ഒരു ഏകാദശി നാളിൽ അവൾക്കൊരു സർപ്രൈസ് കൊടുക്കാൻ വേണ്ടി തന്നെയാണ് പറയാതെ ചെന്നത്

Story written by Jishnu Ramesan

==================

“ഋതു” അവളെന്റെ ഭാര്യയോ കാമുകിയോ പെങ്ങളോ അല്ല.. സാധാരണ സുഹൃത്ത് ബന്ധങ്ങൾക്കും മുകളിൽ നിൽക്കുന്ന എന്റെ കൂട്ടുകാരി…

പാലക്കാട്ടെ കിള്ളിക്കുറിശിമംഗലം എന്ന കൊച്ചു ഗ്രാമത്തിന്റെ കഥയറിഞ്ഞ് വളർന്നവളാണ് ഋതു..രണ്ടു വർഷം ഒരുമിച്ച് ജോലി ചെയ്ത ഞങൾ ഒരിക്കൽ അച്ഛനും അമ്മയും വീട്ടിൽ ഒറ്റയ്ക്ക് ഉള്ളൂ എന്ന കാരണത്താൽ ജോലി വേണ്ടെന്നു വെച്ച് നാട്ടിലേക്ക് തിരിച്ച ഋതുവിനോട് ചോദ്യങ്ങൾ മനപൂർവ്വം ഒഴിവാക്കി..

വീടിന്റെ ഉമ്മറപ്പടിയിൽ നിന്ന് നോക്കിയാൽ കാണാവുന്ന “കുഞ്ചൻ നമ്പ്യാരുടെ ഇല്ലം” അവൾ പറഞ്ഞത് ഒരു ചിത്രകാരന്റെ ഭാവനയിൽ എന്റെ മനസിലുണ്ട്..നേരിട്ട് കണ്ടാൽ മതിയെന്ന ആഗ്രഹം മനസിലുള്ളത് കൊണ്ട് ഒരിക്കലും ഗൂഗിളിൽ തിരയാൻ നിന്നില്ല..

ഒരു ഏകാദശി നാളിൽ അവൾക്കൊരു സർപ്രൈസ് കൊടുക്കാൻ വേണ്ടി തന്നെയാണ് പറയാതെ ചെന്നത്..തൃശൂരിൽ നിന്ന് അവളുടെ കൊച്ചു ഗ്രാമത്തിലേക്ക് അത്ര വലിയ ദൂരമൊന്നുമില്ല എന്നത് കൊണ്ട് തന്നെ പുലർച്ചെ തിരിച്ച് രാവിലെ എട്ട് മണിയോടെ അവിടെ എത്തി..

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എന്റെ ജോലിത്തിരക്ക് അറിയാവുന്നത് കൊണ്ടെന്ന പോലെ അവളെനിക്ക്‌ മെസ്സേജോ കോളോ ഒന്നും തന്നെ അധികമായി ഉണ്ടായിരുന്നില്ല..എന്നും രാവിലെ ഉള്ളത് പോലത്തെ പതിവ് ഗുഡ് മോണിംഗ് മെസ്സേജ് ഇന്നും ഉണ്ടായിരുന്നു.. മാസത്തിൽ അഞ്ചോ ആറോ പ്രാവശ്യം ഞങ്ങളുടെ ശബ്ദം അങ്ങോട്ടും ഇങ്ങോട്ടും എത്തും..

വെയില് വീണിട്ടും രാവിലെയുള്ള മൂടൽ മഞ്ഞിന്റെ പാളികൾ മാറിയിട്ടില്ല… ജീവിക്കാൻ പ്രേരിപ്പിക്കുന്ന മനസ്സിനെ മത്ത് പിടിപ്പിക്കുന്ന ഒരു തരം പ്രകൃതിയും കാലാവസ്ഥയും ആണിവിടെ…

വണ്ടി ആ നാട്ടു വഴിയരുകിൽ വെച്ചിട്ട് അവളുടെ വീടിന്റെ പടിപ്പുര കടന്ന് മുറ്റത്തേക്ക് കയറി…അവളുടെ അച്ഛൻ ആണെന്ന് തോന്നുന്നു അവിടെ നെല്ല് പായയിൽ ഇടുന്നുണ്ട്.. ഋതുവിന്റെ അമ്മ മുറ്റമടിക്കുന്ന തിരക്കിലാണ്.. പുറം പണിക്ക് ഒരു പ്രായമായ സ്ത്രീ ഉണ്ട്.. ഉമ്മറത്തോ അമ്മയെ സഹായിക്കാനോ ആയിട്ട് അവള് ഉണ്ടോ എന്ന് ഞാനൊന്ന് സൂക്ഷിച്ച് നോക്കി…

അപ്പോഴാണ് ഞാൻ കണ്ടത്, ‘ അഴിച്ചിട്ട പടർന്നു കിടക്കുന്ന മുടിയും, പാതി തുറന്ന കണ്ണും തിരുമ്മി കൊണ്ട് ഋതു ഉമ്മറത്തേക്ക് വരുന്നു.. ഇപ്പൊ എണീറ്റതെ ഉള്ളൂ എന്നെനിക്ക് മനസ്സിലായി.. പടിപ്പുരയുടെ അവിടേക്ക് സൂക്ഷിച്ച് നോക്കിയിട്ട് എന്നെ കണ്ടതും ഒന്ന് ഞെട്ടിയിട്ട് അകത്തേക്ക് ഓടി…

അപ്പോഴേക്കും അച്ഛൻ “ആരാ ” എന്ന് ചോദിച്ചു കൊണ്ട് വന്നു…

“അച്ഛാ ഞാൻ തൃശൂരുന്ന് വരാ, കിഷോർ എന്നാ പേര്…അങ്ങനെ പറഞ്ഞാ ചിലപ്പോ അറിയില്ല്യ, കിച്ചു എന്നാ എല്ലാരും എന്നെ വിളിക്കാ…!”

അയ്യോ മോനാണോ അത്…! എന്റെ മോൾക്ക് ഇവിടെ ഓഫീസിലെ വിശേഷം പറയാനേ നേരമുള്ളു, കൂടെ കിച്ചുവേട്ടൻ കിച്ചുവേട്ടൻ എന്നൊരു നൂറ് വട്ടം പറയും..

ഇതൊക്കെ കേട്ട് ‘ അകത്തേക്ക് കേറി വാ മോനെ..’ എന്നും പറഞ്ഞ് അവളുടെ അമ്മയും അടുത്തേക്ക് വന്നു..

‘ ഋതു മോളേ, പോ ത്ത് പോലെ ഉറങ്ങാതെ എണീറ്റ് വന്നേ നീയ്‌, ഇതാരാ വന്നിരിക്കുന്നത് എന്ന് നോക്കിയേ…!’

എന്നെ പെട്ടന്ന് കണ്ട് അകത്തേക്ക് ഓടി പോയ കാര്യം ഞാൻ പറഞ്ഞു.. യാത്രാന്വേഷണവും വീട്ടിലെ കാര്യങ്ങളും ഇതിനിടയിൽ അച്ഛനും അമ്മയും ചോദിച്ചു..ഉമ്മറത്തേക്ക് വന്ന അവളുടെ മുഖത്ത് ഒരു തെളിച്ചം ഉണ്ടായിരുന്നു..എന്നെ കണ്ടപ്പോ അകത്ത് പോയി മുടിയും കെട്ടി മുഖമൊക്കെ കഴുകി കണ്ണും ചെറുതായി എഴുതിയിട്ടുണ്ട്…

‘ എടാ ദുഷ്ടാ, കിച്ചുവേട്ടാ ഒന്ന് പറഞ്ഞിട്ട് വന്നൂടാർന്നോ.., ഒരു വർഷം കൂടി പെട്ടന്ന് നേരിട്ട് കണ്ടപ്പോ ചമ്മലായി..;’ എന്ന അവളുടെ ചിരിയുതിർന്ന സംസാരം എന്നെ നന്നേ ചിരിപ്പിച്ചു..

“അച്ഛാ ദേ ഇതാണ് ഞാൻ പറയാറുള്ള കിച്ചുവേട്ടൻ..അതായത് സാക്ഷാൽ കിഷോർ..” എന്നെയൊന്നു ആക്കി പറഞ്ഞതാണവൾ..

അത്ര രാവിലെ എത്തിയത് കൊണ്ട് ഋതുവിന്റെ അമ്മ എനിക്കുള്ള പ്രാതൽ എടുത്ത് വെച്ചിരുന്നു..നല്ല ചൂട് ഉപ്പുമാവും തൊടിയിൽ ഉണ്ടായ പൂവൻ പഴവും…സത്യം പറഞ്ഞാ ഈ അടുത്തൊന്നും ഇത്ര ആസ്വദിച്ച് പ്രാതൽ കഴിച്ചിട്ടില്ല…കുളിക്കാതെയും നനയ്ക്കാതെയും ഞാൻ കഴിക്കുന്നതും നോക്കി ഇരുന്ന അവളെ അമ്മ വഴക്ക് പറഞ്ഞപ്പോ അവളുടെ മുഖഭാവം കാണേണ്ടത് തന്നെയാണ്..

അവളുടെ കുളിയും തേവാരവും കഴിഞ്ഞപ്പോഴേക്കും ഞാനും കഴിച്ച് എണീറ്റ് അച്ഛനോട് നാട്ട് വർത്താനം പറഞ്ഞിരുന്നു..

“കിച്ചുവേട്ടാ ദാ ആ കാണുന്നതാണ് കുഞ്ചൻ നമ്പ്യാരുടെ ഇല്ലം…;”

ഋതു പറഞ്ഞത് പോലെ തന്നെ ഉമ്മറത്ത് നിന്നും നല്ലൊരു കാഴ്ചയാണത്…പക്ഷേ അവിടെ എത്താൻ വീടിന് മുന്നിലുള്ള പാടം ചുറ്റി പോകണം..പാടത്ത് നിറയെ വെള്ളം ഉണ്ട്..

എനിക്ക് നേരെ ഒരു ചാവി നീട്ടിയിട്ട്‌ അവള് പറഞ്ഞു, “ഞാൻ ലൈസൻസ് എടുത്തപ്പോ അച്ഛൻ എനിക്ക് ഓടിച്ച് പഠിക്കാൻ വേണ്ടി വാങ്ങിയ ഒരു പഴയ കാറിന്റെ ചാവിയാ..നമുക്ക് ആ കാറില് പോയാലോ…!”

‘ അതിനെന്താ, ഈ പഴയ മാരുതി കാറിൽ പോകുന്ന നൊസ്റ്റാൾജിയ ഫീൽ കിടു ആണെടോ ഋതു..! താൻ കേറ്….;’

കുഞ്ചൻ നമ്പ്യാരുടെ വീട് കാണാൻ സ്കൂൾ കുട്ടികൾക്ക് സൗജന്യമാണ്..മുതിർന്നവർക്ക് ടിക്കറ്റ് സമ്പ്രദായം ഉണ്ടത്രേ ഇപ്പൊ..

പുലർച്ചെ പോലും ഫാനോ എ സി യോ ഇല്ലാതെ ഉറങ്ങാൻ കഴിയാത്ത നമുക്ക് ഈ വീടിനകം സ്വർഗമാണ്..വല്ലാത്തൊരു കുളിർമയാണ് ഇതിനകം…ചുവരെല്ലാം മണ്ണ് കൊണ്ടാണ് നിർമിതി.. കാണാൻ ഒരുപാടുണ്ട് ഈ വീടിനുള്ളിൽ..

അവിടുന്ന് ഉച്ചയോടെ വീട്ടിലേക്ക് തിരിച്ചു… ഋതുവിന്റെ അച്ഛൻ പറമ്പിൽ നിന്നും വാഴയിലയും കൊണ്ട് വരുന്നുണ്ട്..ഉച്ച ഭക്ഷണം അവിടെ എല്ലാവരും നിലത്തിരുന്നാണത്രെ കഴിക്കുന്നത്..പിന്നെ ഒരാളുടെ കാര്യം വിട്ട് പോയിട്ടോ, ഋതുവിന്റെ മുത്തശ്ശി.. പാവം അവരാണ് എനിക്ക് കൂട്ട് കറികൾ വിളമ്പിയത്.. എന്റെ കഴിക്കുന്ന ശൈലി കണ്ടിട്ട് മുത്തശ്ശി പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്നുണ്ടായിരുന്നു..

വൈകുന്നേരത്തെ കാപ്പി കുടി കഴിഞ്ഞാൽ പിന്നെ അവളുടെ അച്ഛന് അത്താഴം നിർബന്ധമില്ല… ഋതുവും മുത്തശ്ശിയും അമ്മയും ഞാനും ആയിരുന്നു അത്താഴം കഴിക്കാൻ ഇരുന്നത്…

ഋതുവിന്റെ ഉറക്കം മുത്തശ്ശിയുടെയും അമ്മയുടെയും കൂടെയാണ്..തൊട്ടടുത്ത മുറിയിൽ ഞാനും അച്ഛനും ഉറക്കം പിടിച്ചു..പഴയ തറവാട്ടുകാര്യങ്ങള് പറഞ്ഞ് ഉറങ്ങിയത് അറിഞ്ഞില്ല..

രാവിലെ അച്ഛൻ ഏണീറ്റപ്പോ ഞാനും കൂടെ എണീറ്റു.. ഉമ്മറത്ത് നിന്നും പാടത്തേക്ക് നോക്കിയപ്പോ ഞാനേതോ വേറെ ലോകത്തായിരുന്നു…അത്രയ്ക്ക് സുന്ദരമാണ് പുലർച്ചെയുള്ള കാഴ്ചകൾ.. നീട്ടിയൊരു ശ്വാസം ഉള്ളിലേക്ക് എടുത്തപ്പോ ശരീരം മുഴുവനായും തണുത്തു…

കുളി കഴിഞ്ഞ് വന്നപ്പോ അവളുടെ മുത്തശ്ശി രാസ്നാധി പൊടി നെറുകയിൽ ഇടാൻ തന്നു..നീര് ഇറങ്ങാതിരിക്കൻ ആണ്.. ഇന്നത്തെ പ്രാതൽ ദോശയാണ്..കൂടെ കടുകും ചുവന്ന മുളകും പൊട്ടിച്ച കിടിലൻ ചമ്മന്തിയും…

പ്രാതലിന് ശേഷം അവള് എന്നെയും കൊണ്ട് കിഴക്കുള്ള തൊടിയിലും പറമ്പിലും മറ്റും കാണിക്കാൻ ഇറങ്ങി…കൂടെ മുത്തശ്ശിയും, മുത്തശ്ശി കാണുന്നത് പോലെയൊന്നും അല്ലാട്ടോ എല്ലാ ജോലിയും ചെയ്യാനുള്ള മിടുക്കുണ്ട്..നമ്മളൊക്കെ ഇൗ പ്രായത്തിൽ ചുവരിലെ ഒരു ഫോട്ടോയിൽ ഒതുങ്ങും..

അവിടെ മുഴുവൻ കറങ്ങി നടന്നു കണ്ടു.. ഋതു ശരിക്കും ഒരു ഭാഗ്യം ചെയ്ത കുട്ടിയാ..നല്ല ഭക്ഷണവും കണ്ണിനു കുളിർമയേകുന്ന കാഴ്ചകളും എല്ലാമുണ്ട് ഇവിടെ…ഉച്ചയ്ക്ക് കഴിക്കാൻ ഇരിക്കുന്നതിന് മുമ്പ് ഞാൻ പറഞ്ഞു,

“കഴിച്ച് കഴിഞ്ഞ് ഞാൻ ഇറങ്ങും..; വൈകീട്ട് അങ്ങെത്താം…”

അത് കേട്ടതും ഋതുവിന്റെയും മുത്തശ്ശിയുടെ മുഖം വാടി..പിന്നെ കഴിക്കുന്ന തിരക്കിലേക്ക് കടന്നു..അവളുടെ അമ്മ എനിക്ക് കൊണ്ടു പോകാൻ അച്ചപ്പവും നെയ്യപ്പവും പിന്നെ തൊടിയിൽ ഉണ്ടായ നല്ല പൂവൻ പഴവും എല്ലാം ഒരു കവറിൽ ആക്കി എന്റെ കയ്യിലേക്ക് തന്നു..

“മോനെ ഇനിയും വരണം, വരുമ്പോ മോന്റെ അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ട് വരണം, എനിക്ക് കാണാലോ അവരെയൊക്കെ..” എന്ന് മുത്തശ്ശി പറഞ്ഞപ്പോ എന്തോ സങ്കടമായി..

എല്ലാരോടും യാത്ര പറഞ്ഞ് ഇറങ്ങും നേരം ഋതു മുഖം കേറ്റി പിടിച്ച് നിൽക്കുന്നുണ്ടായിരുന്നു..ഞാൻ അവളുടെ അച്ഛന്റെ അടുത്തേക്ക് ചെന്നിട്ട് ഒരു കടലാസ് അച്ഛന്റെ കയ്യിലേക്ക് കൊടുത്തിട്ട് പറഞ്ഞു,

“അച്ഛാ ഒരു വർഷം കഴിഞ്ഞു ഋതു ആ നല്ലൊരു ജോലിയും കളഞ്ഞ് ഇവിടെ വന്നു നിൽക്കുന്നു..വീട്ടിൽ ആരുമില്ലാത്ത കാരണമാണ് എന്നാണ് പറഞ്ഞത്..ഞാനത് പിന്നീട് ചോദിച്ചതുമില്ല.. ദേ ഇവളുടെ അപ്പോയിന്റ്മെന്റ് ലെറ്റർ ആണിത്..കുറച്ച് ബുദ്ധിമുട്ടി വീണ്ടും ഇതേ ജോലി ഇവൾക്ക് വേണ്ടി ശരിയാക്കാൻ..; അച്ഛൻ തന്നെ കാര്യങ്ങള് പറഞ്ഞു മനസിലാക്കണം..”

‘ മോനെ കിച്ചൂ, ഇവളോട് ഞങ്ങളും പറഞ്ഞതാ ജോലി കളയണ്ട എന്ന്…ഇവിടെ ഞാനും അമ്മയും മുത്തശ്ശിയും പിന്നെ പുറം പണിക്കും മറ്റും എല്ലാരും ഉണ്ട്.. പറഞ്ഞിട്ട് കേൾക്കണ്ടേ…!’

“ഡീ കഴുതെ ,മര്യാദക്ക് അടുത്ത തിങ്കളാഴ്ച ഓഫീസിൽ വന്നോ, ഞാൻ ഞായറാഴ്ച ഉച്ചക്ക് വരാം നിന്നെ കൊണ്ട് പോകാൻ..നമ്മടെ കൂട്ടുകാരൊക്കെ നിന്നെ കാത്തിരിക്കാ അവിടെ..സത്യം പറയാലോ നീ ഇല്ലാത്തത് കൊണ്ട് ഒരു രസോം ഇല്യ ഋതു…”

ഒന്ന് ആലോചിച്ച ശേഷം അവള് വരാമെന്ന് സമ്മതിച്ചു..

“എന്റെ ഋതൂ, ഇനിയിപ്പോ ഏതെങ്കിലും നല്ല നായര് ചെക്കൻമാരുടെ ആലോചന വന്നാൽ ഇവര് നിന്നെ കെട്ടിച്ച് വിടും..അപ്പൊ ഇവിടാരാ..! “

അതൊക്കെ ഓർക്കുമ്പോ വല്ലാത്ത ടെൻഷൻ ആണ് കിച്ചുവേട്ടാ..;

ഒന്ന് ചിരിച്ചതിന് ശേഷം അച്ഛൻ പറഞ്ഞു,

‘ എന്റെ മോളെ, അങ്ങനെ ഓരോന്ന് ആലോചിച്ച് ഓരോന്ന് വരുത്തി വെയ്ക്കണ്ട.. ദേ ഇൗ കാണുന്നതൊക്കെ ഞങ്ങടെ കാലം കഴിഞ്ഞാ നിനക്കുള്ളതാ… നിന്നെ കെട്ടുന്ന ചെക്കനോട് പറയണം, ഇവിടെ താമസിക്കാൻ..അപ്പൊ നിനക്ക് ഇവിടെ തന്നെ നിൽക്കാം..എന്താ പോരെ..; ഇപ്പൊ നീ ഈ ജോലിക്ക് പോവാനുള്ള മനസ്സ് ശരിയാക്കി എടുക്കൂ..പാവം കിച്ചു നിനക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ടതല്ലെ..!’

എല്ലാവരോടും യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി..മുറ്റത്തേക്കിറങ്ങി ചുറ്റുമൊന്ന് നോക്കിയപ്പോ ഉള്ളിലെവിടെയോ ഒരു വിങ്ങൽ..ഈ ഗ്രാമവും ഇവിടുത്തെ സംസ്കാരങ്ങളും രണ്ടു ദിവസം കൊണ്ട് ഉള്ളിൽ കയറികൂടി..

വീട്ടിലെത്തി അവൾക്കൊരു മെസ്സേജ് അയച്ചു, “ജീവിതത്തിൽ മറക്കാനാവത്ത രണ്ടു ദിവസം എനിക്ക് വേണ്ടി തന്ന ഋതുവിനും അമ്മയ്ക്കും അച്ഛനും മുത്തശിക്കും ഒത്തിരി ഒത്തിരി നന്ദി..”

ഉറങ്ങാൻ കിടന്നപ്പോ മനസ്സിലോർത്തു, ” അവളെ കൂട്ടാൻ പോകുമ്പോ അച്ഛനെയും അമ്മയെയും കൊണ്ട് പോകണം, ഐശ്വര്യം നിറഞ്ഞ ആ കൊച്ചു നാട്ടിൻപുറവും സ്നേഹം മാത്രമുള്ള ആ വീട്ടുകാരെയും കാണിക്കാൻ…..”

~ജിഷ്ണു രമേശൻ