അനുഭവിച്ചോ..ആരേലും പറഞ്ഞോ എടുത്തു തലയിൽ വെയ്ക്കാൻ..അനു ഹരിഹരനെ നോക്കി..

കാലമേ..സാക്ഷി..

Story written by Unni K Parthan

=================

“ഇപ്പൊ..അതിനു ന്താ ണ്ടായേ..” ഹരിഹരൻ പവിത്രയോട് ചോദിച്ചു..

മുഖം പൊത്തിയുള്ള ഒരു അടിയായിരുന്നു പവിത്രയുടെ മറുപടി..

ഹരിഹരൻ നിന്നു ചിരിച്ചു..

“കഴിഞ്ഞോ..”

“മ്മ്..” പവിത്ര മൂളി..

“ശരിക്കും നിനക്ക് ന്താ…കാര്യം പറ..”

“എനിക്ക് ഇഷ്ടല്ല..”

“എന്താ…ഇഷ്ടല്ലാത്തത്…ഞാൻ സി ഗരറ്റ് വലിക്കുന്നത് ആണോ..”

“അതെനിക്ക് ഇഷ്ടാ..”

“പിന്നേ…ന്താ നിനക്ക് ഇഷ്ടല്ലാത്തത്..”

“നിന്റെ ചുറ്റും ഇങ്ങനെ പാറി നടക്കുന്ന പെണ്ണുങ്ങളെ എനിക്ക് ഇഷ്ടല്ല..”

“അടിപൊളി..” ഹരിഹരൻ പൊട്ടിചിരിച്ചു..

“ന്തേ…നീ ചിരിക്കൂന്നേ..” ഇടറിയിരുന്നു പവിത്രയുടെ ശബ്ദം..

“പിന്നെ..ഇതൊക്കെ കേട്ടാൽ പിന്നെ എങ്ങനെ ചിരിക്കാതിരിക്കും..”

“നീ ന്താ ഇങ്ങനെ..”

“എങ്ങനെ..” ഹരിഹരൻ ചോദിക്കുന്നതിനോട് ഒപ്പം പവിത്രയുടെ കൈയ്യിൽ പിടിച്ചു വലിച്ചു..

“വാ..ഇവിടെ വന്നിരുന്നേ..” ആൽ തറയിലേക്ക് പവിത്രയേ പിടിച്ചു ഇരുത്തി ഹരിഹരൻ..

“എന്ത് കണ്ടിട്ടാ കോ പ്പേ..നിന്നോട് അവള്മാർക്ക് ഇത്ര..”

“ഇത്ര..നിർത്തല്ലേ ബാക്കി പറ…”

“ഒന്നൂല്യ..എന്നെ വേഗം കല്യാണം കഴിക്കണം..” പവിത്രയുടെ വെട്ടിതുറന്നുള്ള ചോദ്യം കേട്ട് ഹരിഹരൻ ഒന്ന് ഞെട്ടി..

“ന്താന്ന്..”

“കല്യാണം കഴിക്കണം ന്ന്..”

“എപ്പോ..ഇപ്ലോ..”

“ആ..പറ്റോ..”

“മ്മ്..പറ്റും..” ഹരിഹരൻ മറുപടി കൊടുത്തു..

“ങ്കിൽ കെട്ടിക്കോ..” പവിത്ര ചിരിച്ചു കൊണ്ടു പറഞ്ഞു..

“വാ…” പവിത്രയുടെ കൈയിൽ പിടിച്ചു കൊണ്ടു ഹരിഹരൻ മുന്നോട്ട് നടന്നു..

“ഡാ..നീ എവിടേക്കാ എന്നേ കൊണ്ടു പോണേ..”

“നിന്നെ കെട്ടി എന്റെ വീട്ടിൽ കൊണ്ടോവാൻ..”

“അയ്യോ..ന്റെ വീട്ടിൽ അറിഞ്ഞാൽ എന്നേ കൊ ല്ലും..”

“അത് അപ്ലല്ലേ..അപ്പോ നോക്കാം..ഇപ്പൊ നീ വാ..” പവിത്രയുടെ കൈയിൽ പിടിച്ചു ഹരിഹരൻ മുന്നോട്ട് നടന്നു..

“ഡാ..അമ്പലമാണ്..ആരേലും കാണും..നീ കൈയ്യേന്ന് വിട്ടേ..”

“ഇല്ല..ഇന്ന് നമ്മുടെ കല്യാണം..എന്നിട്ട് മതി ബാക്കി..”

“പിന്നേ..ഒന്ന് പോയേ..എനിക്കിപ്പോ കല്യാണം വേണ്ടാ..”

“എനിക്ക് ഇപ്പൊ കല്യാണം വേണം..വയസ് ഇരുപത്തി ഏഴായി..കൊറേ ആയി ചോദിക്കുന്നു കെട്ടാറായോ കെട്ടാറായോ ന്ന് അമ്മയോട്..അമ്മക്ക് ഇത് വരേം എന്നേ കെട്ടിക്കാൻ സമയം ആയിട്ടില്ല..ഇന്ന് ന്തായാലും ഞാൻ കെട്ടും..” ഹരിഹരൻ അമ്പലത്തിന്റെ കൊടിമരത്തിനു താഴെ വന്നു നിന്നു പവിത്രയുടെ കൈ മെല്ലേ വിട്ടു..

“പിറന്നാൾ ആശംസകൾ..” പവിത്രയേ നോക്കി ഹരിഹരൻ മെല്ലെ ചെവിയിൽ പറഞ്ഞു…

“ഓ…അപ്പൊ ഓർമയുണ്ട് ല്ലേ…”

ഹരിഹരൻ പോക്കറ്റിൽ നിന്നും ഒരു പൊതിയെടുത്തു..ഒരു കുഞ്ഞു മണിമാലയായിരുന്നു അത്..

“നിന്റെ സമ്മതം ഞാൻ നോക്കുന്നില്ല..ആരേം ഞാൻ നോക്കുന്നില്ല..കണ്ണനെ സാക്ഷിയാക്കി ദേ..ഇത് ഞാൻ അങ്ങട് നിന്റെ കഴുത്തിൽ ചാർത്തുവാ..ഈ നടയിൽ വെച്ച്..” പറഞ്ഞു തീർന്നതും ഹരിഹരൻ പവിത്രയുടെ കഴുത്തിലേക്ക് മാല ചാർത്തി..ഈ നിമിഷം ശ്രീകോവിൽ നട തുറന്നു..

പവിത്ര ഒന്ന് പിടഞ്ഞു..പകപ്പോടെ ചുറ്റിനും നോക്കി…

“അച്ഛൻ..” പവിത്രയുടെ ചുണ്ട് അനങ്ങി..

“ഇത്രേം ആയ സ്ഥിതിക്ക് ഇനി വീട്ടിൽ കൊണ്ടു പൊയ്ക്കോ..ഇതെന്താ ഇത്രേം വൈകിയേന്ന് മാത്രം ആയിരുന്നു ഒരു സംശയം..

ഇതിപ്പോ ഒരു ഭാഗ്യം ണ്ട്..മോൾടെ വിവാഹം കാണാൻ എനിക്കും നിന്റെ അമ്മയ്ക്കും ഭാഗ്യമുണ്ടായിലോ..” ക്ഷേത്രം വലം വെച്ചു വന്ന അരവിന്ദൻ ഇരുവരേയും നോക്കി പറഞ്ഞു..

“ഡീ ഭര്യേ..ഭാഗ്യം ചെയ്ത അച്ഛനും അമ്മയുമാണ് നമ്മൾ..പത്തു രൂപ ചിലവില്ലാതെ കാര്യം നടന്നു..” അരവിന്ദൻ സീതയേ നോക്കി പറഞ്ഞു.

“വാ..” ഹരിഹരൻ നേരെ അരവിന്ദന്റെയും സീതയുടേയും അടുത്തേക്ക് പവിത്രയുടെ കൈയ്യും പിടിച്ചു നടന്നു..

“അച്ഛാ….അമ്മേ അനുഗ്രഹിക്കണം..” ഹരിഹരൻ ഇരുവരുടേയും കാൽ തൊട്ട് വന്ദിച്ചു..

“ഇനി നിന്നോട് പ്രത്യേകം പറയണോ..ഞങ്ങളുടെ കാലിൽ വീഴടീ കോ പ്പേ..” അരവിന്ദൻ പവിത്രയേ നോക്കി പറഞ്ഞു..

ന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ പോലും കഴിയാതെ പവിത്ര ഇരുവരുടേയും കാൽ തൊട്ടു വന്ദിച്ചു..

“നന്നായി വരും..” അരവിന്ദൻ ഇരുവരേയും ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..

**************************

കൊറേ വർഷങ്ങൾക്ക് ശേഷം..

“ഏത് നേരത്താണാവോ..എന്റെ വായിൽ അങ്ങനെ പറയാൻ തോന്നിയത്..ന്റെ കൃഷ്ണാ..” പവിത്ര അടുക്കളയിൽ നിന്നും പാത്രം എടുത്തു ഒന്ന് ആഞ്ഞു കുത്തി കൊണ്ടു ഉറക്കേ പറഞ്ഞു..

“അച്ഛാ..അമ്മ..” അനുപ്രിയ ഹരിഹരനെ നോക്കി..

“മിണ്ടാൻ പോകണ്ട..ഭ ദ്രകാളി കേറി നിൽക്കുവാ..ആ ഭാഗത്തേക്ക് പോണ്ടാട്ടാ…”.ഹരിഹരൻ ടിവിയുടെ വോളിയം ഒന്ന് കൂട്ടി..

“നിനക്ക്..നിനക്ക് അറിയോ..ഇങ്ങേരു..ഇങ്ങേരു ചെയ്ത പണി അറിയോ..” നൈറ്റി എടുത്തു എളിയിൽ ഒന്ന് പൊക്കികുത്തി ചവിട്ടി തുള്ളി കൊണ്ട് പവിത്ര ഹാളിലേക്ക് വന്നു..കൈയ്യിൽ ഇരുന്ന തവി കൊണ്ടു ഹരിഹരന്റെ തുടയിൽ അടിച്ചു കൊണ്ടു അനുവിനെ നോക്കി ചോദിച്ചു..

“അമ്മേ ” ഹരിഹരൻ ഒന്ന് വിളിച്ചു

“എന്താ അമ്മേ..” നിഷ്കളങ്കമായ മട്ടിൽ അനു പവിത്രയേ നോക്കി ചോദിച്ചു..

“നീ എന്റെ മോള് തന്നേ..” ഹരിഹരൻ ഉള്ളിൽ പറഞ്ഞു

“അമ്പലത്തിൽ വന്ന എന്റെ കഴുത്തിൽ ഒരു മാലേം ഇട്ടിട്ടു വാടീ എന്റെ വീട്ടിലേക്ക് എന്നും പറഞ്ഞു എന്റെ കൈയ്യും പിടിച്ചു ഒറ്റ പോക്കായിരുന്നു..ഹോ..അന്ന് തുടങ്ങിയ വിധിയാണ്..”

“അമ്മ ഇപ്പൊ ന്നേ കല്യാണം കഴിക്കണം ന്ന് അച്ഛനോട്‌ പറഞ്ഞു ന്ന് ആണ് ലോ അച്ഛൻ എന്നോട് പറഞ്ഞത്…”

“അത് പിന്നെ..” പവിത്ര ഒന്ന് പരുങ്ങി..

“ഞാൻ ന്തേലും പറഞ്ഞു ന്ന് കരുതി ഇങ്ങേരു കേറി കെട്ടും ന്ന് ഞാൻ കരുതിയോ..”

“ഇപ്പൊ എനിക്കായി കുറ്റം..അന്ന് എത്ര നല്ല തറവാട്ടിൽ നിന്നും ആണെന്നോ ആലോചനകൾ വന്നത്..” ഹരിഹരൻ റിമോട്ട് എടുത്തു മടിയിൽ താളം പിടിച്ചു കൊണ്ട് പറഞ്ഞു..

“വരും…വരും..നിങ്ങൾ നാട്ടിലേ കൃഷ്ണൻ അല്ലേരുന്നോ..

മോൾക്ക്‌ ഒരു കാര്യം അറിയോ..” പവിത്ര അനുവിനെ തോണ്ടി…

“ഇല്ല..ന്താ മ്മാ…”

“ഇങ്ങേർക്ക് ഒരേ സമയം പത്തു കാമുകിമാർ ണ്ടായിരുന്നു..”

“അച്ഛാ…”

“ഇവൾക്ക് വട്ടാ മോളേ…”

“വട്ട് നിങ്ങടെ…ഞാൻ ഒന്നും പറയുന്നില്ല..” പവിത്ര കൈല് എടുത്തു ഹരിഹരന്റെ തോളിൽ അടിച്ചു..

“അനുഭവിച്ചോ..ആരേലും പറഞ്ഞോ എടുത്തു തലയിൽ വെയ്ക്കാൻ..” അനു ഹരിഹരനെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു മുറ്റത്തേക്ക് നടന്നു..

“എന്റെ കെട്ടിയോനെ ഞാൻ ത ല്ലും..പി ച്ചും..മാ ന്തും..വേണേല് ഉമ്മേം വെയ്ക്കും..” പറഞ്ഞു തീർന്നതും പവിത്ര ഹരിഹരനെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചു..

“നീ ആരാ ഡീ.. ചോദിക്കാൻ..” അനുവിനെ നോക്കി പവിത്ര ചോദിച്ചു..

“സുല്ല്..മ്മള് ഇല്ലേ..നിങ്ങളായി നിങ്ങടെ പാടായി..ഇനി ഇവിടന്ന് ഒച്ച പൊന്തിയാൽ..ഞാൻ ആരുടേലും കൂടെ ചാടി പോകും..ഉറപ്പ്..” തിരിഞ്ഞു നിന്നു കൈ കൂപ്പി കൊണ്ടു അനു പറഞ്ഞു..

“നീ പൊക്കോ ഡീ..ആരേലും ഇവിടെ പിടിച്ചു വെച്ചേക്കുന്നോ നിന്നേ..” പവിത്ര മറുപടി കൊടുത്തു..

“ബെസ്റ്റ് ത ള്ള..ഞാൻ പോണേ..” മുറ്റത്തെ നിലവിലേക്ക് അനു മെല്ലേ നടന്നു..

“ചായ എടുക്കട്ടേ..” പവിത്ര ഹരിഹരനോട്‌ ചോദിച്ചു..

“ന്തേലും കഴിക്കാനും കൂടി വേണം..”

“കപ്പ പുഴുങ്ങിട്ടുണ്ട്..പിന്നെ മീൻ കറിണ്ട്..”

“പുളി പിഴിഞ്ഞു ആണോ..”

“മ്മ്..കൊടമ്പുളി ഇട്ടു വറ്റിച്ചത്..”

“എന്നാ വാ..പോയി കഴിക്കാം..” പവിത്രയുടെ തോളിൽ കൈയ്യിട്ട് ഹരിഹരൻ എഴുന്നേറ്റു..

“തൂക്കം കൂടുന്നു മനുഷ്യാ…എന്നെകൊണ്ട് താങ്ങുന്നില്ല ട്ടോ ഇപ്പൊ..”

“എന്ത്..” നേർത്ത ചിരിയോടെ ഹരിഹരൻ ചോദിച്ചു…

പവിത്ര ഒന്ന് വിളറി..

“ഒന്നും..” ചിരിയോടെ ഹരിഹരനെ നോക്കി പറഞ്ഞു കൊണ്ടു പവിത്ര മുന്നോട്ട് നടന്നു…

*************************

വർഷങ്ങൾ പിന്നേം മുന്നോട്ട്..

“എനിക്ക് നിന്നെ കല്യാണം കഴിക്കണം..” അനുവിനെ നോക്കി സിദ്ധാർഥ് പറഞ്ഞത് കേട്ട് അനു ചിരിച്ചു..

“നടക്കില്ല മോനേ..വേണേൽ ഇങ്ങനെ അങ്ങട് പോവാ..എനിക്ക് ഇപ്പൊ കല്യാണം വേണ്ടാ..”

“അങ്ങനെ പറഞ്ഞാൽ എങ്ങനെ..വീട്ടിൽ അമ്മ തലക്ക് സ്വസ്ഥതതരുന്നില്ല..”

“അയിന്..” അനു കൈയിൽ ഇരുന്ന ലൈസ് വായിലേക്ക് ഇട്ടു ചവച്ചു കൊണ്ട് ചോദിച്ചു…

“ഒന്നൂല്യ…” സിദ്ധാർഥ് മറുപടി കൊടുത്തു..

“അതാണ്..” അനു സിദ്ധാർഥിനെ നോക്കി ചിരിച്ചു..

ശുഭം.

~Unni K Parthan