എഴുത്ത്: ബഷീർ ബച്ചി
==============
കമ്പനിയിൽ മെറ്റിരിയിൽസ് എത്താതിരുന്നത് കൊണ്ട് ലീവ് എടുത്തു തറവാട്ടിലേക്ക് വെച്ച് പിടിച്ചു..
തറവാട്ടിൽ എത്തിയപ്പോൾ എന്റെ നേരെ ഇളയ പെങ്ങൾ വീട്ടിലുണ്ട്..
നീ എപ്പോ വന്നു..
ഇന്നലെ..
നിറഗർഭിണി ആണ് അവൾ ഡേറ്റ് പറഞ്ഞിട്ടുണ്ട്..
കുഴപ്പമൊന്നും ഇല്ലല്ലോടി..
ഇല്ല..
പിന്നെ പരസ്പരം സംസാരിച്ചു ഇരിക്കെ പിന്നിലൊരു പാദപതനശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി..ഒരു നിമിഷം മനസ്സിൽ നിന്നൊരു കുതികുത്തൽ..പെങ്ങളോടുള്ള സംസാരം മുറിഞ്ഞു..ഒരിക്കൽ മനസ്സിൽ സൂര്യകാന്തി പൂ പോലെ തെളിഞ്ഞു നിന്നവൾ എല്ലാം ആയിരുന്നവൾ ഇന്നും മനസിന്റെ അടിത്തട്ടിൽ എവിടെയോ പൂഴ്ത്തി വെച്ച മുഖം..
സക്കീന..
സുഖമാണോ…അവൾ എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു…
അതെ..നിനക്ക് സുഖമല്ലേ..
അതെ..
നിറമില്ലാത്തൊരു പുഞ്ചിരിയായി അത് മാറി..
ഞാൻ സുഹ്‌റ വന്നപ്പോ ഒന്ന് കാണാൻ ഇറങ്ങിയതാ..
അതിനെന്താ നിങ്ങൾ സംസാരിച്ചു കൊള്ളു..അവർ അകത്തേക്ക് പോയി..
പണത്തിന്റെ മൂല്യങ്ങൾക്ക് മുമ്പിൽ നിസ്സഹായതയോടെ എന്റെ മുമ്പിൽ നിറക്കണ്ണുകളോടെ നിന്ന അവളുടെ മുഖം ഇന്നും ഇടക്ക് മനസിനെ വേദനിപ്പിച്ചു കൊണ്ടിരിക്കും..
സാമ്പത്തികമായി ഞാനും അവളും വളരെ അന്തരമുണ്ടായിരുന്നു..അവൾക് വിവാഹലോചനകൾ വന്നു തുടങ്ങിയപ്പോൾ ഞാനവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിച്ചു..അപമാനിച്ചു ആട്ടിയിറക്കിയ നോവ്..അതിനു ശേഷം ഇന്നും ആ വീടിന്റെ പടി ചവിട്ടിയിട്ടില്ല..തറവാടിന് അടുത്ത് തന്നെയായിരുന്നു അവളുടെയും വീട്..
പിന്നെയൊരു ദിവസം ആരും കാണാതെ ഓടി വന്നു എന്നെ കെട്ടിപിടിച്ചു വിതുമ്പി കരഞ്ഞവൾ..എന്നോട് വെറുപ്പ് കാണിക്കരുത്, ദേഷ്യവും..അവൾ കൈകൂപ്പി..
ഇല്ല ഞാനവളെ കൈപിടിച്ച് അവളുടെ നെറുകയിൽ ഉമ്മ വെച്ചു..പൊയ്ക്കോ..ഇനി എന്നെ കാണാൻ വരരുത്.നല്ലൊരു ജീവിതം ഉണ്ടാവട്ടെ..
അന്ന് നിറക്കണ്ണുകളോടെ ഞാൻ തിരിഞ്ഞു നടന്നു..പിന്നെ പിന്നെ ജീവിതം തന്നെ വെറുത്തുപോയ ദിവസങ്ങൾ..പതിയെ പതിയെ ജീവിതം തിരികെ പിടിച്ചു ഞാൻ മറ്റൊരു വിവാഹ ജീവിതത്തിലേക്ക്..
ഇടക്ക് വല്ലപ്പോഴും കാണും.ഒരു പുഞ്ചിരിയിൽ ഒതുക്കും..പരസ്പരം സംസാരിച്ചു പോയാൽ നിയന്ത്രണം വിട്ടു പോകുമോന്നുള്ള ഭയം അതിൽ നിന്നന്നെ പിന്തിരിപ്പിച്ചു കൊണ്ടിരുന്നു..
പിന്നെ അതികം അവിടെ ഇരിക്കാൻ തോന്നിയില്ല..ഞാൻ യാത്ര പറഞ്ഞു ഇറങ്ങി.
വീടിന്റെ ഗേറ്റ് കഴിഞ്ഞതും അവൾ ഓടിപിടച്ചു കൊണ്ട് വന്നു.
ഞാൻ പരിഭ്രമത്തോടെ ചുറ്റും നോക്കി..
പൊതുവഴിയാണ്..
എന്തെ..
എന്നെ കണ്ടിട്ടാണോ വേഗം പോകുന്നത്..പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു..
ഹേയ് അത് കൊണ്ടല്ല സക്കീ..
എനിക്ക് അറിയാം എന്നോട് ഇപ്പോഴും ദേഷ്യം ആണല്ലേ..
നിന്നോട് എനിക്ക് ദേഷ്യമോ..? ഒരിക്കലും അങ്ങനെ ഒന്നും പറയരുത്. നിന്നെ കാണുമ്പോൾ ഞാൻ പഴയ ഞാനായിപോകുമെന്നുള്ള ഭയം കൊണ്ടാണ്..ഞാൻ മുഖം തിരിച്ചു..നിറഞ്ഞു വന്ന കണ്ണുകൾ അവൾ കാണാതിരിക്കാൻ ബദ്ധപെട്ടു..
സുഖമാണോ ന്ന് ചോദിച്ചില്ലേ എന്നോട്..ഒരുപാട് പണമുണ്ട് പക്ഷെ ആർക്കുവേണമെത്..അതിന്റെ അഹങ്കാരവും പൊങ്ങച്ചവും മാത്രമുള്ള ഒരാൾ..ഞാൻ ആ വീട്ടിലെ വേലക്കാരിയാ രാത്രി അയാൾക്ക് അനുഭവിക്കാനുള്ള ഒരു ഉപകരണവും..ആ വീട്ടിൽ കേറിയ ശേഷം ഞാൻ സ്നേഹം എന്താണ് എന്നറിഞ്ഞിട്ടില്ല ബച്ചി..പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു..
സക്കീ..ഇത് പൊതുവഴിയാണ്..ആരെങ്കിലും കണ്ടാൽ പിന്നെ അത് മതി..അവൾ വേഗം മുഖം പൊത്തി കരച്ചിൽ അടക്കി..
ഞാനിപ്പോ ജീവിക്കുന്നത് തന്നെ എന്റെ മക്കളെ കുറിച്ചൊർത്തിട്ടാണ്..ആഗ്രഹിച്ച ജീവിതത്തിന് വീട്ടുകാർ വിലങ്ങു തടിയായിരുന്നില്ലെങ്കിൽ..
നമ്മൾ ആഗ്രഹിച്ച എല്ലാ സ്വപ്നങ്ങളും നടക്കില്ലല്ലോ സക്കീ…കിട്ടിയ ജീവിതം കൊണ്ട് തൃപ്തിപെടുക അത്ര തന്നെ..ശരിയാകും എല്ലാം..നീ ഒന്ന് മാറ്റിയെടുക്കാൻ ശ്രമിച്ചു നോക്ക്..
അവൾ പൂച്ചഭാവത്തിൽ ഒന്ന് പുഞ്ചിരിച്ചു..
ഞാൻ ഒരുപാട് ശ്രമിച്ചു നോക്കിയതാ അയാൾ മാറില്ല..വീട്ടുകാർ നല്ലത് നോക്കി തന്നതല്ലേ..അനുഭവിക്കട്ടെ..അവൾ മുഖം തിരിച്ചു.
ആ നിമിഷം അവളോട് എന്തോ വല്ലാത്ത സഹതാപം തോന്നി..അവളെ തോളോട് ചേർത്ത് നിർത്താൻ ഒരു പ്രേരണ മനസ്സിൽ നിന്നുയർന്നങ്കിലും..പെട്ടന്ന് ആമിയുടെ മുഖം മനസ്സിൽ തെളിഞ്ഞു..എന്നെ മാത്രം ആശ്രയിച്ചു എന്നെ മാത്രം മനസ്സിൽ കൊണ്ട് നടക്കുന്ന പ്രിയപെട്ടവളുടെ മുഖം..ഒരു പനി വന്നാൽ പോലും പരിഭ്രമത്തോടെ അടുത്ത് നിന്ന് വിട്ട് പോകാതെ കൂടെയിരിക്കുന്നവൾ..അവളുടെ മുഖം മനസിലേക്ക് വന്നതോടെ മനസ് നിശ്ചലമായി..
സാരമില്ല സക്കീ..എല്ലാം ശരിയാകും..ഞാൻ പ്രാർത്ഥിക്കാം..നീ ചെല്ല്..ഇടക്ക് കാണുമ്പോൾ സംസാരിക്കാം..അതും പറഞ്ഞു ഞാൻ വേഗം ബൈക്ക് സ്റ്റാർട്ട് ചെയ്തു..
അവൾ തലയാട്ടി..പോട്ടെ..അതും പറഞ്ഞു വേഗം അവൾ പിന്തിരിഞ്ഞു നടന്നു..ഒരു നിമിഷം ഞാനവളുടെ പോക്ക് നോക്കി നിന്നു..വല്ലാത്ത നൊമ്പരം തോന്നി.
അവൾ നഷ്‍ടപെട്ടപ്പോൾ അവളെ പോലെ സ്നേഹം തരുന്ന ഒരാളെ എനിക്ക് കിട്ടി..പക്ഷെ അവൾക്കോ..ആ നൊമ്പരം ആളിപ്പടരാൻ മനസിനെ അനുവദിച്ചില്ല..ഒരിക്കലും അണയാത്തൊരു നെരിപ്പൊട് മനസ്സിലുണ്ട് അതിന് പെട്രോൾ ഒഴിച്ചു കൊടുക്കുന്നതിന് തുല്യമാകുമെന്ന് എനിക്കറിയാമായിരുന്നു.
അവൾക്ക് നല്ലത് വരട്ടെ..അവളുടെ ജീവിതത്തിലും സന്തോഷം വിരിയട്ടെ…പ്രാർത്ഥനകൾ എന്നും..
~ബച്ചി.