അച്ഛന്റെ രണ്ടാംകെട്ട്…
Story written by Sameer Ilan Chengampalli
==============
സമയം ഏഴുമണി ആയി. നഗരത്തിലേക്കുള്ള അവസാന ബസ്സും പോയിക്കഴിഞ്ഞു. കവലയിൽ ഉണ്ടായിരുന്ന ഏതാനും ചില ആളുകൾ കൂടി വീട്ടിലേക്ക് മടങ്ങി.
ഞാൻ അച്ഛനെയും പ്രതീക്ഷിച്ച് കടത്തിണ്ണയിൽ തന്നെ ഇരുന്നു. അച്ഛൻ കട അടക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടെ ഒരു മിട്ടായി ഭരണിയിൽ അവശേഷിച്ചിരുന്ന നാല് മിട്ടായികൾ ഒരു പേപ്പറിൽ അച്ഛൻ പൊതിഞ്ഞെടുത്തു.
സാധാരണ എനിക്കും ചേട്ടനും കൂടി രണ്ട് മിട്ടായികളാണ് അച്ഛൻ കൊണ്ടുവരാറുള്ളത്. ചില ദിവസങ്ങളിൽ അതുപോലും ഉണ്ടാകാറില്ല. ഇന്ന് മിട്ടായി ഭരണി കാലിയാക്കാനുള്ളത്കൊണ്ടാകാം നാലെണ്ണം എടുത്തത്.
എന്നും ഇതുപോലെ നാലെണ്ണം വീതം ബാക്കിയിരുന്നെങ്കിലെന്ന് ഞാൻ മനസ്സിൽ ആശിച്ചു.
കട അടച്ചതും അച്ഛൻ നടത്തം ആരംഭിച്ചു. കഴിക്കാനുള്ള മിട്ടായികളെ കുറിച്ചോർത്ത് കൊതിയൂറിക്കൊണ്ട് ഞാൻ അച്ഛന്റെ പിന്നാലെ നടന്നു.
നട വഴിയിൽ നിന്നും വയലിലേക്ക് പ്രവേശിച്ചതും അച്ഛൻ നടത്തത്തിന്റെ വേഗത കുറച്ചു. പിന്നെ അപ്രതീക്ഷിതമായി ഇടത്തോട്ട് തിരിഞ്ഞു നടത്തം ആരംഭിച്ചു.
ആദ്യമൊന്ന് ശങ്കിച്ചു പോയെങ്കിലും അച്ഛന്റെ പിന്നാലെ നടന്നു മാത്രം ശീലിച്ചിട്ടുള്ളത്കൊണ്ട് ഞാൻ ഒന്നും ചോദിച്ചില്ല.
എത്ര ദൂരം ഞങ്ങളങ്ങനെ നടന്നുവെന്ന് ഓർമയില്ല. നടവരമ്പിനപ്പുറം ഒരു ചെറിയ കുടിലിന് മുൻപിലാണ് ഞങ്ങൾ നിന്നത്.
അച്ഛൻ എന്നെ തിരിഞ്ഞു നോക്കി.
”ഇതെന്റെ ഒരു കൂട്ടുകാരന്റെ വീടാ, നീ ഇവിടെ നിന്നോ,ഞാനിപ്പോ വരാം”
ഇതും പറഞ്ഞ് അച്ഛൻ ആ വീട്ടിലേക്ക് നടന്നു. ഞാൻ ആ കൂരിരുട്ടിൽ തനിച്ചായി. അച്ഛന്റെ കൂടെ ഇതിന് മുൻപും ഞാൻ കൂട്ടുകാരുടെ വീട്ടിലേക്ക് പോയിട്ടുണ്ട്.
അവിടെ നിന്നെല്ലാം ഊഷ്മള സ്വീകരണങ്ങളാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. ചായയും പലഹാരങ്ങളും നൽകി അവർ എന്നെ ചേർത്ത് പിടിക്കും. പോകുമ്പോൾ മിട്ടായി വാങ്ങിക്കാനെന്ന് പറഞ്ഞ് ഒന്നോ രണ്ടോ രൂപ പോലും കീശയിൽ വെച്ച് തന്നവർ വരെ ഉണ്ട്.
പക്ഷെ ഇന്നാദ്യമായി ഞാൻ ഒറ്റക്കായതുപോലെ. എനിക്ക് കരച്ചിൽ വന്നു.
ഒന്നോ രണ്ടോ മിനിറ്റുകൾ പിന്നിട്ടു കഴിഞ്ഞു. പെട്ടെന്നാണ് ഒരു സ്ത്രീ രൂപം ആ കുടിലിന്റെ ഉമ്മറത്തേക്ക് പ്രവേശിച്ചത്. അവരുടെ ഒക്കത്ത് ഒരു പെൺകുട്ടി ഉണ്ടായിരുന്നു. കഷ്ടിച്ച് ഒന്നോ ഒന്നരയോ വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന അവളുടെ രണ്ടു കൈകളിലും ഉണ്ടായിരുന്നത് അച്ഛൻ മേടിച്ചു കൊണ്ടുവന്ന കപ്പലണ്ടി മിട്ടായികളായിരുന്നു.
ആ സ്ത്രീ എന്നെ വാത്സല്യപ്പൂർവ്വം നോക്കുന്നുണ്ട്. അവർ എന്നെ അവരുടെ അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചതും പിറകെ നിന്നിരുന്ന അച്ഛൻ അവരെ തടഞ്ഞു.
”ആ സ്ത്രീ ആരാണ് ?? ”
”അവരെന്തിനാണ് എന്നെ വിളിക്കുന്നത്??”
”അവരെ എന്തിനാണ് അച്ഛൻ തടഞ്ഞത്??..”
എന്റെ കുഞ്ഞു ചിന്തകൾ വിമാനം കയറുന്നതിന് മുൻപേ അച്ഛൻ വന്നു.
”വാ…പോകാം ”
ഞാൻ അച്ഛന്റെ പിറകെ നടത്തം തുടർന്നു. ഞങ്ങൾ പോകുന്നതും നോക്കി ആ അമ്മയും കുഞ്ഞും ഉമ്മറത്ത് തന്നെ നിന്നു.
അച്ഛനോട് എന്തൊക്കെയോ ചോദിക്കണമെന്നുണ്ട്. പക്ഷെ അച്ഛന്റെ അസ്വസ്ഥമായ മുഖവും ആധിപിടിച്ച നടത്തവും എന്റെ മനസ്സ് മാറ്റി.
വീട്ടിലെത്തിയതും ഭാസകരനമ്മാവനും അമ്മയും കൂടെ ഞങ്ങളെ രണ്ടു പേരെയും ദേഷ്യത്തോടെ നോക്കി. എന്തോ പന്തികേടുണ്ടെന്ന് എനിക്കപ്പോൾ തന്നെ തോന്നി.
”ശംഭു നീ അകത്ത് പോയി എന്തേലും പടിക്ക് “
ഞാൻ അകത്തേക്ക് പ്രവേശിച്ചതും അമ്മയുടെ സ്വരം ഉയർന്നു.
”ഇത്രയും കാലം നിങ്ങളെ ദൈവത്തെപ്പോലെ നോക്കിയതിന് എനിക്ക് ഇത് തന്നെ കിട്ടണം”
അച്ഛൻ ഒന്നും മിണ്ടാതെ തലകുമ്പിട്ട് നിൽപ്പാണ്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ അച്ഛനെ അത്രയും ദുർബ്ബലനായി കാണുന്നത്.
”വാസു, എന്താ നിന്റെ ഉദ്ദേശം??..നീ അവളെയും കുഞ്ഞിനേയും ഈ നാട്ടിൽ തന്നെ പാർപ്പിക്കാനാണോ നോക്കുന്നത്??.. ഇത്രയും അപമാനം വരുത്തിവെച്ചതും പോരാ ഇനി അതും കൂടെ എന്റെ പെങ്ങള് കാണണോ??..”
അമ്മാവന്റെ ചോദ്യം അച്ഛൻറെ നിശബ്ദതയെ ഭേദിച്ചു.
”ശെരിയാണ്, ഞാനൊരു തെറ്റ് ചെയ്തുപോയി. അതിന്റെ പേരിൽ നിങ്ങൾ തരുന്ന എന്ത് ശിക്ഷ സ്വീകരിക്കാനും ഞാൻ തയ്യാറാണ്. പക്ഷെ അവളെയും എന്റെ കുഞ്ഞിനേയും ഉപേക്ഷിക്കണമെന്ന് മാത്രം പറയരുത്. അവരെ എനിക്കെന്നും കണ്ടോണ്ട് ഇരിക്കണം. അവർ ഇവിടെ ജീവിക്കുന്നത് കൊണ്ട് അളിയന്റെ പെങ്ങൾക്കും എന്റെ കുട്ടികൾക്കും ഒരു കുറവും ഉണ്ടാകാതെ ഞാൻ നോക്കികോളാം.”
”വേണ്ട, നിങ്ങള് അവരെയും കെട്ടിപ്പിടിച്ച് ഇവിടെ തന്നെ ഇരുന്നോ, ഞാനും മക്കളും ഇറങ്ങികോളാം”
അന്നാണ് ഞങ്ങൾ ആ വീട് വിട്ടിറങ്ങിയത്. അതിന് ശേഷം ഞാൻ എന്റെ അച്ഛനെയും അമ്മയെയും ഒരുമിച്ച് കണ്ടിട്ടില്ല.
അച്ഛനും അമ്മാവനും ഇതേ ചൊല്ലി തർക്കങ്ങളുണ്ടായെന്നും അച്ഛൻ അമ്മാവനെ കവലയിൽ വെച്ച് തല്ലിയെന്നുമൊക്കെ പിന്നീട് ആരൊക്കെയോ പറഞ്ഞ് ഞാൻ അറിഞ്ഞു.
അച്ഛന് വേറെ ഭാര്യയും കുഞ്ഞുമുണ്ടെന്ന് ‘അമ്മ കൂടെ കൂടെ പരാതി പറയാറുണ്ടായിരുന്നു. പക്ഷെ അപ്പോഴൊന്നും എനിക്കച്ഛനോട് ഒരു തെല്ലുപോലും ദേഷ്യം തോന്നിയിരുന്നില്ല.
ആകെ ബാക്കിയായ നാല് മിട്ടായികളിൽ രണ്ടെണ്ണം ആ കുഞ്ഞിന് കൊടുത്തപ്പോൾ ഞങ്ങളെക്കാൾ കൂടുതൽ ഇഷ്ടം അച്ഛന് അവളോടുണ്ടായിരുന്നോ എന്ന സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വർഷങ്ങൾ പലത് പിന്നിട്ടു. ചേട്ടന് ജോലി കിട്ടിയപ്പോൾ ഞങ്ങൾ നഗരത്തിലേക്ക് താമസം മാറി. അതിനിടെ അച്ഛൻ ഒരു ഹൃദയാഘാതത്തെ തുടർന്നു മരണപ്പെട്ടു.
അച്ഛനെ ഒരു നോക്ക് കാണാൻ വേണ്ടി ഞങ്ങൾ തറവാട്ടിലേക്ക് പോയിരുന്നു. അച്ഛന്റെ ചലനമറ്റ ശരീരം ചേർത്ത് പിടിച്ചു കരഞ്ഞിരുന്നു ആ അമ്മയെയും മോളെയും ആശ്വസിപ്പിക്കാനുള്ള വിവേകമൊന്നും എനിക്കും ചേട്ടനും അന്നുണ്ടായിരുന്നില്ല. സ്വന്തം അമ്മയെ കുറിച്ചുള്ള സങ്കടം മാത്രമേ ഞങ്ങൾക്ക് അന്ന് ഉണ്ടായിരുന്നുള്ളൂ.
വർഷങ്ങൾ ഇരുപത് കഴിഞ്ഞു. അതിനിടെ ഒരിക്കൽപോലും അവരെ കുറിച്ച് അന്വേഷിക്കാനോ തിരക്കാനോ ഞങ്ങൾ ആരും ശ്രമിച്ചില്ല. അച്ഛന്റെ മരണശേഷം അവർ ആ തറവാട്ട് വീട് വിറ്റ് മറ്റെങ്ങോട്ടോ പോയതായി മാത്രം അമ്മാവൻ ഒരിക്കൽ പറഞ്ഞതോർക്കുന്നു.
ഏട്ടന്റെ കല്യാണ ദിവസം.
ഞാൻ എന്റെ ചില സുഹൃത്തുക്കളോടൊപ്പം കല്യാണ ബഹളങ്ങളുമായി ഓടി നടക്കുന്ന സമയം.
താലി കെട്ടാൻ സമയമായെന്ന് ആരോ വിളിച്ചു പറയുന്നത് കേട്ടപ്പോൾ ഞാൻ കതിർ മണ്ഡപത്തിനടുത്തേക്ക് ഓടി.
ചേട്ടനെയും അമ്മയെയും മാത്രം അവിടെ എങ്ങും കാണാനില്ല. ബന്ധുക്കളും പെൺ വീട്ടുകാരും അക്ഷമരായി പലതും ചോദിക്കാൻ തുടങ്ങിയിരിക്കുന്നു.
പെട്ടെന്നാണ് സദസ്സിന്റെ ഒരു മൂലയിലെ ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റിക്കൊണ്ട് ചേട്ടനും അമ്മയും പ്രത്യക്ഷപ്പെട്ടത്. അവർക്ക് നടുവിലായി നന്നായി വസ്ത്രം ധരിച്ച ഒരു അമ്മയും മകളും.
അപരിചിതമായ ഒരു അന്തരീക്ഷത്തിൽ പെട്ടെ വന്നു പെട്ടതിന്റെ ലജ്ജയും ആശങ്കയും അവരുടെ മുഖത്തുണ്ട്.
”ലളിതേ…നിങ്ങൾ രണ്ടുപേരും എവിടായിരുന്നു ഇത്രേം നേരം??…”
അമ്മാവൻറെ സ്വരം അല്പം പരുഷമായിരുന്നു.
”ഏട്ടാ…ഇത്രേം കാലം ഇവർ എവിടെയായിരുന്നുവെന്ന് ഞാൻ ഏട്ടനോട് ചോദിച്ചിട്ടില്ല. എന്റെ മക്കളോട് പോലും ഇവരെ കുറിച്ച് അന്വേഷിക്കിക്കാൻ ഞാൻ പറഞ്ഞിട്ടില്ല. പക്ഷെ ഇന്നെന്റെ മോന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായക മുഹൂർത്തമാണ്. ഇതിന് സാക്ഷിയാകാൻ അവന്റെ ഈ അമ്മയും ഈ പെങ്ങളും വേണമെന്ന് മനസ്സ് പറഞ്ഞു. കുറെ അലഞ്ഞെങ്കിലും അവസാനം കണ്ടുകിട്ടി. ഇനി ഇവർ എന്റെ കൂടെ ഈ വീട്ടിൽ ജീവിക്കട്ടെ. എന്റെ മക്കൾക്ക് ഒരു അമ്മയും ഒരു കുഞ്ഞു പെങ്ങളും കൂടെ ഉണ്ടാകട്ടെ ”
എന്റെ അമ്മ അവരെ ലോകത്തിന് മുൻപിൽ പരിചയപ്പെടുത്തി.
അമ്മാവൻ മറുത്തൊന്നും പറഞ്ഞില്ല, ഒന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളൂ.
കതിർ മണ്ഡപത്തിന്റെ ഒരു തൂണിൽ പിടിച്ച് നിന്ന് അത്ഭുത സ്തബ്ധനായി നിന്നിരുന്ന എന്നെ അമ്മ അരികത്തേക്ക് വിളിപ്പിച്ചു.
”ശംഭു,രണ്ടാമത്തേത്”
അമ്മ എന്നെ അവർക്ക് പരിചയപ്പെടുത്തികൊടുത്തതും അവർ എന്നെ ആവേശത്തോടെ കെട്ടിപ്പിടിച്ചു, പൊട്ടിക്കരഞ്ഞു.
അവരുടെ കണ്ണുനീരിന്റെ ചൂട് എന്റെ ഹൃദയം ഏറ്റുവാങ്ങി.
”ഞാൻ കണ്ടിട്ടുണ്ട് എന്റെ മോനെ, അന്നൊരിക്കൽ ഞാൻ ഇവനെ അടുത്തേക്ക് വിളിച്ചപ്പോൾ ഏട്ടനാണ് പറഞ്ഞത് വേണ്ട, പിന്നെ ഒരു ദിവസമാകാമെന്ന്. ആ ദിവസം വന്നു ചേരാൻ ഇത്രയും വർഷങ്ങളെടുക്കുമെന്ന് അറിയില്ലായിരുന്നു.
“മോനെ, ഇയാളെ നിനക്ക് മനസ്സിലായോ?..നിന്റെ പെങ്ങളാ അച്ചു “
അമ്മ അവളെ എന്റെ കണ്മുൻപിൽ കൊണ്ടുവന്നു നിർത്തി.
അവൾ ആകെ വളർന്നിരിക്കുന്നു. അവളുടെ കൺപുരികവും നെറ്റിയുമെല്ലാം അച്ഛനെ ഓർമിപ്പിച്ചു.
ഞാൻ അവളോട് ചിരിക്കാൻ ശ്രമിച്ചു. അവൾ അങ്ങേയറ്റത്തെ നാണത്തോടെ എന്റെ മുഖത്തേക്ക് നോക്കാനാകാതെ കൺവെട്ടിച്ഛ് നിന്നു.
ഞാൻ അമ്മയോട് പറഞ്ഞു
”എനിക്കറിയാം ഇവളെ, സത്യത്തിൽ ഇവളെനിക്ക് തരാൻ ഒരു കടം ബാക്കിയുണ്ട് ”
അന്നേരം വരെ എന്റെ മുഖത്തേക്ക് നോക്കാനാകാതെ മുഖം വെട്ടിച്ചു നിന്ന അവൾ അല്പം അതിശയം കലർന്ന ഭാവത്തിൽ എന്നോട് ചോദിച്ചു
”അതെന്ത് കടം ??”
”ഒരു കപ്പലണ്ടി മിട്ടായി ”
അവൾ ഒന്നും മനസ്സിലാകാതെ പരുങ്ങി.
അത് കണ്ടപ്പോൾ എന്റെ മനസ്സിൽ അറിയാതെ ചിരിപൊട്ടി.