തെ രണ്ട്‌ മാസം… ടീച്ചറമ്മേടെ ജീവിതാനുഭവങ്ങളും ഇവിടുത്തെ ജീവിതവും എല്ലാം കൂടി എന്നെയും കുറെ കാര്യങ്ങൾ പഠിപ്പിച്ചു ”

ശ്രീക്കുട്ടി അഭിമാനത്തോടെ യദുവിനെ നോക്കി .

” നിങ്ങൾ രണ്ടാളും ഭർത്താക്കന്മാരിലായിരുന്നു സന്തോഷം കണ്ടെത്തിയിരുന്നത് . അതിൽ അല്പം കുറവുകൾ വന്നാൽ പോലും നിങ്ങൾക്ക് സഹിക്കാൻ പറ്റില്ലാതെ വന്നു ..നമ്മുടെ സന്തോഷം മറ്റുള്ളവരെ ആശ്രയിച്ചായിരിക്കരുത്. അത്‌ നമ്മുടെ ഉത്തരവാദിത്വമാണ്, നമ്മുടെ മാത്രം. അതുകൊണ്ട് ഈ ജീവിതത്തിൽ കുറച്ചൊക്കെ സന്തോഷം സ്വയം കണ്ടെത്തുക. നമ്മുടെ ആരോഗ്യത്തിന് ആനുസരിച്ചുള്ള ചെറിയ ജോലികൾ, ഹോബികൾ ഒക്കെ ചെയ്ത് നമ്മുടെ മനസ് എപ്പോഴും ഹാപ്പി ആയിരിക്കാൻ ശ്രമിക്കുക. ശ്രീദേവി വീട്ടിൽ തനിച്ചായിരുന്നപ്പോഴാണ് വഴക്കുകളും ബഹളങ്ങളും ഉണ്ടായിരുന്നത് . ഞങ്ങൾ തമ്മിൽ പിരിഞ്ഞപ്പോൾ അവൾക്ക് സ്വന്തം കാലിൽ നിൽക്കേണ്ടി വന്നു . പിന്നീട് അവളുടെ ജീവിതം അവൾ തന്നെ കണ്ടെത്തി . അതിൽ കുറവുകളില്ല…ആരെയാണ് കുറ്റപ്പെടുത്തേണ്ടത് ? സ്വയം കുറ്റപ്പെടുത്തൽ ജീവിതത്തിൽ തോറ്റുപോയനവന്റെ ശബ്ദമാണ് ”

വാതിൽക്കൽ നിന്നും അപരിചിതമായൊരു ശബ്ദം കേട്ട് മൂവരും തിരിഞ്ഞെങ്കിലും ആരുമൊന്നും സംസാരിച്ചില്ല .

“‘ദേ…വേ… ഏട്ടൻ …..”’ഞെട്ടലിൽ നിന്ന് മുക്തയായ ശ്രീദേവി ടീച്ചറുടെ ചുണ്ടിൽ നിന്നും പതറിയ ശബ്ദം പുറത്തുവന്നു .

” ഹമ് … ”’

”എന്റെ ദേവേട്ടാ … എന്നോട് ക്ഷമിക്കൂ ”

” എന്തിനാണ് നീ എന്നോട് ക്ഷമ ചോദിക്കുന്നത് ? ഞാനും പാതി കുറ്റക്കാരനല്ലേ . തൊണ്ണൂറ് ശതമാനം കേസുകളിലും ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള വഴക്കിൽ രണ്ടാളും തുല്യപങ്കാളികളാണ്. വാശിയും ദേഷ്യവും വിട്ടുകൊടുക്കാൻ ഉള്ള മനസില്ലായ്മയും എന്റെയും പാളിച്ചകൾ ആയിരുന്നു. ഒന്ന് തുറന്നു സംസാരിച്ചിരുന്നുവെങ്കിൽ തീരുമായിരുന്ന പ്രശ്നങ്ങളായിരുന്നു നമ്മൾ തമ്മിലുണ്ടായിരുന്നത് ”

ദേവൻ ശ്രീദേവിയെ ആശ്ലേഷിച്ചുകൊണ്ട് കരച്ചിൽ കേട്ട് എണീറ്റ് വന്ന ഹരിക്കുട്ടനെയും ശ്രീക്കുട്ടിയെയെയും മാറിമാറി നോക്കി . ശ്രീക്കുട്ടിയുടെ കണ്ണിൽ ആകെ അമ്പരപ്പായിരുന്നു

” മോളെ ..ശ്രീക്കുട്ടി .. ഇതാണ് എന്റെ ഏട്ടൻ .. യദൂ .. കണ്ടോടാ … മോള് വന്നതിന്റെ ഐശ്വര്യമാ … ”’

ശ്രീദേവി അതിയായ ആഹ്ലാദത്തോടെ മേശപ്പുറത്തുവെച്ചിരുന്ന ഇലത്തുമ്പിൽ നിന്ന് ചന്ദനം എടുത്ത് ദേവന്റെയും ശ്രീക്കുട്ടിയുടെയും നെറ്റിയിൽ കുറിവരച്ചു .

”മോനെ … അറിയുമോടാ ” ശ്രീക്കുട്ടിയെ ചേർത്തുപിടിച്ചിരുന്ന ഹരിക്കുട്ടനെ വാരി എടുത്തുമ്മ വെച്ചുകൊണ്ട് ദേവൻ ചോദിച്ചു

”’ ദേവേട്ടാ . ഇത് യദുവിന്റെ ഭാര്യയും കുഞ്ഞുമാണ് .. ദേവേട്ടൻ ഇത്രേം നാളും എവിടെയായിരുന്നു ?ഞാൻ അന്വേഷിക്കാത്ത സ്ഥലമില്ല … നമ്മുടെ മോള് … മോള് ദേവേട്ടന്റെ കൂടെ കാണുമെന്നാണ് ഞാൻ ഓർത്തത് . ശ്രീലക്ഷ്മി … അവൾ ..അവളെ ഏട്ടൻ കണ്ടിരുന്നോ ? ” ദേവൻ ഹരിക്കുട്ടനെ ഉമ്മ വെച്ചത് കണ്ടപ്പോൾ ടീച്ചർ അയാളോട് യദുവിനെയും ശ്രീക്കുട്ടിയെയും പരിചയപ്പെടുത്തി .

”ഹ്മ്മ് … ഞാനും നിങ്ങളെ രണ്ടാളെയും തിരക്കി ഒരുപാട് അലഞ്ഞിരുന്നു . നിന്നെ കണ്ടെത്തിയപ്പോഴേക്കും റിട്ടയർമെന്റ് അടുത്തിരുന്നു . ചുറ്റും ബഹളങ്ങളും പരിവാരങ്ങളുമുള്ളപ്പോൾ നമ്മൾ ഒന്നുമറിയില്ല ശ്രീദേവി .റിട്ടയർമെന്റ് കഴിഞ്ഞ് തനിച്ചാകുമ്പോൾ ഒരുതാങ്ങില്ലാതെ നീ ചിലപ്പോൾ വീണുപോയേക്കാം . എനിക്കും ആ അവസ്ഥ തന്നെയാണ് . ആരോഗ്യമുള്ളപ്പോൾ ആരുടെയും ആശ്രയം വേണ്ടല്ലോ . ഒരു പക്ഷെ നീ അംഗീകരിച്ചില്ലായെങ്കിൽ കൂടി നമ്മൾ രണ്ടാളും അടുത്ത് തന്നെ വേണമെന്ന് തോന്നി . അതാണ് നിന്റെ അടുത്തുതന്നെ സ്ഥലം വാങ്ങി അവിടെ വീട് വെച്ചത് . ”’

” ദേവേട്ടനായിരുന്നോ അവിടെ വീട് വെച്ചത് .. ”” ശ്രീദേവിയുടെ കണ്ണിലെ അത്ഭുതം പൊടു ന്നനെ എന്തോ ഓർത്ത് മാഞ്ഞു

”മോള് .. മോള് കൂടി ഉണ്ടായിരുന്നുവെങ്കിൽ ”ശ്രീദേവി ദേവന്റെ തോളിൽ ചാരി വിതുമ്പി .

” ഇതല്ലേ ..ഇതല്ലേ .ശ്രീദേവി …നമ്മുടെ മോൾ ”’ ശ്രീക്കുട്ടിയെ വാരിയണച്ചു ദേവൻ പറഞ്ഞപ്പോൾ ശ്രീക്കുട്ടിയും ശ്രീദേവിയുമൊരുപോലെ ഞെട്ടി പിന്നോക്കം മാറി .

” ഹ്മ്മ് … നമ്മൾ പിരിഞ്ഞപ്പോൾ മക്കൾ ഇല്ലാത്ത കൊണ്ട് ബന്ധം ഉപേക്ഷിക്കുന്ന വക്കിലായിരുന്നല്ലോ നിന്റെ അനിയത്തി ശ്രീലക്ഷ്മി …അവൾ നമ്മുടെ മോളെ വളർത്തിക്കോളാമെന്ന് പറഞ്ഞപ്പോൾ അന്നത്തെ സാഹചര്യത്തിൽ നമ്മൾ അതിന് തയ്യാറായി .എന്നിട്ടും ലക്ഷ്മിയുടെ ബന്ധം പിരിഞ്ഞിരുന്നു . മോളെപോലെ വളർത്തിയ ഇവളെ എന്നെങ്കിലുമൊരുനാൾ നമ്മൾ അന്വേഷിച്ചെത്തിയാൽ പിരിയേണ്ടിവരുമോയെന്നോർത്താണ് അവൾ ആരും കണ്ടെത്താനാവാതെ പലതവണ താമസംമാറിയത് മാറിയത് ””

”’ ചിറ്റ പക്ഷെ നിങ്ങളുടെ മകൾ ആണെന്ന് പറഞ്ഞുതന്നെയാണ് ശ്രീക്കുട്ടിയെ വളർത്തിയത് . മരിക്കും മുൻപ് കുറ്റബോധത്താൽ ചിറ്റ നിങ്ങളുടെ കാര്യം എന്നോട് മാത്രം പറഞ്ഞിരുന്നു . മാതാപിതാക്കളെ നിഷേധിച്ചെന്ന ദേഷ്യം ശ്രീക്കുട്ടി കാണിക്കരുതെന്നോർത്താവും ചിറ്റ നിങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന് ഇവളോട് പറയാതിരുന്നത് . അതുകൊണ്ട് തന്നെ ഞാനും പറഞ്ഞില്ല . ശ്രീക്കുട്ടിയെ ഇവിടെ നിർത്തിക്കോട്ടെ എന്ന് ചോദിയ്ക്കാൻ വന്നപ്പോൾ ഞാൻ പുതിയ അയൽവക്കക്കാരനെ പരിചയപ്പെടാൻ കേറിയിരുന്നു .അടുത്തുള്ള ആൾ ഏത് തരക്കാരൻ ആണെന്നറിയണമല്ലോ . അന്ന് ചിറ്റ കാണിച്ച ഫോട്ടോ നിങ്ങളുടെ ചെറുപ്പത്തിലേ ഉള്ള ഫോട്ടോ ഭിത്തിയിൽ കണ്ടപ്പോഴാണ് ഞാൻ ഈ കഥകൾ ഒക്കെ അറിഞ്ഞത് ”

അതുവരെ മിണ്ടാതിരുന്ന യദു പറഞ്ഞപ്പോൾ ഒന്നും വിശ്വസിക്കാനാവാതെ പൊട്ടിക്കരയുന്ന ശ്രീദേവിയെയും ശ്രീക്കുട്ടിയെയും ആശ്വസിപ്പിക്കുന്ന തിരക്കിലായിരുന്നു ദേവൻ .

” അടുത്ത് …തൊട്ടടുത്ത്…ഉണ്ടായിരുന്നിട്ടും മോളെ അറിഞ്ഞിട്ടും ദേവേട്ടൻ ഒന്ന് പറഞ്ഞുപോലുമില്ലല്ലോ ”’ ശ്രീദേവി മൂക്കുപിഴിഞ്ഞു

” യദുവാണ് തടുത്തത് . അവൻ ബാംഗ്ലൂർക്ക് പോയിവന്നതിന് ശേഷമേ ഇക്കാര്യങ്ങൾ നിങ്ങളറിയാവൂ എന്ന് അവൻ നിർബന്ധമായി പറഞ്ഞു . . ഇക്കാണുന്ന സ്വത്തുക്കൾ ഇവർക്കുള്ളതാ ഇനി ജോലിയൊന്നും അന്വേഷിക്കണ്ടായെന്ന് ഞാൻ പറഞ്ഞതാ … ആരോഗ്യമുള്ളിടത്തോളം കാലം സ്വന്തം കാലിൽ നിൽക്കണം എന്നവൻ പറഞ്ഞു .  ശെരിയാണെന്ന് എനിക്കും തോന്നി .ആരെയെങ്കിലും ആശ്രയിച്ചു ജീവിക്കുമ്പോഴാണല്ലോ കുറ്റപ്പെടുത്തലുകൾ കേൾക്കുക . ഇപ്പോളിവന്റെ കാർ കണ്ടപ്പോൾ ഓടി വന്നതാണ് ഞാൻ നിങ്ങളെ കാണാൻ ”

” എന്നാലും  ഇത്രയും നാൾ ഭാര്യ ഇവിടെയുണ്ടായിരുന്നിട്ട് അച്ഛൻ സിസിടിവി വെച്ചില്ല .. മോളും കൊച്ചുമോനും വന്നപ്പോൾ അവരെ കാണാൻ  പെട്ടന്ന് സിസി ടിവി വെച്ചല്ലോ… എന്തൊരു സ്നേഹം .. ചോദിക്ക് ടീച്ചറമ്മേ ”

”എടാ ശകുനീ ..പാരവെക്കാതെടാ ..ക്ളൈമാക്സിന് ആന്റിക്‌ളൈമാക്‌സ് ഉണ്ടാക്കാതെടാ .. ”’

യദു കുസൃതിയോടെ പറഞ്ഞപ്പോൾ ദേവൻ ചമ്മലോടെ അവനെ തല്ലാനായി കയ്യോങ്ങിയപ്പോൾ ശ്രീദേവിയും ശ്രീക്കുട്ടിയും കണ്ണീരിലും പൊട്ടിചിരിച്ചുപോയി

– സെബിൻ ബോസ്