Story written by Jishnu Ramesan
=================
“ശ്രീനി ചേട്ടാ, ഇന്ന് തന്നെ നിങ്ങള് എത്തില്ലേ..! പിന്നെ, ഒരു കാര്യം കൂടി ഉണ്ട് നമ്മുടെ മോളൊരു പെൺകുട്ടി ആയിട്ടോ…! വീട്ടിൽ നിന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ട്…”
നിഷ ഇക്കാര്യം വിളിച്ചു പറഞ്ഞ നിമിഷം സന്തോഷവും മനസ്സിലൊരു ഭീതിയും കടന്നുകൂടി.. മോളുടെ മേൽ അച്ഛനെന്ന സ്ഥാനം ഉള്ളത് കൊണ്ട് സന്തോഷത്തിന്റെ കൂടെ ഭയവും ഉണ്ടായിരുന്നു…
എറണാകുളത്ത് ജോലി കാര്യത്തിന് വേണ്ടി വന്നതാണ് ഞാൻ… തിരിച്ച് വീട്ടിലേക്ക് ബസിൽ ഇരിക്കുമ്പോഴാണ് ‘ മിഥ്യ’ മോള് പ്രായം തികഞ്ഞ സന്തോഷവാർത്ത പറയാൻ ഭാര്യ നിഷയുടെ ഫോൺ വന്നത്…
സമയം രാത്രി ഒമ്പത് മണയോടടുത്തായി, തൃശൂർ ടൗണിൽ വന്നിറങ്ങി നേരെ പോയത് ഒരു ജ്വല്ലറിയിലേക്കാണ്..ഒന്നര പവന്റെ ഒരു മാലയാണ് വാങ്ങാൻ ഉദ്ദേശിച്ചത്…എന്തോ വല്ലാത്തൊരു വെപ്രാളമായിരുന്നു മനസ്സിന്..പരിചയമുള്ള ഷോപ്പ് ആയതിനാൽ പകുതി പൈസ കടം പറഞ്ഞാണ് മാല വാങ്ങിയത്…
അവിടുന്ന് ഇറങ്ങി വീട്ടിലേക്കുള്ള ബസിന് വേണ്ടി കാത്തു നിൽക്കാതെ ഒരു ഓട്ടോ പിടിച്ച് പോയി…
വീട്ടിൽ ചെന്നപ്പോ നിഷയുടെ അച്ഛനും അമ്മയും വന്നിട്ടുണ്ട്… മിഥ്യ മോള് മുറിയിൽ ഇരിക്കുന്നുണ്ട്, എന്റെ അമ്മ അവളുടെ കൂടെയുണ്ട്.. മിഥ്യയ്ക്ക് എന്തൊക്കെയോ പച്ചില മരുന്നുകൾ കൊടുക്കുന്ന തിരക്കിലാണ്… ടൗണിൽ നിന്ന് തിരിക്കുന്ന സമയം അമ്മ വിളിച്ചു പറഞ്ഞതനുസരിച്ച് മോൾക്ക് കൊടുക്കാൻ നല്ല നാടൻ മുട്ട വാങ്ങിയിരുന്നു…
ഞാൻ വന്നത് മോള് അറിഞ്ഞിരുന്നില്ല… ഹാളിൽ എന്റെ സംസാരം കേട്ടിട്ടാവണം ‘ അച്ഛൻ വന്നോ’ എന്നും ചോദിച്ച് കൊണ്ട് ഹാളിലേക്ക് വന്നവൾ…
അവളുടെ അമ്മാമയുടെ സമ്മാനമായ മോതിരം എനിക്ക് നേരെ കാണിച്ചു കൊണ്ടാണ് എന്റെയടുത്തേക്ക് വന്നത്…
ഞാൻ മോളെ അടുത്തേക്ക് നിർത്തിയിട്ട് ബാഗ് തുറന്ന് എന്റെ മിഥ്യ മോൾക്ക് വാങ്ങിയ മാല എടുത്തു കൊടുത്തു…
ഇത് കണ്ട നിഷ കണ്ണ് നിറച്ചു കൊണ്ട് മാല അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തു…
അപ്പോഴേക്കും എന്റെ അമ്മ മുട്ടയും നല്ലെണ്ണയും കൊണ്ടു വന്നു… നിഷ വേണ്ടപ്പെട്ട ബന്ധുക്കളെ വിവരം വിളിച്ചു പറയുന്നുണ്ട്…
അടുത്ത ദിവസം രണ്ടു മൂന്നു ബന്ധുക്കളും മറ്റും വന്നു ചെറിയൊരു ആഘോഷം കണക്കെ നടത്തി..
പിന്നീടുള്ള ഓരോ ദിവസവും ഒരു അച്ഛന്റെ ശരിക്കുമുള്ള വേവലാതി ഞാൻ അനുഭവിച്ചു…
പത്താം തരം കഴിഞ്ഞ് പ്ലസ് ടുവിന് പോകുന്ന ദിവസം ഞാൻ മോളെ അടുത്ത് വിളിച്ചിട്ട് ഒന്നേ പറഞ്ഞുള്ളൂ,
” മിഥ്യാ, ഈയൊരു പ്രായത്തിൽ പ്രണയം തോന്നാം, തെറ്റില്ല… പക്ഷേ ഇപ്പൊ പഠിക്കേണ്ട സമയമാണ്… ഉപദേശമായി ഒരിക്കലും മോള് കരുതരുത്… എന്നെങ്കിലും ഭാവിയിൽ ഒരാളോട് സ്നേഹം തോന്നുകയോ അല്ലെങ്കിൽ മറ്റൊരാൾ ഇഷ്ടം പറയുകയോ ചെയ്താൽ ഒന്നല്ല രണ്ടല്ല പല പ്രാവശ്യം ആലോചിക്കുക… തെറ്റും ശരിയും ഇപ്പൊ മനസ്സിലാവില്ല മോൾക്ക്, ജീവിച്ചു തുടങ്ങുമ്പോഴേ തെറ്റാണോ ശരിയാണോ എന്ന് അറിയാൻ കഴിയു…
എന്താണെങ്കിലും ഇൗ അച്ഛനോട് ഒരു അഭിപ്രായം ചോദിക്കാൻ മോള് മടിക്കരുത്… പിന്നീട് ഒരിക്കലും എന്റെ ഈ വാക്ക് ഓർത്തു കൊണ്ട് ദുഃഖിക്കാൻ ഇടവരരുത്…”
അതിനു മറുപടിയായി എന്റെ കൈ പിടിച്ച് മിഥ്യ മോള് ഒന്നേ പറഞ്ഞുള്ളൂ,
‘ അച്ഛാ, ഈ ജീവിതം മുഴുവനും അച്ഛന്റെയും അമ്മയുടെയും കൂടെ ഇവിടെ ഈ വീട്ടിൽ താമസിക്കണം എന്നൊരു പ്രാർത്ഥനയെ ഉള്ളൂ എനിക്ക്…’
അവളുടെ ആ മറുപടിയിൽ എല്ലാമുണ്ടായിരുന്നു..ഒരച്ഛന്റെ വേവലാതിയും ഭയവും മനസിലായ ഒരു മകളുടെ ഭാവം അവളിൽ ഉണ്ടായിരുന്നു…
പലപ്പോഴും ഇൗ നാട്ടിൽ നടക്കുന്ന ക്രൂര കൃത്യങ്ങൾ മനസ്സിൽ തെളിഞ്ഞു വരുമ്പോ ഒരു സംശയരോഗിയെ പോലെ മോള് ട്യൂഷന് പോകുമ്പോഴും മറ്റും അവളറിയാതെ പുറകെ പോയിരുന്നൂ…സംരക്ഷണ ബോധം മാത്രമേ എന്റെ മനസിലുണ്ടായിരുന്നുള്ളു…
പക്ഷേ ഒരിക്കൽ പോലും എന്റെയോ അവളുടെ അമ്മയുടെയോ മനസ്സിനെ വേദനിപ്പിക്കുന്ന വഴിയിൽ മിഥ്യ പോയിട്ടില്ല..
വിവാഹത്തിന് മുൻപ് പെൺകുട്ടികളുള്ള അച്ഛനമ്മമാരുടെ മാനസികാവസ്ഥ പറഞ്ഞു കേട്ടിട്ടുണ്ട്…ഇന്നിപ്പോ അനുഭവിച്ചു കൊണ്ടിരിക്കുന്നു…
അവളുടെതായ രീതിയിൽ സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്… ഓരോ ദിവസത്തെ കാര്യങ്ങള് കുത്തിക്കുറിക്കാനുള്ള അവളുടെ ഡയറി ഇൗ ഞാനാണ്…
ഡിഗ്രീ പഠിക്കുന്ന സമയത്ത് മിഥ്യ എന്നോട് പറഞ്ഞൊരു കാര്യമുണ്ട്, “അച്ഛാ ചെറുപ്പം മുതലേ എല്ലാ കാര്യങ്ങളും അച്ഛനോടും അമ്മയോടും പറയാറുള്ളത് കൊണ്ട് ഒന്നു പോലും നിങ്ങളിൽ നിന്ന് ഒളിച്ചു വെക്കാൻ കഴിയില്ല… എന്റെ ജീവിതത്തിലെ സുരക്ഷിതമായ ഡയറി എന്റെ അച്ഛനാണ്… എന്തും ഷെയർ ചെയ്യാനുള്ള സ്വാതന്ത്രം അച്ഛനും അമ്മയും എനിക്ക് തന്നിട്ടുണ്ട്…”
ഒറ്റ മകളായത് കൊണ്ട് കൊഞ്ചിച്ച് വളർത്തി എന്നൊരു വാദം ഇല്ല… അവളുടെതായ അഭിപ്രായം പറയാനും മറ്റുമുള്ള അവകാശം മോൾക്ക് ഞങ്ങൾക്കിടയിൽ ഉണ്ട്…
ഇന്നിപ്പോ മിഥ്യ മോൾക്ക് വിവാഹ പ്രായമെത്തിയപ്പോ അവൾക്ക് കണ്ടെത്തുന്ന ജീവിതത്തിന്റെ തെറ്റും ശരിയും തിരിച്ചറിയാനുള്ള നെട്ടോട്ടത്തിൽ ആണ്…
ഇന്നീ നിമിഷം വരെ ഒരു തെറ്റിലേക്കും പോകാതെ, എന്റെയും നിഷയുടെയും സ്നേഹത്തിന് വില കല്പിച്ച എന്റെ മോൾക്ക് നല്ലൊരു ജീവിതം കണ്ടെത്തി കൊടുക്കുക എന്നത് എനിക്ക് എളുപ്പമായിരുന്നു…
കാരണം, ഡിഗ്രീ രണ്ടാം വർഷം പഠിക്കുന്ന കാലത്താണ് മോളുടെ ഒരു സീനിയർ പയ്യൻ അവളോട് പ്രണയാഭ്യർത്ഥന നടത്തുന്നത്… അവനുള്ള മറുപടി നൽകാതെ വീട്ടിലെത്തി എന്നോട് മിഥ്യ കാര്യം തുറന്നു പറഞ്ഞു…
ഞാൻ ഒന്നേ മോളോട് പറഞ്ഞുള്ളൂ, ” എല്ലാം ആലോചിച്ച് ഉൾക്കൊണ്ട് നീ തന്നെ അവനൊരു മറുപടി നൽകുക..”
പിറ്റേന്ന് കോളേജിൽ ചെന്ന്, അവനിൽ പക ഉണ്ടാകാതെ വീട്ടിലെ സാഹചര്യവും സന്ദർഭവും ഉൾപ്പെടുത്തി കൊണ്ട് മിഥ്യ പയ്യന്റെ പ്രണയാഭ്യർത്ഥന നിരസിച്ചു…പിന്നീട് അവളുടെ മുഖാമുഖം വരുന്ന സാഹചര്യം അവൻ ഒഴിവാക്കി..
ഡിഗ്രീ കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞ് ഇന്നാണ് മോൾക്ക് വിവാഹം ആലോചിച്ച് തുടങ്ങിയത്… മോളിപ്പോഴും പഠനം തുടരുന്നു…
നേരത്തെ പറഞ്ഞത് പോലെ അവൾക്കൊരു കൂട്ട് കണ്ടെത്തുന്നതിന് ബുദ്ധിമുട്ട് ഇല്ലായിരുന്നു…
രണ്ടു വർഷം മുൻപ് മിഥ്യയോട് ഇഷ്ടം പറഞ്ഞ അതേ പയ്യൻ തന്നെ രണ്ടു വർഷം കൊണ്ട് ഒരു പെണ്ണിനെ പോറ്റാനുള്ള ജോലി കണ്ടെത്തി എന്ന് വേണം പറയാൻ..
ഒരാഴ്ച മുമ്പ് ആ പയ്യനും അവന്റെ വീട്ടുകാരും ഇവിടെ വന്നിരുന്നു, മോളെ വിവാഹം ആലോചിക്കാൻ… അന്ന് പ്രണയാഭ്യർത്ഥന നടത്തിയ സമയത്ത് മോള് അവനോട് പറഞ്ഞ കാരണങ്ങൾ കഴിഞ്ഞ രണ്ടു വർഷം അവന്റെ മനസ്സിൽ ഒരു പെണ്ണിന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും പഠിപ്പിച്ചു എന്ന് കരുതാം.. ഇല്ലായിരുന്നു എങ്കിൽ എന്നേ മറക്കേണ്ട മിഥ്യയുടെ മുഖം ഇന്നും മനസ്സിലിട്ടു മാന്യമായ രീതിയിൽ വീട്ടുകാരെ കൂട്ടി വന്ന് ആലോചിക്കുമായിരുന്നില്ല…
ഒറ്റ മകളുള്ള ഒരച്ഛന്റെയും അമ്മയുടെയും അറ്റമെത്തിയ സ്വപ്നമാണ് മകളുടെ വിവാഹം.. ആ പയ്യനും വീട്ടുകാരും ഇവിടെ വന്നതും വിവാഹം ആലോചിച്ചതും മിഥ്യയോട് പറഞ്ഞിരുന്നു…
മൂന്നു ദിവസം സമയമെടുത്താണ് മിഥ്യ അവളുടെ തീരുമാനം പറഞ്ഞത്… മിഥ്യയോട് അവൻ അന്ന് ഇഷ്ടമാണെന്ന് പറഞ്ഞതിന് ശേഷം ഒഴിഞ്ഞു മാറി നടന്ന അവനെ കുറച്ചൊക്കെ ഇഷ്ടമായിരുന്നു… അവളത് അന്നേ ഡയറിയിൽ കുറിച്ചിരുന്നു…പക്ഷേ ആ ഡയറി ഞാനായിരുന്നു എന്ന് മാത്രം… എന്നോടായിരുന്നൂ അവനോടുള്ള ഇഷ്ടത്തിനെ പറ്റി സൂചിപ്പിച്ചത്… നിഷയോട് കാര്യം പറഞ്ഞപ്പോ ഒരമ്മയുടെ ഭീതി അവളിൽ ഉണ്ടായിരുന്നു…
ഇന്ന് അവളുടെ വിവാഹമാണ്.. ഇന്ന് കഴിഞ്ഞാൽ ഇൗ വീട് ശൂന്യമാണ്.. മോളെ കൈപിടിച്ച് കൊടുത്തപ്പോ കണ്ണിൽ ഇരുട്ടു കയറിയ പ്രതീതി ആയിരുന്നു…
മിഥ്യയേയും കൊണ്ട് ഇവിടുന്ന് ഇറങ്ങാൻ നേരം മിഥ്യയുടെ ചെക്കനോട് ഒരപേക്ഷയേ എനിക്ക് ഉണ്ടായിരുന്നുള്ളൂ,
” മോന് കഴിയുമെങ്കിൽ മോളെയും കൂട്ടി ഇവിടെ വന്നു താമസിക്കണം എന്ന്..ഇതെല്ലാം എന്റെ മിഥ്യയ്ക്ക് ഉള്ളതാണ്…ഞങ്ങൾക്ക് വേറെ ആരുമില്ല..”
ഒന്ന് ചിരിച്ചിട്ട് അവൻ പറഞ്ഞു,
” അച്ഛാ, എന്റെ അച്ഛനും അമ്മയ്ക്കും ഞാനും അനിയനും മാത്രേ ഉള്ളൂ, ഇപ്പൊ അവർക്കൊരു മോളെയും കിട്ടി..അത് അച്ഛന്റെ മിഥ്യ മോളാണ്… രണ്ടു മൂന്നു വർഷം കൂടി കഴിഞ്ഞാൽ എന്റെ അനിയനും ഒരു വിവാഹം കഴിക്കും…അതിനു ശേഷം അച്ഛൻ പറഞ്ഞത് പോലെ ഞാനും മിഥ്യയും ഇവിടെ വന്ന് നിങ്ങളോടൊപ്പം താമസിക്കാം…സ്വത്തിന് വേണ്ടി ആയിരുന്നു എങ്കിൽ വേറെയും ആലോചന എനിക്ക് നോക്കാമായിരുന്നു…”
അത്രയും പറഞ്ഞ് മോളെയും കൊണ്ട് കല്യാണ കൂട്ടര് യാത്ര തിരിച്ചു..ഇന്നത്തെ രാത്രി ഈ വീട് മാത്രമല്ല എന്റെയും നിഷയുടെയും മനസ്സും ശൂന്യമാണ്…ഒരച്ഛനും അമ്മയ്ക്കും കൊടുക്കാവുന്നതിലും കൂടുതൽ സ്നേഹവും കരുതലും ലാളനയും മിഥ്യയ്ക്ക് ഞങ്ങൾ കൊടുത്തിട്ടുണ്ട്…
ഇന്നത്തെ ഈ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഒന്നേ മനസ്സിലുള്ളൂ,
“കഴിഞ്ഞ ഇരുപത്തി രണ്ട് വർഷക്കാലം മറ്റേത് അച്ഛനമ്മമാരെപ്പോലെ ഞാനും നിഷയും പുറത്തു കാണിക്കാതെ ഉള്ളിൽ കൊണ്ടു നടന്നത് തീ ആയിരുന്നു…മകളെ സുരക്ഷിതമായ കൈയ്യിൽ ഏൽപ്പിച്ചു, എന്നിരുന്നാലും എന്റെ ശരീരം മാത്രമേ ഇവിടെയുള്ളൂ.. മനസ്സ് കൊണ്ട് അവൾക്ക് സുരക്ഷയുടെ കവചമൊരുക്കി ഇന്നും മകളുടെ കൂടെയുണ്ട്…കാരണം, ആധിയാണ് പെൺമക്കളുള്ള അച്ഛന്റെയും അമ്മയുടെയും മനസ്സിലെ ഒരിക്കലും കെടാത്ത ആധി…”