തെരുവിലെ പെണ്ണ്….
Story written by Rajesh Dhibu
===============
തൃശ്ശൂർ നഗരത്തിൻ്റെ തിരക്കിട്ട വഴികളിലൂടെ അവൻ നടന്നു. ആലപ്പുഴയിൽ നിന്ന് പാർട്ടി സമ്മേളനത്തിന് വന്നതായിരുന്നു ഇവിടെ…തേക്കിൻകാട് മൈതാനിയുടെ ഓരത്ത് താൽക്കാലികമായി കെട്ടിയുണ്ടാക്കിയ പന്തലിൽ വിചാരിച്ച അത്രയും ആളുകൾ ഉണ്ടായിരുന്നില്ല. കേരളത്തിൻ്റെ നാനാഭാഗത്തും വന്ന പാർട്ടിക്കാർ മാത്രം. വരാൻ വിധിക്കപ്പെട്ടവർ. പാർട്ടിയോട് അതിരറ്റ സ്നേഹമുണ്ടായിട്ടൊന്നുമല്ല. ഇരുനൂറ്റി അമ്പതു രൂപയും ബിരിയാണിയും…തന്നെപ്പോലെ ജോലിയും കൂലിയുമൊന്നുമില്ലാതെ തേരാ പാര നടക്കുന്നവർക്കതൊരു അശ്വാസം..
ഇരുനൂറ്റിഅമ്പതിൽനിന്ന് അമ്പതു രൂപ പൊന്നുമകനായ ജീവനുള്ളതാണ് ഇങ്ങോട്ട് പുറപ്പെടുന്നതിനു മുൻപ് അവൻ അച്ഛനിൽനിന്നു സത്യം വാങ്ങിയിരുന്നു. കന്യകുമാരി കാണാൻ സ്കൂളിൽ നിന്ന് പോകുന്നുവെന്ന് കേട്ടപ്പോൾ മുതൽ അവൻ അച്ഛൻ്റെ പിറകെയാണ്…മുഷിഞ്ഞ രൂപയിൽ നിന്ന് അമ്പതു രൂപ അയാൾ വള്ളി ട്രവസ്സിറിൻ്റെ ആഴങ്ങളിലേക്ക് തിരുകി വെച്ചു. ബാക്കിയുണ്ടായിരുന്ന ഇരുനൂറു രൂപയിൽ നിന്ന് കാർത്തുന് രണ്ട് അടി പാവാട വാങ്ങണം തൃശൂര് മാർക്കറ്റിൽ പതിനഞ്ച് രൂപക്കു കിട്ടുമെന്ന് അവളോടാരോ പറഞ്ഞുവത്രേ..തന്നോട് ഒന്നും അവശ്യപ്പെടാറില്ല. കീറിയ സാരിയുടുക്കുമ്പോൾ അടിപ്പാവടെയെങ്കിലും ഭദ്രമായിരിക്കണമെന്നത് ഒരു പെണ്ണിൻ്റെ ന്യായമായ അവകാശമാണ്…മാർക്കറ്റിനുള്ളിൽ കറങ്ങിയിറങ്ങി വിലപേശി അവസാനം നാല്പതു രൂപക്ക് രണ്ടണ്ണം വാങ്ങി..എല്ലായിടത്തും ഒന്നു ചുറ്റിയടിച്ച് തിരിച്ചു ചെന്നേപ്പോഴേക്കും തിരിച്ചു പോകാനുള്ള ബസ്സ് പോയിക്കഴിഞ്ഞിരുന്നു…
അവരെ ഒരിക്കലും കുറ്റം പറയുവാൻ കഴിയില്ല അവരുടെ ആവശ്യം കഴിഞ്ഞു. ഇനി അണികൾ അടുത്ത പാർട്ടി സമ്മേളനത്തിനേ ആവശ്യമുള്ളൂ..ആ പന്തലിൻ്റെ ചാരെ നിന്നു കൊണ്ട് വടക്കുംനാഥനേ നോക്കി ഒന്നു ചിരിച്ചു…എല്ലാം കാണുവാൻ നീ സാക്ഷിയായ് എന്നും ഈ വൃത്തത്തിനുള്ളിൽ കണ്ണുകളടച്ചിരിക്കുന്നു.
ഒരു ദിവസം നിന്നെയും അവർ സമ്മേളനത്തിനു വിളിക്കും കൂട്ടിനിരിക്കാൻ..കസേരകൾ കാലിയാകുന്ന ദിവസം…അങ്ങിങ്ങേ തണൽ മറയ്ക്കുവാനായുള്ള മരത്തിനടിയിലൂടെ തിരിച്ചു നടന്നു.
ദൂരയാത്രയിൽ മാത്രം ഇടുന്ന ആ വെള്ള ഷർട്ടിൻ്റെ പോക്കറ്റിൽ മുഴച്ചു നിന്ന ബാക്കിയുണ്ടായിരുന്ന പൈസ എടുത്തു എണ്ണി നോക്കി.നൂറിൻ്റെ നോട്ടിലേക്കും ബാക്കിയുണ്ടായിരുന്ന ചില്ലറ കാശിലെക്കും കണ്ണുകൾ തറച്ചു നിന്നു..
തിരികേ പോകണം..ഒരാഴ്ച്ചക്ക് വാങ്ങാമെന്നു വെച്ച റേഷനരിയുടെ മണികൾ കയ്യീലൂടെ ഊർന്നിറങ്ങുന്നതു പോലെ തോന്നിയവന്….തന്നവർക്ക് തന്നെ തിരിച്ചു കൊടുക്കേണ്ടി വരുന്ന വികാരമില്ലാത്ത നിമിഷങ്ങൾ…
വരേണ്ടായിരുന്നു. എന്നവനൊരു നിമിഷം തോന്നിപ്പോയി..ബിരിയാണി കഴിച്ചതിൻ്റെ ദാഹം തൊണ്ടയെ വല്ലാതെ പിടിച്ചുകെട്ടി. ഒരു പെട്ടികടയിൽ ‘കയറി ഒരു സോഡ കുടിച്ചാലോ എന്നു ചിന്തിച്ചുപോയി…വേണ്ട ..പ്രാരാബ്ദ കെട്ടുകൾ അവിടെയും വിലങ്ങുതടിയായി..
ആ കാശുണ്ടെങ്കിൽ ഒരു മൂട് കപ്പ കിട്ടും വഴിയോരത്ത് കണ്ട പെപ്പിൽ നിന്ന് വെള്ളം കൈകുമ്പിളിൽ കോരിയെടുത്തു കുടിച്ച് ദാഹം മാറ്റി..അപ്പേഴാണവൻ ഓർത്തത് ഇവിടെ വരെ വന്നതല്ലേ. തിരിച്ചു പോകാനുള്ള ബസ്സും പോയി. അവളെപ്പോഴും പറയുന്നതല്ലേ…അവൾെക്കൊരു മഞ്ഞ ചരട്…കൊടുങ്ങല്ലൂരമ്മയുട അടുക്കൽ നിന്ന് കഴിഞ്ഞ താലപ്പൊലിക്ക് വാങ്ങിയ മഞ്ഞ ചരടാണ് ഇപ്പോഴും കഴുത്തിൽ കിടക്കുന്നത്. വിയർപ്പും ചളിയും അലിഞ്ഞു ചേർന്ന് അതിൻ്റെ മഞ്ഞ നിറം നഷ്ടപ്പെട്ടിരിക്കുന്നു. ഒന്നു വാങ്ങി കൊടുക്കാം അവൾക്കത് ഒരു പാട് സന്തോഷമാകും സ്വർണ്ണം കഴുത്തിലിടാൻ ഭാഗ്യമില്ലാത്തവൾക്ക് ഈ മഞ്ഞ ചിരട് സ്വർണ്ണത്തേക്കാളും മതിപ്പായിരിക്കും.
അവൻ്റെ മനസ്സിൽ അവളുടെ സന്തോഷം മാത്രമായിരുന്നു..വഴിയാത്രക്കാരോട് ചോദിച്ചറിഞ്ഞ് നേരെ ബസ്സ് സ്റ്റാൻഡിലേക്ക് നടന്നു.നേരവും ഇരുട്ടി തുടങ്ങിയിരിക്കുന്നു..കൊടുങ്ങല്ലൂർക്ക് യാത്ര തിരിച്ചാൽ ഒരു പക്ഷേ വീട്ടിൽ എത്തിച്ചേരാൻ ഒരുപാട് വൈകും ആ ചോർന്നൊലിക്കുന്ന കൂരയിൽ അവളും മോനും മാത്രം തനിക്കായ് ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടാകും…പരിചിതമല്ലാത്ത വഴികളിലുടെ നടക്കുമ്പോഴാണ് കുറ്റിക്കാട്ടിനോട് ചേർന്ന് ഒരു ഞെരുക്കം കാതിൽ പതിഞ്ഞത്.
ഉള്ളിൽ ചെറിയ ഭയം തോന്നിച്ചെങ്കിലും ആ ശബ്ദം കേട്ട ഇടത്തേക്ക് ഒന്ന് എത്തി നോക്കി..അതൊരു സ്ത്രീയാണന്നവന് മനസ്സിലായി. തൊട്ടടുത്തായി. തുറന്നു കിടക്കുന്ന മാറിടത്തിൽ കൈ കൊണ്ടു കശക്കി കൊണ്ട് പാലു കുടിക്കാൻ ശ്രമിക്കുന്ന ഒരു കൊച്ചു കുഞ്ഞും.താൻ പങ്കെടുത്ത പാർട്ടിക്കാരുടെ ബാനറിൻ്റെ തുണിയിൽ കണ്ണുകളടച്ചു കിടക്കുന്ന അവളുടെ അരക്ക് മേൽപ്പോട്ട് തുണികൾ നീക്കം ചെയ്തു കാണപ്പെട്ടു…ആ കാഴ്ച കണ്ട് കണ്ണു തിരിക്കുമ്പോൾ ഒരിക്കൽ കൂടി ആ പിഞ്ചു കൈകൾ അ മുലഞെട്ടുകളെ തേടുകയായിരുന്നു. തെരുവുവിളക്കിൻ്റെ ഇരുണ്ട വെളിച്ചത്തിൽ ആ കാഴ്ചയവൻ കണ്ടു.. മുൻപോട്ടെടുക്കുവാൻ കാലുകൾ സമ്മതിക്കുന്നില്ല. അവരുടെ അരികിലായ് വന്നിരുന്നു.
ഏതാണ്ട് മുപ്പത് വയസ്സായിനോടത്തിട്ടുണ്ടാകും. മെലിഞ്ഞുണങ്ങി ശുഷ്‌കിച്ച ദേഹത്തെ പൊതിഞ്ഞിരുന്ന കീറിയ സാരി മുഴുവതും അകലം പാലിച്ചു കിടക്കുന്നു. കൂടണയാന്‍ കൂട്ടാക്കാതിരുന്ന അവളുടെ രോദന ശബ്ദങ്ങൾ തൊട്ടടുത്ത ചെടികളിൽ ഇപ്പോഴും തങ്ങി നിൽക്കുന്ന പോലെ…അവശേഷിപ്പിക്കുന്ന ആ കണ്ണുകളിലൂടെ കണ്ണീർ ചാലുകൾ ഒഴുകിയ പാടുകൾ വരണ്ടുണങ്ങിയിട്ടില്ല..
മാറിക്കിടന്ന അവളുടെ വസ്ത്രങ്ങളെല്ലാം നേരെയിട്ടു..ഭയന്നു കൊണ്ടാണെങ്കിലും അവളെ തട്ടി വിളിച്ചു..ഒരു ഞട്ടലോടെ അവൾ ചാടിയെഴുന്നേറ്റു. അവൾക്കു മുന്നിലായി ഇരുന്ന തൻ്റെ കൈകളിൽ കടന്നുപിടിച്ചു. പൈസ തരണമെന്ന് കരഞ്ഞുകൊണ്ടപേക്ഷിച്ചു…തൻ്റെ കുത്തിന് പാൽ വാങ്ങുവാൻ വേണ്ടി താൻ നിനക്ക് കിടക്ക വിരിച്ചപ്പോൾ നീ കടന്നു കളയാമെന്നു വിചാരിച്ചുവോ..ഈ കുഞ്ഞിനെയോർത്തെങ്കിലും എന്തെങ്കിലും തന്നിട്ടു പോടോ…അവൾ ഒരു ഭ്രാന്തിയേപ്പോലെ അലറി..
താനല്ല. എന്നവളോട് പറയണമെന്നുണ്ടായിരുന്നു. താനല്ലങ്കിലും തന്നെ പോലെ ഒരു പച്ചയായ മനുഷ്യനല്ലേ അവളുടെ കരിഞ്ഞുണങ്ങിയ മാ റിടത്തിൽ ഉമിനീര് തുപ്പിയിട്ട് കടന്നുകളഞ്ഞത്. ആ പിഞ്ചു കുഞ്ഞിൻ്റെ ഭക്ഷണം നിഷേധിച്ചവനെ അവൾ തിരിച്ചറിഞ്ഞില്ലെങ്കിലും അവളുടെ മുന്നിൽ നിൽക്കുന്ന തന്നോട് പട്ടിണി മാറ്റാനുള്ള കുറച്ചു പൈസയേ അവൾ ആവശ്യപ്പെട്ടുള്ളൂ…
ആ വഴി വെളിച്ചത്തിലും അവളുടെ കഴുത്തിലെ മഞ്ഞ ചിരടിന് നല്ല തിളക്കമുണ്ടായിരുന്നു. കയ്യിൽ കരുതിയിരുന്ന നൂറു രൂപ അവൾക്ക് നേരെ നീട്ടിയപ്പോൾ തൊഴു കൈകളോടെ അവൾ കരഞ്ഞു പറയുന്നുണ്ടായിരുന്നു
വിശിന്നിട്ടാ ചേട്ടാ..എനിക്കല്ല എൻ്റെ പൊന്നുമോന് വിശന്നിട്ടാ..
ആ മഞ്ഞ ചിരടിൻ്റെ തിളക്കം കണ്ണുകളിലേക്ക് തുളച്ചു കയറിയപ്പോൾ അവളിൽ ഒരമ്മയുടെ മാത്രം മുഖമായിരുന്നു. വിരിഞ്ഞു കിടക്കുന്ന മാ റിടമോ, കൂട്ടിപ്പിടിച്ചുള്ള തു ടയിടുക്കോ, അവനു തൻ്റെ കണ്ണുകൾ കൊണ്ട് കാണുവാൻ കഴിഞ്ഞില്ല..കാർത്തുവും ജീവനും തൻ്റെ മുന്നിൽ യാചിക്കുന്ന പോലെ ഒരു മൂടുപടം മാത്രം. തെളിഞ്ഞു വന്നു…
നൊന്തു പ്രസവിച്ച മകൻ്റെ പട്ടിണിയേക്കാളും വലുതല്ല.തൻ്റെ മാനത്തിന് എന്ന ഒരു പച്ചയായ സ്ത്രീയുടെ തേങ്ങൽ അവിടെയാകെ ഒഴുകി നടന്നു..തിരിഞ്ഞു നോക്കാതെ നടക്കുമ്പോൾ കാലിന് മുൻപത്തേക്കാളും ശക്തിയായിരുന്നു….
*********************
നിങ്ങളുടെ സ്വന്തം ദീപു…