ബോസിന്റെ നോട്ടവും സംസാരവുമൊന്നും തനിക്ക് ഒട്ടും പിടിച്ചില്ലെന്നവളോട് പറഞ്ഞു…

അവളും ഞാനും…

എഴുത്ത്: ഷാജി മല്ലൻ

==============

“പാറൂന് നല്ല തിരക്കാണല്ലോ? മണി രണ്ടാകുന്നല്ലോ? ആ കൊച്ച് ഉച്ചയ്ക്ക് വല്ലതും കഴിച്ചോ ചേച്ചി”

ഞങ്ങൾ പാറൂന്ന് വാത്സല്യത്തിൽ വിളിക്കുന്ന Dr. പാർവ്വതിയുടെ ഒ.പിയിലെ തിരക്കു കണ്ട് അവളുടെ അമ്മ വനജ ചേച്ചിയുടെ കയ്യിൽ ഞാൻ മൃദുവായി ഒന്നു നുള്ളി.

കോഴിക്കോട് NGO ക്വാർട്ടേഴ്സിൽ താമസിക്കുമ്പോൾ ഇമ്മിണി പോന്ന പെറ്റിക്കോട്ടും ഇട്ടു പാറു ക്വാർട്ടേഴ്സിലാകെ പാറി നടക്കുന്നത് ഇന്നലെ പോലെ തോന്നുന്നു. വർഷങ്ങൾ ഇരുപതോളം കഴിഞ്ഞതെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല.

“എന്തു പറയാനാ സൂസൻ അവൾക്ക് ഇതൊരു പാഷൻ ആണ്. രോഗികളുടെ മുൻപിൽ അവൾ മറ്റൊന്നിനെ കുറിച്ചും വ്യാകുലപ്പെടുന്നില്ല. നിനക്കോർമ്മയില്ലേ ചെറുപ്പത്തിലെ അവളെ….”

എന്തിനും പിണങ്ങി ബഹളം വെയ്ക്കുന്ന അവളെ പെട്ടന്ന് എനിക്കോർമ്മ വന്നു…

പാറൂ പത്തിൽ പഠിക്കുന്നവരെ ഈ ബഹളമൊക്കെ ഉണ്ടായിരുന്നുള്ളു. അനന്യ ക്വാർട്ടേഴ്സിൽ താമസമാക്കിയതോടെ എല്ലാം കീഴ്മേൽ മറിഞ്ഞു. അവൾക്കു ശിഷ്യപ്പെട്ടതോടെ പാറു മറ്റൊരാളായി !!

“നിനക്ക് എന്നേക്കാൾ നന്നായി അറിയില്ലേ അനന്യയെ…” വനജ ചേച്ചിയുടെ ചോദ്യം കേട്ടപ്പോൾ മനസ് കോഴിക്കോട്ടെ പഴയ ഓഫീസ് പരിസരത്തായിരുന്നു. കൂടെ അനന്യയും.

അന്നു അനന്യ ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയിട്ടേ ഉണ്ടായിരിന്നുള്ളു. ഇപ്പോ എവിടെയാണോ എന്തോ. അനന്യ എന്ന ചുറുചുറുക്കത്തിയ്ക്ക് അന്ന് ഒരു ഇരുപത്തിയാറു വയസു കാണും. അച്ഛനമ്മമാർക്ക് വയസുകാലത്തുണ്ടായ വാത്സല്യ സന്താനം

“ചേച്ചിക്ക് ഹിറ്റ്ലറുടെ ബംഗ്ലാവിലേക്ക് സുസ്വാഗതം” പഴയ നാലുകെട്ടിനെ അനുസ്മരിക്കുന്ന ആർക്കിയോളജിക് പ്രാധാന്യമുള്ള ഓടു മേഞ്ഞ കെട്ടിടത്തിലെ പടിഞ്ഞാറുവശത്തുള്ള ഡൈനിംഗ് ഹാളിലിരുന്നു അനന്യ അടക്കം പറഞ്ഞു ചിരിച്ചു. പുതിയ ഓഫീസിൽ വന്നപ്പോൾ മുതൽ അവിടെയുള്ള നിശബ്ദത എന്നെ അലോസരപ്പെടുത്തിയിരുന്നു. പുതിയ ഓഫീസിന്റെ അപരിചിതത്വം ആകാം ഒരു പക്ഷേ എനിക്ക് അങ്ങനെ തോന്നാൻ കാരണം. അനന്യ മുൻപ് എന്റെ കൂടെ ജില്ലാ ആഫീസിൽ ഒന്നിച്ചു ജോലി ചെയ്തിരുന്നതാണ്. ഓഫീസ് മേലധികാരിയുടെ കാർക്കശ്യത്തെക്കുറിച്ച് അനന്യ ട്രാൻസ്ഫർ അപേക്ഷ കൊടുത്തിരുന്നപ്പോൾ പറഞ്ഞിരുന്നു. നാട്ടിലേക്ക് സ്ഥലം മാറ്റം വൈകുമെന്നതിനാൽ  എൻ.ജി.ഒ ക്വാർട്ടേഴ്സിൽ നിന്ന് മാറി അടുത്ത ജില്ലകളിലേക്ക് പോകാൻ കഴിയാത്തതിനാൽ നഗരത്തിൽ തന്നെയുള്ള മേഖലാ ആഫീസിലേക്ക് ട്രാൻസ്ഫർ വാങ്ങുകയായിരുന്നു.

ഡൈനിംഗ് ഹാളിലെ ചിരി മുഴക്കം ഒരു വേള നിശബ്ദമായത് ഗ്രീസിടാത്ത പഴയ ഒരു സീലിംഗ് ഫാൻ ഞെങ്ങിഞെരുങ്ങി മൂളാൻ തുടങ്ങിയപ്പോഴാണ്.

“ചേച്ചി സാർ വന്നിട്ടുണ്ട്. പോയി കണ്ടേക്കു!!”

“ങ്ങടെ നാടെവിടെയാ?” മാസ്ക്കിട്ട പരുക്കൻ ലുക്കു പോലെ തന്നെ ശബ്ദത്തിനും തീരെ മാർദ്ദവം തോന്നിയില്ല.

തലസ്ഥാന  ജില്ലയെന്ന് പറഞ്ഞപ്പോൾ മുഖത്ത് ഒരു പരിഹാസ ചിരി പരന്നു. “ഇവിടൊക്കെ പണ്ടൊരു ചൊല്ലുണ്ട് കേട്ടിരിക്കണാ..” തെക്കനേം മൂർഖനേം ഒന്നിച്ചു കണ്ടാൽ തെക്കനെ ആദ്യം കൊല്ലണമെന്നാ!!” അയാളുടെ ശബ്ദമുഖരിതമായ  ചിരി അരോചകമായി തോന്നി.

തെക്കനോട് ഈർഷ്യക്കേട് ഉള്ള ആളാണെന്നു പറഞ്ഞാലും തെക്കത്തിയുടെ മാറിലേക്കുള്ള അയാളുടെ ഒടുക്കത്തെ നോട്ടത്തെ അവഗണിച്ചു ഇരിപ്പിടത്തിലേക്ക് വന്നപ്പോൾ മനസ് വല്ലാതെ അസ്വസ്ഥപ്പെട്ടു.

“എന്താ ചേച്ചി മുഖത്തൊരു വല്ലായ്ക…ബോസ് എന്തു പറഞ്ഞു?” അനന്യയുടെ കുസൃതി നിറഞ്ഞ പുഞ്ചിരി കണ്ടപ്പോൾ എന്റെ  മുഖത്തെ വിളർച്ചയിൽ അല്പം ദേഷ്യം കലർന്നു.

“നീയെന്താ അയാളെപ്പറ്റി പറഞ്ഞത് ഹിറ്റ്ലർ ആണെന്നല്ലേ….ഇയാൾ ഹിറ്റ്ലറല്ല…ബാലൻ കെ നായരാണെല്ലോ?”

“അയ്യോ അതാരാ ചേച്ചി അങ്ങേർ സാറിനെപ്പോലാണോ? അവൾ വീണ്ടും ചിരിച്ചു.

ബോസിന്റെ നോട്ടവും സംസാരവുമൊന്നും തനിക്ക് ഒട്ടും പിടിച്ചില്ലെന്നവളോട് പറഞ്ഞു.

“അയ്യോ ചേച്ചി കാര്യമാക്കണ്ട, സാർ ആദ്യമായി കാണുമ്പോ ഇങ്ങനൊക്കെ പറയും….പക്ഷേ നാളെ നോക്കിക്കോ…സാറിങ്ങനൊക്കെ പറഞ്ഞുന്ന് ചേച്ചി പോലും വിചാരിക്കില്ല, ഉറപ്പ്.

പിറ്റേന്ന് രാവിലെ ഓഫീസിലേക്ക് കയറുമ്പോൾ സൂപ്രണ്ടിന്റെ മേശമേലെ ഹാജർ പുസ്തകത്തിനടുത്ത് ബോസ് നിൽക്കുന്നത് കണ്ടു.

“ങ്ങള് NGO ക്വാർട്ടേഴ്സിലാണോ താമസം? അതാന്നു പറ കൃത്യസമയത്ത് തന്നെ ഓഫീസിൽ എത്തിയത് യേത്”.

അല്ല ഇത്രയും വലിയ മാല ഒക്കേ ഇടാൻ ഹസ് ബെൻഡ് സമ്മതിക്കുമോ? വീണ്ടും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ..

ചേച്ചിയുടെ ഹസ് നമ്മുടെ ഓഫീസിൽ കഴിഞ്ഞ മാസം ഇവിടെ വന്നിരുന്നു. വിജിലൻസുകാരുടെ കൂടെ….പുള്ളിക്ക് വിജിലൻസിലാണ് ജോലി

അവൾ പറയുന്നത് കേട്ട് ബോസിന്റെ ഒളി കണ്ണിൽ ഒരു അന്ധാളിപ്പ് പടരുന്നത് കണ്ട് അനന്യയുടെ മുഖത്ത് ചിരിയൂറി കൂടുന്നതു കണ്ടു

ആകെ സാറിന് പേടിയുള്ളത് അവരെ മാത്രമാണ്. എന്റെ അച്ഛനേയും ചേച്ചിയുടെ ചേട്ടനുമൊക്കെ വിജിലൻസിലായാല്ലേ സാർ മര്യാദക്കാരനാകു എന്നു വെച്ചാൽ എന്നാ ചെയ്യും? അവൾ വീണ്ടും അടക്കം പറഞ്ഞു ചിരിച്ചു.

അവളു പറഞ്ഞത് ശരിയായിരുന്നു. ബോസിന്റെ കണ്ണിനും നാവിനും എന്നോട് അതിനു ശേഷം ഇത്തിരി ബഹുമാനം കൂടിയതായി തനിക്കും അനുഭവപ്പെട്ടിരുന്നു.

“നീ ചിരിക്കേണ്ട അവസാനം ഏതേലും മീശ പോലിസ് വരും നിന്നെ കൊണ്ടുപോകാൻ!!”.

വരട്ടെ ചേച്ചി നമുക്ക് സമയം കൊടുക്കാന്നേ…അപ്പഴേക്കും ശുക്രനോ ചന്ദ്രനോ ഒക്കേ വന്നു ജാതകമൊക്കെ ഒന്നു ശരിയാക്കട്ടെ വീണ്ടും അവൾ കുലുങ്ങി ചിരിച്ച് ഫയലുകളിലേക്ക് മുഖം താഴ്ത്തി.

കല്യാണക്കാര്യം പറയുമ്പോൾ അവൾ നിശബ്ദയാക്കുകയോ വിഷയം മാറ്റുകയോ ചെയ്യുന്നത് പലപ്പോഴും എന്റെ ശ്രദ്ധയിൽപ്പെട്ടുവെങ്കിലും അതിന്റെ പിറകിൽ എന്തെങ്കിലും ഇഷ്ടങ്ങൾ കാണുമെന്ന് ഞാൻ ഊഹിച്ചു. അതവളുടെ വായിൽ നിന്നു വീഴുവാൻ കാത്തിരിക്കാമെന്ന് നിശ്ചയിച്ചു.

അപ്രതീക്ഷമായി ചേട്ടന് കൽക്കട്ടയ്ക്കുണ്ടായ ട്രാൻസ്ഫർ ബന്ധങ്ങളെ മുറിച്ചു. ഇൻലൻഡ് യുഗം മാഞ്ഞതോടെ അനന്യയും കാണാതായി. വർഷങ്ങൾക്ക് ശേഷം യാദൃശ്ചികമായാണ് വനജ ചേച്ചിയെ ഇന്നു കണ്ടുമുട്ടിയത്. വനജ ചേച്ചിയോട് ആദ്യം ചോദിച്ചതും പാറൂന്റെ കാര്യമല്ല അനന്യയുടേതാണ്. പാറുനെ കണ്ടിട്ട് അനന്യയെടടുത്ത് പോകാമെന്നാ ചേച്ചി പറഞ്ഞത്.

“അമ്മ എപ്പോൾ എത്തി” ഞങ്ങളുടെ മുമ്പിൽ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന സുന്ദരി പാറു വനജേച്ചിടെ മോളു തന്നെയാണെന്ന് വിശ്വസിക്കാൻ തോന്നിയില്ല.

“നിനക്കറിയാമോ ഇതാരാണെന്ന്?” അവളുടെ വലിയ മിഴികൾ ആകാംക്ഷയിൽ വിടർന്നുവെങ്കിലും വർഷങ്ങളുടെ ഇടവളേ അവൾക്ക് എന്നെ ഓർത്തെടുക്കാൻ അഞ്ചു മിനിട്ടെടുത്തു.

“സൂസേമ്മച്ചി അല്ലേ”

അനന്യയുടെ വീട്ടിൽ ചെല്ലുമ്പോൾ അവിടെ പല പ്രായത്തിലുള്ള പെൺകുട്ടികളുടെ ഒരു കൂട്ടം കണ്ടു. അവൾ ജോലിയൊക്കെ കളഞ്ഞ് എന്തേലും ഹോസ്റ്റൽ നടത്തുവാണോന്ന് ഒരു വേള സംശയിച്ചു.

“സൂസൻ അവളാ തൊടിയിലാ ഉറങ്ങുന്നത്…”

ചേച്ചി തൊടിയിലെ അസ്ഥിതറയിലേക്ക് കൈചൂണ്ടി.

തിരികെ വനജേച്ചിയുടെ മടിയിൽ തല വെച്ച് കാറിൽ മടങ്ങുമ്പോഴും എന്റെ കണ്ണീർ വറ്റിയിരുന്നില്ല. ചേച്ചിയുടെ മടിയിൽ എന്റെ കണ്ണീർ വേദന ചാലിച്ചു പരന്നുകിടന്നു. അവൾ ക്യാൻസറിന് കീഴടങ്ങുന്നതിനു മുൻപേ ജീവിതം പ്രകാശമയമാക്കിയിരുന്നു. അവളുടെ സംരക്ഷണയിൽ ഒരു ബാലികാ മന്ദിരം പൂവിട്ടിരുന്നു. മരിക്കുമ്പോഴും അവരിലൊരാളുടെ കാഴ്ച്ചയായി അവളുടെ കണ്ണുകൾ മാറിയിരുന്നു. ഇനിയുള്ള ഒരു വിധവയുടെ യാത്രയിൽ അവളുടെ കണ്ണുകളെ കൂടി ഞാൻ കൂടെ കൂട്ടിയിരുന്നു. അനന്യ പോലെ അവളും എന്റെ പെരുവിരൽ ചുറ്റിപ്പിടിച്ചിരുന്നു

~ഷാജി മല്ലൻ