ബൈക്ക് ഗേറ്റിനടുത്തെത്തിയപ്പോൾ നിർത്തി ഞാൻ ഒന്നു തിരിഞ്ഞു നോക്കി…

ഇങ്ങനെയും ചിലർ…

Story written by Ajeesh Kavungal

==================

രാവിലെ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോ ഉള്ളില് പ്രാർത്ഥന ആയിരുന്നു.

“ദൈവമേ ഇന്നെങ്കിലും എല്ലാം ശരിയാവണെ, വിജയേട്ടൻ വീട്ടിൽ തന്നെ ഉണ്ടാവണന്ന് “

ഒരാഴ്ച ആയി വെയിലത്ത് അലയാൻ തുടങ്ങീട്ട്.ഒരു പുതിയ വീട് പണിയാൻ പോവാണ്. അതിന് പഞ്ചായത്താഫീസിൽ നിന്ന് പേപ്പർ കിട്ടണം. വീട് പണിയാൻ പോവുന്ന സ്ഥലം കൃഷിയിടമാണോ പുറമ്പോക്കാണോന്ന് ഒക്കെ അറിയണം ത്രേ..അക്ഷയ വില്ലേജാഫീസ് പഞ്ചായത്താഫീസ് ന്നും പറഞ്ഞ് ഇപ്പോ ദിവസം കുറെ ആയി.

പഠിപ്പ് കഴിഞ്ഞപ്പോ തന്നെ ബാംഗ്ലൂര് ജോലി കിട്ടിപ്പോയതാ ഞാൻ. പിന്നെ ലീവിന് വന്നാഏറിയ ഒരാഴ്ച ഇവിടെ വരും. അതുകൊണ്ട് ഈ വക കാര്യങ്ങളിൽ അത്ര അറിവും ഇല്ല.തന്റെ നടപ്പു കണ്ട് സഹതാപം തോന്നിത് കൊണ്ടായിരിക്കണം അടുത്ത വീട്ടിലെ മനോഹരൻ ചേട്ടൻ വിജയേട്ടനെ ചെന്ന് കാണാൻ പറഞ്ഞത്. വിജയേട്ടൻ ഏത് പാർട്ടിക്കാരനാണെന്ന് ആർക്കും അറിയില്ല. പക്ഷേ ആരു വിളിച്ചാലും കൂടെ പോവും. പറ്റുന്ന ഉപകാരം ചെയ്യും.

മുമ്പ് പുറത്തെവിടെയോ ആയിരുന്നു. എന്തോ ഒരു ആക്സിഡണ്ടുയാതിനു ശേഷം പിന്നെ പോയിട്ടില്ല. വീട്ടിലെ കൃഷിപ്പണി ഒക്കെ നോക്കി നടക്കുന്നു. കൂടെ നാട്ടുകാരെ സഹായിക്കലും. അമ്മേടെ കൈയിൽ നിന്ന് ഫയല് വാങ്ങി ബൈക്കിൽ വെച്ച് വണ്ടി നേരെ വിജയേട്ടന്റെ വീട്ടിലേക്ക് വിട്ടു.

അവിടെ എത്തിയതും വിജയേട്ടൻ എന്നും കക്ഷത്തിൽ കരുതുന്ന ഒരു ചെറിയ ബാഗും പിടിച്ചു റെഡിയായ് നിൽപ്പുണ്ടായിരുന്നു. വെള്ളമുണ്ടും വെള്ള ഷർട്ടും ചുണ്ടിൽ മായാത്ത പുഞ്ചിരിയും. പോവാം എന്ന് പറഞ്ഞ് ആള് വണ്ടിയിൽ കയറി.

വീട്ടിൽ ആരും ഇല്ലേന്ന് ചോദിച്ചപ്പോൾ “കെട്ടിയവളും മൂത്തവളും അടുക്കളയിലുണ്ടെടാ..പിള്ളേര് രണ്ടും സ്കൂളിൽ പോയി, ഇനി നിന്നാ ചിലപ്പോ വൈകും ഇല്ലെങ്കിൽ നിന്നക്ക് ഒരു ചായ തരായിരുന്നു.”

അതൊന്നും സാരമില്ല വിജയേട്ടാ എന്നു പറഞ്ഞ് ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.

ചെന്നു നിന്നത് ആദ്യം അക്ഷയ കേന്ദ്രത്തിന്റെ മുന്നിലായിരുന്നു.പിന്നെ വില്ലേജാഫീസ് പഞ്ചായത്താഫീസ്. മൂന്നു മണി ആയപ്പോഴേക്കും സംഭവം എല്ലാം റെഡി. ഓരോ ഓഫീസർമാരും വിജയേട്ടനോട് സംസാരിക്കുന്നത് കേട്ടാൽ സ്വന്തം കുടുംബത്തിലുള്ള ഒരാളോട് പെരുമാറുന്ന പോലെയാണ് തോന്നിയത്. എല്ലാ പേപ്പറും ശരിയായ് കൈയിൽ കിട്ടിയപ്പോഴാണ് വിശപ്പ് അറിയാൻ തുടങ്ങിയത്. തിരക്കിനിടയിൽ ഒരു ഗ്ലാസ് വെള്ളം പോലും വിജയേട്ടന് വാങ്ങി കൊടുത്തില്ലാ എന്നോർത്തപ്പോൾ മനസ്സിൽ ഇത്തിരി ലജ്ജ തോന്നി.

തിരിച്ചു വരുന്ന വഴിക്ക് ടൗണിൽ ഉള്ള ഒരു വലിയ ഹോട്ടലിന്റെ മുന്നിൽ ബൈക്ക് നിർത്തി ഞാൻ പറഞ്ഞു “വിജയേട്ടാ ഭയങ്കര വിശപ്പ്.വിജയേട്ടൻ വാ..ഈ വെയിലത്ത് ഒന്നും കഴിക്കാതെ പോയാൽ ഞാൻ തല ചുറ്റി വീഴും.”

അകത്ത് കയറി രണ്ട് ചിക്കൻ ബിരിയാണിക്ക് ഓർഡർ ചെയ്തപ്പോ വിജയേട്ടൻ തടഞ്ഞു. “എനിക്ക് ഒരു ഗ്ലാസ് നാരങ്ങ വെള്ളം മാത്രം മതി. ഇതൊന്നും ഞാൻ കഴിക്കാറില്ല. വീട്ടിൽ പോയി കഴിക്കുന്നതാണ് എനിക്കിഷ്ടം. നീ വേറെ ഒന്നും വിചാരിക്കരുത് നീകഴിച്ചോ “

ഇതു കേട്ടപ്പോ ഇത്തിരി വിഷമം ആയെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. നാരങ്ങ വെള്ളവും ബിരിയാണിയും ഒപ്പം കൊണ്ടുചെന്നു വെച്ചപ്പോൾ ആള് വേഗം ഗ്ലാസ് കാലിയാക്കി എഴുന്നേറ്റ് പറഞ്ഞു “ഇതിന് തൊട്ടപ്പുറത്ത് എന്റെ ഒരു കൂട്ടുകാരന്റെ കടയുണ്ട്. നീ കഴിച്ചു തീരുമ്പോഴേക്കും ഞാൻ അവനെ ഒന്നു കണ്ടിട്ടു വരാം. ഈ ബാഗ് ഇവിടെ ഇരുന്നോട്ടെ…”

ആളെ ഇവിടെ ഇരുത്തി ഒറ്റക്ക് കഴിക്കേണ്ടി വരുന്ന എന്റെ വിഷമം മനസ്സിലാക്കിയിട്ടാവണം അങ്ങനെ പറഞ്ഞത് എന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഞാൻ തലയാട്ടിയപ്പോൾ ആള് പുറത്തേക്ക് നടന്നു

ബിരിയാണി കഴിച് തീരാറായപ്പോളാണ് മൊബൈൽ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടത്. നോക്കിയപ്പോൾ വിജയേട്ടന്റെ ബാഗിൽ നിന്നാണ് .ആദ്യത്തെ രണ്ട് പ്രാവശ്യം റിംഗ് ചെയ്ത് കട്ടായി. മൂന്നാമത്തെ പ്രാവശ്യം റിംഗ് ചെയ്തപ്പോൾ ആള് പുറത്തു പോയ് വരുമ്പോ വിളിക്കാൻ പറയാം എന്നു പറയാമെന്നു കരുതി ഫോണെടുത്തു.

പക്ഷേ എന്തെങ്കിലും പറയുന്നതിനു മുമ്പേ തന്നെ വിജയേട്ടന്റെ ഭാര്യയുടെ ശബ്ദം എന്റെ കാതിൽ വീണു….”ആ കുട്ടപ്പൻ രണ്ട് വാഴക്കുല വെട്ടി കൊണ്ട് പോയിട്ടുണ്ട്. അതിന്റെ പൈസ വാങ്ങി രാത്രി കൂട്ടാൻ വെക്കാൻ വല്ലതും വാങ്ങിട്ടു വരണം. രാവിലെ ഉണ്ടായിരുന്ന മോരും ഇന്നലെത്തെ ബാക്കി ഉണ്ടായിരുന്ന പയറുമെഴുകു പുരട്ടിയും കൊണ്ടാ പിള്ളേര് സ്കൂളിൽ കൊണ്ടുപോയത്. ഞങ്ങള് രണ്ടാളും ഇന്ന് ഉച്ചക്ക് ഒന്നും കഴിച്ചിട്ടില്ല. എവിടെ ആണെങ്കിലും വേഗം വരാൻ നോക്ക്.”

പെട്ടെന്ന് ഫോൺ കട്ടാവുകയും ചെയ്തു. ഫോണും കൈയിൽ പിടിച്ചു ഞാൻ തരിച്ചിരുന്നു. വയറിലേക്കിറങ്ങിയ ബിരിയാണി മുഴുവൻ അവിടെ കിടന്നു പൊള്ളുന്നത് പോലെ തോന്നി. വിജയേട്ടൻ കഴിക്കാതിരുന്നതിന്റെ കാരണവും മനസ്സിലായി. സ്വന്തം ഭാര്യയും മകളും പട്ടിണി കിടക്കുമ്പോ ഇത്തിരി മനസാക്ഷി ഉള്ള ഒരാൾക്കും ബിരിയാണി കഴിക്കാൻ തോന്നില്ല. കൈയിൽ ഇത്തിരി പൈസയും വീട്ടിൽ അത്യാവശ്യം നല്ല ചുറ്റുപാടും തറവാട്ടു മഹിമയുമൊക്കെയുള്ള ഞാൻ ഓരാഴ്ച നടന്നിട്ടും കിട്ടാത്തതതാണ് അത്താഴപട്ടിണിക്കാരനായ വിജയേട്ടൻ സ്വന്തം സ്വഭാവം കൊണ്ട് ഒറ്റ ദിവസം നേടിത്തന്നത്. പുറത്തുള്ള ഒരാളുടെ നല്ല മനസ്സിനെ ഓർത്ത് ആദ്യമായ്  എന്റെ കണ്ണു നിറഞ്ഞു.

ഹോട്ടലിൽ നിന്നറങ്ങുമ്പോൾ വിജയേട്ടൻ തിരിച്ചു വരുന്നുണ്ടായിരുന്നു. ബാഗ് കൈയിൽ കൊടുത്ത് ചേച്ചി വിളിച്ചിട്ടുണ്ടായിരുന്നു എന്ന് ഞാൻ പറഞ്ഞു. വേഗം ചെല്ലാനാ വിളിച്ചത് എന്നു പറഞ്ഞപ്പോൾ വിജയേട്ടനൊന്നു മൂളി.

ബൈക്ക് ഓടിക്കുമ്പോഴും എന്റെ ചിന്ത വിജയേട്ടനെ കുറിച്ചായിരുന്നു.പുറമേ ന്നു നോക്കുമ്പോൾ എല്ലാം തികഞ്ഞ മനുഷ്യൻ. പക്ഷേ സ്വന്തം കഷ്ടപ്പാടുകൾ ആരേയും അറിയിക്കാതെ എല്ലാവരെയും സഹായിക്കാൻ നടക്കുന്ന മനുഷ്യൻ. ഞാൻ കൂടുതൽ വിജയേട്ടന്നെ മനസ്സിലാക്കുവാൻ വേണ്ടി ഓരോന്ന് സംസാരിക്കാൻ തുടങ്ങി. എത്ര വലിയ സങ്കീർണ്ണത ഉള്ള കാര്യങ്ങളും വിജയേട്ടൻ നിസ്സാരവത്കരിച്ച് സംസാരിക്കുന്നത് കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി.

ഒരു ദിവസം നൂറു നുണയും പറഞ്ഞ് എണ്ണിയാൽ തീരാത്ത ചെറ്റത്തരവും പറഞ്ഞു നടക്കുന്ന ചില രാഷ്ട്രീയ നേതാക്കൻമാരെക്കാളും ഇന്നത്തെ തലമുറ ഇതുപോലെ നാട്ടിൻ പുറത്തുള്ള ഓരോ വിജയേട്ടൻമാരെ മാതൃക ആക്കിയിരുന്നെങ്കിൽ കേരളം ശരിക്കും ദൈവത്തിന്റെ നാടായി മാറിയേനെ..വിജയേട്ടനുമായുള്ള ബന്ധം ഈ ഒറ്റ ദിവസം കൊണ്ട് തീരില്ല എന്നു മനസ്സിലുറപ്പിച്ചു.

ആളുടെ വീടിന്റെ മുറ്റത്ത് ബൈക്ക് നിർത്തിയതും ഒരു കോഴിയും അതിന്റെ പുറകെ ഒരു പെൺകുട്ടിയും ഓടി വന്നത് ഒരുമിച്ചായിരുന്നു. ഞങ്ങളെ കണ്ടതും അവളൊന്നു ചിരിച്ചു. “ഇതെന്റെ മൂത്ത മോളാണ്. ശ്രീലക്ഷ്മി.ആ പേരെ അവൾക്കു ചേരുന്ന് എനിക്ക് തോന്നി. അവളെ കണ്ടാ വേറെ ഒന്നും വിളിക്കാൻ തോന്നുകയുമില്ല. അവളെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു എന്തു ചെയ്യുന്നു. പി എസ് സി കോച്ചിംഗിനു പോവാന്ന് എന്നു പറഞ്ഞ് പറമ്പിൽ നിൽക്കുന്ന കോഴിടെ നേർക്ക് നടന്നു.

വിജയേട്ടന്റെ കൈ പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു. “എന്താ തരണ്ടേന്ന് എനിക്കറിയില്ല. നന്ദി മാത്രം പറയുന്നതും ശരിയല്ല.”

എന്റെ കൈയിൽ തിരിച്ചുപിടിച്ചു കൊണ്ട് ആളു പറഞ്ഞു. “നീ രാഘവന്റെ മകനല്ലേ…ന്റെ കൂട്ടുകാരനാ അവൻ. പിന്നെ നീയും ഞാനും ഇവിടെ ഒക്കെത്തന്നെ ഇല്ലേ. മനുഷ്യന് പരസ്പരം എപ്പോഴാ സഹായം വേണ്ടി വരാന്ന് പറയാൻ കഴിയില്ല. അങ്ങനെ ഒരു സന്ദർഭം വരും അപ്പോ ചെയ്ത മതി. ഇപ്പോ നീ പൊയ്ക്കോ “. എന്നു പറഞ്ഞ് വിജയേട്ടൻ വീടിനുള്ളിലേക്ക് കയറിപ്പോയി.

ബൈക്ക് ഗേറ്റിനടുത്തെത്തിയപ്പോൾ നിർത്തി ഞാൻ ഒന്നു തിരിഞ്ഞു നോക്കി. പ്പറമ്പിൽ കോഴിയുടെ പുറകെ ഓടുന്ന ശ്രീലക്ഷ്മിയെ നോക്കിയപ്പോൾ അറിയാതെ ഒരു പുഞ്ചിരി എന്റെ ചുണ്ടില് വന്നു.

വീട്ടിൽ ചെന്ന് പറഞ്ഞപ്പോൾ വിജയന്റെ മോളാണെങ്കിൽ ഒന്നും നോക്കാനില്ല. നീ ധൈര്യമായിട്ടിരുന്നോ… ഇത് ഞങ്ങൾ നടത്തിത്തരാം എന്നായിരുന്നു അച്ഛന്റെ മറുപടി. വിജയേട്ടനെപ്പോലെ ഉള്ള “മനസ്സ്” ഉള്ള ഒരു മനുഷ്യനെ സഹായിക്കാന്ന് വെച്ചാ അത് സ്വന്തം ജീവിതം കൊണ്ട് ചെയ്യുന്നതല്ലേ ശരി….നിങ്ങള് തന്നെ പറ അല്ലേന്ന്.

“സംസാരിച്ച് സമയം പോയതറിഞ്ഞില്ല. വീടുപണി, കല്യാണം അങ്ങനെ കുറച്ച് തിരക്കുണ്ട്. ഒക്കെ തീർത്തിട്ട് ഞാനും ലക്ഷ്മിയും കൂടി വരാട്ടോ…അനുഗ്രഹിച്ചേക്കണെ… “

~Ajeesh Kavungal