എന്നോട് അവൾക്ക് പ്രണയം തോന്നുന്നില്ലന്ന്. അത് അവനോടാ എന്ന്..ഇപ്പൊ ഞാൻ ദേ ഈ അവസ്ഥയിലായ് ….

അവളോളം…

Story written by Ammu Santhosh

===================

“ജോഷിയല്ലേ?” തോളിൽ ഒരു കൈ അമർന്നപ്പോൾ ജോഷി പെട്ടെന്ന് തിരിഞ്ഞു.

“ഡാ ഉണ്ണി നീയോ?”

ഉണ്ണി ചിരിച്ചു കൊണ്ടവനെ കെട്ടിപിടിച്ചു

“നീ എന്താ ഇവിടെ?” ഉണ്ണി സംശയത്തോടെ ഒന്ന് നോക്കി

അത് ഒരു ബാറായിരുന്നു. ജോഷി നന്നായി കുടിച്ചിട്ടുമുണ്ട്.

“ബാറിൽ ആൾക്കാർ വരുന്നതെന്തിനാ? നീ ഇപ്പൊ എന്തിനാ വന്നത്?” ജോഷിയുടെ നാക്ക് കുഴയുന്നുണ്ട്.

ഉണ്ണി ചിരിച്ചു

“ഞാൻ ഇതിന്റെ മുതലാളിയേ കാണാൻ വന്നതാ. ഒരു പോളിസി എടുക്കാമെന്ന് കക്ഷി ഏറ്റിട്ടുണ്ടായിരുന്നു. പക്ഷെ ദേ ആ മൂലയ്ക്ക് ആകാശമേതാ ഭൂമിയേതാ എന്നുള്ള മട്ടിൽ ഇരിക്കുന്ന ഒരു സാധനത്തെ കണ്ടോ? ലതാണ് മൊയലാളി.. ഇന്നിനി നടക്കുകേല. ഇനി നാളെ രാവിലെ വരാം.”

ജോഷി അവനെ നോക്കിക്കാണുകയായിരുന്നു. ഇപ്പോഴും ആ കോളേജ് പയ്യൻ തന്നെ. താൻ കുടവയർ ഒക്കെ ചാടി കഷണ്ടിയൊക്ക ആയി കിളവൻ ആയി.

“നീ എവിടെയാണ് താമസിക്കുന്നത്?”

ജോഷി ചോദിച്ചു

“ഹോട്ടലിൽ..വേറെയും മീറ്റിംഗ്‌സ് ഉണ്ട്. രണ്ടു ദിവസം ഈ ടൗണിൽ ഉണ്ട്. നീ എന്താ ഇവിടെ?”

“എന്റെ വീട് ഇവിടെയല്ലേ? നീ മറന്ന് പോയോ?’ ജോഷി ചോദിച്ചു

“അയ്യോ ശരിയാണല്ലോ..പത്ത് പതിനഞ്ചു വര്ഷമായില്ലേ കണ്ടിട്ട്..ഞാൻ മറന്നെടാ സോറി “

“നീ വീട്ടിൽ വാ അവിടെ ഞാനും അമ്മയും മാത്രമേ ഉള്ളു. ഹോട്ടൽ vacate ചെയ്യ്.”

“അത് വേണോ?”

“വേണം…വേണം ” ജോഷി അവന്റ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു

ഉണ്ണി ജോഷിയോടൊപ്പം അവന്റെ വീട്ടിലേക്ക് പോയി. അവന്റെ അമ്മയുടെ മുഖത്ത് ഒരു സങ്കടം ഉണ്ട്‌. വേദന അനുഭവിച്ചു ജീവിക്കുന്ന ഒരു സ്ത്രീയാണെന്ന് കണ്ടാൽ അറിയാം

“നിന്റെ കുടുംബം ഒക്കെ?” ജോഷി ചോദിച്ചു

“തിരുവനന്തപുരത്ത് തന്നെ. ഭാര്യ ദേവിക ടീച്ചറാണ്‌. രണ്ടു പെണ്മക്കൾ. അനു മാളൂ. അച്ഛൻ അമ്മ എല്ലാരും കൂടി അങ്ങനെ സ്വസ്ഥം ആയിട്ട് പോണ് “

ഉണ്ണി സന്തോഷവാനാണ്.

“എന്റെ കുടുംബം ഒക്കെ പോയെടാ..അവൾ എന്നെ ഇട്ടേച്ച് പോയി..കൊച്ചിനെയും കൊണ്ട് പോയി..”

ഉണ്ണി നടുക്കത്തോടെ ജോഷിയെ നോക്കി

“എനിക്ക് ബിസിനസ് ആയിരുന്നു. എപ്പോഴും വീട്ടിൽ ഇരിക്കാൻ ഒക്കുന്ന ഒരു ജോലിയുമല്ല. അവൾക്ക് ബോറടിച്ചപ്പോ തുടങ്ങിയ ഒരു ഓൺലൈൻ ബന്ധമാ. അത് പിന്നെ സീരിയസ് ആയി. ഒരു ദിവസം അങ്ങ് പോയി. എന്റെ മിസ്റ്റേക്ക് എന്താന്ന് വെച്ചാൽ ഞാൻ അവളെ ശ്രദ്ധിച്ചില്ല. എന്റെ പെണ്ണല്ലേ എന്നെ ചതിക്കുമോ ആ ഒരു ചിന്തയായിരുന്നു. ഞാൻ ഇല്ലാത്ത രാത്രികളിൽ ഒക്കെ ഫുൾ ടൈം ഫോണിലായിരുന്നു എന്ന് പിന്നീട് അമ്മ പറഞ്ഞു. നീ നോക്കിക്കേ കേരളത്തിൽ അവിഹിതത്തിന്റ കണക്ക് കൂടി വരുവാ..പെണ്ണ് എന്ന വർഗം നമ്മൾ എത്ര സ്നേഹം കൊടുത്താലും ചതിക്കും ” ജോഷി പല്ല് കടിച്ചു

“ആണുങ്ങൾ പുണ്യാളൻമാരാണോ ജോഷിയെ? അത് കള. നല്ല ഈടുള്ള ബന്ധങ്ങൾ എന്നും നില്കും. പെണ്ണുങ്ങൾ എല്ലാം കുഴപ്പക്കാരാണോ? അല്ല..” ഉണ്ണി അത് സമ്മതിച്ചു കൊടുത്തില്ല.

“അല്ലായിരിക്കും. പക്ഷെ എന്റെ പെണ്ണ് മോശമായിരുന്നു. എടാ ഉണ്ണി പെണ്ണുങ്ങൾ ഈ ഗ്ലാസ്‌ പോലാ എപ്പോഴും തുടച്ചു മിനുക്കിയിരിക്കണം അല്ലെങ്കിൽ വേഗം പൊടി പിടിക്കും” ജോഷി ഗ്ലാസിൽ മ ദ്യം നിറച്ചു വീണ്ടും കുടിച്ചു തുടങ്ങി.

ഉണ്ണി ചിരിച്ചു പോയി

“നീ ചിരിക്കേണ്ട സത്യമാ…ചില്ലു ഗ്ലാസ്‌ അല്ലെ വേഗം പൊട്ടിപ്പോകുകയും ചെയ്യും” ജോഷി പറഞ്ഞു നിർത്തി

“നമ്മുടെ സ്നേഹത്തിന്റെ വില അറിയുന്നവർ നമ്മെ വിട്ട് പോകില്ല ജോഷി. പ്രത്യേകിച്ച് പെണ്ണുങ്ങൾ. ആ സ്നേഹം അവരെ അനുഭവിപ്പിക്കാൻ കഴിഞ്ഞാൽ നമ്മൾ രക്ഷപെട്ടു. പല ആണുങ്ങൾക്കും അത് അറിഞ്ഞൂടാ. നീ എന്താ വിചാരിച്ചേ എപ്പോഴും കെട്ടിപ്പിടിച്ചു മുത്തെ പൊന്നേ എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കണമെന്നോ..അതൊന്നും വേണ്ട..അത്തരം പൈങ്കിളി ഇഷ്ടം അല്ലാത്ത പെണ്ണുങ്ങൾ ഇഷ്ടം പോലെയുണ്ട് അതിന് ഉദാഹരണം എന്റെ ഭാര്യ. കൊഞ്ചിക്കൊണ്ട് അങ്ങോട്ട് ചെന്നാൽ മതി. പറഞ്ഞോളൂ ഉണ്ണിയേട്ടാ എന്താ സാധിക്കാനുള്ള കാര്യം എന്ന ചോദ്യത്തിൽ നമ്മൾ ഡിം.”

“എന്നാലും കുറച്ചു നാൾ നമ്മുടെ ആബ്സെൻസ് വന്നാൽ പ്രശ്നം ആണ് ഉണ്ണി. വേറെ പണിയൊന്നുമില്ലാതെ ചുമ്മ ഇരിക്കുന്നവരാണെങ്കിൽ പറയുകയും വേണ്ട. എന്റെ ഭാര്യക്ക് ഇവിടെ ഒരു ജോലിയുമില്ല. വേലക്കാർ ഉണ്ട്. അവൾക്ക് സുഖം. മോനെയും അമ്മയായിരുന്നു നോക്കുന്നെ..ഒടുവിൽ ഓൺലൈനിൽ പരിചയപ്പെട്ട ഒരുത്തന്റെ കൂടെ..മോനെ കരുതി ഞാൻ ക്ഷമിച്ചു. പോയി വിളിച്ചു..വന്നില്ല. എന്നോട് അവൾക്ക് പ്രണയം തോന്നുന്നില്ലന്ന്. അത് അവനോടാ എന്ന്..ഇപ്പൊ ഞാൻ ദേ ഈ അവസ്ഥയിലായ് “

അവനോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല എന്ന് ഉണ്ണിക്ക് തോന്നി. ചിലയിടത്ത് ചിലരൊക്കെ ഇങ്ങനെയുണ്ട്. ചിലതൊക്കെ സാഹചര്യം. ചിലതൊക്കെ വിധി.ചിലതിനു പരിഹാരമില്ല. മനസ്സ് ഒന്ന് കലങ്ങിയത് പോലെ.

മുറിയിൽ വന്നപ്പോൾ അവൻ മൊബൈൽ എടുത്തു വീട്ടിലേക്ക് ഒന്ന് വിളിച്ചു

എൻഗേജ്ഡ്

രാത്രി ഇവളാരോട്…

“അയ്യേ…അങ്ങനെ ചിന്തിക്കാൻമാത്രം മൂരാച്ചിയായോ ഉണ്ണി നീ” ആരോ ഉള്ളിൽ ഇരുന്ന് ചോദിക്കുന്നു

എന്നാലും മണി പത്ത് കഴിഞ്ഞു..പിള്ളേർ ഉറങ്ങി കാണും..ഇവൾ ആരോട്??

എന്റെ കാൾ വന്നത് കണ്ടിട്ടും കട്ട്‌ ചെയ്യാതെ…

അവൻ വീണ്ടും വീണ്ടും വിളിച്ചു കൊണ്ട് ഇരുന്നു. ബിസി തന്നെ..

ഒടുവിൽ ഇങ്ങോട്ട് കാൾ വന്നപ്പോ അവൻ ചോദിക്കും മുൻപ് അവൾ

“എന്താ ഉണ്ണിയേട്ടാ ഇത്? ഒരു കാളിൽ ആണെന്ന് അറിഞ്ഞിട്ടും ഇങ്ങനെ നിർത്താതെ വിളിച്ചു കൊണ്ടിരിക്കുന്നത്. ഒരു തവണ വിളിച്ചാൽ പോരെ? ആ കാൾ കഴിഞ്ഞു ഞാൻ തിരിഞ്ഞു വിളിക്കുമല്ലോ.. ആ പറ എന്താ വിളിച്ചേ?”

കഷ്ടം! താൻ ഇപ്പൊ പ്രതി

“നീ ആരോടാ ഈ നേരത്ത്..?” അവൻ തെല്ല് ഉറക്കെ ചോദിച്ചു

“നിർത്ത് നിർത്ത്…അതിലൊരു മുനയുണ്ടല്ലോ മോനെ…ഈ നേരത്ത് ഫോണിൽ മിണ്ടി കൂടാ എന്ന് കേരള സർക്കാർ പുതിയ നിയമം വല്ലതും കൊണ്ട് വന്നോ?”

“ദേ പെണ്ണെ കളിക്കല്ലേ വിളിച്ചപ്പോൾ ബിസി ആയിരുന്നു. വെറുതെ ചോദിച്ചു. അത്ര തന്നെ..നീ പറയണ്ട ഗുഡ് നൈറ്റ്‌ “

“അച്ചോടാ ഉണ്ണി വാവ പിണങ്ങിയല്ലോ അപ്പോഴേക്ക്…എടാ മരങ്ങോടാ വീട്ടിൽ നിന്ന് പോയിട്ട് ഒരാഴ്ച ആയില്ലേ? അച്ഛനെ ഒന്ന് വിളിച്ചായിരുന്നോ? ഇല്ലല്ലോ..അച്ഛന് ചെറിയ ഒരു നെഞ്ചു വേദന വന്നു “

“ഉയ്യോ എന്നിട്ട്..നീ എന്താ പറയാഞ്ഞത്?”

“മുഴുവൻ കേൾക്ക്.. ഇന്നലെ അച്ഛൻ തണുത്തത് എന്തോ കഴിച്ചിട്ട് രാത്രി കിടന്നപ്പോൾ ഗ്യാസ് കയറിയതാ.നമ്മുടെ എലിസബത്ത് ഡോക്ടറാ നോക്കിയത്. രാത്രി ഹോസ്പിറ്റലിൽ പുള്ളിക്കാരിയായിരുന്നു ഡ്യൂട്ടി. ഇപ്പൊ പുള്ളിക്കാരി തന്നെ വിളിച്ചതാ വീണ്ടും വല്ല വേദനയോ മറ്റൊ വന്നൊന്ന് ചോദിച്ചു. അച്ഛൻ ഓക്കേയായിന്ന് പറഞ്ഞു. എന്നാലും ഇടക്ക് ഒന്ന് ശ്രദ്ധിക്കണം. അടുത്ത മാസം ഒരു ഫുൾ ചെക് അപ്പ്‌ ഒക്കെ ചെയ്യ് എന്നൊക്കെ പറയുവായിരുന്നു. അച്ഛന് മാത്രം അല്ല അമ്മയെയും ഒരു ഫുൾ ബോഡി ചെക് അപ്പ്‌ എടുത്തു നോക്കണം. പറയുന്നില്ല എന്നേയുള്ളു അമ്മയ്ക്കും കുഞ്ഞ് അസ്വസ്ഥത ഒക്കെ ഉണ്ട്. അടുത്ത മാസം സാലറി കിട്ടുമ്പോൾ രണ്ടും കൂടി നമുക്ക് ചെയ്യാം.. ചെയ്യണം “

ഉണ്ണിയുടെ കണ്ണ് നിറഞ്ഞൊഴുകി

“എടി നീ എന്നോട് പറയാഞ്ഞതെന്താ …?”

“വെറുതെ പറഞ്ഞു വിഷമിപ്പിക്കണ്ടല്ലോ. ചെറിയ ഒരസുഖമല്ലേ? ഞാൻ ഇവിടെയില്ലേ ഉണ്ണിയേട്ടാ? ഇത് എന്റെ അച്ഛനും അമ്മയുമല്ലേ? ഉണ്ണിയേട്ടൻ ഇവിടെ ഉണ്ടായിരുന്നു എങ്കിലും ഇതൊക്കെ അല്ലെ ചെയ്യാൻ കഴിയു?”

“മോളെ ഡി…സോറി..ഞാൻ നേരെത്തെ..”

“സോറി ന്നോ..ദേ ഒരിടി ഞാൻ വെച്ചു തരുമെ..നമ്മൾ ചങ്ക്‌സ് അല്ലേടാ..സോറി ഒന്നും വേണ്ട. പിന്നെ ചില മൂരാച്ചി കെട്ടിയോൻമാരുടെ സംശയ സ്വഭാവം എന്നോട് എടുത്താ മോൻ വിവരം അറിയും..”

“ഇല്ല നിർത്തി…ഒരു മിസ്റ്റേക്. ഇനി ആവർത്തിക്കില്ല. മക്കൾ ഉറങ്ങിയോ?”

“അനുക്കുട്ടി അച്ഛന്റെയും അമ്മയുടെയും കൂടെ പോയി കിടന്നു. മാളു എന്റെ അടുത്തുണ്ട്. അവളുടെ ഹോം വർക്ക്‌ സഹായിച്ചു കൊണ്ട് ഇരുന്നപ്പോഴാ ഫോൺ..”

“എന്നാ നീ കിടന്നോ ബാക്കി നാളെ ചെയ്യാം. ഞാൻ രണ്ടു ദിവസം കൂടി കഴിയും..”

“ഉം “

“ഡി..”

“ഉം?”

“ഐ ലവ് യൂ “

“പോടാ പോ ത്തേ…ലവ് യൂ ടൂ “

അവൻ ചിരിയോടെ ഫോൺ വെച്ചു.

ആ ജോഷി പറഞ്ഞതൊക്കെ കേട്ട് ആവശ്യമില്ലാത്ത ചിന്തകൾ. നാളെ രാവിലെ തന്നെ സ്ഥലം വിടണം..

അവന്റെ ഉള്ളിലേക്ക് വീണ്ടും അവളുടെ മുഖം വന്നു

ഉള്ളിൽ ഒരു മഴ പെയ്ത സുഖം.

ഡാ..ഡാ…

ഉണ്ണിയേട്ടാ…

കാതിൽ ആ വിളിയൊച്ച

ഞാനില്ലേ ഉണ്ണിയേട്ടാ ഇവിടെ?

നീ മതി. നിന്നോളം അതിന് കഴിയുന്നതാർക്ക്?

അവൻ കണ്ണുകളടച്ചു

ഉള്ളിൽ ഇങ്ങനെ തുളുമ്പി നിൽക്കന്റെ പെണ്ണെ നീ ഞാൻ മരിക്കുവോളം..

അവൻ മന്ത്രിച്ചു..പിന്നെ ഉറക്കത്തിനായി കാത്തു.

~Ammu Santhosh