അവന് നല്ല തിരക്കായിരിക്കും ഏട്ടാ..നിന്ന് തിരിയാൻ കഴിയാത്ത വിധം ഉള്ള തിരക്ക്..

_upscale

കൂടെയുള്ള നിമിഷങ്ങളിൽ…

Story written by Unni K Parthan

===============

“എന്റെ കാലം കഴിഞ്ഞാൽ നീ എങ്ങനെ ഇവരുടെ കൂടെ ജീവിക്കും..”

പ്രിയനന്ദന്റെ ചോദ്യം കേട്ട് ദേവയാനിയുടെ ഉള്ളൊന്നു പിടഞ്ഞു..

“കണ്ടു മടുത്തോ എല്ലാം..” പ്രിയനന്ദന്റെ മുടിയിൽ മെല്ലേ തലോടി കൊണ്ട് ദേവയാനി ചിരിച്ചു കൊണ്ട് ചോദിച്ചു..

“മ്മ്..കണ്ണുകൾ ഒന്നും പറയുന്നില്ലയെങ്കിലും..ഈ നെഞ്ച് പൊള്ളുന്നത് ഞാൻ അറിയുന്നുണ്ട്..”

“ഹേയ്…അതൊക്കെ ഏട്ടന്റെ വെറും തോന്നലുകൾ മാത്രം ആണ്..”

“ഒരു മകൻ എന്നുള്ള നമ്മുടെ തീരുമാനം തെറ്റായി പോയ്‌ ല്ലേ..” നേർത്ത ശബ്ദത്തിൽ പ്രിയനന്ദൻ ചോദിച്ചു..

“ഹേയ്..ഒരിക്കലുമില്ല ഏട്ടാ..അവരുടേതായ സ്വപ്നങ്ങൾ..അവരുടെ ജീവിതം..ഭാര്യ കുട്ടികൾ..അവരുടേതായ ലോകം..അത്രേം ള്ളൂ..പ്രായം ആവുന്നത് കൊണ്ട് നമുക്ക് തോന്നുന്നതാവും..അവര് നമ്മളേ നോക്കുന്നില്ലയെന്ന്..”

“നിന്റെ ഈ സ്വഭാവം തന്നെയാണ് കാരണം..തിരിച്ചു പറയേണ്ടിടത്തു തിരിച്ചു പറയുക തന്നേ വേണമായിരുന്നു..നീ ഒന്നും മിണ്ടാതെ..ഇങ്ങനെ എല്ലാം സഹിച്ച്..”

“മ്മക്ക്..നമ്മുടെ നാട്ടിലേക്ക് തിരിച്ചു പോയാലോ ഏട്ടാ..അന്യ നാട്ടിൽ എത്ര വർഷം ആയി..ഒരുപാട് സമ്പാദിച്ചു..അതും നമ്മുടെ നന്ദുട്ടന് വേണ്ടി..ഇപ്പൊ അവന് നമ്മുടെ ബിസിനസ് മാത്രം മതി..അതിലൂടെ കിട്ടുന്ന വരുമാനവും..നമ്മളേ വേണ്ടാ..നന്ദുട്ടനും വേണി മോൾക്കും..

ഭാര്യയും ഭർത്താവും..അവരുടെ കുഞ്ഞും മാത്രമല്ലേ അവരുടെ ലോകം ഇപ്പോൾ..നമുക്ക് നമ്മുടെ നാട്ടിലേ തറവാട് വീട്ടിൽ കഴിയാം ന്നേ ഇനിയുള്ള കാലം..

ഒരു കൊതി ഒന്ന് തിരിച്ചു പോകാൻ..

പറമ്പിലൂടെ നടക്കാൻ..

അണ്ണാറകണ്ണനോട് കിന്നാരം പറയാൻ..

തത്തമ്മയോട് വഴക്കിടാൻ..

മാവിൽ നിന്നും മാങ്ങ പൊട്ടിച്ചു ഉപ്പും മുളകും ചേർത്ത് തിന്നാൻ..

പൂരം കാണാൻ..

പൂര പറമ്പിലും..ഉത്സവ പറമ്പിലും..കോൽ ഐസും വാങ്ങി..എനിക്ക് ഒന്ന് നടക്കണം ഏട്ടാ…

എത്ര വർഷം ആയി..ഈ നാല് ചുവരും..ദുബായ് എന്നുള്ള നഗരവും..മടുത്തു തുടങ്ങുന്നു എനിക്ക്..” ദേവയാനി പ്രിയനന്ദന്റെ വിരലുകളിൽ കോർത്തു പിടിച്ചു കൊണ്ട് പറഞ്ഞു..

“ഞാനും അത് കൊറേ ആയി ആഗ്രഹിക്കുന്നു..മ്മക്ക് പോയാലോ ഡീ ഭര്യേ..മ്മടെ നാട്ടിലേക്ക്..”

“മ്മ്..പോവാം ഏട്ടാ..തറവാട് എങ്ങനെ കിടക്കുന്നോ ആവോ..” ദേവയാനി പ്രിയനന്ദന്റെ മുടിയിലൂടെ വിരലോടിച്ചു കൊണ്ട് പറഞ്ഞു..

“ഉണ്ണിയോട് വിളിച്ചു പറയാം..നമ്മൾ വരുന്നുണ്ട് ന്ന്..” പ്രിയനന്ദൻ ദേവയാനിയുടെ നെറ്റിയിൽ മെല്ലേ തലോടി കൊണ്ട് പറഞ്ഞു..

“അവന് നല്ല തിരക്കായിരിക്കും ഏട്ടാ..നിന്ന് തിരിയാൻ കഴിയാത്ത വിധം ഉള്ള തിരക്ക്..”

“ഒന്ന് പോയേ ഡീ..ഞാൻ പറഞ്ഞാൽ എത്ര വല്യ തിരക്കും അവൻ മാറ്റി വെയ്ക്കും..മ്മക്ക് പിറന്നില്ല എന്നേ ഉള്ളൂ..”

“അതൊക്കെ ശരി തന്നേ..എന്നാലും അത് വേണോ..”

“ന്താ വേണ്ടാത്തത്..ഇപ്പോൾ തന്നെ അവനെ വിളിക്കാം..”

മൊബൈൽ എടുത്തു ഉണ്ണിയുടെ നമ്പർ ഡയൽ ചെയ്തു..

“റിംഗ് ചെയ്യുന്നുണ്ട്..” പ്രിയനന്ദൻ പറഞ്ഞു..

കുറച്ചു നേരം റിംഗ് ചെയ്തു കാൾ കട്ട്‌ ആയി..

“ഞാൻ പറഞ്ഞില്ലേ അവന് തിരക്കാവുമെന്ന്..” ദേവയാനി കിറി കോട്ടി കൊണ്ട് പറഞ്ഞു..

“ദാ..ബോട്ടിമിൽ വിളിക്കുന്നുണ്ട്..” പ്രിയനന്ദൻ മൊബൈൽ ദേവയാനിയുടെ നേർക്ക് കാണിച്ചു കൊണ്ട് കാൾ അറ്റൻഡ് ചെയ്തു..

“നമസ്കാരം മാഷേ..” അപ്പുറം ഉണ്ണി പ്രിയനന്ദനെ നോക്കി കൈ വീശി..

“ദേവ്യേച്ചി നമസ്കാരം..”

“നിന്നെ ഞാൻ ഏത് സ്കൂളിൽ ആണ് ഡാ പഠിപ്പിച്ചത്..” പ്രിയനന്ദൻ ചുമ്മാ തട്ടി കയറി..

“ഹ.. ഹ..അടിപൊളി…എന്റെ മാഷേ..ങ്ങൾക്ക് ഒരു മാറ്റോം ഇല്ല ലോ..”

“ഉവ്വ് ലോ..മുടിയൊക്കെ നരച്ചു ചെക്കാ..” മറുപടി ദേവയാനിയുടെയായിരുന്നു..

“ഡാ..നീ തിരക്കിൽ ആണോ..”

“ന്തേ മാഷേ..തൃശൂർ പോയി കൊണ്ടിരിക്കുന്നു..പാർട്ടിയുടെ കോർ കമ്മിറ്റി കൂടുന്നുണ്ട്..അതിനുള്ള യാത്രയിൽ..”

“ഡാ..രണ്ടാൾക്കുള്ള ടിക്കറ്റ് ഒന്ന് എടുത്തു അയച്ചു തരണം..ഞങ്ങൾ നാട്ടിലേക്ക് വരുന്നുണ്ട്..തറവാട് വൃത്തിയാക്കിയിടണം..ഇനി നാട്ടിൽ കൂടാൻ ആണ് തീരുമാനം..”

“അടിപൊളി…ന്തേ ഇപ്പൊ ഇങ്ങനെ ഒരു തീരുമാനം രണ്ടാൾക്കും..”

“ഒന്നൂല്യ…പ്രായം കൂടുവല്ലേ..ഇവിടന്ന് മ്മടെ ജീവനില്ലാത്ത ശരീരം നാട്ടിൽ എത്തിക്കാൻ നല്ല ചിലവാണ്…അപ്പൊ പിന്നേ ഇതാവുമ്പോ മ്മക്ക് നാട് കാണുകയും ചെയ്യാം സുഖായി മരിക്കുകയും ചെയ്യാം..” പൊട്ടി ചിരിച്ചു കൊണ്ട് പ്രിയ നന്ദൻ പറഞ്ഞു..

“എന്താണ് മാഷേ…ഇങ്ങനെ ഓക്കേ പറയുന്നേ..”

“ഒന്നൂല്യ മോനെ..ഇങ്ങേർക്ക് വട്ട്..നീ ഏറ്റവും അടുത്ത് കിട്ടുന്ന രണ്ടു ടിക്കറ്റ് ഞങ്ങൾക്ക് എടുത്തു താ..പാസ്പോർട്ട് കോപ്പി ഞാൻ മെയിൽ ചെയ്യാം നിനക്ക്..” ദേവയാനി ഇടയിൽ കയറി പറഞ്ഞു..

“മ്മ്..” ഉണ്ണി മൂളി…

“ഡാ തെമ്മാടി..ഇവിടെ മടുത്തു ഡാ..ഇനിയുള്ള കാലം നാട്ടിൽ കുറച്ചു കൃഷിയൊക്കെ ചെയ്തു കൂടാ ന്ന് കരുതി അത്രേം ള്ളൂ..അല്ലാതെ നീ ചുമ്മാ മുഖം വീർപ്പിക്കാൻ മാത്രം ഒന്നുമില്ല..” പ്രിയനന്ദൻ ചിരിച്ച് കൊണ്ട് പറഞ്ഞു..

“മ്മ്..ഞാൻ ടിക്കറ്റ് ഇട്ടേക്കാം..വിളിക്കാം ഞാൻ രാത്രി..ശരി ദേവ്യേച്ചി ശരി ട്ടോ..”

“ന്തെടാ ദേവ്യേച്ചിക്ക് മാത്രം ഒരു സ്പെഷ്യൽ..മ്മക്ക് ഒന്നും ഇല്ലേ..”

“നിങ്ങൾ ഇങ്ങോട്ട് വാ മനുഷ്യാ..നേരിട്ട് തരാം ഞാൻ..”

“ഉവ്വ്..ഞാനും വരട്ടെ..തരുന്നുണ്ട് നിനക്ക്..”

“ശരി മാഷേ..ഈ ആഴ്ച തന്നേ കേറിക്കോ..പൂരം തുടങ്ങുന്നു വെള്ളിയാഴ്ച മുതൽ..”

“ങ്കിൽ..വ്യാഴാഴ്ച അവിടെ എത്തുന്ന ടിക്കറ്റ് എടുക്കണട്ടോ..” ദേവയാനിയുടെയായിരുന്നു മറുപടി..

“ശരി ട്ടോ..റ്റാറ്റാ..” ഉണ്ണി കാൾ കട്ട്‌ ചെയ്തു…

“നിങ്ങളുടെ മോനാണോ മനുഷ്യാ ഇവൻ..” ചിരിച്ചു കൊണ്ട് ദേവയാനി ചോദിച്ചത് കേട്ട് പ്രിയനന്ദൻ ഒന്ന് ഞെട്ടി..

“അതെങ്ങനെ നിനക്ക് മനസിലായി..” ചുട്ടയ്ക്ക് വിട്ടു കൊടുത്തില്ല പ്രിയനന്ദൻ..

“ഒന്നൂല്യ ന്റെ പൊന്നോ..” ദേവയാനി കൈ കൂപ്പി..

“ഞാൻ നിന്റെ മോനാണോ ന്ന് ചോദിക്കാൻ വരുവായിരുന്നു…”

“ആയിരുന്നുവെങ്കിൽ എന്ന് ആഗ്രഹമില്ലാതില്ല..എല്ലാരോടും സ്നേഹം മാത്രമുള്ള ഒരു തെമ്മാടി..മ്മക്ക് പിറക്കാതെ പോയ മോൻ..അല്ലേ ഏട്ടാ..”

പ്രിയ നന്ദന്റെ നെഞ്ചിലേക്ക് ചാരി ദേവയാനി..

*************************

“ഇതെന്താ ഇപ്പൊ ഇങ്ങനൊര് ചിന്ത രണ്ടാൾക്കും..” അത്താഴത്തിന് ഇരിക്കുന്ന നേരം നന്ദൻ ഇരുവരെയും നോക്കി ചോദിച്ചു..

ഈ നിമിഷം വേണി കണ്ണിറുക്കി നന്ദനെ നോക്കി..

“ഒന്നൂല്യ മോനേ..വർഷം ഒരുപാട് ആയില്ലേ ഇവിടെ..ഇനിയുള്ള ജീവിതം സ്വന്തം മണ്ണിൽ ആവട്ടെ ന്ന് കരുതി..” പ്രിയനന്ദൻ പറഞ്ഞു..

“പിന്നെ..മോളേ..ഞങ്ങൾ പോയാൽ നല്ലൊരു സെർവെന്റിനെ നോക്കണം ട്ടോ..വിശ്വസിച്ചു കൂടെ നിർത്താൻ പറ്റുന്ന ഒരാളേ..” ദേവയാനിയുടെ മറുപടി കേട്ട് വേണി ഒന്ന് ചൂളി..

“അച്ഛനും അമ്മയ്ക്കും ഇവിടെ എന്തിന്റെ കുറവാണു ഉള്ളത്..” നന്ദൻ ചോദിച്ചു

“കുറവുണ്ട് ന്ന് ഞങ്ങൾ പറഞ്ഞില്ലലോ..ഇവിടെ എല്ലാം കൂടുതൽ അല്ലേ..എല്ലാം..അതോണ്ട് ഇനി നാട്ടിൽ മതി ന്ന് കരുതി ജീവിതം..”

“ഇനി നാട്ടിൽ പോയിട്ട് ആര് നോക്കാനാ ഈ പ്രായത്തിൽ..രണ്ടാളും കൂടെ ചെന്നിട്ടു..” ഇത്തവണ ചോദ്യം വേണിയുടെയായിരുന്നു..

“ഇവിടെ ആരാ ഞങ്ങളേ നോക്കാൻ ഉള്ളത്..”

ദേവയാനിയുടെ മറു ചോദ്യത്തിൽ വേണിയുടെ ഉത്തരം മുട്ടി..

******************************

നാളുകൾക്ക് ശേഷം..

“ഒന്ന് കേറി വരോ ഏട്ടാ..വന്നു കഞ്ഞി കുടിക്കാൻ നോക്ക്..”

വയലിൽ പണിക്കാരോടൊപ്പം നിന്നു ചേറു നടുന്നവരുടെ ഇടയിൽ നിന്നു പണി എടുക്കുന്ന പ്രിയനന്ദനെ നോക്കി ദേവയാനി വിളിച്ചു പറഞ്ഞു..

“നീ ഇങ്ങോട്ട് കൊണ്ട് വന്നാൽ മതി..ഇവിടെ ഇവരുടെ കൂടെ ഇരുന്നു കഴിച്ചോളാം ഞാൻ..”

“ങ്കിൽ ഞാനും അവിടെ വന്നിരുന്നു കഴിക്കാം…” തൂക്കി പിടിച്ച പാത്രവുമായി ദേവയാനി പണിക്കാരുടെ അടുത്തേക്ക് നടന്നു..

“അല്ല ദേവ്യേച്ചി..ഇന്നലെ ന്തേ പൂരത്തിന് കണ്ടില്യാ ലോ..” ഉണ്ണിയുടെ ചോദ്യം കേട്ട് ദേവയാനി തിരിഞ്ഞു നിന്നു..

“മിണ്ടരുത് നീ..പാവം എന്റെ കെട്ടിയോനെ കൊണ്ടോയി പട്ട ചാ രാ യം വാങ്ങി കൊടുത്തു കുടിപ്പിച്ചു വാ ള് വെ പ്പിച്ചിട്ട് കോലായിൽ കൊണ്ട് കിടത്തി മുങ്ങിയ മഹാൻ അല്ലേ നീ..”

“അത് പിന്നെ അവിടെ കിടന്നു ഈ സ് കോച്ചൊക്കെ അടിച്ചു നടന്ന ആൾക്ക് ഒരു കുപ്പി വാങ്ങി കൊടുത്തു. പിന്നെ പാടത്തു നിന്ന് പിടിച്ച മീനൊക്കെ പൊരിച്ചു തിന്ന് കുടിച്ചു നേരം പോയത് അറിഞ്ഞില്ല ന്നേ..”

“ഉവ്വേടാ..നിനക്ക് ഞാൻ വെച്ചിട്ടുണ്ട്..കൈയ്യിൽ കിട്ടട്ടെ ട്ടോ..തരുന്നുണ്ട് ഞാൻ..”

“ഉവ്വേ..ഇപ്പൊ എനിക്കായ് കുറ്റം..ഒടിഞ്ഞു തൂങ്ങി എയർപോർട്ടിൽ വന്നിറങ്ങിയ രൂപം ആണോ ഇപ്പൊ ആ വയലിൽ നിൽക്കുന്നത്..” പ്രിയനന്ദനെ നോക്കി ഉണ്ണി ചോദിച്ചു

“അതല്ല..”

“അപ്പൊ പിന്നെ മിണ്ടരുത്..ഇപ്പൊ പയറ് പയറ് പോലേ നടക്കണ കണ്ടാ..

ആർക്കായാലും..ന്തിനായാലും ഒരു പരിധി എപ്പോളും നല്ലതാണ്..അത് മക്കളോടുള്ള വാത്സല്യമായാലും..സ്നേഹമായാലും..ഒരുപാട് കാലം കഴിയുമ്പോ അവർക്കൊരു ബാധ്യത മാത്രമാവുന്ന ജീവിതം കൊണ്ട് എന്താ ഒരു നേട്ടം ഉള്ളത്..

ഈ നിമിഷം മാത്രമാണ് നമുക്ക് സ്വന്തമായുള്ളു..ആ നിമിഷത്തെ ആസ്വദിക്കുക..ജീവിതത്തെ പ്രണയിക്കുക..ചേർത്ത് പിടിക്കുക..നമുക്ക് നാം മാത്രമെന്ന് സ്വയം പറഞ്ഞു പഠിപ്പിക്കുക..ആരും ആർക്കും സ്വന്തമല്ലായെന്നും അറിയാൻ ശ്രമിക്കുക..എന്റെ തീരുമാനമാവണം എന്റെ ജീവിതം..”

ഉണ്ണിയുടെ വാക്കുകൾക്ക് സൂചി മുനയുടെ മൂർച്ചയുണ്ടായിരുന്നു..

ശുഭം..

~Unni k parthan