മോൾക്ക് തോന്നി ഇനിയൊരു കൂട്ട് വേണം ജീവിതത്തിന് എന്ന്..അതിനു അവൾക്ക് അനുയോജ്യമായ ഒരാളേ അവൾ തെരഞ്ഞെടുത്തു…

Story written by Unni K Parthan

================

“അച്ഛന് ഇഷ്ടമില്ലേൽ എനിക്ക് വേണ്ടാ അച്ഛാ ഈ ബന്ധം..” മീരയുടെ മറുപടിയിൽ വീട് മൂകമായി..

“മോളേ..അച്ഛൻ മോളേ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല..” വ്യാസൻ മീരയെ നോക്കി പറഞ്ഞു..

“അച്ഛൻ പറയുന്നത് എനിക്ക് മനസിലാവും..അത് പോലേ അച്ഛന് എന്നെയും മനസിലായിരുന്നുവെങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചു പോയത് തെറ്റാണോ..”

“നമുക്ക് ചേരാത്ത കൂട്ടരാണ് മോളേ അവർ..”

“അതെങ്ങനെ പറയാൻ കഴിയും അച്ഛാ..

അമ്മയേ കെട്ടികൊണ്ട് വരുമ്പോൾ അച്ഛൻ വട്ട പൂജ്യം ആയിരുന്നുവെന്ന് അച്ഛൻ തന്നെ പലവട്ടം പറയാറില്ലേ..എന്നോട്..” മാലതിയേയും വ്യാസനേയും നോക്കി മീരയുടെ ചോദ്യത്തിന് മറുപടിയില്ലായിരുന്നു ഇരുവർക്കും.

“അച്ഛൻ കരുതുന്നത് പോലേ ഞങ്ങൾ തമ്മിൽ പ്രണയം ഒന്നുമില്ല..പ്രണയിക്കാൻ ആയിരുന്നുവെങ്കിൽ എനിക്ക് എന്നേ ആവാമായിരുന്നു..ഇപ്പൊ എനിക്ക് പ്രായം ഇരുപത്തി ആറ്..അച്ഛൻ തന്നെ ആണ് പറഞ്ഞത് പഠിച്ചു ജോലിയൊക്കെ കിട്ടി എനിക്ക് തോന്നുമ്പോൾ മാത്രം മതി വിവാഹമെന്ന്..ശരിയല്ലേ..”

“മ്മ്..” വ്യാസൻ മൂളി..

“പ്രണയം അല്ല അച്ഛാ..വർഷങ്ങളായി അറിയുന്നവർ..ഒരേ ക്ലാസ്സിൽ ഒരുമിച്ചു പഠിച്ചു വളർന്നവർ..ഒരു നോട്ടം കൊണ്ട് പോലും രണ്ടാളും ഒരിക്കൽ പോലും അറിഞ്ഞിട്ടില്ല..ഒന്നും..

പക്ഷെ..

മുന്നിലേക്ക് ഇനി ആര് എന്നുള്ള ചോദ്യം..അതിനു എനിക്ക് കിട്ടിയ ഉത്തരമാണ് ശ്രീപ്രിയൻ..

അച്ഛൻ ഇതിലും നല്ലൊരു ബന്ധം എനിക്ക് കൊണ്ട് വന്നു തരും എന്ന് എനിക്ക് അറിയാതെയല്ല..പക്ഷെ..എന്റെ ഇഷ്ടം ഇങ്ങനെയായി പോയി അച്ഛാ..ഇനി..അച്ഛൻ വേണ്ടാ ന്ന് പറഞ്ഞാൽ എനിക്ക് വേണ്ടാ..

എന്റെ അച്ഛൻ എടുക്കുന്ന ഒരു തീരുമാനവും തെറ്റില്ല എന്ന് എനിക്ക് അറിയാം..അതോണ്ട് തീരുമാനം അച്ഛനും അമ്മക്കും സ്വന്തം..

ഉറക്കം വരുന്നു..ഞാൻ പോയി കിടക്കട്ടെ..”

മീര എഴുന്നേറ്റു റൂമിലേക്ക് നടന്നു..

“ഡീ..ഭര്യേ..” ലൈറ്റ് ഓൺ ചെയ്തു വ്യാസൻ മാലതിയേ തട്ടി വിളിച്ചു.

“ന്താ.. ഏട്ടാ..” മാലതി ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു വ്യാസനെ നോക്കി..പിന്നെ മെല്ലെ കണ്ണു തിരുമി കൊണ്ട് ചോദിച്ചു..

“ആ പയ്യൻ..എങ്ങനെ ഉണ്ട്..ശ്രീ പ്രിയൻ..”

“അതങ്ങോട്ട് നടത്തി കൊടുത്തേക്ക് ഏട്ടാ..മോള് പറഞ്ഞത് പോലേ പ്രണയം ഒന്നുമില്ല..അങ്ങനെ ആണേൽ മോൾക്ക് എന്നേ ആവാമായിരുന്നു..പഠനം..ജോലി…അതായിരിന്നു ലോ മോൾടെ മുന്നിൽ ഉണ്ടായിരുന്ന ലക്ഷ്യം..ഇതിപ്പോ നമ്മൾ പോലും ചോദിച്ചിട്ടില്ല..പറഞ്ഞു നിർബന്ധം പിടിച്ചിട്ടും ഇല്ല..വിവാഹത്തിന്..

മോൾക്ക് തോന്നി ഇനിയൊരു കൂട്ട് വേണം ജീവിതത്തിന് എന്ന്..അതിനു അവൾക്ക് അനുയോജ്യമായ ഒരാളേ അവൾ തെരഞ്ഞെടുത്തു…അത് അവൾ നമ്മളോട് പറഞ്ഞു..

നമ്മുടെ സമ്മതം ഉണ്ടേൽ മാത്രം മുന്നോട്ട്..ഇല്ലേ നമ്മൾ പറയുന്ന ആളെ അവൾ വിവാഹം കഴിക്കാം എന്നുള്ള മറുപടിയും..

എന്നും എപ്പോളും അവൾക്ക് അനുയോജ്യമായത് മാത്രമേ നമ്മൾ തെരഞ്ഞെടുത്തു കൊടുത്തിട്ടുള്ളൂ..ഇതും അങ്ങനെ തന്നേ ആവണമെങ്കിൽ..മോളുടെ മനസ് കൂടി നമ്മൾ അറിയേണ്ടേ ഏട്ടാ..”

മാലതി വ്യാസന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു കൊണ്ട് പറഞ്ഞു.

**********************

പിറ്റേന്ന് രാവിലെ.

“മോള് ഇറങ്ങാറായോ ഓഫിസിലേക്ക്..” മീരയുടെ റൂമിലേക്ക് കയറും മുൻപ് ഡോറിൽ തട്ടി കൊണ്ട് വ്യാസൻ ചോദിച്ചു.

“റെഡിയാവുന്നു അച്ഛാ..” ഓടി വന്നു വാതിൽ തുറന്നു കൊണ്ട് മീര പറഞ്ഞു..

“മോൾടെ ഇഷ്ടം നടക്കട്ടെ..ഞങ്ങൾക്ക് സമ്മതമാണ്..”

“മ്മ്..” മറുപടിയായി ഒരു മൂളൽ മാത്രം..

“ന്തേ..മോൾക്ക് ഒരു സന്തോഷം ഇല്ല ലോ..”

“ഒന്നൂല്യ അച്ഛാ..മ്മക്ക് ഈ ബന്ധം വേണ്ടാ അച്ഛാ..”

“അതെന്താ മോളേ..ഇപ്പൊ അങ്ങനെ ഒരു മാറ്റം..”

“കാലം കരുതി വെച്ച എന്റെ ഇഷ്ടത്തിന്..എന്റെ ജീവിതത്തിന്..എന്റെ അച്ഛനും അമ്മയും കണ്ടെത്തുന്ന ഒരാളേ മതി എനിക്ക്..”

“ഞങ്ങൾക്ക് വിഷമം ആവും എന്ന് കരുതി ആണോ..” കട്ടിലിൽ ഇരുന്നു കൊണ്ട് വ്യാസൻ ചോദിച്ചു..

“ഒരിക്കലും അല്ല..നിങ്ങളാണ് ശരി…ഇഷ്ടങ്ങൾ കൊണ്ട് ചിലപ്പോൾ നിറങ്ങൾ നൽകാൻ കഴിയും..സ്വപ്‌നങ്ങൾ കാണാൻ കഴിയും..അതിനെല്ലാം മേലേയല്ലേ ജീവിതം..അത് എന്നേക്കാൾ കൂടുതൽ അച്ഛനും അമ്മയ്ക്കുമാണ്..നിങ്ങളുടെ തീരുമാനം തെറ്റില്ല..”

“മ്മ്…അത് ശരിയാണ്..ന്തായാലും ഞങ്ങൾ ഇന്ന് ശ്രീപ്രിയനോട്‌ ഒന്ന് സംസാരിക്കുന്നുണ്ട്..കാലം അനുയോജ്യമാണ് എങ്കിൽ..ഈ ചിങ്ങത്തിൽ തന്നേ കല്യാണം..”

“അത്രേം വേണോ..”

“മ്മ്..വേണം..ഞങ്ങളുടെ മോളല്ലേ..തീരുമാനം ഒന്നും തെറ്റില്ല..മോള് പോയിട്ടു വാ..വൈകുന്നേരം മോൾക്ക് സന്തോഷം തരുന്ന വർത്തയുമായി ഞങ്ങൾ കാത്തിരിക്കുന്നുണ്ടാവും ഇവിടെ..” മീരയുടെ നെറ്റിയിൽ ചുണ്ടമർത്തി..

നെഞ്ചോടു ചേർത്ത് പിടിച്ചു വ്യാസൻ പറഞ്ഞത് കേട്ട് മീര മെല്ലേ ഒന്ന് പുഞ്ചിരിച്ചു..

ശുഭം

~Unni k parthan