ഒരുപാട് ദിവസങ്ങളെടുത്തു അവനൊന്നു നോർമൽ ആവാൻ. എങ്കിലും ഭയമായിരുന്നു അവനെന്നെ…

മാതാപിതാക്കൾ വായിച്ചറിയാൻ…

എഴുത്ത്: ഉണ്ണി ആറ്റിങ്ങൽ

=================

“ഒരിക്കലെങ്കിലും നിങ്ങളവനെ സ്നേഹിച്ചിട്ടുണ്ടോ?”

ചാട്ടുളി പോലെ ആയിരുന്നു അന്നവളുടെ ചോദ്യം മനസ്സിലേക്ക് ആഴ്ന്നിറങ്ങിയത്. ചിലപ്പോ ഇക്കഴിഞ്ഞ ഒരു വർഷം കൊണ്ട് ഒരായിരം വട്ടം ഞാനെന്നോട് തന്നെ മനസ്സിൽ ചോദിച്ചിട്ടുണ്ടാവണം.

എനിക്കെന്റെ മോനെ തിരിച്ചു വേണം ഏട്ടാന്ന് പറഞ്ഞ് കരഞ്ഞ് തളർന്ന അവളെ ഞാനെന്റെ നെഞ്ചോടു ചേർക്കുമ്പോൾ ഒന്നാശ്വസിപ്പിക്കാനുള്ള യോഗ്യത പോലും എനിക്കുണ്ടായിരുന്നില്ല.

എല്ലാം എന്റെ തെറ്റാണ്. കുടുംബത്തിൽ പ്രാരാബ്ധങ്ങൾ വില്ലനായപ്പോൾ പ്രവാസിയാവേണ്ടി വന്നവൻ. ജീവിതത്തിലോരോന്നും വെട്ടിപ്പിടിക്കാൻ ശ്രമിച്ചു പരാജയപ്പെടുമ്പോഴൊക്കെയും മറ്റുള്ളവരുടെ വിജയം അസൂയയോടെ മാത്രമേ ഞാൻ നോക്കിക്കണ്ടിരുന്നുള്ളു. എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള ഓട്ടം മാത്രമായിരുന്നു പിന്നീടങ്ങോട്ട്. എന്നിട്ട് ഞാൻ എന്ത് നേടി ?

മാസം തികയാതെ പ്രസവിച്ച ഒരു മകനെ ഈശ്വരൻ തന്നപ്പോൾ, മറ്റുള്ള കുട്ടികളെപ്പോലെ അവന് ബുദ്ധിവളർച്ച ഉണ്ടാവില്ലെന്ന് ഡോക്ടർ പറഞ്ഞിരുന്നത് ഞാനെന്തേ ഓർക്കാഞ്ഞത്. എന്നും മറ്റുള്ളവരുടെ മക്കളുടെ ഉയർച്ചയിൽ മാത്രമായിരുന്നു എന്റെ മനസ്സ്. എന്റെ മകനും ഉയങ്ങളിലെത്തണമെന്ന ഒരുതരം വാശി. അതവന്റെ നന്മക്കായിരുന്നോ ? അറിയില്ല. വാശിയായിരുന്നു, സമൂഹത്തിന് മുന്നിൽ എനിക്കെന്റെ അഭിമാനം ഉയർത്തിപ്പിടിക്കുവാൻ എന്റെ മകൻ ഉണ്ടായിരിക്കണം എന്നുള്ള ഒരുതരം വൃത്തികെട്ട വാശി.

രണ്ട് വർഷത്തിലൊരിക്കൽ ഒരു വിരുന്നുകാരനെപ്പോലെ നാട്ടിലെത്തുമ്പോഴും ഒരിക്കൽ പോലും അവന് ആരാകണമെന്നോ അവന്റെ ആഗ്രഹങ്ങൾ എന്തൊക്കെയാണെന്നോ ഞാൻ ചോദിച്ചറിഞ്ഞിട്ടില്ല. അയൽപക്കത്തെ മാത്യുവിന്റെ മകന്റെ മാഹാത്മ്യത്തെ പുകഴ്ത്തി പറയുമ്പോഴും അവനെക്കൊണ്ട് കഴിയുന്ന വിധത്തിൽ നേടിയ ചെറിയ ചെറിയ വിജയങ്ങളെ മനപ്പൂർവം ഞാൻ അവഗണിച്ചു. മനസ്സിൽ വാശി ഉണ്ടാക്കിയാൽ അവനവരേക്കാൾ ഉയരങ്ങളിലെത്തുമെന്ന മണ്ടൻ സിദ്ധാന്തം. കാലത്തിന്റെ ഒഴുക്കോ മകന്റെ വളർച്ചയോ ഞാനറിഞ്ഞിരുന്നില്ല. അപ്പോഴും അവനെ തല്ലിപ്പഴുപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന ഒരു പമ്പര വിഡ്ഢിയായ അച്ഛൻ മാത്രമായിരുന്നു ഞാൻ. എങ്കിലും കുഞ്ഞു മനസ്സിൽ അവനൊളിപ്പിച്ചിരുന്ന സങ്കടം ഇത്ര വലുതായിരുന്നോ ?

അച്ഛന്റെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞ് പരീക്ഷയിൽ മകൻ ദയനീയമായി തോറ്റന്നറിഞ്ഞതിന്റെ പിറ്റേന്ന് അടക്കാനാവാത്ത ദേഷ്യവുമായി എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ ആദ്യം തിരഞ്ഞത് അവന്റെ മുഖമായിരുന്നു. പക്ഷേ ഒരിക്കലും അതവനെ സ്നേഹിക്കാൻ ആയിരുന്നില്ല. അവനാകെ ഭയന്നിരിക്കുകയാണെന്നും വഴക്കൊന്നും പറയരുതേന്ന് അവൾ പറഞ്ഞപ്പോഴും വളർത്തുദോഷമെന്ന് ഭാര്യയുടെ മുകളിൽ പഴി ചാരി ദേഷ്യപ്പെടുകയാണ് ഞാൻ ചെയ്തത്.

വീട്ടിലെത്തുമ്പോഴും മോനെ ഇവിടെയൊന്നും കാണാനില്ലെന്ന് പറഞ്ഞ് അവൾ കരയുമ്പോഴും എന്റെ ദേഷ്യത്തിന് അല്പം പോലും കുറവുണ്ടായിരുന്നില്ല. പക്ഷെ മണിക്കൂറുകൾ കഴിഞ്ഞിട്ടും അവനെ കണ്ടെത്താതായപ്പോൾ എന്റെ ദേഷ്യം ഉരുകിയൊലിച്ചു തുടങ്ങിയിരുന്നു.

ദിവസവും കേൾക്കുന്ന വാർത്തകളും കണ്മുന്നിൽ കാണേണ്ടി വന്നിട്ടുള്ള അനുഭവങ്ങളും എന്റെ മനസ്സിനെ ഭയത്തിലേക്ക് നയിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. ഒടുവിൽ രാത്രിയോടടുത്തപ്പോൾ ചായ്പ്പിലെ ഒരിരുണ്ട കോണിൽ അടുക്കിവച്ച വിറകുകൾക്കിടയിൽ നിന്നും പേടിച്ചു വിറച്ചു പിച്ചും പേയും പറയുന്ന അവസ്ഥയിൽ എന്റെ മോനെ കണ്ടെത്തിയപ്പോൾ ശരിക്കും എന്റെ മനസ്സ് വിങ്ങിപ്പൊട്ടിപ്പോയിരുന്നു.

അവനെ വാരിയെടുത്ത് ആശുപത്രിയിലേക്ക് ഓടുമ്പോഴും എന്നെയൊന്നും ചെയ്യല്ലേ അച്ഛാന്ന് മാത്രമായിരുന്നു അവൻ കരഞ്ഞ് പറഞ്ഞിരുന്നത്.

“ഒരിക്കലെങ്കിലും നിങ്ങളിവനെ സ്നേഹിച്ചിട്ടുണ്ടോ?”

വീണ്ടും ഞാനാ ചോദ്യം കേൾക്കുന്നത് അവനെ ചികിൽസിച്ച ഡോക്ടറുടെ വായിൽ നിന്നായിരുന്നു. “ബുദ്ധിക്ക് ചെറിയ വൈകല്യമുണ്ടായിരുന്നിട്ട് പോലും വെറും രണ്ട് വിഷയത്തിനല്ലേ അവൻ തോറ്റു പോയുള്ളൂ ” എന്ന് ഡോക്ടർ മുഖത്ത് നോക്കി ചോദിച്ചപ്പോൾ ഉത്തരമില്ലാതെ തല കുനിച്ചു നിൽക്കാൻ മാത്രമേ എനിക്കായുള്ളൂ.

ശരിയാണ് ,ഓർത്തു നോക്കുമ്പോൾ മനപ്പൂർവ്വം മറന്ന ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിലുണ്ട്. മാസം തികയാതെ പ്രസവിച്ചതും ബുദ്ധിവളർച്ച കുറഞ്ഞു പോയതും അവൻറെ കുറ്റമായിരുന്നില്ലല്ലോ ! ബാക്കിയുള്ള എല്ലാ വിഷയത്തിലുമുള്ള അവന്റെ വിജയം കാണാൻ എനിക്ക് കഴിയാതെ പോയി. ഇത്ര നാളും തല്ലിപ്പഴുപ്പിക്കാൻ ശ്രമിച്ചതല്ലാതെ അവന്റെ മനസ്സെന്തെന്നറിയാൻ ഞാനൊരിക്കലും ശ്രമിച്ചിട്ടില്ലല്ലോ.

ഒരു നിമിഷം മനസ്സ് കുട്ടിക്കാലത്തേക്ക് സഞ്ചരിക്കുകയായിരുന്നു. അവന്റെ പ്രായത്തിൽ ഞാനെന്റെ അച്ഛനെ സ്നേഹിച്ചിരുന്നോ ? ഇല്ല, ഭയമായിരുന്നു. പേടിപ്പെടുത്തുന്ന ഒരു രൂപം മാത്രമായിരുന്നു അന്നെനിക്ക് അച്ഛൻ. ഇന്ന് എന്റെ മകന്റെ മനസ്സിൽ ഞാനും…

ഒരുപാട് ദിവസങ്ങളെടുത്തു അവനൊന്നു നോർമൽ ആവാൻ. എങ്കിലും ഭയമായിരുന്നു അവനെന്നെ. അവനോടടുക്കാൻ ശ്രമിക്കുംതോറും എന്നിൽ നിന്നവൻ അകന്നു കൊണ്ടേയിരുന്നു. ഒടുവിൽ എന്റെ സാമീപ്യം മകന്റെ മാനസികാവസ്ഥക്ക് തന്നെ മാറ്റം വരുത്തിത്തുടങ്ങിയ ഒരവസ്ഥയയിൽ ഡോക്ടറുടെ നിർദേശപ്രകാരം തകർന്ന മനസ്സോടെ ഞാൻ തിരിച്ചു പോവുകയായിരുന്നു.

ജീവിതത്തിൽ ഏറ്റവും കൂടുതൽ തളർന്ന് പോയ ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്. കണ്ണടച്ചാൽ പേടിച്ച് നിലവിളിക്കുന്ന ഒരു മാനസിക രോഗിയുടെ രൂപം മാത്രമായിരുന്നു എനിക്കെന്റെ മകൻ. ഒരിക്കൽ അവഗണിച്ച അവന്റെ സ്നേഹത്തിനു വേണ്ടി ഞാൻ കൊതിച്ചു. പിന്നീടങ്ങോട്ട് ഓരോ ദിവസവും ജീവിച്ചത് അവന് വേണ്ടി മാത്രമായിരുന്നു. ഇന്ന് വരെ അറിയാൻ ശ്രമിച്ചിട്ടില്ലാത്ത അവന്റെ കുഞ്ഞ് മനസ്സിലെ ഇഷ്ടങ്ങളോരോന്നും ലക്ഷ്മിയിലൂടെ ചോദിച്ചറിയുകയായിരുന്നു ഞാൻ. ഒരു വൃതം പോലെ അവന്റെ ഓരോ ഇഷ്ടങ്ങളും സന്തോഷങ്ങളും ഞാൻ മനസ്സിലാക്കി. മാസങ്ങൾ വേണ്ടി വന്നു അവനിൽ അല്പമെങ്കിലും മാറ്റങ്ങൾ കണ്ടു തുടങ്ങാൻ. തുടർച്ചയായ കൗണ്സിലിംഗും ലക്ഷ്മിയുടെ വാത്സല്യവും കൊണ്ട് അവൻ ജീവിതത്തിലേക്ക് തിരികെ വന്നു തുടങ്ങി. പതിയെ പതിയെ അച്ഛനെന്ന വാക്കിനെ അവൻ സ്നേഹിച്ചു തുടങ്ങിയിരുന്നു.

ഏകദേശം ഒരു വർഷം കഴിഞ്ഞ് പ്രവാസത്തോട് പൂർണമായും വിട പറഞ്ഞു നാട്ടിലേക്ക് തിരിക്കുമ്പോൾ ഒരൊറ്റ ലക്ഷ്യം മാത്രമേ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. ഇനിയുള്ള കാലം അവന് വേണ്ടി മാത്രം ജീവിക്കുക.

ഇന്ന് വരെ അച്ഛനിൽ നിന്ന് ലഭിക്കാത്ത സ്നേഹവും വാത്സല്യവും മതിവരുവോളം അവന് നൽകുക. എങ്കിലും ആദ്യമൊന്നും അവനെന്റെയടുത്ത് വരാൻ കൂട്ടാക്കിയിരുന്നില്ല. കുഞ്ഞുന്നാൾ മുതൽക്കേ അവന്റെ മനസ്സിൽ അച്ഛനെന്ന വാക്കിനോട് അത്രത്തോളം ഭയം ഉണ്ടായിരുന്നിരിക്കണം.

പിന്നെയും ഒരുപാട് മാസങ്ങളെടുത്തു അവനെന്നെയൊന്ന് സ്നേഹിച്ചു തുടങ്ങാൻ. മനസ്സിൽ ഭയമില്ലാതെ അവനച്ഛന്റെ കവിളിൽ ആദ്യമായൊരു മുത്തം തരുമ്പോൾ സകല ദൈവങ്ങൾക്കും മനസ്സ് കൊണ്ട് നന്ദി പറയുകയായിരുന്നു ഞാൻ. അവനെ കെട്ടിപ്പിടിച്ച് നെഞ്ചോടടക്കി പിടിക്കുമ്പോൾ അവനച്ഛനിൽ നിന്നാഗ്രഹിച്ചത് സ്നേഹം മാത്രമായിരുന്നെന്ന് തിരിച്ചറിയുകയായിരുന്നു ഞാൻ.

ഇന്ന് ഞാനവന്റെ നല്ല സുഹൃത്താണ്. അവന്റെ ഭാഷയിൽ പറഞ്ഞാൽ ബെസ്റ്റ് ഫ്രണ്ട്. മാത്യുവിന്റെ മകനെപ്പോലെ മാർക്ക് വാങ്ങാൻ അവന് ചിലപ്പോൾ കഴിഞ്ഞില്ലെന്ന് വന്നേക്കാം. എങ്കിലും എനിക്കുറപ്പുണ്ട്, മുന്നോട്ടുള്ള ജീവിതത്തിൽ അവൻ വിജയിക്കുക തന്നെ ചെയ്യും. ഏതൊരു സാഹചര്യത്തിലും മനസ്സ് പതറാതെ മുന്നോട്ട് നയിക്കുവാൻ ഇനിയെന്നും അവനോടൊപ്പം ഞാനുണ്ടാകും. ഒരച്ഛനെന്ന നിലയിൽ അല്ലെങ്കിൽ അവനെ ഒരുപാട് സ്നേഹിക്കുന്ന ഒരു നല്ല സുഹൃത്തെന്ന നിലയിൽ.

ജീവിതത്തിലെ ഓരോ അനുഭവങ്ങളും നമുക്കുള്ള പാഠങ്ങളാണ്. വൈകിയെങ്കിലും തിരിച്ചറിവുണ്ടായ ഒരച്ഛനെന്ന നിലയിൽ എന്റെ മുന്നിലിരിക്കുന്ന നിങ്ങൾ ഓരോരുത്തരോടും എനിക്കൊന്നേ പറയാനുള്ളു….

“മക്കളാവട്ടെ നിങ്ങളുടെ ഏറ്റവുമടുത്ത സുഹൃത്തുക്കൾ. അച്ഛനമ്മമാരെ ഭയപ്പെടാതെ അവർ വളരട്ടെ, നിങ്ങൾ ഓരോരുത്തരെയും നാളെ ലോകമറിയുന്നത് അവരിലൂടെയാവട്ടെ…..”

നിറഞ്ഞ സദസ്സിന് നന്ദി പറഞ്ഞ് മകന്റെ കൈ പിടിച്ചു അഭിമാനത്തോടെ പുറത്തേക്ക് നടക്കുമ്പോൾ വൈകല്യം മറികടന്ന് എല്ലാ വിഷയങ്ങൾക്കും വിജയിച്ച കുട്ടിക്ക് സ്കൂൾ അധികൃതർ നൽകിയ പ്രോത്സാഹന സമ്മാനം ഒരു നിധി പോലെ അവൻ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു.

~ഉണ്ണി ആറ്റിങ്ങൽ