ഇതുംജീവിതം….
Story written by Unni K Parthan
==================
“മൊബൈൽ നോക്കി കൊണ്ട് ഇരുന്നത് കൊണ്ട് ഇയ്യാള് പോയ വഴി നോക്കിയില്ല സാർ..”
സിബിലയുടെ ശബ്ദം വല്ലാതെ കനത്തിരുന്നു…
“ന്താടാ…ന്തിനാ നീ അസമയത്തു ഈ കുട്ടിയേ മറ്റൊരു വഴിയിലൂടെ കൊണ്ട് പോയത്..” സബ് ഇൻസ്‌പെക്ടർ അനിൽ ഓട്ടോ ഡ്രൈവർ സേതുവിനോട് ചോദിച്ചു..
“അങ്ങനെ ഒന്നും ഇല്ല സാറേ..റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്ത് വന്നു ഈ കുട്ടി ഓട്ടോ വിളിച്ചു..ഞാൻ ചെന്നു..തെക്കെ തൊടി ക്ഷേത്രത്തിനു അടുത്തു വിടാൻ പറഞ്ഞു..” സേതു പേടിച്ചു വിറച്ചു കൊണ്ട് പറഞ്ഞു. വിങ്ങുന്നുണ്ടായിരുന്നു അവന്റെ ശബ്ദം..
“മ്മ്..എന്നിട്ട്..” അനിൽ സേതുവിനെ നോക്കി ചോദിച്ചു..
“പ്ലാവിൻ തറ എത്തിയപ്പോൾ റോഡ് ബ്ലോക്ക്..അവിടെ ന്തോ പെരുന്നാളോ മറ്റോ ആയിരുന്നു..അതോണ്ട് ഞാൻ ഷോട്ട് കട്ട് പിടിച്ചു സർവീസ് റോഡ് കയറി..പെരുമാൾ പാലം കഴിഞ്ഞു വലത്തോട്ട് എടുത്തു..പിന്നെ നെല്ലിപ്പാറ അമ്പലത്തിന്റെ അടുത്ത് നിന്ന് വലത്തോട്ട് പോയി..ആ വഴി ആൾ സഞ്ചാരം കുറവാണു..വഴി വിളക്കും ഇല്ല..പെട്ടന്ന് ആണ് ഈ കുട്ടി അലറി കരഞ്ഞത്..അയ്യോ ഓടി വായോ എന്നേ രക്ഷിക്കണേ എന്നൊക്കെ പറഞ്ഞു..
പേടിച്ചു ഞാൻ വണ്ടി നിർത്തി..
ന്തേ കൊച്ചേ ന്ന് ചോദിച്ചു..
താൻ എന്നേ എങ്ങോട്ടാ കൊണ്ടൊണേ ന്ന് ചോദിച്ചു അലറി കരഞ്ഞു..
ഒച്ച കേട്ട് തൊട്ടടുത്തുള്ള വീടുകളിൽ നിന്നും ആളുകൾ വന്നു..അവർ ന്താ കാര്യം ന്ന് ചോദിച്ചു..
ഈ കുട്ടി പറഞ്ഞു ഞാൻ അവളേ തട്ടി കൊണ്ട് പോകുന്നു..ഓട്ടോ വിളിച്ചിട്ട് ഇവിടെ എത്തിപ്പോൾ ഞാൻ ഇറങ്ങി ഓടി എന്നൊക്കെ നുണ പറഞ്ഞു..
നാട്ടുകാർ എന്നേ പ ട്ടിയെ തല്ലുന്ന പോലേ തല്ലി സാർ..” സേതു തേങ്ങി..
“സാറ് വേണേൽ പോയി അന്വേഷിച്ചിട്ട് പോരേ..അടുത്ത ആഴ്ച ന്റെ മോളുടെ കല്യാണം ആണ് സാറേ..അവിടെ ഉള്ളവർ എന്റെ വീഡിയോ ഒക്കെ എടുത്തു..അതൊക്കെ എവിടോക്ക പോയി ന്ന് പോലും എനിക്ക് അറിയില്ല സാറേ..”
“സാർ…” ഒരു കോൺസ്റ്റബിൾ വന്നു അനിലിനെ വിളിച്ചു…
“അയ്യാൾ പറഞ്ഞത് എല്ലാം സത്യമാണ് സാർ..റോഡ് ബ്ലോക്ക് ആയിരുന്നു..മാത്രമല്ല ഈ കുട്ടിക്ക് പോകേണ്ട റൂട്ടിൽ തന്നെ ആണ് ആള് പോയതും..മൊബൈൽ നോക്കി ഇരുന്നത് കൊണ്ട് വഴി ഈ കുട്ടി ശ്രദ്ധിച്ചു കാണില്ല..സിസിടിവി നോക്കിയിരുന്നു ആ വഴി ഉള്ളത്..പിന്നെ ഇയ്യാള് ആ കുട്ടിയെ ഉപദ്രവിച്ചതിന് തെളിവ് ഇല്ല..”
“സാറേ…” സേതു മെല്ലേ വിളിച്ചു..
“കലശതറയിലെ പ്രതാപന്റെ മോളാ സാറേ ഈ കുട്ടി..എന്നെ അറിയില്ലേലും എനിക്ക് ഈ കുട്ടിയേ അറിയാം സാർ..എന്റെ ഇളയ മോളുടെ ഒപ്പം പഠിച്ചിട്ടുണ്ട്..” സേതു വിങ്ങി പൊട്ടി കൊണ്ട് പറഞ്ഞു..
“അന്നന്നത്തെ അന്നത്തിനു വേണ്ടി ചെയ്യുന്ന തൊഴിലാ സാറേ..തൊഴിലാണ് എന്റെ ദൈവം..അതിൽ കള്ളമില്ലയെനിക്ക്..അനുഭവം ഒരുപാട് ണ്ട്..പക്ഷെ..ഇത്..ഇത് എനിക്ക് സഹിക്കണില്ല സാറേ..” സേതു സ്റ്റേഷനിലേ ചുമരിൽ ചാരി താഴേക്ക് ഇരുന്നു പൊട്ടി കരഞ്ഞു..
******************
“ഇത് നമുക്ക് എല്ലാർക്കും ഒരു പാഠമാണ്…മൊബൈൽ യൂസ് ചെയ്യാം..പക്ഷെ..തല താഴ്ന്നിരുന്നാലും ചുറ്റുപാടും നമ്മുടെ ഒരു കണ്ണുള്ളത് നല്ലതാണ്..ഇല്ലേ..ദാ..സേതുവേട്ടന് പറ്റിയത് പോലേ ഇനീം ഇവിടെ സിബിലമാർ ഉണ്ടാവും..തെറ്റായ തീരുമാനങ്ങൾ തകർത്തു കളയുന്നത്..ജീവിതമാണ്..അത് ഓർമ വേണം..കാലം മോശമാണ് എങ്കിലും..കലക്കേട് ന്തിനാ നാമായിട്ട് വരുത്തി വെക്കുന്നത്…
സിബില സേതുവേട്ടനോട് മാപ്പ് പറഞ്ഞതും..അതെല്ലാം ഇവിടത്തെ മീഡിയകൾ ലൈവ് ആയി ടെലിക്കാസ്റ്റ് ചെയ്തതിനും..സ്വന്തം മകളുടെ കല്യാണം പൂർവാധികം ഭംഗിയായി നടന്നതിനും..ഒരിക്കൽ കൂടി എല്ലാരോടും നന്ദി പറയുന്നു..
പോലീസ്..ജനങ്ങൾക്ക് ഒപ്പമാണ്..നേരിന് ഒപ്പവും..ഞാൻ നേരിന്റെ പക്ഷത്താണ്..”
ഇൻസ്‌പെക്ടർ അനിൽ പറയുന്ന വാക്കുകൾ സേതുവിന്റെ മകളുടെ കല്യാണ മണ്ഡപത്തിൽ അലയൊലിയായി മാറി..
ശുഭം