അർദ്ധരാത്രി വരെയുള്ള യാത്രാക്ഷീണം ഉറക്കത്തിലേക്ക് വഴിമറിയപ്പോൾ ഞാൻ ചെറുപ്പക്കാർക്ക് ശുഭ നിദ്ര പറഞ്ഞുകൊണ്ട്…

Actress Sree Divya in Nagarpuram Tamil Movie Photos

മുൻവിധി

രചന: ലച്ചൂട്ടി ലച്ചു

=================

കുറച്ചു നേരമായി ശ്രദ്ധിയ്ക്കുന്നു…അയാളുടെ നോട്ടം വല്ലാത്തതാണ്…. !! ശരീരം തുളച്ചുകൊണ്ടു അകമേ അരിച്ചിറങ്ങുന്നതു പോലെ….!!

ഞാൻ വെറുപ്പോടെ വീണ്ടും ജനാലയിലൂടെ വെളിയിലേക്ക് നോക്കിയിരുന്നു…

പറന്നുപോകാതെ വീണ്ടും ഞാൻ ഷാൾ കൊണ്ടു കഴുത്തിനു കുറുകെ ചുറ്റി…പതിയെ മാത്രം വീശിയ കാറ്റ് അല്ലായിരുന്നു… അയാളുടെ നോട്ടം തന്നെയായിരുന്നു എന്റെ പിന്നീടുള്ള ഓരോ പ്രവൃത്തികൾക്കും കാരണമായി തീർന്നത്…

ട്രെയിൻ ഷൊർണ്ണൂർ സ്റ്റേഷൻ എത്തിയിരുന്നു…

ഓരോ നിമിഷങ്ങളിലും അയാളുടെ നോട്ടത്തിന്റെ തീക്ഷണത ഏറിവരുന്നത് എന്റെ സമാധാനത്തിന്റെ അളവ് അനുനിമിഷം കുറച്ചുകൊണ്ടേയിരുന്നു….

അൻപതിനടുപ്പിച്ചു കാണുമെന്നു വ്യക്തം…പലപ്പോഴും ‘മകളുടെ പ്രായമുണ്ടെടോ എനിയ്ക്ക്…’ എന്നു കയർക്കാൻ നാവു പൊന്തിയതാണ്….

രാത്രി സമയമാണ് …

ഈ കമ്പർട്മെന്റിൽ എനിയ്ക്ക് പുറമെ അയാൾ മാത്രം വെറുതെ എന്തിനാണൊരുപ്രശ്നം താനായിട്ടു സൃഷ്ടിക്കുന്നത്…

അയാൾ കുളിച്ചിട്ടു പോലും ദിവസങ്ങളായെന്നു തോന്നുന്നു…

എണ്ണമയമില്ലാത്ത വെളുപ്പും കറുപ്പും കലർന്ന തലമുടികൾ മുഖത്തും കഴുത്തിലുമൊക്കെ പറന്നുകിടപ്പുണ്ട്…

നിറം കറുപ്പാണ്…!!

ഇടയ്ക്കിടെ കിനിയുന്ന വിയർപ്പിൽ അസ്വസ്ഥനായി അയാൾ അഴുക്കുപുരണ്ട തോർത്തു കൊണ്ട് മുഖവും തോൾഭാഗങ്ങളും തുടയ്ക്കുന്നുണ്ട്…

ഓരോ പതിനഞ്ചു മിനിട്ടു തോറും അയാളുടെ വായിൽ നിന്നും മൂക്കിൽ നിന്നും പുകചുരുളുകൾ വമിയ്ക്കും …!!

സഹിയ്ക്കവയ്യാതെ ഞാൻ കൈലേസുകൾ പരതുമ്പോൾ അയാൾ കുനിഞ്ഞ മുഖത്തോടെ എന്നെ നോക്കിയിരിയ്ക്കും….വീണ്ടും അസഹനീയമായ നോട്ടം…!!

ഇടയ്ക്കിടെ അയാൾ സ്വയം ഏതോ മറുനാടൻ ഭാഷയിൽ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു…

ശബ്ദം താഴ്ന്നതായതിനാലും അയാളിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് നോക്കാനുള്ള വ്യഗ്രതക്കുറവ് കൊണ്ടും അധികം ശ്രദ്ധിക്കാനായില്ല…

ഇടയ്ക്കെപ്പോഴോ അയാളുടെ ബേസ് മോഡിലുളള ചെറിയ ഫോൺ ശബ്ദിച്ചപ്പോൾ അങ്ങേതലയ്ക്കലേക് മറുപടി കൊടുക്കുമ്പോൾ ഭാഷ ഹിന്ദിയോ ബംഗാളിയോ മറ്റോ ആണെന്ന് തോന്നി…

ചൂളിപോകുന്ന തരം…. വികാരങ്ങൾ കണ്ടെടുക്കാനാകാത്ത വിധമുള്ള നോട്ടം…

ഭയം കൊണ്ടും വെപ്രാളം കൊണ്ടും ഒരു കുപ്പി പച്ചവെള്ളം രണ്ടു മണിക്കൂറിനകം ഇടതടവോടെ ഞാൻ കുടിച്ചു തീർത്തു…

തനിച്ചിറങ്ങി പോരാൻ തുടങ്ങിയ നിമിഷത്തെ ശപിച്ചും ‘ഞാൻ കൂടെ വരണ്ടേ മോളെ…’എന്ന അച്ഛന്റെ വാക്കിനെ അത്യധികം ആഗ്രഹത്തോടെ ദാഹിച്ചും ഞാൻ സീറ്റിൽ ചമ്രം പിടഞ്ഞിരുന്നു…

മൂത്രശങ്ക അനുഭവപ്പട്ടപ്പോഴായിരുന്നു ഏറെ കുഴഞ്ഞു പോയത് …

അത്രയും നേരം ദാഹം ശമിപ്പിച്ച വെള്ളക്കുപ്പിയെ ഞാൻ ശത്രുവിനെ പോലെ നോക്കി…

നിസ്സംശയം അയാളെ നോക്കേണ്ട കാര്യം ഇല്ലായിരുന്നു…ഉറപ്പായിരുന്നു അപ്പോഴും അയാളുടെ കണ്ണുകൾ എന്റെ മേലെ തന്നെയാണെന്ന്…

പൈസയും മൊബൈലും ഒരു ചെറിയ ബാഗിലായിരുന്നു അതു കയ്യിലെടുത്തുകൊണ്ടു ഞാൻ ബാത്റൂമിലേക്ക് കയറി …

അയാളുടെ മുഖമോർക്കുമ്പോൾ ഇറങ്ങാനുള്ള ഇടം വരെ ബാത്റൂമിൽ തന്നെ കഴിച്ചുകൂട്ടിയാലൊന്നു വരെ ആലോചിച്ചു …

അടുത്ത സ്റ്റേഷനിലെങ്കിലും ഒരാൾ കൂടി ആ കമ്പാർട്മെന്റിലേക്ക് കയറിയിരുന്നുവെങ്കിലെന്നു ഞാൻ പ്രാർത്ഥിച്ചു …

ആ ദൈവവിളി യാഥാർഥ്യമായത്‌ പോലെ അടുത്ത സ്റ്റേഷനിൽ നിന്നുംരണ്ടു പുരുഷന്മാർ കയറി …

അന്യോന്യം എന്തൊക്കെയോ പറഞ്ഞു ചിരിച്ചുകൊണ്ടാണ് അവർ ട്രാവൽ ബാഗുകൾ അപ്പർ ബെർത്തിലേക്ക് നീക്കിവച്ചത്…മനസ്സിന്റെ അടിത്തട്ടോളം തണുപ്പ് നിറയുന്നതറിഞ്ഞു…മലയാളികളാണ്…!!

എന്തോ വലിയ സുരക്ഷാ കവചം കൊണ്ടു പുറം മൂടിയ ഭാവത്തിൽ ധൈര്യസമേതം ഞാൻ വീണ്ടും ഇരിപ്പുറപ്പിച്ചു…

“എവിടെ നിന്നാണ്…??”

ഇങ്ങോട്ടു വന്ന സംഭാഷണ അഭ്യർത്ഥനയ്ക്ക് നേരെ മുഖം തിരിയ്ക്കുവാനായില്ല…

“ബാലരാമപുരം…”

മറുപടി പറയുമ്പോഴും ചോദ്യോത്തരങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോഴും അൻപതു കഴിഞ്ഞ കുഴിഞ്ഞ കണ്ണുകൾ എന്റെ നേരെയായിരുന്നു…

പുതിയതായി കയറിയ ചെറുപ്പക്കാർ ഏതോ കമ്പനിയിലെ സെയിൽ എക്സിക്യൂട്ടീവ്‌സ് ആണ്…കമ്പനി ആവിശ്യത്തിനായുള്ള യാത്രയാണ്…എന്റെ യാത്ര ഉദ്ദേശവും ചോദിച്ചു കഴിഞ്ഞു …

“ഒരു സെമിനാർ ഉണ്ട്…”

പിന്നീട് അതിനെച്ചൊല്ലിയുള്ള ചർച്ചകളായി മാറി…

ഇടയ്ക്കിടെ അതിലൊരാൾ എന്നെ ‘പെങ്ങളെ’ എന്നു സംബോധന ചെയ്തതോടെ ആദ്യമുണ്ടായിരുന്ന പരിഭ്രമവും മാറിക്കിട്ടി…എന്നിരുന്നാലും ഇടത്തെ മൂലയ്ക്കായി മാറിയിരുന്നുകൊണ്ട് നരപൂണ്ട കണ്ണുകൾ എന്നെ സദാ തടവുന്നുണ്ടായിരുന്നു ……

അർദ്ധരാത്രി വരെയുള്ള യാത്രാക്ഷീണം ഉറക്കത്തിലേക്ക് വഴിമറിയപ്പോൾ ഞാൻ ചെറുപ്പക്കാർക്ക് ശുഭ നിദ്ര പറഞ്ഞുകൊണ്ട് മുകളിലത്തെ ബെഡിലേയ്ക്ക് കയറി …

പുതപ്പ് താഴ്ത്തി താഴേയ്ക്ക് നോക്കിയപ്പോൾ വൃദ്ധന്റെ നോട്ടം ഇപ്പോൾ ജനാലയ്ക്ക് നേരെയാണ്…

‘വൃത്തികെട്ട കി ഴ വൻ… ‘

ഞാൻ അവജ്ഞയോടെ പുതപ്പു തലയ്ക്ക് മുകളിലാക്കി…

ഉറക്കം ശരിയ്ക്കു പിടിയ്ക്കുന്നത് വരെ കണ്ണടച്ചു കിടന്നു…ട്രെയിനിന്റെ ഇരപ്പു കൊണ്ടു ഉറക്കം എന്നോട് പിണങ്ങിയിരുന്നു…

എപ്പോഴൊക്കെയോ മയക്കത്തിലേയ്ക്കാണ്ട് പോയി…

സ്വപ്നത്തിൽ സർപ്പങ്ങൾ പത്തി വിടർത്തികൊണ്ട് എന്നിലേയ്ക്കടുക്കുന്നുണ്ടായിരുന്നു…

പതിയെ പതിയെ ആ കരിനാഗങ്ങൾ എന്റെ കാൽ വണ്ണയിൽ നിന്നും നേരെ ഇഴഞ്ഞിഴഞ്ഞു തുടയിലേയ്ക്കും പിന്നീട് വയറിലേയ്ക്കും യാത്ര തുടർന്നു…

അവയിലൊരു നാഗത്തിന്റെ കഴുത്തിൽ ഞാൻ കൈകൾ ഞെരിച്ചപ്പോഴായിരുന്നു സ്വയം ഞെട്ടിയുണർന്നത് …!!

‘സഹോദരി’യെന്ന് അല്പം മുൻപ് സംബോധന ചെയ്ത ഒരുവൻ മറ്റെയാൾ തന്നെ വലിച്ചു താഴെയിടാൻ ശ്രമിയ്‌ക്കയാണ് …

തൊണ്ടയിൽ കുരുങ്ങിയ നിലവിളിയോടൊപ്പം ബോധം മറയുന്നതുപോലെ തോന്നി…

മങ്ങിയ കാഴ്ചയ്ക്കിടയിലും കണ്ടു ചുളിവ് വീണ രണ്ടു ബലിഷ്ഠമായ കൈകൾ കരിനാഗങ്ങളുടെ കൈതണ്ടകളിൽ പിടിച്ചുലയ്ക്കുന്ന സ്വപ്നം…

ആർത്തലച്ചുകൊണ്ട് വന്ന അവയുടെ ചീറ്റലുകൾ നിലവിളികളായി മാറുന്ന സ്വപ്നം…

ഉണരുമ്പോൾ എന്റെ കൈകൾ ആ വൃദ്ധന്റെ കൈകൾക്കുള്ളിലാണ്…

“തും ടീക് ഹോ നാ ..??”

അയാളുടെ ഭാഷ എനിയ്ക്കപ്പോൾ മാതൃഭാഷയേക്കാൾ പരിചിതമായി തോന്നി…

എഴുന്നേൽപ്പിച്ചു കൊണ്ട് അയാൾ കൈവശമിരുന്ന കുപ്പിയിലെ വെള്ളം എന്നെ കുടിപ്പിച്ചു…

അയാളുടെ വിയർപ്പു പുരണ്ടു അഴുക്കായ തോർത്തു കൊണ്ടു എന്റെ മുഖത്തെ വിയർപ്പൊപ്പാനായി തുനിഞ്ഞുവെങ്കിലും തോർത്തിലേയ്ക്ക് ഒരു നിമിഷം ജാള്യതയോടെ നോക്കിക്കൊണ്ട് അയാൾ വിരലുകൾ കൊണ്ടു എന്റെ നെറ്റിയിലെ വിയർപ്പ് തുടച്ചു…

പരസ്പരം ഒന്നും മിണ്ടാതെ ഞങ്ങൾ അര നിമിഷം ഇരുന്നു…

“തുമാരെ ജൈസേ എക് ബേട്ടി മുജെ ഭി ഹേ…!!”

നിന്നെ പോലൊരു മകൾ എനിയ്ക്കുമുണ്ടെന്ന ആ ഒരു വാചകം മതിയായിരുന്നു എന്റെ മുൻവിധികളെല്ലാം തെറ്റായിരുന്നവെന്നു തെളിയിക്കാൻ…

സ്റ്റേഷനിൽ നിന്നിറങ്ങുമ്പോഴും അയാളുടെ കുഴിഞ്ഞ കണ്ണുകൾ എന്നെ അനുഗമിച്ചു…

അപ്പോൾ എനിയ്ക്ക് അവയോട് വെറുപ്പ് തോന്നിയില്ല…

ഒരച്ഛന്റെ സുരക്ഷയുറപ്പിച്ച കരുതലായിരുന്നു അവയെന്നു വളരെ വൈകിയെങ്കിലും മനസ്സിലാക്കിയിരുന്നു…

ചില വിധികൾ മുൻവിധിയെക്കാൾ ഭയാനകമാണ്…