റാ ഗിം ഗ്
Story written by Neji Najla
================
ഡിവോഴ്സിനു ശേഷമാണ് ഞാൻ ബി എസ് സി നേഴ്സിങ്ങിനു ചേർന്നത്..തമ്മിൽ പിരിയാൻ മാത്രം കാരണങ്ങളൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. സാധാരണ തമ്മിലുണ്ടാകാറുള്ള ചെറിയൊരു വഴക്ക് എങ്ങനെ ഡിവോഴ്സിലെത്തിയെന്ന് എനിക്കിപ്പോഴും നിശ്ചയമില്ല. പ്ലസ്ടു പഠനം കഴിഞ്ഞതോടെയാണ് ഞാൻ ഇക്കാടെ ജീവിതത്തിലേക്ക് വന്നത്.
ശരിക്കും ഞങ്ങൾ ഭാര്യയും ഭർത്താവുമെന്ന ബന്ധത്തിനപ്പുറം എല്ലാം തുറന്നുപറയുന്ന, മനസ്സിലാക്കുന്ന നല്ല സുഹൃത്തുക്കൾ കൂടിയായിരുന്നു. നീയെന്റെ ഭാഗ്യമാണെന്ന് ഞങ്ങൾ പരസ്പരം അഭിമാനത്തോടെ തന്നെ പറഞ്ഞിരുന്നു. ഭാര്യയും ഭർത്താവുമെന്നാൽ ഇവരെപ്പോലെയാകണമെന്ന് സൗഹൃദങ്ങൾക്കിടയിലും കസിൻസിന്റെ ഇടയിലുമൊക്കെ സംസാരമുണ്ടായിരുന്നു.
ഇതൊക്കെ കേൾക്കുമ്പോൾ ഞങ്ങൾക്കിടയിൽ സ്നേഹം ഇരട്ടിക്കുകയായിരുന്നു. ഞാൻ പറയാതെ തന്നെ എന്റെ സങ്കടങ്ങൾ കണ്ടറിയാൻ എന്റെ ഇക്കാക്ക് കഴിയുമായിരുന്നു. ഞാനെഴുതിയിട്ട എത്രയോ വരികളിൽ എന്റെ ഇക്കാടെ സ്നേഹവും ഞങ്ങൾ തമ്മിലുള്ള ഇഷ്ടത്തിന്റെ ആഴവും ഞാൻ പകർത്തിവച്ചിരുന്നു. ഒറ്റരാത്രി പോലും പിണങ്ങിമാറാത്ത ഞങ്ങൾക്കിടയിലുണ്ടായ എന്നേക്കുമായുള്ള ഈ അകൽച്ച മറ്റുള്ളവരെ പോലും ആശ്ചര്യപ്പെടുത്തിയിരുന്നു.
ഞങ്ങൾ രണ്ടുപേരും തികച്ചും അവിശ്വസനീയതയോടെയാണ് അവസാന നിമിഷത്തിൽ രണ്ട് ദിശയിലേക്ക് നടന്നകന്നത്. പഠിക്കാനുള്ള മോഹവും ഒരു ജോലി എന്ന ലക്ഷ്യവും പല കാരണങ്ങളാൽ ഉപേക്ഷിക്കേണ്ടി വന്നത് തുടരാനായല്ലോ എന്ന ഒറ്റക്കാര്യത്തിൽ ഞാൻ ആശ്വസിക്കാൻ ശ്രമിച്ചു.
ടീച്ചറാവാനുള്ള എന്റെ മോഹം എങ്ങനെയാണ് ബി എസ് സി നേഴിസിങ് കോളേജിലേക്ക് എത്തി നിന്നത് എന്നറിയില്ല.
ആദ്യദിവസം തന്നെ ഞാൻ കോളേജ് ഗേറ്റിന്റെ അവിടെ ബസ്സിറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ അപ്പുറത്തെ ബസ്റ്റോപ്പിൽ എന്റെ സ്കൂൾ ലൈഫിലെ ബെസ്റ്റ് ഫ്രണ്ട്സിൽ ഒരാളായ ജസിത ഇരിക്കുന്നു. അവളും കോളേജിലേക്കാണ്. റാഗിംഗ് ഒക്കെ ഉണ്ടാവുമെന്നറിഞ്ഞപ്പോൾ ഞാൻ നല്ല പോലെ പേടിച്ചിരുന്നു. അവളെക്കണ്ടപ്പോൾ എനിക്കെന്തെന്നില്ലാത്ത ഒരാശ്വാസം തോന്നി. എന്റെ സീനിയറായിട്ട് ഒരാളെങ്കിലും കോളേജിൽ ഉണ്ടല്ലോ എന്നോർത്തു ഞാൻ സന്തോഷിച്ചു.
ഡീയെന്ന് വിളിച്ച് ഓടിച്ചെന്നപ്പോൾ അവൾക്കെന്തോ എന്നോട് ഒരു താല്പര്യമില്ലാത്ത മട്ടിൽ പതുക്കെ ഒന്ന് ചിരിച്ചെന്നു വരുത്തി മുഖം തിരിച്ചു. അവളെന്നെ ഒരു പരിചയം കാണിക്കാതെ മാറിനിന്നപ്പോൾ എനിക്കത് വലിയ സങ്കടമായി.
ഇത്രയും നല്ലൊരു ഭർത്താവിനെ ഉപേക്ഷിച്ചു പോന്നതിലുള്ള ദേഷ്യമാവാം അവൾക്കെന്നു ഞാൻ കരുതി. മറ്റുള്ളവരുടെ ഭാവം കണ്ടാൽ തോന്നും എന്റെ അഹങ്കാരം കൊണ്ടോ വാശികൊണ്ടോ മാത്രം വിവാഹബന്ധം പിരിഞ്ഞതാണെന്ന്..ഒരുപക്ഷെ ഇക്കാക്ക് പോലും കാണില്ല എന്നോടിത്രയും വെറുപ്പ്.
കോളേജിന്റെ കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ചപ്പോൾ തന്നെ ഞാൻ അടിമുടി വിറക്കുന്നുണ്ടായിരുന്നു.
കുറച്ചു നടന്നപ്പോൾ മൂന്നാല് ബോയ്സ് എന്റെ പിറകെ വന്നു. പേരും വീടും നാടും ചോദിച്ചറിഞ്ഞു. ക്ലാസ് കാണിച്ചു തരാമെന്ന് പറഞ്ഞു അവരെന്നെ കൂട്ടിക്കൊണ്ട് പോയി. അവരുടെ തികച്ചും സൗഹൃദപരമായ ഇടപെടൽ എനിക്ക് തെല്ലൊരാശ്വാസം തോന്നിയെങ്കിലും ഏറ്റവും അറ്റത്തെ പഴയൊരു ബിൽഡിങ്ങിന്റെ അവിടേക്കാണ് അവരെന്നെ കൂട്ടിക്കൊണ്ട് പോകുന്നതെന്നറിഞ്ഞപ്പോൾ ഭയം ഇരച്ചു കയറി. അങ്ങിങ്ങായി മൂന്നോ നാലോ കുട്ടികൾ സംസാരിച്ചു നിൽക്കുന്നതല്ലാതെ കൂടുതൽ ആരെയും കാണുന്നില്ല. ഞാൻ മടിച്ചു മടിച്ചു പിറകോട്ട് നിൽക്കാൻ തുടങ്ങിയപ്പോൾ അതിലൊരുത്തൻ എന്റെ കയ്യിൽ പിടുത്തമിട്ടു. ഇവിടെ വാടീ എന്നലറിക്കൊണ്ട് പിടിച്ചു വലിച്ച് മുൻപോട്ടു നടക്കാൻ തുടങ്ങി. അന്നേരം അവരുടെ നാലു പേരുടെയും മുഖങ്ങൾ സിനിമയിലൊക്കെ കാണുന്ന വില്ലന്മാരെപ്പോലെ തോന്നിച്ചു. കട്ടിപ്പുരികവും രൂക്ഷമായ നോട്ടവും കയ്യിലെ ഇരുമ്പ് വളയവും എന്നെ ഭയത്തിന്റെ പരകോടിയിലെത്തിച്ചു.
പേടിച്ചത് തന്നെ സംഭവിക്കാൻ പോകുന്നു. അവരെന്നെ ആ പഴയ കെട്ടിടത്തിന്റെ മുന്നിലുള്ള പൂഴിമണ്ണു നിറഞ്ഞ മുറ്റത്തേക്ക് ആഞ്ഞുതള്ളി..
“നിനക്ക് ആദ്യം കുറച്ചു പ്രാക്ടിക്കൽ ക്ലാസ്സ് പഠിപ്പിക്കാനുണ്ട് എന്നിട്ട് മതി ക്ലാസ്സിലെ പഠിത്തം കേട്ടോടി..”
ഒരുവൻ എന്റെ മുടിക്കുത്തിൽ ചുറ്റിപ്പിടിച്ചപ്പോഴേക്കും ഒരാൾ തലയിലെ തട്ടം വലിച്ചൂരി. മറ്റവൻ എന്റെ ചുരിദാറിന്റെ ഒരുഭാഗം വലിച്ചുകീറി. ഞാൻ ഉച്ചത്തിൽ അലറി വിളിച്ചെങ്കിലും ഒറ്റക്കുട്ടി പോലും അടുത്തേക്ക് വന്നില്ല.. എല്ലാവരും ക്ലാസ്മുറികളിൽ കയറിയിരുന്നു. പേടിച്ചു വിറച്ച് ഒച്ചപോലും പുറത്തു വരാതെ പടച്ചോനോട് ഞാൻ കേണുകരഞ്ഞു.
“ഈ കോളേജിന്റെ മുറ്റത്തു വച്ച് ഞാനിതാ നാലു നരാധമൻമാരാൽ പി ച്ചിച്ചീ ന്തപ്പെടാൻ പോകുന്നു. എന്നെയൊന്നു രക്ഷിക്കണേ.. നാഥാ…”
അപ്പോഴാണ് അവിടേക്കൊരു ബുള്ളറ്റ് പാഞ്ഞു വന്ന് സഡൺ ബ്രേക്കിട്ട് നിന്നത്.
നാലുപേരും എന്റെ ശരീരത്തിൽ നിന്നും പിടിവിട്ട് ആഗതനെ നോക്കി. ഞാനപ്പോൾ മരണക്കുരുക്കിൽ നിന്നും രക്ഷിക്കാനെത്തിയ ആ മാലാഖയെ കാണാൻ മുഖമുയർത്തി.
എന്റെ ഇക്ക…!
ഞാൻ ആശ്ചര്യപ്പെട്ടു.
“ഇക്കാ…എന്നെ രക്ഷിക്കൂ.. ഇവരെന്നെ കൊല്ലാൻ പോകുന്നു ഇക്ക വന്നതെന്റെ ഭാഗ്യമാണ്.. “
സന്തോഷത്തിന്റെ ആധിക്യത്താൽ സ്വയം മറന്ന് ഞാനോടിച്ചെന്ന് ഇക്കയെ ഇറുകെ കെട്ടിപ്പിടിച്ച് ആശ്വാസത്തോടെ നെഞ്ചിൽ തല ചായ്ച്ചു.
പെട്ടെന്നാണ് അട്ടഹാസം പോലെ ഒരു ചിരി അവിടെ മുഴങ്ങിയത്.
അതെന്റെ ഇക്കാടെ ശബ്ദമായിരുന്നെന്ന് മനസ്സിലാക്കാൻ എനിക്കധികം സമയം വേണ്ടി വന്നില്ല
“ഇക്കയോ…? ആരുടെ ഇക്ക നീ പോടീ ശ വമേ.. നിന്നെ എന്റെ മുന്നിലിട്ട് ഉപദ്രവിക്കുന്നത് കണ്ട് കണ്ണും കരളും കുളിരാൻ വേണ്ടിയാണ് ഞാൻ വന്നത്..നിനക്കു നാണമില്ലേ എന്നെ ഇക്കാ എന്ന് വിളിച്ച് വന്ന് കെട്ടിപ്പിടിക്കാൻ വൃത്തികെട്ടവൾ…”
ഞാൻ ഞെട്ടിത്തരിച്ചുപോയി…കലാപനിയിൽ ജയിലിൽ വച്ചോ മറ്റോ മോഹൻലാലിനു നേരെ ആക്രോശിക്കുന്ന അമരീഷ് പുരിയുടെ കണ്ണുകളും മുഖഭാവവമായിരുന്നു ഇക്കാക്കപ്പോൾ.
നാലഞ്ചു മാസങ്ങൾക്കു മുൻപ് വരെ ഒരു മുറിയിൽ ഒരു കട്ടിലിൽ ഒരു പുതപ്പിനുള്ളിൽ സ്വർഗ്ഗം പണിഞ്ഞവരാണ്.. നീയില്ലാത്ത രാത്രികളിൽ ഉറക്കം വിട്ടകലുന്നെന്നു പരസ്പരം പറഞ്ഞവരാണ്…പനിക്കുളിരിൽ വിറക്കുമ്പോൾ നെഞ്ചിന്റെ ചൂടിൽ മുഖമമർത്തി കിടന്നവരാണ്..നിനക്കൊന്ന് വേദനിച്ചാൽ അതിന്റെ ഇരട്ടിനോവാണെനിക്കെന്ന് വീണ്ടും വീണ്ടും അറിയിച്ചവരാണ്..മരണം വരെ ഒരുമിപ്പിക്കണേയെന്ന് നാഥനോട് കെഞ്ചിയവരാണ്…
ഇക്കയെന്നെ പിടിച്ച് ഒരു ദയയുമില്ലാതെ ആ കാ ടൻമാരുടെ മുന്നിലേക്ക് തള്ളിയിട്ടു.
ഇരയെ കിട്ടിയ ആർത്തിയോടെ ഒരുവനെന്നെ ആഞ്ഞു പിടിച്ചു. സർവ്വശക്തിയുമെടുത്തു കുതറിയോടി ഞാൻ ഇക്കാടെ നെഞ്ചിലേക്ക് തന്നെ ചെന്നുവീണു..
” ഇക്കാ.. ഇക്കാക്കെന്നെ തല്ലണോ കൊ ല്ല ണോ എന്തു വേണേലും ചെയ്തോ.. ആ ദുഷ്ടന്മാർക്ക് വിട്ടുകൊടുക്കല്ലേ.. എനിക്ക് പേടിയാ ഇക്കാ.. പ്ലീസ് എന്നെയൊന്നു രക്ഷിക്കൂ…”
ഷർട്ടിലും നെഞ്ചിലും പിടിച്ചുലച്ച് ഏങ്ങിയേങ്ങിക്കരഞ്ഞ് ഇക്കാടെ കാൽക്കലേക്ക് ഞാൻ ഊർന്നുവീണു.
ഡീയെന്നുള്ള അലർച്ചയിൽ വീണ്ടും ഞാൻ ഞെട്ടി.
“മര്യാദക്ക് വിട്ട് കിടന്നു മോങ്ങിക്കോ പാതിരാക്ക് സമാധാനത്തോടെ ഒന്നുറങ്ങാൻ പോലും സമ്മതിക്കാത്ത ഭദ്ര കാളി..”
“…ഏഹ് ന്ത്.. ഞാനിപ്പോ എവിടെയാ കോളേജിലല്ലേ…എനിക്കെന്താ പറ്റി ഇക്കയെന്നെ മൂന്നാല് പേർക്കിടയിലേക്ക് ത ള്ളിവിട്ടതെന്തിനാ..എന്റെ ചുരിദാറ് കീറീലെ ആ ദുഷ്ടന്മാർ…ന്റെ തട്ടം വലിച്ചുപറിച്ച് മുടിക്കുത്തിൽ പിടിച്ച് പൂഴിമണ്ണിൽ വലിച്ചിഴച്ചില്ലേ.?ഇക്ക അതൊക്കെ നോക്കി നിന്നില്ലേ..”
കരച്ചിലും എങ്ങലടിയും അകമ്പടിയോടെ ഞാനങ്ങനെ പുലമ്പിക്കൊണ്ടിരുന്നു.
“ഇനി നീ ഒരക്ഷരം മിണ്ടിയാൽ നിന്റെ വായിൽ ഞാൻ പുതപ്പ് തിരുകിവെക്കും പറഞ്ഞില്ലാ ന്ന് വേണ്ട”
ഇന്നലത്തെ വഴക്ക് തീരാതെ രാത്രി ഉറങ്ങിപ്പോയതിന്റെ ബാക്കിയായിരുന്നു ഇതെന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്..
ഞാൻ പിന്നൊന്നും മിണ്ടാതെ മെല്ലെ പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടി. വഴക്കിന്റെ വാശി തീരാത്ത ഇക്ക നിശ്ചിത അകലം പാലിച്ചു വിട്ടുകിടന്നപ്പോൾ ഞാനൊന്നുകൂടി ചേർന്നുകിടന്നു.
പതുക്കെ രണ്ടുകൈകളെന്നെ പൊതിഞ്ഞു പിടിക്കുന്നതും കണ്ണുകളിൽ ചുണ്ടുകളമരുന്നതും ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിനു മുൻപ് ഞാനറിയുന്നുണ്ടായിരുന്നു.
*******************
ന്താല്ലേ പേടിച്ചു മരിക്കാറായി..
“ന്നാലും ന്റെ കോളേജ്.. ബി എസ് സി നേഴ്സിങ്..”
~നജ്ല. സി