സോറി നമ്മൾ പരസ്പരം അറിയാൻ തുടങ്ങിയപ്പോൾ അല്ലേ..കൂടുതൽ അടിപൊളി ആയെ ജീവിതം..

നിലാവ് പോലെ…..

Story written by Unni K Parthan

========================

“ഇറങ്ങാൻ തോന്നണില്ല ഇവിടെ..നിന്റെ കൂടെ യാത്ര ചെയ്തു കൊതി മാറിയില്ല..”

മീര രാമദേവന്റെ തോളിലേക്ക് ഒന്നുടെ പൂണ്ടു കിടന്നു പറഞ്ഞു..

“ഇറങ്ങേണ്ട ന്നേ..വാ..പോയേച്ചും വരാം എന്റെ നാട്ടിലേക്ക്…”

“വരുമേ.. ഞാൻ…” കാറ്റിൽ പാറി പറന്നു അനുസരണയില്ലാത്ത മുടിയിഴ മെല്ലെ മാടിയൊതുക്കി രാമദേവനെ കുസൃതിയോടെ നോക്കി മീര..

“വായോ ന്നേ..ഇനി ഇങ്ങനെ ഒരു യാത്രക്ക് കാലം അനുവാദം നൽകിയില്ലയെങ്കിലോ..”

“വീട്ടിൽ എന്ത് പറയും..” മീര ഒന്നുടെ രാമദേവനിലേക്ക് ചുരുണ്ടു കൂടി കൊണ്ട് ചോദിച്ചു…

“ആരുടെ..”

“ഓ…ഇപ്പൊ അങ്ങനെ ആയോ..എന്നേം കൊണ്ട് നിന്റെ വീട്ടിൽ ചെല്ലുമ്പോൾ അവരോടു എന്ത് പറയുന്ന്..”

“അതിനു ഞാൻ നിന്നെ താലി കെട്ടി കൊണ്ടൊണത് അല്ല ലോ..കൂടെ വർക്ക്‌ ചെയ്യുന്നവളെ എന്റെ വീട്ടിലേക്ക് കൊണ്ട് പോകുന്നത് കൊണ്ട് എന്താ കുഴപ്പം..” പുഞ്ചിരിയോടെ രാമദേവൻ പറഞ്ഞു..

“മ്മ്..ആയിക്കോട്ടെ..ങ്കിൽ ഞാൻ വരാം കൂടെ..”

“സന്തോഷം..”

************************

“കാലത്തിനു എന്താ വേഗത ല്ലെ..”

ബസ് ഇറങ്ങി ഇടവഴിയിലൂടെ നടക്കുന്ന നേരം രാമദേവന്റെ വിരലിൽ കോർത്തു പിടിച്ചു കൊണ്ട് മീര പതിയെ ചോദിച്ചു..

“ഉണ്ടോ…ആവോ എനിക്ക് തോന്നിയില്ല..ഇത് വരെ..”

“മ്മ്..ണ്ട്..നാം അറിയാതെ പോകുന്നത് പലപ്പോഴും തിരിച്ചറിഞ്ഞു പോകുന്നത് ഇന്നലെകളിലേക്ക് തിരിഞ്ഞു നോക്കുമ്പോളാണ്..

കഴിഞ്ഞു പോയ ഇന്നലെകളുടെ പ്രിയമുള്ള നിമിഷങ്ങൾ നൽകുന്ന ഓർമ്മകൾ..അത് ഇനി നമുക്ക് കൂടെ ഇല്ല എന്ന് അറിയുമ്പോൾ ഉള്ള ഒരു നോവ്..അതിനുള്ള സുഖം..അത് കുത്തി നോവിക്കുന്ന നിമിഷം..അതെല്ലാം ആണ് ഇനി പ്രിയപ്പെട്ടതാവുക..”

“എന്ത് പറ്റി പെണ്ണേ..വല്ലാതെ പിടയുന്നുവല്ലോ നിന്റെ മനസ്..”

“മ്മ്..എന്നിലേക്കു പെയ്തിറങ്ങുന്ന ഓർമകളിൽ..എന്നും പ്രിയപ്പെട്ടത് നമ്മുടെ കഴിഞ്ഞ കുറച്ചു മാസങ്ങൾ ആയിരുന്നു..

അറിയാലോ..അച്ഛനും, അമ്മയും, ഏട്ടനും ഒരൊറ്റ ദിവസം ഒന്നും പറയാതെ ഈ ലോകത്തു നിന്ന് പോയപ്പോൾ പകച്ചു നിന്ന എന്നെ..ചേർത്ത് പിടിക്കാൻ ഒരാള് പോലും ഉണ്ടായിരുന്നില്ല..പക്ഷെ…തളർന്നു വീഴാൻ ഞാൻ ഒരുക്കമല്ലായിരുന്നു..

ചടങ്ങുകൾ കഴിഞ്ഞു പതിവ് പോലേ ഞാൻ ജോലിക്ക് പോയി തുടങ്ങി..എല്ലാരും എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി..അച്ഛനും, അമ്മയും, ഏട്ടനും പോയി ചിതയുടെ തീ അണയും മുൻപേ അവൾ ഇറങ്ങി നടക്കാൻ തുടങ്ങി..ഇനി ആരേം കൂസാതെ അവൾക്ക് ജീവിക്കാലോ എന്നൊക്കെ പറഞ്ഞു ചുറ്റും കുറ്റപെടുത്തൽ മാത്രം..

പക്ഷെ..അച്ഛനും അമ്മയ്ക്കും ഏട്ടനും അറിയാം എന്റെ മനസ്..അത് കൊണ്ട് മാത്രം..അവർ കൂടെ ഇന്നും ഉള്ളത് കൊണ്ട് മാത്രം ഞാൻ ഭ്രാന്തിയാകാതെ ഇങ്ങനെ..”.മീരയുടെ ശബ്ദം വിറച്ചു….

“ഡീ..ചുമ്മാ സീൻ ആക്കല്ലേ..ആളുകൾ ശ്രദ്ധിക്കും..” രാമദേവൻ മീരയുടെ വിരലുകൾ ഒന്നുടെ മുറുക്കി പിടിച്ചു..

“സോറി..”

“എന്തിന്..നിന്നെ കിട്ടിയതിനു ശേഷം അല്ലെ ഞാനും ഇങ്ങനെയൊക്കെ ആയത്..അല്ലേ ആരോടും മിണ്ടാതെ ജോലി മാത്രം നോക്കി നടന്ന എന്നെ നീ അറിയാൻ തുടങ്ങിയപ്പോൾ..

സോറി നമ്മൾ പരസ്പരം അറിയാൻ തുടങ്ങിയപ്പോൾ അല്ലേ..കൂടുതൽ അടിപൊളി ആയെ ജീവിതം..

ഇനി ഇപ്പൊ..ഞാൻ പറക്കാൻ പോകുന്നു..പുറത്തേക്ക്..നീ വീണ്ടും ഒറ്റയ്ക്കാവും..”

“അങ്ങനെ ഉള്ള പേടിയൊന്നും ഇല്ല..സങ്കടവുമില്ല..കാരണം..ഒറ്റയ്ക്ക് ജീവിതം ആസ്വദിക്കാൻ തുടങ്ങിയ കാലം മുതൽ..ഞാൻ അറിഞ്ഞു തുടങ്ങി..ജീവിതം എന്നും ഒറ്റപ്പെടൽ ആണെന്ന്..ഏതെങ്കിലും കാരണങ്ങൾ കൊണ്ട് നാം ഇടയ്ക്കൊക്കെ ഒറ്റയ്ക്കാവും..ആ ഒറ്റപെടലിനെ സ്നേഹിച്ചു തുടങ്ങിയാൽ..അതിനേക്കാൾ പ്രിയമുള്ളതൊന്നും പിന്നെ ഉണ്ടാവില്ല ചെക്കാ..

നീ പോയാൽ..ആ നിമിഷം ഞാൻ വേറെ ഏതെങ്കിലും കാര്യത്തിൽ എൻഗേജ്‌ഡ് ആവും..നിന്നേ ഓർക്കാൻ പോലും ചിലപ്പോൾ അപ്പൊ എനിക്ക് സമയമുണ്ടാകില്ല..” ചിരിച്ചു കൊണ്ട് മീര പറഞ്ഞു.

“അപ്പൊ..ഇച്ചിരി മുന്നേ പറഞ്ഞത് ചുമ്മാ ആയിരുന്നു ലേ..”

“ഹേയ്…അങ്ങനെ അല്ല..ഇടയ്ക്ക് നമുക്ക് ഓർക്കാൻ കഴിയുന്ന പ്രിയപ്പെട്ട ഓർമ്മകൾ..അത് സുഖമുള്ള നോവുള്ളത് ആണേൽ..ആ നോവിനോട് പ്രണയമാകും ചിലപ്പോൾ..” മീര മുടിയിഴ മെല്ലെ മാടിയൊതുക്കി കൊണ്ട് പറഞ്ഞു..

“എന്നോടും..” രാമദേവന്റെ ശബ്ദം നേർത്തു..

“നിന്റെ ഈ നാട് കാണാൻ നല്ല ഭംഗി ണ്ടേ…എവിടെ നോക്കിയാലും വയൽ..ഒരു വശം കായൽ..ഒരു വശം മൊട്ട കുന്നു പോലുള്ള മല നിരകൾ..

ആളുകൾ ഇങ്ങനെ ഈ പാട വരമ്പിലൂടെ ദൂരേക്ക് നടന്നു നീങ്ങുന്നത് കാണാൻ നല്ല ഭംഗി ണ്ട്..

നിന്റെ വീട് എത്താറായോ..എത്തിയില്ലേലും കുഴപ്പമില്ല അത്രേം ഫീൽ ഉണ്ട് ഈ കാഴ്ചകൾ..”

“ആ കാണുന്നതാണ് വീട്..” ദൂരെ തല ഉയർത്തി നിൽക്കുന്ന പഴമ വിളിച്ചോതുന്ന നാല് കെട്ട് ചൂണ്ടി രാമദേവൻ പറഞ്ഞു..

“ആഹാ..അടിപൊളി ആണ് ലോ വീട്..” പടിപ്പുര കടന്നു വലതു കാൽ മുറ്റത്തേക്ക് എടുത്തു വെച്ചു കൊണ്ട് മീര പറഞ്ഞു..

“അമ്മേ…ഏട്ടൻ വന്നു..” നന്ദിനി ഓടി വന്നു രാമദേവന്റെ കൈയിൽ പിടിച്ചു..പിന്നെ ഒരു നിമിഷം മീരയെ നോക്കി..

“മീരേച്ചി..” നന്ദിനി ചുണ്ടിൽ കൈ വെച്ചു കൊണ്ട് ചോദിച്ചു..

“അറിയോ..എന്നെ…”

“ഏട്ടൻ പറഞ്ഞിട്ടുണ്ട്..”

“ന്തേ നേരം വൈകിയെ..ഞാൻ ഉച്ചക്ക് നിനക്ക് മാമ്പഴപുളിശ്ശേരി ഉണ്ടാക്കി വെച്ച് കാത്തിരുന്നത് വെറുതേ ആയി ല്ലേ..” നേര്യതിൽ കൈയ്യിൽ ഉള്ള വെള്ളം തുടച്ചു കൊണ്ട് രാമദേവനെ ചേർത്ത് പിടിച്ചു സീത.

“മീര..” സതി മീരയെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു..

“അമ്മക്കും അറിയോ..”

“എല്ലാർക്കും അറിയാലോ മോളേ..കേറി വാ..” സീത പറഞ്ഞത് കേട്ട് മീര തല ചെരിച്ചു രാമദേവനെ നോക്കി..പിന്നെ കോലായിലേക്ക് കയറി..

**********************

രാത്രി

“നിനക്ക് എന്നെ കൂടെ കൂട്ടാൻ പറ്റോ..” മീരയുടെ ചോദ്യം കേട്ട് രാമദേവൻ ചിരിച്ചു..

“കൂടെ ഉണ്ടല്ലോ…അറിയുന്നില്ലേ നീ എന്നിട്ടും..”

“അതറിയാം..”

“പിന്നെ..”

“എന്നും..നിന്റെ നിഴലിൽ..നിന്നിലേക്ക് മാത്രം ചുരുങ്ങാൻ ഉള്ള അനുവാദം..” മീരയുടെ ശബ്ദം നേർത്തു..

കുറച്ചു നേരം മൗനം..രാത്രിയുടെ നിശബ്ദത ആ മൗനത്തെ കൂടുതൽ സുന്ദരമാക്കി..

“ഇഷ്ടമാണ് എന്ന് പറയാൻ എളുപ്പമാണ്..പക്ഷെ..ആ ഇഷ്ടം നെഞ്ചിലേക്ക് പെയ്തിറങ്ങാൻ ആണ് പാട്..” രാമദേവൻ മീരയെ നോക്കി പറഞ്ഞു..

“മ്മ്..

അറിയാതെ പറയുന്ന പ്രണയമില്ലേ..ഒന്നും മിണ്ടാതെ മൗനം കൊണ്ട് എനിക്ക് നിന്നോട് പ്രണയമാണ് എന്ന് പരസ്പരം അറിയുന്ന പ്രണയം..നിന്നോട് പറയാൻ കഴിയാതെ ഞാൻ മൗനം കൊണ്ട് നിനക്ക് നൽകിയിരുന്ന പ്രണയം..അത് ഇനി പറയാതെ വയ്യെനിക്ക്..

യാത്രകളിൽ ഭ്രാന്ത് പൂക്കുന്നതും..കൂടെ കൂടിയ നിമിഷങ്ങളിൽ..ചേർത്ത് പിടിച്ചതും..വീണു പോകും നേരം താങ്ങായ് കൂടെ ചേർത്ത് നിർത്തിയതും..കാലം എനിക്ക് നൽകിയ പ്രിയമുള്ള ഓർമ്മകളിൽ എന്നും..കൂടെയുള്ളതും നിന്റെ സാമിപ്യമാണ്..അത് എനിക്ക് വിട്ടു കൊടുക്കാൻ വയ്യ ഒന്നിനും..ഒരു യാത്രക്കും..

അതിന് മുന്നേ നീ എനിക്ക് മഞ്ഞ ചരടിൽ ചാർത്തിയ താലി എന്റെ കഴുത്തിൽ നൽകണം…നെറ്റിയിൽ സിന്ദൂരം ചാർത്തണം..അത്രേം…അത്രേം പ്രണയമാണ് എനിക്ക് നിന്നോട്..

നഷ്ടപെടാൻ പോകുന്നു എന്നറിയുമ്പോളാണ് ഏതൊരു ഇഷ്ടവും കൂടുതൽ മനോഹരമാവുന്നത്..ചേർത്ത് പിടിക്കാൻ കൊതിക്കുന്നതും ആ നിമിഷമാണ്..” മീര രാമദേവന്റെ നെഞ്ചിലേക്ക് ചാരി കൊണ്ട് പറഞ്ഞു..

പുറത്ത് നിലാവ് പൂത്തു തളിരിടുന്നുണ്ടായിരുന്നു..നക്ഷത്രങ്ങൾ കണ്ണൂ ചിമ്മി പുഞ്ചിരിക്കുന്നുണ്ടായിരുന്നു..മൗനം അവർക്കിടയിൽ കൂടു കൂട്ടുന്നുണ്ടായിരുന്നു..ഒടുവിൽ..രാമദേവൻ മീരയെ ചേർത്ത് പിടിക്കുമ്പോൾ..മുറ്റത്തെ ചെമ്പക തൈയ്യിൽ ഒരു മൊട്ട് പുഞ്ചിരിച്ച് കൊണ്ട് നിലാവിനെ നോക്കി കണ്ണിറുക്കി..

ശുഭം