ആവേശം
Story written by Nisha Suresh Kurup
=================
അയ്യോ … എന്റെ ഒറ്റ അലർച്ചയിൽ, കൈയ്യിലിരുന്ന മൊബൈൽ തെറിച്ച് താഴെ പോകാതെ ചാടി പിടിച്ച് കൊണ്ട് ഏട്ടനും, ടിവി റിമോട്ടുമായി സോഫയിൽ നിന്ന് അറിയാതെ കുതിച്ച് പൊങ്ങി മോളും ഒറ്റ ശ്വാസത്തിൽ എന്താന്ന് ചോദിച്ചു …
സ്ഥലകാല ബോധം വന്ന ഞാൻ ജാള്യതയോടെ പറഞ്ഞു “തടി കുറക്കണം എനിക്ക് തടി കുറക്കണം ജിമ്മിൽ പോണം” ….”
ഈ രാത്രിയിലോ ” ഏട്ടന്റെ ഓഞ്ഞ തമാശ കേട്ട് ചിരിക്കണോ, കരയണോന്നറിയാതെ ഞാൻ തുടർന്നു
“അടുത്ത മാസം റീയൂണിയൻ ആണ് … ഇപ്പോൾ തന്നെ എന്റെ ഫെയ്സ്ബുക്കിലെ സ്റ്റാറ്റസ് കണ്ട് ശ്യാമ പറഞ്ഞു, തടിച്ചു ഗ്ലാമർ പോയെന്ന് അവൾ എന്നെ ചൊറിയാൻ പറഞ്ഞതാണേലും ,ഞാൻ നാളെ മുതൽ സ്ട്രിക്ടാണ്. …
നോ ഷുഗർ ,നോ ഓയിൽ, ജങ്ക് ഫുഡ് വേണ്ടേ വേണ്ട … പിന്നെ ഒരു മണിക്കൂർ വ്യായാമം നിങ്ങൾ കണ്ടോ” ..
കുറേ കേട്ടിട്ടുള്ളതാന്ന് തലയാട്ടി കൊണ്ട് ഏട്ടൻ മൊബൈൽ സ്ക്രീനിലേക്ക് കണ്ണുകൾ ഓടിച്ചു.. നടന്നത് തന്നെ എന്ന ചിരിയോടെ മോള് എഴുന്നേറ്റു പോയി.
അവരെയൊക്കെആരുഗൗനിക്കുന്നു.ഞാൻ തീരുമാനിച്ചാൽതീരുമാനിച്ചതാണ് …
ഫോണിൽ പരതി കുറച്ച് എക്സർസൈസ് നോക്കി വെച്ചു , രാവിലത്തേക്ക് അലാറം സെറ്റ് ചെയ്ത് ഉറങ്ങാൻ കിടന്നു ചിന്തകൾ മുഴുവൻ തടി കുറഞ്ഞ് റീയൂണിയന് അവളുമാരുടെ മുന്നിൽ വിലസുന്നതിനെ കുറിച്ചായിരുന്നു.
6 മണിക്ക് അലാറം അതിന്റെ ജോലി കൃത്യമായി നിർവഹിച്ചു ….
ശല്യമെന്ന് പറഞ്ഞ് തിരിഞ്ഞ് കിടന്ന എന്നെ ഏട്ടൻ കുലുക്കി വിളിച്ചു …
ഒന്നു കൂടി ചുരുണ്ട് കൂടിയപ്പോൾ വീണ്ടും തട്ടി ഉണർത്തുന്ന ഏട്ടനെ നാഗവല്ലി ഭാവത്തിൽ നോക്കി ഞാൻ തലവഴിയേ പുതപ്പ് മൂടി …
രാവിലെ ചായക്ക് തേയിലപ്പൊടി ഇടുകയായിരുന്ന എന്നോട് മോളുടെ ചോദ്യം “അമ്മാ വ്യയാമം ചെയ്തോ “എന്നിട്ട് ആക്കിയ ഒരു ചിരിയും …
ഞാൻ വിടുവോ നോക്കിക്കോ വൈകിട്ട് ചെയ്തിരിക്കും .”
അതിന് വൈകിട്ട് മൂവി ബുക്ക് ചെയ്തേക്കുവല്ലേ” അവൾ വീണ്ടും …
“ശരിയാണല്ലോ എന്നാൽ വ്യായാമം നാളെ മുതൽ ഇന്ന് തൊട്ട് കട്ട ഡയറ്റ് ” …
മധുരമിടാത്ത ഒരു ഗ്ലാസ് ചായ വാശിയോടെ ഊതി കുടിച്ചു കാണിച്ചു കൊടുത്തു …
ഗോതമ്പ് ദോശ ചട്ണിയിൽ മുക്കുമ്പോൾ ആഹാ എന്തൊരു രുചി എന്റെ ഉറക്കെയുളള ആത്മഗതം…
ഉച്ചക്ക് ഒരു കപ്പ് ചോറും പുളിശ്ശേരിയും തോരനും കുഴച്ച് കഴിക്കുമ്പോൾ ,ഏട്ടന്റെ പാത്രത്തിലെ മീൻ വറുത്തതിനെ ശത്രുവിനെ പോലെ നോക്കി …
ഞാൻ ആരാ മോൾ എന്റെ സെഡിക്കേഷൻ കണ്ടോന്ന മട്ടിൽ വീണ്ടും ഉരുള ഉരുട്ടി .
അടുത്തുള്ള മാളിലായിരുന്നു മൂവി ക്ക് പോയത് .
കവാടം കടന്നപ്പോഴേ ഞാൻ താക്കീത് നൽകി എന്നെ ഒന്നും കഴിക്കാൻ ആരും നിർബന്ധിക്കരുത് …
മുകളിലെ ഫ്ലോറിൽ എത്താൻ നടന്ന നമ്മൾ എത്തിയത് എസ്കലേറ്ററിനു മുന്നിൽ. എത്ര തവണ മാളിൽ വന്നിട്ടുണെങ്കിലും എസ്കലേറ്റർ ഇന്നുo എനിക്ക്പേടി സ്വപ്നമാണ്.
അതിനു മുന്നിൽ അറച്ചു നിന്ന എന്നോട് ഒരുമിച്ച് കയറാൻ പറഞ്ഞു മോൾ കാലെടുത്തു വെച്ചു …
ഞാൻ നോക്കുമ്പോൾ ഏട്ടൻ അതിനും മുന്നേ കയറി കഴിഞ്ഞു.രണ്ടാമതൊന്ന് ആലോചിച്ചില്ല ചാടികയറി .
ഒരു കാല് മുകളിലും മറ്റേകാല് താഴെയുമായി വീഴാതിരിക്കാൻ കൈയും നീട്ടി പിടിച്ച് ഹനുമാൻ മരുത്വാമല ചുമന്ന പോലുള്ള എന്റെ നിൽപ്പ് കണ്ട് മോള് ചമ്മലോടെ ചുറ്റും നോക്കുന്നു ….
ഏട്ടനാണേൽ ഞങ്ങളെ അറിയേ ഇല്ല എന്ന ഭാവം …
അവസാനം എങ്ങനേലും അതിൽ നിന്ന് ചാടിയിറങ്ങി തീയറ്ററിലേക്ക് നടക്കുമ്പോൾ നല്ല കോഫിയുടെ മണം നാസാദ്വാരങ്ങൾ കടന്നു പോയി ….
പിടിച്ച് കെട്ടിയ പോലെ നിന്നു . . .
ഉടനെ ഏട്ടന്റെ വക ഡയലോഗ് നീ ഡയറ്റല്ലെ ഞാനും മോളും ഓരോ കോഫി കുടിക്കട്ടെ … ഞാൻ പുച്ഛഭാവത്തിൽ ചിറി കോട്ടി …
നോക്കിയപ്പോൾ അവര് കോഫി, റോൾ, ഡോണട്ട് എല്ലാം ഓർഡർ ചെയ്യുന്നു മനസിന്റെ കണ്ട്രോൾ പോയി …
എന്നെ നിർബന്ധിക്കൂ, നിർബന്ധിക്കൂ ന്നുള്ള ദയനീയതയിൽ ഞാൻ അവരെ നോക്കി നിന്നു …
എവിടെ കണ്ണിൽ ചോരയില്ലാത്തവർ എന്നെ നോക്കുന്ന കൂടി ഇല്ല പതിയെ അടുത്ത് ചെന്ന് ഏട്ടന്റെ മുതുകിന് തോണ്ടി ..എന്താന്ന് ചോദിച്ച് തിരിഞ്ഞ ഏട്ടൻ നോക്കുമ്പോൾ ഞാൻ കുനിഞ്ഞ് നിന്ന് “നാളെ മുതൽ ഡയറ്റ് തുടങ്ങാം എനിക്കും കൂടി “… വാക്കുകൾ മുഴുവിപ്പിക്കാതെ ചെരുപ്പിട്ട കാലു കൊണ്ട് കളം വരക്കുന്നു ..
നിന്റെ കാര്യം എന്നും പറഞ്ഞ് ഏട്ടൻ കളിയാക്കി ചിരിച്ച് കൊണ്ട് എനിക്കും ഓർഡർ ചെയ്തു..
മോൾക്ക് ചിരി നിയന്ത്രിക്കാൻ പറ്റുന്നില്ല … ഓ പിന്നെ ഇത്രക്ക് ചിരിക്കാൻ എന്തുവാ ഇനിയും ദിവസങ്ങൾ കിടക്കുവല്ലെ ഞാൻ കാണിച്ചു തരാമെന്ന് പറഞ്ഞ് കൊണ്ട് കിട്ടിയപാടെ ആക്രാന്തത്തോടെ എല്ലാം വെട്ടി വിഴുങ്ങാൻ തുടങ്ങി. “
ഉച്ചവരെ ഡയറ്റ് എടുത്തപ്പോൾ ഇങ്ങനാണേൽ ഒരാഴ്ച ആയാൽ ഞങ്ങളെ കൂടി കഴിക്കുമല്ലോ “…. മോളുടെ അസ്ഥാനത്തെ കമന്റ്. വലത് വശത്തുള്ള തീയറ്ററിനകത്ത് കടന്നപ്പോൾ തന്നെ എല്ലാവരും പോപ്കോൺ വാങ്ങാൻ ക്യൂ നില്ക്കുന്നു.
നിഷ്കളങ്കയായി ഏട്ടനെ നോക്കി ഓടി ചെന്ന് വരിയിൽ നിന്ന് റെഗുലർ പായ്ക്കറ്റും വാങ്ങി , അവിടെന്നേ വായിലിട്ടുകൊണ്ട് നടന്നു.
അകത്ത് കയറി സെൽഫി എടുത്ത് അപ്പോൾ തന്നെ പോസ്റ്റ് ചെയ്ത്, തീയറ്ററിൽ നിന്ന് കിട്ടിയ കറുത്ത കണ്ണടയും അണിഞ്ഞിരുന്നു.
സ്ക്രീനിൽ നിന്ന് വരുന്ന പാറ കല്ലുകൾ മുഖത്ത് തട്ടാതെ തലവെട്ടിച്ചപ്പോൾ മണ്ടിയെന്ന മട്ടിൽ ഏട്ടന്റെ ചിരി .
നായകനും നായികക്കുമൊപ്പം എല്ലാവരും ജലാശയത്തിലൊക്കെ ആഴ്ന്നിറങ്ങിയപ്പോൾ ഞാൻ പോപ്കോൺ തീർക്കുന്ന തിരക്കിലായിരുന്നു ..തിരികെ പോരാൻ നേരം ഐസ്ക്രീം പാർലറിനു മുന്നിലെത്തിയതും മോൾ എന്റെ കൈപിടിച്ച് അങ്ങോട്ടും ,ഏട്ടൻ എന്റെ കൈ പിടിച്ച് പോവാന്ന് ഇങ്ങോട്ടും വലിക്കുന്നു
ചങ്ങല പോലെ നിന്ന നമ്മളെ തട്ടി വീഴാൻ പോയ ഏതോ ഒരമ്മുമ ദഹിപ്പിക്കുന്ന നോട്ടം നോക്കി കടന്നുപോയി ::
“മോൾക്കു വേണ്ടി മിൽക് ഷേക്ക് വല്ലതും കുടിക്കാം എനിക്ക് വേണ്ടീട്ടല്ല “വിശാല മനസ്കയായ ഞാൻ പറഞ്ഞു. എന്റെ വായിൽ വെള്ളം നിറഞ്ഞത് ഞാൻ കുടിച്ചിറക്കി.
എല്ലാവരും ഓരോ ഷെയ്ക്കും കുടിച്ച് താഴത്തെ ഫ്ലോറിൽ വീണ്ടും എസ്കലേറ്റർ എന്ന കുന്ത്രാണ്ടത്തിൽ ഇരുന്നും കിടന്നുമൊക്കെ എത്തി …
അവിടത്തെ ഹൈപ്പർ മാർക്കറ്റിൽ നല്ല തിരക്കായിരുന്നു. ഞങ്ങളും അവിടെ ഇടിച്ച് കയറി ,രാത്രി കഴിക്കാൻ ഭക്ഷണം വാങ്ങാമെന്ന ഉദ്ദേശത്തോടെ .
.ട്രോളി ഉരുട്ടി പോകുമ്പോൾ എല്ലാം വേണമെന്ന തോന്നൽ പച്ചക്കുതിരയിലെ ദിലീപിനെ പോലെ ഫുഡേ ഫുഡേന്ന് വിളിച്ച് കേക്കും ജ്യൂസും നട്സും കണ്ണിൽ കണ്ടതെല്ലാം അതുവഴി പോയ ഒരു കൊച്ചിനെ വരെ വാരി എടുത്ത് ട്രോളിയിൽ ഇട്ട എന്റെ കൈയ്യിൽ പിടി വീണു, നോക്കുമ്പോൾ ഏട്ടൻ…
മതി രാത്രി കഴിക്കാൻ വല്ലതും വാങ്ങ് പിന്നെ അങ്ങോട്ട് ഓടി അവിടന്നും കുറേ വാങ്ങിക്കൂട്ടി ബില്ലിംഗ് സെക്ഷനിൽ വന്നപ്പോൾ ഡയറി മിൽക്ക് അതും ചാടി വീണ് വല്ല്യ ഒരു പായ്ക്കറ്റ് തന്നെ എടുത്ത് ഏട്ടനെ നോക്കി ചിരി പാസ്സാക്കി.
വീട്ടിൽ വന്നു ടേബിളിൽ എല്ലാം കൂടി തട്ടിയിട്ട് ഞാനും മോളും മത്സരിച്ച് ഓരോന്ന് കഴിക്കാൻ തുടങ്ങി…
“ഒരാഴ്ചത്തേക് വാങ്ങി കൂട്ടിയിട്ടുണ്ടല്ലോ ഇതാണോ നിന്റെ ഡയറ്റെന്നു” പറഞ്ഞ് ഏട്ടൻ വീണ്ടും കളിയാക്കി..
ആഹാര സാധനങ്ങൾ പാഴി കളയാൻ പാടുണ്ടോ ഞാൻ പാവം നടിച്ചു പറഞ്ഞു …പറ്റാത്ത പണിക്ക് പോണ്ടാന്ന് അപ്പൊഴെ പറഞ്ഞില്ലെ ഏട്ടൻ വിടാൻ ഭാവമില്ല
…അത് നിങ്ങൾ ഇങ്ങനെ ഓരോന്നു വാങ്ങിക്കൂട്ടിയാൽ കഴിച്ച് തീർക്കണ്ടെ അപ്പൊഴെ ഞാൻ പറഞ്ഞതാ ആവശ്യത്തിന് മതീന്ന് …
“അതെപ്പോൾ “അതിശയത്തിൽ ഏട്ടനും മോളും കണ്ണു മിഴിച്ചെന്നെ നോക്കി ….
“അടുത്ത ആഴ്ച മുതൽ ഞാൻ കട്ട ഡയറ്റാണ് നോക്കിക്കോ” വായ നിറയെ കുത്തി നിറച്ച കേക്കുമായി ഞാൻ ചിരിച്ചു ….
ഏട്ടന്റെ മുഖത്ത് നവരസങ്ങൾ വിടർന്നു…
~നിഷാബാബു